Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആർപ്പുവിളിച്ചും തിയേറ്റർ നിറച്ച് ഫാൻസുകാർ; മകന്റെ ചിത്രത്തിന് നൂറിൽ നൂറുറപ്പിക്കാൻ അതിഥി വേഷത്തിലെത്തി അച്ഛൻ; പ്രതീക്ഷകൾക്കൊത്ത് കൈയടക്കത്തോടെ ത്രില്ലറിൽ നിറഞ്ഞ് മകനും; ഇനി കിരീടവും ചെങ്കോലുമെല്ലാം പ്രണവിന് സ്വന്തമെന്ന വിലയിരുത്തലുമായി ആദ്യ ഷോ; ആദിയെ കുറിച്ച് കേൾക്കുന്നത് മികച്ച പ്രതികരണങ്ങൾ മാത്രം

പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആർപ്പുവിളിച്ചും തിയേറ്റർ നിറച്ച് ഫാൻസുകാർ; മകന്റെ ചിത്രത്തിന് നൂറിൽ നൂറുറപ്പിക്കാൻ അതിഥി വേഷത്തിലെത്തി അച്ഛൻ; പ്രതീക്ഷകൾക്കൊത്ത് കൈയടക്കത്തോടെ ത്രില്ലറിൽ നിറഞ്ഞ് മകനും; ഇനി കിരീടവും ചെങ്കോലുമെല്ലാം പ്രണവിന് സ്വന്തമെന്ന വിലയിരുത്തലുമായി ആദ്യ ഷോ; ആദിയെ കുറിച്ച് കേൾക്കുന്നത് മികച്ച പ്രതികരണങ്ങൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അച്ഛന്റെ മകനായി അരങ്ങേറ്റം. മലയാളത്തിലെ ഒരു തുടക്കക്കാരനും കിട്ടാത്ത ആവേശമാണ് മോഹൻലാലിന്റെ മകൻ ആദിയുടെ നായകനായുള്ള ആദ്യ ചിത്രത്തിന് കിട്ടിയത്. പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും താരരാജാവിന്റെ മകൻ വെള്ളിത്തിരയിൽ നായകനായി അരങ്ങേറി. അച്ഛനിൽ നിന്ന് മകനിലേക്ക് കിരീടവും ചെങ്കോലും കൈമാറുന്നതിന് സമാനമായിരുന്നു കാര്യങ്ങൾ. തിയേറ്ററുകൾ ഇളക്കി മറിച്ച് പ്രണവ് മോഹൻലാലിന്റെ നായക അരങ്ങേറ്റം അച്ഛന്റെ ഫാൻസുകാർ ഗംഭീരമാക്കി.

പ്രണവ് മോഹൻലാൽ പ്രതീക്ഷകൾ തെറ്റിച്ചിട്ടില്ല എന്ന സൂചനയാണ് ആദ്യ ഷോ നൽകുന്നത്. ആദ്യ പകുതിയിൽ കൈയടക്കത്തോടെയുള്ള മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. മകന് പിന്തുണയുമായി സൂപ്പർതാരം മോഹൻലാലും ചിത്രത്തിലുണ്ട്. പുതിയ കാലത്തെ മലയാള സിനിമയിലെ ത്രില്ലറുകളുടെ ഉസ്താദാണ് ജീത്തു ജോസഫ്. ഡിറ്റക്ടീവ്, മെമ്മറീസ്, ദൃശ്യം, ഊഴം എന്നിവ ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലർ ചിത്രങ്ങളാണ്. ഇതിന് സമാനമാണ് 'ആദി'എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മലയാളത്തിൽ ആദ്യമായാണ് പാർക്കൗർ വരുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മനോഹരമാക്കാൻ പ്രണവ് നേരത്തേ പാർക്കൗർ പരിശീലനം നടത്തിയിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാർക്കൗർ. പാർക്കൗർ പോലുള്ള സാഹസിക രംഗങ്ങൾ പോലും ഡ്യൂപ്പില്ലാതെ പ്രണവ് മോഹൻലാൽ സ്വന്തമായാണ് ചെയ്തിരിക്കുന്നത്. പഠനകാലത്ത് പാർക്കൗറിന്റെ ചെറിയ പരിശീലനങ്ങൾ ലഭിച്ചിട്ടുള്ള ആളാണ് പ്രണവ്. ഇതും പ്രേക്ഷകർ കൈയടിയോടെ സ്വീകരിക്കുന്നു. പ്രണവ് അവതരിപ്പിക്കുന്ന ആദിത്യ മോഹൻ എന്ന കഥാപാത്രം ഒരു സംഗീത പ്രേമിയാണ്. സംഗീതമാണ് അയാളുടെ സ്വപ്നം. ആദിയിലെ ഇംഗ്ലീഷ് പാട്ടിന് വരികൾ എഴുതിയതും പാടിയതും ഗിറ്റാർ വായിച്ചതും പ്രണവ് തന്നെയാണ്.

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ദിലീപിന്റേയുമെല്ലാം ചിത്രങ്ങൾക്ക് ആദ്യ ദിവസം ലഭിക്കുന്ന വരവേൽപ്പാണ് തുടക്കകാരനായ പ്രണവിനും കിട്ടിയത്. അച്ഛനോളും മോനും വളരുമെന്ന തരത്തിലാണ് സിനിമയുടെ ആദ്യ റിവ്യൂകളും വരുന്നത്. പ്രണവ് പ്രതീക്ഷിയ്‌ക്കൊത്തുയർന്നുവെന്നും പറയുന്നു. എന്നാൽ ആദ്യ ദിനം കണ്ടവരെല്ലാം ഫാൻസുകാരാണ്. മോഹൻ ലാൽ ആരാധകരുടെ നേതൃത്വത്തിൽ തന്നെ പ്രണവ് ചിത്രത്തിന് വേണ്ടിയും തയ്യാറെടുപ്പുകൾ നടത്തി. അത് ഫലം കണ്ടതാണ് ആദിയെന്ന ജിത്തു ജോസഫ് ചിത്രത്തിന് ആദ്യ ദിനം ഗുണകരമായി മാറുന്നത്. ഒരു പുതുമുഖ താര ചിത്രത്തിന് ലഭിച്ച ആദ്യ ദിനം കളക്ഷൻ റിക്കോർഡ് ആദി തകർക്കുമെന്നാണ് സൂചനകൾ.

മുന്നൂറോളം തിയേറ്ററുകളിൽ ആദി ആദ്യ ദിനത്തിൽ എത്തിയത്. 1500 ഷോകളും ഉണ്ടെന്നാണ് അണിയറക്കാരുടെ അവകാശ വാദം. കേരളത്തിൽ മാത്രം 200ഓളം തിയേറ്ററുകളിൽ ആദി എത്തുന്നുണ്ട്. ലാലിന്റെ ഡ്രൈവറായി തുടങ്ങി വിശ്വസ്തനായ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ ആദ്യം ഒരുക്കിയത് നരസിംഹമായിരുന്നു. ജനുവരി 26നായിരുന്നു ഈ ചിത്രവും റിലീസ് ചെയ്തത്. ഈ ഭാഗ്യം കൂടി ലക്ഷ്യമിട്ടാണ് മകന്റെ ചിത്രവും ജനുവരി 26ന് പുറത്തിറക്കിയത്. തിയേറ്റർ സംഘടനയുടെ നേതാവ് കൂടിയാണ് ആന്റണി. അതും പ്രണവ് ചിത്രത്തിന്റെ കൃത്യമായ മാർക്കറ്റിംഗിന് സഹായകമായിട്ടുണ്ട്.

മേജർ രവി സംവിധാനം ചെയ്ത 'പുനർജ്ജനി' യിലൂടെയായിരുന്നു പ്രണവ് സിനിമയിലേക്കെത്തുന്നത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും അന്ന് നേടിയിരുന്നു. പിന്നീട് 'ഒന്നാമൻ' എന്ന സിനിമയിൽ മോഹൻലാലിന്റെ കുട്ടിക്കാലത്തെ അവതരിപ്പിച്ചതും പ്രണവായിരുന്നു. ബാലതാരമായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ പ്രണവ് വീണ്ടും സിനിമയിൽ എത്തുമെന്ന് പ്രേക്ഷകർ അന്നേ ഉറപ്പിച്ചിരുന്നു. അതെന്ന് സംഭവിക്കുമെന്നുള്ള കാത്തിരിപ്പിലായിരുന്നു പിന്നീട്. വർഷങ്ങൾക്ക് ശേഷം 'സാഗർ ഏലിയാസ് ജാക്കി'യിലെ ഒരു ഗാനരംഗത്തിലാണ് താരത്തെ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP