Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫൊക്കാനയും ഫോമയും അംഗസംഘടനകളിൽ ഭിന്നിപ്പുണ്ടാക്കരുത്

മൊയ്തീൻ പുത്തൻചിറ

അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ സംഘടനകളായ ഫൊക്കാനയും ഫോമയും അവരുടെ അംഗസംഘടനകളിൽ ഭിന്നിപ്പുണ്ടാക്കുന്നത് നല്ല പ്രവണതയല്ല. ഈ രണ്ടു സംഘടനകളുടേയും ദ്വൈവാർഷിക കൺവൻഷനോടനുബന്ധിച്ച് നടത്തുന്ന തിരഞ്ഞെടുപ്പുകൾ വിവാദങ്ങളിലാണ് കലാശിക്കാറുള്ളത്. ബൂത്തു പിടുത്തം, വോട്ടു പിടുത്തം, കുതികാൽ വെട്ട്, വിശ്വാസ വഞ്ചന എന്നിവ കൂടാതെ, ജനറൽ കൗൺസിലിലെ വാക്പോരുകൾ പലപ്പോഴും കൈയാങ്കളിയിൽ വരെ എത്താറുണ്ടെന്ന് ഇരു സംഘടനകളിലേയും പ്രവർത്തകർ പറയുന്നു. അതുകൂടാതെ വ്യാജന്മാരുടെ കടന്നു കയറ്റവും നിത്യസംഭവമായിരിക്കുന്നു. ഈ വ്യാജന്മാരെ സൃഷ്ടിക്കുന്നതാകട്ടേ ഇരു സംഘടനകളിലെ നേതാക്കന്മാരും. ഇന്ത്യൻ (കേരള) രാഷ്ട്രീയ പാർട്ടികളെ വെല്ലുന്ന രീതിയിലാണ് ഈ ദേശീയ സംഘടനകളിലെ ചില പ്രവർത്തകർ വോട്ടിനു വേണ്ടി തന്ത്രങ്ങൾ പയറ്റുന്നത്. 'അരമന രഹസ്യം അങ്ങാടിപ്പാട്ട്' എന്നു പറഞ്ഞതുപോലെ, ഈ സംഘടനകളിൽ നടക്കുന്ന കള്ളത്തരങ്ങളെല്ലാം ഇപ്പോൾ വാർത്തകളായും ലേഖനങ്ങളായും പുറത്തു വന്നുകൊണ്ടിരിക്കുന്നു. പലരും പല വിധത്തിലാണ് വാർത്തകൾ പടച്ചു വിടുന്നത്. അതുകൊണ്ട് ദോഷം സംഭവിക്കുന്നതും അവർക്കു തന്നെ.

തങ്ങൾക്ക് വോട്ടു കിട്ടുകയില്ലെന്ന, അല്ലെങ്കിൽ അനുകൂലമായി വോട്ടു ചെയ്യില്ലെന്ന് ബോധ്യം വന്നാൽ അംഗ സംഘടനകളിൽ ഭിന്നിപ്പുണ്ടാക്കി 'ചാക്കിട്ട് പിടിക്കുന്ന' രീതിയും, വ്യാജ സംഘടനകളുണ്ടാക്കി (കടലാസ് സംഘടനകൾ) അതുവഴി ഡെലിഗേറ്റുകളെ കൊണ്ടുവന്ന് വോട്ടു ചെയ്യിക്കുന്ന പ്രവണതയും കൂടി വരികയാണ്. 2006-ലെ ഫൊക്കാന പിളർപ്പിനുശേഷം ഫൊക്കാനയും ഫോമയും മത്സരിച്ചാണ് അംഗസംഘടനകളിൽ നിന്ന് അനുകൂലികളെ പാട്ടിലാക്കിയിരുന്നത്. തന്മൂലം നിരവധി സംഘടനകളിലെ പ്രവർത്തകർ ചേരിതിരിഞ്ഞ് പ്രവർത്തിക്കാനും തുടങ്ങി. ഈയൊരു അവസ്ഥക്ക് വിരാമമിടേണ്ടത് ഫോമയും ഫൊക്കാനയുമാണ്.

ഒരു പ്രാദേശിക സംഘടനയ്ക്ക് ഫൊക്കാനയിലും ഫോമയിലും അംഗത്വം നൽകാനുള്ള വ്യവസ്ഥകൾ അവരുടെ ഭരണഘടനയിൽ തന്നെ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. അതുപോലെ, പുതിയതായി അംഗത്വമെടുക്കുമ്പോൾ അംഗസംഘടനകൾ പാലിക്കേണ്ട നിയമങ്ങളും നിബന്ധനകളും ഫോമയുടേയും ഫൊക്കാനയുടേയും ഭരണഘടനയിൽ വിശദമായി നിഷ്‌ക്കർഷിച്ചിട്ടുമുണ്ട്. എന്നിട്ടും ആ ഭരണഘടനയെ പാടെ അവഗണിച്ചുകൊണ്ടുള്ള പ്രവർത്തികളാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇരു സംഘടനകളിലും കാണുന്നത്. ഭരണഘടനയിൽ പറയാത്ത കാര്യങ്ങൾ ചെയ്യുക, അതിനെ ചോദ്യം ചെയ്യുന്നവരെ മറുചോദ്യങ്ങളും മുട്ടുന്യായങ്ങളും കൊണ്ട് നേരിടുക എന്നീ പ്രവണത സംഘടനയിലുള്ള വിശ്വാസം മാത്രമല്ല, ജനാധിപത്യ മര്യാദയും നഷ്ടപ്പെടുത്തും.

ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ ഫോമയിൽ രണ്ട് അംഗസംഘടനകൾക്ക് അംഗത്വം നൽകിയില്ലെന്നും, അതിലൊന്ന് ആൽബനിയിലെ ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷൻ (സിഡിഎംഎ) ആണെന്നും കാണുകയുണ്ടായി. 1993-ൽ രൂപീകരിച്ച ഈ അസ്സോസിയേഷന്റെ സ്ഥാപക സെക്രട്ടറി എന്ന നിലയിൽ ആറു വർഷത്തോളം സേവനം ചെയ്യുകയും രണ്ടു ടേമുകളിലായി മൂന്നു വർഷം (1999-2001 & 2006-2007) പ്രസിഡന്റ് പദവി വഹിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയിൽ ഈ സംഘടനയിൽ എന്താണ് സംഭവിച്ചതെന്നും, എന്തുകൊണ്ടാണ് ഈ സംഘടന ഇങ്ങനെയൊരു വിവാദത്തിൽ ചെന്നു പെട്ടതെന്നും വിവരിക്കുന്നത് ഉചിതമാണെന്നു തോന്നി.

ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷൻ രൂപീകരിക്കുന്ന സമയത്ത് ആകെ 30-35 മലയാളി കുടുംബങ്ങളാണ് ആൽബനിയിലും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്നത്. അവരിൽ അസ്സോസിയേഷനിൽ സജീവമായി പങ്കെടുത്തിരുന്നത് 20-25 കുടുംബങ്ങളും..! ഒരു മലയാളി അസ്സോസിയേഷൻ ആൽബനിയിൽ വേണമെന്ന ആവശ്യത്തിന് മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച നാലഞ്ചു പേരിൽ ഒരാളാണ് ഞാൻ. അതനുസരിച്ച് അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുകയും, നിരവധി പേരുടെ അക്ഷീണ പ്രയത്‌നം കൊണ്ട് ഒരു ഭരണഘടനക്ക് രൂപം നൽകി, രണ്ട് അറ്റോർണിമാർ ദിവസങ്ങളോളം അത് ശ്രദ്ധയോടെ പഠിച്ച് മാറ്റങ്ങൾ വരുത്തി 1993 മാർച്ച് 26ന് അത് സുപ്രീം കോടതി ജഡ്ജി ലോറൻസ് ഇ കാഹ്ൻ അംഗീകരിച്ച് ഒപ്പിടുകയും, 1993 മാർച്ച് 31ന് ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 1993 ഓഗസ്റ്റ് 29-ന് അസ്സോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത് പ്രശസ്ത ഗായകൻ നിലമ്പൂർ കാർത്തികേയൻ ആയിരുന്നു. 20 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ സെക്രട്ടറിയായിരുന്നു ലേഖകൻ. 1995ൽ ലേഖകൻ കൂടി മുൻകൈ എടുത്താണ് ഫൊക്കാനയിൽ അംഗത്വമെടുത്തത്. ഈ അസ്സോസിയേഷൻ രൂപീകരിക്കാനും, തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഉപദേശ നിർദ്ദേശങ്ങൾ നൽകി ഞങ്ങൾക്ക് പ്രോത്സാഹനം തന്നുകൊണ്ടിരുന്ന ശ്രീ ജെ. മാത്യൂസ് സാറിനെ ഇത്തരുണത്തിൽ നന്ദിയോടെ സ്മരിക്കട്ടേ. ഫൊക്കാനയിലെ അന്നത്തെ നേതാവായിരുന്ന അദ്ദേഹത്തിന്റെ നിർദ്ദേശം സ്വീകരിച്ചുകൊണ്ടാണ് ഫൊക്കാനയിൽ അംഗത്വമെടുത്തത്. തുടർന്ന് ഫൊക്കാനയുടെ ഒരു സജീവ അംഗസംഘടനയായി വർഷങ്ങളോളം നിലകൊണ്ടു. ഓരോ രണ്ടു വർഷം കൂടുമ്പോഴും അംഗത്വം പുതുക്കുകയും ചെയ്തിരുന്നു. 2006-2008 കാലയളവിൽ ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതിനുശേഷം ഫൊക്കാനയിൽ 2008-10ലെ അംഗത്വവും പുതുക്കിയിരുന്നു. 2008 ആയപ്പോഴേക്കും ആൽബനി ഏരിയയിൽ മലയാളി കുടുംബങ്ങളുടെ എണ്ണവും കൂടി. ഇപ്പോൾ ഏകദേശം ഇരുന്നൂറോളം കുടുംബങ്ങളുണ്ട്.

2007-08ൽ എന്റെ പ്രസിഡന്റ് പദവി ഒഴിയുകയും പുതിയ ഭരണസമിതി നിലവിൽ വരികയും ചെയ്തതോടെ 'താൻ പോരിമ'യും വർദ്ധിച്ചു. പുതുതായി വന്നവരെല്ലാം അസ്സോസിയേഷനിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ച കൂട്ടത്തിൽ വ്യക്തി താല്പര്യം സംരക്ഷിക്കുവാൻ അവർ ആദ്യം ചെയ്തത് അസ്സോസിയേഷന്റെ ഭരണഘടന തന്നെ മാറ്റിയെഴുതുകയായിരുന്നു. യാതൊരു പ്രശ്‌നവുമില്ലാതെ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സിഡിഎംഎയുടെ ഭരണഘടന എന്തിനാണ് മാറ്റുന്നതെന്ന് അന്ന് പലർക്കും സംശയമുണ്ടായിരുന്നു. പക്ഷെ, പുതുതായി വന്നു ചേർന്നവർ ദുരൂഹപരമായാണ് എല്ലാം ചെയ്തത്. ചോദ്യം ചെയ്യുന്നവരെ 'ഒതുക്കാൻ' ഒരു കോക്കസ് തന്നെ അവർ രൂപപ്പെടുത്തിയെടുത്തു. അവർ തട്ടിക്കൂട്ടിയെടുത്ത ഭരണഘടന 2009 ഓഗസ്റ്റ് 30ന് ചേർന്ന പൊതുയോഗത്തിൽ (ഓണാഘോഷ വേളയിൽ) സമർപ്പിച്ചെങ്കിലും അത് പാസ്സാക്കിയെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. അതിന്റെ കാരണം നിരവധി പോരായ്മകൾ തന്നെ. നിലവിലുള്ള ഭരണഘടനയിൽ ഭേദഗതി (Amendment) വരുത്താതെ പുതിയതൊരെണ്ണം എഴുതിയുണ്ടാക്കുകയാണ് അവർ ചെയ്തത്. അംഗങ്ങളുടെ അഭിപ്രായം അറിയാൻ അത് അയച്ചുകൊടുത്തിരുന്നെങ്കിലും, നിലവിലെ ഭരണഘടന അയച്ചുകൊടുത്തതുമില്ല. പുതിയ ഭരണഘടന എഴുതിയുണ്ടാക്കാനുള്ള കാരണം പറഞ്ഞത് പഴയ ഭരണഘടനയിലെ 'ഭാഷ' ശരിയല്ല എന്നാണ്. പൊതുയോഗത്തിൽ അത് അവതരിപ്പിച്ചപ്പോൾ തന്നെ എതിർപ്പുകൾ ഉയർന്നു. ലേഖകനും അന്ന് പല ചോദ്യങ്ങളും ചോദിച്ചെന്നു മാത്രമല്ല, ബൈലോ കമ്മിറ്റിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു. കാരണം, അവരിൽ മൂന്നു പേർ സിഡിഎംഎയുടെ മുൻ പ്രസിഡന്റുമാരും സെക്രട്ടറിമാരുമൊക്കെ ആയിരുന്നു. 1993-ൽ അവർ കൂടി ഉൾപ്പെട്ട കമ്മിറ്റിയായിരുന്നു സിഡിഎംഎയുടെ പ്രഥമ ഭരണഘടന തയ്യാറാക്കി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ ഫയൽ ചെയ്തത്. ആ ഭരണഘടനയ്ക്ക് അനുസൃതമായാണ് അവർ പ്രവർത്തിച്ചിരുന്നതും. ബൈലോ റിവ്യൂ കമ്മിറ്റിയിലെ മറ്റു നാലുപേർ പിന്നീട് ആൽബനിയിലേക്ക് താമസം മാറ്റിയവരാണ്. അവരുടെ കൂടെ ചേർന്ന് നിലവിലെ ഭരണഘടന ശരിയല്ല എന്നു പറയുന്ന മുൻ ഭാരവാഹികൾ, അവർ അതുവരെ സംഘടനയെ നയിച്ചത് ഒരു തെറ്റായ ഭരണഘടന വെച്ചുകൊണ്ടാണെന്ന് പറയാതെ പറയുകയായിരുന്നു. തന്നെയുമല്ല, അങ്ങനെ ചെയ്തത് അസ്സോസിയേഷനിലെ അംഗങ്ങളേയും പൊതുജനങ്ങളേയും കബളിപ്പിക്കുകയുമായിരുന്നു എന്ന് അവർ മനസ്സിലാക്കാതെ പോയി. അംഗങ്ങളുടെ നിരവധി ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാൻ ബൈലോ കമ്മിറ്റിക്ക് കഴിഞ്ഞില്ല. ലേഖകന്റെ ചോദ്യങ്ങൾ ടൈപ്പ് ചെയ്ത് സെക്രട്ടറിയെ ഏല്പിച്ചിരുന്നു. അതിൽ ഒന്നിനു പോലും മറുപടി തന്നില്ല. ബഹളം അനിയന്ത്രിതമായപ്പോൾ അംഗങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ച് അടുത്ത പൊതുയോഗത്തിൽ അവതരിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതോടെ ബൈലോ കമ്മിറ്റി ഫയലും മടക്കി സ്ഥലം വിടുകയും ചെയ്തു.

എന്നാൽ, പിന്നീടാണ് അവർ കൃത്രിമം നടത്തിയത്. പൊതുയോഗം അംഗീകരിക്കാത്ത/പാസ്സാക്കാത്ത ഭരണഘടന രണ്ട് പേരുടെ വീടുകളിൽ ചെന്ന് അവരെ പ്രലോഭിപ്പിച്ച് ഒപ്പിടീച്ചു. ഈ വിവരം വളരെ വൈകിയാണ് ആ ഒപ്പിട്ട ഒരാളിൽ നിന്ന് ലേഖകൻ അറിയുന്നത്. പൊതുയോഗത്തിൽ എന്റെ തൊട്ടടുത്തിരുന്ന് ചോദ്യങ്ങൾ ചോദിച്ച് ബഹളമുണ്ടാക്കിയ അതേ വ്യക്തി തന്നെയാണ് ആ മാന്യദേഹമെന്നതാണ് ഏറെ വിചിത്രം. അദ്ദേഹം ഇപ്പോൾ അഡൈ്വസറി ബോർഡിലുണ്ട്. മറ്റേ വ്യക്തിയാകട്ടേ സിഡിഎംഎയുടെ സജീവ പ്രവർത്തകയും നിരവധി കമ്മിറ്റികളിൽ വിവിധ തസ്തികയിൽ പ്രവർത്തിച്ചിട്ടുള്ളതുമാണ്. 2009-നു ശേഷം ഇന്നുവരെയുള്ള 12 വർഷക്കാലം സിഡിഎംഎ ഭരിച്ച കമ്മിറ്റികൾ ഒരു 'വ്യാജ' ഭരണഘടനയുമായാണ് പ്രവർത്തിക്കുന്നതെന്നത് ലജ്ജാകരമാണ്. തന്നെയുമല്ല, വ്യാജ ഭരണഘടന തയ്യാറാക്കിയവരും അവർക്ക് കൂട്ടുനിന്നവരും പിന്നീട് ഈ സംഘടനയുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരുമൊക്കെയായി ഇപ്പോൾ അഡൈ്വസറി ബോർഡ് എന്ന പേരിൽ സംഘടനയെ നയിക്കുന്നു. അതേക്കുറിച്ച് ഇവിടെ ആരോടെങ്കിലും പറഞ്ഞാൽ ഓരോ 'മുട്ടുന്യായങ്ങൾ' പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പതിവ്.

ഏതു സംഘടനയായാലും, കാലാനുസൃതമായി ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുന്നത് സംഘടനയുടെ അഭിവൃദ്ധി ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരിക്കണം. എന്നാൽ, ഏതാനും ചില വ്യക്തികളുടെ താല്പര്യത്തിനാണെങ്കിൽ ആ സംഘടന നാമാവശേഷമാകുമെന്നതിൽ തർക്കമില്ല. അതു തന്നെയാണ് ഇപ്പോൾ ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷനും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഘടനയെയാണ് ഇപ്പോൾ വ്യജമായി ഫോമയിൽ അംഗമാണെന്ന് വരുത്തിത്തീർക്കാൻ ഫോമയിലെ തന്നെ ചിലർ ശ്രമിക്കുന്നത്.

2010-ലെ ഫൊക്കാന കൺവൻഷൻ ആൽബനിയിൽ അരങ്ങേറിയെങ്കിലും അന്നത്തെ സിഡിഎംഎ ഭാരവാഹികൾ അത് ബഹിഷ്‌ക്കരിക്കുകയായിരുന്നു. അതിന്റെ കാരണം ഫൊക്കാന കൺവൻഷൻ ചെയർമാൻ ആൽബനിയിൽ രണ്ടു പേരെ കൂട്ടുപിടിച്ച് മറ്റൊരു സംഘടന രൂപീകരിക്കാൻ ശ്രമിച്ചതായിരുന്നു. ആ സംഭവം ഏറെ വിവാദങ്ങൾക്ക് കാരണമായി എന്നു മാത്രമല്ല ഫൊക്കാന ഇവിടത്തെ സംഘടനയെ പിളർത്താൻ ശ്രമിച്ചു എന്ന പേരുദോഷവും നേടി. അതോടെ അന്നത്തെ സിഡിഎംഎ ഭാരവാഹികൾ ഒന്നടങ്കം ഫൊക്കാനയ്‌ക്കെതിരെ തിരിയുകയും കൺവൻഷനിൽ ആരും പങ്കെടുക്കരുതെന്ന് ഇവിടത്തെ മലയാളികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

2009-10 കാലഘട്ടത്തിലാണെന്നു തോന്നുന്നു ഫോമയുടെ വെബ്സൈറ്റിൽ കൊടുത്തിരുന്ന അംഗസംഘടനകളുടെ ലിസ്റ്റിൽ ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ പേര് കണ്ടപ്പോൾ അതേക്കുറിച്ച് ഞാൻ അന്വേഷണവും നടത്തി. അന്നത്തെ ഫോമ സെക്രട്ടറിയുമായും ഞാൻ സംസാരിച്ചു. അദ്ദേഹം പറഞ്ഞത് സിഡിഎംഎ ഫോമയിൽ അംഗത്വമെടുത്തു എന്നാണ്. എന്നാൽ, അതിന്റെ രേഖകൾ ആവശ്യപ്പെട്ടെങ്കിലും തന്നില്ല. സിഡിഎംഎയുടെ ട്രഷറർ പറഞ്ഞത് ഫോമയ്ക്ക് അസ്സോസിയേഷന്റെ ചെക്ക് കൊടുത്തിട്ടില്ല എന്നാണ്. പിന്നെ എങ്ങനെ ഫോമയിൽ അംഗത്വമെടുത്തു എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടത് ഫോമ തന്നെയാണ്.

നിയമപരമായി ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് ഫോമയിൽ അംഗത്വമെടുക്കാം, ഫൊക്കാനയിലെ അംഗത്വം പുതുക്കുകയും ചെയ്യാം. പക്ഷെ, എല്ലാം വളഞ്ഞ വഴിക്കേ ചെയ്യൂ എന്ന് ശാഠ്യം പിടിക്കുന്നവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല. 'മുൻവാതിൽ തുറന്നു കിടന്നിട്ടും പിൻവാതിലിലൂടെ കയറുന്ന' സ്വഭാവം ആർക്കും നല്ലതല്ല. സിഡിഎംഎയുടെ ഫോമയിലെ അംഗത്വത്തെച്ചൊല്ലി നിരവധി സംശയങ്ങളും ചോദ്യങ്ങളും നിലനിൽക്കേ തന്നെ, 2018-ൽ ഏഴ് പേരുടെ ഒരു ഡെലിഗേറ്റ് ലിസ്റ്റ് ഈ സംഘടനയിൽ നിന്ന് ഫോമയ്ക്ക് ലഭിച്ചിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായിരുന്ന അനിയൻ ജോർജ്, ഗ്ലാഡ്‌സൺ വർഗീസ്, ഷാജി എഡ്വേർഡ് എന്നിവർ ഡെലിഗേറ്റ് ലിസ്റ്റ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും ആൽബനിയിലെ സിഡിഎംഎയുടെ ഡെലിഗേറ്റ് ലിസ്റ്റിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞ ഞാൻ അതേക്കുറിച്ച് അന്വേഷണവും നടത്തി. എന്റെ സുഹൃത്തു കൂടിയായ അന്നത്തെ സിഡിഎംഎ പ്രസിഡന്റിനോട് കാര്യങ്ങൾ തിരക്കിയപ്പോൾ അങ്ങനെയൊരു ഡെലിഗേറ്റ് ലിസ്റ്റ് അസ്സോസിയേഷൻ അയച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. തന്നെയുമല്ല ഡേലിഗേറ്റ് ലിസ്റ്റിൽ പെട്ട ഏഴു പേരും ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു. അവർ അസ്സോസിയേഷന്റെ അനുമതിയോ അറിവോ ഇല്ലാതെയാണ് പേരുകൾ അയച്ചിട്ടുള്ളതെന്നും ലേഖകൻ തന്നെ ഫോമ തിരഞ്ഞെടുപ്പു കമ്മീഷണർമാരെ അറിയിച്ചിരുന്നു. കൂടാതെ, സിഡിഎംഎ ഫോമയിലെ അംഗസംഘടനയല്ല എന്ന് പ്രസിഡന്റ് ഇ-മെയിൽ വഴി അറിയിക്കുകയും ചെയ്തു. ഫോമ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് അംഗസംഘടനകളുടെ രജിസ്‌ട്രേഷൻ വിവരങ്ങളും അനുബന്ധ രേഖകളും ഔദ്യോഗികമായി സെക്രട്ടറിയാണ് നൽകുന്നതെന്നായിരുന്നു അന്ന് എനിക്ക് കിട്ടിയ മറുപടി. ഡെലിഗേറ്റുകളുടെ ലിസ്റ്റ് അയച്ച വ്യക്തിയോട് ഞാൻ കാര്യങ്ങൾ വിശദീകരിച്ച് ധരിപ്പിക്കുകയും, ഇനി മേലിൽ സിഡിഎംഎ കമ്മിറ്റിയുടെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പ്രവർത്തികൾ ചെയ്യരുതെന്നും ഞാൻ നിർദ്ദേശിച്ചിരുന്നു. അദ്ദേഹം അതു സമ്മതിക്കുകയും ചെയ്തതാണ്.

പക്ഷെ, സിഡിഎംഎ വീണ്ടും മറ്റൊരു വിവാദത്തിലകപ്പെട്ടിരിക്കുകയാണിപ്പോൾ. കഴിഞ്ഞ വർഷം (2019-ൽ) നടന്ന തിരഞ്ഞെടുപ്പിൽ മേല്പറഞ്ഞ വ്യക്തിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഫോമയുടെ അനുഭാവിയായ അദ്ദേഹത്തോട് ആദ്യം ഞാൻ പറഞ്ഞത് ഫോമയിൽ അംഗത്വമെടുക്കാനുള്ള ഏർപ്പാടുകൾ ചെയ്യണമെന്നാണ്. അതോടൊപ്പം ഫൊക്കാനയുടെ അംഗത്വം പുതുക്കുകയും വേണമെന്നും പറഞ്ഞു. ഫോമയിൽ പുതിയ അംഗത്വത്തിന് അപേക്ഷ സമർപ്പിക്കേണ്ടതിന്റെ വിവരങ്ങളും നൽകിയിരുന്നു. പക്ഷെ, ഫോമയിലെ തന്നെ ആരൊക്കെയോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നതിന് തെളിവാണ് ഇപ്പോൾ അംഗത്വം പുതുക്കണമെന്ന ആവശ്യവുമായി അദ്ദേഹം ഫോമയെ സമീപിച്ചതിൽ നിന്ന് മനസ്സിലാകുന്നത്. അംഗത്വമില്ലാതെ എങ്ങനെ അംഗത്വം പുതുക്കും എന്ന ചോദ്യമാണ് ഇവിടെ അവശേഷിക്കുന്നത്. ഫോമയിലെ കമ്മിറ്റിയിൽപെട്ടവർ തന്നെ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

മറ്റൊരു പ്രധാന വിഷയം, റോച്ചസ്റ്ററിലുള്ള 'നവരംഗ്' എന്ന ഒരു സംഘടനയുടെ 2016-ലെ ഡെലിഗേറ്റ് ലിസ്റ്റിൽ മേൽപറഞ്ഞ വ്യക്തിയുടേയും ഭാര്യയുടേയും പേരുകൾ എങ്ങനെ കടന്നുകൂടി എന്നുള്ളതാണ്. അതേക്കുറിച്ചുള്ള ലേഖകന്റെ അന്വേഷണത്തിൽ അങ്ങനെയൊരു സംഭവം നടന്നതായി ഈ വ്യക്തിക്ക് അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. ആ ലിസ്റ്റിൽ മറ്റൊരു വ്യക്തിയുടേയും പേരുണ്ട്. ആ വ്യക്തിയാകട്ടേ ആൽബനി നിവാസിയല്ല. പക്ഷെ, ഫോൺ നമ്പർ മേല്പറഞ്ഞ വ്യക്തിയുടെ വീട്ടിലെ നമ്പറാണ് അതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കേണ്ടത് ഫോമയാണ്. ചുരുക്കിപ്പറഞ്ഞാൽ വ്യാജ (കടലാസ്) സംഘടനകളേയും വ്യാജ ഡെലിഗേറ്റുകളേയും തിരിച്ചറിഞ്ഞ് അവർക്കെതിരെ ഉചിതമായ നടപടിയെടുക്കേണ്ടത് ഫോമ തന്നെയാണ്. അല്ലാതെ, കേവലം വോട്ടിനു വേണ്ടി അത്തരക്കാരെ സൃഷ്ടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത്. വോട്ടുകൾക്കു വേണ്ടി ഏത് വളഞ്ഞ വഴിയും സ്വീകരിക്കുന്ന പ്രവർത്തകർ ഫോമയിലും ഫൊക്കാനയിലും തുടരുന്നിടത്തോളം കാലം സംഘടനകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവരുടെ എണ്ണവും കൂടും.

ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് ഏത് സംഘടനയിലും അംഗത്വമെടുക്കാം. അതിന് ഒരു തടസ്സവുമില്ല. ഫോമയിലോ ഫൊക്കാനയിലോ അംഗത്വമെടുക്കരുതെന്ന് പൊതുയോഗം തീരുമാനിച്ചിട്ടുണ്ട് എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടേ ഇല്ല. പൊതുയോഗം അംഗീകരിക്കാത്ത/പാസ്സാക്കാത്ത ബൈലോയ്ക്ക് നിയമസാധുതയില്ല എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. ആരും അതേക്കുറിച്ച് ചോദിക്കാനോ വീണ്ടും പൊതുയോഗം കൂടി അത് അവതരിപ്പിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം.

അവസാനമായി പറയാനുള്ളത് വ്യാജ രേഖകളുണ്ടാക്കി അംഗത്വമെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഫോമയും ഫൊക്കാനയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP