Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാർട്ടിയും മുന്നണിയും പോലെ പ്രധാനമാണ് സ്ഥാനാർത്ഥികളെന്നും ജനം; കുറ്റിച്ചൂലിനും ഇറക്കുമതി സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു; മക്കൾ രാഷ്ട്രീയത്തിനെതിരെയും പ്രതിഷേധം; മുല്ലപ്പള്ളിക്ക് പറ്റിയ പകരക്കാരനെ കണ്ടെത്തയില്ലെങ്കിൽ വടകരയിൽ യുഡിഎഫിന് തിരിച്ചടിയാവും; കാസർകോട്ടും വടകരയിലും കോഴിക്കോട്ടും ഇടതിന്റെ ജയസാധ്യതകൾ സ്ഥാനാർത്ഥികൾക്ക് അനുസരിച്ച്; മറുനാടൻ സർവേയിൽ തെളിയുന്നത് മികച്ച സ്ഥാനാർത്ഥികൾക്കായുള്ള വോട്ടർമാരുടെ കാത്തിരിപ്പ്

പാർട്ടിയും മുന്നണിയും പോലെ പ്രധാനമാണ് സ്ഥാനാർത്ഥികളെന്നും ജനം; കുറ്റിച്ചൂലിനും ഇറക്കുമതി സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു; മക്കൾ രാഷ്ട്രീയത്തിനെതിരെയും പ്രതിഷേധം; മുല്ലപ്പള്ളിക്ക് പറ്റിയ പകരക്കാരനെ കണ്ടെത്തയില്ലെങ്കിൽ വടകരയിൽ യുഡിഎഫിന് തിരിച്ചടിയാവും; കാസർകോട്ടും വടകരയിലും കോഴിക്കോട്ടും ഇടതിന്റെ ജയസാധ്യതകൾ സ്ഥാനാർത്ഥികൾക്ക് അനുസരിച്ച്; മറുനാടൻ സർവേയിൽ തെളിയുന്നത് മികച്ച സ്ഥാനാർത്ഥികൾക്കായുള്ള വോട്ടർമാരുടെ കാത്തിരിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ ഇറക്കുമതിചെയ്യുന്ന ആരെയും അംഗീകരിക്കുവാൻ ജനം ഇക്കാലത്ത് തയ്യാറാവുമോ. സ്വന്തം പാർട്ടിക്കാരനാണെങ്കിൽ ഏത് കുറ്റിച്ചൂലിനെയും വോട്ട് ചെയ്ത വിജയിപ്പിക്കുകയെന്ന നയം ഇനി നടപ്പില്ലെന്ന് മറുനാടൻ മലയാളി സർവേയിലും തെളിയുന്നു. പാർട്ടിയേക്കാളും മുന്നണിയേക്കാളും ഉപരിയായ വ്യക്തികളെ നോക്കി വോട്ടുചെയ്യുന്ന ഒരു പ്രവണത കേരളത്തിലും ശക്തമാവുകയാണ്. സർവേക്കിടെ പലരും തങ്ങളുടെ തീരുമാനം സ്ഥാനാർത്ഥി പ്രഖ്യപനത്തിനുശേഷമാണെന്ന് തുറന്നു പറഞ്ഞിരുന്നു. പാർട്ടിയുടെ അനുഭാവിയാണെങ്കിലും സ്ഥാനാർത്ഥി ആരാണെന്ന് നോക്കിയിട്ടേ അന്തിമമായി വോട്ട് തീരുമാനിക്കുവെന്ന് പറഞ്ഞ് നിരവധിപേരാണ് സർവേയിൽനിന്ന് മാറി നിന്നത്.

കേഡർ പാർട്ടികൾക്കുംപോലും ഈ ജനകീയ വിചാരണയിൽനിന്ന് മാറി നിൽക്കാൻ കഴിയില്ല എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കാസർകോട് ലോക്സഭാമണ്ഡലത്തിൽനിന്ന് സിപിഎം നേതാവ് പി കരുണാകരന്റെ മാറ്റം. കഴിഞ്ഞ തവണ ഭൂരിപക്ഷം ഇത്രയേറെ കുറയാൻ കാരണം കരുണാകരന്റെ ചില ജനകീയമല്ലാത്ത നടപടികളാണെന്ന് പാർട്ടിക്കകത്തുനിന്നുതന്നെ വിമർശനം ഉയർന്നിരുന്നു. പുതിയ സാഹചര്യത്തിൽ, മുൻ തൃക്കരിപ്പൂർ എംഎൽഎയും കാസർകോട്ടെ ജനകീയ മുഖവുമായ സതീഷ്ചന്ദ്രനെയാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് കേൾക്കുന്നത്. പാർട്ടി കേന്ദ്ര നേതാക്കൾ അടക്കമുള്ള പ്രമുഖരുടെപേരും പറഞ്ഞുകേൾക്കുന്നുണ്ട്. യുഡിഎഫിൽനിന്ന് എ പി അബ്ദുല്ലക്കുട്ടിയുടെപേര് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും മേൽപ്പറഞ്ഞ കാരണത്താൽ അത് കോൺഗ്രസിനികത്തും പ്രശ്നമാണ്.

സ്ഥാനാർത്ഥിത്വം ഏറ്റവും നിർണ്ണയകമായ മണ്ഡലങ്ങളിൽ ഒന്ന് വടകരയാണെന്ന് സർവേ സംഘത്തിന് നിസ്സംശയം ബോധ്യമായിട്ടുണ്ട്. മുല്ലപ്പള്ളിക്കുപകരം ഇവിടെ ആരാണ് സ്ഥാനാർത്ഥി, അത് അറിഞ്ഞട്ടാണ് കാര്യങ്ങൾ തീരുമാനിക്കയെന്ന് പലരും തുറന്നു പറയുണ്ട്. സർവേയിൽ ഇവിടെ ഒരു മണ്ഡലത്തിലും ഇല്ലാത്ത രീതിയിൽ നോട്ടക്ക് 7 ശതമാനം വോട്ടുകൾ കിട്ടിയത് വേണമെങ്കിൽ തീരുമാനമെടുക്കാൻ കഴിയാത്ത നിഷ്പക്ഷരുടെ വോട്ടായി കണക്കാക്കാം. രാഷ്ട്രീയമായി തങ്ങൾക്ക് മേൽക്കയുള്ള മണ്ഡലം മുല്ലപ്പള്ളിയുടെ അഭാവത്തിൽ കൈപ്പടിയിൽ ഒതുക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. തങ്ങളുടെ പരമ്പരാഗത വോട്ടുകളിൽ ഒരു വിഭാഗവും മുല്ലപ്പള്ളിയുടെ വ്യകതിപ്രഭാവത്തിൽ ചോരുന്നുണ്ടെന്ന് സിപിഎം നേരത്തെ വിലയിരുത്തിയിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫിലായിരുന്നു ജനതാദൾ വീരേന്ദ്രകുമാർ വിഭാഗം ഇത്തവണ ഒപ്പമെത്തിയത് എൽഡിഎഫിന് പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്. അതേസമയം ആർഎംപിയുടെ നിലപാടുകൾ യുഡിഎഫിനും ആശ്വാസമാവുന്നു. കഴിഞ്ഞ പ്രാവശ്യം ഒറ്റക്കുന്നിന്ന് പതിനേഴായിരത്തോളം വോട്ടുകൾ നേടിയ ആർഎംപി ഇത്തവണ യുഡിഎഫിന് പിന്തുണ നൽകുമെന്നാണ് അറിയുന്നത്. എന്നാൽ ഇത് രാഷ്ട്രീയ ആത്മഹത്യയാണെന്ന് പറഞ്ഞ് ആർഎംപിയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. മുല്ലപ്പള്ളിയാണ് സ്ഥാനാർത്ഥിയെങ്കിൽ ആർഎംപിയുടെ ഒരു വിഭാഗം വോട്ടുകൾ അദ്ദേഹത്തിന് പോകുമെന്നതും വസ്തുതതാണ്. അതായത് സ്ഥാനാർത്ഥിയെ അനുസരിച്ചായിരിക്കും വടകരയിൽ യുഡിഎഫിന്റെ സാധ്യതൾ എന്ന് വ്യക്തം.

വടകരയിലെ സമാനമായ സാഹചര്യമാണ് എൽഡിഎഫ്് കോഴിക്കോട്ട് അനുഭവിക്കുന്നത്. എം കെ രാഘവൻ എന്ന യുഡിഎഫിന്റെ ജനകീയനായ എംപിയുടെ പ്രതിഛായയുടെ മുകളിലാണ് ഇവിടെ യുഡിഎഫ്് അവസാന വട്ടം ജയിച്ചുകയറാണ്. 2009ൽ മണ്ഡല പുനനിർണ്ണയത്തെ തുടർന്ന് ബേപ്പുർ, കുന്ദമംഗലം എന്നീ നിയോജക മണ്ഡലങ്ങൾ ചേരുകയും, തിരുവമ്പാടിയും വടക്കേ വയനാടും വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് പോവുകയും ചെയ്തതോടെ രാഷ്ട്രീയമായി എൽഡിഎഫിന് വലിയ മേൽക്കെയാണ് ഈ മണ്ഡലത്തിൽ ഉണ്ടായത്. എന്നാൽ 2009ലെ ഇലക്ഷനിൽ അന്ന് അത്രയൊന്നും അറിയപ്പെടാതിരുന്ന എം കെ രാഘവനെ ഇറക്കി യുഡിഎഫ് ഭാഗ്യം പരീക്ഷിച്ചപ്പോൾ, എൽഡിഎഫ് പുതുമുഖമായ മുഹമ്മദ് റിയാസിനെയാണ് രംഗത്തിറക്കിയത്. വെറും 600ൽപരം വോട്ടുകൾക്കാണ് അന്ന് മണ്ഡലം എൽഡിഎഫിനെ കൈവിട്ടത്. 2014ൽ എ വിജയരാഘവനെതിരെ പതിനാറായരത്തിലധികം വോട്ടുകളായി ഭൂരിപക്ഷം ഉയർത്തിക്കൊണ്ട് എ കെ രാഘവൻ വിജയം ആവർത്തിച്ചപ്പോഴും അണിയറയിൽ പറഞ്ഞുകേട്ടത്് സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം തന്നെയായിരുന്നു. ഇത്തവണ അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥി പ്രവേശനത്തിലേക്ക് കടക്കുന്നത്. പത്തുവർഷം കൊണ്ട് ഇമേജ് ആകെ മാറിയ മുഹമ്മദ് റിയാസിന്റെ പേര് തൊട്ട് കേന്ദ്ര നേതാക്കളുടെ പേരുകൾവരെ ഈ മണ്ഡലത്തിലും പറഞ്ഞുകേൾക്കുന്നുണ്ട്.

സ്ഥാനാർത്ഥി വടംവലി ഇക്കുറിയും യുഡിഎഫിന് തലവേദനയാവുന്ന മണ്ഡലമാണ് തങ്ങളുടെ ഷുവർ സീറ്റകളിൽ ഒന്നായ വയനാട്. ഇവിടെ എം ഐ ഷാനവാസിന്റെ സ്ഥാനാർത്ഥിത്വത്തെചൊല്ലി കോൺഗ്രസും ലീഗും തമ്മിലുണ്ടായ പ്രശ്നങ്ങളായിരുന്നു, മുമ്പ് ഒന്നരലക്ഷം ഉണ്ടായിരുന്ന ഭൂരിപക്ഷത്തെ വെറും ഇരുപതിനായിരത്തിലേക്ക് താഴ്‌ത്തിയത്. ഇത്തവണ ഷാനവാസിന്റെ മകൾക്ക് സീറ്റ് കൊടുക്കന്നതിനെ ചൊല്ലി ഇവിടെ പ്രശ്നം നിലനിൽക്കയാണ്. ടി സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ നിരവധിപേരുകളും കോൺഗ്രസിൽ പറഞ്ഞുകേൾക്കുന്നുണ്ട്. ഇറക്കുമതി സ്ഥാനർഥികളും മക്കൾ രാഷ്ട്രീയവും ഇവിടെ വേണ്ട എന്ന് കെഎസയുവും യൂത്ത് കോൺഗ്രസും തുടങ്ങിയ കാമ്പയിൻ പൊതുജനങ്ങളും ഏറ്റെടുത്ത മട്ടിലാണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നത്.

എത്രവലിയ രാഷ്ട്രീയ മേൽക്കൈയുള്ള മണ്ഡലമാണെങ്കിലും സ്ഥാനാർത്ഥി നന്നായില്ലെങ്കിൽ ജയിക്കാൻ കഴിയില്ല എന്നത് ഒരർഥത്തിൽ ജനാധിപത്യത്തിന്റെ വിജയം കൂടിയാണ്. ജനം ഏതെങ്കിലും ഒരു പാർട്ടിയുടെ അടിമകളല്ലെന്നും മികച്ച സ്ഥാനാർത്ഥികൾക്കായി അവർ കാത്തിരക്കയാണെന്നും മറുനാടൻ സർവേയിലും തെളിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP