Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം പട്ടാളക്കാർക്ക് രോഗം വരാതിരിക്കാനുള്ള മരുന്നു കൊടുക്കൂ മോദി; മാവോയിസ്റ്റുകളെ നേരിടാൻ ചത്തീസ്ഡഢിലെത്തിയ 200 സൈനികർക്ക് ഒരു മാസം കൊണ്ട് മലേറിയ പിടിപെട്ടു

ആദ്യം പട്ടാളക്കാർക്ക് രോഗം വരാതിരിക്കാനുള്ള മരുന്നു കൊടുക്കൂ മോദി; മാവോയിസ്റ്റുകളെ നേരിടാൻ ചത്തീസ്ഡഢിലെത്തിയ 200 സൈനികർക്ക് ഒരു മാസം കൊണ്ട് മലേറിയ പിടിപെട്ടു

മോദി ഇന്ത്യയുടെ ആശയും പ്രതീക്ഷയുമാണ്. ഒരു സംശയവും വേണ്ട. ലോകത്തെവിടെ ചെന്നാലും മോദിയുടെ സ്പർശം ഇന്ത്യക്ക് ഗുണകരമാകുന്നു. അഞ്ചുവർഷം കൊണ്ട് ഇന്ത്യയെ 50 മുമ്പോട്ട് നയിക്കാൻ സാധിക്കുമെന്ന് തന്നെയാണ് പലരും കരുതുന്നത്. അതൊക്കെ നല്ലത് തന്നെ. എങ്കിലും രാജ്യത്തിന് വേണ്ടി കഷ്ടപ്പെടുന്ന പട്ടാളക്കാർക്കും അർധസൈനികർക്കും ജീവൻ രക്ഷിക്കാനുള്ള മരുന്ന് നൽകാൻ ആദ്യം മോദി ശ്രമിക്കട്ടെ. ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റുകളെ വേട്ടയാടാൻ പോയിരിക്കുന്ന 200 സൈനികരാണ് മലേറിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

ഛത്തീസ്‌ഗഡിലെ ബസ്റ്റാർ പ്രദേശത്തുള്ള ഈ സൈനികർക്ക് ഇപ്പോൾ മാവോയിസ്റ്റുകളോടും മലേറിയയോട് ഒരേ സമയം ഏറ്റുമുട്ടേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഈ മേഖലയിൽ മലേറിയബാധിതരുടെ എണ്ണം വർധിച്ച് വരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവിടെയെത്തിയ 200 സൈനികർക്കാണ് ഒരു മാസം കൊണ്ട് മലേറിയ പിടിപെട്ടിരിക്കുന്നത്. ഇവർക്ക് നൽകിയിരിക്കുന്ന മരുന്നാകട്ടെ വേണ്ടത്ര ഫലപ്രദമല്ലെന്നാണറിയുന്നത്. സുരക്ഷാസേനവൃത്തങ്ങൾ തന്നെയാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നവംബർ മുതൽ സുക്മ, ദന്തെവാഡ, ബീജാപൂർ എന്നീ ജില്ലകളിൽ നിന്നുള്ള 200 ഓളം സൈനികരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരിക്കുന്നത്. ഭൂരിഭാഗം പേരും ബസ്റ്റാർ ജില്ലയുടെ ആസ്ഥാനമായ ജഗ്ദൽപൂരിലെ ആശുപത്രിയിലാണുള്ളത്. മലേറിയയുടെ കടുത്ത ലക്ഷണങ്ങൾ ഇവർ പ്രകടമാക്കുന്നുണ്ടെന്നാണ് ബസ്റ്റാർ പൊലീസ് പറയുന്നത്. ഇവരിൽ മിക്ക സൈനികരും സിആർപിഎഫിൽ നിന്നുള്ളവരാണ്. സംസ്ഥാനത്തെ പൊലീസ് സേനയിലുള്ളവരും മലേറിയ ഭീഷണിയെ നേരിടുന്നുണ്ട്. കഴിഞ്ഞ് അഞ്ച് മാസത്തിനിടെ ഏഴ് സൈനികർ മലേറിയ ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.

ഇവർക്ക് നൽകി വരുന്ന മരുന്നുകൾ ഫലപ്രദമല്ലെന്നാണ് സുരക്ഷാസേന പരാതിപ്പെടുന്നത്. ഇനി ഞങ്ങൾ എവിടെയാണ് പോകേണ്ടെതെന്ന് ചോദിച്ച് സൈനികർ ആശുപത്രിയിൽ വച്ച് മാദ്ധ്യമങ്ങളോട് ചോദ്യമെറിയുന്നു. മോസ്‌കിറ്റോ റെപെല്ലെന്റ്‌സ്, നെറ്റുകൾ, മരുന്നുകൾ തുടങ്ങിയ സുരക്ഷാമാർഗങ്ങളെല്ലാമുണ്ടെങ്കിലും ഈ മേഖലയിൽ മലേറിയ ബാധിക്കുന്ന സൈനികരുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനാൽ മാവോയിസ്റ്റുകളെ വേട്ടയാടുന്നത് ഫലപ്രദമായി നിർവഹിക്കാനാവുന്നില്ലെന്നാണ് ബസ്റ്റാർ റിലെ പൊലീസ് ഐജിയായ എസ്ആർപി കല്ലുരി പറയുന്നത്. സാധാരണയായി മലേറിയക്ക് നൽകിവരാറുള്ള മരുന്നായ ക്ലോറോക്യൂനും പ്രൈമക്യൂനും ഇവിടെ ഫലപ്രദമാകുന്നില്ലെന്നാണ് ബസ്റ്ററിലെ ഏക ജില്ലാ മലേറിയ(ഹെൽത്ത്) ഓഫീസറായ ഡോ.സഞ്ജയ് ബസാക്ക് പറയുന്നത്. മലേറിയ വ്യപിക്കുന്നത് തടയാനായ പുതിയ ഔഷധങ്ങൾക്കായി തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ബസ്റ്റാറിലെ തെക്കൻ പ്രദേശങ്ങളായ സുക്മ, ദന്തെവാഡ, ബീജാപൂർ എന്നിവിടങ്ങളിലാണ് മലേറിയ ബാധിതർ കൂടുതലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ചികിത്സാ റിപ്പോർട്ട് പ്രകാരം സൈനികർക്ക് അപകടരമല്ലാത്ത ടെർടിയാൻ മലേറിയ, ഫാൽസിപറം മലേറിയ എന്നീ രണ്ടുതരത്തിലുള്ളവ ബാധിച്ചിട്ടുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. കൂടുതൽ പേർക്കും ഫാൽസിപറമാണ് ബാധിച്ചിരിക്കുന്നതെന്നും ഇത് അപകടരമാണെന്നും പടരാൻ എളുപ്പമാണെന്നും പൊലീസ് ഐജി പറയുന്നു. ഇവിടെ മലേറിയ പടരുന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു വിഗദ്ധ സംഘത്തെ നിയോഗിക്കണമെന്നാണ് ബസ്റ്ററിലെ പൊലീസ് ആവശ്യപ്പെടുന്നത്. രോപ്രതിരോധത്തിന് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ നടത്തണമെന്നും പൊലീസ് പറയുന്നു. അനാരോഗ്യകരമായ അവസ്ഥയിൽ പട്ടാളക്കാർക്ക് മാവോയിസ്റ്റ് വേട്ടക്കായി നിഗൂഢവനങ്ങളിലൂടെ കടന്ന് പോകുന്നത് ദുഷ്‌കരവും അപകടകരവുമാണെന്നാണ് ഒരു സിആർപിഎഫ് ഓഫീസർ പറയുന്നത്. ഇവർക്കായി ആന്റി മലേറിയ കിറ്റ് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ചില മുതിർന്ന ഓഫീസർമാർക്ക് മലേറിയ ബാധിച്ചതിനാൽ ഇവിടത്തെ മാവോയിസ്റ്റ് വേട്ടയ്ക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത് ബസ്റ്റാർ ഐജിയാണ്.

പ്രദേശത്ത് മലേറിയ ബാധ രൂക്ഷമായതിനാൽ ഛത്തീസ്‌ഗഡ് സ്റ്റേറ്റ് ഹെൽത്ത് സർവിസ് ഡിപ്പാർട്ട്‌മെന്റ് ഇതിനെ നേരിടാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി ആരോഗ്യവകുപ്പ് ജബൽപൂരിലെ റീജിയനൽ മെഡിക്കൽ റിസർച്ച് സെന്റർ ഫോർ ട്രൈബൽസിലെ 21 അംഗങ്ങളുടെ സഹായം തേടിയിട്ടുണ്ട്.

ബസ്റ്റാർ മേഖലയിൽ മാവോയിസ്റ്റുകൾ അവരുടെ റിക്രൂട്ട് മെന്റ് എക്‌സർസൈസുകൾ നടത്തുന്നതായും ഫണ്ട് സ്വരൂപിക്കുന്നതായും സമീപമാസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് ഇവിടെ സൈനികരെ നിയോഗിച്ചിരിക്കുന്നത്. മാവോവാദികൾ എന്ന് സംശയിക്കുന്നവർ വ്യാഴാഴ്ച വൈകെേുന്നരം ജാർഖഢിലെ ലോഹർഡാഗ മേഖലയിൽ 23 വാഹനങ്ങൾ കത്തിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP