Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വയനാട്ടിൽ യുഡിഎഫിനു തുണയായത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് എതിരായ വികാരം; കർഷകരുടെയും കുടിയേറ്റക്കാരുടെയും രോഷം പോളിങ്ങ് ബൂത്തിൽ തുണയാവുക പ്രതിപക്ഷ പാർട്ടിക്ക്; നോട്ടുനിരോധനവും, ജിഎസ്ടിയും സാമ്പത്തിക മാന്ദ്യവും, വന്യമൃഗശല്യവും വയനാട്ടുകാരെ ഭരണവിരുദ്ധരാക്കുന്നു; മുസ്ലിംലീഗിന്റെ കേഡർ വോട്ടുകൾ കൂടിയാവുമ്പോൾ യുഡിഎഫ് മുന്നേറ്റം പൂർണം; മറുനാടൻ സർവേയിൽ വയനാട് വേറിട്ട് നിൽക്കുന്നത് എന്തുകൊണ്ട്?

വയനാട്ടിൽ യുഡിഎഫിനു തുണയായത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് എതിരായ വികാരം; കർഷകരുടെയും കുടിയേറ്റക്കാരുടെയും രോഷം പോളിങ്ങ് ബൂത്തിൽ തുണയാവുക പ്രതിപക്ഷ പാർട്ടിക്ക്; നോട്ടുനിരോധനവും, ജിഎസ്ടിയും സാമ്പത്തിക മാന്ദ്യവും, വന്യമൃഗശല്യവും വയനാട്ടുകാരെ ഭരണവിരുദ്ധരാക്കുന്നു; മുസ്ലിംലീഗിന്റെ കേഡർ വോട്ടുകൾ കൂടിയാവുമ്പോൾ യുഡിഎഫ് മുന്നേറ്റം പൂർണം; മറുനാടൻ സർവേയിൽ വയനാട് വേറിട്ട് നിൽക്കുന്നത് എന്തുകൊണ്ട്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലബാറിൽ മറുനാടൻ ടീം സർവേ നടത്തിയ കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട് മണ്ഡലങ്ങിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നീങ്ങുന്ന ഫലമാണ് കിട്ടിയത്. എന്നാൽ വയനാട്ടിൽ മാത്രം യുഡിഎഫിന് വലിയ മേൽക്കൈ കിട്ടുകയുണ്ടായി. മുന്നണികൾ തമ്മിലുള്ള വ്യത്യാസം 12 ശതമാനമാണ്. ഏതാണ്ട് യുഡിഎഫ് തരംഗം എന്ന് പറയാവുന്ന അവസ്ഥ. ഇത്് എങ്ങനെയുണ്ടായി എന്ന് പരിശോധിക്കുമ്പോഴാണ്, ഭരണവിരുദ്ധ വികാരത്തിന്റെ ശക്തി മനസ്സിലാവുക.

കർഷകരും കുടിയേറ്റക്കാരും ഏറെയുള്ള വയനാട്ടിലെ സാധാരണക്കാർ കടുത്ത സാമ്പത്തിക മാന്ദ്യവും വന്യമൃഗശല്യവും കസ്തൂരി രംഗനും മറ്റുമായി ആകെ അസ്വസ്ഥരാണ്. ഇത് ഫലത്തിൽ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾക്കെതിരെയുള്ള വികാരമായി മാറുകയാണ്. എന്നാൽ കോൺഗ്രസ് ആവട്ടെ ഭാഗ്യത്തിന് രണ്ടിടത്തും ഭരണത്തിലില്ല. തമ്മിൽ ഭേദം തൊമ്മനെന്ന രീതിയിൽ സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും വോട്ടുകൾ കോൺഗ്രസ് പെട്ടിയിൽ വീഴുകയാണ്. ഒപ്പം പരമ്പരാഗതമായ ഒരു കോൺഗ്രസ് മണ്ഡലമാണ് ഇത്. മണ്ഡലത്തിൽ കോൺഗ്രസിന് ഇപ്പോളും നല്ല അടിത്തറയുണ്ട്്. ഒപ്പം മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളായ ഏറനാടും, വണ്ടൂരും, നിലമ്പൂരുമുള്ള മുസ്ലീലീഗിന്റെ വൻ പിന്തുണയും ചേരുമ്പോൾ ഐക്യമുന്നണിയുടെ പ്രതീക്ഷകൾ വർധിക്കുന്നു.

വൈത്തിരിയിലും കൽപ്പറ്റയിലും തിരുവമ്പാടിയിലുമൊക്കെയായി സർവേക്കുപോയ മറുനാടൻ ടീം പല തവണ ഈ ജനരോഷത്തിന് പാത്രമായിട്ടുണ്ട്. എന്തിന് ഞങ്ങൾ വോട്ട് ചെയ്യാൻ പോവണം, ആർക്കാണ് ഞങ്ങളുടെ കാര്യത്തിൽ താൽപ്പര്യം നിങ്ങൾ വെറുതേ ഇങ്ങനെ സർവേ നടത്തിയിട്ട് എന്താണ് കാര്യം തുടങ്ങിയ രോഷാകുലമായ ചോദ്യങ്ങളുമായാണ് പലയിടത്തും ജനം ഞങ്ങളെ നേരിട്ടത്. നോട്ടുനിരോധനം, ജിഎസ്ടി, തൊട്ട് കസ്തൂരി രംഗൻ റിപ്പോർട്ടും വന്യമൃഗ ശല്യവും രാത്രിയാത്ര നിരോധവുമൊക്കെ ഇവിടെ പലവട്ടം ചർച്ചയായി.

കാർഷിക മേഖലയെ സഹായിക്കാൻ ആരുമില്ലെന്ന വികാരമാണ് വയനാട്ടുകാർക്ക്. കേന്ദ്രസർക്കാറിന്റെ നയങ്ങൾ കൊണ്ട് കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചക്ക് കാരണമായി. കൂടാതെ ചെറുകിട കർഷകർക്ക് ആകട്ടെ സഹായങ്ങളൊന്നും എവിടെ നിന്നും ലഭിക്കുന്നില്ല. ടൂറിസം മേഖയും ഇത്തവണ തകർച്ച നേരിട്ട അവസ്ഥയായി. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലും വേണ്ടവിധത്തിൽ പ്രവർത്തിച്ചില്ലെന്ന വികാരം വയനാട്ടുകാർക്കുണ്ട്. പലർക്കും സർക്കാർ പ്രഖ്യാപിച്ച സഹായം പോലും ലഭിച്ചില്ല. ഇതെല്ലാം കൂടിയായ അവസ്ഥയിൽ സംസ്ഥാന സർക്കാറിനെതിരെയും വികാരം ശക്തമാകാൻ കാരണമായിട്ടുണ്ട്.

സാധാരണക്കാരായ ജനങ്ങൾക്ക് ഇത് പലപ്പോഴും കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്നതാണോ സംസ്ഥാന ഗവൺമെന്റ് കൊണ്ടുവന്നതാണോ എന്നൊന്നും അറിയില്ല. ഇതിനെല്ലാം പിണറായി വിജയനും നരേന്ദ്ര മോദിയും ഒരുപോലെ ഉത്തരവാദികളാണെന്ന് അവർ കരുതുന്നു. അതായത് അവരാണ് ഭരണത്തിൽ ഉള്ളത്. മണ്ഡലത്തിൽ പരമ്പരാഗതമായുള്ള ശക്തിക്കൊപ്പം, ഈ ഭരണവിരുദ്ധ വികാരം കൂടിയായതോടെ ജനരോഷം ഏറ്റവും കുറഞ്ഞ പാർട്ടിയായി യുഡിഎഫ് മാറുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ലോക്സഭാ മണ്ഡലത്തിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇവിടെ കോൺഗ്രസ് നേതാവ് എം ഐ ഷാനവാസ് ജയിച്ചു കയറിയത്. അതിനുമുമ്പത്തെ തെരഞ്ഞെടുപ്പിൽ ഷാനവാസിനുതന്നെ കിട്ടി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഒറ്റയടിക്ക് ഒലിച്ചുപോയത് കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ദീർഘകാലം അസുഖവും മറ്റുമായി മണ്ഡലത്തിനിൽനിന്ന് ഷാനവാസ് വിട്ടുനിന്നതിന്റെ ഭാഗമായി വന്ന പ്രശ്നങ്ങളും മുസ്ലീലീഗുമായി അദ്ദേഹത്തിനുണ്ടായിരുന്ന അസ്വാരസ്യങ്ങളുമാണ് ഭൂരിപക്ഷം കുറക്കാൻ ഇടയാക്കിയതായി യുഡിഎഫ് കേന്ദ്രങ്ങൾ തന്നെ പിന്നീട് വിലയിരുത്തിയത്.

ഇത്തവണ ആ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് മുന്നണി ബന്ധം ശക്തമാക്കിയാൽ യുഡിഎഫിന് ഇവിടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. യുഡിഎഫിന് സ്ഥാനാർത്ഥി ലിസ്റ്റിൽ ഷാനിമോൾ ഉസ്മാനും സിദ്ധിഖും അടക്കമുള്ളവരുണ്ട്. മറുവശത്ത് സിപിഐ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിലും ഉറപ്പായിട്ടില്ല. സത്യൻ മൊകേരിയുടെയും സുനീറിന്റെയും ജാസ്മിൻഷായുടെയും പേരുകളാണ് മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്നത്. ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയാൽ ഭൂരിപക്ഷ നിലയിൽ കുറവു വരാം എന്നു മാത്രമേ പറയാൻ സാധിക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP