Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'വാട്‌സാപ്പ് പ്രണയി'കൾ ഞെട്ടരുത് ! മോദി സർക്കാർ കൊണ്ടുവരാൻ പോകുന്ന നിബന്ധനകൾക്ക് പിന്നാലെ വാട്‌സാപ്പ് ഇന്ത്യയിൽ നിന്നും 'ഗുഡ് ബൈ' പറഞ്ഞേക്കാം; സർക്കാർ മുന്നോട്ട് വച്ച നിയന്ത്രണങ്ങളിൽ പലതും സ്വീകാര്യമല്ലെന്ന് കമ്പനി മേധാവി; സ്വകാര്യതയിലേക്ക് കടന്നു കയറുന്ന 'നിബന്ധന'യിൽ സർക്കാർ ഉറച്ച് നിന്നാൽ രാജ്യത്തെ 20 കോടി ആളുകൾക്ക് നിരാശരാകേണ്ടി വരും

'വാട്‌സാപ്പ് പ്രണയി'കൾ ഞെട്ടരുത് ! മോദി സർക്കാർ കൊണ്ടുവരാൻ പോകുന്ന നിബന്ധനകൾക്ക് പിന്നാലെ വാട്‌സാപ്പ് ഇന്ത്യയിൽ നിന്നും 'ഗുഡ് ബൈ' പറഞ്ഞേക്കാം; സർക്കാർ മുന്നോട്ട് വച്ച നിയന്ത്രണങ്ങളിൽ പലതും സ്വീകാര്യമല്ലെന്ന് കമ്പനി മേധാവി; സ്വകാര്യതയിലേക്ക് കടന്നു കയറുന്ന 'നിബന്ധന'യിൽ സർക്കാർ ഉറച്ച് നിന്നാൽ രാജ്യത്തെ 20 കോടി ആളുകൾക്ക് നിരാശരാകേണ്ടി വരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്മാർട്ട് ഫോണിലെ സൂപ്പർതാരം വാട്‌സാപ്പിനെ പ്രണയിക്കുന്നവരാണ് ഇന്ത്യയിലെ നല്ലൊരു ശതമാനം ആളുകളും. അവർക്ക് തങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഒരു ഭാഗമായി വാട്‌സാപ്പ് മാറിയിരിക്കുമ്പോഴാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച നിബന്ധനകൾ തങ്ങൾക്ക് അംഗീകരിക്കാനാവുന്നതല്ല എന്ന അറിയിപ്പുമായി കമ്പനി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. സർക്കാർ ഏർപ്പെടുത്താൻ പോകുന്ന ചില നിബന്ധനകൾ വാട്‌സാപ്പിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കാനിടയുള്ളതിനാൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനുള്ള ആലോചന കമ്പനിക്കുള്ളിൽ ആരംഭിച്ചുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

വാട്‌സാപ്പിന് ഏറ്റവുമധികം ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. ആഗോള തലത്തിൽ തന്നെ 150 കോടി ഉപയോക്താക്കളുള്ള വാട്‌സാപ്പിന് ഇന്ത്യയിൽ 20 കോടി വരിക്കാരാണുള്ളതെന്ന് പറയുമ്പോൾ തന്നെ രാജ്യത്ത് ' വാട്‌സാപ്പ് പ്രേമത്തിന്റെ' ആഴം എത്രയെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്ന നിയന്ത്രണങ്ങളിൽ പലതും വാട്സാപ്പിന് സ്വീകര്യമല്ല. പ്രധാനമായും ഒരു നിബന്ധനയാണ് അവർക്ക് പാടെ അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചത്. ഒരു മെസേജ് ആരാണ് ആദ്യം അയച്ചതെന്ന് അറിയണമെന്നാണ് സർക്കാർ പറയുന്നത്. ഇത് തങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണ് കമ്പനിയുടെ കമ്യൂണിക്കേഷൻസ് മേധാവി കാൾ വൂഗ് പറയുന്നത്.

വാട്സാപ്പിന് എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണ് ഇപ്പോഴുള്ളത്. അതായത് മെസേജ് അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും മാത്രമാണ് അത് കാണാനാകുക. ഈ ഒരു ഫീച്ചർ ഇല്ലെങ്കിൽ വാട്സാപ് പൂർണ്ണമായും മറ്റൊരു ആപ് ആയി തീരുമെന്ന് വൂഗ് പറഞ്ഞു. ലോക വ്യാപകമായി ഉപയോക്താക്കൾ ആഗ്രഹിക്കുന്ന സ്വകാര്യതയുടെ ലംഘനമാണ് പുതിയ നിയമമെന്നും വൂഗ് പറഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ വക്താവായി പ്രവർത്തിച്ചിട്ടുള്ളയാളാണ് വൂഗ്. പുതിയ നിബന്ധനകൾ വന്നാൽ ഞങ്ങൾക്ക് വാട്സാപ് പുതിയതായി രൂപകൽപ്പന ചെയ്യേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നു പറഞ്ഞാൽ ഇന്നത്തെ വാട്സാപ് ആയിരിക്കില്ല പിന്നെ നിലവിൽ വരിക. ഇത്തരം നിബന്ധനകൾ നിലവിൽ വന്നാൽ ഇന്ത്യ വിടില്ലെന്നു പറയാൻ അദ്ദേഹം തയാറായില്ല. പക്ഷേ, എന്താണു സംഭവിക്കുക എന്നു പറയാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉള്ളതിനാൽ വ്യാജവാർത്ത പരത്തുന്ന കുറ്റവാളിയെ കണ്ടെത്താനാകുന്നില്ല എന്നാണ് സർക്കാരിന്റ വാദം. പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഇനി വാട്സാപ് പോലെയുള്ള ഓരോ സർവീസ് പ്രൊവൈഡറും വാർത്ത ആദ്യം നൽകിയ ആളെ ചൂണ്ടിക്കാണിക്കേണ്ടിവരും. ഇന്ത്യയിൽ നടന്ന പല ജനക്കൂട്ട ആക്രമണങ്ങൾക്കു പിന്നിലും വാട്സാപ് ആണെന്നു സർക്കാരും ഇത്തരം ആക്രമണങ്ങൾ തങ്ങളുടെ തലയിൽ മാത്രം കെട്ടിവയ്ക്കുന്നതെന്തിനെന്ന് കമ്പനിയും പ്രതികരിച്ചിട്ടുമുണ്ട്.

എന്നാൽ സർക്കാർ വാദം അംഗീകരിച്ച് മെസേജ് പരമാവധി അഞ്ചു പേർക്കു മാത്രമെ ഫോർവേഡ് ചെയ്യാനാകൂ എന്ന നിയന്ത്രണം വാട്സാപ് ഏർപ്പെടുത്തിയിരുന്നു. കൂടാതെ, ഇന്ത്യയിൽ ഒരു മേധാവിയെയും വച്ചിരുന്നു. തങ്ങൾ മാസാസമാസം ഏകദേശം 20 ലക്ഷം സംശയാസ്പദമായ അക്കൗണ്ടുകൾ ബാൻ ചെയ്യുന്നു. അവയിൽ 20 ശതമാനം, അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെ ബാൻ ചെയ്യുന്നു. ആളുകൾ റിപ്പോർട്ടു ചെയ്യാതെ തന്നെ 70 ശതമാനത്തോളം സ്പാം അക്കൗണ്ടുകളും തങ്ങൾ നേരിട്ടു പൂട്ടിക്കുന്നുവെന്നാണ് വാട്സാപ് അധികാരികൾ പറയുന്നത്.

ഇലക്ഷൻ സമയത്ത് ഇത് പരമപ്രധാനമാണെന്നും വൂഗ് പറഞ്ഞു. ചില ഗ്രൂപ്പുകൾ അത്രയധികം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി തങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാർത്ത പരത്തുന്നുണ്ടോ എന്ന് അറിയാനായി ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൂടുതൽ വിദഗ്ധരെ ജോലിക്കെടുക്കാൻ തങ്ങൾ തയാറാണെന്നും കമ്പനി പറയുന്നു. ഇന്ത്യക്കായി എൻക്രിപ്ഷൻ ഇല്ലാത്ത ഒരു വാട്സാപ് തുടങ്ങുക എന്നതായിരിക്കും വാട്സാപിന്റെ സാധ്യതകളിലൊന്ന്. അല്ലെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. ചൈനാ സർക്കാർ പറയുന്ന രീതിയിലുള്ള സേർച് എൻജിൻ തയാറാക്കുന്ന ഗൂഗിളിന്റെ രീതി പിൻതുടരാൻ വാട്സാപ് തീരുമാനിക്കുകയാണെങ്കിൽ ഇന്ത്യയിൽ വാട്സാപ് തുടരും.

പക്ഷേ, അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ സന്ദേശങ്ങൾ പരിശോധിക്കപ്പെട്ടേക്കാം. തങ്ങളുടെ സേവനം ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ പേരെടുത്തു പറയാൻ വാട്സാപ് തയാറായില്ലെങ്കിലും ചില പാർട്ടി പ്രവർത്തകർ ഈ മെസേജിങ് സേവനം ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നതെന്നു കമ്പനി പറഞ്ഞു. കൃത്യമായി എന്താണ് അവർ ചെയ്യുന്നത് എന്നു വെളിപ്പെടുത്താനും കമ്പനി തയാറായില്ല. ഓട്ടോമേറ്റു ചെയ്ത ടൂളുകൾ ഉപയോഗിച്ച് മെസേജുകൾ അയയ്ക്കുന്നതും, വ്യാജ വാർത്തകൾ പരത്തി വോട്ടർമാരെ സ്വാധീനിക്കലുമാണ് നടത്തുന്നതെന്നാണ് ഊഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP