Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഞ്ചേശ്വരവും എറണാകുളവും യുഡിഎഫ് നിലനിർത്തും; ഇത്തവണയും മഞ്ചേശ്വരത്ത് താമര വിരിയാനുള്ള സാധ്യതയില്ല; വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ ജയിച്ച സീറ്റിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി എം സി കമറുദ്ദീന് 6 ശതമാനം വോട്ടിന്റെ വ്യക്തമായ ലീഡ്; എറണാകുളത്ത് ഐക്യമുന്നണിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം; ഇനിയും തീരുമാനമെടുത്തിട്ടില്ലാത്ത 7 ശതമാനം വോട്ടർമാർ ഇവിടെ നിർണ്ണായകം; അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിലെ മറുനാടൻ അഭിപ്രായ സർവേ രണ്ടാംഘട്ടം പുറത്തുവിടുമ്പോൾ യുഡിഎഫ് 2, എൽഡിഎഫ്-1

മഞ്ചേശ്വരവും എറണാകുളവും യുഡിഎഫ് നിലനിർത്തും; ഇത്തവണയും മഞ്ചേശ്വരത്ത് താമര വിരിയാനുള്ള സാധ്യതയില്ല; വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ ജയിച്ച സീറ്റിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി എം സി കമറുദ്ദീന് 6 ശതമാനം വോട്ടിന്റെ വ്യക്തമായ ലീഡ്; എറണാകുളത്ത് ഐക്യമുന്നണിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം; ഇനിയും തീരുമാനമെടുത്തിട്ടില്ലാത്ത 7 ശതമാനം വോട്ടർമാർ ഇവിടെ നിർണ്ണായകം; അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിലെ മറുനാടൻ അഭിപ്രായ സർവേ രണ്ടാംഘട്ടം പുറത്തുവിടുമ്പോൾ യുഡിഎഫ് 2, എൽഡിഎഫ്-1

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വാശിയേറിയ പോരാട്ടം നടക്കുന്ന മഞ്ചേശ്വരം, എറണാകുളം മണ്ഡലങ്ങളിൽ യുഡിഎഫ് സീറ്റ് നിലർത്തുമെന്നതിന്റെ സൂചനയുമായി മറുനാടൻ സർവേ. മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ ഫീൽഡ് സർവേയുടെ ഫലം പുറത്തുവിടുമ്പോൾ, മഞ്ചേശ്വരത്ത് യുഡിഎഫ് 6 ശതമാനം വോട്ടിന് വ്യക്തമായ മുൻതൂക്കമുണ്ട്. എന്നാൽ യുഡിഎഫിന്റെ മറ്റൊരു സിറ്റിങ്ങ് സീറ്റായ ഏറണാകുളത്ത് വെറും 2 ശതമാനം വോട്ടിന്റെ മേൽക്കെ മാത്രമാണ് സർവേയിൽ കാണുന്നത്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിക്കപ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ മറുനാടൻ സർവേയിൽ, വട്ടിയൂർക്കാവിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മൂന്നുശതമാനം വോട്ടിന്റെ മുൻതൂക്കത്തോടെ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് വട്ടിയൂർക്കാവിൽ അട്ടിമറി വിജയം നേടുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. അവശേഷിക്കുന്ന അരൂർ, കോന്നി മണ്ഡലങ്ങളിലെ സർവേഫലം നാളെ രാവിലെ 11 മണിമുതൽ മറുനാടൻ മലയാളിയിലും മറുനാടൻ ടീവിയിലുമായി സംപ്രേഷണം ചെയ്യും.

മഞ്ചേശ്വരത്ത് താമര വിരയാൻ സാധ്യതയില്ല

കഴിഞ്ഞതവണ വെറും 89 സീറ്റുകൾക്ക് കൈവിട്ട മഞ്ചേശ്വരം ഈ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ കൊണ്ടുപിടിച്ച ശ്രമം ഫലം കാണാൻ സാധ്യതയില്ല എന്നതിന്റെ സൂചനകളാണ് മറുനാടൻ മലയാളി സർവേയിൽ തെളിയുന്നത്. ഇവിടെ യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി എം സി കമറുദ്ദീന് 37 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ, എൻഡിഎ സ്്ഥാനാർഥി ബിജെപിയിലെ രവീശ തന്ത്രി കുണ്ടാർ 31 ശതമാനം വോട്ടിന് രണ്ടാമതാണ്. എൽഡിഎഫിലെ സിപിഎം സ്ഥാനാർത്ഥി ശങ്കർ റൈ 30 ശതമാനം വോട്ടിന് തൊട്ടുപിന്നിലാണ്.

മഞ്ചേശ്വരത്തെ സർവേ ഫലം ഇങ്ങനെ:

യുഡിഎഫ്- 37

എൻഡിഎ- 31

എൽഡിഎഫ്- 30

മറ്റുള്ളവർ/ നോട്ട- 2

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോൾ യുഡിഎഫും എൽഡിഎഫും മുന്നോട്ട് പോകുമ്പോൾ ബിജെപിയുടെ വോട്ട് കുറയുകയാണ്. കഴിഞ്ഞ തവണ കെ സുരേന്ദ്രൻ അഴിച്ചുവിട്ടതുപോലുള്ള ശക്തമായ ഒരു പ്രചാരണ കാമ്പയിൻ നടത്താൻ ഇത്തവണ ബിജെപിക്ക് ആയിട്ടില്ല. ബിജെപി സ്ഥാനാർത്ഥിയായ രവീശ തന്ത്രി കുണ്ടാറിനെ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ അസ്വസ്ഥതകൾ ഇപ്പോഴും മാറിയിട്ടില്ലെന്ന് വോട്ടർമാരുടെ പ്രതികരണത്തിൽനിന്ന് വ്യക്തമാണ്. അതുപോലെ തന്നെ എംഎൽഎ പിബി അബ്ദുൾ റസാഖിന്റെ നിര്യാണത്തെ തുടർന്നുണ്ടായ സഹതാപവും തങ്ങൾക്ക് തുണയാവുമെന്നാണ് യുഡിഎഫ് കരുതുന്നത്. കഴിഞ്ഞ തെരഞ്ഞെുടുപ്പിൽ നിന്ന് വ്യത്യസ്തമായി എൽഡിഎഫും ഇവിടെ വോട്ടു വർധിപ്പിക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ആചാരണ സംരക്ഷണത്തിന് ഒപ്പമാണെന്ന് പറഞ്ഞ് പാർട്ടിയെ വെട്ടിലാക്കിയെങ്കിലും ഇടതുസ്ഥാനാർത്ഥി ശങ്കർ റൈക്ക് അതുകൊണ്ട് വോട്ടുകുടുകയാണെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ രാജ് മോഹൻ ഉണ്ണിത്താന് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ലഭിച്ച 11,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കണ്ണും നട്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമിട്ടത്. 1987 മുതൽ 2001 തുടർച്ചയായി മുസ്ലിം ലീഗിലെ ചെർക്കളം അബ്ദുല്ല ജയിച്ച മണ്ഡലം 2006ൽ തിരിച്ചുപിടിച്ച് സിപിഎം യുഡിഎഫിനെ ഞെട്ടിച്ചിരുന്നു. സിപിഎമ്മിലെ സിഎച്ച് കുഞ്ഞമ്പുവാണ്, ചെർക്കളത്തെ മലർത്തിയടിച്ച് അട്ടിമറി വിജയം നേടിയത്. ലീഗിലെ പടലപ്പിണക്കങ്ങളും സംസ്ഥാന വ്യാപകമായി വീശിയടിച്ച ഇടതുതരംഗവും ആയിരുന്നു അന്ന് എൽഡിഎഫിന് തുണയായത്. എന്നാൽ 2011ൽ ന്യൂനപക്ഷ വോട്ടുകൾ വീണ്ടും ലീഗ് ചിഹ്നത്തിൽ എത്തി. 5828 വോട്ടിന് വീണ്ടും അതിർത്തി മണ്ഡലം വലതു പക്ഷത്ത് എത്തി.കഴിഞ്ഞ തവണ കുഞ്ഞമ്പു പിബി അബ്ദുൽ റസാക്കിനും കെ സുരേന്ദ്രനും പിന്നിലായി വീണ്ടും മൂന്നാം സ്ഥാനത്തേക്കു പോവുകയായിരുന്നു. ജയം നേടിയ അബ്ദുൽ റസാക്ക് 56,870 വോട്ടു നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ കെ സുരേന്ദ്രൻ 56,781ഉം കുഞ്ഞമ്പു 42565 വോട്ടും നേടി.

തുടർന്ന് സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രൻ 289 കള്ളവോട്ടുകൾ ചെയ്താണ് അബ്ദുൾ റസാഖ് ജയിച്ചതെന്നും തന്നെ വിജയിയായി പ്രാഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ കേസ് നടക്കവേ കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് അബ്ദുൾ റസാഖ് മരണടഞ്ഞു. അതേ തുടർന്ന് തെരഞ്ഞെടുപ്പ് കേസ് തുടരുന്നുണ്ടോ എന്ന് കോടതി സുരേന്ദ്രനോട് ആരാഞ്ഞിരുന്നു. ആദ്യം തുടരുമെന്നു മറുപടി നൽകിയെങ്കിലും പിന്നീട് കേസുമായി മുന്നോട്ട് പോവുനില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.

എറണാകുളത്ത് യുഡിഎഫ് ഭൂരിപക്ഷം കുറയുന്നു

പരമ്പാരഗത യുഡിഎഫ് മണ്ഡലമായ എറണാകുളത്ത് ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് സർവേയിൽ തെളിയുന്നത്. ഉപതെരഞ്ഞെടുപ്പുകളിൽ പൊതുവെ കാണുന്ന ഭരണകക്ഷിക്ക് അനുകൂല ട്രെൻഡ് നഗരത്തിലെ യുവ വോട്ടർമാരിൽ പ്രകടമാണെന്ന് സർവേയിൽ സൂചനയുണ്ട്. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ വെറും 2 ശതമാനം മാത്രമാണ്. യുഡിഎഫിന് 40 ശതമാനം വോട്ടുകിട്ടുമ്പോൾ, എൽഡിഎഫിന് 38 ശതമാനവുമായി രണ്ടാമതുണ്ട്. മറ്റുള്ളവർക്കും നോട്ടയ്ക്കുമായി ഇവിടെ 7 ശതമാനം വോട്ടുകൾ കാണുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളുടെ കാമ്പയിനിന്റെ ഭാഗമായി ഈ വോട്ടർമാർ എങ്ങോട്ട് തിരിയും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ മണ്ഡലത്തിലെ അന്തിമഫലം.

എറണാകുളത്തെ സർവേ ഫലം ഇങ്ങനെ:

യുഡിഎഫ്- 40

എൽഡിഎഫ്- 38

എൻഡിഎ- 15

മറ്റുള്ളവർ/ നോട്ട-7

ശബരിമല, പാലാരിവട്ടം, മരട് ഈ മൂന്നുവിഷയങ്ങളാണ് പ്രധാനമായും എറണാകുളത്ത് മുന്നണികൾ ചർച്ചയാക്കിയത്. പാലരിവട്ടം കത്തിക്കുന്ന ഇടതുമുന്നണി പക്ഷേ മരട് എടുക്കുന്നില്ല. യുഡിഎഫ് ആകട്ടെ അടുത്തകാലത്തായി പിണറായി സർക്കാറിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളാണ് ചർച്ചയാക്കുന്നത്. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സർവേയുടെ അനുബന്ധ ചോദ്യങ്ങളിൽ വോട്ടർമാർ പ്രതികരിക്കുന്നുണ്ട്. പതിവുപോലെ ശബരിമലയിൽ ഊന്നിയാണ് ബിജെപി പ്രചാരണം. ഇടതുപക്ഷത്തിന്റെ യുവ നേതാവ് മനു റോയി ഊർജസ്വലമായ പ്രചാരണമാണ് ഇവിടെ നടക്കുന്നത്. കൗൺസിലർ കൂടിയായ ടി ജെ വിനോദിന്റെ പ്രാദേശിക ബന്ധങ്ങളും മണ്ഡലത്തിന്റെ പരമ്പരാഗത സ്വഭാവവും തങ്ങൾക്ക് തുണയാവുമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. ജയസാധ്യതയില്ലെങ്കിലും സി ജി രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തോടെ ബിജെപി ക്യാമ്പും ഉണർന്നിട്ടുണ്ട്.

ലത്തീൻ കാത്തലിക് വിഭാഗത്തിന് സ്വാധീനമുള്ള ഈ മണ്ഡലം 1957 മുതൽ കോൺഗ്രസിനോടൊപ്പമാണ്. യുഡിഎഫിനും കോൺഗ്രസിനും എതിരെ വലിയ രാഷ്ട്രീയ വെല്ലുവിളികൾ ഉയർന്നപ്പോൾ മാത്രമാണ് ഇവടെ എൽഡിഎഫിന് വിജയം കാണാനായത്. എന്നാൽ ഇത്തവണ ആഞ്ഞുപിടിച്ചാൽ ഇവിടെ എൽഡിഎഫിനും സാധ്യതുണ്ടെന്നാണ്് സർവേ സൂചകങ്ങൾ വ്യക്തമാക്കുന്നത്. എപ്പോഴും സ്ഥാനാർത്ഥികളുടെ വ്യകതിപരമായ മികവ് അനുസരിച്ച് വോട്ടുചെയ്യുന്ന രീതി കൂടി ഈ മണ്ഡലത്തിനുണ്ട്. ഹൈബി ഈഡനൊക്കെ മൽസരിച്ചപ്പോൾ അക്കാരം പ്രകടമായിരുന്നു. എൽഡിഎഫിന്റെ യുവനേതാവ് മനുറോയിക്കാണ് ഈ ആനുകൂല്യം കിട്ടുകയെന്നും സർവേയുടെ അനുബന്ധചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടിയിൽ പ്രകടമാണ്.

ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഈ മണ്ഡലത്തിൽനിന്ന് ഹൈബി ഈഡന് 31,178 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. 2011ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഹൈബി ഈഡൻ എതിർസ്ഥാനാർത്ഥി ഇടതുപക്ഷത്തെ ഡോ.സെബാസ്റ്റ്യൻ പോളിനെ 31,637 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തറപറ്റിച്ചാണ് തന്റെ കന്നി വിജയം നേടിയത്. ഹൈബി ഈഡന് 59,119 വോട്ട് ലഭിച്ചപ്പോൾ സെബാസ്റ്റ്യൻ പോളിന് 27,482 വോട്ടുകൾ മാത്രമാണ്് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സി ജി രാജഗോപാൽ 6,362 വോട്ട് നേടി. 2016 ലും 21,949 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഹൈബി ഈഡൻ വിജയം ആവർത്തിച്ചു. ഹൈബിക്ക് 57,819 വോട്ടുകൾ ലഭിച്ചപ്പോൾ തൊട്ടടുത്ത എതിരാളി സിപിഎമ്മിലെ എൻ.അനിൽകുമാറിന് 35,870 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി എൻകെ മോഹൻ ദാസിന് 14,878 വോട്ടുകളും ലഭിച്ചു.

സർവേ നടത്തിയത് എങ്ങനെ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും, ലോക്സഭാ തെരഞ്ഞെടുപ്പും, പാലാ ഉപതെരഞ്ഞെടുപ്പിലുമൊക്കെ സർവേ നടത്തി എതാണ്ട് കൃത്യമായി ജനവികാരം അളക്കാൻ കഴിഞ്ഞ മറുനാടൻ മലയാളി ടീം, ഇത്തവണയും വിപുലമായ രീതിയിലാണ് അഭിപ്രായ സർവേ നടത്തിയത്. നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഈ മാസം 12, 14, 15 തീയതികളിലായി മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് 2000ത്തോളം സാമ്പിളുകൾ എടുത്താണ് സർവേ പൂർത്തീകരിച്ചത്.

വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ ടീമും അവലംബിക്കുന്നത്. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ് സ്റ്റാൻഡുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽ പെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിച്ചത്. വീടുകളിൽ നേരിട്ട് ചെന്ന് ജനവികാരം അറിയുകയും ചെയതു

ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണെന്നാണ്.. സർവേഫലത്തിന് അനുസരിച്ചുള്ള യാതൊരു കാമ്പയിനിങ്ങും മറുനാടന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല. മാത്രമല്ല എത് സർവേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സർവേകളിൽ പത്തു ശതമാനം വരെ ഹ്യൂമൻ എററുകളും വരാം. ഇന്ത്യയിലും കേരളത്തിലും എക്സിറ്റ്‌പോളുകൾ പോലും പല തവണ മാറിമാറഞ്ഞ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്.അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇത് ഒരു അന്തിമ വിധിയല്ലെന്നും മാന്യ വായനക്കാരെ അറിയിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP