Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഫോമയ്ക്ക് ഇത് ചരിത്ര നിയോഗം; അനിയൻ ജോർജ്, റ്റി ഉണ്ണികൃഷ്ണൻ, തോമസ് റ്റി ഉമ്മൻ ടീമിന് അധികാരം കൈമാറി

ഫോമയ്ക്ക് ഇത് ചരിത്ര നിയോഗം; അനിയൻ ജോർജ്, റ്റി ഉണ്ണികൃഷ്ണൻ, തോമസ് റ്റി ഉമ്മൻ ടീമിന് അധികാരം കൈമാറി

സാജു ജോസഫ്

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ജനപ്രിയ ഫെഡറേഷനായ ഫോമായുടെ ചരിത്രപുസ്തകത്തിൽ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് അനിയൻ ജോർജ് (പ്രസിഡന്റ്), റ്റി ഉണ്ണികൃഷ്ണൻ (ജനറൽ സെക്രട്ടറി), തോമസ് റ്റി ഉമ്മൻ (ട്രഷറർ), പ്രദീപ് നായർ (വൈസ് പ്രസിഡന്റ്), ജോസ് മണക്കാട് (ജോയിന്റ് സെക്രട്ടറി), ബിജു തോണിക്കടവിൽ (ജോയിന്റ് ട്രഷറർ) എന്നിവർ നേതത്വം നൽകുന്ന ഭരണസമിതിക്ക് അധികാരം കൈമാറി. കോവിഡ് പശ്ചാത്തലത്തിൽ ഒക്ടോബർ 24-ാം തീയതി വൈകുന്നേരം ന്യൂയോർക്ക് ടൈം 3ന് ആരംഭിച്ച വെർച്വൽ സൂം മീറ്റിംഗിലായിരുന്നു ഔദ്യോഗികമായ അധികാര കൈമാറ്റം. സംഘടനയുടെ 2018-20 വർഷത്തെ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥാനമൊഴിയുന്ന കമ്മിറ്റിയുടെ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട്, കണക്ക് അവതരണം, പുതിയ പ്രസിഡന്റ് അനിയൻ ജോർജിന്റെ നയപ്രഖ്യാപനം, സെക്രട്ടറി റ്റി ഉണ്ണിക്കൃഷ്ണന്റെ വരുന്ന രണ്ട് വർഷത്തെ പ്രവർത്തന രൂപരേഖ, ട്രഷറർ തോമസ് ടി ഉമ്മന്റെ ബജറ്റ് അവതരണം തുടങ്ങിയവയായിരുന്നു ഹൈലൈറ്റുകൾ.

റോഷൻ മാമന്റെ ഈശ്വരപ്രാർത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ ഫോമായുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന നേട്ടങ്ങളുടെ സംക്ഷിപ്ത അവലോകനമാണ് ഫിലിപ്പ് ചാമത്തിൽ നടത്തിയത്. ഫോമായുടെ അംഗസംഘടനകൾ ഉൾപ്പെടെയുള്ളവരുടെ ഹൃദയപൂർവമായ പിന്തുണയോടു കൂടി കോവിഡ് മഹാമാരിക്കിടയിലും മികച്ച പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതായി ഫിലിപ്പ് ചാമത്തിൽ വ്യക്തമാക്കി.

''കേരളത്തെ ഞെട്ടിച്ച പ്രളയം, ലോകത്തിന് ഭീഷണിയായ കോവിഡ് തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ 2018-20 കമ്മിറ്റിക്ക് കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നത്. ഈ രണ്ടു വർഷക്കാലം സംഭവ ബഹുലമായിരുന്നു. എങ്കിലും ജീവകാരുണ്യ പദ്ധതികൾക്ക് മാത്രമായി ഏകദേശം $300,000 ഡോളർ വിനിയോഗിക്കുകയും അവ വിജയകരമായി നടപ്പാക്കാൻ സാധിക്കുകയും ചെയ്തു. കേരളത്തിലെ മൂന്ന് ജില്ലകളിലായി വിഭാവനം ചെയ്ത പ്രളയത്തെ അതിജീവിക്കുന്ന 40 വീടുകളുടെ ഫോമാ വില്ലേജ് പ്രോജക്ടാണ് പ്രവർത്തന നേട്ടങ്ങളിൽ ഏറ്റവും പ്രധാനം. 36 വീടുകൾ പൂർണമായും നിർമ്മിച്ചു കഴിഞ്ഞു. നാല് വീടുകളുടെ നിർമ്മാണം ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തിയാവും. മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക) ആണ് എറ്റവുമധികം വീടുകൾ സംഭാവന ചെയ്തത്. (ആറ് വീടുകൾ). ഇതിന്റെ മുഴുവൻ പണവും തണൽ എന്ന സംഘടനയ്ക്ക് നേരത്തെ തന്നെ കൈമാറിയിട്ടുണ്ട്...'' ഫിലിപ്പ് ചാമത്തിൽ തുടർന്നു.

''വൈപ്പിനിൽ ഒരു വീട് നിർമ്മിച്ചു നൽകി. നോയൽ മാത്യു മലപ്പുറത്ത് നൽകിയ സ്ഥലത്ത് മൂന്ന് വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഫോമാ കേരള സർക്കാരിന്റെ ലൈഫ് പദ്ധതിയോട് ചേർന്ന് 11 വീടുകളാണ് നിർമ്മിച്ചു നൽകിയത്. ഈ കമ്മറ്റിയുടെ പ്രവർത്തന കാലത്ത് ഹൂസ്റ്റണിലെ ജിജു കുളങ്ങരയുടെ നേതൃത്വത്തിൽ ഡോക്ടർമാർ, നേഴ്സുമാർ, സോഷ്യൽ വർക്കേഴ്സ്, ഫാർമസിസ്റ്റുകൾ എന്നിവരടങ്ങുന്ന 30 അംഗ മെഡിക്കൽ ടീമിനെ കേരളത്തിലെത്തിക്കുകയും മൂന്ന് ജില്ലകളിലായി മെഡിക്കൽ ക്യാമ്പുകൾ നടത്തുകയും ചെയ്തു. ആയിരക്കണക്കിനാളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയകൾ നടത്തി. പ്രളയ കാലത്ത് ഫോമായുടെ ടീം വിവിധ ജില്ലകളിൽ എത്തി നേരിട്ട് നൽകിയ സഹായങ്ങൾ അനേകം പേർക്ക് ആശ്വാസമായി...'' ഫിലിപ്പ് ചാമത്തിൽ ചൂണ്ടിക്കാട്ടി.

''രേഖാ നായരുടെ നേതൃത്വത്തിൽ വിമൻസ് ഫോറം ശക്തമായ പ്രവർത്തനമാണ് കാഴ്ച വച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ 58 നേഴ്സിങ് വിദ്യാർത്ഥിനികൾക്ക് ഓരേരുത്തർക്കും 50,000 രൂപയുടെ സ്‌കോളർഷിപ്പ് കഴിഞ്ഞ മാസം നൽകുകയും തൊഴിലധിഷ്ഠിത പദ്ധതികൾ നടപ്പാക്കുകയും ചെയ്തു. ഗ്രാന്റ് കാനിയൻ യൂണിവേഴ്സിറ്റിയുമായുള്ള സഹകരണം ഉറപ്പാക്കിയതു മൂലം 200ലധികം കോഴ്സുകൾക്ക് 15ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നുണ്ട്. ഇതിലൂടെ അമേരിക്കൻ മലയാളികൾക്ക് ഏകദേശം എട്ട് മില്ല്യൻ ഡോളർ ലാഭിക്കാൻ പറ്റി. ഫോമായുടെ ജന്മ സ്ഥലമായ ഹൂസ്റ്റണിൽ 2018 നവംബറിൽ ഈ സംഘടനയുടെ പത്താം വാർഷികം പ്രൗഢോജ്വലമായി ആഘോഷിക്കുകയും ഫോമായുടെ എല്ലാക്കാലത്തെയും സാരഥികളെ ആദരിക്കുകയും ചെയ്തു. ആയിരത്തിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്ന് ദിവസങ്ങളിലായി നടന്ന കേരള കൺവൻഷനിലൂടെ ജന്മനാടുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനും കഴിഞ്ഞു...'' ഫിലിപ്പ് ചാമത്തിൽ പറഞ്ഞു.

ഫോമായുടെ പ്രവർത്തനങ്ങൾ വിജയിപ്പിക്കുവാൻ സർവ്വവിധ പിന്തുണയും നൽകിയ അംഗ സംഘടനകൾക്കും അഭ്യുദയകാംക്ഷികൾക്കും അമേരിക്കിൻ മലയാളികൾക്ക് പ്രത്യേകിച്ചും തന്റെ ടീമംഗങ്ങൾക്കും ഫിലിപ്പ് ചാമത്തിൽ നന്ദി പറഞ്ഞു. അനിയൻ ജോർജ് നേതൃത്വം നൽകുന്ന പുതിയ ഭരണ സമിതിക്ക് എല്ലാവിധ ഭാവുകങ്ങളും അദ്ദേഹം നേർന്നു.

തുടർന്ന് സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി ജോസ് എബ്രഹാം 2018-20 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷിനു ജോസഫ് കണക്കും അവതരിപ്പിച്ചു. കഴിഞ്ഞ രണ്ടു വർക്കാലം ഫോമാ നടത്തിയ എല്ലാപരിപാടികളെയും കോർത്തിണക്കിക്കൊണ്ടുള്ള സമഗ്രമായ റിപ്പോർട്ടായിരുന്നു ജോസ് എബ്രഹാമിന്റേത്. ഒരു ഇവന്റും വിട്ടുപോകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ മികവാർന്ന അവതരണ ശൈലി ഏറെ പ്രകീർത്തിക്കപ്പെട്ടു. അതുപോലെ ഷിനു ജോസഫിന്റെ കണക്കവതരണവും കൃത്യവും സുതാര്യമായിരുന്നു. 2018-20 വർഷത്തെ മൊത്തം വരവ് $3,92,075.86 ഡോളറും ആകെ ചെലവ് $3,77,773.17 ഡോളറുമാണ്. ബാക്കിയുള്ള 14,302.69 ഡോളർ പുതിയ കമ്മിറ്റിയെ ഏല്പിക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി സാജു ജോസഫും, ജോയിന്റ് ട്രഷറർ ജെയിൻ കണ്ണച്ചാംപറമ്പിലും സംസാരിച്ചു.

കംപ്ലയന്റ്സ് കമ്മിറ്റി ചെയർമാൻ രാജു വർഗീസ് അധികാര കൈമാറ്റ നടപടികളുടെ നിയമാവലി വായിക്കുകയും ഈ ചടങ്ങിന് നേതൃത്വം നൽകുകയും ചെയ്തു. ഒപ്പം ജനറൽ സെക്രട്ടറി ജോസ് എബ്രഹാമും ഷിനു ജോസഫും ചേർന്ന് ന്യൂജേഴ്സിയിൽ സമ്മേളിച്ച പ്രസിഡന്റ് അനിയൻ ജോർജിനും, വൈസ് പ്രസിഡന്റ് പ്രദീപ് നായർക്കും അധികാര കൈമാറ്റം സംബന്ധിച്ച രേഖകളും, അക്കൗണ്ട് വിശദാംശങ്ങളും കൈമാറി. ജുഡീഷ്യറി കൗൺസിൽ ചെയർമാൻ മാത്യൂസ് ചെരുവിലും അഡൈ്വസറി ബോർഡ് ചെയർമാൻ ജോൺ സി വർഗീസും ഈ സുപ്രധാന ചടങ്ങിന് സാക്ഷികളായി സംസാരിച്ചു.

അടുത്തത് ഒട്ടേറെ കർമ്മ പരിപാടികളും സ്വപ്ന പദ്ധകളുമായി ഫോമായുടെ അമരക്കാരനായി നിയോഗിക്കപ്പെട്ട പ്രസിഡന്റ് അനിയൻ ജോർജിന്റെ നയപ്രഖ്യാപനമായിരുന്നു. ദീർഘമായി സംസാരിക്കാൻ അജണ്ട പ്രകാരമുള്ള സമയം അനുവദിക്കുന്നില്ലെന്നും വരും ദിവസങ്ങളിൽ ചേരുന്ന മീറ്റിംഗുകളിൽ കൂടുതൽ കാര്യങ്ങൾ പറയാം എന്ന മുഖവുരയോടെയുമാണ് അനിയൻ ജോർജ് സംസാരിച്ച് തുടങ്ങിയത്.

''അമേരിക്കൻ മലയാളികളുടെ ഹൃദയത്തിൽ ഇനിയുമേറെ ആഴ്ന്നിറങ്ങണമെന്നുണ്ടെങ്കിൽ ഇതര സംഘടകളിൽ നിന്നും വ്യത്യസ്തമായ ജനപക്ഷപരിപാടികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കേണ്ടതുണ്ട്. അമേരിക്കൻ മലയാളികളോടൊത്ത് അവരുടെ ആവശ്യങ്ങൾ അനുസരിച്ച് അവരുടെ സുഖത്തിലും ദുഃഖത്തിലുമെല്ലാമൊപ്പം യാത്ര ചെയ്യുന്ന സംഘടനയാണ് ഫോമാ. ഈ പുതിയ കമ്മിറ്റി ഐക്യത്തോടും പരസ്പര ബഹുമാനത്തോടും കൂടി പ്രവർത്തിക്കും. അംഗസംഘടനകളെയെല്ലാം മനസ്സിൽ ചേർത്തുകൊണ്ട് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കും. ചാരിറ്റി, ബിസിനസ്, വനിത, യൂത്ത്, കേരളം എന്നിങ്ങനെ അനവധി മേഖലകളിലേക്ക് കൂടുതൾ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കേണ്ടതുണ്ട്...'' അനിയൻ ജോർജ് തുടർന്നു.

''നാമെല്ലാം ഒന്നാണെന്ന സന്ദേശം ലോകമലയാളികൾക്ക് കൊടുക്കുവാൻ അമേരിക്കൻ മലയാളികൾ ഒത്തൊരുമിച്ച് ഫോമായുടെ കൊടിക്കീഴിൽ മുന്നോട്ടു പോകുന്ന കാലഘട്ടമാണ് ഞാൻ സ്വപ്നം കാണുന്നത്. ഞങ്ങളെ അനുഗ്രഹിക്കുക... ആശീർവദിക്കുക. ഞങ്ങൾക്ക് ഈ ദീപശിഖ കൈമാറിയിരിക്കുന്ന ശശിധരൻ നായർ, ജോൺ ടൈറ്റസ്, ബേബി ഊരാളിൽ, ജോർജ് മാത്യു, ആനന്ദൻ നിരവേലിൽ, ബെന്നി വാച്ചാച്ചിറ, ഫിലിപ്പ് ചാമത്തിൽ എന്നിവരുടെ പാത പിന്തുടർന്നുകൊണ്ട് സംഘടനാ പ്രവർത്തനത്തിൽ സുതാര്യതയും ജനാധിപത്യ സ്വഭാവവും പൂർവാധികം ശക്തിയോടെ ഉറപ്പാക്കാൻ ശ്രമിക്കും...'' അനിയൻ ജോർജ് വ്യക്തമാക്കി.

ചടങ്ങിൽ പുതിയ ജനറൽ സെക്രട്ടറി റ്റി ഉണ്ണിക്കൃഷ്ണൻ ഫോമായുടെ വരുന്ന രണ്ടു വർഷത്തെ കർമ്മ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. ''ഓരോ മൂന്നു മാസം കൂടും തോറും റീജിയണൽ മീറ്റിംഗുകൾ നിർബന്ധമായും വിളിച്ചു കൂട്ടും. ഫോമാ ഒരു എമർജൻസി ഫണ്ട് സ്വരൂപിക്കാൻ പദ്ധതിയിടുന്നു. അത്യാവശ്യ ഘട്ടത്തിൽ അമേരിക്കൻ മലയാളി സമൂഹത്തിലും ജന്മ നാട്ടിലുമുള്ള ആളുകളെ സഹായിക്കുന്നതിനു വേണ്ടിയാണിത്. ചെറുകിട വൻകിട ബിസിനസ്സുകാർക്ക് ഗുണകരമാകത്തക്കവിധത്തിൽ രൂപീകരിക്കുന്ന ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടനം ഈ വർഷം നടത്താമെന്നു പ്രതീക്ഷിക്കുന്നു...'' ജനറൽ സെക്രട്ടറി പറഞ്ഞു.

''വിമൻസ് ഫോറം നേതാക്കൾ കർമ്മനിരതരായിക്കഴിഞ്ഞു, അവരുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി യോഗയും മറ്റു ഓൺലൈൻ ക്ലാസ്സുകളും ഉടൻതന്നെ ആരംഭിക്കും. അതുപോലെ മുൻ കമ്മറ്റികൾ നടത്തി വന്ന സ്‌കോളർഷിപ്പ് പോലെയുള്ള ജനോപകാരപ്രദമായ പരിപാടികൾ അതേ നാണയത്തിൽ തന്നെ തുടരും. ബിസിനസ് രംഗത്ത് വനിതാശാക്തീകരണത്തിനുള്ള സെമിനാറുകൾ സംഘടിപ്പിക്കും. എല്ലാ റീജിയണുകളിലും യൂത്ത് ഫോറം രൂപീകരിച്ച് പ്രവർത്തനം കാര്യക്ഷമമാക്കും. പ്രൊഫഷണൽ ഫോറങ്ങളും ഉണ്ടാവും. ഇതിന്റെ തുടക്കമെന്ന നിലയിൽ ഐ.ടി ഫോറവും നേഴ്സസ് ഫോറവും രൂപീകരിക്കും. കേരളാ കൺവൻഷൻ സംബന്ധിച്ച് തീരുമാനം കോവിഡ് സാഹചര്യങ്ങൾ അനുസരിച്ച് എടുക്കുന്നതുമാണ്...'' റ്റി. ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർത്തു.

യോഗത്തിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം ട്രഷറർ തോമസ് ടി ഉമ്മൻ അവതരിപ്പിച്ച 2020-2022 വർഷത്തേക്കുള്ള 1.92 മില്ല്യൻ ഡോളറിന്റെ ബജറ്റാണ്. ഫോമായുടെ ചരിത്രത്തിലെ ഈ വലിയ ബജറ്റ് ഫോമായ്ക്കും അമേരിക്കൻ മലയാളികൾക്കും ഏറെ ഗുണകരമാവുമെന്ന് തോമസ് ടി ഉമ്മൻ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി അവസാനിച്ചാൽ 2022 ൽ നടത്തുവാൻ ആഗ്രഹിക്കുന്ന കൺവൻഷൻ നാലുവർഷം കൂടുമ്പോൾ നടത്തപ്പെടുന്ന കൺ വൻഷനായിരിക്കും എന്നതുകൊണ്ട് തന്നെ കൺവൻഷന്റെ പരിപാടികളും പങ്കാളിത്തവും വമ്പിച്ച തോതിലാകുവാനാണ് സാധ്യത. ഇവയെല്ലാം കണക്കിലെടുത്തതാണ് ഫോമായുടെ 1 .92 മില്യന്റെ ബജറ്റ് തയ്യാറാക്കിയതെന്ന് തോമസ് റ്റി ഉമ്മൻ പറഞ്ഞു. തുടർന്ന് ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ആശംസകൾ നേർന്നു. യോഗത്തിൽ മുൻ വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു സ്വാഗതവും പുതിയ വൈസ് പ്രസിഡന്റ് പ്രദീപ് നായർ കൃതജ്ഞതയും രേഖപ്പെടുത്തി. മൂന്നര മണിക്കൂർ നീണ്ടു നിന്ന മീറ്റിംഗിൽ 180ലധികം പ്രതിനിധികൾ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP