Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോപ്പിയടി വിവാദം ഉയർന്നതോടെ കാരൂർ സോമന്റെ പുസ്തകം പിൻവലിച്ച് അന്വേഷണവുമായി മാതൃഭൂമി; 'സ്‌പെയിൻ കാളപ്പോരിന്റെ നാട്' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ തന്റെ ബ്‌ളോഗിൽ നിന്ന് അടിച്ചുമാറ്റിയെന്ന ആക്ഷേപം ഉയർത്തിയ മനോജിന് എത്തിയത് അഞ്ചുലക്ഷത്തിന്റെ ഓഫർ; ഒരു കോടി തന്നാലും ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ഉറപ്പിച്ചുപറഞ്ഞ് നിരക്ഷരൻ

കോപ്പിയടി വിവാദം ഉയർന്നതോടെ കാരൂർ സോമന്റെ പുസ്തകം പിൻവലിച്ച് അന്വേഷണവുമായി മാതൃഭൂമി; 'സ്‌പെയിൻ കാളപ്പോരിന്റെ നാട്' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ തന്റെ ബ്‌ളോഗിൽ നിന്ന് അടിച്ചുമാറ്റിയെന്ന ആക്ഷേപം ഉയർത്തിയ മനോജിന് എത്തിയത് അഞ്ചുലക്ഷത്തിന്റെ ഓഫർ; ഒരു കോടി തന്നാലും ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ഉറപ്പിച്ചുപറഞ്ഞ് നിരക്ഷരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളി എഴുത്തുകാരന്റെ യാത്രാവിവരണം കോപ്പിയടിച്ച് പ്രസിദ്ധീകരിച്ചു എന്ന ആക്ഷേപം ഉയർന്നതോടെ പുസ്തകം പിൻവലിച്ച് മാതൃഭൂമി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സ്‌പെയിൻ കാളപ്പോരിന്റെ നാട്' എന്ന കാരൂർ സോമന്റെ പുസ്തകമാണ് വിവാദത്തിലായത്. കാരൂർ സോമൻ ബ്‌ളോഗിൽ നിന്ന് യാത്രാവിവരണം അടിച്ചുമാറ്റി പുസ്തകത്തിൽ ചേർത്തുവെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ബ്‌ളോഗർ മനോജ് രവീന്ദ്രൻ എന്ന നിരക്ഷരൻ രംഗത്ത് എത്തിയതോടെയാണ് സംഭവം ചർച്ചയായത്.

സംഭവം ചൂണ്ടിക്കാട്ടിയതോടെ കാരൂർ സോമൻ അഞ്ചുലക്ഷം രൂപ ഓഫർ ചെയ്തതായും മനോജ് പറയുന്നു. എന്നാൽ ഒരു കോടി തന്നാലും ഈ സംഭവത്തിൽ പിന്നോട്ടുപോകുന്നില്ലെന്നും ഓൺലൈനിൽ നിന്ന് കോപ്പിയടിച്ച് പുസ്തകമാക്കിയ സംഭവം ഒരു ധാർമ്മിക വിഷയമായി ഉന്നയിക്കുകയാണെന്നും മനോജ് വ്യക്തമാക്കുന്നു.

സംഭവം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായതോടെ നിരക്ഷരൻ കോപ്പിയടിച്ചുവെന്ന് വരുത്താൻ ശ്രമം നടന്നു. ഇതിന് പിന്നാലെയാണ് ഒത്തുതീർപ്പു നീക്കങ്ങൾ നടന്നത്. ഏതായാലും മാതൃഭൂമി പുസ്തകം പിൻവലിച്ചിരിക്കുകയാണിപ്പോൾ. കോപ്പിയടിയുണ്ടായ സംഭവം പ്രിന്റ് ചെയ്തതുമായി പരിശോധന നടത്താനും മാതൃഭൂമി തീരുമാനിച്ചെന്നാണ് അറിയുന്നത്.

പുസ്തകം കൃത്യമായ പരിശോധനകൾ കൂടാതെ പ്രസിദ്ധീകരിച്ചതാണ് മാതൃഭൂമിക്കും വിനയായത്. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ കാരൂർ സോമൻ ബ്ലോഗിൽ നിന്നും യാത്രാവിവരണം അടിച്ചുമാറ്റിയെന്ന ആരോപണവുമായി പ്രമുഖ ബ്ലോഗർ മനോജ് രവീന്ദ്രൻ എന്ന നിരക്ഷരൻ രംഗത്തെത്തിയതോടെയാണ് ഇക്കാര്യം ചർച്ചയാവുന്നത്.

ലണ്ടനിലെ മലയാളി സമൂഹത്തിനിടയിൽ സാംസ്‌കാരിക നായകനെന്ന പരിവേഷത്തിൽ വിലസുന്ന ആൾകൂടിയാണ് കാരൂർ സോമൻ. നിരക്ഷരൻ എന്ന പേരിൽ നിരവധി ബ്ലോഗുകൾ എഴുതിയിട്ടുള്ള മനോജിന്റെ യാത്ര വിവരണങ്ങൾ ഏറെ ശ്രദ്ധേയമാണ്. മനോജിന്റെ സ്പാനിഷ് യാത്ര അനുഭവങ്ങൾ സോമൻ സ്വന്തമാക്കി മാറ്റി പുസ്തകം ആക്കി വിറ്റുവെന്നാണ് ആരോപണം ഉയർന്നത്.

തന്റെ പുസ്തകം മോഷ്ടിച്ചതിന്റെ കഥയുമായി മനോജ് ഇന്നലെ ഫേസ്‌ബുക്കിൽ ലൈവായി എത്തിയപ്പോൾ ആണ് പുറംലോകം ഈ തട്ടിപ്പിന്റെ വിവരം അറിയുന്നത്. ഇതോടെ നൂറ് കണക്കിന് വായനക്കാരാണ് മനോജിന് പിന്തുണയുമായി രംഗത്തിറങ്ങിയത്. മനോജിന്റെ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള ചിലർ സോമനുമായി ബന്ധപ്പെട്ടെങ്കിലും മനോജാണ് തന്റെ പുസ്തകം കോപ്പിയടിച്ചത് എന്ന വാദം ഉന്നയിച്ചാണ് കുറ്റം സമ്മതിക്കാതെ നിൽക്കുകയായിരുന്നു സോമൻ എന്നും ആക്ഷേപം ഉയർന്നു.

സോമനെതിരെ നിയമ നടപടികൾ എടുക്കുമെന്ന് മനോജ് പ്രഖ്യാപിച്ചു കഴിഞ്ഞു. പുസ്തകം പ്രസിദ്ധീകരിച്ച മാതൃഭൂമി ബുക്‌സിനെതിരെയും നടപടി ഉണ്ടാകും. ഇത്തരത്തിൽ നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പുസ്തകം പിൻവലിച്ച് മാതൃഭൂമി കോപ്പിയടിയുണ്ടായതിന്റെ കാര്യങ്ങൾ പരിശോധിക്കാൻ നീക്കം തുടങ്ങിയിട്ടുള്ളത്.

കാരൂർ സോമനെതിരെ മുൻപും ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ആലപ്പുഴ ചാരുമൂട് സ്വദേശിയായ സോമൻ ബ്രിട്ടനിലെ യുക്മയുടെ സാംസ്‌കാരിക വിഭാഗം പ്രസിദ്ധീകരിക്കുന്ന ജ്വാല മാസികയുടെ എഡിറ്റർ കൂടിയാണ്. ലണ്ടൻ ഒളിമ്പിക്‌സ് നടക്കുന്ന വേദിയിൽ ഒരിടത്തും വരാതെ മാധ്യമത്തിൽ ഒളിമ്പിക്‌സ് ഡയറി എഴുതുകയും അത് പുസ്തകം ആക്കുകയും ചെയ്തിരുന്നുവെന്ന ആരോപണവും ഇയാൾക്കെതിരെ ഉയർന്നിരുന്നു. അന്നും ഇത് മോഷണമാണ് എന്ന ആരോപണം ചില കോണുകളിൽ നിന്നും ഉയർന്നിരുന്നു.

സംഭവത്തെ കുറിച്ച് വ്യക്തമാക്കാൻ നിരക്ഷരൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. സുഹൃത്തുക്കൾ വഴി സോമനോട് സംസാരിച്ചപ്പോൾ താൻ അദ്ദേഹത്തിന്റെ യാത്രാവിവരണം കോപ്പിയടിച്ചു എന്ന മറുപടിയാണ് നൽകിയതെന്നാണ് മനോജ് ആരോപിക്കുന്നത്. ഓൺലൈനിൽ ആരോപണം ഉന്നയിക്കുന്നതിന് മുൻപ് എന്തുകൊണ്ട് അദ്ദേഹവുമായി ബന്ധപ്പെട്ട് ഇത് പരിഹരിക്കാൻ ശ്രമിച്ചില്ലെന്നും ചോദിച്ചു. എന്തായായും ഇത്തരമൊരു സാഹചര്യത്തിൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നുമാണ് മനോജ് വ്യക്തമാക്കുന്നത്. സോമൻ ഇപ്പോൾ യു.കെ.പൗരൻ ആയ സ്ഥിതിക്ക് യു.കെ.യിലും നിയമനടപടികൾ കൈക്കൊള്ളാനാണ് ആലോചനയുണ്ടെന്നും മനോജ് വ്യക്തമാക്കി.

സംഭവത്തെ വിവരിച്ച് മനോജ് ഫേസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ:

2007 മുതൽ ഓൺലൈനിൽ യാത്രാവിവരണവും ആർട്ടിക്കിൾസും എഴുതുന്നു. മാസം ചുരുങ്ങിയത് നിരക്ഷകൻ എന്ന സൈറ്റിൽ നാല് ആർട്ടിക്കിളുകൾ വീതമെങ്കിലും ചുരുങ്ങിയത് ഇടാറുണ്ട്. പല രാജ്യങ്ങളും സന്ദർശിച്ചും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും 120 ഓളം യാത്രാവിവരണങ്ങൾ ഇതിനോടകം എഴുതി. ഒരു പുസ്തകം പുറത്തുവന്നത് 2015 ഡിസംബറിൽ ആണ്. മുസിരിസിലൂടെ.. എന്ന പുസ്തകം. ഓൺലൈനിൽ കിടക്കുന്ന 120 ഓളം യാത്രാവിവരണങ്ങൾ പുസ്തകമാക്കാൻ പല പ്രസാധകരും ബന്ധപ്പെട്ടുവെങ്കിലും ഓൺലൈനിൽ ഇതു കിടക്കുന്നതു കൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുവാൻ താൽപ്പര്യമില്ലായിരുന്നു.

മനോജ് എന്ന സുഹൃത്ത് ഒരു സ്‌ക്രീൻ ഷോട്ട് അയച്ചു. ഇത്‌നിങ്ങളുടേതല്ലേ എന്ന് ചോദിച്ചു.. സ്‌പെയിനിൽ പോയതിന്റെ യാത്രാവിവരണമായിരുന്നു അത്. തുടർന്ന് പുസ്തകത്തിന്റെ കവർപേജും പേരും മറ്റും കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഞെട്ടൽ നൽകുന്ന വിവരങ്ങൾ അറിഞ്ഞത്. ഉടൻ പുസ്തകം വാങ്ങിച്ചു നോക്കിയപ്പോഴാണ് മാതൃഭൂമി പബ്ലിഷേഴ്‌സ് ആണ് കാരൂർ സോമൻ എഴുതിയ 'സ്‌പെയിൻ കാളപ്പോരിന്റെ നാട്' എന്ന ആ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് അറിഞ്ഞത്. 175 രൂപ വിലയുള്ള 200 പേജുകൾക്ക് മുകളിലുള്ള പുസ്തകമായിരുന്നു അത്.

ഇതിന്റെ രണ്ടും മൂന്നും ചാപ്റ്ററുകളും അവസാനത്തെ ഒരു ചാപ്റ്ററിന്റെ കുറച്ചുഭാഗവും പൂർണമായും എന്റെ ബ്ലോഗിൽ നിന്നും അതുപോലെ കോപ്പിയടിച്ചതാണെന്ന് മനോജ് പറയുന്നു. കോപ്പി അടിച്ച ഭാഗങ്ങളും പുസ്തകത്തിൽ അടയാളപ്പെടുത്തി മനോജ് കാണിക്കുന്നുണ്ട്. മനോജ് യാത്രകളിൽ ഒപ്പം കൂട്ടിയിരുന്ന ഭാര്യയേയും മകളയും കുറിച്ചുള്ള പല പരാമർശങ്ങളും കാരൂർ സോമന്റെ പുസ്തകത്തിലും അതുപോലെയാണ് നൽകിയിരിക്കുന്നത്.

പുസ്തകം വാങ്ങിച്ചു ഉടൻ തന്നെ മാതൃഭൂമിയിലെ സുഹൃത്തുമായി ബന്ധപ്പെട്ട് മാതൃഭൂമിയുമായി സംസാരിച്ചു. അവർക്ക് വിവരങ്ങൾ ബോധ്യമായതിനെ തുടർന്ന് മാതൃഭൂമി കാരൂർ സോമനെതിരെ നിയമനപടികൾ ആരംഭിച്ചുവെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നതെന്നും മനോജ് പറയുന്നു. ലണ്ടനിൽ താമസിക്കുന്ന കാരൂർ സോമന് എളുപ്പത്തിൽ സ്‌പെയിനിൽ പോവാനും യാത്രാവിവരണവും എല്ലാം തയ്യാറെക്കാൻ സാധിക്കുമെന്നിരിക്കെ, ഇതുപോലുള്ള കുറുക്കുവഴികൾ സ്വീകരിക്കുന്നത് വളരെ മോശമാണെന്നും മനോജ് പറയുന്നു. കാരൂർ സോമന്റെ പുസ്തകത്തിലെ മൂന്ന് ചാപ്റ്ററുകൾ മാത്രമാണ് മനോജിന്റെതെങ്കിലും അതിൽ കാളപ്പോരിനെ കുറിച്ചുള്ള വിശദഭാഗങ്ങൾ തന്റെ തന്നെ സുഹൃത്തായ സ്‌പെയിനിലെ സജിയുടെയോ മറ്റാരുടേയോ ബ്ലോഗിൽ നിന്നും മോഷ്ടിച്ചവയാണോയെന്നു സംശയിക്കുന്നതായും മനോജ് പറയുന്നു.

ലണ്ടനിൽ ജീവിച്ചിട്ടും ഇത്തരം കോപ്പിയടികളുടെ ഭവിഷ്യത്തുകളെ കുറിച്ച് കാരൂർ സോമന് ഒരു ബോധ്യമില്ലെന്നും കോപ്പി ചെയ്ത് വരുന്ന ഇത്തരം എഴുത്തുകൾ മാതൃഭൂമി കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മനോജ് വ്യക്തമാക്കുന്നു. ഇതോടെ, നാല് ഫേസ്‌ബുക്ക് അക്കൗണ്ടുകളുള്ള കാരൂരിന്റെ 51 പുസ്തകങ്ങളും സംശയത്തിന്റെ നിഴലിലാണ്. എന്തായാലും കാരൂർ സോമനെതിരെ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപവുമായി രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP