Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഒരു ബ്യൂട്ടിപാർലർ തുടങ്ങുവാൻ 75,000 രൂപ എന്ന ചെറിയ തുക നൽകി ഹരിശ്രീ കുറിച്ചു'; മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതി അടക്കം 30 ദിവസത്തിൽ 1000 കോടി വായ്പ; ചരിത്രം കുറിച്ച് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ; ഈ വർഷാവസാനത്തിന് മുമ്പ് 2000 സംരംഭകർക്ക് വായ്പാസഹായം; കോവിഡ് കാലത്ത് മറ്റ് ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകാൻ മടിക്കുമ്പോൾ കെഎഫ്‌സിയെ മികച്ച പ്രകടനത്തിലേക്ക് നയിച്ച് തച്ചങ്കരി

'ഒരു  ബ്യൂട്ടിപാർലർ തുടങ്ങുവാൻ 75,000  രൂപ എന്ന ചെറിയ തുക നൽകി ഹരിശ്രീ കുറിച്ചു'; മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതി അടക്കം 30 ദിവസത്തിൽ 1000 കോടി വായ്പ; ചരിത്രം കുറിച്ച് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ; ഈ വർഷാവസാനത്തിന് മുമ്പ് 2000 സംരംഭകർക്ക് വായ്പാസഹായം; കോവിഡ് കാലത്ത് മറ്റ് ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകാൻ മടിക്കുമ്പോൾ കെഎഫ്‌സിയെ മികച്ച പ്രകടനത്തിലേക്ക് നയിച്ച് തച്ചങ്കരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ടോമിൻ തച്ചങ്കരിയെ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‌സി) ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ച ഈ മാസം ആദ്യമാണ്. കെഎസ്ആർടിസിയിലെ മികച്ച പ്രകടനം അദ്ദേഹം ധനകാര്യസ്ഥാപനമായ കെഎഫ്‌സിയിലും ആവർത്തിക്കുകയാണ്. 30 ദിവസത്തിൽ ആയിരം കോടി വായ്പ നൽകി കെഎഫസി ചരിത്രം കുറിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം അനുവദിച്ച 355 വായ്പകൾ ഉൾപ്പെടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സെപ്റ്റംബർ മാസത്തിൽ മാത്രം 1048.63 കോടി വായ്പ അനുവദിച്ചു നൽകി. ഇത് കോർപ്പറേഷന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണ്. കോവിഡ് പ്രതിസന്ധി മൂലം മറ്റു ധനകാര്യ സ്ഥാപനങ്ങൾ വായ്പകൾ നൽകാൻ മടിക്കുമ്പോൾ കെ എഫ് സി യുടെ ഈ പ്രകടനം തികച്ചും ശ്രദ്ധേയമാണ്.

ജൂലൈ 27-ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയുടെ ആദ്യ ഘട്ട അനുമതിപത്ര വിതരണം തിങ്കളാഴ്ച നടന്നിരുന്നു. പദ്ധതിക്ക് കീഴിൽ 356 ലോണുകളിലായി 45 കോടി അനുവദിച്ചിട്ടുണ്ട് . 40000 മുതൽ 50 ലക്ഷം വരെയുള്ള ഈ വായ്പകൾ ഗവൺമെന്റ് സബ്‌സിഡിയോടുകൂടി 7 ശതമാനം പലിശ നിരക്കിലാണ് നൽകുന്നത്.

ഇതിനുപുറമേ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷനിലെ സപ്ലൈർമാർക്കു 110 കോടി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന് 500 കോടി, മറ്റ് ലോണുകളിൽ ആയി 95 കോടി എന്നിങ്ങനെയും അനുവദിച്ച് നൽകിയിട്ടുണ്ട്. ഈവർഷം കോവിഡ് സഹായമായി 390 യൂണിറ്റുകൾക്ക് ആയി 230 കോടിയും ഇടപാടുകാർക്ക് കോർപ്പറേഷൻ നൽകിയിട്ടുണ്ട്.

ഇതോടെ അർധവാർഷിക വായ്പാ അനുമതിയിൽ കോർപ്പറേഷൻ ഉദ്ദേശിച്ചതിലും ബഹുദൂരം മുന്നിൽ എത്തിക്കഴിഞ്ഞു. 1450 കോടിയാണ് ഈ വർഷം ഇതുവരെ അനുവദിച്ചു നൽകിയിട്ടുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ നിരക്ക് വളരെ മികച്ചതാണ്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിലും സ്ഥിതി സമാനമാണ്. പ്രതിവർഷം 1000 എണ്ണം എന്ന ലക്ഷ്യവുമായി തുടങ്ങിയ പദ്ധതിയിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ 356 വായ്പകൾ അനുവദിച്ചു കഴിഞ്ഞു.

' നൂറു ദിവസം കൊണ്ട് ഈ വർഷത്തെ 1000 സംരംഭകരുടെ ക്വാട്ട തികയും. എങ്കിൽ അടുത്തവർഷത്തെ 1000 സംരംഭകർക്ക് കൂടി ഈ വർഷം നൽകണമെന്നാണ് തീരുമാനം'-ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസക് അറിയിച്ചു. ' ഈ വർഷം അവസാനിക്കുന്നതിനുമുമ്പ് 2000 സംരംഭകർക്ക് എങ്കിലും പിന്തുണ നൽകും. അവ വിജയിക്കുമെന്നും ഉറപ്പുവരുത്തും. ' അദ്ദേഹം പറഞ്ഞു

'ഒരു ബ്യൂട്ടിപാർലർ തുടങ്ങുവാൻ 75,000 രൂപ എന്ന ചെറിയ തുക അനുവദിച്ചു കൊണ്ടാണ് ആണ് ഞങ്ങൾ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സംരംഭക പദ്ധതിക്ക് തുടക്കം കുറിച്ചത്. 48 മണിക്കൂറുകൾക്കകം കെഎസ്ഇബിക്ക് 500 കോടി രൂപ അനുവദിക്കുകയും ചെയ്തു. കേരളത്തിലെ ചെറുതും വലുതുമായ എല്ലാവിധ വ്യാവസായിക വായ്പകളും നൽകാൻ കോർപ്പറേഷൻ സജ്ജമാണ്'. കെ എഫ് സി സിഎംഡി ടോമിൻ ജെ തച്ചങ്കരി ഐപിഎസ് പറഞ്ഞു. വരുംദിവസങ്ങളിൽ ഇത്തരത്തിൽ കൂടുതൽ കർമപദ്ധതികൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുവിപണിയിൽ നിന്ന് ഫണ്ട്; കടപ്പത്രം വൻവിജയം

പൊതുവിപണിയിൽനിന്നു ഫണ്ട് ശേഖരിക്കാൻ കെഎഫ്‌സി പുറപ്പെടുവിച്ച 250 കോടിയുടെ കടപ്പത്രം വൻ വിജയമായ പശ്ചാത്തലത്തിൽ 500 കോടിയുടെ കടപ്പത്രം കൂടി പുറത്തിറക്കുമെന്ന് എംഡി ടോമിൻ തച്ചങ്കരി അറിയിച്ചിരുന്നു, കെഎഫ്‌സി നൽകുന്ന വായ്പകൾ നിലവിലുള്ള 3300 കോടിയിൽനിന്ന് നടപ്പുസാമ്പത്തിക വർഷം തന്നെ 4000 കോടിയിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണിത് ലഭിച്ചത്. കെഎഫ്‌സിക്ക് ഇതുവരെ കിട്ടിയതിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്.

പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ

വിദേശത്തു നിന്നു മടങ്ങുന്ന പ്രവാസികൾക്ക് 4% നിരക്കിൽ കെഎഫ്‌സി വായ്പ ലഭിക്കും. നോർക്കയുടെ ആനുകൂല്യമുള്ളതിനാൽ ഇതിൽ 3 ലക്ഷം രൂപ വരെയോ പദ്ധതിച്ചെലവിന്റെ 15% വരെയോ സബ്‌സിഡി ലഭിക്കുന്നതിനാൽ ഫലത്തിൽ 3.5% പലിശ മാത്രം. സ്റ്റാർട്ടപ്പുകൾക്കും 50ൽ താഴെ പ്രായമുള്ള തൊഴിൽ രഹിതർക്കും ഈട് ഇല്ലാതെയും വായ്പ നൽകും.

പക്ഷേ അവരുടെ ബാങ്ക് ഇടപാടുകൾ കെഎഫ്‌സി ഓൺലൈനായി നിരീക്ഷിക്കും. വീട്ടിലാണു ബിസിനസ് ചെയ്യുന്നതെങ്കിൽ അത് നിരീക്ഷിക്കാൻ 2 ക്യാമറകൾ ഉണ്ടാവും. ആദ്യ വർഷം പലിശ മാത്രം തിരിച്ചടച്ചാൽ മതി. 50 ലക്ഷം വരെയാണ് വായ്പയുടെ പരിധി. പലിശ 7% വരെ.

തച്ചങ്കരിക്ക് കൂടുതൽ ചുമതലകൾ

ആഭ്യന്തരവകുപ്പിനു കീഴിൽ ഡിജിപി തസ്തികകൾ ഒഴിവില്ലാത്തതിനാലാണു കെഎഫ്‌സി മേധാവി സ്ഥാനത്തേക്കു പരിഗണിച്ചത്. തച്ചങ്കരിയെ കൂടുതൽ ചുമതല ഏൽപിക്കുമെന്നാണ് അറിയുന്നത്. ജനുവരിയോടെ പൊലീസിൽ തന്നെ നിയമിതനാകുമെന്നാണു സൂചന. അടുത്ത ജൂണിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും തൊട്ടുപിന്നാലെ ഋഷിരാജ് സിങ്ങും വിരമിക്കുമ്പോൾ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായി തച്ചങ്കരി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP