Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തനിക്കും സഹോദരനും നീതികിട്ടിയില്ലെന്നും സമരം തുടരുമെന്നും സൂചന നൽകി ശ്രീജിത്ത്; ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി പോകുന്നത് ചിലരുമായി കൂടിയാലോചനയ്ക്ക് എന്ന് മറുനാടനോട്; താൻ സമരം ചെയ്തിടത്തെ ഫ്‌ളക്‌സ് സമരത്തെ തോൽപിക്കാൻ ശ്രമിച്ച ചിലർ മാറ്റിയതായി സംശയിച്ച് ഫേസ്‌ബുക്ക് ലൈവിൽ ശ്രീജിവിന്റെ സഹോദരൻ

തനിക്കും സഹോദരനും നീതികിട്ടിയില്ലെന്നും സമരം തുടരുമെന്നും സൂചന നൽകി ശ്രീജിത്ത്; ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി പോകുന്നത് ചിലരുമായി കൂടിയാലോചനയ്ക്ക് എന്ന് മറുനാടനോട്; താൻ സമരം ചെയ്തിടത്തെ ഫ്‌ളക്‌സ് സമരത്തെ തോൽപിക്കാൻ ശ്രമിച്ച ചിലർ മാറ്റിയതായി സംശയിച്ച് ഫേസ്‌ബുക്ക് ലൈവിൽ ശ്രീജിവിന്റെ സഹോദരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സഹോദരന്റെ മരണത്തിൽ നീതിതേടി നടത്തിയ സമരം അവസാനിപ്പിച്ചത് താൽക്കാലികമായാണെന്നും വീണ്ടും സമരത്തിനെത്തുമെന്നും വ്യക്തമാക്കി ശ്രീജിത്ത്. തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും വീണ്ടും സമരത്തിന് എത്തിയേക്കുമെന്നും ഉള്ള സൂചനകളാണ് ശ്രീജിത്ത് നൽകുന്നത്. സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡിമരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിവന്നത്. സിബിഐ അന്വേഷണം ഏറ്റെടുക്കുകയും മൊഴിയെടുക്കുകയും ചെയ്തതിന് പിന്നാലെ ജനുവരി 31ന് ശ്രീജിത്ത് സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രീജിത്ത് ഇന്ന് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങി. ഇതിനിടെയാണ് ഫേസ്‌ബുക്ക് ലൈവിലൂടെ താൻ സമരം താൽക്കാലികമായാണ് അവസാനിപ്പിച്ചതെന്ന് വ്യക്തമാക്കി ശ്രീജിത്ത് രംഗത്തെത്തുന്നത്. സമരം തുടർന്നേക്കുമെന്ന സൂചന മറുനാടനുമായി ശ്രീജിത്ത് പങ്കുവയ്ക്കുകയും ചെയ്തു. വീട്ടിലേക്ക് മടങ്ങുകയാണെന്നും സമരം തുടരുന്ന കാര്യം ചിലരുമായി കൂടിയാലോചന നടത്തിയ ശേഷം തീരുമാനിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി പോകുന്നു. ചില ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. സമരം ആരംഭിക്കുന്ന കാര്യം പൂർണ്ണമായും തള്ളാതെ് ശ്രീജിത്ത് പറഞ്ഞു. ഇപ്പോൾ വീട്ടിലേക്ക് അല്ല, മറ്റൊരു സ്ഥലത്തേക്ക് ആണ് പോകുന്നത്. ചിലരുമായി സംസാരിച്ചതിന് ശേഷം മാത്രമെ ബാക്കി കാര്യങ്ങൾ തീരുമാനിക്കുകയുള്ളുവെന്നും ശ്രീജിത്ത് മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

വീണ്ടും സമരത്തിന് എത്തുമെന്ന് വ്യക്തമാക്കിയാണ് താൻ സമരസ്ഥലം വിട്ടതെന്ന് ശ്രീജിത്ത് ഫേസ്‌ബുക്ക് ലൈവിൽ വ്യക്തമാക്കി. താൻ സമരം ചെയ്തിടത്ത് വച്ചിരുന്ന ഫ്‌ളക്‌സ് ചിലർ മാറ്റി. വളരെ വിഷമമുണ്ടായ കാര്യമാണ്. സമരത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചവരാണ് ആ ഫ്‌ളക്‌സ് നശിപ്പിച്ചത്. വളരെ ഓർമ്മകളുള്ള ഫ്‌ളക്‌സായിരുന്നു അത്. എന്റെ മാനസികാവസ്ഥ മനസ്സിലാക്കാതെയാണ് അത്തരമൊരു പ്രവൃത്തി ഉണ്ടായത്. നല്ലവരായ മനുഷ്യർ എന്നോടൊപ്പം ഉണ്ടാവണം. എനിക്കും സഹോദരനും നീതി ലഭിച്ചിട്ടില്ല. എല്ലാവരുടേയും സഹായവും സഹകരണവും പ്രാർത്ഥനയും തുടർന്നും ഉണ്ടാവണം. ആ ഫ്‌ളക്‌സ് എടുത്തുമാറ്റിയവർ അത് കീറിക്കളഞ്ഞിട്ടില്ലെങ്കിൽ അത് എനിക്ക് നൽകണം. - വളരെ വേദനയോടെ ശ്രീജിത്ത് പറയുന്നു.

781 ദിവസത്തിന് ശേഷമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ച് മടങ്ങിയത്. പൊലീസ് കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തിൽ മരിച്ച ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന സഹോദരൻ ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. സിബിഐ മൊഴി രേഖപ്പെടുത്തിയതോടയാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. നേരത്തെ, സിബിഐ അന്വേഷണം പ്രഖ്യാപിച്ച അവസരത്തിൽ അന്വേഷണ നടപടികൾ തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലായിരുന്നു ശ്രീജിത്ത്. മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് ലഭിച്ചിട്ടും സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ശ്രീജിത്ത് തീരുമാനമെടുത്തിരുന്നില്ല. പിന്നീട് രണ്ടു മണിക്കൂർ നീണ്ട മൊഴി എടുക്കലിനു ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

2014 മെയ് 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയൽവാസിയായ പെൺകുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് എറണാകുളത്തേക്ക് മൊബൈൽ റിപ്പയറിംങ്ങ് ഷോപ്പിൽ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജിവ് വീട്ടുകാരുമായി പോലും അധികം സംസാരിച്ചിരുന്നില്ല.

2014 മെയ് 12ന് രാത്രി ഒരു സംഘം പൊലീസുകാർ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ശ്രീജിവിനെ അന്വേഷിക്കുകയായിരുന്നു. എന്താണ് കാര്യമെന്നാരാഞ്ഞ കുടുംബത്തോട് വെറും പെറ്റിക്കേസാണെന്നാണ് പൊലീസ് നൽകിയ വിശദീകരണം. ശ്രീജിവ് എത്തിയാൽ ഉടൻ തന്നെ സ്റ്റേഷനുമായി ബന്ധപ്പെടാൻ പറയണമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ശ്രീജിവിന്റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറിൽ വച്ച് പൊലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ അന്വേഷച്ചെങ്കിലും അവർക്ക് അറസ്റ്റിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

അനിയന് നീതി കിട്ടണം എന്നാവിശ്യപ്പെട്ട് സമരം ചെയ്ത ശ്രീജിത്തിനേയും പൊലീസുകാർ വെറുതേ വിട്ടില്ല. സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം കിടക്കുന്നത് കാരണം ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥ കാരണം ഇടയ്ക്ക് വൈകുന്നേരങ്ങളിൽ കപ്പലണ്ടി കച്ചവടം നടത്തിയിരുന്നു. സമരം ചെയ്യാൻ വന്നവൻ സമരം ചെയ്താൽ മതി എന്ന് പറഞ്ഞ പൊലീസ് അത് അവസാനിപ്പിച്ചു. പിന്നെ വായിക്കാൻ ശ്രീജിത്തുകൊണ്ട് വന്ന പുസ്തകങ്ങൾ പൊലീസ് എ.ആർ ക്യാമ്പിൽ കൊണ്ട് പോയി കത്തിച്ച് കളയുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP