Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുമ്മനം തിരുവനന്തപുരം പിടിച്ചുവെന്ന് ഏഷ്യാനെറ്റ് സർവെ; 40-34-25 വോട്ടുവിഹിതം; താമര വിരിയുമെന്ന് ഉറപ്പിച്ച് സർവേ വന്നതോടെ വോട്ടുചോർച്ച ചർച്ച സജീവം; വടകരയിൽ അട്ടിമറിക്ക് തയ്യാറായി മുരളി ; കാസർകോടും കണ്ണൂരും കട്ടയ്ക്കുകട്ട; വയനാട്ടിൽ തകർത്തുവാരി രാഹുൽ; രാഘവൻ മുങ്ങില്ല; കുഞ്ഞാലിക്കുട്ടി തകർക്കും; രാജേഷിന് വെല്ലുവിളി; രമ്യ ആലത്തൂരിൽ ബിജുവിനെ വീഴ്‌ത്തില്ല; ചാലക്കുടിയിൽ ഇന്നസെന്റും എറണാകുളത്ത് ഹൈബി; ഇടുക്കിയിൽ ജോയ്‌സ്

കുമ്മനം തിരുവനന്തപുരം പിടിച്ചുവെന്ന് ഏഷ്യാനെറ്റ് സർവെ; 40-34-25 വോട്ടുവിഹിതം; താമര വിരിയുമെന്ന് ഉറപ്പിച്ച് സർവേ വന്നതോടെ വോട്ടുചോർച്ച ചർച്ച സജീവം; വടകരയിൽ അട്ടിമറിക്ക് തയ്യാറായി മുരളി ; കാസർകോടും കണ്ണൂരും കട്ടയ്ക്കുകട്ട; വയനാട്ടിൽ തകർത്തുവാരി രാഹുൽ; രാഘവൻ മുങ്ങില്ല; കുഞ്ഞാലിക്കുട്ടി തകർക്കും; രാജേഷിന് വെല്ലുവിളി; രമ്യ ആലത്തൂരിൽ ബിജുവിനെ വീഴ്‌ത്തില്ല; ചാലക്കുടിയിൽ ഇന്നസെന്റും എറണാകുളത്ത് ഹൈബി; ഇടുക്കിയിൽ ജോയ്‌സ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം::കേരളത്തിൽ ബിജെപി താമര വിരിയിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകി ഏഷ്യാനെറ്റ് നൂസിന്റെ സർവേ. അവർ പറയുന്നത് പുഷ്പം പോലെ കുമ്മനം ജയിക്കുമെന്നാണ്. 40 ശതമാനം പേർ കുമ്മനത്തിന് ഒപ്പമുണ്ട്. 34 ശതമാനം മാത്രമാണ് തരൂരിന് കൈ പൊക്കുന്നത്. ഇതോടെ ഇക്കുറി താമര വിരിയും കേരളത്തിൽ എന്നാണ് വിലയിരുത്തൽ.

കേരളത്തിലെ തിരഞ്ഞെടുപ്പ് വിലയിരുത്തി വിജയ പ്രതീക്ഷകളുടെ അഭിപ്രായം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ സർവേ പുറത്തുവരുമ്പോൾ വലിയ നേട്ടം യുഡിഎഫിന് തന്നെ. കട്ടക്ക് കട്ട ഫൈറ്റാണ് കാസർകോട്ടും കണ്ണൂരും. വയനാട്ടിൽ രാഹുലിന് തകർപ്പൻ ഭൂരിപക്ഷവും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് അമ്പതു ശതമാനത്തിലേറെ വോട്ടും പ്രവചിക്കുകയാണ് സർവേ. ഏറ്റവും വലിയ അട്ടിമറിക്കാണ് വടകര മണ്ഡലത്തിൽ കളമൊരുങ്ങുന്നതെന്ന സൂചനയാണ് സർവേ പുറത്തുവിടുന്നത്.

രാഹുൽഗാന്ധി വയനാട്ട് മത്സരിക്കാൻ എത്തിയ ഫാക്ടർ ബാധിച്ചുവെന്ന വിലയിരുത്തൽ വരുമ്പോൾ വടകരയിൽ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് എതിരെ വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ കെ മുരളീധരൻ വിജയിക്കുമെന്നാണ് സർവേ പറയുന്നത്. വടകരയിൽ മുരളിക്ക് 45 ശതമാനം മുൻതൂക്കം സർവേ പ്രവചിക്കുമ്പോൾ കണ്ണൂരിലെ മണ്ഡലങ്ങളിൽ മാത്രമേ ജയരാജന് ലീഡ് ചെയ്യാൻ കഴിയുന്നുള്ളൂ. ജയരാജന് 38 ശതമാനം വോട്ട് മാത്രമാണ് സർവേ പ്രവചിക്കുന്നത്. കോഴിക്കോട് വിവാദങ്ങൾ ഉണ്ടായെങ്കിലും രാഘവൻ യുഡിഎഫിന് വിജയം കൊണ്ടുവരുമെന്നാണ് ഏഷ്യാനെറ്റ് സർവേ വിലയിരുത്തുന്നത്.

കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിൽ ടൈറ്റ് ഫൈറ്റാണ് സർവേ പ്രവചിക്കുന്നത്. കോഴിക്കോട് എംകെ രാഘവന് ജയസാധ്യത കൽപിക്കുമ്പോൾ മലപ്പുറത്ത് 52 ശതമാനം വോട്ടുവിഹിതം കുഞ്ഞാലിക്കുട്ടിക്ക് പ്രഖ്യാപിക്കുന്നു സർവേ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവേയാണ് ഏഷ്യാനെറ്റ് സർവേ പുറത്തുവരുന്നത്. ഏഷ്യാനെറ്റ് ന്യൂസും എ-ഇസഡ് റിസർച്ച് പാർടണേഴ്‌സും ചേർത്താണ് സർവേ പുറത്തുവിട്ടത്.

മണ്ഡലം തിരിച്ചുള്ള വിലയിരുത്തൽ ഇങ്ങനെ:

കാസർകോട് സിപിഎം നിലനിർത്തും

കാസർഗോഡ് സിപിഎം നിലനിർത്തുമെന്ന് സർവേ ഫലം. കഴിഞ്ഞ ബുധനാഴ്ച വരെ നടത്തിയ സർവ്വേയുടെ ഫലമാണ് പുറത്തുവന്നത്. കാസർഗോഡ് നിന്നാണ് സർവേ ഫലം തുടങ്ങുന്നത്. ഇക്കുറിയും വിജയം സിപിഎമ്മിന് തന്നെയാകുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. സിപിഎം സ്ഥാനാർത്ഥിയെ കാസർഗോഡ് 34 ശതമാനം പേർ അനുകൂലിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയെ 33 ശതമാനം പേരും ബിജെപിയെ 17 ശതമാനം പേരും അനുകൂലിച്ചു.

കണ്ണൂരിൽ സീറ്റ് തിരിച്ചുപിടിക്കാൻ യുഡിഎഫ്

കണ്ണൂർ സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ വിജയിക്കുമെന്ന് 39 ശതമാനം പേർ അഭിപ്രായപ്പെടുന്നു. ഇടത് സ്ഥാനാർത്ഥി പികെ ശ്രീമതി വിജയിക്കുമെന്ന് 38 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ബിജെപി ജയിക്കുമെന്ന് ഏഴ് ശതമാനം പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്.

വടകരയിൽ മുരളി കസറുന്നു

വടകര സീറ്റിൽ യുഡിഎഫിന് കൂറ്റൻ ലീഡ് ലഭിക്കുമെന്ന് സർവേ ഫലം. 45 ശതമാനം പേരും കെ.മുരളീധരന് ജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. 39 ശതമാനം പേർ സിപിഎം ജയിക്കുമെന്ന് അഭിപ്രായപ്പെടുന്നു. 13 ശതമാനം പേർ മാത്രമാണ് ബിജെപി ജയിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.

വയനാട്ടിൽ രാഹുൽ ഞെട്ടിക്കും

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് സർവേ ഫലം. രാഹുൽ ഗാന്ധി ജയിക്കുമെന്ന് 45 ശതമാനം പേരാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇടത് സ്ഥാനാർത്ഥി സുനീറിന് 39 ശതമാനം പേരാണ് വിജയം പ്രവചിച്ചിരിക്കുന്നത്. ബിഡിജെഎസ് സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് 16 ശതമാനം പേരാണ് വിജയം പ്രവചിച്ചിരിക്കുന്നത്.

അഴിമതി ഏശില്ല; രാഘവൻ തന്നെ കോഴിക്കോട്

കോഴിക്കോട് സീറ്റിൽ സിറ്റിങ് എംഎൽഎയും കോൺഗ്രസ് നേതാവുമായ എംകെ രാഘവൻ തോൽക്കില്ലെന്ന് ഭൂരിപക്ഷാഭിപ്രായം. 44 ശതമാനം പേരും എംകെ രാഘവൻ എംപിയാകുമെന്ന് അഭിപ്രായപ്പെട്ടു. 36 ശതമാനം പേർ ഇടതു സ്ഥാനാർത്ഥി പ്രദീപ് കുമാറിന് വിജയം പ്രവചിക്കുന്നു. 16 ശതമാനം പേർ മാത്രമാണ് പ്രകാശ് ബാബുവിന് വിജയം പ്രവചിച്ചിരിക്കുന്നത്.

മലപ്പുറത്ത് കസറിക്കയറി കുഞ്ഞാലിക്കുട്ടി

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി വൻ ജനപിന്തുണയാണ് സർവേയിൽ നേടുന്നത്. പാതിയിലേറെ ജനപിന്തുണ ലഭിക്കുമെന്ന് അഭിപ്രായ സർവേ ഫലം. കുഞ്ഞാലിക്കുട്ടിക്ക് 52 ശതമാനം പേർ പിന്തുണക്കുമ്പോൾ 29 ശതമാനം പേർ മാത്രമാണ് വിപി സാനു ജയിക്കുമെന്ന് പ്രവചിക്കുന്നത്.

പൊന്നാനിയിൽ എൽഡിഎഫിന്റെ ദിവാസ്വപ്നം

പൊന്നാനിയിൽ ഇടതുപക്ഷത്തിന്റെ സ്വപ്നം പൂവണിയില്ലെന്ന് സർവേ. പിവി അൻവറിനെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമം ഫലം കാണില്ലെന്നാണ് ജനാഭിപ്രായം ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ഇടി മുഹമ്മദ് ബഷീറിന് 46 ശതമാനം പേരും പിവി അൻവറിന് 36 ശതമാനം പേരും വിടി രമയ്ക്ക് 16 ശതമാനം പേരും വിജയം പ്രവചിക്കുന്നു.

പാലക്കാട് എംബി രാജേഷ് ജയിക്കും .. പക്ഷേ...

പാലക്കാട് എംബി രാജേഷിന്റെ ഭൂരിപക്ഷം കുത്തനെ താഴുമെന്ന് സർവേ. കഴിഞ്ഞ തവണ ഒരു ലക്ഷം വോട്ടിന് ജയിച്ച പാലക്കാട് സീറ്റിൽ, ഇക്കുറി സർവേയിൽ പങ്കെടുത്ത 37 ശതമാനം പേരാണ് രാജേഷിന് വിജയം പ്രവചിക്കുന്നത്. 35 ശതമാനം പേർ കോൺഗ്രസ് സ്ഥാനാർത്ഥി വികെ ശ്രീകണ്ഠനും 28 ശതമാനം പേർ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനും വിജയം പ്രവചിക്കുന്നു.

ആലത്തൂരിൽ ബിജു തോൽക്കുമോ? വ്യത്യാസം വെറും രണ്ടു ശതമാനം

ആലത്തൂരിൽ സിറ്റിങ് എംപി പികെ ബിജുവിനെ തോൽപ്പിക്കാൻ രമ്യയ്ക്ക് സാധിക്കില്ലെന്ന് സർവേ. 41 ശതമാനം പേരും ബിജുവിന് ജയം പ്രവചിക്കുന്നു. 39 ശതമാനം പേർ അഭിപ്രായപ്പെട്ടത് രമ്യ ഹരിദാസ് വിജയിക്കട്ടെയെന്നാണ്. എൻഡിഎ സ്ഥാനാർത്ഥി ടിവി ബാബുവിന് 17 ശതമാനം പേർ വിജയം പ്രവചിക്കുന്നു.

വടക്കൻ കേരളത്തിൽ യുഡിഎഫ് കുതിപ്പ്; എട്ടിൽ ആറിടത്തും മുന്നേറ്റം

വടക്കൻ കേരളത്തിൽ യുഡിഎഫ് കുതിപ്പ് തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസ് - അദ റിസർച് പാർട്‌ണേർസ് സർവേയിൽ പ്രവചിക്കുന്നത്. സർവേയിൽ പങ്കെടുത്തവർ വടക്കൻ കേരളത്തിലെ എട്ടിൽ ആറ് മണ്ഡലങ്ങളിലും യുഡിഎഫിന് വിജയം പ്രവചിക്കുന്നു. കാസർഗോഡ്, പാലക്കാട് സിറ്റിങ് സീറ്റുകൾ ഇടതുപക്ഷം നിലനിർത്തുമെങ്കിലും കണ്ണൂർ സീറ്റ് കൈവിട്ട് പോകും. സ്റ്റിങ് ഓപ്പറേഷനിലൂടെ അഴിമതി കറ പുരണ്ട സിറ്റിങ് എംപി എംകെ രാഘവനെ ജനം കൈവിടില്ലെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. വടകരയിൽ കൂറ്റൻ ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ജയിക്കുമെന്നാണ് അഭിപ്രായ സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്. മലപ്പുറത്ത് 52 ശതമാനം പേരാണ് കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. പക്ഷെ കേരളത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പ്രതീക്ഷിക്കുന്നത് പോലുള്ള ലീഡ് ലഭിക്കില്ലെന്നാണ് പ്രവചനം.

ചാലക്കൂടിയിൽ 'നിഷ്‌കളങ്കൻ' തന്നെ

ചാലക്കുടി കോൺഗ്രസ് തിരിച്ചുപിടിക്കില്ലെന്നാണ് അഭിപ്രായ സർവേയിലെ ഫലം. സിറ്റിങ് എംപിയായ ഇടത് സ്ഥാനാർത്ഥി ഇന്നസെന്റ് തന്നെ വിജയിക്കും. 38 ശതമാനം ഇന്നസെന്റിനും 36 ശതമാനം യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹന്നാനും 19 ശതമാനം ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണനും വിജയിക്കുമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

തകർത്തുവാരും ഹൈബി

എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡന് വൻ വിജയമെന്ന് സർവേ ഫലം. 43 ശതമാനം പേരാണ് ഹൈബി ഈഡന് വിജയം പ്രവചിക്കുന്നത്. 32 ശതമാനം പേർ സിപിഎം സ്ഥാനാർത്ഥി പി.രാജീവ് ജയിക്കുമെന്ന് അഭിപ്രായപ്പെടുന്നു. എൻഡിഎ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം ജയിക്കുമെന്ന് 20 ശതമാനം പേർ ജയിക്കുമെന്ന് പ്രവചിക്കുന്നു.

പിടി തരാതെ ഇടുക്കി

ഇടുക്കി ജോയ്സ് ജോർജ്ജിനൊപ്പം തന്നെയെന്ന് സർവേയിൽ ചൂണ്ടിക്കാട്ടുന്നു. 38 ശതമാനം പേർ ജോയ്‌സ് വിജയിക്കുമെന്ന അഭിപ്രായക്കാരാണ്. 37 ശതമാനം പേർ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വിജയിക്കുമെന്ന് അഭിപ്രായപ്പെടുന്നു.

അഞ്ച് സീറ്റുകളുള്ള മധ്യകേരളത്തിൽ മൂന്നിടത്താണ് ഏഷ്യാനെറ്റ് ന്യൂസ്-എ ഇസഡ് റിസർച് പാർട്‌ണേർസിന്റെ സർവ്വേയിൽ ഭൂരിപക്ഷം വിജയം അഭിപ്രായപ്പെട്ടിരിക്കുന്നത്. ആലത്തൂർ, ചാലക്കുടി, ഇടുക്കി സീറ്റുകളിലാണ് വിജയം പ്രവചിച്ചിരിക്കുന്നത്. തൃശ്ശൂരിലും എറണാകുളത്തും മികച്ച വിജയം യുഡിഎഫ് നേടുമെന്നും സർവേ വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP