Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഞ്ഞുപിടിച്ചാൽ അനന്തപുരിയിൽ താമര വിരിയും; കുമ്മനം പിന്നിട്ടു നിൽക്കുന്നത് ഒറ്റ ശതമാനം വോട്ടിന്; വോട്ടുകൾ ഇരട്ടിയാക്കി കെ സുര്രേന്ദൻ കയറി വരുന്നു; ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും തൃശൂരിൽ സുരേഷ് ഗോപിയും വോട്ടുയർത്തുന്നു; കാസർകോട്ടും പാലക്കാട്ടും ശക്തമായി പൊരുതുന്നു; ശബരിമല ഇഫക്ടിൽ എല്ലായിടത്തും വോട്ട് കൂടുന്നെങ്കിലും വിജയസാധ്യത തിരുവനന്തപുരത്തു മാത്രം; മറുനാടൻ സർവേയിലെ എൻഡിഎയുടെ സാധ്യതകൾ ഇങ്ങനെ

ആഞ്ഞുപിടിച്ചാൽ അനന്തപുരിയിൽ താമര വിരിയും; കുമ്മനം പിന്നിട്ടു നിൽക്കുന്നത് ഒറ്റ ശതമാനം വോട്ടിന്; വോട്ടുകൾ ഇരട്ടിയാക്കി കെ സുര്രേന്ദൻ കയറി വരുന്നു; ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും തൃശൂരിൽ സുരേഷ് ഗോപിയും വോട്ടുയർത്തുന്നു; കാസർകോട്ടും പാലക്കാട്ടും ശക്തമായി പൊരുതുന്നു; ശബരിമല ഇഫക്ടിൽ എല്ലായിടത്തും വോട്ട് കൂടുന്നെങ്കിലും വിജയസാധ്യത തിരുവനന്തപുരത്തു മാത്രം; മറുനാടൻ സർവേയിലെ എൻഡിഎയുടെ സാധ്യതകൾ ഇങ്ങനെ

ടീം മറുനാടൻ

തിരുവനന്തപുരം: ശബരിമല സമരത്തിന്റെയൊക്കെ അലയൊലികളുമായി തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപി ഇത്തവണ ഒരു സീറ്റെങ്കിലും പിടിക്കുമോ? മറുനാടൻ മലയാളിലും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായ നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിൽ എല്ലായിടത്തും എൻഡിഎക്ക് വോട്ടുകൂടുന്നുണ്ടെങ്കിലും അത് വിജയിക്കുന്ന രീതിയിലേക്ക് മാറുന്നത് തിരുവനന്തപുരത്ത് മാത്രമാണ്. അതേസമയം പത്തനംതിട്ടയിൽ മറുനാടൻ ഒന്നാംഘട്ട സർവേയിൽ കണ്ടതിൽനിന്ന് വോട്ടുകൾ ഇരട്ടിയാക്കിക്കൊണ്ട് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ കയറി വരുന്നുണ്ട്. ആറ്റിങ്ങലിൽ ശോഭസുരേന്ദ്രനും, തൃശൂരിൽ സുരേഷ് ഗോപിയും, പാലക്കാട്ട് കൃഷണകുമാറും, കാസർകോട്ട് രവീശ തന്ത്രിയും വോട്ടുയർത്തുന്നുണ്ടെങ്കിലും അവയൊന്നും വിജയത്തിനടുത്ത് എത്തുന്നില്ല. തിരുവനന്തപുരം ഒഴികെ ഒരിടത്തും മറുനാടൻ സർവേ പ്രകാരം എൻഡിഎ രണ്ടാംസ്ഥാനത്ത് എത്തുന്നില്ല.

തിരുവനന്തപുരത്ത് ശക്തമായ പ്രകടനം കാഴ്ചവെക്കുന്ന ബിജെപി വെറും ഒറ്റ ശതമാനം വോട്ടിന് മാത്രമാണ്, പിന്നിട്ട് നിൽക്കുന്നത്. തരൂരിന് 33 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ, 32 ശതമാനം വോട്ടുമായി തൊട്ടുപിറകിൽ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനുമുണ്ട്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന ഇടതു സ്ഥാനാർത്ഥി സി ദിവാകരന് 29 ശതമാനം വോട്ടുകളാണ് കിട്ടുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, തിരുവനന്തപുരത്ത്് നോട്ടയും മറ്റുള്ളവർക്കും ചേർന്ന് ആറ് ശതമാനം വോട്ടുകൾ കിട്ടുന്നുണ്ട് എന്നതാണ്. ഈ വോട്ടുകൾ രണ്ടു ശതമാനം മറിഞ്ഞാൽ തിരുവനന്തപുരത്തെ ഫലം മാറിമറിയും. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളിലെ പ്രചാരണത്തിന്റെ ഗതി അനുസരിച്ചായിരിക്കും അനന്തപുരിയുടെ അന്തിമ ഫലമെന്ന് വ്യക്തമാണ്.

മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിലും യുഡിഎഫിന് തന്നെയായിരുന്നു മുൻതൂക്കം. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് നടന്ന ആ സർവേയിൽ യുഡിഎഫും എൽഡിഎഫും തമ്മിലായിരുന്നു മൽസരം. എന്നാൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയായി വന്നതോടെ എൽഡിഎഫ്് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ്. ആദ്യഘട്ടത്തിൽ യുഡിഎഫിന് 33 ശതമാനം വോട്ടുകളും, എൽഡിഎഫിന് 31 ശതമാനവും, എൻഡിഎക്ക് 30 ശതമാനവും ആയിരുന്നു വോട്ടു വിഹിതം. എന്നാൽ രണ്ടാംഘട്ടത്തിൽ യുഡിഎഫ് അതേവോട്ട് നിലനിർത്തുമ്പോൾ, എൽഡിഎഫ് വോട്ട് 31ൽ നിന്ന് 29ലേക്ക് കുറയുകയാണ്. എൻഡിഎയുടെ വോട്ട് ആകട്ടെ 30ൽനിന്ന് 32ൽ എത്തുകയും ചെയ്തു. അതായത് തിരുവനന്തപുരത്ത് ബിജെപി പിടിക്കുന്നത് എൽഡിഎഫിന്റെ കൂടി വോട്ടുകളാണെന്ന് വ്യക്തം. ശബരിമല സമരവും കുമ്മനത്തിന്റെ വ്യക്തിപ്രഭാവവും എങ്ങനെ വോട്ടർമാരെ സ്വാധീനിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അനന്തപുരിയുടെ അന്തിമ ചിത്രം.

പത്തനംതിട്ടയിൽ വൻ പ്രചാരണവുമായി മുന്നേറുന്ന എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ 28 ശതമാനം വോട്ടുകൾ നേടുന്നുണ്ട്. മൂന്നാം സ്ഥാനത്താണെങ്കിലും പത്തനംതിട്ടയിൽ ഒരു ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടിയ ഏറ്റവും വലിയ വോട്ടു വിഹിതമാണ് ഇത്. മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിലും പത്തനംതിട്ടയിൽ യുഡിഎഫിന് തന്നെയായിരുന്നു മുൻതൂക്കം. പക്ഷേ യുഡിഎഫിനും എൽഡിഎഫിനും ഇവിടെ ഗണ്യമായി വോട്ടുകുറയുകയും എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ കയറിവരികയും ചെയ്യുന്ന കാഴ്ചയാണ് രണ്ടാംഘട്ടത്തിൽ കാണാനായത്. ഒന്നാംഘട്ടത്തിൽ 40 ശതമാനമുള്ള യുഡിഎഫ് വോട്ടുകൾ, രണ്ടാംഘട്ടത്തിൽ 36 ശതമാനമായി കുറയുകയാണ്. 36 ശതമാനമുള്ള ഇടതുമുന്നണിയുടെ വോട്ടുകൾ അഞ്ചു ശതമാനം കുറഞ്ഞ് 31ലും എത്തി. എന്നാൽ എൻഡിഎയുടെ വോട്ട് സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനു ശേഷം 12 ശതമാനം കുതിച്ച് ഉയർന്ന് 28ൽ എത്തിനിൽക്കയാണ്. ശബരിമല നിലനിൽക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ വിശ്വാസികളുടെ വോട്ട് ബിജെപിയെ തുണക്കുന്നു എന്ന വ്യക്തമായ സൂചനയും സർവേ ഫലങ്ങൾ നൽകുന്നു. പിസി ജോർജിന്റെ ജനപക്ഷം എൻഡിഎയിൽ ചേർന്നതും സുരേന്ദ്രന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു.



ആറ്റിങ്ങലിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രനും വോട്ടുവിഹിതം വൻതോതിൽ ഉയർത്തുന്നുണ്ട്. ശോഭാ സുര്രേന്ദൻ ഇവിടെ 22 ശതമാനം വോട്ടു നേടുമെന്ന് സർവേ സൂചിപ്പിക്കുന്നു. ബിജെപി പിടിക്കുന്ന വോട്ടുകൾ എൽഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ ബാധിക്കുന്നുണ്ട്. ഒന്നാംഘട്ട സർവേയിലെ എൻഡിഎയുടെ 17 ശതമാനം 22 ആയി ഉയർന്നപ്പോൾ, എൽഡിഎഫ് വോട്ട് 40ൽനിന്ന് 39ലേക്കും യുഡിഎഫ് വോട്ട് 36ൽ നിന്ന് 35ലേക്കും കുറയുകയാണ്. ശബരിമല സമരം ബിജെപിക്ക് ഗുണം ചെയ്തുവെന്ന് തന്നെയാണ് ആറ്റിങ്ങലിലെ സർവേ സൂചകങ്ങൾ വ്യക്തമാക്കുന്നത്.

തൃശൂരിൽ സുരേഷ്് ഗോപി 18 ശതമാനം വോട്ടുകളും, കാസർകോട്ട് രവീശ തന്ത്രി 20 ശതാമാനം വോട്ടുകളും. പാലക്കാട് കൃഷ്ണകുമാർ 18 ശതാമനം നേടിയും കനത്തപോരാട്ടം നടത്തുന്നുണ്ട്്. ഇതിൽ സുരേഷ്ഗോപിയുടെ വോട്ട് ഇതിലും കൂടാനാണ് സാധ്യതയെന്ന് അദ്ദേഹത്തിന്റെ കാമ്പയിനുള്ള ആൾക്കൂട്ടും സൂചിപ്പിക്കുന്നുണ്ട്. വരും ദിനങ്ങളിൽ ദേശീയ നേതാക്കൾകൂടി വരുന്നതോടെ ബിജെപിയുടെ പ്രചാരണം കൊഴുക്കുമെന്നാണ് നേതാക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP