Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്നുമണിക്കൂർ നീണ്ട ദൗത്യത്തിലൂടെ മൂന്ന് ഭ്രമണപഥങ്ങളിൽ 29 ഉപഗ്രഹങ്ങളെ വിക്ഷേപിച്ച് പിഎസ്എൽവി; ഇന്ത്യക്കുവേണ്ടി വിക്ഷേപിച്ച എമിസാറ്റ് ഇനിയങ്ങോട്ട് ബഹിരാകാശത്തുള്ള ഇന്ത്യയുടെ ചാരക്കണ്ണ്; ഇസ്രയേൽ സങ്കേതത്തിൽ നിർമ്മിച്ച എമിസാറ്റ് അതിർത്തിയിൽ സൈന്യങ്ങൾക്ക് വേണ്ടി ശത്രുരാജ്യങ്ങളുടെ രഹസ്യ റഡാർ സന്ദേശങ്ങൾ ഉൾപ്പെടെ ശേഖരിച്ച് കൈമാറും; എട്ടുവർഷത്തെ ശ്രമങ്ങൾ സഫലമായ സന്തോഷത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ

മൂന്നുമണിക്കൂർ നീണ്ട ദൗത്യത്തിലൂടെ മൂന്ന് ഭ്രമണപഥങ്ങളിൽ 29 ഉപഗ്രഹങ്ങളെ വിക്ഷേപിച്ച് പിഎസ്എൽവി; ഇന്ത്യക്കുവേണ്ടി വിക്ഷേപിച്ച എമിസാറ്റ് ഇനിയങ്ങോട്ട് ബഹിരാകാശത്തുള്ള ഇന്ത്യയുടെ ചാരക്കണ്ണ്; ഇസ്രയേൽ സങ്കേതത്തിൽ നിർമ്മിച്ച എമിസാറ്റ് അതിർത്തിയിൽ സൈന്യങ്ങൾക്ക് വേണ്ടി ശത്രുരാജ്യങ്ങളുടെ രഹസ്യ റഡാർ സന്ദേശങ്ങൾ ഉൾപ്പെടെ ശേഖരിച്ച് കൈമാറും; എട്ടുവർഷത്തെ ശ്രമങ്ങൾ സഫലമായ സന്തോഷത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ

മറുനാടൻ ഡെസ്‌ക്‌

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ എക്കാലത്തേയും വലിയ ചരിത്രനേട്ടമായി പിഎസ്എൽവി സി-45 വിക്ഷേപണം മാറുമ്പോൾ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് ഇത് എട്ടുവർഷത്തെ കഠിനാധ്വാനത്തിന്റെ സ്വപ്‌നസാഫല്യമാണ്. ഒപ്പം ഇന്ത്യക്ക് പ്രതിരോധ-സൈനിക രംഗത്ത് വൻ നേട്ടമെന്ന് പറയാവുന്ന എമിസാറ്റ് എന്ന ചാര-പ്രതിരോധ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണവും.

ഇന്ത്യയുടെയും വിദേശരാജ്യങ്ങളുടേയും 29 ഉപഗ്രഹങ്ങളെ ഒറ്റ വിക്ഷേപണം കൊണ്ട് മൂന്ന് വ്യത്യസ്ത ഭ്രമണ പഥങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതിലൂടെ മേലിലും ഈ രംഗത്ത് രാജ്യത്തിന് വൻ സാമ്പത്തിക നേട്ടത്തിനും വഴിവയ്ക്കുന്ന അത്യപൂർവ വിക്ഷേപണം ആയി ഇന്നത്തെ പിഎസ്എൽവിയുടെ വിക്ഷേപണം മാറുന്നു. ഇതിനെല്ലാം പുറമെ പിഎസ്എൽവിയുടെ നാലാംഘട്ടത്തെ ഏറ്റവും താഴ്ന്ന ഭ്രമണ പഥത്തിൽ നിർത്തിക്കൊണ്ടും ചരിത്രനേട്ടം കുറിക്കുകയായിരുന്നു ഇന്ത്യൻ ശാസ്ത്രജ്ഞർ.

ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും 29 ഉപഗ്രഹങ്ങളാണ് പി.എസ്.എൽ.വി. സി-45 വിജയകരമായി വിക്ഷേപിച്ചത്. രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ ദൗത്യം വിജയകരമായി അവസാനിച്ചത് മൂന്നു മണിക്കൂർ കൊണ്ടാണ്. ഐഎസ്ആർഒയുടെ അഭിമാന റോക്കറ്റ് എന്ന് പറയാവുന്ന പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) സി-45 റോക്കറ്റിലായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച രാവിലെ 9.30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം നടത്തിയത്. ഇന്ത്യയുടെ എമിസാറ്റ്, അമേരിക്കയിൽ നിന്നുള്ള 20 ഉപഗ്രഹങ്ങൾ, ലിത്വാനിയയിൽ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങൾ, സ്വിറ്റ്സർലൻഡ്, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ഉപഗ്രഹം എന്നിവയെ ഇന്ത്യയുടെ വിശ്വസനീയ റോക്കറ്റ് ഫലപ്രദമായി വിവിധ ഭ്രമണപഥങ്ങളിൽ എത്തിച്ചു.

ആദ്യം എത്തിയത് ഇന്ത്യയുടെ ചാരക്കണ്ണ്

ഇന്ത്യയുടെ പ്രതിരോധ രംഗത്ത് വലിയ മുതൽക്കൂട്ടാകുമെന്ന് കരുതുന്ന ചാരക്കണ്ണ് എന്നുതന്നെ വിളിക്കാവുന്ന എമിസാറ്റിനെയാണ് ആദ്യം റോക്കറ്റ് ഭ്രമണപഥത്തിൽ വിക്ഷേപിച്ചത്. ഈയൊരു ഉപഗ്രഹം മാത്രമായിരുന്നു ഇത്തരമൊരു ഉദ്ദേശ്യത്തിൽ വിക്ഷേപിക്കപ്പെട്ടത്. ബാക്കിയുള്ളവ വാണിജ്യ വിക്ഷേപണങ്ങളാണ്.

436 കിലോഗ്രാം ഭാരമുള്ള എമിസാറ്റ് വൈദ്യുത കാന്തിക സ്‌പെക്ട്രം അളക്കുന്നതിനും ശത്രുരാജ്യങ്ങളിലേതുൾപ്പെടെ റഡാറുകളുടെ സന്ദേശങ്ങൾ പിടിച്ചെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇന്ത്യ വിക്ഷേപിച്ചത്. ചാരപ്രവർത്തനത്തിലൂടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഇസ്രയേലിന്റെ സഹായത്തോടെ, അവരുടെ സരൾ എന്ന ഉപഗ്രഹത്തിന്റെ വിജ്ഞാനം ഉൾക്കൊണ്ടാണ് ഇന്ത്യയുടെ എമിസാറ്റും ഇനി ബഹിരാകാശത്തു നിന്ന് രാജ്യത്തെ കാക്കുക. ഇലക്ട്രോണിക് ഇന്റലിജൻസ് സാറ്റലൈറ്റ് അഥവാ എമിസാറ്റ് പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. ഇസ്രയേലിന്റെ സരൾ ( SARAL) എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ അടിസ്ഥാനമാക്കി ഡിആർഡിഒയും ഐഎസ്ആർഒയും ചേർന്നാണ് എമിസാറ്റ് നിർമ്മിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുഴുവൻ കാര്യക്ഷമമായ ഇലക്ട്രോണിക് നിരീക്ഷണത്തിന് എമിസാറ്റ് പ്രതിരോധ സേനകളെ ഇനിമുതൽ സഹായിക്കും.

കൗടില്യ എന്ന രഹസ്യ പേരിലാണ് എമിസാറ്റിലെ പേലോഡുകളുടെ നിർമ്മാണം ഡിഫൻസ് എലക്ട്രോണിക് റിസർച്ച് ലാബിൽ നടന്നത്. 2013-14 ലെ പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് എമിസാറ്റിനെ പറ്റി ആദ്യം പരാമർശം വന്നത്. എതാണ്ട് എട്ടുവർഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഇന്ത്യൻ സേനകൾക്കെല്ലാം പ്രയോജനപ്പെടുന്ന ഇത്തരമൊരു സാറ്റലൈറ്റ് ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചത്.

 

കെഎ ബാൻഡിൽ പ്രവർത്തിക്കുന്ന ആൾട്ടിക എന്ന ആൾട്ടി മീറ്റർ ഉള്ള ഉപഗ്രഹത്തിന് വേണ്ടി ഈ മീറ്റർ വികസിപ്പിച്ചത് ഫ്രഞ്ച് ബഹിരാകാശ ഏജൻസിയാണ്. മഞ്ഞ്, മഴ തുടങ്ങിയ കാലാവസ്ഥകളിൽ പോലും കൃത്യമായ വിവരശേഖരണം നടക്കും. തീരപ്രദേശങ്ങൾ, കരപ്രദേശങ്ങൾ, വനപ്രദേശങ്ങൾ എന്നിങ്ങനെ ഏതുസാഹചര്യത്തിൽ നിന്നും വരുന്ന സന്ദേശങ്ങൾ പിടിച്ചെടുക്കാനാകും. രാജ്യാതിർത്തിയിലെ ശത്രുരാജ്യങ്ങളുടെ റഡാറുകളിലെ വിവരം ചോർത്താനും കഴിയും. ഭ്രമണപഥത്തിൽ കറങ്ങുന്നതിനിടെ ഒരോ 90 മിനിറ്റിലും എമിസാറ്റ് ഒരേ സ്ഥലത്ത് എത്തും. ഇതോടെ രാജ്യം പൂർണമായും എമിസാറ്റിന്റെ റേഞ്ചിനുള്ളിലായിരിക്കും ഇനി.

മൂന്നു മണിക്കൂർ; മൂന്നു ഭ്രമണ പഥങ്ങൾ

ഉപഗ്രഹങ്ങളെ ആദ്യമായി മൂന്ന് വ്യത്യസ്ത ഭ്രമണപഥത്തിലെത്തിച്ചു എന്നതാണ് ദൗത്യത്തിന്റെ പ്രധാന പ്രത്യേകത. റോക്കറ്റിന്റെ നാലാംഘട്ടത്തെ ആദ്യമായി പരീക്ഷണ തട്ടകമാക്കി മാറ്റുകയും ചെയ്തു. നിലവിൽ പി.എസ്.എൽ.വി.വിക്ഷേപണത്തിന്റെ നാലാംഘട്ടത്തിൽ ഉപഗ്രഹങ്ങൾ വേർപെട്ടു കഴിഞ്ഞാൽ റോക്കറ്റ് ഭാഗം ബഹിരാകാശത്ത് ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ ഇക്കുറി ഈ ഉപഗ്രഹ ഭാഗത്തെ ബഹിരാകാശത്തുതന്നെ നിർത്തുകയാണ് ചെയ്തത്. പിഎസ്എൽവിയുടെ 47-ാം ദൗത്യമാണ് ഇത്.

3 ഭ്രമണപഥങ്ങളിൽ  ഉപഗ്രഹങ്ങളെ എത്തിക്കുന്ന ഇന്ത്യൻ ദൗത്യമായിരുന്നു സി-45. 436 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹത്തെ ഭൂമിയിൽനിന്നു 749 കിലോമീറ്റർ ഉയരമുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ആദ്യദൗത്യം. ഇതിനു ശേഷം താഴ്ന്ന് 504 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും. ഇവിടെ 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ വിക്ഷേപിക്കും. ഇതിനു ശേഷം വീണ്ടും താഴ്ന്ന് 485 കിലോമീറ്റർ ഉയരത്തിൽ പിഎസ്എൽവിയുടെ നാലാംഘട്ടം (അവേശഷിക്കുന്ന ഭാഗം) നിൽപുറപ്പിക്കും. ഭാവി ബഹിരാകാശ പരീക്ഷണങ്ങൾക്കു വേണ്ടി ഇത്തരത്തിൽ ഒരു ദൗത്യംകൂടി ആദ്യമായി നടപ്പാക്കുകയായിരുന്നു ഇന്ത്യൻ ശാസ്ത്രജ്ഞർ.

മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണു ഇതിലുള്ളത്. കപ്പലുകളിൽനിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം, റേഡിയോയുമായി ബന്ധപ്പെട്ട ഓട്ടമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആർഐഎസ് എന്നിവയാണിവ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP