Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാവങ്ങളുടെ പടത്തലവനെ അധിക്ഷേപിച്ച വി.ടി.ബൽറാം വീണിടത്ത് കിടന്നുരുളാതെ മാപ്പ് പറഞ്ഞിട്ട് പോയാൽ മതിയെന്ന് സോഷ്യൽ മീഡിയ; ടിപി കേസിലെ വിവാദ ഫേസ്‌ബുക്ക് പോസ്‌റ്റോടെ കണ്ണിലെ കരടായ എംഎൽഎയെ കൂട്ടത്തോടെ കൈയൊഴിഞ്ഞ് കോൺഗ്രസ് നേതാക്കൾ; എകെജിയെ ബാലപീഡകനെന്ന് വിശേഷിപ്പിച്ച ബൽറാമിനെതിരെ പ്രതിഷേധം ശക്തമാക്കി സിപിഎം; തൃത്താലയിലെ ബൽറാമിന്റെ ഓഫീസിന് നേരേ ഡിവൈഎഫ്‌ഐ ആക്രമണം

പാവങ്ങളുടെ പടത്തലവനെ അധിക്ഷേപിച്ച വി.ടി.ബൽറാം വീണിടത്ത് കിടന്നുരുളാതെ മാപ്പ് പറഞ്ഞിട്ട് പോയാൽ മതിയെന്ന് സോഷ്യൽ മീഡിയ; ടിപി കേസിലെ വിവാദ ഫേസ്‌ബുക്ക് പോസ്‌റ്റോടെ കണ്ണിലെ കരടായ എംഎൽഎയെ കൂട്ടത്തോടെ കൈയൊഴിഞ്ഞ് കോൺഗ്രസ് നേതാക്കൾ; എകെജിയെ ബാലപീഡകനെന്ന് വിശേഷിപ്പിച്ച ബൽറാമിനെതിരെ പ്രതിഷേധം ശക്തമാക്കി സിപിഎം; തൃത്താലയിലെ ബൽറാമിന്റെ ഓഫീസിന് നേരേ ഡിവൈഎഫ്‌ഐ ആക്രമണം

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് അട്ടിമറിച്ചുവെന്ന ഫേസ്്ബുക്ക് പോസ്റ്റിന് പിന്നാലെ എ.കെ.ഗോപാലനെ ബാലപീഡകൻ എന്ന് കൂടി അധിക്ഷേപിച്ചതോടെ ആരാധകവൃന്ദമൊഴിഞ്ഞ് വി.ടി.ബൽറാം എംഎൽഎ കോൺഗ്രസിൽ തീർത്തും ഒറ്റപ്പെട്ടുവെന്നാണ് പ്രതിഷേധക്കൊടുങ്കാറ്റുകൾ സൂചിപ്പിക്കുന്നത്. ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിൽ താനിട്ട പോസ്റ്റിന് ബൽറാം വിശദീകരണവുമായി വന്നെങ്കിലും അതൊന്നും കോൺഗ്രസ് നേതാക്കൾക്ക് പോലും ബോധ്യപ്പെടുന്ന മട്ടില്ല.

'അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനിൽ ലഭ്യമായ വിവരങ്ങൾ ആരും ആവർത്തിക്കരുത് എന്ന് ഭക്തന്മാർ വാശിപിടിച്ചാൽ അത് എപ്പോഴും നടന്നു എന്ന് വരില്ല. മുൻപൊരിക്കൽ അഭിപ്രായം പറഞ്ഞ എഴുത്തുകാരൻ സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ല.'ഇതാണ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന ബൽറാമിന്റെ പ്രതികരണം.

ബൽറാമിനെ തള്ളി ആദ്യം രംഗത്തെത്തിയത് കെ.മുരളീധരനും, വി.ഡി.സതീശനുമാണ്. എ കെ ജി യെ കുറിച്ചുള്ള വി ടി ബൽറാമിന്റെ പരാമർശം ദൗർഭാഗ്യകരമെന്ന് കെ മുരളിധരൻ അഭിപ്രായപ്പെട്ടു. അത്തരം പരാമർശം നടത്തുന്നത് കോൺഗ്രസ് സംസ്‌കാരത്തിന് ചേർന്നതല്ലെന്നും വിടിയുടെ പരാമർശം ശരിയായില്ലെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.മികച്ച പാർലമെന്ററിയൻ കൂടിയായ എ കെ ജി യെ കുറിച്ചു എതിർ രാഷ്ട്രീയ കക്ഷിയിൽ ഉള്ളവർക്കു പോലും നല്ല അഭിപ്രായം ആണെന്നും മുരളി വ്യക്തമാക്കി.

ബൽറാമിന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും കോൺഗ്രസ്സ് പാർട്ടിക്ക് ഇത്തരത്തിലൊരു അഭിപ്രായമില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. അതുകൊണ്ടുതന്നെ ബൽറാമിന്റെ അഭിപ്രായത്തെ പാർട്ടി അഭിപ്രായമായി കാണരുത്. ബൽറാമിന്റെ വിവാദ പ്രസ്താവന പാർട്ടി വേദിയിൽ ഉടൻ തന്നെ ചർച്ച ചെയ്യുമെന്നും തന്റെ നിലപാട് അപ്പോൾ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.മൺമറഞ്ഞുപോയ വ്യക്തിത്വങ്ങളെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത് തെറ്റാണെന്ന് ഷാനിമോൾ ഉസ്മാനും പ്രതികരിച്ചു. തന്റെ ഫേസ്‌ബുക്ക് പേജിലായിരുന്നു ഷാനിമോൾ ബൽറാമിനെ വിമർശിച്ചത്. ബൽറാം തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ബൽറാമിന്റെ വിവാദപ്രസ്താവനയും കോൺഗ്രസ് നേതാക്കളുടെ മുഖം ചുളിപ്പിച്ചിരുന്നു.'ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കോൺഗ്രസ് അവസാനിപ്പിക്കണം. തോമസ് ചാണ്ടി ഉൾപ്പെടെയുള്ള അഴിമതിക്കാർക്കെതിരെ രംഗത്തുവരണം. കോൺഗ്രസ് മുക്ത കേരളമാണ് സിപിഎമ്മിന്റെ അപ്രഖ്യാപിത ലക്ഷ്യം. അത് മുന്നിൽ കണ്ട് കോൺഗ്രസ് നേതൃത്വം ഉണർന്ന് പ്രവർത്തിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടിരുന്നു. ഇത് കോൺഗ്രസിനുള്ളിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ അന്വേഷണം അട്ടിമറിച്ചുവെന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ ബി.ടി ബൽറാം എംഎ‍ൽഎയെ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്തത്. ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ അടിസ്ഥാനമാക്കി പാലക്കാട് ബിജെപി ജില്ലാ സെക്രട്ടറി നേതാവ് പി.രാജീവ് നൽകിയ പരാതിയിലാണ് ചോദ്യം ചെയ്തത്.

അതേസമയം പാവങ്ങളുടെ പടത്തലവൻ എകെജി യെ അപമാനിച്ച് ഒരു കോൺഗ്രസ്സ് എം എൽ എ യുടെ നേതൃത്വത്തിൽ നടത്തുന്ന ഹീനമായ പ്രചാരണത്തെ ശക്തമായി അപലപിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. 'നീച് ആദ്മി' എന്ന് നരേന്ദ്രമോദിയെ വിശേഷിപ്പിച്ചതിന് മണിശങ്കർ അയ്യരെ പുറത്താക്കിയ പാർട്ടിയാണ് കോൺഗ്രസ്സ്.

സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കോൺഗ്രസ്സ് നേതാവുമായ എകെജി യെ മരണാനന്തരം നീചമായ വാക്കുകളിലൂടെ ആക്ഷേപിച്ച എംഎൽഎയോട് എന്താണ് സമീപനമെന്ന് രാഹുൽ ഗാന്ധിയും എ കെ ആന്റണിയും വ്യക്തമാക്കണം. എകെജി യുടെ മരണത്തിന് കൊതിച്ച് 'കാലൻ വന്ന് വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ' എന്ന് മുദ്രാവാക്യം വിളിച്ച പാരമ്ബര്യമാണ് കോൺഗ്രസ്സിന്റേത്.

അന്നുപോലും ആ നികൃഷ്ട മനസ്സിൽ നിന്നുയരാത്ത കുപ്രചരണമാണ് ഇന്ന് നടത്തുന്നത്. പാവപ്പെട്ടവർക്കും, അടിച്ചമർത്തപ്പെട്ടവർക്കും, തൊഴിലാളികൾക്കും വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച നേതാവാണ് എകെജി. സ്വാതന്ത്ര്യസമര ചരിത്രത്തിലും എകെജി യുടെ പങ്ക് ചെറുതല്ല. ജവഹർലാൽ നെഹ്‌റു അടക്കമുള്ള ദേശീയ നേതാക്കൾ എകെജി യോട് കാട്ടിയ ആദരവ് പാർലമെന്റ് രേഖകളിലെ തിളക്കമുള്ള ഏടാണെന്നും കോടിയേരി ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

സ്വന്തം മാതാപിതാക്കളെപ്പറ്റിപ്പോലും ബൽറാം സംശയം പറഞ്ഞാൽ അത്ഭുതമില്ലെന്നും ബൽറാമിന്റെ സംസ്‌കാരമാണ് എകെജിക്കെതിരായ പരാമർശത്തിലൂടെ പുറത്തുവന്നതെന്നും മ്ന്ത്രി എം.എം. മണി പറഞ്ഞു.

അതിനിടെ, എംഎൽഎയ്‌ക്കെതിരെ സൈബർവിമർശനങ്ങൾക്കൊപ്പം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചു.
വി.ടി. ബൽറാമിന്റെ ഓഫിസിന്റെ ബോർഡ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചുതകർത്തു. എ.കെ. ഗോപാലനെതിരെ ബൽറാം നടത്തിയ പരാമർശത്തിനെതിരെ തൃത്താല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെയായിരുന്നു അക്രമം. ഓഫിസിനു നേരെ പ്രവർത്തകർ കരിഓയിൽ പ്രയോഗവും നടത്തി.

എകെജി സുശീലാ ഗോപാലൻ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് വി.ടി. ബൽറാം എംഎൽഎ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. വിവാഹ സമയത്ത് സുശീലയുടെ പ്രായം 22 വയസ്സാണെന്നും 10 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്നും എ.കെ. ഗോപാലന്റെ ആത്മകഥ ഉദ്ധരിച്ച് ബൽറാം കുറിച്ചു.


സോഷ്യൽ മീഡിയയിൽ വന്ന ചില പ്രതികരണങ്ങൾ

കെ.ജെ ജേക്കബ്ബ് (റസിഡന്റ്‌റ് എഡിറ്റർ, ഡെക്കാൻ ക്രോണിക്കിൾ)

വി ടി ബൽറാമിന്റെ എ കെ ജിയെപ്പറ്റിയുള്ള ഒരു ക്രിമിനൽ കുറ്റാരോപണവും ഒരു ദുസൂചനയും അതിലൊന്നിന് നൽകിയ വിശദീകരണവും കണ്ടു.

ക്രിമിനൽ കുറ്റാരോപണം: 'ബാലപീഡനം നടത്തിയ കമ്മി നേതാവ് എ കെ ജി.'

അതിനുള്ള വിശദീകരണത്തിൽ 'ഹിന്ദു' പത്രത്തിൽ വന്ന ഒരു ഫീച്ചർ ഉദ്ധരിച്ച് ബൽറാം ഇങ്ങിനെ പറയുന്നു:

'ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്' എകെ ഗോപാലൻ എന്ന മധ്യവയസ്‌കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാർത്തയിൽ ഹിന്ദു ലേഖകൻ കൃത്യമായി പറയുന്നു.'

ഇത് ഹിന്ദു ലേഖകൻ പറയേണ്ട ആവശ്യമില്ല, എ കെ ജി തന്നെ പറഞ്ഞിട്ടുണ്ട്, ആത്മകഥയിൽ: 'വളരെക്കാലമായി ഞാൻ ആഗ്രഹിച്ചപോലെ എന്റെ സുഖദുഃഖങ്ങളും പ്രവർത്തനവും പങ്കിടാൻ തയാറുള്ള ഒരാൾ എന്റെ ജീവിതസഖാവായിത്തീർന്നു. ഒൻപതുവര്ഷം നീണ്ട കാത്തിരിപ്പ് ഞങ്ങളുടെ ജീവിതത്തിൽ മാധുര്യം കൂടി.'

ദശാബ്ദം എന്ന് നിങ്ങൾ പറയുമ്പോൾ ഒൻപതു വര്ഷം എന്ന് എ കെ ജി തന്നെ പറയുന്നു. അപ്പോൾ അതിലെന്താണ് പുതുതായി ഉള്ളത്? നിങ്ങളുടെ ആരോപണത്തെ സാധൂകരിക്കുന്ന എന്ത് വെളിപ്പെടുത്തലാണ് 'ഹിന്ദു' ലേഖനത്തിൽ ഉള്ളത്?

പക്ഷെ വിഷയം അതല്ലല്ലോ, ബൽറാം. എ കെ ജി പന്ത്രണ്ടു വയസുകാരിയെ പ്രണയിച്ചു എന്നല്ല നിങ്ങൾ പറഞ്ഞത്, അദ്ദേഹം ബാലപീഡനം നടത്തി എന്നാണ്. നമ്മുടെ സമൂഹം അങ്ങേയറ്റം വെറുക്കുന്ന ഒരു കുറ്റകൃത്യമാണ് ഇന്ത്യൻ പാർലമെന്റിലെ ആദ്യ പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തിരുന്ന മനുഷ്യന്റെ നേരെ നിങ്ങൾ ഉന്നയിക്കുന്നത്. ആ ആരോപണത്തിനാണ് തെളിവ് വേണ്ടത്, അല്ലാതെ അദ്ദേഹം പ്രണയിച്ചു എന്നതിനല്ല; അതിനുള്ള തെളിവ് അദ്ദേഹം തന്നെ നൽകിയിട്ടുണ്ട്.

രണ്ട്:

'പത്തുനാല്പതു വയസ്സുള്ള, വിവാഹിതനായ ഒരു വിപ്ലവ നേതാവ് ഒളിവുകാലത്തു അഭയം നൽകിയ വീട്ടിലെ പന്ത്രണ്ടു വയസ്സുകാരിയെക്കുറിച്ച് പറഞ്ഞതാണ്'

'വിവാഹിതനായ വിപ്ലവനേതാവ്' എന്ന് നിങ്ങൾ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? എ കെ ജി വിവാഹിതനായിരുന്നു, ആ വിവാഹം ഒഴിഞ്ഞു, ആദ്യ ഭാര്യ വീണ്ടും വിവാഹം കഴിച്ചു എന്ന് ആത്മകഥയിൽ പറയുന്നുണ്ട്. വിവാഹം ഒഴിയുകയും ആദ്യഭാര്യ പുനർവിവാഹം ചെയ്യുകയും ചെയ്ത ഒരാളെ 'വിവാഹിതൻ' എന്ന് ആ വാക്കിനു വലിയ അർത്ഥമുള്ള കോണ്ടെക്സ്റ്റിൽ പ്രയോഗിക്കുന്നത് എന്ത് മര്യാദയാണ്?

നിങ്ങൾ പറയുന്നതുപോലെ 'അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനിൽ ലഭ്യമായ വിവരങ്ങൾ' ആവർത്തിക്കാൻ നിങ്ങൾക്കവകാശമുണ്ട്. പക്ഷെ 'ബാലപീഡനം' ഏതു പബ്ലിക് ഡൊമൈനിൽ ലഭ്യമായ വിവരമാണ് എന്ന് നിങ്ങൾ പറഞ്ഞേ തീരൂ. സുശീലയെ പ്രണയിക്കുമ്പോൾ അദ്ദേഹം 'വിവാഹിതനാണ്' എന്ന പരാമര്ശത്തിനും നിങ്ങൾ വിശദീകരണം നൽകിയേ തീരൂ.

അതിനു കഴിവില്ലെങ്കിൽ ഇല്ലാത്ത ന്യായീകരണങ്ങൾ പറഞ്ഞു നിങ്ങള്ക്ക് ഒഴിഞ്ഞുമാറാനാവില്ല. നിങ്ങൾ ആ പരാമർശങ്ങൾ പിൻവലിച്ച് അദ്ദേഹത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മനുഷ്യരോട്അവരിൽ കോൺഗ്രസുകാരും ഉണ്ട്ക്ഷമ ചോദിക്കുക തന്നെ വേണം.

കേരളത്തിലെ ഒരു നിയമസഭംഗം സാധാരണ പുലർത്തുന്ന മാന്യത പുലർത്താൻ നിങ്ങൾക്കും ബാധ്യതയുണ്ട്.

ഒരിക്കൽക്കൂടി:

മരിച്ചുപോയ നേതാവിനെക്കുറിച്ച് നിങ്ങൾ ഉന്നയിച്ചത് അത്യന്തം ഗൗരവമായ ക്രിമിനൽ കുറ്റമാണ്. അതിനു തെളിവ് നൽകാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. ഇനി അതല്ല വഴിയേ പോകുമ്പോൾ മാവിന് കല്ലെറിയുന്ന കുട്ടിയാണ് താൻ എന്ന് സ്വയം കരുതാൻ രണ്ടാം പ്രാവശ്യം എം എൽ എ ആയ ആൾക്കു അവകാശമുണ്ട്, മാവിന്റെ ഉടമകൾ അതംഗീകരിച്ചാലും ഇല്ലെങ്കിലും.

പി കെ ശ്രീകാന്ത്

'കാലൻ വന്നു വിളിച്ചിട്ടും
പോകാതെന്തൂ ഗോപാലാ'

പണ്ട് സഖാവ് എകെജി അസുഖ ബാധിതനായി മരണശ്ശയ്യയിൽ കിടക്കുമ്പോൾ പഴയ ഖദർ കോൺഗ്രസുകാർ വിളിച്ച മുദ്രാവാക്യമാണ്.
എകെജി പോയി.സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ സ്ഥാനം അലങ്കരിച്ച അദ്ദേഹത്തിന് ചരിത്രം പാവങ്ങളുടെ പടത്തലവൻ എന്ന പേരും സമ്മാനിച്ചു.

പക്ഷേ ചരിത്രം ആവർത്തിക്കുകയാണ്.മാർക്‌സ് പറഞ്ഞ പോലെ ആദ്യം അവിചാരിതവും പിന്നീട് പ്രഹസനവുമായുമൊന്നുമല്ല.ഇവർ അന്നും ഇന്നും പ്രഹസനം മാത്രമാണ്.ബഹു തലങ്ങളിൽ വ്യാപിരിച്ചു കിടന്ന സ്വാതന്ത്ര സമര പോരാട്ടങ്ങൾ ഒറ്റ ആങ്കിളിലേക്ക് കൂട്ടി കെട്ടി ആ ഖദറിന്റെ പങ്കു പറ്റി കാലമിന്നോളം കക്കുക,മുക്കുക,കട്ടവന്റെ ആസനം കഴുകി കൊടുത്താണെങ്കിലും നക്കുക എന്ന ഒറ്റ രാഷ്ട്രീയത്തിന് വേണ്ടി കൈ മെയ് മറന്ന് ഒത്തു കൂടുന്ന ആള്കൂട്ട പാർട്ടിയുടെ പുതിയ താരോദയത്തിന്റെ പുത്തൻ ജോലി സംഘികളെ വെല്ലുന്ന തരത്തിൽ ചരിത്രത്തിന്റെ അപ നിർമ്മാണമാണ്.പണ്ട് എകെജിയെ കാലൻ വിളിക്കാത്തതിൽ അമർഷം കൊണ്ടവർ ഇന്ന് അര്മാദിക്കുന്നത് എകെജിയെ ശിശു പീഡകനായി ചിത്രീകരിച്ച് കൊണ്ട്.

' ഞാൻ ഒളിവിൽ നിന്ന് പുറത്ത് വന്നപ്പോൾ ഒരു സഖാവ് എന്നെ അറിയിച്ചു ' സുശീല ഫോട്ടോയും വെച്ച് കാത്തിരിക്കുന്നു അങ്ങ് എഴുത്തെഴുതാത്തതിൽ അവൾ ദുഃഖിതയാണു. അവളെ കാണണമെന്ന് ഞാൻ തീരുമാനിച്ചു.സഖാവ് കൃഷ്ണ പിള്ള എന്റെ കൂടെ വരാമെന്ന് പറഞ്ഞു . എന്നാൽ എനിക്കത് ചെയാൻ കഴിഞ്ഞില്ല . ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു . ഞാൻ കോയംബത്തൂർ ജയിലിൽ കിടക്കുംബോൾ അവൾ എന്നെ കാണാൻ വന്നു .

നാട്ടിലെ വളർന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് കൂടുതൽ മമത തോന്നി .

ഞാൻ ജയിലിൽ നിന്ന് പുറത്ത് വന്നാലുടനെ വിവാഹിതരാകണമെന്ന് ഞങ്ങൾ അവിടെവെച്ച് അപ്പോൾ തന്നെ തീരുമാനിച്ചു '
സ:എകെജിയുടെ ആത്മകഥയിൽ പേജ് 193 ൽ എഴുതിയതാണ് ഈ വാചകങ്ങൾ.ഇതിൽ സൂചിപ്പിച്ച പെണ്കുട്ടി സ:എകെജിയുടെ ഭാര്യ സുശീല ഗോപാലനു അന്ന് 19 വയസ്സ് പ്രായമുണ്ട്.ഈ രേഖയെ വളച്ചൊടിച്ചു ഫെയ്സ് ബുക്കിലെ വിശ്വ വിഖ്യാത ഫാസിസ്റ്റ് വിരുദ്ധ പോരാളി വിടി ബൽറാം പറയുന്നു എകെജി 12 വയസ്സു പെണ്കുട്ടിയോട് മോഹം തോന്നി ബാല പീഡനം നടത്തിയ കമ്മി നേതാവാണെന്ന്.

കേസും,മാപ്പും ഒക്കെ അതിന്റെ വഴിക്ക് നടക്കട്ടെ.കുറച്ചു നാളായി ബലരാമനും ഭക്ത ശിങ്കിടികളും ഒരേ പോലെയുള്ള വാചകങ്ങൾ വള്ളി പുള്ളി തെറ്റാതെ ആവർത്തിക്കുന്നത് കണ്ടപ്പോഴേ നിരീച്ച സംശയമാണ്.സീക്രട്ട് ഗ്രൂപ് ചർച്ച നടത്തി ഇമ്മാതിരി പണിക്ക് ഇറങ്ങുമ്പോ മിനിമം വീക്ഷണം പത്രമെങ്കിലും കൈ കൊണ്ട് തൊട്ടവനോടെങ്കിലും രണ്ടു വട്ടം ആലോചിക്കടെ.ഇല്ലെങ്കിൽ കേസും, മാപ്പും,കോപ്പിന്റെയുമൊക്കെ കൂടെ ആ

ത്മാഭിമാനമുള്ള മനുഷ്യരുടെ കൈ തരിപ്പും കൂടെയറിഞ്ഞെന്നു വരും.

ന്തോ, വയലൻസ് ആണെന്നല്ലേ..ആണുവ്വേ. ഇതേ എകെജി ജീവിച്ചിരുന്ന കാലത്ത് നീയൊക്കെ കാലു നക്കി വളർത്തിയ പഴയൊരു സാറിന്റെ മൂക്ക് ചെത്തി കണ്ടം വഴി ഓടിച്ചതും വയലൻസായിരുന്നു.

ബി അരുന്ധതി

ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎ യാണ്. പറയുന്നത് പൊതുസ്ഥലത്താണ്.
എ.കെ.ജി യെ കമ്യൂണിസ്റ്റ് പാർട്ടി നേതാവെന്ന രീതിയിൽ നിങ്ങൾ ബഹുമാനിക്കണമെന്നില്ല. പക്ഷെ ഇന്ത്യൻ ലോക് സഭയുടെ ആദ്യ പ്രതിപക്ഷ നേതാവ് ബാലപീഡനം നടത്തി എന്ന് യാതൊരു തെളിവുമില്ലാതെ വിളിച്ചുകൂവാൻ ഒരു ജനപ്രതിനിധിയെ അനുവദിച്ചുകൂടാ. ഒളിവിൽ സഖാവ് എ.കെ.ജിക്ക് അഭയം കൊടുത്ത മുഴുവൻ സ്ത്രീകളെയും വി.ടി.ബൽറാം അപമാനിക്കുകയാണ്.
ജനങ്ങൾ വിഡ്ഢികളാണെന്നും സ്വന്തം നിലവാരത്തിനനുസരിച്ച് എന്ത് വൃത്തികേട് പറഞ്ഞും രക്ഷപെടാമെന്നും നിങ്ങൾ വിചാരിക്കണ്ട.
എ.കെ.ജി യുടെ ബാലപീഡനത്തിന് തെളിവുണ്ടോ? ഇല്ലെങ്കിൽ മാപ്പ് പറയണം.
പറഞ്ഞിട്ട് പോയാ മതി.

അനീഷ് ഷംസുദീൻ

വീണ്ടും വി ടി ബൽറാം നുണ പറയുന്നു . വീണെങ്കിൽ എണീറ്റ് പോടെ , അവിടെ കിടന്ന് ഉരുളാതെ.....

എ കെ ജി യുടെ ജീവിതം ചരിത്രമാണു , അത് ഹിന്ദു പത്രത്തിനായാലും , ബൽറാമിനായാലും തിരുത്താൻ കഴിയില്ല .

ബൽറാം പറഞ്ഞത് പോലെ 1940 ൽ എ കെ ജി ഒളിവിലായിരുന്നു , പക്ഷെ സുശീലയുടെ വീട്ടിൽ ആയിരുന്നില്ല എന്നത് പോയിട്ട് കേരളത്തിൽ പോലുമായിരുന്നില്ല . തമിഴ് നാട്ടിൽ തൃശ്‌നാപ്പള്ളിയിലായിരുന്നു എ കെ ജി നാൽപത്കളിൽ ഒളിവിൽ കഴിഞ്ഞത് . അവിടെ ഒളിവിലിരുന്ന് റെയിൽവെ തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു എ കെ ജി .

ഒരു വർഷം തമിഴ് നാട്ടിലെ ഒളിവു ജീവിതത്തിനു ശേഷം 1941 മാർച്ച് 24 ന് തൃശ്‌നാപ്പള്ളിയിൽ അറസ്റ്റ് ചെയപ്പെട്ട എകെജി യെ , വെല്ലൂർ ജയിലിലാണു തടവിൽ പാർപ്പിച്ചത് .

എന്നാൽ 1941 സെപ്റ്റംബർ 25 അർദ്ധരാത്രിയിൽ എകെജിയും കൂട്ടരും വെല്ലൂർ ജയിലിലെ മതിൽ തുരന്ന് തടവ് ചാടി ഉത്തരേന്ത്യയിലേക്ക് രക്ഷപെട്ടു . നേരെ ബോംബെയിലേക്കും അവിടന്ന് കാൺപൂരിലേക്കും തുടർന്ന് കൽക്കട്ടയിലേക്ക് കടന്നു എ കെ ജി

കൽക്കട്ടയിലെ ഇഷ്ടികചൂളയിൽ ദുരിതപൂർണ്ണമായ ജോലിയെക്കുറിച്ചും അവിടെ തൊഴിലാളികളെ സംഘടിപ്പിച്ചതിനെക്കുറിച്ചും എ കെ ജി തന്നെ വിശദമായി എഴുതിയിട്ടുണ്ട് .

വർഷങ്ങൾ നീണ്ട ഉത്തരേന്ത്യയിലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് സഖാവ് വരുന്നത് 1946 ലെ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് മൽസരിക്കാനായിരുന്നു . ആ കാലഘട്ടത്തിലായിരുന്നു സഖാവ് സുശീലയുടെ വീട്ടിൽ ഒളിവിൽ താമസിച്ചത് . മൂന്ന് മാസത്തോളം എകെജി സുശീലയുടെ വീട്ടിൽ ഒളിവിൽ താമസിച്ചിരുന്നു . അന്ന് പതിനാറു
വയസുണ്ടായിരുന്ന സുശീല കോളേജ് വിദ്യാർത്ഥിനി ആയിരുന്നു .

( അന്നത്തെ കാലത്തെ ശരാശരി വിവാഹപ്രായം പതിനഞ്ച് പതിനാറു വയസായിരുന്നു എന്നൊക്കെ അറിയാൻ ബൽറാമിന്റെ വീട്ടിൽ മുത്തശിമാർ ഉണ്ടെങ്കിൽ അവരോട് കല്യാണം നടന്ന പ്രായം ചോദിചാൽ മതി )

1946 ൽ ഒളിവ് ജീവിതം വിട്ട് പുറത്ത് വന്ന എ കെ ജി അറസ്റ്റിലാകുകയും , ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുംബോൾ പോലും അദ്ദേഹം ജയിലിൽ അടക്കപ്പെടുകയുമായിരുന്നു . 1947 ൽ കോയംബത്തൂർ ജയിലിൽ കിടന്ന എ കെ ജി യെ സുശീല സന്ദർശ്ശിക്കുകയും അവിടെ വെച്ച് അവർ വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു ( ഈ സംഭവമാണു ബൽറാം വളച്ചൊടിച്ച് 12 വയസുള്ള പെൺകുട്ടിയെ കണ്ട് എ കെ ജി കാമാതുരനായെന്ന് എഴുതി വെച്ചത് )

പുന്നപ്ര വയലാറിന്റെ സമര പാരംബര്യമുള്ള കുടുംബത്തിൽ നിന്ന് വരുന്ന സുശീല അക്കാലത്ത് തന്നെ കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകയായിരുന്നു .1948ൽ തന്റെ പതിനെട്ട് വയസിൽ കമ്യുണിസ്റ്റ് പാർട്ടിയുടെ മെംബർഷിപ്പിൽ വന്നു , സഖാവ് സുശീല . സംഘടനാ പ്രവർത്തനം കാരണം കോളേജുകളിൽ നിന്ന് പുറത്താക്കപ്പെട്ട സുശീല നാലു കോളേജുകളിൽ നിന്നാണു ബിഎ പഠനം പൂർത്തിയാക്കിയത് . തന്റെ 23 ആമത്തെ വയസിലാണ് പാവങ്ങളുടെ പടത്തലവന്റെ ഭാര്യ ആയത്

ചുരുക്കിപറഞ്ഞാൽ സുശീലക്ക് 16 വയസുള്ളപ്പോളാണു എ കെ ജി ആദ്യമായി സുശീലയെ കാണുന്നത്.
17 വയസുള്ളപ്പോൾ കോയംബത്തൂർ ജയിൽ വെച്ച് അവർ വിവാഹിതരാകാൻ തീരുമാനിച്ചു.
23 ആം വയസിൽ അവർ വിവാഹിതയായി .

ഇനിയെങ്കിലും ശിശുപീഡക ശിഷ്യന്മാരുടെ ന്യായീകരണങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങല്ലെ ബൽറാമെ . ഒന്നുമില്ലെങ്കിലും നിങ്ങൾ 1940 ൽ ശിശുപീഡനം നടത്തി എന്ന് പറഞ്ഞ എ കെ ജി , തൊട്ട് മുന്നത്തെ വർഷം അതായത് 1939 ലെ തൃപുര അകഇഇ സെഷനിൽ പങ്കെടുത്ത അകഇഇ അംഗമായിരുന്നു എന്ന് താങ്കൾക്ക് അറിവുണ്ടാവുകയില്ല .

എകെജി യുടെ ജീവിതം എന്നത് ചരിത്രമാണു . ചരിത്രവും കോൺഗ്രസുകാരനും തമ്മിൽ ആടും ആടലോടകവും തമ്മിലുള്ള ബന്ധം പോലും ഉണ്ടാകില്ലാന്ന് അറിയാത്ത ആരാണുള്ളത് ?മാപ്പ് പറയണം എന്ന് പറയില്ല , ഉളുപ്പുണ്ടെങ്കിൽ വീണിടത്ത് കിടന്ന് ഉരുളാതെ എണീറ്റ് പോടെ
പറയുന്നതെല്ലാംനുണകളാണെന്ന് തെളിയിച്ചിട്ടേപോകു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP