Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ അതിർത്തികളെ കണ്ണിമ ചിമ്മാതെ കാക്കാൻ ജിഐസാറ്റ്‌– 1 ബഹിരാകാശത്തേക്ക്; ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽ നിന്നും ഉപ​ഗ്രഹം വിക്ഷേപിക്കുക ഈ മാസം 28ന്; പ്രതിരോധ രം​ഗത്ത് ഇന്ത്യ കൈവരിക്കുക വലിയ മുന്നേറ്റം

ഇന്ത്യൻ അതിർത്തികളെ കണ്ണിമ ചിമ്മാതെ കാക്കാൻ ജിഐസാറ്റ്‌– 1 ബഹിരാകാശത്തേക്ക്; ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽ നിന്നും ഉപ​ഗ്രഹം വിക്ഷേപിക്കുക ഈ മാസം 28ന്; പ്രതിരോധ രം​ഗത്ത് ഇന്ത്യ കൈവരിക്കുക വലിയ മുന്നേറ്റം

മറുനാടൻ മലയാളി ബ്യൂറോ

ശ്രീഹരിക്കോട്ട: കഴിഞ്ഞ വർഷം മാർച്ചിൽ വിക്ഷേപണത്തിന് തൊട്ട് മുമ്പ് മാറ്റിവെച്ച പ്രതിരോധ ആവശ്യങ്ങൾക്കുള്ള ജിഐസാറ്റ്‌– 1 ഉപഗ്രഹം ഈ മാസം 28ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്നാണ്‌ വിക്ഷേപണം. ജിഎസ്‌എൽവി–-എഫ്‌ 10 റോക്കറ്റാണ്‌ ഉപഗ്രഹത്തെ ലക്ഷ്യത്തിലെത്തിക്കുക. ഇന്ത്യൻ ഉപഭൂഖണ്ഡ നിരീക്ഷണം, അതിർത്തി സംരക്ഷണം, പ്രകൃതിദുരന്ത-ഭൂപ്രകൃതി അവലോകനം എന്നിവയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

വിക്ഷേപണത്തിന്റെ 19ാം മിനിറ്റിൽ ഉപഗ്രഹം താൽക്കാലിക ഭ്രമണപഥത്തിലെത്തും. ജിഎസ്എൽവി എഫ് 10 റോക്കറ്റ് ഉപയോഗിച്ച് ജിയോസിംക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിക്കുന്ന ജിഐസാറ്റ് പിന്നീട് സ്വന്തം ഇന്ധനം കത്തിച്ച് ജിയോസ്റ്റേഷനറി ഓർബിറ്റിലെത്തും. 30 മിനിറ്റ് ഇടവേളയിൽ ശരാശരി 50 മീറ്റർ സ്പേഷ്യൽ റെസല്യൂഷൻ ഉള്ള ദൃശ്യങ്ങൾ ആണ് ജിഐസാറ്റിൽ നിന്നു ലഭിക്കുക. മൾട്ടി, ഹൈപ്പർ സ്പെക്ട്രൽ ഇമേജർ, 700 മിമി റിച്ചെ–ക്രേഷ്യൻ ടെലിസ്കോപ്, ഹൈ–റെസലൂഷൻ ക്യാമറ എന്നിവയും ഉപഗ്രഹത്തിലുണ്ട്. ഇന്ത്യയുടെ കര, സമുദ്രാതിർത്തിയിലെ സൂക്ഷ്മമായ കാര്യങ്ങൾ പോലും കണ്ടെത്താൻ ഈ ദൃശ്യങ്ങൾ വഴി കഴിയും.

സൈനിക ആവശ്യങ്ങൾക്കുള്ള ഭൗമ നിരീക്ഷണത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനുമുള്ള രണ്ട്‌ ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണിത്‌. തദ്ദേശീയമായി വികസിപ്പിച്ച ഉയർന്ന റസല്യൂഷനിലുള്ള ക്യാമറകളും ആധുനിക ഉപകരണങ്ങളുമാണ്‌ ഉപഗ്രഹത്തിന്റെ പ്രത്യേകത. 2,268 കിലോഗ്രാമാണ്‌ ഭാരം. കൃത്യമായ ഇടവേളകളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുടെ ചിത്രങ്ങൾ തത്സമയം ലഭ്യമാക്കാൻ കഴിയും. സുസ്ഥിര ഭ്രമണ പഥത്തിൽ സഞ്ചരിച്ച് രാജ്യത്തെയാകെ നിരീക്ഷിച്ച് ഏത്‌ കാലാവസ്ഥയിലും സൂക്ഷ്‌മചിത്രങ്ങൾ എടുക്കാൻ കഴിയുന്നതാണ് ജിഐസാറ്റ്‌– 1.

ഭൂമിയിൽ നിന്ന് 36,000 കിലോമീറ്റർ ഉയരത്തിൽ ഭൂമിയുടെ ഭ്രമണത്തിന് അനുസൃതമായി സ്ഥിരം ഭ്രമണ പഥത്തിലായിരിക്കും ജിഐസാറ്റ്‌– 1 സഞ്ചരിക്കുക. ഇതിനാൽ ദൗത്യ കാലവധിയായ ഏഴ് വർഷവും ഉപ​ഗ്രഹം കണ്ണിമ ചിമ്മാതെ ഇന്ത്യയെ നിരീക്ഷിക്കുകയും നിരന്തരം ചിത്രങ്ങൾ അയക്കുകയും ചെയ്യും. അതിർത്തിയിലെ നിരീക്ഷണത്തിനു പുറമെ പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥാ വിശകലനം എന്നിവയ്ക്കും ജിഐസാറ്റ് പ്രയോജനപ്പെടും. രാത്രിയിൽ ഇൻഫ്രാറെഡ്, തെർമൽ ഇമേജിങ് സാങ്കേതികവിദ്യകളുടെ സഹായത്തോടെ ദൃശ്യങ്ങൾ പകർത്താനാകുന്ന ഉപ​ഗ്രഹത്തിന് പലപ്പോഴും വില്ലനാകുക മേഘങ്ങളാകും. മേഘങ്ങൾ ജിഐസാറ്റിന്റെ കാഴ്ച മറയ്ക്കുമെന്നതാണ് ഇതിന്റെ പ്രധാന ന്യൂനത. അമേരിക്കക്കും ചൈനക്കും നിലവിൽ ഇത്തരം ഉപ​ഗ്രഹങ്ങളുണ്ട്.

2020 മാർച്ച് അഞ്ചിന് നടക്കേണ്ട വിക്ഷേപണം അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. അമേരിക്കയുടെ ഇടപെടലുകളെ തുടർന്നാണിത് എന്ന ആരോപണം അന്ന് ഉയർന്നിരുന്നു. എന്നാൽ സാങ്കേതിക തകരാറുകളെ തുടർന്നാണ് വിക്ഷേപണം മാറ്റിയതെന്നായിരുന്നു ഔദ്യോ​ഗിക വിശദീകരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP