Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെവി എം ആശുപത്രിയിലെ നഴ്സിങ് സമരത്തിന് പിന്തുണയേന്തി ചേർത്തലയിലേക്ക് ഒഴുകി എത്തിയത് ആയിരങ്ങൾ; കടുംപിടുത്തം തുടരുന്ന മാനേജ്മെന്റിനെതിരെ രൂക്ഷമായ മുദ്രാവാക്യം വിളിച്ച് യുഎൻഎയുടെ സംഘശക്തി വിളിച്ചോതി; പിന്തുണയുമായി സമര വേദിയിലേക്ക് യുവജനസംഘടനകളും; വിഷയത്തിൽ ഇടപെടണമെന്ന് സർക്കാറിനെ അറിയിച്ച് ജില്ലാ കലക്ടർ ടിവി അനുപമ; ദേശീയ പാതാ ഉപരോധം താൽക്കാലികമായി അവസാനിപ്പിച്ച് സമരക്കാർ

കെവി എം ആശുപത്രിയിലെ നഴ്സിങ് സമരത്തിന് പിന്തുണയേന്തി ചേർത്തലയിലേക്ക് ഒഴുകി എത്തിയത് ആയിരങ്ങൾ; കടുംപിടുത്തം തുടരുന്ന മാനേജ്മെന്റിനെതിരെ രൂക്ഷമായ മുദ്രാവാക്യം വിളിച്ച് യുഎൻഎയുടെ സംഘശക്തി വിളിച്ചോതി; പിന്തുണയുമായി സമര വേദിയിലേക്ക് യുവജനസംഘടനകളും; വിഷയത്തിൽ ഇടപെടണമെന്ന് സർക്കാറിനെ അറിയിച്ച് ജില്ലാ കലക്ടർ ടിവി അനുപമ; ദേശീയ പാതാ ഉപരോധം താൽക്കാലികമായി അവസാനിപ്പിച്ച് സമരക്കാർ

ആർ പിയൂഷ്

ആലപ്പുഴ: കെവി എം ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. കഴിഞ്ഞ ദിവസം കെവി എം ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി വന്നപ്പോളുള്ള ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ജയിൽ നിറയ്ക്കൽ സമരത്തിനൊരുങ്ങിയ നേഴ്‌സുമാർ ഇന്ന് ചേർത്തലയിൽ ദേശീയ പാത ഉപരോധിച്ചു. 10 മണിക്കൂറോളമാണ് ദേശീയ പാത നഴ്സുമാർ ഉപരോധിച്ചത്. തുടർന്ന് സമരത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അനുപമ സർക്കാരിനെ അറിയിച്ചു.

കെവി എം ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് സംസ്ഥാന വ്യാപകമായി നഴ്സുമാർ സമരം ആരംഭിച്ചിട്ടുണ്ട്. കാൽ ലക്ഷത്തോളം നഴ്സുമാരാണ് യുഎൻഎയുടെ നേതൃത്വത്തിൽ ഇന്ന് സമരത്തിന് ഇറങ്ങിയിരിക്കുന്നത്.

ചേർത്തലയിൽ യുഎൻഎ സംസ്ഥാന അധ്യക്ഷൻ ജാസ്മിൻ ഷായുടെ നേതൃത്വത്തിലാണ് നഴ്‌സുമാർ സമര രംഗത്തുള്ളത്. പണിമുടക്കുന്ന ആയിരക്കണക്കിന് നഴ്‌സുമാർ ചേർത്തല കെവി എം ആശുപത്രിയിലെത്തി സമരം ചെയ്യുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ചു. പതിനായിരത്തിലേറെ നഴ്‌സുമാർ ആലപ്പുഴയിൽ എത്തുന്നുണ്ടെന്നാണ് സംഘാടകരുടെ കണക്ക്.

സമരം അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ല്‌ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ തയ്യാറല്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. അതേസമയം സമരാനുകൂല നിലപാടെടുത്തി സമരം ശക്തമാക്കുമെന്നാണ് നഴ്‌സുമാർ പറയുന്നത്. അതേസമയം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറം ഫോർ സോഷ്യൽ ജസ്റ്റീസ് എന്ന സംഘടനയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നഴ്സുമാരുടെ പണമുടക്ക് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് ഹർജിക്കാർ വാദിക്കുന്നു.

ചേർത്തല കെവി എം ആശുപത്രിയിലെ തൊഴിലാളികളുടെ സമരം ഒത്തുതീർപ്പാക്കുക, ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കുക, ട്രെയിനി സമ്ബ്രദായം നിർത്തലാക്കുക, ആശുപത്രികളുടെ പ്രതികാരനടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി നഴ്സുമാർ പണിമുടക്കുന്നത്. അത്യാഹിതവിഭാഗം ഉൾപ്പെടെയുള്ള എമർജൻസി സർവീസിനെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 180 ദിവസം പിന്നിട്ട കെവി എം ആശുപത്രിയിലെ സമരം ഒത്തുതീർപ്പാക്കാൻ മാനേജ്മെന്റ് തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ തീരുമാനിച്ചത്.

നഴ്സുമാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആശുപത്രികളിൽ പുതുതായി രോഗികളെ കിടത്തി ചികിത്സയ്ക്ക് വിധേയമാക്കുന്നില്ല. നിലവിലുള്ളവരിൽ ആരോഗ്യസ്ഥിതി വീണ്ടെടുക്കാത്തവരെ പോലും സമരഭീതിയിൽ ആശുപത്രികളിൽ നിന്ന് വിട്ടയച്ചുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാലും കാത്ത് ലാബ്, സിസേറിയൻ തുടങ്ങിയ അടിയന്തിര മേഖലകളിൽ സമരാനുകൂലികൾ നഴ്സുമാരെ നിലനിർത്തിയിട്ടുണ്ട്. ഐസിയുകൾ ഏകോപിപ്പിച്ച് ഡ്യൂട്ടി ക്രമീകരിക്കുന്നതിനുള്ള സംവിധാനം ആശുപത്രി മാനേജ്മെന്റുകളും ചെയ്യുന്നുണ്ട്.

സമരത്തിൽ പങ്കെടുക്കാൻ നിരവധി പേർ എത്തിയിട്ടുണ്ടെങ്കിലും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് നഴ്സുമാർ വ്യക്തമാക്കി. എമർജൻസി ആവശ്യങ്ങൾക്ക് ആവശ്യമായ നഴ്സുമാർ ഡ്യൂട്ടിയിലുണ്ടെന്ന് ഉറപ്പാക്കി ബാക്കിയുള്ളവരാണ് സമരത്തിനായി വന്നിട്ടുള്ളതെന്ന് തൃശൂരിൽ നിന്നെത്തിയ അരുൺ പറഞ്ഞു.

 

പൊലീസിന്റെ വൻ സന്നാഹവും രാവിലെ മുതൽ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. കെവി എം ആശുപത്രിക്കും കനത്ത കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.സമരത്തെ തുടർന്ന് ദേശീയ പാതയിൽ ഇതിലൂടെയുള്ള ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. രാവിലെ മുതൽ തന്നെ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. ചേർത്തല ബൈപ്പാസിൽ നിന്നും പൊലീസ്, വാഹനങ്ങൾ വഴിതിരിച്ച് വിടുകയാണ്.

ന്യായമായ ആവശ്യങ്ങൾക്കാണ് തങ്ങൾ സമരം നടത്തുന്നതെന്നും എന്നാൽ മാനേജ്മെന്റിന്റെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് കടുത്ത സമരമുറയിലേക്ക് തങ്ങളെ എത്തിച്ചതെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് യാസ്മിൻ ഷാ പറഞ്ഞു.

യുഎൻഎ നൽകിയ നോട്ടീസ് അതീവ ഗൗരവത്തിലാണ് ഇതര മാനേജ്‌മെന്റുകൾ കൈപ്പറ്റിയിട്ടുള്ളത്. പലയിടത്തും മാനേജ്‌മെന്റുകൾ നോട്ടീസിന് മറുപടി നൽകിയിട്ടുണ്ട്. സമരം അന്യായമാണെന്നും രോഗികൾക്ക് പ്രയാസമുണ്ടാക്കുമെന്നുമുള്ള സൂചനകളോടെ പണിമുടക്കിൽ നിന്ന് പിന്മാറണമെന്നാണ് മറുപടികളിൽ പറയുന്നത്. ചില മറുപടി കത്തുകൾ പ്രകോപനകരമാണെന്ന ആക്ഷേപം നഴ്‌സുമാർക്കിടയിൽ നിന്നുണ്ട്. യുഎൻഎയ്ക്ക് ശക്തിയുള്ള എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, പത്തനംതിട്ട, വയനാട്, പാലക്കാട്, ഇടുക്കി, കണ്ണൂർ എന്നിവിടങ്ങളിലും സമരകേന്ദ്രമായ ആലപ്പുഴയിലും ആശുപത്രികളുടെ പ്രവർത്തനം ഏറക്കുറെ സ്തംഭനാവസ്ഥയിലാകും.

സമരം പ്രഖ്യാപിച്ച നഴ്‌സുമാർ ഫെബ്രുവരി 12 മുതലെ രോഗികൾക്കിടയിലും കൂട്ടിരിപ്പുകാർക്കിടയിലും ക്യാമ്പയിനുകൾ നടത്തി പിന്തുണ തേടിയിരുന്നു. ഡോക്ടർമാർ നടത്തുന്ന അപ്രതീക്ഷിതവും മുൻകൂട്ടിയുള്ളതുമായ പണിമുടക്ക് നാളുകളിൽ തങ്ങൾക്ക് ഒപ്പം നഴ്‌സുമാരാണുണ്ടാകാറുള്ളതെന്ന പരിഗണനയാണ് പലരും നൽകിയിട്ടുള്ളത്. കൊടുങ്ങല്ലൂരിൽ കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ പണി മുടക്കിയപ്പോഴുണ്ടായ ഭവിഷ്യത്ത് രോഗികളും കൂട്ടിരിപ്പുകാരും വിവരിച്ചു.

ചേർത്തലിയിൽ യുഎൻഎ സംസ്ഥാന ജനറൽ സെക്രട്ടറി സുജനപാൽ അച്യുതൻ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ചൊവ്വാഴ്ച ഏഴ് ദിവസം പിന്നിട്ടുണ്ട്. തൊഴിൽ, ആരോഗ്യ വകുപ്പ് അധികൃതരോ, ആലപ്പുഴ ജില്ലാ ഭരണകൂടമോ ഇതുവരെ സമരപന്തലിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നത് നഴ്‌സുമാരുടെ സമരവീര്യം വർദ്ധിപ്പിച്ചിരിക്കുകയാണ്.

അതേസമയം യുഎൻഎ നടത്തുന്ന സമരം അന്യായമാണെന്നാണ് മാനേജ്മെന്റ് പറയുന്നത്. ആനുകൂല്യങ്ങൾ നൽകുന്നില്ലെന്ന വാദവും ആശുപത്രി അടച്ചിട്ടിരിക്കുകയാണെന്ന പ്രചാരണവും വാസ്തവ വിരുദ്ധമാണ്. 2013ൽ സർക്കാർ പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ പ്രകാരം മിനിമം വേതനം നൽകുണ്ടെന്ന് ഡയറക്ടർ ആൻഡ് കെവി എം ചീഫ് മെഡിക്കൽ ഓഫീസർ വ്യക്തമാക്കുന്നു. എല്ലാ നഴ്‌സുമാർക്കും അടിസ്ഥാന ശമ്പളവും ഡി.എയും മറ്റ് അലവൻസുകളും ഇഎസ്‌ഐ, പിഎഫ് ഉൾപ്പടെ എല്ലാ ആനൂകൂല്യങ്ങളും തൊഴിൽ വകുപ്പിന്റെ വേജ് പ്രൊട്ടക്ഷൻ സംവിധാനത്തിലൂടെ നൽകുന്നുണ്ട്. ഇതും തൊഴിൽ വകുപ്പ് ഉദ്യോസ്ഥരുടെ മേൽനോട്ടത്തിലാണ് നൽകുന്നത്. സർക്കാരിന്റെ പുതിയ ഉത്തരവ് കാത്തിരിക്കാതെ തന്നെ നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം വർദ്ധനവ് കൂടി നഴ്‌സുമാർക്ക് നൽകുന്നുണ്ടെന്നും കെവി എം മാനേജ്‌മെന്റ് പറയുന്നു.

നഴ്‌സുമാരുടെ സമരത്തെയും അവകാശത്തെയും പറ്റിയുള്ള മാനേജ്‌മെന്റിന്റ് അസത്യ പ്രചാരണം അവിടത്തെ ജനങ്ങൾക്ക് ബോധ്യമാണെന്ന് യുഎൻഎ അധ്യക്ഷൻ ജാസ്മിൻഷ ചൂണ്ടിക്കാട്ടുന്നു. ട്രെയിനികളെ കാലാവധി കഴിഞ്ഞ് പിരിച്ചുവിട്ടുവെന്ന മാനേജ്‌മെന്റ് നിലപാട് തന്നെ നിയമവിരുദ്ധമാണ്. വർഷങ്ങളുടെ പ്രാവീണ്യമുള്ളവരെ തുടരെ തുടരെ ട്രെയിനികളെന്ന രീതിയിൽ ജോലി ചെയ്യിപ്പിക്കുകയാണവിടെ. അതും 14 മുതൽ 16 മണിക്കൂർ വരെയാണ് ജോലി. മാന്യമായ വേതനവും തൊഴിൽ സുരക്ഷയും ആവശ്യപ്പെട്ടതിലുള്ള പ്രതികാരമാണ് നഴ്‌സുമാരെ പുറത്താക്കാനിടയാക്കിയത്.

ഇക്കാര്യത്തിൽ നിരവധി ചർച്ചകൾ നടന്നിരുന്നു. ഒന്നിലും യഥാർത്ഥ ഉടമകളെത്തിയിരുന്നില്ല. നേരിട്ട് ഹാജരാവാൻ തൊഴിൽ വകുപ്പ് ആവശ്യപ്പെട്ടിട്ടും പുല്ലവില കല്പിച്ചില്ല. മാന്യമായ ഒത്തുതീർപ്പ് ചർച്ചകളോട് ഇവർ മുഖം തിരിക്കുന്നു. മന്ത്രിമാരായ ഡോ.തോമസ് ഐസകും പി തിലോത്തമനും നിരന്തരം ബന്ധപ്പെട്ടിട്ടും കൂസലില്ല. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനുമുൾപ്പടെ വിഷയത്തിൽ ഇടപെട്ടു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ലെന്ന വാശിയിലാണ് മാനേജ്‌മെന്റെന്ന കാര്യവും ജാസ്മിൻ ഷാ ചൂണ്ടിക്കാട്ടുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP