Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തര മലബാറിൽ അഞ്ചിൽ നാലിലും ഇടതിന് മേൽക്കൈ; നേരിയ മാർജിനിൽ കാസർകോടും കണ്ണൂരും നിലനിർത്തുന്ന എൽഡിഎഫ് കോഴിക്കോടും വടകരയും പിടിച്ചെടുക്കാനും സാധ്യത; വയനാട്ടിൽ യുഡിഎഫ് ബഹുദൂരം മുന്നിൽ; 12 ശതമാനം വോട്ടുവ്യത്യാസം സൂചിപ്പിക്കുന്നത് മണ്ഡലത്തിലെ യുഡിഎഫ് തരംഗം; ബിജെപി എവിടെയും ചിത്രത്തിലില്ല; മറുനാടൻ മലയാളി ലോക്‌സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിലെ അഞ്ച് മണ്ഡലങ്ങളിലെ സൂചനകൾ ഇങ്ങനെ

ഉത്തര മലബാറിൽ അഞ്ചിൽ നാലിലും ഇടതിന് മേൽക്കൈ; നേരിയ മാർജിനിൽ കാസർകോടും കണ്ണൂരും നിലനിർത്തുന്ന എൽഡിഎഫ് കോഴിക്കോടും വടകരയും പിടിച്ചെടുക്കാനും സാധ്യത; വയനാട്ടിൽ യുഡിഎഫ് ബഹുദൂരം മുന്നിൽ; 12 ശതമാനം വോട്ടുവ്യത്യാസം സൂചിപ്പിക്കുന്നത് മണ്ഡലത്തിലെ യുഡിഎഫ് തരംഗം; ബിജെപി എവിടെയും ചിത്രത്തിലില്ല; മറുനാടൻ മലയാളി ലോക്‌സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിലെ അഞ്ച് മണ്ഡലങ്ങളിലെ സൂചനകൾ ഇങ്ങനെ

ടീം മറുനാടൻ

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പ് - 2019 അഭിപ്രായ സർവേയിലെ ആദ്യ ഫല സൂചനകൾ പ്രകാരം മലബാറിൽ മുന്നണികൾ തമ്മിൽ അതി ശക്തമായ പോരാട്ടം. കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, വയനാട് എന്നീ അഞ്ചു മണ്ഡലങ്ങളിലെ സർവേ ഫലം പുറത്തുവരുമ്പോൾ, വയനാട് ഒഴികെയുള്ള നാലു മണ്ഡലങ്ങളിലും ഇടതിന് മേൽക്കെയുണ്ട്. എന്നാൽ എല്ലായിടത്തും ഇടതിന്റെ ലീഡ് നേരിയ മാർജിനിൽ മാത്രമാണ്. വർഷങ്ങളായി തങ്ങളുടെ കുത്തക മണ്ഡലമായ കാസർകോട്ടുപോലും വെറും 3 ശതമാനം വോട്ടിന്റെ ലീഡ് മാത്രമാണ് എൻഡിഎഫിന് നേടാൻ കഴിയുന്നത്.

വടകര, കോഴിക്കോട് എന്നീ യുഡിഎഫിന്റെ രണ്ടു സിറ്റിങ്ങ് സീറ്റിലും എൽഡിഎഫ് മുന്നിലാണെങ്കിലും മാർജിൻ തീരെ നേർത്തതാണ്. അതായത് അന്തിമഫലം എങ്ങനെയും മാറിമറയാം എന്ന് ചുരുക്കം. എന്നാൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ് തരംഗത്തിന്റെ സൂചനകൾ കാണുന്നുണ്ട്. ഇവിടെ മുന്നണികൾ തമ്മിലുള്ള വോട്ടുവ്യത്യാസം 12 ശതമാനമാണ്. ശബരിമല സമരത്തെ തുടർന്ന് വൻ പ്രതീക്ഷകൾവെച്ചു പുലർത്തിയ ബിജെപിക്ക് ഈ മണ്ഡലങ്ങളിൽ എവിടെയും വിജയ സാധ്യത കാണുന്നില്ല. മുൻ കാലഘട്ടങ്ങളിലെ വോട്ട് നിലനിർത്തുന്നുവെന്നല്ലാതെ ബിജെപിയുടെ വോട്ടിലും ഒരു വലിയ വർധന ഉണ്ടായിട്ടില്ല. പക്ഷേ കോഴിക്കോട്ടും കണ്ണൂരിലും ബിജെപിക്ക് വോട്ട് കൂടുമെന്ന് സർവേ സൂചിപ്പിക്കുന്നു.

അതായത് ഒരു മുന്നണിക്കും അനുകൂലമോ പ്രതികൂലമോ ആയ യാതൊരു തരംഗവും മലബാറിൽ കാണാനില്ലെന്ന് വ്യക്തമാണ്. എതാണ്ട് തുല്യതയിൽ വരുന്ന രാഷ്ട്രീയ സാഹചര്യത്തിൽ, സ്ഥാനാർത്ഥികളുടെ മികവും ഇനിയുള്ള ദിവസങ്ങളിലെ രാഷ്ട്രീയ സാഹചര്യവും വിജയ പരാജയങ്ങളിൽ നിർണ്ണായകമാണ്.

ഫെബ്രുവരി 6മുതൽ 9വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 5000ത്തോളംപേരെ നേരിട്ട് കണ്ടാണ് മറുനാടൻ ടീം സർവേ നടത്തിയത്. ജന പങ്കാളിത്തം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ സർവേയാവുകയാണ് മറുനാടൻ സർവേ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ജന വികാരം കൃത്യമായി പ്രവചിച്ച റാൻഡം സാബ്ലിങ്ങിന്റെ അതേ രീതിതന്നെയാണ് ഈ സർവേയിലും അവലംബിച്ചിരിക്കുന്നത്. ഓരോ മണ്ഡലങ്ങളിലെയും സർവേയിലെ ചിത്രം ചുവടേ കൊടുക്കുന്നു.

കാസർകോട്: ഇടതുകോട്ടയിൽ കടുത്ത പോരാട്ടം

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ മറുനാടൻ സർവേ ഫലം ഇങ്ങനെയാണ്.

എൽഡിഎഫ്- 40 ശതമാനം

യുഡിഎഫ്- 37

എൻഡിഎ- 18

മറ്റുള്ളവർ- 4

നോട്ട- 1

1989 മുതൽ തുടർച്ചയായി ഇടതുമുന്നണി ജയിക്കുന്ന മണ്ഡലമാണ് കാസർകോട്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ടി സിദ്ദീഖ് മൽസരിച്ച കഴിഞ്ഞ തവണ മാത്രമാണ് സിപിഎമ്മിന്റെ ഭൂരിപക്ഷം ആശങ്കാ ജനകമായി കുറഞ്ഞത്. വെറും 6921 വോട്ടിനാണ് സിറ്റിങ്ങ് എംപി പി കരുണാകരൻ കടന്നുകൂടിയത്. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിൽ കിട്ടിയ 84000ത്തോളം വോട്ടിന്റെ ഭൂരിപക്ഷം ഈ രീതിയിൽ കുറഞ്ഞത് ഇടതുകേന്ദ്രങ്ങളിൽ ആശങ്ക ഉയർത്തിയിരുന്നു. ഇത്തവണയും സർവേ പ്രകാരം ഇവിടെ ശക്തമായ മൽസരത്തിന്റെ സൂചനയാണ് ലഭിക്കുന്നത്.മൂന്നു ശതമാനം വോട്ടുകൾക്ക് ഇവിടെ ഇടതമുന്നണി മുന്നിലിലാണ്. ബിജെപിയുടെ കെ സുര്രേന്ദൻ കഴിഞ്ഞ തവണ ഇവിടെ 1,72,826 വോട്ടുകൾ നേടിയിരുന്നു.

സർവേ പ്രകാരം 18 ശതമാനം വോട്ടുകൾ നേടുന്ന ബിജെപിക്കും കാര്യമായ വർധനവ് കാണുന്നില്ല. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുർ, എന്നീ അഞ്ചു നിയമസഭാ മണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ പയ്യന്നുർ, കല്ല്യാശ്ശേരി എന്നീ മണ്ഡലങ്ങളും ഉൾക്കൊള്ളുന്ന കാസർകോട് ലോക്‌സഭാ സീറ്റിൽ, മഞ്ചേശ്വരവും കാസർകോടും ഒഴികെയുള്ള മണ്ഡലങ്ങൾ എൽഡിഎഫിനാണ്. പക്ഷേ മഞ്ചേശ്വരത്തും കാസർകോടും ബിജെപിക്ക് പിറകിൽ മൂന്നാംസ്ഥാനത്താണ് എൽഡിഎഫ് പോകാറ് എന്നതും അവർ നേരിടുന്ന വെല്ലുവിളിയാണ്. കണ്ണുർ ജില്ലയിലെ കല്ല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിൽനിന്നും കാസർകോട്ടെ തൃക്കരിപ്പൂരിൽനിന്നും കിട്ടും വൻ ലീഡാണ് ഇടതുമുന്നണിയെ എക്കാലവും തുണച്ചിട്ടുള്ളത്.

കണ്ണൂർ: സീറ്റ് നിലനിർത്താൻ എൽഡിഎഫ്

സർവേ ഫലം ഇങ്ങനെ

എൽഡിഎഫ്- 44 ശതമാനം

യുഡിഎഫ്- 40

എൻഡിഎ- 10

മറ്റുള്ളവർ- 4

നോട്ട- 2

വാശിയേറിയ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ തവണ യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്ത സീറ്റാണിത്. ലീഡ് നില മാറിയും മറിഞ്ഞുമുള്ള ഫോട്ടോ ഫിനിഷിനൊടവിലാണ് സിപിഎം സ്ഥാനാർത്ഥി പീകെ ശ്രീമതി ടീച്ചർ, വെറും 6566 വോട്ടുകൾക്കാണ് കോൺഗ്രസിലെ കെ സുധാകരനെ തോൽപ്പിച്ചത്. കഴിഞ്ഞ തവണ സുധാകരൻ 43000ത്തോളം വോട്ടുകൾക്ക് ജയിച്ച മണ്ഡലമായിരുന്നു ഇത്. ഇത്തവണ സർവേ പ്രകാരം എൽഡിഎഫ് ഇവിടെ നാലു ശതമാനം വോട്ടിന് യുഡിഎഫിനോക്കാളും മുന്നിട്ട് നിൽക്കയാണ്.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, മട്ടന്നൂർ, ധർമ്മടം,പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളുൾക്കൊള്ളുന്നതാണ് കണ്ണൂർ ലോകസഭാ നിയോജകമണ്ഡലം. ഇതിൽ ഇരിക്കൂർ, പേരാവൂർ, ആഴീക്കോട് എന്നിവ ഒഴികെയുള്ള അഞ്ച് മണ്ഡലങ്ങളും എൽഡിഎഫിനൊപ്പമാണ്. പക്ഷേ തളിപ്പറമ്പ്, മട്ടന്നുർ, ധർമ്മടം എന്നിടത്തെ ലീഡാണ് ഇടതിനെ തുണക്കാറുള്ളത്. 84 മുതൽ 98വരെയുള്ള അഞ്ചു തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിനുവേണ്ടി തുടർച്ചയായി ജയിച്ച ഈ മണ്ഡലം 99 ൽ എ പി അബ്ദുല്ലക്കുട്ടിയെ ഇറക്കിയാണ് എൽഡിഎഫ് തിരിച്ചുപിടിച്ചത്. സർവേ പ്രകാരം ഇത്തവണ കണ്ണൂരിൽ ബിജെപി വോട്ടിൽ വർധന ഉണ്ടായിട്ടുണ്ട്.

വടകര: തിരിച്ചുപിടിക്കാൻ എൽഡിഎഫ്

സർവേ ഫലം ഇങ്ങനെ

എൻഡിഎഫ്- 38

യുഡിഎഫ്- 36

എൻഡിഎ- 12

മറ്റുള്ളവർ- 7

നോട്ട- 7

ഒരുകാലത്ത് ഇടതുമുന്നണിയുടെ പ്രസ്്റ്റീജ് സീറ്റായിരന്നു വടകര. 1984 മുതൽ 2004വരെ തുടർച്ചയായി ഇടതുമുന്നണി ജയിച്ചുകൊണ്ടിരുന്ന മണ്ഡലം. തുടർന്ന് 2009ലാണ് ഈ മണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിനുവേണ്ടി തിരിച്ചു പിടിക്കുന്നത്. തുടർന്ന് ടിപി വധത്തിനുശേഷം നടന്ന 2014ലെ തെരഞ്ഞെടുപ്പിലും മുല്ലപ്പള്ളി ജയിച്ചു. സിപിഎം നേതാവ് എ എൻ ഷംസീറിനെ വെറും 3306 വോട്ടിന് തോൽപ്പിച്ചാണ് മുല്ലപ്പള്ളി മണ്ഡലം നിലനിർത്തിയത്. ഇത്തവണയും സമാനമായ കടുത്ത മൽസരം ഉണ്ടാകുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇവിടെ നിലവിൽ രണ്ടു ശതമാനം വോട്ടിന് എൽഡിഎഫ് മുന്നിലാണ്.

കഴിഞ്ഞ തവണ ഇവിടെ പതിനേഴായിരത്തോളം വോട്ടുകൾ പിടിച്ച ടി പി ചന്ദ്രശേഖരന്റെ ആർഎംപി യുഡിഎഫിനെ പിന്തുണക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആർഎംപിയിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. ഇതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് ആർഎംപി നേതാക്കൾ പറയുന്നത്. സർവേയിൽ നോട്ടക്കും മറ്റുള്ളവർക്കും കിട്ടിയ വോട്ടുകൾ ആർഎംപി ഇഫക്ടാണെന്ന് വേണമെങ്കിൽ പറയാം. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായതോടെ മൽസരിക്കാൻ ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതും,പല യുഡിഎഫ് വോട്ടർമാരെയും ആശങ്കയിലാഴ്‌ത്തുന്നുണ്ട്. ഇത്തരം തീരുമാനങ്ങളും നോട്ടയിൽ പ്രതിഫലിക്കാം.

കഴിഞ്ഞതവണ യുഡിഎഫിനൊപ്പമായ ജനതാദൾ യു ഇത്തവണ എൽഡിഎഫിലേക്ക് വന്നത് സിപിഎമ്മിനും പ്രതീക്ഷ നൽകുന്നു. കണ്ണുർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ലോക്‌സഭാ മണ്ഡലം. ഇതിൽ കുറ്റ്യാടി ഒഴികെയുയുള്ള മുഴുവൻ മണ്ഡലങ്ങളും എൽഡിഎഫിന്റെ കൈയിലാണ്. തലശ്ശേരി, പ്രേരാമ്പ്ര, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ലീഡാണ് എൽഡിഎഫ് പ്രതീക്ഷക്ക് ആധാരം.

കോഴിക്കോട്: ഇടത് ഒരു പണത്തൂക്കം മുന്നിൽ

സർവെ ഫലം ഇങ്ങനെ

എൻഡിഎഫ്- 41 ശതമാനം

യുഡിഎഫ് - 39

എൻഡിഎ- 14

മറ്റുള്ളവർ-4

നോട്ട- 2

2009ലൈ മണ്ഡല പുനർനിർണ്ണയത്തിനുശേഷം ഇടതുപക്ഷം എറ്റവും പ്രതീക്ഷ പുലർത്തിയ സീറ്റായിരുന്നു കോഴിക്കോട് പാർലിമെന്റ് മണ്ഡലം. തങ്ങളുടെ ഉറച്ച മണ്ഡലങ്ങളായ ബേപ്പുരും കുന്ദമംഗലവും മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിനിന്ന് മാറി കോഴിക്കോട്ടേക്ക് വന്നതോടെ രാഷ്ട്രീയമായി ഈ മണ്ഡലം ഇടതുപക്ഷത്തിന് മേൽക്കെയുള്ളതായി മാറി. കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, എലത്തൂർ, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂർ, കുന്ദമംഗലം എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ എ കെ മുനീറിന്റെ കോഴിക്കോട് സൗത്ത് മാത്രമാണ് യുഡിഎഫിന്റെ കൈയിലുള്ളത്. പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പു വരുമ്പോൾ മണ്ഡലം വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ഇത്തവണയും കടുത്ത രാഷ്ട്രീയ മൽസരത്തിന്റെ സൂചനകളാണ് കോഴിക്കോടു നിന്നും ലഭിക്കുന്നത്. വെറും രണ്ട് ശതമാനം വോട്ടിന് യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ ഇപ്പോൾ എൽഡിഎഫ് മുന്നിലാണ്.

സ്ഥാനാർത്ഥി എംകെ രാഘവന്റെ വ്യക്തിപ്രഭാവം തങ്ങൾക്ക് തുണയാകുമെന്ന് യുഡിഎഫ് കരുതുന്നു. 2009ൽ അറുനൂറിൽപരം വോട്ടിന് കഷ്ടിച്ച ജയിച്ച എംകെ രാഘവൻ 2014ൽ തന്റെ ലീഡ് പതിനാറായിരത്തിലേറെ വോട്ടാക്കി ഉയർത്തുകയായിരുന്നു. കോഴിക്കോട് സൗത്ത്, കൊടുവള്ളി എന്നിവടങ്ങളിൽ കിട്ടുന്ന വൻ ലീഡിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. കേന്ദ്രത്തിൽ ബിജെപിയെ ഒഴിവാക്കണമെന്നതിനാൽ ന്യൂനപക്ഷ വോട്ടുകൾ കൂട്ടമായി യുഡിഎഫിലേക്ക് ആകർഷിക്കപ്പെടുമെന്നും അവർ കരുതുന്നു.എന്നാൽ ബേപ്പുർ, എലത്തുർ,ബാലുശ്ശേരി എന്നീ മണ്ഡലങ്ങളിലെ ഭൂരിപക്ഷം തങ്ങളെ തുണക്കുമെന്നാണ് എൽഡിഎഫ് കരുതുന്നത്. കണ്ണുർ മണ്ഡലത്തിലെന്നപോലെ കോഴിക്കോട്ടും ബിജെപിയുടെ വോട്ടിൽ വർധന കാണുന്നുണ്ട്.

വയനാട്: യുഡിഎഫ് തരംഗം പ്രകടം

സർവേ ഫലം ഇങ്ങനെ

യുഡിഎഫ്- 48 ശതമാനം

എൽഡിഎഫ്- 36

എൻഡിഎ- 6

മറ്റുള്ളവർ -4

നോട്ട- 6

എന്നാൽ മലബാറിലെ പൊതു സൂചകങ്ങളിൽനിന്ന് തീർത്തും വിഭിന്നമായി യുഡിഎഫ് തരംഗത്തിന്റെ കാഴ്ചയാണ് വയനാട്ടിൽ കാണാനാവുന്നത്. വയനാട് ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേർച്ചന്നതാണ് വയനാട് ലോകസഭാ മണ്ഡലം. ഇതിൽ വണ്ടൂർ, ഏറനാട്, ബത്തേരി എന്നീ മൂന്നു മണ്ഡലങ്ങൾ മാത്രമാണ് നിലവിൽ യുഡിഎഫിന് ഉള്ളത്. പക്ഷേ കൽപ്പറ്റ, മാനന്തവാടി, തിരുവമ്പാടി, നിലമ്പൂർ എന്നിവയൊക്കെ ചാഞ്ചാടുന്ന മണ്ഡലങ്ങളാണ്. ഏറനാട്, വണ്ടൂർ, ബത്തേരി എന്നിവ യുഡിഎഫിന്റെ ഉറച്ച കോട്ടകളും. മാത്രമല്ല നിയമസഭാ തെരഞ്ഞടുപ്പിലെ അതേ വോട്ടിങ്ങ് പാറ്റേൺ ലോക്‌സഭയിലേക്ക് ഒരിക്കലും കാണാറില്ല. ഇത് സ്ഥിരീകരിക്കുന്ന സർവേ ഫലമാണ് വയനാട്ടിൽനിന്ന് മറുനാടൻ ടീമിനും ലഭിച്ചത്.

കാർഷിക വിലത്തകർച്ചയും സാമ്പത്തിക മാന്ദ്യവും വല്ലാതെ ബാധിച്ച വയനാട്ടിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരെ ഒരുപോലെ ജനരോഷം ഉണ്ടാകുന്നതായി സർവേ വിലയിരുത്തുന്നു. കഴിഞ്ഞ ലോക്‌സഭാ മണ്ഡലത്തിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇവിടെ കോൺഗ്രസ് നേതാവ് എം ഐ ഷാനവാസ് ജയിച്ചു കയറിയത്. അതിനു മുമ്പത്തെ തെരഞ്ഞെടുപ്പിൽ ഷാനവാസിനു തന്നെ കിട്ടി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഒറ്റയടിക്ക് ഒലിച്ചുപോയത് കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ദീർഘകാലം അസുഖവും മറ്റുമായി മണ്ഡലത്തിനിൽ നിന്ന് ഷാനവാസ് വിട്ടുനിന്നതിന്റെ ഭാഗമായി വന്ന പ്രശ്‌നങ്ങളും മുസ്ലിംലീഗുമായി അദ്ദേഹത്തിനുണ്ടായിരുന്ന അസ്വാരസ്യങ്ങളുമാണ് ഭൂരിപക്ഷം കുറക്കാൻ ഇടയാക്കിയതായി യുഡിഎഫ് കേന്ദ്രങ്ങൾ തന്നെ പിന്നീട് വിലയിരുത്തിയത്.

  • (ഇന്ന് പുറത്തുവിട്ട ഉത്തരമലബാറിലെ സർവേ ഫലം കൂടാതെ നാളെ മുതൽ തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മറ്റ് 15 ലോക്‌സഭാ മണ്ഡലങ്ങളിലെയും സർവേഫലം പ്രസിദ്ധീകരിക്കുന്നതാണ്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP