Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നേരായ മാർഗ്ഗത്തിൽ കെജ്രിവാളിനെ പുറത്താക്കാൻ സാധിക്കില്ലെന്ന് ഉറപ്പായപ്പോൾ വളഞ്ഞവഴി സ്വീകരിച്ച് ബിജെപി; പ്രതിഫലം ഇല്ലാത്ത വികേന്ദ്രീകരണ നടപടിയുടെ പേരിൽ 20 എംഎൽഎമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ കേന്ദ്ര ഇടപെടൽ ആരോപിച്ച് ആം ആദ്മി പാർട്ടി; മോദിയുടെ മൂക്കിൻ തുമ്പത്തിരുന്ന് വെല്ലുവിളിക്കുന്ന കെജ്രിവാളിനെ മെരുക്കാൻ കച്ചകെട്ടി ബിജെപി

നേരായ മാർഗ്ഗത്തിൽ കെജ്രിവാളിനെ പുറത്താക്കാൻ സാധിക്കില്ലെന്ന് ഉറപ്പായപ്പോൾ വളഞ്ഞവഴി സ്വീകരിച്ച് ബിജെപി; പ്രതിഫലം ഇല്ലാത്ത  വികേന്ദ്രീകരണ നടപടിയുടെ പേരിൽ 20 എംഎൽഎമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ കേന്ദ്ര ഇടപെടൽ ആരോപിച്ച് ആം ആദ്മി പാർട്ടി; മോദിയുടെ മൂക്കിൻ തുമ്പത്തിരുന്ന് വെല്ലുവിളിക്കുന്ന കെജ്രിവാളിനെ മെരുക്കാൻ കച്ചകെട്ടി ബിജെപി

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: ഡൽഹി ജനത ഇതുവരെ കണ്ട സർക്കാറുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ പാതയിൽ സഞ്ചരിച്ച് ദരിദ്ര കോളനികളിൽ പോലും വികസനത്തിന്റെ കുതിപ്പു സമ്മാനിക്കാൻ ആം ആദ്മി സർക്കാറിന് സാധിച്ചിരുന്നു. പരിമിതമായ അധികാരങ്ങൾക്കിടയിൽ നിന്നു കൊണ്ട് ശക്തമായ ഇടപെടൽ നടത്തുകയായിരുന്നു കെജ്രിവാളും കൂട്ടരും. സാധാരക്കാർക്ക് വേണ്ടി വൈദ്യുതിയും വെള്ളവും എത്തിച്ച ഡൽഹി സർക്കാർ സാധാരണക്കാരുടെ ഇഷ്ട സർക്കാറായെങ്കിൽ മറുവശത്ത് കോർപ്പറേറ്റുകളുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കണ്ണിലെ കരടാണ് താനും. ഈ കരട് നീക്കാൻ വേണ്ടി നേരായാ മാർഗ്ഗത്തിലൂടെ പരിശ്രമിച്ചപ്പോൾ ബിജെപിക്ക് സാധിച്ചില്ല. അപ്പോൾ മുതൽ വളഞ്ഞ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു കേന്ദ്രസർക്കാർ. ഭരണപരമായ കാര്യങ്ങളിൽ പോലും പക്ഷഭേദം കാണിക്കുകയായിരുന്നു കേന്ദ്രസർക്കാർ ആം ആദ്മി സർക്കാറിനോട് ചെയ്തത്.

ഇപ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങി പ്രവർത്തിക്കുന്നു എന്ന ആരോപണം ശക്തമായി ഉയരുന്ന വേളയിൽ തന്നെയാണ് 20 ആം ആദ്മി എംഎൽഎമാരെ പുറത്താക്കി കൊണ്ടുള്ള നടപടി ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് പിന്നിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടെന്ന ആരോപണം ശക്തമാണ്. ആം ആദ്മി പാർട്ടി പരസ്യമായി തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇരട്ടപ്പദവി വിഷയത്തിന്റെ പേരിലാണ് എംഎൽഎമാർക്കെതിരെ നടപടിയെടുത്തത്. ഈ തീരുമാനത്തിലൂടെ കൂടുതൽ മോശമായ അവസ്ഥയിലേക്ക് നിപതിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷനെന്ന് എഎപി പ്രതികരിച്ചു. ആരോപണവിധേയരായ എംഎൽഎമാരുടെ ഭാഗം കേൾക്കാൻ പോലും തയാറാകാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇവരെ അയോഗ്യരാക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും എഎപി ആരോപിച്ചു.

അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ 2015ലെ ഡൽഹി നിയമസഭയിൽ ചരിത്രവിജയം നേടിയ ആംആദ്മി പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷൻ ഗൂഢാലോചന നടത്തിയതായും ആരോപണമുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ക. ജോതിയേയും കടുത്ത ഭാഷയിലാണ് എഎപി വിമർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തുകൊടുത്ത ഉപകാരങ്ങൾക്ക് വിരമിക്കുന്നതിന് മുൻപ് പ്രത്യുപകാരം ചെയ്യാനുള്ള തിടുക്കത്തിലാണ് ജോതിയെന്ന് എഎപിയെ പ്രതിനിധീകരിച്ച് മാധ്യമങ്ങളെ കണ്ട സൗരഭ് ഭരദ്വാജ് ആരോപിച്ചു.

ടി.എൻ. ശേഷന്റെ കാലത്ത് തിരഞ്ഞെടുപ്പു കമ്മിഷനുമായി സ്ഥിരമായ ബന്ധം പുലർത്തിയിരുന്ന തന്നെപ്പോലുള്ളവർക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ വളരെയധികം അധഃപതിച്ചതായാണ് തോന്നുന്നതെന്ന് എഎപി നേതാവ് അശുതോഷ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ തപാൽപ്പെട്ടിയല്ല തിരഞ്ഞെടുപ്പു കമ്മിഷനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ തപാൽപ്പെട്ടിയാണോ കമ്മിഷനെന്നു തോന്നുമെന്നും അശുതോഷ് കുറിച്ചു.

സാമ്പത്തിക നേട്ടമുള്ള ഇരട്ട സ്ഥാനങ്ങൾ വഹിക്കുന്നതിനെ സാധൂകരിക്കുന്ന ബിൽ നേരത്തെ രാഷ്ട്രപതിയും തള്ളിയാണ്. എന്നാൽ, കേന്ദ്രത്തിന്റെയും മോദിയുടേയും ഇടപെടലാണ് ഇപ്പോഴത്തെ നീക്കത്തിന് കാരണമായത്. നേരത്തെ 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത് പ്രതിഫലം പറ്റുന്ന പദവി സംബന്ധിച്ച നിയമത്തിന്റെ പരിധിയിൽ വരാതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചിരുന്നു. പാർലമെന്ററി സെക്രട്ടറിമാരായി നിയമിക്കപ്പെട്ട 21 പേരും ആ പദവിയുടെ പേരിൽ ഒരു പൈസ പോലും പ്രതിഫലം പറ്റുന്നില്ലെന്നും. സൗജന്യമായ സേവനമാണ് എല്ലാവരും നൽകുന്നതെന്നുമാണ ആം ആദ്മി സർക്കാർ വാദിച്ചത്.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഇരട്ട പദവി വഹിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് കാട്ടി രാഷ്ട്രപതിക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. 2015 മാർച്ചിലാണ് ആം ആദ്മി പാർട്ടി എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി അരവിന്ദ് കെജ്രിവാൾ സർക്കാർ നിയമിക്കുന്നത്. ഈ നടപടിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുകയും എംഎൽഎമാരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിശദീകരണം നൽകാനുള്ള അവസാന തീയതി 2016 മെയ് പത്തിന് അവസാനിച്ചിരുന്നു. 21 എംഎൽഎമാർ ഇരട്ടപദവി വഹിക്കുന്നതിന്റെ പേരിൽ ഒരു ബിജെപി പ്രവർത്തകനും രാഷ്ട്രപതിക്ക് പരാതി നൽകി. ഇതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണയിൽ എത്തിയിരുന്നു.

എംഎൽഎമാർ അയാഗ്യരാകുന്നത് തടയുന്നതിന് കെജ്രിവാൾ സർക്കാർ ബിൽ കൊണ്ടുവന്നിരുന്നു. അവസാന തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിയുടെ മുമ്പാകെ ബിൽ എത്തി. ഈ ബിൽ രാഷ്ട്രപതി മടക്കുകയും ചെയ്തു. ഇപ്പോഴത്തെ അവസ്ഥയിൽ കേവല ഭൂരിപക്ഷത്തിനുള്ള അംഗബലമായ 35 സീറ്റ് ഉള്ളതിനാൽ 20 എംഎ‍ൽഎമാരെ അയോഗ്യരാക്കുന്നത് അരവിന്ദ് കെജ്രിവാൾ സർക്കാറിനെ പ്രതികൂലമായി ബാധിക്കില്ല. 20 സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന് മാത്രം. 70 അംഗ നിയമസഭയിൽ 66 എംഎ‍ൽഎമാരാണ് എ.എ.പിക്കുള്ളത്. അയോഗ്യത വന്നതോടെ ഭൂരിപക്ഷം 46 ആയി കുറയും. ബിജെപിക്ക് നാല് എംഎ‍ൽഎമാരും.

എംഎ‍ൽഎമാരെ അയോഗ്യരാക്കിയതിന് പിന്നാലെ സർക്കാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കെജ്രിവാൾ സർക്കാർ അഴിമതിക്കാരുടേതാണെന്ന് ഡൽഹി പി.സി.സി അധ്യക്ഷൻ ആരോപിച്ചു. കെജ്രിവാൾ സർക്കാർ രാജിവെക്കണെന്ന് ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയും കോൺഗ്രസും എതിരാണെങ്കിലും ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ പിന്തുണക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല.

അടുത്തിടെ ബവാന നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ബിജെപിയിലേക്ക് ചേരിമാറിയയാളെ തന്നെ തോൽപിച്ച് ആം ആദ്മി പാർട്ടിക്ക് സീറ്റ് നിലനിർത്തിയിരുന്നു. 24,052 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആം ആദ്മി സ്ഥാനാർത്ഥി രാം ചന്ദർ ബിജെപി സ്ഥാനാർത്ഥിയെ തോൽപിച്ചത്. രാം ചന്ദർ 59,886 വോട്ടുകൾ നേടിയപ്പോൾ ബിജെപിയുടെ വേദ് പ്രകാശിന് 35,834 വോട്ട് മാത്രമാണ് നേടാനായത്. കോൺഗ്രസ് സ്ഥാനാർത്ഥി സുരീന്ദർ കുമാർ 31,919 വോട്ടുകളുമായി മൂന്നാം സ്ഥാനത്തായി.

ഡൽഹിയിൽ വെല്ലുവിളി നേരിടുന്ന ആം ആദ്മി പാർട്ടിക്ക് വിജയം ആത്മവിശ്വാസം പകർന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ 20 മണ്ഡലങ്ങളിൽ കൂടി ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങും. എന്നാൽ, ആപ്പിനുള്ളിൽ നിലനിൽക്കുന്ന ചേരിപ്പോരുകൾ അവർക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക ശക്തമാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ പടലപ്പിണക്കങ്ങൾ ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ബിജെപിക്കും കോൺഗ്രസിനും ആപ്പിനും ഒരുപോലെ പ്രാധാന്യമുള്ളതാണ്.

റിലയൻസ് അടക്കമുള്ള കോർപ്പറേറ്റുകളുടെ കടുത്ത വിമർശകനായതോടെയാണ് കെജ്രിവാളിനെയും കൂട്ടരെയും കേന്ദ്ര സർക്കാർ പലവിധത്തിൽ വിരിഞ്ഞു മുറുകിയത്. തികച്ചും ജനപക്ഷത്ത് ചേർന്ന് നിന്നുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് ആപ്പ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വൈദ്യുതി നിരക്ക് വർധിച്ച് കൊണ്ടിരിക്കെ ഡൽഹിയിൽ വർധിച്ച നിരക്ക് കുറയ്ക്കാനാണ് ആംആദ്മി തയ്യാറായിരിക്കന്നത്. അതായത് ഇപ്പോഴുള്ള നിരക്ക് സർക്കാർ പകുതിയായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. വൈദ്യുതി നിരക്ക് ഇത്തരത്തിൽ കുറയ്ക്കുമെന്നത് കെജരിവാളിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. നിരക്ക് കുറയ്ക്കാൻ പല കടമ്പകളും സർക്കാരിന് മറികടക്കേണ്ടി വന്നിരുന്നു. എന്നാൽ കെജരിവാളിന്റെ ദൃഢനിശ്ചയത്തിന് മുന്നിൽ അവയെല്ലാം ഇല്ലാതാവുകായിരുന്നു. ഡൽഹിയിലെ ജനങ്ങൾ നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് കുടിവെള്ളം. തങ്ങളുടെ മാതൃകാപരമായ നടപടിയിലൂടെ ഇതിനും ഒരു പരിധി വരെ പരിഹാരമുണ്ടാക്കാൻ ആപ്പ് സർക്കാരിന് സാധിച്ചതായി കാണാം. അതായത് 700 ലിറ്റർ കുടിവെള്ളം പ്രതിദിനം സൗജന്യമായി നൽകാനുള്ള പദ്ധതിയാണ് ഇതുപ്രകാരം കെജരിവാൾ സർക്കാർ നടപ്പിലാക്കിയത്. ജനങ്ങൾക്ക് നേരിട്ട് അനുഭവഭേദ്യമാകുന്ന ഇത്തരം പരിഷ്‌കാരങ്ങളിലൂടെ ജനപിന്തുണ നിലനിർത്തുന്നതിൽ സർക്കാർ ഒരു പരിധി വരെ വിജയിച്ചു.

കെജ്രിവാൾ സർക്കാരിന്റെ നേട്ടങ്ങളേക്കാൾ വിവാദങ്ങൾ ആഘോഷമാക്കാനായിരുന്നു മിക്ക മാധ്യമങ്ങളും ഇക്കാലത്ത് താൽപര്യപ്പെട്ടിരുന്നത്. ഇതിന് പുറമെ ആംആദ്മിയിലെ നേതാക്കൾ തമ്മിലുള്ള തൊഴുത്തിൽക്കുത്തും പ്രശ്നങ്ങളുണ്ടാക്കി. പാർട്ടിയുമായി കലഹിച്ച് പുറത്തുപോയ മുതിർന്ന നേതാക്കളും സർക്കാരിനെ ആക്രമിക്കാനാണ് ശ്രമിച്ചത്. വൈദ്യുതിവിതരണക്കമ്പനികളുമായി ആദ്യഘട്ടം മുതൽക്ക് തന്നെ കെജരിവാൾ സർക്കാർ പോരാട്ടത്തിലായിരുന്നു. നഷ്ടത്തിലാണെന്ന് കമ്പനികൾ പറയുമ്പോൾ വൈദ്യുതിനിരക്ക് പകുതിയാക്കാനുള്ള തീരുമാവുമായി സർക്കാർ മുന്നോട്ട് പോയതായിരുന്നു ഈ അഭിപ്രായവ്യത്യാസത്തിനുള്ള കാരണം. പ്രതിമാസം 400 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്കുള്ള ഈ ആനുകൂല്യം ഡൽഹിയിലെ പകുതിയിലധികം പേർക്കും ഉപകാരപ്പെടുന്നതായിരുന്നു. എ.എ.പി. സർക്കാർ അധികാരത്തിലേറ്റയുടൻ എടുത്ത കന്നി തീരുമാനവും ഇതായിരുന്നു.

അഴിമതിയെ തുടച്ച് നീക്കുകയെന്നതാണ് ആം ആദ്മി പാർട്ടിയുടെ അടിസ്ഥാന ആദർശമെന്ന് പറയാം. 100 ദിവസത്തിനിടെ അതിന് വേണ്ടി പാർട്ടി കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കോർപ്പറേറ്റുകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാനും ആപ്പ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ശ്രമിച്ചിരുന്നു. എന്നാൽ ഇത് പ്രതീക്ഷിച്ചത്ര വിജയം കണ്ടോ എന്ന കാര്യം സംശയമാണ്. ഗാംലിന്റെ നിയമനത്തെ ശരിവച്ച ലെഫ്റ്റനന്റ് ഗവർണറെ പിന്തുണച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയത് കെജരിവാൾ സർക്കാരിന് ഈ രംഗത്ത് തിരിച്ചടിയായി. എന്നാലും അടിസ്ഥാനതലത്തിലുള്ള അഴിമതി ഗണ്യമായ നിരക്കിൽ കുറയ്ക്കാൻ സർക്കാറിന് കഴിഞ്ഞിരുന്നു.

അഴിമതിക്ക് മൂക്കുകയറിടാനായി കെജരിവാൾ ഏപ്രിലിൽ നടപ്പാക്കിയ ആന്റി കറപ്ഷൻ ഹെൽപ്പ് ലൈനിന് വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്. ഒരുമാസത്തിനകം ഒന്നേകാൽ ലക്ഷത്തോളം പേരാണ് ഈ ഹെൽപ് ലൈനിൽ പരാതി സമർപ്പിച്ചിരുന്നത്. ഇതിനെത്തുടർന്ന് 35പേരെ അറസ്റ്റുചെയ്യുകയും 150 പേരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. ശേഷിക്കുന്ന പരാതികളിൽ അന്വേഷണം നടക്കുകയാണ്. എന്നാൽ, അഴിമതിവിരുദ്ധവകുപ്പിന് കീഴിൽ ഡൽഹി സർക്കാറിന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരെ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്നാണ് കേന്ദ്രം പറയുന്നത്. ഇതിലൂടെ അഴിമതിക്ക് കുപ്രസിദ്ധരായ ഡൽഹി പൊലീസും ഉദ്യോഗസ്ഥവൃന്ദവും കെജരിവാളിന്റെ വലയിൽ നിന്ന് ചോർന്ന് പോകാൻ കാരണമാവുകയും ചെയ്യും.

അടിസ്ഥാന വിഭാഗങ്ങൾക്ക് സഹായകമാകുന്ന ക്ഷേമപദ്ധതികളാണ് ആം ആദ്മി സർക്കാറിന്റെപ്രത്യേക നേട്ടങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന കാര്യം. ഡൽഹിയിലെ കർഷകർക്ക് ആശ്വാസം പകരാൻ സർക്കാറിന് സാധിച്ചു എന്നത് ചെറിയ നേട്ടമല്ല. ഈവർഷമാദ്യമുണ്ടായ മഴയിൽ, കൃഷി നശിച്ചുപോയവർക്ക് ഏക്കറിന് 20,000 രൂപ നിരക്കിൽ നഷ്ടപരിഹാരം നൽകിയത് കെജ്രിവാൾ നൽകിയ വാഗ്ദാനത്തിന്റെ പാലനമായിരുന്നു. കൂടാതെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകിയതും സർക്കാർ സ്റ്റേഡിയങ്ങൾ നാട്ടുകാർക്കായി തുറന്നുകൊടുത്തതും കെജ്രിവാളിന്റെ മികച്ച നേട്ടങ്ങളുടെ പട്ടികയിൽ പെടുന്ന കാര്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP