Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്ത് ത്രിശങ്കു; ഫോട്ടോ ഫിനിഷിൽ ശശി തരൂർ; ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ വെറും ഒരു ശതമാനം വോട്ടിന് കുമ്മനം രണ്ടാമത്; ഇടതു സ്ഥാനാർത്ഥി ദിവാകരൻ മൂന്നാം സ്ഥാനത്ത്; പത്തനംതിട്ടയിൽ ആന്റോ തന്നെ; കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; മാവേലിക്കരയിൽ ചിറ്റയം അട്ടിമറി വിജയം നേടും; കൊല്ലം പ്രേമചന്ദ്രനും ആറ്റിങ്ങൽ സമ്പത്തും നിലനിർത്തും; മറുനാടൻ സർവേയിലെ മുഴവൻ ഫലപ്രഖ്യാപനം പൂർത്തിയാവുമ്പോൾ പ്രകടമാവുന്നത് യുഡിഎഫ് തരംഗം; അവസാനകക്ഷി നില യുഡിഎഫ്-14, എൽഡിഎഫ്-6

തിരുവനന്തപുരത്ത് ത്രിശങ്കു; ഫോട്ടോ ഫിനിഷിൽ ശശി തരൂർ; ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ വെറും ഒരു ശതമാനം വോട്ടിന് കുമ്മനം രണ്ടാമത്; ഇടതു സ്ഥാനാർത്ഥി ദിവാകരൻ മൂന്നാം സ്ഥാനത്ത്; പത്തനംതിട്ടയിൽ ആന്റോ തന്നെ; കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; മാവേലിക്കരയിൽ ചിറ്റയം അട്ടിമറി വിജയം നേടും; കൊല്ലം പ്രേമചന്ദ്രനും ആറ്റിങ്ങൽ സമ്പത്തും നിലനിർത്തും; മറുനാടൻ സർവേയിലെ മുഴവൻ ഫലപ്രഖ്യാപനം പൂർത്തിയാവുമ്പോൾ പ്രകടമാവുന്നത് യുഡിഎഫ് തരംഗം; അവസാനകക്ഷി നില യുഡിഎഫ്-14, എൽഡിഎഫ്-6

ടീം മറുനാടൻ

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയുടെ അവസാനഘട്ടം ഫലം പുറത്തുവിടുമ്പോൾ, പ്രകടമാവുന്നത് യുഡിഎഫ് തരംഗം. യുഡിഎഫ് 14 സീറ്റുകളിൽ മുന്നിട്ടു നിൽക്കുമ്പോൾ വെറും 6 സീറ്റുകളിലാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. മറുനാടൻ സർവേഫലത്തിലെ നാലാംഘട്ടം പുറത്തുവിടുമ്പോൾ അവസാന അഞ്ചു സീറ്റുകളിൽ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫിനുമാണ് മുൻതൂക്കം. 

തിരുവനന്തപുരത്ത് ശക്തമായ പ്രകടനം കാഴ്ചവെക്കുന്ന ബിജെപി വെറും ഒറ്റ ശതമാനം വോട്ടിന് മാത്രമാണ് പിന്നിട്ട് നിൽക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂരിന് 33 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ, 32 ശതമാനം വോട്ടുമായി തൊട്ടുപിറകിൽ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനുമുണ്ട്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന ഇടതു സ്ഥാനാർത്ഥി സി ദിവാകരന് 29 ശതമാനം വോട്ടുകളാണ് കിട്ടുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, തിരുവനന്തപുരത്ത്് നോട്ടയും മറ്റുള്ളവർക്കും ചേർന്ന് ആറ്  ശതമാനം വോട്ടുകൾ കിട്ടുന്നുണ്ട് എന്നതാണ്. ഈ വോട്ടുകൾ രണ്ടു ശതമാനം മറിഞ്ഞാൽ തിരുവനന്തപുരത്തെ ഫലം മാറിമറിയും. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളിലെ പ്രചാരണത്തിന്റെ ഗതി അനുസരിച്ചായിരിക്കും അനന്തപുരിയുടെ അന്തിമ ഫലമെന്ന് വ്യക്തമാണ്.

അതുപോലെ ത്രികോണ മൽസരം നടക്കുന്ന പത്തനംതിട്ടയിൽ യുഡിഎഫിലെ ആന്റോ ആന്റണിയാണ് മുന്നിട്ട് നിൽക്കുന്നത്. ഇവിടെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാംസ്ഥാനത്താണ്. ആന്ററോ 38 ശതമാനം, വീണാജോർജ് 31, കെ സുരേന്ദ്രൻ 28 എന്നിങ്ങനെയാണ് പത്തനംതിട്ടയിലെ വോട്ടുവിഹിതം.

പക്ഷേ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒരു അട്ടിമറിയുടെ സൂചന മാവേലിക്കരയിൽ നിന്നാണ് ലഭിക്കുന്നത്. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ, സിറ്റിങ്ങ് എംപി യുഡിഎഫിലെ കൊടിക്കുന്നിൽ സുരേഷിനേക്കാൾ 2 ശതമാനം വോട്ടിന് മുന്നിലാണ്. കൊല്ലം, ആറ്റിങ്ങൽ എന്നീ സിറ്റിങ്ങ് സീറ്റുകൾ യുഡിഎഫും, എൽഡിഎഫും നിലനിർത്തുകയാണ്. കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ്ങ് എം പിയുമായ എൻ.കെ പ്രേമചന്ദ്രന് അഞ്ചു ശതമാനം വോട്ടിന്റെ സുരക്ഷിതമായ ലീഡ് ഉണ്ട്. ആറ്റിങ്ങലിൽ 4 ശതമാനം വോട്ടിനാണ് സിറ്റിങ്ങ് എം പിയും ഇടതുസ്ഥാനാർത്ഥിയുമായ എ സമ്പത്തിന്റെ ലീഡ്. ഇവിടെ 22 ശതമാനം വോട്ട് പിടിക്കുന്ന ബിജെപി സ്ഥാനാർത്ഥി ശോഭാ സുര്രേന്ദനും മികച്ച പോരാട്ടമാണ് കാഴ്ചവെക്കുന്നത്.

മറുനാടൻ സർവേപ്രകാരമുള്ള അവസാന ചിത്രം ഇങ്ങനെയാണ്:

യുഡിഎഫ്- വയനാട്, കണ്ണൂർ, വടകര, മലപ്പുറം, പൊന്നാനി, തൃശൂർ, ആലത്തുർ, ചാലക്കുടി, എറണാംകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം

എൽഡിഎഫ്- കാസർകോട്, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, മാവേലിക്കര, ആറ്റിങ്ങൽ

നാലിടത്ത് ഫാട്ടോ ഫിനീഷ്

അതേസമയം വടകര, ആലത്തൂർ, തൃശൂർ, തിരുവനന്തപുരം എന്നീ നാലുസീറ്റുകളിൽ ശരിക്കും ഫോട്ടോ ഫിനീഷാണ് വന്നിരിക്കുന്നത്. ഇവിടെ കേവലം ഒരു ശതമാനം വോട്ടാണ് മുന്നണികൾ തമ്മിലുള്ള വ്യത്യാസം. അതുകൊണ്ടുതന്നെ ഇവിടെ ജയം ഉറപ്പിക്കാൻ കഴിയില്ല. ഈ നാലുസീറ്റുകളിലും സർവേ പ്രകാരം മുന്നിട്ടുനിൽക്കുന്നത് യുഡിഎഫ് ആണ്. തിരുവനന്തപുരത്ത് ഒഴികെ മറ്റെല്ലായിടത്തും ഇടതുമുന്നണിയാണ് രണ്ടാം സ്ഥാനത്തും. അതുപോലെ തന്നെ ഇടതുമുന്നണിക്ക് ജയസാധ്യത കൽപ്പിക്കുന്ന കാസർകോട്ടും, കോഴിക്കോട്ടും, മാവേലിക്കരയിലും അവരുടെ മാർജിന് വെറും രണ്ടു ശതമാനം മാത്രമാണ്.യുഡിഎഫിന് മുൻതൂക്കം പ്രവചിക്കുന്ന ചാലക്കുടിയിലും മാർജിൻ രണ്ടു ശതമാനം തന്നെയാണ്. അതുകൊണ്ടുതന്നെ ഫലത്തിൽ ഈ മണ്ഡലങ്ങളും കൈയാലപ്പുറത്താണെന്ന് പറയേണ്ടി വരും.

സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് നടന്ന മറുനാടൻ മലയാളിയുടെ ഒന്നാംഘട്ട സർവേയിൽ യുഡിഎഫിന് 11 സീറ്റുകളും എൽഡിഎഫിന് 9 സീറ്റുകളുമാണ് കണ്ടിരുന്നത്. ഇപ്പോൾ കണ്ണൂർ, വടകര, തൃശൂർ, ആലത്തുർ, കൊല്ലം സീറ്റുകൾ എൽഡിഎഫിന് നഷ്ടമാവുമ്പോൾ, ആലപ്പുഴ, മാവേലിക്കര എന്നീ രണ്ട് സീറ്റുകൾ പുതുതായി ലഭിക്കയാണ്.

പത്തനംതിട്ട: സുരേന്ദ്രൻ വോട്ടുയർത്തുമ്പോഴും മുൻതൂക്കം യുഡിഎഫിന്

യുഡിഎഫ്- 38

എൽഡിഎഫ്- 31

എൻഡിഎ- 28

മറ്റുള്ളവർ, നോട്ട- 3

ശബരിമല സമരത്തിനു ശേഷമുള്ള പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ പോരാട്ടം കനക്കുമ്പോഴും മുൻതൂക്കം യുഡിഎഫിന്. മറുനാടൻ മലയാളിയുടെ രണ്ടാംഘട്ട സർവേ പ്രകാരം യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി, എൽഡിഎഫിലെ വീണാ ജോർജിനേക്കാൾ എഴു ശതമാനം വോട്ടിന്റെ സുരക്ഷിത ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്. ആന്റോക്ക് 38 ശതമാനം വോട്ടുകിട്ടുമ്പോൾ, വീണക്ക് 31 ശതമാനം വോട്ടുകളാണ് കിട്ടുന്നത്. പത്തനംതിട്ടയിൽ വൻ പ്രചാരണവുമായി മുന്നേറുന്ന എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ 28 ശതമാനം വോട്ടുകൾ നേടുന്നുണ്ട്്. മൂന്നാം സ്ഥാനത്താണെങ്കിലും പത്തനംതിട്ടയിൽ ഒരു ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടിയ ഏറ്റവും വലിയ വോട്ടു വിഹിതമാണ് ഇത്.

മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിലും പത്തനംതിട്ടയിൽ യുഡിഎഫിന് തന്നെയായിരുന്നു മുൻതൂക്കം. പക്ഷേ യുഡിഎഫിനും എൽഡിഎഫിനും ഇവിടെ ഗണ്യമായി വോട്ടുകുറയുകയും എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ കയറിവരികയും ചെയ്യുന്ന കാഴ്ചയാണ് രണ്ടാംഘട്ടത്തിൽ കാണാനായത്. ഒന്നാംഘട്ടത്തിൽ 40 ശതമാനമുള്ള യുഡിഎഫ് വോട്ടുകൾ, രണ്ടാംഘട്ടത്തിൽ 36 ശതമാനമായി കുറയുകയാണ്. 36 ശതമാനമുള്ള ഇടതുമുന്നണിയുടെ വോട്ടുകൾ അഞ്ചു ശതമാനം കുറഞ്ഞ് 31ലും എത്തി. എന്നാൽ എൻഡിഎയുടെ വോട്ട് സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനുശേഷം 12 ശതമാനം കുതിച്ച് ഉയർന്ന് 28ൽ എത്തിനിൽക്കയാണ്. ശബരിമല നിലനിൽക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ വിശ്വാസികളുടെ വോട്ട് ബിജെപിയെ തുണക്കുന്നു എന്ന വ്യക്തമായ സൂചനയും സർവേ ഫലങ്ങൾ നൽകുന്നു.

ഒരു പരമ്പരാഗത യുഡിഎഫ് മണ്ഡലമായ പത്തനംതിട്ടയിൽ കഴിഞ്ഞ തവണ കോൺഗ്രസ് നേതാവ് ആന്റോ ആന്റണി 50000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ്് സ്വതന്ത്രനായ ഫീലിപ്പോസ് തോമസിനെ തോൽപ്പിച്ചത്. ബിജെപി നേതാവ് എംടി രമേശ് ഒരു ലക്ഷത്തി മുപ്പത്തിഎട്ടായിരത്തോളം വോട്ടുകൾ പിടിച്ച് സകലരെയും ഞെട്ടിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. ഇത്തവണ തങ്ങൾ അതിലും അത്ഭുദം കാട്ടുമെന്നാണ് ബിജെപി അവകാശ വാദം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പത്തനംതിട്ട ലോകസഭാ നിയോജകമണ്ഡലം. പിസി ജോർജിന്റെ ജനപക്ഷത്തിന്റെ പിന്തുണയും സുരേന്ദ്രന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു.

മാവേലിക്കരയിൽ അട്ടിമറി സൂചന; ചിറ്റയം മുന്നിൽ

എൽഡിഎഫ്- 41

യുഡിഎഫ്- 39

എൻഡിഎ- 13

മറ്റുള്ളവർ/ നോട്ട-7

ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ അട്ടിമറി നടക്കുന്നത് മാവേലിക്കര മണ്ഡലത്തിലാകുമോ? മറുനാടൻ സർവേയിൽ ലഭിച്ച സൂചകങ്ങൾ പ്രകാരം അവിടെ എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ 2 ശതമാനം വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ്ങ് എം പിയുമായ കൊടിക്കുന്നിൽ സുരേഷിനേക്കാൾ മുന്നിലാണ്. എൽഡിഎഫിന് ഇവിടെ 41 ശതമാനം വോട്ടുവിഹിതം കാണുമ്പോൾ, യുഡിഎഫിന് 39 ശതമാനവും എൻഡിഎക്ക് 13മാണ് ലഭിക്കുന്നത്. പക്ഷേ അപ്പോഴും ഇവിടെ മറ്റുള്ളവർക്കും നോട്ടക്കുമായി 7 ശതമാനത്തോളം വോട്ടുകൾ ലഭിക്കുന്നുണ്ട്. അന്തിമഘട്ടത്തിൽ ഈ വോട്ടുകൾ ഏത് മുന്നണി സ്ഥാനാർത്ഥി സ്വാധീനിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും മാവേലിക്കരയിലെ അന്തിമ ഫലം.

ഒരു മാസം മുമ്പ് മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിൽ യുഡിഎഫിന് വലിയ മുൻതൂക്കം ഉണ്ടാവുമെന്നാണ് കണ്ടിരുന്നത്. ഐക്യമുന്നണിക്ക് 46 ശതമാനം വോട്ടുകിട്ടുമ്പോൾ ഇടതുമുന്നണിക്ക് 39 ശതമാനം വോട്ടുകളാണ് പ്രവചിക്കപ്പെട്ടത്. എന്നാൽ യുഡിഎഫ് വോട്ട് 46ൽനിന്ന് 39ലേക്ക് കുറയുമ്പോൾ എൽഡിഎഫ് വോട്ട് 39ൽ നിന്ന് 41ൽ എത്തുകയാണ് ചെയ്തത്. 10 ശതമാനം വോട്ടു മാത്രമുണ്ടായിരുന്നു എൻഡിഎയും അത് 13ൽ എത്തിച്ചിട്ടുണ്ട്. ചിറ്റയം ഗോപകുമാർ എന്ന മികച്ച സ്ഥാനാർത്ഥിയുടെ വരവും, കൊടിക്കുന്നിലിനോട് പാർട്ടിയിലെ ഒരു വിഭാഗത്തിനുള്ള നീരസവും, ബാലകൃഷ്ണപ്പിള്ളയുടെയും കെ ബി ഗണേശ്‌കുമാറും നൽകുന്ന ഉറച്ച പിന്തുണയുമൊക്കെ ഇവിടെ എൽഡിഎഫിന് ഗുണം ചെയ്യുന്നുണ്ട്.

കഴിഞ്ഞ തവണ കൊടിക്കുന്നിൽ സുരേഷ് 32,000 ത്തോളം വോട്ടുകൾക്കാണ് സിപിഐയിലെ ചെങ്ങറ സുരേന്ദ്രനെ തോൽപ്പിച്ചത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് മാവേലിക്കര ലോകസഭാ നിയോജക മണ്ഡലത്തിൽ ഇടതു - വലതുമുന്നികൾക്ക് പൊതുവേ തുല്യശക്തിയാണുള്ളത്.

കൊല്ലം: വീണ്ടും എൻ കെ പ്രേമചന്ദ്രൻ

യുഡിഎഫ്- 46

എൽഡിഎഫ്- 41

എൻഡിഎ- 10

മറ്റുള്ളവർ/ നോട്ട-3

മാവേലിക്കരയിൽ കണ്ടതുപോലുള്ള ഒരു വോട്ട് ഷിഫ്്റ്റാണ് കൊല്ലത്തും മറുനാടൻ മലയാളിയുടെ ഒന്നും രണ്ടും സർവേകളിൽ കാണുന്നത്. കൊല്ലത്തിന്റെ ഒന്നാംഘട്ട സർവേയിൽ ഭൂരിപക്ഷം എൽഡിഎഫിന് ആയിരുന്നെങ്കിൽ രണ്ടാംഘട്ട സർവേയിൽ അത് യുഡിഎഫിനായി മാറി. ഒന്നാംഘട്ടസർവേയിൽ എൽഡിഎഫിന് ഉണ്ടായിരുന്ന 45 ശതമാനം വോട്ട് രണ്ടാംഘട്ടത്തിൽ 41ലേക്ക് കുറയുമ്പോൾ, യുഡിഎഫിന്റെ വോട്ട് 41ൽ നിന്ന് 46ലേക്ക് കയറുകയാണ്. നിലവിൽ അഞ്ചു ശതമാനം വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന്, തൊട്ടടുത്ത എതിരാളി എൽഡിഎഫിലെ കെഎൻ ബാലഗോപാലിനേക്കാൾ ഉള്ളത്. എൻഡിഎക്ക് ഇവിടെ പത്തു ശതമാനമാണ് വോട്ടുവിഹിതം.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിൽക്കുമ്പോളും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ കൈവിടുന്ന ചാഞ്ചാട്ടമുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കൊല്ലം. എൻ കെ പ്രേമചന്ദ്രൻ എന്ന സ്ഥാനാർത്ഥിയുടെ ക്ലീൻഇമേജ് ഇവിടെ യുഡിഎഫിനെ നന്നായി തുണക്കുന്നുണ്ട്. പ്രേമചന്ദ്രന്റെ പ്രകടനത്തിൽ മണ്ഡലത്തിലെ ഭൂരിഭാഗം പേരും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ എം കെ പ്രേമചന്ദ്രൻ, 37000 ത്തോളം വോട്ടിന് മുതിർന്ന നേതാവ് എം എ ബേബിയെ തോൽപ്പിച്ചത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. ഇത്തവണയും ഈ ഫലം ആവർത്തിക്കാനുള്ള സാധ്യതയാണ് സർവേയിൽ തെളിയുന്നത്.

കൊല്ലം ജില്ലയിലെ ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതിന് വൻ ഭൂരിപക്ഷം നൽകുന്നതാണ്. കക്ഷി ബന്ധങ്ങൾ എൽഡിഎഫിന് ഗുണം ചെയ്യുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലായിരുന്നു കേരളാ കോൺഗ്രസ് ബിയും ആർഎസ്‌പിയുടെ ഒരു വിഭാഗവുമൊക്കെ ഇപ്പോൾ എൽഡിഎഫിന്റെ കൂടെയാണ്. പക്ഷേ പൊതുരാഷ്ട്രീയ സാഹചര്യവും പ്രേമചന്ദ്രൻ പ്രഭാവവുമാണ് യുഡിഎഫിന് കരുത്താകുന്നത്.

ആറ്റിങ്ങൽ: കോട്ട കാത്ത് സമ്പത്ത്

എൽഡിഎഫ്- 39

യുഡിഎഫ്- 35

എൻഡിഎ- 22

മറ്റുള്ളവർ/ നോട്ട-4

സംസ്ഥാനത്തു തന്നെ ഇടതുപക്ഷം ഏറ്റവും പ്രതീക്ഷ വെച്ച് പുലർത്തുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. സിറ്റിങ്ങ് എം പി എ സമ്പത്തിന് ഒരു ടേം കൂടി നൽകാൻ സിപിഎം തീരുമാനിച്ചത് അദ്ദേഹത്തിന്റെ ജനകീയത മുൻനിർത്തി തന്നെയായിരുന്നു. ആ പ്രതീക്ഷ സമ്പത്ത് നിലനിർത്തുന്നുവെന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള സൂചകങ്ങളാണ് സർവേയിലും കാണുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി സമ്പത്തിന് 39 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന് 35 ശതമാനമാണ് വോട്ട് ലഭിക്കുന്നത്. പക്ഷേ സകലരെയും ഞെട്ടിച്ചുകൊണ്ട് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവിടെ 22 ശതമാനം വോട്ടു നേടുമെന്ന് സർവേ സൂചിപ്പിക്കുന്നു. ബിജെപി പിടിക്കുന്ന വോട്ടുകൾ എൽഡിഎഫിനെയും യുഡിഎഫിനെയും ഒരു പോലെ ബാധിക്കുന്നുണ്ട്. ഒന്നാംഘട്ട സർവേയിലെ എൻഡിഎയുടെ 17 ശതമാനം 22 ആയി ഉയർന്നപ്പോൾ, എൽഡിഎഫ് വോട്ട് 40ൽനിന്ന് 39ലേക്കും യുഡിഎഫ് വോട്ട് 36ൽ നിന്ന് 35ലേക്കും കുറയുകയാണ്. ശബരിമല സമരം ബിജെപിക്ക് ഗുണം ചെയ്തുവെന്ന് തന്നെയാണ് ആറ്റിങ്ങലിലെ സർവേ സൂചകങ്ങൾ വ്യക്താമാക്കുന്നത്.

2014ൽ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ 69378 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർത്ഥി എ സമ്പത്ത് പരാജയപ്പെടുത്തിയത്. 1996ൽ പഴയ ചിറയൻകീഴ് മണ്ഡലത്തിൽ നിന്നും കോൺഗ്രസിന്റെ തലേക്കുന്നിൽ ബഷീറിനെ തോൽപ്പിച്ചാണ് സമ്പത്ത് ആദ്യമായി ലോക്സഭയിലെത്തിയത്. ആറ്റിങ്ങൽ എന്ന് പേര് മാറിയ മണ്ഡലത്തിൽ നിന്ന് 2009ലും സമ്പത്ത് വിജയിച്ചു. മികച്ച പാർലിമെന്റേറിയൻ എന്ന നിലയിലും സമ്പത്ത് തിളങ്ങിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ആറ്റിങ്ങൽ ലോകസഭാ നിയോജക മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതിന് അനുകൂലമാണ്.

അനന്തപുരിയിലും ഫോട്ടോഫിനീഷ്; തരൂർ മുന്നിൽ

യുഡിഎഫ്- 33

എൻഡിഎ- 32

എൽഡിഎഫ്- 29

മറുള്ളവർ/നോട്ട- 6

സംസ്ഥാനത്ത് വാശിയേറിയ ത്രികോണ മൽസരം നടക്കുന്ന തിരുവനന്തപുരത്ത് ഫോട്ടോ ഫിനീഷിൽ ലീഡ് ചെയ്യുന്നത് യുഡിഎഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂർ. ശക്തമായ പ്രകടനം കാഴ്ചവെക്കുന്ന ബിജെപി വെറും ഒറ്റ ശതമാനം വോട്ടിന് മാത്രമാണ്, പിന്നിട്ട് നിൽക്കുന്നത്. തരൂരിന് 33 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ, 32 ശതമാനം വോട്ടുമായി തൊട്ടുപിറകിൽ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനുമുണ്ട്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന ഇടതു സ്ഥാനാർത്ഥി സി ദിവാകരന് 29 ശതമാനം വോട്ടുകളാണ് കിട്ടുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, തിരുവനന്തപുരത്ത്  നോട്ടയും മറ്റുള്ളവർക്കും ചേർന്ന് ആറ്് ശതമാനം വോട്ടുകൾ കിട്ടുന്നുണ്ട് എന്നതാണ്. ഈ വോട്ടുകൾ രണ്ടു ശതമാനം മറിഞ്ഞാൽ തിരുവനന്തപുരത്തെ ഫലം മാറിമറിയും. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളിലെ പ്രചാരണത്തിന്റെ ഗതി അനുസരിച്ചായിരിക്കും അനന്തപുരിയുടെ അന്തിമ ഫലമെന്ന് വ്യക്തമാണ്.

മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിലും യുഡിഎഫിന് തന്നെയായിരുന്നു മുൻതൂക്കം. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് നടന്ന ആ സർവേയിൽ യുഡിഎഫും എൽഡിഎഫും തമ്മിലായിരുന്നു മൽസരം. എന്നാൽ, കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയായി വന്നതോടെ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ്. ആദ്യഘട്ടത്തിൽ യുഡിഎഫിന് 33 ശതമാനം വോട്ടുകളും, എൽഡിഎഫിന് 31 ശതമാനവും, എൻഡിഎക്ക് 30 ശതമാനവും ആയിരുന്നു വോട്ടു വിഹിതം. എന്നാൽ രണ്ടാംഘട്ടത്തിൽ യുഡിഎഫ് അതേവോട്ട് നിലനിർത്തുമ്പോൾ, എൽഡിഎഫ് വോട്ട് 31ൽ നിന്ന് 29ലേക്ക് കുറയുകയാണ്. എൻഡിഎയുടെ വോട്ട് ആകട്ടെ 30ൽനിന്ന് 32ൽ എത്തുകയും ചെയ്തു. അതായത് തിരുവനന്തപുരത്ത് ബിജെപി പിടിക്കുന്നത് എൽഡിഎഫിന്റെ കൂടി വോട്ടുകളാണെന്ന് വ്യക്തം. ശബരിമല സമരവും കുമ്മനത്തിന്റെ വ്യക്തിപ്രഭാവവും എങ്ങനെ വോട്ടർമാരെ സ്വാധീനിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അനന്തപുരിയുടെ അന്തിമ ചിത്രം.

കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ, പതിനയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയിലെ ഒ രാജഗോപാലിനെ തോൽപ്പിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി എൽഡിഎഫിനേക്കാൾ മുപ്പത്തിനാലായിരം വോട്ടാണ് കൂടുതൽ നേടിയത്. എന്നാൽ ഇത്തവണ സമാനമായ സാഹചര്യമാണ് വരുന്നതെന്നാണ് സർവേ സൂചകങ്ങൾ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP