Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഘർ വാപ്പസിക്കു കേരളത്തിലും തുടക്കമായി; ഇന്ന് ഹിന്ദുമതം സ്വീകരിച്ചത് അമ്പതോളം പേർ; ആലപ്പുഴയിൽ ഒരു ഗ്രാമത്തിൽനിന്നുമാത്രം 30 പേർ ഹൈന്ദവരായി; ക്രിസ്മസ് ദിനത്തിൽ ഇരുനൂറോളംപേരെ മടക്കിക്കൊണ്ടുവരുമെന്ന് ഹിന്ദു ഹെൽപ്പ്‌ലൈൻ മറുനാടൻ മലയാളിയോട്

ഘർ വാപ്പസിക്കു കേരളത്തിലും തുടക്കമായി; ഇന്ന് ഹിന്ദുമതം സ്വീകരിച്ചത് അമ്പതോളം പേർ; ആലപ്പുഴയിൽ ഒരു ഗ്രാമത്തിൽനിന്നുമാത്രം 30 പേർ ഹൈന്ദവരായി; ക്രിസ്മസ് ദിനത്തിൽ ഇരുനൂറോളംപേരെ മടക്കിക്കൊണ്ടുവരുമെന്ന് ഹിന്ദു ഹെൽപ്പ്‌ലൈൻ മറുനാടൻ മലയാളിയോട്

ആവണി ഗോപാൽ

ആലപ്പുഴ: ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലുള്ള ഘർ വാപ്പസി പരിപാടിക്ക് കേരളത്തിലും തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ധർമ്മപ്രസാരണന്റെ നേതൃത്വത്തിൽ നടക്കുന്ന ഘർ വാപ്പസിയുടെ ഭാഗമായി വിവിധ ജില്ലകളിൽ നിന്ന് അമ്പതോളം പേരാണ് ഇന്ന് ഹിന്ദുമതത്തിലേക്കു തിരികെയെത്തിയതെന്ന് ഹിന്ദു ഹെൽപ്പ് ലൈൻ അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. ക്രിസ്ത്യൻ-മുസ്ലിം മതങ്ങളിൽ നിന്നാണ് ഇവർ ഹിന്ദുമതത്തിലെത്തിയത്.

ആലപ്പുഴ കളിച്ചനെല്ലൂർ ഗ്രാമത്തിൽനിന്നുമാത്രം എട്ട് കുടുംബങ്ങളിൽ നിന്നായി മുപ്പതുപേരാണ് ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയത്. ക്രിസ്ത്യൻ മതവിശ്വാസികളായിരുന്ന ഇവർക്ക് കളിച്ചനെല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽവച്ചാണ് ഹിന്ദു ഹെൽപ്പ് ലൈനിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.

കാസർഗോഡ് ജില്ലയിൽ നിന്ന മുസ്ലിം മതവിശ്വാസികളായ ഏഴ് പേരും ക്രിസ്ത്യൻ മതത്തിൽനിന്ന് കൊല്ലത്ത് പുനലൂരിൽ നിന്ന് അഞ്ച് പേരും, എറണാകുളത്ത് രണ്ട് പേരും ഘർ വാപ്പസിയിൽ അണിചേർന്നു. ഹിന്ദുമതവിശ്വാസികളായി മാറിയവർക്ക് അതാതിടങ്ങളിൽ സ്വീകരണവും നൽകിയിരുന്നു.

വസ്ത്രവും നിലവിളക്കും മന്ത്രദീക്ഷയുമൊക്കെ നൽകിയാണ് ഇവരെയെല്ലാം ഹിന്ദുമതത്തിലേക്കു സ്വീകരിച്ചത്. സംഘപരിവാർ സംഘടനകൾ ഇതിന് പിന്തുണയുമായി ആദ്യാവസാനം രംഗത്തുണ്ടായിരുന്നു. പ്രത്യേക ഹോമവും ഇവർക്കായി സംഘടിപ്പിച്ചു.

ഏറ്റവും കൂടുതൽ പേർ എത്തിയ ആലപ്പുഴയിലെ കളിച്ചനെല്ലൂരിൽ നടന്ന സ്വീകരണ പരിപാടി വിശ്വഹിന്ദു പരിഷത്ത് ജില്ല പ്രസിഡന്റ് പ്രതാപ് ജി പടിക്കൽ ഉദ്ഘാടനംചെയ്തു. ഹിന്ദു ഹെൽപ് ലൈൻ സംസ്ഥാന കോഡിനേറ്റർ അനീഷ് ബാലകൃഷ്ണൻ വസ്ത്രദാനം നിർവ്വഹിച്ചു. ബജ്‌റംഗദൾ ജില്ല കോഡിനേറ്റർ രാജേന്ദ്രപ്രസാദ്, അജിത് കുമാർ, ജയചന്ദ്രൻ ജയപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

ക്രിസ്മസ് ദിനത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഘർ വാപ്പസി പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നും ഇരുനൂറോളം പേർ ആ ദിവസം ഹിന്ദുമതത്തിലേക്ക് എത്തുമെന്നും സംഘാടകർ അറിയിച്ചു.

ബിജെപി എംപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ അലിഗഢിൽ നടത്തുമെന്ന് പ്രഖ്യാപിച്ച കൂട്ട മതം മാറ്റച്ചടങ്ങ് പ്രതിഷേധത്തെ തുടർന്ന് ആർഎസ്എസ് ഉപേക്ഷിച്ചെങ്കിലും ഇതുമായി മുന്നോട്ടുപോകാനാണ് ഹിന്ദു ഹെൽപ്പ് ലൈൻ തീരുമാനിച്ചിരിക്കുന്നത്. വിശ്വഹിന്ദുപരിഷത്തിന്റെ പോഷക സംഘടനയാണ് ഹിന്ദു ഹെൽപ് ലൈനാണ്. പാലക്കാട്, കാസർഗോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിരവധി പേർ സ്വധർമ്മത്തിലെക്ക് വരാൻ തയ്യാറായിട്ടുണ്ടെന്നും അവരെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് ഹിന്ദു ഹെൽപ് ലൈൻ സംസ്ഥാന കോ ഓഡിനേറ്റർ അനീഷ് ബാലകൃഷൻ മറുനാടൻ മലയാളിയോട് പറഞ്ഞത്.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ തന്നെയാണ് സംസ്ഥാനത്തും മതപരിവർത്തന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. വിഎച്ച്പിയുടെ ധർമ്മ പ്രചാർ എന്ന ഘടകമാണ് ഇതിന് പിന്നിൽ. ഇതിന്റെ പ്രവർത്തനങ്ങളെ ഹിന്ദു ഹെൽപ്പ് ലൈനാണ് ഏകോപിപ്പിക്കുന്നത്. ഹിന്ദു മതത്തിലേക്ക് തിരിച്ചുവരുന്നവർക്കായി ഹെൽപ്പ് ലൈൻ നമ്പറുകളും ഇതിന്റെ വൈബ് സൈറ്റിലുണ്ട്. ഹിന്ദു സമൂഹങ്ങൾക്ക് സേവനങ്ങൾ എത്തിക്കുന്നതിന് വേണ്ടി നിൽക്കുന്നവരുടെ കൂട്ടായ്മയാണ് ഹിന്ദു ഹെൽപ്പ് ലൈൻ. മതപരിവർത്തനം ആഗ്രഹിക്കുന്നവർക്ക് ഈ വെബ്‌സൈറ്റിലെ നമ്പരുകളിൽ ഇനിയും ബന്ധപ്പെടാമെന്നും അനീഷ് ബാലകൃഷ്ണൻ പറഞ്ഞു.

നിർബന്ധിച്ചും, പ്രലോഭിപ്പിച്ചും ഹിന്ദു ധർമ്മത്തിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ട എല്ലാവർക്കും തിരിച്ച് ഹിന്ദു ധർമ്മത്തിലേക്ക് വരുവാനുള്ള അവസരമാണ് ഇതെന്നാണ് ഹിന്ദു ഹെൽപ് ലൈൻ പറയുന്നത്. വാട്‌സ് അപ്പ് പോലുള്ള സോഷ്യൽ മീഡിയ വഴിയും കേരളത്തിൽ ഘർ വാപ്പസിയുടെ പ്രചാരണം നടക്കുന്നുണ്ട്. സ്ഥിരമായി നടത്തുന്ന പരിപാടിയാണ് ഘർ വാപ്പസി എന്നാണ് സംഘ പരിവാർ നേതൃത്വം പറയുന്നത്. ആരേയും മതം മാറ്റുന്നില്ലെന്നും തെറ്റിദ്ധാരണകളുടേയും പ്രലോഭനങ്ങളുടേയും ഭാഗമായി പിരിഞ്ഞു പോയ സഹോദരങ്ങളെ തിരിച്ചു കൊണ്ടുവരലാണ് ഇതെന്നും നേതൃത്വം പറയുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തിലും ചടങ്ങുകൾ സംഘടിപ്പിച്ചത്.

കേരളത്തിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്ന വാർത്ത ഗൗരവമായി കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഭരണഘടനാനുസൃതമായി ഈ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

രാജ്യത്ത് വ്യാപകമാകുന്ന മതപരിവർത്തനം നിരോധിക്കണമെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പുനർമതപരിവർത്തനം ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കമാണ്. ഇത് ക്രിമിനൽ കുറ്റമായി പരിഗണിക്കണമെന്നും സിപിഐ(എം) പിബി ആവശ്യപ്പെട്ടു.

അതേസമയം, ആലപ്പുഴയിലും കൊല്ലത്തും നടന്നത് നിർബന്ധിത മതപരിവർത്തനം അല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ പറഞ്ഞു. അവർ ഹിന്ദു മതത്തിലേക്കു മടങ്ങിവരികയാണ് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP