Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എൽഡിഎഫിന് തുണയാവുന്നത് മികച്ച സ്ഥാനാർത്ഥികളും ഉപതെരഞ്ഞെടുപ്പിൽ സാധാരണ കാണാറുള്ള ഭരണകക്ഷി അനുകൂല വികാരവും; സംസ്ഥാന സർക്കാറിന്റെ ഭരണത്തെ ശരാശരിയെന്ന് ജനം വിലയിരുത്തുമ്പോളും അത് ഒരു ഭരണ വിരുദ്ധ തരംഗത്തിലേക്ക് പോകുന്നില്ല; യുഡിഎഫിന് സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള പ്രശ്‌നങ്ങൾ വട്ടിയൂർക്കാവിലും കോന്നിയും അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു; ശബരിമല- മോദി വികാരം കത്തിപ്പിടിക്കാത്തത് എൻഡിഎയെയും ബാധിക്കുന്നു; ഉപതെരഞ്ഞെടുപ്പ് സർവേ ഫലം വിലയിരുത്തുമ്പോൾ

എൽഡിഎഫിന് തുണയാവുന്നത് മികച്ച സ്ഥാനാർത്ഥികളും ഉപതെരഞ്ഞെടുപ്പിൽ സാധാരണ കാണാറുള്ള ഭരണകക്ഷി അനുകൂല വികാരവും; സംസ്ഥാന സർക്കാറിന്റെ ഭരണത്തെ ശരാശരിയെന്ന് ജനം വിലയിരുത്തുമ്പോളും അത് ഒരു ഭരണ വിരുദ്ധ തരംഗത്തിലേക്ക് പോകുന്നില്ല; യുഡിഎഫിന് സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള പ്രശ്‌നങ്ങൾ വട്ടിയൂർക്കാവിലും കോന്നിയും അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു; ശബരിമല- മോദി വികാരം കത്തിപ്പിടിക്കാത്തത് എൻഡിഎയെയും ബാധിക്കുന്നു; ഉപതെരഞ്ഞെടുപ്പ് സർവേ ഫലം വിലയിരുത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഈ മാസം 21ന് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ അഭിപ്രായ സർവേയുടെ ഫലം പുറത്തുവിടുമ്പോൾ, വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങൾ ഇടതുമുന്നണി പിടിച്ചെടുക്കുമെന്നും, മഞ്ചേശ്വരം എറണാകുളം മണ്ഡലങ്ങൾ ഐക്യമുന്നണി നിലനിർത്തും എന്നുള്ള വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്. എന്നാൽ എൽഡിഎഫിന്റെ ഏക സിറ്റിങ്ങ് സീറ്റായ അരൂരിൽ കാര്യങ്ങൾ ഫോട്ടോ ഫിനീഷിലേക്ക് പോവുകയാണ്. വെറും ഒരു ശതാമനം വോട്ടിന്റെ ലീഡ് മാത്രമാണ് ഇവിടെ സർവേ പ്രകാരം ഇടതുമുന്നണിക്കുള്ളത്. എന്നാലും രണ്ട് യുഡിഎഫ് സിറ്റിങ്ങ് സീറ്റുകൾ പിടിച്ചെടുക്കാൻ കഴിയും എന്ന നിലയിലേക്ക് എൽഡിഎഫിനെ എത്തിച്ചത്, അവർ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കാട്ടിയ മികവ് തന്നെയാണെന്ന് സർവേയുടെ അനുബന്ധചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടിയിൽനിന്ന് വ്യക്താമണ്.

വ്യക്തിപരമായ മികവ് ഏത് സ്ഥാനാർത്ഥിക്കാണെന്ന സർവേയുടെ അനുബന്ധചോദ്യങ്ങൾക്ക് മഞ്ചേശ്വരത്ത് ഒഴികെ, മറ്റ് നാലിടത്തും ഇടതു സ്ഥാനാർത്ഥികളുടെ പേരാണ് വോട്ടർമാർ ഉയർത്തിയത്. മഞ്ചേശ്വരത്ത് മുന്നിൽ നിൽക്കുന്നത് യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീൻ ആണ്. വട്ടിയൂർക്കാവ്, അരൂർ മണ്ഡലങ്ങളിലൊക്കെ സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ മികവ് ഇടതിന് വല്ലാതെ ഗുണം ചെയ്തിട്ടുണ്ട്. വട്ടിയൂർക്കാവിൽ ജനകീയനായ 'മേയർബ്രോ' എന്ന പേരിൽ അറിയപ്പെടുന്ന വി കെ പ്രശാന്തിന്റെ വ്യക്തിത്വത്തിന് 70 ശതമാനത്തോളം വോട്ടർമാരാണ് പിന്തുണ നൽകുന്നത്. അതായത് രാഷ്ട്രീയ കാരണങ്ങളാൽ യുഡിഎഫിനും എൻഡിഎക്കും വോട്ടുചെയ്യുന്നവർ പോലും പ്രശാന്തിന്റെ വ്യക്തിത്വത്തെ അംഗീകരിക്കുന്നുവെന്ന് ചുരുക്കം. അതേസമയം ഒരു തവണ വട്ടിയൂർക്കാവിൽനിന്ന് തോൽക്കുകയും, അത്ര കണ്ട് ജനകീയ പ്രതിഛായ ഇല്ലാത്തതുമായ ഡോ. മോഹൻകുമാറിനെ യുഡിഎഫ് രംഗത്തിറക്കിയത് പാർട്ടി പ്രവർത്തകരിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. സമാനമായ സാഹചര്യമാണ് കുമ്മനം രാജശേഖരനു പകരം, അഡ്വ. എസ് സുരേഷിനെ രംഗത്തിറക്കിയ ബിജെപിക്കും ഉണ്ടായിരിക്കുന്നത്.

കോന്നിയിലെ സർവേയിലും സ്ഥാനാർത്ഥിയുടെ മികവ് പ്രകടമായിരുന്നു. വ്യക്തിപരമായ മികവ് ആർക്കാണെന്ന സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്ക് 65 വോട്ടർമാരും ഇടതുസ്ഥാനാർത്ഥി കെ യു ജനീഷ്‌കുമാറിന്റെ പേരാണ് പറയുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന ഉപാധ്യക്ഷനും, യുവജന കമ്മിഷൻ അംഗംവുമായ ജനീഷ്‌കുമാറിന്റെ (36) കന്നിയങ്കമാണിത്. കെപിസിസി അംഗവും മുൻ മുൻ ഡിസിസി അധ്യക്ഷൻ. പത്തനംതിട്ട നഗരസഭ മുൻ അധ്യക്ഷനുമായ 63കാരനായ പി. മോഹൻരാജാണ് യുഡിഎഫ് സ്ഥാനാർത്ഥി. '36കാരനും 63കാരനും' തമ്മിലെ മത്സരം എന്ന് സോഷ്യൽ മീഡിയിൽ ട്രോൾ ആയതും ഫലത്തിൽ ഇടത് സ്ഥാനാർത്ഥിക്ക് ഗുണം ചെയ്തിട്ടുണ്ട്.അടൂർ പ്രകാശ് എന്ന കരുത്തനായ യുഡിഎഫ് നേതാവ് എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി സ്ഥാനാർത്ഥിയെ നിർണ്ണയിച്ചതും യുഡിഎഫിനെ ബാധിക്കുന്നുണ്ട്.

ഉപതെരഞ്ഞെുടുപ്പിൽ പതിവായി കാണുന്ന മറ്റൊരു വികാരമാണ് ഭരണകക്ഷിക്ക് അനകൂലമായി നിൽക്കാനുള്ള പ്രവണത. അതായത് ഇനി ഈ നിയമസഭക്ക് ഒന്നരവർഷം മാത്രമേ ഉള്ളൂ, ആ കാലയളവിൽ ഒരു ഭരണകക്ഷി എംഎൽഎയെ തെരഞ്ഞെടുത്താൽ കൂടുതൽ വികസനംവരും എന്ന ധാരണ പൊതുവെ നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങൾ അനുബന്ധ ചോദ്യങ്ങളായി മറുനാടൻ സർവേ സംഘം ചോദിച്ചപ്പോൾ, മഞ്ചേശ്വരത്ത് ഒഴികെ മറ്റ് നാലിടങ്ങളിലും സമാനമായ ഉത്തരമാണ് കിട്ടിയത്. മറ്റിടങ്ങളിൽ 60 ശതമാനം വോട്ടർമാരും ഭരണകക്ഷി എംഎൽഎക്ക് കൂടുതൽ വികസനം കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതികരിച്ചത്.

അതേസമയം സംസ്ഥാന സർക്കാറിന്റെ ഭരണ നേട്ടങ്ങൾ ഒന്നും തന്നെ ജനങ്ങളിൽ കാര്യമായ സ്വാധീനം ഉണ്ടാക്കിയിട്ടില്ല. അഞ്ചുമണ്ഡലങ്ങളിലും നടത്തിയ സർവേയിൽ പിണറായി സർക്കാറിന്റെ ഭരണത്തിന് ശരാശരി മാർക്കുമാത്രമാണ് ജനം നൽകിയത്. അടുത്തകാലത്തായി പിണറായി സർക്കാറിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കാനിടയു്ണ്ടെന്ന് 55 ശതമാനം വോട്ടർമാരും പറയുന്നു. എന്നാലും കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിൽ കണ്ടപോലെ ശക്തമായ ഒരു ഭരണവിരുദ്ധ വികാരത്തിലേക്ക് ഇത് മാറിയിട്ടില്ല. അതേസമയം പ്രതിപക്ഷത്തിന്റെ പ്രകടനം എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിനും ശരാശരി എന്ന മറുപടിയാണ് ജനം നൽകുന്നത്. ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും എതിരായ വികാരത്തിൽനിന്ന് മുതലെടുക്കാൻ പക്ഷേ എൻഡിഎക്കും ആവുന്നില്ല.

ഈ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും പിറകോട്ട് പോവുന്നത് എൻഡിഎയാണ്. മഞ്ചേശ്വരത്ത് രണ്ടാമത് എത്തുന്നത് ഒഴിച്ചാൽ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയില്ല. ബിജെപിയുടെ തുറപ്പുചീട്ടായ ശബരിമല വികാരം മഞ്ചേശ്വരത്ത് ഒഴികെ എവിടെയും പ്രകടമല്ലെന്ന് സർവേ റിപ്പോർട്ടുകളിൽ കാണുന്നു. 15 ശതമാനത്തിൽ താഴെ വോട്ടർമാർ മാത്രമാണ്, ഇത്തവണ ശബരിമല സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്. ലോകസഭാ തെരഞ്ഞെടുപ്പിലൊക്കെ ബിജെപിയെ തുണച്ചിരുന്ന മോദി ഫാക്ടർ ഇത്തവണ എവിടെയുമില്ല. ഉപതെരഞ്ഞെടുപ്പുകളിൽ ഈ ട്രെൻഡ് മാത്രമാണ്.

പക്ഷേ ഒരു സർവേയിലും കിട്ടാത്ത ഒന്നാണ് അവസാനവട്ട അടിയൊഴുക്കുകൾ. യുഡിഎഫിന് പ്രതീക്ഷയാകുന്നതും ഈ ജാതി-മത സമവാക്യങ്ങളിലും മറ്റുമാണ്. വട്ടിയൂർക്കാവിലും കോന്നിയിലുമൊക്കെ ചരിത്രത്തിൽ ഇല്ലാത്ത ജാതിക്കളിയാണ് നടക്കുന്നത്. എൻഎസ്എസ് അടക്കമുള്ള സംഘടനകളുടെ പിന്തുണ യുഡിഎഫിന് കരുത്താവുകയാണ്. അരൂരിലും ജാതി- മത ധ്രുവീകരണവും കൃത്യമായി ഉണ്ടായിട്ടുണ്ട്. ഈ അടിയൊഴുക്കുകൾ ആരെ തുണക്കുമെന്ന് കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP