Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടൽക്കൊലയിൽ മാപ്പും പറയും നഷ്ടപരിഹാരവും നൽകും; നാവികരെ നാട്ടിലെത്തിക്കാൻ എന്തിനും തയ്യാറായി ഇറ്റലി; ഒത്തുതീർപ്പ് വ്യവസ്ഥകൾ കേന്ദ്രം പരിശോധിക്കുന്നു. നാവികരെ കേസിൽ നിന്ന് ഒഴിവാക്കുന്നതിന് നിയമ കുരുക്കുകൾ ഏറെ

കടൽക്കൊലയിൽ മാപ്പും പറയും നഷ്ടപരിഹാരവും നൽകും; നാവികരെ നാട്ടിലെത്തിക്കാൻ എന്തിനും തയ്യാറായി ഇറ്റലി; ഒത്തുതീർപ്പ് വ്യവസ്ഥകൾ കേന്ദ്രം പരിശോധിക്കുന്നു. നാവികരെ കേസിൽ നിന്ന് ഒഴിവാക്കുന്നതിന് നിയമ കുരുക്കുകൾ ഏറെ

ന്യൂഡൽഹി: കടൽക്കൊലക്കേസിൽ നാവികരെ തിരികെ കൊണ്ടു പോകാൻ ഇറ്റലി ഒത്തു തീർപ്പിനൊരുങ്ങുന്നു. മരിച്ച മീൻപിടുത്തക്കാരുടെ കുടുംബങ്ങൾക്ക് കൂടുതൽ നഷ്ടപരിഹാരം നൽകാമെന്നും പരസ്യമായി മാപ്പ് പറയാമെന്നും ഇറ്റലി മുന്നോട്ട് വച്ച ഒത്തു തീർപ്പ് നിർദ്ദേശങ്ങളിലുണ്ട്. നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പരിശോധിച്ചുവരികയാണ്. എന്നാൽ ക്രിമിനൽ കേസ് എടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ഒരു ഒത്തുതീർപ്പ് നടക്കില്ലെന്നാണ് നിയമവൃത്തങ്ങളുടെ സൂചന. അന്താരാഷ്ട്ര കരാർ ഒപ്പിട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ഇറ്റലി ആഗ്രഹിക്കുന്നത്. നാവികർക്ക് ജോലിക്കിടെയുണ്ടായ കൈയബദ്ധം എന്ന നിലിയിൽ കേസ് ഒതുക്കി തീർക്കാനാണ് നീക്കം.

നാവികരായ മാസിമിലിയാനോ ലത്തോറെയ്ക്കും സാൽവത്തോറെ ജെറോണിനും വേണ്ടി അംബാസഡർ പരസ്യമായി മാപ്പ് പറയാമെന്നും കൊല്ലപ്പെട്ട മീൻപിടുത്തക്കാരുടെ കുടുംബാംഗങ്ങൾക്ക് കൂടുതൽ നഷ്ടപരിഹാരം നൽകാമെന്നും ഇറ്റലി മുന്നോട്ട് വച്ച നിർദ്ദേശങ്ങളിലുണ്ട്. ഇതിന് പകരമായി ഇരു നാവികരേയും മടങ്ങാൻ അനുവദിക്കണമെന്നും കേസ് ഇറ്റലിയിലേക്ക് മാറ്റണമെന്നും ഇറ്റാലിയൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉന്നത സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇറ്റലി മുന്നോട്ട് വച്ചിരിക്കുന്ന ഈ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പരിശോധിച്ചുവരിയാണ്.

2012 ഫെബ്രുവരിയിലാണ് രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്നത്.2012 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം നീണ്ടകരയിൽ വച്ച് ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്‌സി എന്ന കപ്പലിലുണ്ടായിരുന്ന രണ്ട് ഇറ്റാലിയൻ നാവികർ മത്സ്യത്തൊഴിലാളികളെ വെടിവച്ചു. ജെൽസ്റ്റിൻ, പിങ്കു എന്നീ മത്സ്യത്തൊഴിലാളികൾ വെടിയേറ്റ് തൽക്ഷണം മരിച്ചിരുന്നു. ശക്തമായ സമ്മർദ്ദത്തിനൊടുവിലാണ് നാവികർക്കെതിരെ കേസ് എടുത്തത്. അന്നുമതൽ ഇവരെ കൊണ്ടു പോകാനായി പല നീക്കവും ഇറ്റലി നടത്തി. മരിച്ചവരുടെ കുടുംബാഗങ്ങളുടെ സഹായത്തോടെ കേസ് ഒതുക്കി തീർക്കാനും ശ്രമിച്ചു. സർക്കാരിന്റെ മധ്യസ്ഥതയിൽ ഈ സാധ്യത തന്നെയാണ് വീണ്ടും അവർ തേടുന്നത്. എന്നാൽ ബന്ധുക്കൾ എതിർത്താൽ നാവികരുടെ കേസ് ഒതുക്കി തീർക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ഇവരുടെ നിലപാട് തന്നെയാകും നിർണ്ണായകം.

അതിനിടെ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ ഒത്തുതീർപ്പ് കോടതിയുടെ അനുമതിയോട് കൂടി മാത്രമെ സാധിക്കുകയുള്ളൂ. ഇതിനായി നിയമവിദഗ്ദരുമായും മന്ത്രാലയം ചർച്ച നടത്തിവരികയാണ്. നിലവിൽ ഇറ്റലിയിലുള്ള നാവികൻ മാസിമിലിയാനോ ലത്തോറെയ്ക്ക് ചികിത്സ പൂർത്തിയാക്കാൻ നാലുമാസം കൂടി നാട്ടിൽ തുടരാൻ അനുവദിക്കണമെന്ന അപേക്ഷയും ക്രിസ്തുമസിന് നാട്ടിൽ പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള സാൽവത്തോറെ ജിറോണിന്റെ അപേക്ഷയും സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടർന്ന് ഇന്ത്യയിലെ അംബാസിഡറായ ഡാനിയേൽ മാഞ്ചീനിയെ ഇറ്റലി തിരികെ വിളിച്ചിരുന്നു.

എന്തായാലും ഇറ്റലിയിൽ ചികിൽസ തുടരുന്ന നാവികനെ ലത്തോറെ മാസിമില്ലിയോനോയെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കില്ലെന്നും സൂചന. അതുകൊണ്ട് തന്നെ ജാമ്യക്കാലവധിക്ക് മുമ്പ് തന്നെ കേസിൽ ഒത്തു തീർപ്പ് സാധ്യമാക്കാനാണ് നീക്കം. ഇന്ത്യയിലെ സുപ്രീംകോടതി വിധിയെക്കാൾ നാവികന്റെ ആരോഗ്യമാണ് ഇറ്റലിക്ക് പ്രധാനമെന്ന് പ്രതിരോധ മന്ത്രി റോബർട്ട പിനോട്ടി വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായി ഒത്തു തീർപ്പിനുള്ള സാധ്യത തേടുന്നത്. ചികിൽസയിലുള്ള നാവികനെ വിട്ടു നൽകാതിരിക്കുമ്പോൾ ഇന്ത്യയിലുള്ള നാവികനെ നിയമപരമായി കുടുക്കം. അതുകൊണ്ടാണ് ഒത്തുതീർപ്പിന് ഇറ്റലി സന്നദ്ധമായത്.

ചികിത്സക്കായി ഇറ്റലിയിൽ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കടൽക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയൻ നാവികൻ ലത്തോറെ മാസിമിലിയോനോ ജാമ്യാപേക്ഷ കോടതിയിൽ നൽകിയിരുന്നു. ജനുവരി എട്ടിന് ഹൃദയശസ്ത്രക്രിയ നടത്തേണ്ടതിനാൽ ഇറ്റലിയിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു ലത്തോറെ മാസിമിലിയോനോയുടെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. കേസിലെ പ്രതിയായ രണ്ടാമത്തെ നാവികൻ ക്രിസ്മസ് ആഘോഷത്തിനായി നാട്ടിൽപോകാനും ജാമ്യത്തിന് ഹർജി നൽകിയിരുന്നു. ഈ രണ്ട് ഹർജികളും സുപ്രിം കോടതി തള്ളി. നിയമക്കുരുക്കുകൾ മുറുകുന്നുവെന്ന് മനസ്സിലാക്കിയാണ് ഒത്തുതീർപ്പിന് ഇറ്റലി തയ്യാറാകുന്നത്.

ആഗസ്തിൽ മസ്തിഷ്‌കാഘാതമുണ്ടായതിനെ തുടർന്നാണ് ലത്തോറെ മാസിമിലിയോനോയെ ചികിത്സക്കായി ഇറ്റലിയിലേക്ക് പോകാൻ അനുവദിച്ചത്. ലത്തോറെക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു. 2011ൽ നടന്ന കൊലപാതകക്കേസിൽ അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ കോടതി വിധിയിൽ നിരാശ പ്രകടിപ്പിച്ച് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗേരിനിയും ഇന്ത്യക്കെതിരെ രംഗത്തുവന്നിരുന്നു. ഈ സമ്മർദ്ദവും ഫലിച്ചില്ല. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ നിർദ്ദേശങ്ങൾ ഇന്ത്യയ്ക്ക് മുന്നിൽ ഇറ്റലി വച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP