Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മോദിയെ മടയിൽ പോയി നേരിട്ട രാഹുലിനെ അടുത്ത പ്രധാനമന്ത്രിയായി വാഴ്‌ത്തി കോൺഗ്രസിന്റെ നിഴൽ പ്രചാരണം; കർണാടകയടക്കം നാലുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ മാത്രം നേരിട്ടുള്ള പ്രചാരണം; മോദി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന ആക്രമണത്തിനൊപ്പം നെക്സ്റ്റ് പിഎം ആർജി എന്ന പേരിൽ സോഷ്യൽ മീഡിയ പേജുകളും

മോദിയെ മടയിൽ പോയി നേരിട്ട രാഹുലിനെ അടുത്ത പ്രധാനമന്ത്രിയായി വാഴ്‌ത്തി കോൺഗ്രസിന്റെ നിഴൽ പ്രചാരണം; കർണാടകയടക്കം നാലുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ മാത്രം നേരിട്ടുള്ള പ്രചാരണം;  മോദി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന ആക്രമണത്തിനൊപ്പം നെക്സ്റ്റ് പിഎം ആർജി എന്ന പേരിൽ സോഷ്യൽ മീഡിയ പേജുകളും

മറുനാടൻ മലയാളി ഡസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദിയെ മടയിൽ പോയി നേരിടാൻ തീരുമാനമെടുത്തതോടെയാണ് രാഹുൽ ഗാന്ധിയുടെ ഗ്രാഫ് ഉയർന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെ വിശ്വാസ്യത ഏറി. യുഎസിലെ ബെർകലെയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിൽ 70 തികഞ്ഞ ഇന്ത്യയെ കുറിച്ച് പ്രസംഗിച്ച് കൈയടി നേടിയുള്ള രാഹുലിന്റെ മടങ്ങിവരവും മാധ്യമങ്ങളിലെ ആഘോഷവുമൊക്കെ പഴയ പപ്പുമോൻ ഇമജിൽ നിന്നുള്ള ആശ്വാസകരമായ മോചനമായിരുന്നു.

നാക്ക് പിഴയുടെ പേരിൽ ആക്ഷേപം കേട്ട കോൺഗ്രസ് അദ്ധ്യക്ഷന്റെ മൊഴിമുത്തുകൾ ട്വിറ്ററിലൂടെ പറന്നു നടക്കുന്ന കാലവും വന്നു.ഇതോടെ കോൺഗ്രസിന്റെ പ്രചാരണ മാനേജർമാർ ഉണർന്നു. രാഹുൽ ഗാന്ധിയെ 2019 ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കാനുള്ള കച്ചമുറുക്കി.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടി കഴിഞ്ഞ ശേഷം രാഹുലിനെ കേന്ദ്രീകരിച്ച് പ്രചാരണം ആസൂത്രണം ചെയ്യാനാണ് പാർട്ടി കാത്തിരിക്കുന്നത്. എന്നാൽ, സോഷ്യൽ മീഡിയയിൽ ജനവികാരം അളക്കാനായി ചില കോൺഗ്രസ് വോളണ്ടിയർമാർ നിരവധി പേജുകളാണ് രാഹുലിനെ ഉയർത്തിക്കാട്ടി തുടങ്ങിയിരിക്കുന്നത്.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രാഹുൽ തന്നെയായിരിക്കും കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെങ്കിലും ജനങ്ങൾ ഇക്കാര്യത്തിൽ ഉൽസാഹഭരിതരാണോയെന്നാണ് പാർട്ടി പരീക്ഷിക്കുന്നത്. ജനങ്ങൾ എന്താണ് രാഹുലിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്നറിയാനും, അതനുസരിച്ച് തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കാനുമാണ് പാർട്ടി ആലോചിക്കുന്നത്.

അടിത്തറ പാകാൻ പ്രചാരണം

പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റുപാർട്ടികളുമായുള്ള സഖ്യങ്ങൾ അടക്കം നിരവധി ഇക്വേഷനുകൾ പാർട്ടിക്ക് മുന്നിലുണ്ട്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കും മുമ്പ് ഈ ആശയം ജനമനസ്സിൽ ചൂടുപിടിപ്പിക്കുക എന്നതാണ് പാർട്ടി തന്ത്രം.മോദിയെ രാഹുൽ ഒറ്റയ്ക്ക് നേരിടുമോ, അതോ,പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടുമോ എന്നൊക്കെയുള്ള സൂക്ഷ്മമായ കാര്യങ്ങൾ കൂടി പരിശോധിച്ചുവേണം കോൺഗ്രസിന് കരുക്കൾ ഒരുക്കാൻ. പാർട്ടിയുടെ ഔദ്യോഗിക പ്രചാരണം തുടങ്ങാൻ സമയം ഇനിയേറെയുണ്ടെങ്കിലും എല്ലാത്തിനും അടിത്തറ പാകി തുടങ്ങിക്കഴിഞ്ഞുവെന്ന് അർഥം.

Rahul Gandhi As Next PM of India', 'RG Next PM of India', 'Next PM RG' എന്നിങ്ങനെയാണ് ഫെയ്സ് ബുക്ക് പേജുകൾ തുടങ്ങിയിരിക്കുന്നത്. ഇപ്രകാരം 20 ലധികം പേജുകളാണ് വിവിധ ഗ്രൂപ്പുകൾ ആരംഭിച്ചിരിക്കുന്നത്. ഇത് കേവലം നിലമൊരുക്കൽ മാത്രമാണെന്നും പ്രഥമ പരിഗണന കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കാണെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു

പാഠം പഠിച്ച രാഹുൽ

നേതൃത്വമില്ലായ്മയാണ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയപാർട്ടിയായ കോൺഗ്രസ് സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ പോരായ്മ. ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ ദേശീയ തലത്തിൽ സ്വാധീനമുള്ള നേതാക്കളായിരുന്നു. സോണിയാ ഗാന്ധി പാർട്ടി നേതൃസ്ഥാനം ഏറ്റെടുത്തെങ്കിലും, രാജ്യത്തെ മുഴുവൻ പ്രവർത്തരുടെയും നേതാവാകാൻ അവർക്ക് സാധിച്ചിരുന്നില്ല. രണ്ടാം നിരയിലെ നേതാക്കളാരും തന്നെ ദേശീയതലത്തിലേക്ക് ഉയർന്നുവന്നതുമില്ല. ആ സ്വാധീനമില്ലായ്മയാണ് പാർട്ടിയെ പല തുരത്തുകളാക്കി ക്ഷീണിപ്പിച്ചതും കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് കൂപ്പുകുത്തിച്ചതും.

പാഠങ്ങളൊക്കെ വൈകിയാണെങ്കിലും ഉൾക്കൊള്ളുകയാണ് രാഹുൽ ഗാന്ധി ഇപ്പോൾ. പാർട്ടി ഉപാദ്ധ്യക്ഷൻ അടുത്തിടെ കാലിഫോർണിയ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ പറഞ്ഞ പല കാര്യങ്ങളും ആ തിരിച്ചറിവ് പ്രതിഫലിപ്പിക്കുന്നതാണ്. കോൺഗ്രസ് ജനങ്ങളിൽനിന്ന് അകന്നു എന്ന യാഥാർഥ്യം രാഹുൽ അംഗീകരിച്ചതുതന്നെ ആ തിരിച്ചറിവിന് തെളിവാണ്. എന്തുകൊണ്ട് ജനങ്ങളുമായുള്ള ബന്ധം അറ്റുവെന്ന് മനസ്സിലാക്കുകയും അത് പരിഹരിച്ച് മുന്നോട്ടുപോവുകയുമാണ് തന്റെ ദൗത്യമെന്ന് രാഹുൽ ഉറപ്പിക്കുന്നു.

രണ്ടാം യു.പി.എ. ഭരണകാലത്ത് പാർട്ടിയിൽ എങ്ങനെയോ കടന്നുകൂടിയ ചില ധാർഷ്ട്യങ്ങളാണ് കോൺഗ്രസ്സിനെ ജനങ്ങളിൽനിന്ന് ഇത്രമേൽ അകറ്റിയതെന്നാണ് രാഹുൽ വിലയിരുത്തിയത്. മന്മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണത്തിനെതിരേ ഉയർന്ന അഴിമതിയാരോപണങ്ങളും അതിനൊരു പങ്ക് വഹിച്ചിട്ടുണ്ട്. അഴിമതിയാരോപണങ്ങളെ പ്രതിരോധിക്കാനാവാതെ കോൺഗ്രസ് കൂടുതൽ ദുർബലമായി.

മറ്റ് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ ചരടുമുറുക്കിയപ്പോൾ അതിനെ പ്രതിരോധിക്കാനുള്ള നേതൃത്വമികവും കോൺഗ്രസ്സിന് ഉണ്ടായിരുന്നില്

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന കാര്യത്തിൽ കോൺഗ്രസ്സിനുള്ളിലുള്ളവർക്കുപോലും സംശയമില്ല. രാഹുലിന്റെ നീക്കവും അതുമനസ്സിലാക്കിത്തന്നെയാണ്. എന്നാൽ, 2024-ൽ ബിജെപിയെയും നരേന്ദ്ര മോദിയെയും എതിർക്കാൻ ശേഷിയുള്ള പാർട്ടിയായി കോൺഗ്രസ്സിനെ മാറ്റുകയാണ് രാഹുലിന്റെ ലക്ഷ്യം. ഭരണപരമായ ചുമതലകൾ ഏറ്റെടുക്കാൻ താൻ തയ്യാറാണെന്ന് രാഹുൽ കാലിഫോർണിയയിൽ പ്രഖ്യാപിച്ചതിനെ ആ രീതിയിലാണ് കാണേണ്ടത്.

2024-ലെ തിരഞ്ഞെടുപ്പിൽ പ്രായവും തനിക്ക് അനുകൂല ഘടകമാകുമെന്ന് രാഹുൽ കരുതുന്നു. 2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ നയിക്കുന്നത് മോദിയാണെങ്കിൽ, അന്നദ്ദേഹത്തിന് 73 വയസ്സുണ്ടാകും. രാഹുലിന് 53-ഉം. പാർട്ടി അദ്ധ്യക്ഷസ്ഥാനം ഇക്കൊല്ലമോ അടുത്തവർഷം തുടക്കത്തിലോ രാഹുൽ ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. പാർട്ടിയെ നേർദിശയിൽ നയിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരവിന് പ്രാപ്തമാക്കാൻ അപ്പോഴേക്കും രാഹുലിന് വേണ്ടത്ര സമയവും ലഭിക്കും.

രാഹുലിന്റെ രാഷ്ട്രീയ പ്രവേശം

സോണിയ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി അമേഠിയിൽ മത്സരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി ഒരിടവേളയ്ക്ക് ശേഷം മാധ്യമങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്നത്. കാഴ്ചയിൽ രാജീവ് ഗാന്ധിയെ ഓർമിപ്പിക്കുന്ന രാഹുൽ ഒരു പ്രചരണ തന്ത്രം കൂടിയായിരുന്നു സോണിയയ്ക്ക് അന്ന്. അത് രാഹുലിന്റെ പൊതുരംഗത്തേയ്ക്കുള്ള കടന്നുവരവിന്റെ ആരംഭം കൂടിയായി ഇതുമാറി

.പിതാവ് മത്സരിച്ചു ജയിച്ചിട്ടുള്ള അമേഠി മണ്ഡലത്തിൽ നിന്നുമായിരുന്നു രാഹുലിന്റെ രാഷ്ട്രീയത്തിലേക്കുള്ള കാൽവെയ്‌പ്പ്. 2004ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. അമേഠിയിൽ നിന്നും ജയിച്ച് ലോക്സഭയിലേക്ക് എത്തുകയും ചെയ്തു. ഇതോടെ അമ്മയ്ക്കൊപ്പം പൊതുപരിപാടികളിലും കോൺഗ്രസ് പാർട്ടി മീറ്റിങ്ങുകളിലും പങ്കെടുത്തു തുടങ്ങി. 2006ൽ റായ്ബറേലിയിൽ നിന്നും മത്സരിച്ച് ജയിച്ച സോണിയാഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യ ആയുധമാക്കിയതും രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയുമായിരുന്നു. 2007ഓടെ കോൺഗ്രസ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി രാഹുൽ മാറി.

ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ കരുത്തായി മാറിയ രാഹുൽ യുവാക്കളെ കോൺഗ്രസിലേക്ക് ആകർഷിക്കാൻ വലിയ ഘടകമായി. കോൺഗ്രസിന്റെ ശക്തികൂട്ടാൻ രാജ്യമുടനീളം സഞ്ചരിച്ചു. പതുക്കെ പതുക്കെ കോൺഗ്രസിന്റെ കരുത്തായി മാറി. അപ്പോഴെ പലരും പ്രവചിച്ചു ഭാവിയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ എന്ന്. ഒടുവിൽ അതു സത്യമായി മാറുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP