Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രജനി മൻട്രത്തിന് ഏത് പാർട്ടിയെയും തോൽപ്പിക്കാവുന്ന സംഘബലം; പ്രഖ്യാപനം മാസങ്ങൾ നീണ്ട തയ്യാറെടുപ്പിന് ശേഷം; അത്യാവശ്യം ആണെങ്കിൽ മാത്രം ബിജെപി ബന്ധം; മിതഭാഷണവും സിനിമാ സ്റ്റൈൽ ആവേശവും ഗുണം ചെയ്യും; കരുണാനിധി-എംജിആർ-ജയലളിത ശ്രേണിയിലെ അടുത്ത കണ്ണി സ്റ്റൈൽമന്നൻ തന്നെ

രജനി മൻട്രത്തിന് ഏത് പാർട്ടിയെയും തോൽപ്പിക്കാവുന്ന സംഘബലം; പ്രഖ്യാപനം മാസങ്ങൾ നീണ്ട തയ്യാറെടുപ്പിന് ശേഷം; അത്യാവശ്യം ആണെങ്കിൽ മാത്രം ബിജെപി ബന്ധം; മിതഭാഷണവും സിനിമാ സ്റ്റൈൽ ആവേശവും ഗുണം ചെയ്യും; കരുണാനിധി-എംജിആർ-ജയലളിത ശ്രേണിയിലെ അടുത്ത കണ്ണി സ്റ്റൈൽമന്നൻ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

 ചെന്നൈ: തമിഴ്‌നാട്ടിൽ വെള്ളിത്തിരയും സിനിമയും വേറിട്ടു കാണേണ്ട കാര്യമില്ല. സിനിമയുമായി അഭേദ്യമായ ബന്ധമാണ് തമിഴ് രാഷ്ട്രീയത്തുള്ളത്. ഇന്നത്തെ സിനിമാക്കാരൻ നാളത്തെ രാഷ്ട്രീയക്കാരനാണ്. രജനിയെന്ന സൂപ്പർസ്റ്റാർ ഇതുവരെ പരസ്യമായി രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നില്ല. എന്നാൽ തമിഴ്‌നാട് രാഷ്ട്രീയത്തിന് രജനിയെ ആവശ്യമാണെന്ന തോന്നിയ ഘട്ടത്തിലാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയ്യാറെടുക്കുന്നത്. പാർട്ടി രൂപീകരിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മൽസരിക്കുമെന്ന താരത്തിന്റെ പ്രഖ്യാപനം ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ ആരാധകർ സ്വീകരിച്ചത്.

ഉടൻ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രംഗത്തുണ്ടാകില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിലെ പിന്തുണ സമയം വരുമ്പോൾ പ്രഖ്യാപിക്കും. ആരാധക സംഘങ്ങളുടെ ഏകോപനത്തിലൂടെ പാർട്ടി കെട്ടിപ്പടുക്കും. നിലവിൽ രജിസ്റ്റർ ചെയ്ത അരലക്ഷം ഫാൻസ് അസോസിയേഷനുകളുണ്ട്. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ഫാൻസ് അസോസിയേഷൻ ഉറപ്പാക്കുകയാണ് ആദ്യലക്ഷ്യം. രജനി മൻട്രം എന്ന പേരിലുള്ള സംഘടനക്ക് തമിഴക രാഷ്ട്രീയത്തിൽ വളരയേറെ ശക്തിയുണ്ട്. അതുകൊണ്ട് തന്നെ ആവശ്യമെങ്കിൽ മാത്രമാകും ബിജെപി സഹായം അദ്ദേഹം തേടുകയെന്നാണ് അറിയുന്നത്.

കുരുക്ഷേത്രയുദ്ധത്തിനിടെ ശ്രീകൃഷ്ണൻ അർജുനനെ ഉപദേശിക്കുന്ന ശ്ലോകം ചൊല്ലിയശേഷമാണു രാഷ്ട്രീയ നിലപാടുകളിലേക്കു കടന്നത്. മതത്തിനും ജാതിക്കും അതീതമായ ആത്മീയ രാഷ്ട്രീയമാണു ലക്ഷ്യം. രാഷ്ട്രീയം ശുദ്ധീകരിക്കുന്നതു കടലിൽനിന്നു മുത്തെടുക്കുന്നതുപോലെയാണ് ഒറ്റയ്ക്കു ചെയ്യാനാവില്ല. തമിഴ് ജനതയും ദൈവവും കൂടെയുണ്ടെങ്കിൽ രാഷ്ട്രീയ മാറ്റത്തിനു സമയമായെന്നു രജനി പറഞ്ഞു. തമിഴ്‌നാട്ടിൽ 2021ലാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു നടക്കേണ്ടത്. പ്രഖ്യാപനത്തെ ബിജെപി സ്വാഗതം ചെയ്തപ്പോൾ അണ്ണാ ഡിഎംകെ, ഡിഎംകെ, കോൺഗ്രസ് എന്നീ കക്ഷികൾ കരുതലോടെയാണു പ്രതികരിച്ചത്. നാം തമിഴർ കക്ഷി ഉൾപ്പെടെ തീവ്ര തമിഴ് വികാരം ഉയർത്തിപ്പിടിക്കുന്ന സംഘടനകൾ രജനിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്

ബിജെപി സഹായം ആവശ്യമെങ്കിൽ മാത്രം, സ്വന്തം പാർട്ടിയെ കെട്ടിപ്പെടുക്കുക കടുത്ത വെല്ലുവിളി

സ്വന്തമായി പാർട്ടി രൂപീകരിച്ച് തമിഴ്‌നാട്ടിൽ അങ്ങോളമിങ്ങോളം ഘടകങ്ങളുള്ള സംഘടനയാക്കി മാറ്റുക എന്നത് രജനീകാന്തിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണ്. ആത്മീയ രാഷ്ട്രീയമാണു ലക്ഷ്യമെന്നു പ്രഖ്യാപിച്ചതിലൂടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പതിവുവഴിയിൽ താനുണ്ടാകില്ലെന്ന സൂചന രജനീകാന്ത് നൽകിയിട്ടുണ്ട്. ജയലളിതയുടെ മരണവും കരുണാനിധിയുടെ അസാന്നിധ്യവും സൃഷ്ടിച്ച ശൂന്യതയിലാണു താരം രാഷ്ട്രീയഭാവി കാണുന്നത്.

ബിജെപിയുടെ നയത്തോടു ചേർന്നു നിൽക്കുന്നതാണു തന്റെ രാഷ്ട്രീയമെന്നു താരം ഇന്നലത്തെ പ്രഖ്യാപന പ്രസംഗത്തിലൂടെ വ്യക്തമാക്കിയതായാണു വിലയിരുത്തൽ. എന്നാൽ രജനി മൻട്രം വഴി സംഘടനാ രൂപം നൽകിയ ശേഷം തെരഞ്ഞെടുപ്പ് വേളയിൽ ആവശ്യമെങ്കിൽ മാത്രം ബിജെപി സഹായം തേടാനാണ് രജനിയുടെ പദ്ധതി. സംസ്ഥാനത്തെ രാഷ്ട്രീയം അധഃപതിച്ചുവെന്നു പറഞ്ഞ രജനി, കേന്ദ്രസർക്കാരിനെക്കുറിച്ചു മൗനം പാലിച്ചത് ഈ വാദത്തിനു ബലം നൽകുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ച്, നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടിയും ബിജെപിയും തമ്മിൽ സഖ്യം രൂപപ്പെടാൻതന്നെയാണു സാധ്യത.

അതിനിടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ രജനീകാന്ത് പുതിയ അധ്യായം കുറിക്കുമെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം ദേശീയ രാഷ്ട്രീയത്തിൽ പ്രാദേശിക കക്ഷികളുടെ സ്വാധീനം ശക്തിപ്പെടുത്തുമെന്നും ജനതാദൾ എസ് അഭിപ്രായപ്പെട്ടു. മറ്റു മേഖലകളിൽ പ്രശസ്തരായ ആളുകൾ സേവനത്തിനായി രാഷ്ട്രീയത്തിലിറങ്ങുന്നത് സ്വാഗതാർഹമാണെന്നു ജെഡിഎസ് വർക്കിങ് പ്രസിഡന്റ് പി.ജി.ആർ. സിന്ധിയ പറഞ്ഞു.

ഒരൊറ്റ ഡയലോഗിൽ ജയലളിതയെ അധികാര ഭ്രഷ്ടനാക്കിയ അതികായൻ

ചെന്നൈയിൽ രജനീകാന്തിന്റെ അയൽവാസിയായിരുന്നു ജയലളിത. തൊണ്ണൂറുകളിൽ ജയയുമായി ഉടക്കി നിന്ന കാലത്ത് സൂപ്പർതാരം ഉടൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരുന്നു. 1996ൽ തിരഞ്ഞെടുപ്പുകാലത്തു കോൺഗ്രസ് തനിച്ചു മൽസരിക്കുമെങ്കിൽ സഹകരിക്കാൻ രജനി സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവത്രേ. എന്നാൽ, അന്നത്തെ കോൺഗ്രസ് അധ്യക്ഷനായ പി.വി. നരസിംഹറാവുവിനു തീരെ താൽപര്യമില്ലായിരുന്നു. അന്ന് അണ്ണാ ഡിഎംകെ സഖ്യത്തിലാണ് കോൺഗ്രസ് ചേർന്നത്. പിന്നാലെ കോൺഗ്രസ് പിളർന്ന് മൂപ്പനാർ പക്ഷം ടിഎംസിയുണ്ടാക്കി ഡിഎംകെക്കൊപ്പം ചേർന്നു. അന്ന് ജയലളിതയുടെ അഴിമതിക്കഥകൾ ഓരോന്നോയി പുറത്തുവന്ന സമയം. അക്കാലത്ത് ഒറ്റ ഡയലോഗിൽ രജനി ജയലളിതയെ തറപറ്റിച്ചു.

'ജയലളിത അധികാരത്തിൽ തിരിച്ചെത്തിയാൽ ദൈവത്തിനുപോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ല.' ഡിഎംകെ സഖ്യമാണ് ആ തിരഞ്ഞെടുപ്പിൽ അധികാരത്തിലേറിയത്. രജനിയുടെ ഡയലോഗാണ് അന്നു ജയലളിതയുടെ പതനത്തിന് ആക്കം കൂട്ടിയതെന്നു പറയാറുണ്ട്. 2002ൽ കാവേരി പ്രശ്‌നത്തിൽ ജനങ്ങളുടെ പ്രസ്ഥാനം ആരംഭിക്കുമെന്നു രജനി പ്രഖ്യാപനം നടത്തിയിരുന്നു. കാവേരി പ്രശ്‌നത്തിൽ നിരാഹാരം കിടന്ന രജനി, നദീസംയോജന പദ്ധതി നടപ്പിലാക്കാൻ ഒരു കോടി രൂപയും വാഗ്ദാനം ചെയ്തു. എന്നാൽ താൻ രാഷ്ട്രീയ നേതാവല്ലെന്നു പ്രഖ്യാപിച്ച് രാഷ്ട്രീയ പ്രവേശന സാധ്യതകൾ അദ്ദേഹം തള്ളിക്കളഞ്ഞു.

2004ൽ അണ്ണാ ഡിഎംകെബിജെപി സഖ്യത്തിനു വോട്ട് ചെയ്യുമെന്നു പ്രഖ്യാപിച്ച് അദ്ദേഹം ജയലളിതയുമായി വീണ്ടും സൗഹൃദത്തിലായി. രജനിയുടെ മകളുടെ വിവാഹത്തിന് മുഖ്യാതിഥി ജയയായിരുന്നു. നദീസംയോജന പദ്ധതി നടപ്പിലാക്കുമെന്ന എൻഡിഎയുടെ വാഗ്ദാനം പരിഗണിച്ചാണ് ബിജെപിയെ പിന്തുണച്ചതെന്നും രജനി വിശദീകരിച്ചു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രജനിയെ നരേന്ദ്ര മോദി സന്ദർശിച്ച് പിന്തുണ തേടിയിരുന്നു. മോദിക്കൊപ്പം പത്രക്കാരെ കണ്ട രജനി പക്ഷേ, രാഷ്ട്രീയം സംബന്ധിച്ച അഭ്യൂഹങ്ങളെല്ലാം തള്ളി. ഇരുവരുടെയും കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും വ്യക്തമാക്കി. രജനി നല്ല സ്‌നേഹിതനും അഭ്യുദയകാംക്ഷിയും ആണെന്നാണു മോദി പറഞ്ഞത്. 2014 ഒക്ടോബറിൽ സ്വത്തുകേസിൽ 21 ദിവസത്തെ ജയിൽശിക്ഷയ്ക്കു ശേഷം തിരിച്ചെത്തിയ ജയലളിതയെ സ്വാഗതം ചെയ്തു കത്തെഴുതിയ രജനി ബിജെപിയെ ഞെട്ടിച്ചു. അയൽക്കാരികൂടിയായ ജയയുടെ മടങ്ങിവരവിൽ സന്തോഷിക്കുന്നുവെന്നാണ് ബഹുമാന്യയായ ജയലളിത എന്നു സംബോധന ചെയ്ത് എഴുതിയ കത്തിൽ രജനി പറഞ്ഞത്.

രജനിയിൽ മറ്റൊരു എംജിആറിനെ കണ്ട് രാഷ്ട്രീയ നിരീക്ഷകർ

മറ്റൊരു എംജിആറിന്റെ പിറവി നിരീക്ഷകരിൽ ചിലർ രജനീകാന്തിൽ കാണുന്നു. ഇരുവരും തമ്മിൽ ഒട്ടേറെ സാമ്യങ്ങളുമുണ്ട്. രണ്ടു പേരും കയ്യിലൊന്നുമില്ലാതെ തമിഴകത്തെത്തിയവർ. ഇരുവരും തമിഴ് വംശജരല്ല. എന്നാൽ തമിഴകത്തിന്റെ മനം കവർന്നവർ. രജനീകാന്തിനു രണ്ടു ജീവിതമുണ്ട്. ആദ്യത്തേത് അമാനുഷികനായ സൂപ്പർസ്റ്റാർ. പരാജയമറിയാത്ത നിത്യനായകൻ. രണ്ടാമത്തേതു തലയിൽ അധികം മുടിയില്ലാത്ത, നരച്ച താടിരോമങ്ങളുള്ള മനുഷ്യൻ. അമാനുഷികതാരം സിനിമയിലാണ്, യഥാർഥ ജീവിതത്തിൽ മേക്കപ്പില്ലാതെ, പരിവേഷമില്ലാത്ത സാധാരണ മനുഷ്യൻ. പൊതുവേദികളിൽ മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടുന്ന ഏക സൂപ്പർതാരം. രജനിയുടെ ഈ ശൈലി പിന്നീടു പല നടന്മാരും പിന്തുടരുകയും ചെയ്തു.

കാൽനൂറ്റാണ്ടിലേറെ സൂപ്പർതാരമായി തുടർന്ന രജനി, ലോക സിനിമയിൽ തന്നെ പരസ്യചിത്രങ്ങളിൽ അഭിനയിക്കാത്ത ഏക നടനാണ്. തനിക്കു പ്രിയപ്പെട്ട നടൻ കമൽഹാസനാണെന്നു രജനി പറഞ്ഞിട്ടുണ്ട്. എന്നാൽ, സിനിമയിൽ സജീവമായ കാലത്തു രജനി ഏറ്റവും പ്രചോദനം ഉൾക്കൊണ്ടത് അമിതാഭ് ബച്ചനിൽനിന്നാണ്. ബച്ചന്റെ ഹിറ്റ് സിനിമകളുടെ റീമേക്കുകളായിരുന്നു ഒരുകാലത്തു രജനിക്കു വിജയങ്ങൾ സമ്മാനിച്ചത്.

സിനിമയും രാഷ്ട്രീയം ഇരട്ടപെറ്റതുപോലെയാണ് തമിഴ്‌നാട്ടിൽ. കരുണാനിധിയുടെയും ജയലളിതയുടെയും പാത പിന്തുടർന്നു പല താരങ്ങളും സിനിമയിൽനിന്നു രാഷ്ട്രീയത്തിലെത്തിയെങ്കിലും ജനം എല്ലാവരെയും സഹായിച്ചില്ല. വിപ്ലവം നിറയുന്ന വാക്കുകൾകൊണ്ട് തമിഴ് തിരയ്ക്കു തീപിടിപ്പിച്ച തിരക്കഥാകൃത്തായിരുന്നു എം.കരുണാനിധി. അണ്ണാദുരൈയ്‌ക്കൊപ്പം ദ്രാവിഡപാർട്ടിയെ കെട്ടിപ്പടുത്ത കരുണാനിധി, അദ്ദേഹം മരിച്ചതോടെ തമിഴകത്തിന്റെ മുഖ്യമന്ത്രിയായി.

അതേസമയം കോൺഗ്രസുകാരനായി തുടങ്ങി ഡിഎംകെ വഴി അണ്ണാഡിഎംകെ എന്ന സ്വന്തം പ്രസ്ഥാനത്തിനു രൂപം നൽകി ഡിഎംകെയുടെ ട്രഷററായിരുന്ന എംജിആർ, കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞാണ് 1972-ൽ അണ്ണാഡിഎംകെ സ്ഥാപിക്കുന്നത്. പിന്നീട് മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകൾ ജയിച്ച് മുഖ്യമന്ത്രിയായി.

ആരാധകർ കറുത്ത എംജിആർ എന്നു വിളിച്ച വിജയകാന്ത് 2005-ലാണ് ഡിഎംഡികെ സ്ഥാപിച്ചു രാഷ്ട്രീയത്തിലിറങ്ങിയത്. ആദ്യ തിരഞ്ഞെടുപ്പിൽ (2006) 10 ശതമാനം വോട്ടു നേടി. 2011-ൽ 29 സീറ്റ് നേടി പ്രതിപക്ഷ നേതാവായി. 2016-ൽ പക്ഷേ, അക്കൗണ്ട് ശൂന്യമായി. ഡിഎംകെ വഴി കോൺഗ്രസിലെത്തിയ ശിവാജി, പിന്നീടു തമിഴക മുന്നേറ്റ മൺട്രം എന്ന സ്വന്തം പാർട്ടിയുണ്ടാക്കി. 1989-ലെ തിരഞ്ഞെടുപ്പിൽ ശിവാജി തന്നെ തോറ്റു. ഇതോടെ, മൺട്രം തമിഴ്‌നാട് ജനതാദളിൽ ലയിച്ചു. സിനിമയിൽ എംജിആറിന്റെ നായികയായ ജയലളിത പിന്നീടു രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി.. ആറുവട്ടം മുഖ്യമന്ത്രിയായി.

ഡിഎംകെയിൽ പ്രവർത്തിച്ചിരുന്ന ശരത് കുമാർ, നേതൃത്വവുമായി പിണങ്ങി 2007-ലാണു സമത്വ മക്കൾ കക്ഷി രൂപീകരിച്ചത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ സഖ്യത്തിന്റെ ഭാഗമായി രണ്ടു സീറ്റുകൾ നേടി. നിലവിൽ നിയമസഭയിൽ അംഗങ്ങളില്ല. ആന്ധ്രയിൽ സൂപ്പർതാരമായിരുന്ന ചിരഞ്ജീവി രാഷ്ട്രീയത്തിലെത്തിയെങ്കിലും കാര്യമായ ചലനം ഉണ്ടാക്കിയില്ല. മുഖ്യമന്ത്രിപദമെന്ന ലക്ഷ്യത്തോടെയാണ് ചിരഞ്ജീവി 2008ൽ സ്വന്തം പാർട്ടി പ്രഖ്യാപിച്ചത്. എൻടിആറിനു ലഭിച്ച വിജയം ചിരഞ്ജീവിക്ക് നേടാനായില്ല. 1982 ൽ തെലുങ്കുദേശം രൂപീകരിച്ച രാമറാവു മൂന്നു തവണ മുഖ്യമന്ത്രിയായി.

ചിരഞ്ജീവിയാകട്ടെ, 2009ലെ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാകാതെ പോയതോടെ സ്വന്തം പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുകയായിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ചിരഞ്ജീവിയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തിയ സീമാന്ധ്ര മേഖലയിൽ കോൺഗ്രസ് നിലംതൊടാതെ പോയതു താരത്തിനു ക്ഷീണമായി.

പുതുവർഷത്തിൽ തമിഴകത്തു പുതുയുഗം, ആരാധക പിന്തുണ രാഷ്ട്രീയപാർട്ടിക്കൾക്ക് കനത്ത വെല്ലുവിളി

രജനിയുടെ വിശ്വാസം ആരാധകരുടെ പിന്തുണയിലാണ്. തമിഴകത്ത് ഏറ്റവും കൂടുതൽ ഫാൻസ് അസോസിയേഷനുകളുള്ള താരം രജനീകാന്താണ്. ഒരു ലക്ഷത്തോളം അസോസിയേഷനുകളുണ്ട്. ഓരോന്നിലും ചുരുങ്ങിയതു 25 അംഗങ്ങൾ. അഖിലേന്ത്യാ രജനീകാന്ത് ഫാൻസ് അസോസിയേഷൻ എന്ന കേന്ദ്ര സംഘടനയുണ്ടെങ്കിലും പ്രവർത്തനങ്ങൾക്കു ഏകോപനമില്ല. മറ്റു രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരും ഇത്തരം സംഘങ്ങളിലുണ്ട്. അവർ എന്തു നിലപാടെടുക്കുമെന്നതു നിർണായകമാകും. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ എംജിആറുമായി താരതമ്യപ്പെടുത്താൻ രണ്ടു കാരണങ്ങളുണ്ട്. എംജിആർ സ്വന്തം രസികർ മന്റങ്ങളെയാണു അണ്ണാ ഡിഎംകെയായി കെട്ടിപ്പടുത്തത്. കണക്കു വച്ചാണെങ്കിൽ രജനിക്കു എംജിആറിനോളം ശക്തിയുണ്ട്. എന്നാൽ, പാർട്ടിയുണ്ടാക്കും മുൻപ് എംജിആറിനുണ്ടായിരുന്ന രാഷ്ട്രീയ അടിത്തറ രജനിക്കില്ല.

1983ൽ ആന്ധ്രപ്രദേശിൽ എൻ.ടി. രാമറാവുവിന്റെ അരങ്ങേറ്റവും സമാനമായിരുന്നു. സിനിമയിൽനിന്നു രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം തെലുങ്കുദേശം പാർട്ടിയുണ്ടാക്കി തിരഞ്ഞെടുപ്പിൽ മൽസരിച്ച് അധികാരത്തിലെത്തി. എന്നാൽ തമിഴ്‌നാട്ടിൽ ജയലളിതയ്ക്കു ശേഷം രാഷ്ട്രീയത്തിലിറങ്ങിയ താരങ്ങൾക്കൊന്നും നിലംതൊടാനായില്ല. എങ്കിലും സിനിമയ്ക്കുള്ളത്രയും ജനകീയാടിത്തറ മറ്റൊന്നിനും തമിഴ്‌നാട്ടിലില്ലെന്നതാണു സത്യം.

എന്നാൽ, സിനിമ വേറെ, രാഷ്ട്രീയം വേറെ എന്നു തമിഴർ മനസ്സിലാക്കിക്കഴിഞ്ഞുവെന്നും ഒരു കൊടുങ്കാറ്റാകാൻ രജനിക്കു കഴിയില്ലെന്നുമാണ് വിമർശകരുടെ വിലയിരുത്തൽ. 1995-ൽ പുറത്തിറങ്ങിയ മുത്തുവെന്ന രജനീ ചിത്രത്തിൽ താരം പാടി അഭിനയിക്കുന്ന പാട്ടിലെ ഒരു വരി ഇങ്ങനെയാണ്- 'ഞാൻ സ്വന്തമായി ഒരു പാർട്ടി രൂപീകരിക്കുമോ?. പുതുവർഷത്തലേന്ന് ആ കാലം വന്നിരിക്കുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP