Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരണശേഷം എന്റെ പേരിലുള്ള എല്ലാ സ്ഥാവരജംഗമ വസ്തുക്കളും ഞാൻ സ്ഥാപിച്ച പുലിക്കുന്നേൽ ഫൗണ്ടേഷന് നൽകുന്നു; ഓശാനാ മൗണ്ടും ഓശാനാ മാസികയും നന്നായി നടക്കണം; പാവങ്ങൾക്ക് വേണ്ട സഹായങ്ങൾ എല്ലാം ചെയ്യണം; സാഹിത്യം, പ്രസിദ്ധീകരണം വിദ്യാഭ്യാസം, കല, ആയുർവേദം, പ്രകൃതിചികിത്സ എന്നിവയെ പ്രോത്സാഹിപ്പിക്കണം: 2008ൽ തന്നെ ദീർഘദർശനത്തോടെ ജോസഫ് പുലിക്കുന്നേൽ എഴുതിവച്ച ഒസ്യത്ത് ഇങ്ങനെ

മരണശേഷം എന്റെ പേരിലുള്ള എല്ലാ സ്ഥാവരജംഗമ വസ്തുക്കളും ഞാൻ സ്ഥാപിച്ച പുലിക്കുന്നേൽ ഫൗണ്ടേഷന് നൽകുന്നു; ഓശാനാ മൗണ്ടും ഓശാനാ മാസികയും നന്നായി നടക്കണം;  പാവങ്ങൾക്ക് വേണ്ട സഹായങ്ങൾ എല്ലാം ചെയ്യണം; സാഹിത്യം, പ്രസിദ്ധീകരണം വിദ്യാഭ്യാസം, കല, ആയുർവേദം, പ്രകൃതിചികിത്സ എന്നിവയെ പ്രോത്സാഹിപ്പിക്കണം: 2008ൽ തന്നെ ദീർഘദർശനത്തോടെ ജോസഫ് പുലിക്കുന്നേൽ എഴുതിവച്ച ഒസ്യത്ത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: യേശുദേവൻ ലോകത്തിന് കാണിച്ചുകൊടുത്ത നന്മയുടെ വെളിച്ചം ജീവിതത്തിൽ പകർത്തിയ അപൂർവ വ്യക്തിത്വമായിരുന്നു ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞ ജോസഫ് പുലിക്കുന്നേൽ. പൗരോഹിത്യത്തെ വിമർശിച്ചും സഭയിലെ പോരായ്മകളെ തുറന്നുകാട്ടിയും അവസാന ശ്വാസംവരെ പോരാടിയ ആ ക്രൈസ്തവ സൈദ്ധാന്തിക വിമർശകൻ അന്ത്യം നേരത്തേ തന്നെ കാണുകയും ജീവിതാന്ത്യത്തിന് ശേഷവും താൻ നടത്തിവന്ന പോരാട്ടം തുടരാൻ ആഹ്വാനം ചെയ്തുകൊണ്ടും അതിനായി തന്റെ സ്വത്തുമുഴുവൻ നൽകിക്കൊണ്ടുമാണ് പുലിക്കുന്നേൽ യാത്രയാവുന്നത്.

ഇതിനായി വിശദമായ ഒസ്യത്തും അതോടൊപ്പം ജീവിതാഭിലാഷങ്ങളും മകൻ രാജുവിനോടുള്ള അനുശാസനവും നേരത്തേ തന്നെ എഴുതിവച്ചിരുന്നു. 2008 നവംബർ 18ന് തന്നെ ഇത്തരമൊരു ഒസ്യത്ത് അദ്ദേഹം തയ്യാറാക്കി. 34 കൊല്ലക്കാലമായി എന്റെ കഴിവിന് അനുസരിച്ച് ഞാൻ പ്രവർത്തിക്കുന്നുവെന്നും സ്വത്തിന്റെ പൂർണ അവകാശം പുലിക്കുന്നേൽ ഫൗണ്ടേഷനാണെന്നും വ്യക്തമാക്കിയാണ് ഒസ്യത്ത്.

ഇതോടൊപ്പം തന്റെ പ്രവർത്തനങ്ങൾക്കും പോരാട്ടങ്ങൾക്കുമായി സ്ഥാപിച്ച ഓശാനാ മൗണ്ടും ഓശാനാ മാസികയും നല്ലരീതിയിൽ തുടർന്നും മുന്നോട്ടുപോകണമെന്നും കുടുംബത്തിലേയും നാട്ടിലേയും പാവങ്ങൾക്ക് എല്ലാ സഹായങ്ങളും ചെയ്യണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ജോസഫ് പുലിക്കുന്നേൽ എഴുതിയ ഒസ്യത്തും മകനുള്ള അനുശാസനവും തന്റെ കാഴ്ചപ്പാടുകളും ഇങ്ങനെ:

എന്റെ ഒസ്യത്ത് - ജോസഫ് പുലിക്കുന്നേൽ

77 വയസ്സാകുന്ന ഞാൻ മരണത്തിന്റെ ചിറകടി അങ്ങകലെനിന്നും ഇങ്ങടുത്തുനിന്നും കേൾക്കുന്നുണ്ട്. ഞാൻ എന്റെ ജീവിതകാലത്ത് എന്റെ പിതൃആർജ്ജിത സമ്പത്ത് കാത്തുസൂക്ഷിക്കുകയും എന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവർക്ക് ജീവിതസുരക്ഷ സൃഷ്ടിക്കുന്നതിനും വേണ്ടി വിനിയോഗിച്ചു. ആശയതലത്തിൽ കത്തോലിക്കാ സമുദായത്തിനുള്ളിൽ നവീകരണത്തിന്റെ ശംഖൊലിയായി ഓശാന മാസിക ആരംഭിച്ചു.

ആ മാസിക സമൂഹത്തിന് എന്തു ഗുണം ചെയ്തു എന്ന് ചരിത്രം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എനിക്കുറപ്പുണ്ട്. അതുപോലെതന്നെ പൊതുസമൂഹത്തെ ജാതി-മത ഭേദമില്ലാതെ സേവിക്കുന്നതിന് ഓശാനമൗണ്ട് സ്ഥാപനങ്ങളും ഞാൻ സ്ഥാപിക്കുകയുണ്ടായി. എന്റെ മരണശേഷം ഇവയെക്കുറിച്ചുള്ള എന്റെ ദർശനങ്ങൾ പൊതുജനസമക്ഷം അവതരിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു.

1) എന്റെ സ്വത്തിനെ സംബന്ധിച്ചുള്ള മരണപത്രം

രണ്ടായിരത്തിയെട്ട് നവംബർ മാസം 18ാം തീയതി ചൊവ്വാഴ്ച കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പൂവരണി വില്ലേജിൽ ഇടമറ്റം കരയിൽ പുലിക്കുന്നേൽ മൂന്നുപീടിക വീട്ടിൽ താമസിക്കുന്ന, പുലിക്കുന്നേൽ മിഖായേൽ സ്‌കറിയായുടെയും എലിസബത്തിന്റെയും മകനായ 76 വയസ്സുള്ള ജോസഫ് പുലിക്കുന്നേൽ എന്നു വിളിപ്പേരുള്ള സ്‌കറിയാ ജോസഫ് എന്ന ഞാൻ, എന്റെ ഉടമസ്ഥതയിലും കൈവശാവകാശത്തിലും ഇരിക്കുന്നതുമായ എല്ലാ സ്ഥാവര ജംഗമവസ്തുക്കളെക്കുറിച്ചും, എന്റെ മരണശേഷം എങ്ങനെ വിനിയോഗിക്കണമെന്ന് എഴുതിവച്ച മരണപത്രം.

എന്റെ ഭാര്യ കൊച്ചുറാണി 2008 ഫെബ്രുവരി 22-ാം തീയതി ഇഹലോകവാസം വെടിഞ്ഞു. എനിക്ക് 76 വയസ് കഴിഞ്ഞു. ഇത്രയുംകാലം ആരോഗ്യത്തോടുകൂടി എന്റെ കർമ്മങ്ങൾ നിർവഹിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുന്നു. എന്റെ ഭൗതികസമ്പത്തിനെ സംബന്ധിച്ച് ഒരു മരണപത്രം (Will) എഴുതിവെയ്‌ക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു.

എന്റെ ഭാര്യ ജീവിച്ചിരിക്കുമ്പോൾത്തന്നെ ഇത്തരം ഒരു മരണപത്രത്തെക്കുറിച്ച് ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുണ്ട്. ഈ മരണപത്രത്തിൽ എന്റെ സാമൂഹ്യവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു. എന്റെ പേരിൽ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പൂവരണി വില്ലേജിൽ ബ്ലോക്ക് നമ്പർ 42-ൽ താഴെ പറയുംപ്രകാരം ഭൂസ്വത്തുണ്ട്.

1) 61/1 2.40 ആർ 5.90 സെന്റ്
2) 61/2 2 ഹെക്ടർ 20.40 ആർ 5 ഏക്കർ 44 സെന്റ്
3) 61/7 1.90 ആർ 4.70 സെന്റ്
4) 61/4 0.95 ആർ 2.30 സെന്റ്
5) 61/4 3.64 ആർ 9 സെന്റ്
6) 61/4 36.83 ആർ 91 സെന്റ്
ആകെ 6 ഏക്കർ 57 സെന്റ്

ടി സ്ഥലത്ത് എന്റെ പിതാവ് നിർമ്മിച്ച മൂന്നുപീടികയിൽ വീടും ഞാൻ നിർമ്മിച്ച പുലിക്കുന്നേൽ ഓഡിറ്റോറിയവും ഞാനിപ്പോൾ താമസിക്കുന്ന നാലാം വീടും ഒരു പശുത്തൊഴുത്തും ജംഗമവസ്തുക്കളും ഉണ്ട്. എന്റെ ജനനകാലത്ത് (1932) എന്റെ പിതാവ് നിർമ്മിച്ച മൂന്നുപീടികയിൽ ഭവനം പൂർണമായും തടിയിൽ നിർമ്മിച്ചിട്ടുള്ളതും കേരളശില്പകലയ്ക്ക് ഒരു അപൂർവമാതൃകയുമാണ്.

കഴിഞ്ഞ 34 കൊല്ലക്കാലമായി എന്റെ കഴിവനുസരിച്ച് ഞാൻ ജീവിക്കുന്ന സമൂഹത്തിന് നന്മ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ക്രൈസ്തവസമൂഹത്തിൽ ഞാൻ കണ്ട ജീർണതയ്‌ക്കെതിരെയും ഞാൻ പോരാടി. എന്റെ ഈ പ്രവർത്തനങ്ങൾ എന്റെ മരണശേഷവും തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ രണ്ടു ലക്ഷ്യങ്ങളോടുംകൂടിയാണ് ഈ മരണപത്രം ഞാൻ തയാറാക്കിയിരിക്കുന്നത്. എന്റെ മരണശേഷം എന്റെ പേരിലുള്ള എല്ലാ സ്ഥാവരജംഗമ വസ്തുക്കളും ഞാൻ സ്ഥാപിച്ച പുലിക്കുന്നേൽ ഫൗണ്ടേഷന് നൽകുന്നു.

ഫൗണ്ടേഷന്റെ ചെലവുകളും കഴിഞ്ഞ് ബാക്കി തുക എന്റെ തീരുമാനമനുസരിച്ച് (a) പുലിക്കുന്നേൽ കുടുംബങ്ങളിൽ വിദ്യാഭ്യാസത്തിനോ രോഗശുശ്രൂഷയ്‌ക്കോ ബുദ്ധിമുട്ടുന്ന വ്യക്തികൾക്കും (b) മീനച്ചിൽ, തിടനാട്, ഭരണങ്ങാനം പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും രോഗശുശ്രൂഷയ്ക്കുമായും ചെലവാക്കുന്നതിനും (c) സാഹിത്യം, പ്രസിദ്ധീകരണം, വിദ്യാഭ്യാസം, കല എന്നിവയുടെ വികസനത്തിനും (d) ആയുർവേദം, പ്രകൃതിചികിത്സ എന്നിവയുടെ വളർച്ചയ്ക്കും വ്യാപനത്തിനുമായിരിക്കണം ചെലവഴിക്കേണ്ടത്.

അറ്റ വരുമാനത്തിൽ 20 % തുക ഞാൻ സ്ഥാപിച്ച CRLS എന്ന സംഘടനയുടെ കീഴിലുള്ള 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്' എന്ന സ്ഥാപനത്തിനും ഞാൻ സ്ഥാപിച്ച 'ഗുഡ് സമരിറ്റൻ പ്രോജക്ട് ഇന്ത്യ' എന്ന സംഘടനയ്ക്കും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വസ്തുവിൽനിന്നുള്ള വരുമാനം, സേവനപ്രവർത്തനത്തിനായി മിച്ചംവയ്ക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഫൗണ്ടേഷന് സ്വീകരിക്കാവുന്നതാണ്.

ട്രസ്റ്റ് സ്വത്തുക്കൾ, ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ട്രസ്റ്റിന് വിൽക്കാവുന്നതാണ്. വിറ്റു കിട്ടുന്ന തുക ദേശസാൽകൃത ബാങ്കിലോ റിസർവ് ബാങ്കിലോ നിക്ഷേപിക്കാവുന്നതും പലിശകൊണ്ട് ഈ മരണപത്രത്തിൽ പറയുന്ന കാര്യങ്ങൾ ചെയ്യേണ്ടതുമാണ്. ഈ മരണപത്രത്തിൽ അനുശാസിക്കുന്ന കാര്യങ്ങൾ തർക്കമില്ലാതെ നടപ്പാക്കേണ്ടതാണ്.

എന്റെ ഈ മരണപത്രത്തിനു പിന്നിലെ സാമൂഹികപ്രേരണ

എനിക്ക് വിവാഹിതരായ 3 പെൺമക്കളും ഒരു മകനുമാണുള്ളത്. ഈശ്വരാനുഗ്രഹത്താൽ അവരുടെ സാമ്പത്തികനില ഭദ്രമാണ്. അതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. എന്റെ മകൻ രാജു ബാംഗ്ലൂരിൽ സ്വന്തമായി ബിസിനസ്സ് ചെയ്യുന്നു. ബിസിനസിൽ നല്ല വരുമാനമുണ്ട്. അവൻ കുടുംബസമേതം വീടുവെച്ച് അവിടെത്തന്നെ താമസിക്കുന്നു. തന്മൂലം അവന് എന്റെ ഭൂസ്വത്തും അതിൽനിന്നുള്ള ആദായവും ജീവസന്ധാരണത്തിന് ആവശ്യവുമില്ല.

ഫ്യൂഡൽ കാർഷികവ്യവസ്ഥ

ഞാൻ ജനിച്ചതും എന്റെ ബാല്യം പിന്നിട്ടതും ഫ്യൂഡൽ കാർഷികവ്യവസ്ഥയുടെ കാലത്തായിരുന്നു. അന്ന് കൃഷിയായിരുന്നു പ്രധാനമായ ജീവസന്ധാരണമാർഗ്ഗം. എന്നാൽ ഇന്ന് ജീവസന്ധാരണമാർഗ്ഗങ്ങളിൽ വൈവിധ്യം വന്നുചേർന്നിരിക്കുന്നു. ഫ്യൂഡൽ കാർഷികവ്യവസ്ഥയിൽ പിതാവിന്റെ സ്വത്ത് മക്കൾക്കുള്ളതാണ് എന്ന പാരമ്പര്യമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. പിതാവ് മക്കൾക്കുവേണ്ടിയായിരുന്നു ഭൂമി സമ്പാദിച്ചിരുന്നത്. മക്കൾക്ക് മറ്റു ജീവിതമാർഗ്ഗങ്ങൾ അക്കാലത്ത് വളരെ വിരളമായിരുന്നു. സമ്പത്തുള്ളവരുടെ മക്കൾ അദ്ധ്വാനിക്കാതെ പൂർവികരുടെ അദ്ധ്വാനഫലം ആശ്രയിച്ചു ജീവിക്കുകയും പിൻതലമുറക്കുവേണ്ടി സമ്പത്ത് സമ്പാദിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു കുടുംബത്തിൽ ശക്തമായി നിലനിന്നിരുന്ന പ്രേരണ. സമ്പന്നനായ പിതാവിന്റെ മക്കൾ അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഗുണഭോക്താക്കളാകും എന്ന ഇന്നത്തെ ധാരണ പലപ്പോഴും നെറ്റിയിലെ വിയർപ്പിനെ ആശ്രയിക്കാതെ പിതാക്കന്മാരുടെ നെറ്റിയിലെ വിയർപ്പിനെ ആശ്രയിച്ച് ജീവിക്കാൻ മക്കളെ പ്രേരിപ്പിച്ചു.

മക്കൾ ഇതരജീവിതമാർഗ്ഗങ്ങളിൽ പ്രവേശിച്ച് ക്രമമായ വരുമാനമുള്ളവരാണെങ്കിൽപ്പോലും ആ വരുമാനത്തിനുപുറമെ പിതാക്കന്മാരുടെ കൃഷിഭൂമികൾ സ്വന്തമായി വെക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു. ഇങ്ങനെ ഒരേ അവസരത്തിൽ രണ്ടു സ്രോതസ്സുകളിലുള്ള വരുമാനം സ്വന്തമാക്കിവെക്കുന്ന ഒരു സമൂഹവ്യവസ്ഥ വ്യക്തിയിൽ സമ്പത്ത് കുന്നുകൂടുന്നതിന് സഹായകമായിത്തീരും. മാത്രമല്ല, കൃഷിഭൂമി കൃഷിക്കാരിൽനിന്നും മാറ്റി ഉദ്യോഗസ്ഥന്മാരിലേക്കോ ബിസിനസ്സുകാരിലേക്കോ എത്തിപ്പെടുകയും തന്മൂലം യഥാർത്ഥ കൃഷിക്കാരന് കൃഷിഭൂമി ലഭ്യമാകാതെ വരികയും ചെയ്യുന്നു. ഇത് പാടില്ലെന്നാണ് എന്റെ വിനീതമായ സാമൂഹികാഭിപ്രായം. സ്വന്തമായി ജീവിതമാർഗ്ഗം കണ്ടെത്തുന്ന മക്കൾക്ക് പൂർവ്വാർജ്ജിതകൃഷിഭൂമി നൽകുന്നത് സാമ്പത്തികസമതുലിതാവസ്ഥക്കും കൃഷിക്കും വിനയായിത്തീരും.

ഇത്തരം അവസരങ്ങളിൽ സ്വന്തമായി ജീവിതമാർഗ്ഗം കണ്ടെത്തുന്നവർ പൂർവാർജിതസ്വത്ത് സമൂഹത്തിന്റെ പൊതുനന്മയ്ക്കായി വിട്ടുകൊടുക്കണം എന്നാണ് എന്റെ എളിയ ആഗ്രഹം. എന്റെ മക്കളെല്ലാവരും സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നവരാണ്. അവരൊന്നുംതന്നെ കാർഷികവയോധികിയിൽനിന്നും ജീവിതസന്ധാരണം കണ്ടെത്തേണ്ടതില്ല. ആ സാഹചര്യത്തിൽ എന്റെ ഭൂസ്വത്തുകൂടി അവരുടെ സമ്പത്തിനെ വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് എന്റെ സാമൂഹികവീക്ഷണത്തിൽ ശരിയാണെന്ന് തോന്നുന്നില്ല. എന്റെ പേരിൽ ഇന്ന് 6 ഏക്കർ 57 സെന്റ് സ്ഥലവും എന്റെ തറവാട് പുരയും കൂടാതെ പുലിക്കുന്നേൽ ഓഡിറ്റോറിയവും സ്വന്തമായിട്ടുണ്ട്.

മുൻകാലങ്ങളിൽ പ്രമുഖ ക്രൈസ്തവ കുടുംബങ്ങളുടെ മരണപത്രത്തിൽ പൊതുജനങ്ങൾക്കായി കുറെ വസ്തുവകകൾ നീക്കിവെക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. അത് പലപ്പോഴും പള്ളികൾക്കാണ് നൽകിപ്പോന്നത്. ഒരു ഫൗണ്ടേഷൻ എന്ന നിലയിൽ പള്ളികൾ ദാതാവിന്റെ ഇഷ്ടപ്രകാരം പ്രവർത്തിക്കും എന്ന പ്രതീക്ഷ പണ്ടുകാലത്തുണ്ടായിരുന്നു. എന്നാൽ ഇന്ന് പള്ളികൾക്കോ പള്ളിവക സ്ഥാപനങ്ങൾക്കോ നൽകുന്ന ഇഷ്ടദാനങ്ങളൊന്നും അതിന്റെ ലക്ഷ്യത്തിൽ പ്രവർത്തിക്കാറില്ല. തന്മൂലം ഓരോ കുടുംബങ്ങളും പൊതുജന സഹായത്തിനായി കുടുംബഫൗണ്ടേഷനുകൾ സ്ഥാപിക്കുന്നത് നന്നായിരിക്കുമെന്ന് ഞാൻ കരുതുന്നു.

എന്റെ മരണശേഷം നിയമപരമായി ഈ വസ്തുക്കൾ കൈവശം വെക്കുകയും എന്റെ താല്പര്യമനുസരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നതിന് പുലിക്കുന്നേൽ ഫൗണ്ടേഷനെ ഞാൻ ചുമതലപ്പെടുത്തുന്നു. എന്റെ മരണശേഷം ഉടനടി പുലിക്കുന്നേൽ ഫൗണ്ടേഷൻ എന്റെ സ്ഥാവരജംഗമവസ്തുക്കളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കേണ്ടതാണ്.

2002 ഏപ്രിൽ 14-ാം തീയതി ഞാൻ എഴുതി പ്രസിദ്ധീകരിച്ച 'എന്റെ ശേഷക്രിയകൾ' എന്ന ലഘുലേഖയിൽ 7-ാം ഖണ്ഡിക ഞാൻ തിരുത്തുന്നു. എന്റെ മൃതദേഹസംസ്‌കാരം പുലിക്കുന്നേൽ ഫൗണ്ടേഷൻ അംഗങ്ങളുടെ മേൽവിചാരത്തിൽ വേണം നടത്താൻ. മൃതദേഹ സംസ്‌കാരത്തിനുള്ള സ്ഥലം തെരഞ്ഞെടുക്കേണ്ടത് ഫൗണ്ടേഷൻ അംഗങ്ങളാണ്. അതിനുള്ള ചെലവ് ഞാൻ അവരെ ഏല്പിച്ചിട്ടുണ്ട്. പ്രസ്തുത ലഘുലേഖയിൽ 11-ാം ഖണ്ഡിക ഇങ്ങനെ ഞാൻ തിരുത്തുന്നു. മൃതദേഹം വെയ്ക്കാനുള്ള പെട്ടി ഞാൻ പണിതു വെച്ചിട്ടുണ്ട്. മറ്റെല്ലാ നിർദ്ദേശങ്ങളും നിലനിർത്തുന്നു.

ഞങ്ങൾ, ഞങ്ങളുടെ കുടുംബപ്രാർത്ഥനയിൽ നിത്യം ചൊല്ലിവന്നിരുന്ന പ്രാർത്ഥനയിലെ ഈ ഭാഗം പ്രത്യേകം ഓർക്കുക. ''കൊടുക്കുമ്പോഴാണ് നമുക്ക് ലഭിക്കുന്നത്.'' എന്റെ മരണശേഷം ഈ മരണപത്രം അച്ചടിച്ച് ജനങ്ങൾക്ക് നൽകേണ്ടതാണ്.

ഇടമറ്റം ജോസഫ് പുലിക്കുന്നേൽ
18-11-2008 (സ്‌കറിയാ ജോസഫ്)

2) ഓശാനമൗണ്ട് സ്ഥാപനങ്ങളെ സംബന്ധിച്ച്
ഞാൻ സ്ഥാപിച്ച ഗുഡ് സമരിറ്റൻ പ്രോജക്ട് ഇന്ത്യ ഏകദേശം 34 കൊല്ലമായി പൊതുജനസേവനം നടത്തിവരുന്നു. അത് എന്റെ കുടുംബത്തിനുവേണ്ടി ഞാൻ സ്ഥാപിച്ചതല്ല. പല ക്രൈസ്തവസ്ഥാപനങ്ങളുടെയും സ്ഥാപകന്മാർ ആ സ്ഥാപനങ്ങൾ കുടുംബത്തിനായി സംവരണം ചെയ്യുന്ന സമ്പ്രദായമുണ്ട്. അങ്ങനെയൊരു ദുരവസ്ഥ ഈ സ്ഥാപ നങ്ങൾക്ക് ഉണ്ടാവരുത് എന്ന് ഞാൻ എന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു. എനിക്കൊരു മകനും മൂന്ന് പെൺമക്കളുമാണുള്ളത്. അവർക്കാർക്കും ഓശാനമൗണ്ട് സ്ഥാപനങ്ങളുടെമേൽ അധികാരമുണ്ടാകരുതെന്ന് ഞാൻ നേരത്തെ എഴുതിയിരുന്നു.

എന്റെ 70-ാം വയസ്സിൽ 2002-ൽ എന്റെ മകൻ രാജുവിന് ഞാൻ എഴുതിയ അനുശാസനം താഴെ കൊടുക്കുന്നു. (ഇംഗ്ലീഷിലെഴുതിയ ഈ അനുശാസനത്തിന്റെ തർജ്ജമ). ''ഓശാനമൗണ്ട് സ്ഥാപനങ്ങളെക്കുറിച്ച് എന്റെ മകൻ രാജുവിന് നല്കുന്ന അനുശാസനം

പ്രിയപ്പെട്ട രാജു,

എനിക്ക് 70 വയസ്സായി. എന്റെ പ്രതീക്ഷകൾക്കപ്പുറം ദൈവം എനിക്ക് ദീർഘായുസ് തന്നിരിക്കുന്നു. നിനക്കറിയാവുന്നതുപോലെ എന്റെ സഹോദരന്മാരും സഹോദരിയും 70 നുമുമ്പ് അവശരായി. ചിലരാകട്ടെ, 60 വയസ്സിലും. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ കൂടുതൽ ഭാഗ്യവാനാണെന്ന് തോന്നുന്നു. അതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ഓശാനമൗണ്ട് സ്ഥാപനങ്ങളുമായി നിനക്കുള്ള ബന്ധത്തെക്കുറിച്ച് നിന്നോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവം എനിക്കു തന്ന ഒരു വിശുദ്ധട്രസ്റ്റായിട്ടാണ് ഓശാനമൗണ്ട് സ്ഥാപനങ്ങളെ ഞാൻ കാണുന്നത്. ഞാൻ ദൈവത്തിന്റെ കൈയിലെ കേവലഉപകരണമായിരുന്നു. നീയും അങ്ങനെ വേണം ഇതിനെ കാണാൻ. മുപ്പതോളം കൊല്ലത്തെ എന്റെ ആയുസ്സ് ഈ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കുവേണ്ടി ഞാൻ ചെലവഴിച്ചു.

അത് ആഹ്ലാദകരമായ ഒരു ജോലിയായിരുന്നു. ഈ സ്ഥാപനത്തിൽനിന്നും വളരെയധികംപേർ അവരുടെ ആദ്ധ്യാത്മികദാഹം തീർത്തു. നന്ദിയോടെയുള്ള അവരുടെ ദീർഘനിശ്വാസം വമ്പിച്ച ഒരു ധനമായി ഞാൻ കാണുന്നു. അവയെല്ലാം നിനക്കും വരുന്ന തലമുറയ്ക്കും ഞാൻ നൽകുന്നു. രണ്ട് സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് ആവശ്യപ്പെട്ടാൽ നീ നിന്റെ സേവനം അവർക്ക് നൽകണം. ദൈവാനുഗ്രഹത്താൽ ഏടജക യ്ക്കും ഇഞഘട നും ഇന്ന് അർപ്പിതമനസ്‌കരായ ഒരു മാനേജിങ് ബോർഡുണ്ട്. അവർ സ്ഥാപനം നോക്കി നടത്തും. അവർ ആവശ്യപ്പെടുമ്പോൾ വേണ്ട സഹായവും പിന്തുണയും നീ കൊടുക്കണം. ഈ സ്ഥാപനങ്ങളിൽനിന്ന് ഒരു സാമ്പത്തികലാഭമോ പ്രശസ്തിയോ പേരോ നീ ആഗ്രഹിക്കരുത്. ഈ സ്ഥാപനങ്ങൾ ഒരു വിശുദ്ധപൊതുട്രസ്റ്റാണ്. ഇവ സ്ഥാപിച്ചിരിക്കുന്നത് നമ്മുടെ ഗ്രാമത്തിലും കുടുംബഭവനത്തിനും സമീപമാകയാൽ ബോർഡ് നിന്റെ സഹായം ചോദിച്ചേക്കാം. നീ എല്ലാ കാലങ്ങളിലും ബോർഡിനോട് സഹകരിക്കുകയും അവരെ സഹായിക്കുകയും ചെയ്യണമെന്ന് ഞാൻ അനുശാസിക്കുന്നു.

സ്‌നേഹത്തോടെ,
ജോസഫ് പുലിക്കുന്നേൽ''

അധികാരവും പണവും പിടിച്ചെടുക്കേണ്ടതല്ല. ഇതിനർത്ഥം എന്റെ മക്കളോ എന്റെ ബന്ധുജനങ്ങളോ ഓശാനമൗണ്ടിൽ ഓശാനാ സ്ഥാപനങ്ങളെ സഹായിക്കരുതെന്നല്ല,. മറിച്ച്, പ്രതിഫലേച്ഛയോ സ്ഥാനമോ ആഗ്രഹിച്ച് അത്തരം സേവനങ്ങൾ ചെയ്യാൻ പാടില്ല. ഓശാനമൗണ്ടിന്റെ ഭാവി എന്ത് എന്നു ചോദിക്കുന്നവരുണ്ട്. അത് ഭാവിയാണ് തീരുമാനിക്കേണ്ടത്. സ്ഥാപകന്റെ ഉദ്ദേശലക്ഷ്യങ്ങളിൽ പിൻതലമുറ എന്നും ഉറച്ചുനിൽക്കണമെന്ന് പറയാനാകില്ല. ഒരുപക്ഷേ അത് വഴിമാറി ചലിച്ചേക്കാം. എനിക്കതിൽ ദുഃഖമില്ല. കാരണം, ക്രിസ്തു സ്ഥാപിച്ച സഭയും ഗാന്ധിജി വാങ്ങിത്തന്ന സ്വാതന്ത്ര്യവും ശ്രീനാരായണന്റെ സാമൂഹ്യ-മതസങ്കല്പനങ്ങളും നിറവേറ്റപ്പെട്ടിട്ടില്ല. ആ ചരിത്രവസ്തുത മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഞാൻ ഓശാനമൗണ്ട് സ്ഥാപനങ്ങൾക്ക് രൂപംകൊടുത്തത്. പക്ഷേ, എന്റെ സന്താനപരമ്പരകൾ ഈ വഴിമാറലിന് കാരണമാകരുതെന്ന് ഞാൻ ഉറച്ചു തീരുമാനിച്ചു. എല്ലാ ഓശാനമൗണ്ട് സ്ഥാപനങ്ങളും പൊതുജനസേവനത്തിന് ഉപകരിക്കുംവിധം മുന്നോട്ടുപോകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

3) ഓശാനയെപ്പറ്റി

34 കൊല്ലമായി ഓശാന മാസിക ഞാൻ നടത്തുന്നു. ഇതിന്റെ ഭാവി എന്ത് എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. വാർദ്ധക്യവും അനാരോഗ്യവും മൂലം ഓശാന മാസിക നിർത്തേണ്ടിവരുമോ എന്ന് ഞാൻ ആശങ്കാകുലനാണ്.

ഈ അടുത്തയിടെ ഓശാനയുടെ ആദ്യകാലം മുതലുള്ള വരിക്കാരനും വായനക്കാരനുമായ ബഹു. ഫാ. കെ.റ്റി. ജയിംസ് കപ്പൂച്ചിൻ എഴുതിയ കത്ത് താഴെ കൊടുക്കുന്നു : ''ഓശാന'യുടെ ആരംഭംമുതൽ മുടങ്ങാതെ വരുത്തുകയും വായിക്കുകയും ചെയ്തിരുന്ന ഒരു വ്യക്തിയാണ് ഞാൻ. ആദ്യത്തെ കോപ്പി വായിച്ചശേഷം ഞാൻ അന്ന് എഡിറ്റർക്ക് എഴുതി, ഇത്തരം ഒരു മാസിക കേരള സഭയ്ക്ക് ആവശ്യമാണെന്നും എല്ലാ വിശ്വാസികൾക്കും പ്രത്യേകിച്ച് അല്മായർക്ക് തങ്ങളുടെ അഭിപ്രായം തുറന്നെഴുതാനുള്ള ഒരു വേദിയായിരിക്കും ഇതെന്നും. 'ഓശാന' ഒരു ''തിരുത്തൽ'' ശക്തിയായി ഇന്നുവരെ പ്രവർത്തിച്ചു. അതു തുടർന്നും കാണാൻ ആഗ്രഹിച്ചു. അത് നിർത്തിയെങ്കിൽ വലിയ ഒരു നഷ്ടമാണ് സ്വതന്ത്രമായി ചിന്തിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നവർക്ക്. ഇതിനൊരു പരിഹാരം ബുദ്ധിമാനായ പുലിക്കുന്നേൽ സാർ കണ്ടുപിടിച്ചു നടപ്പാക്കുമെന്ന് കരുതുന്നു. പുലിക്കുന്നേൽ സാർ തന്റെ പ്രവാചക ദൗത്യം വിജയപ്രദമായി ഇത്രയുംനാൾ നിർവ്വഹിച്ചതിന് ഒത്തിരി നന്ദി; നിർത്താതെ തുടരണമെന്ന ഒരപേക്ഷയും.''

സ്വാമി വിക്രാന്ത് SDB; ഡോൺ ബോസ്‌കോ ബോയ്‌സ് ഹോം, ചെന്നൈ ഓശാന മാനേജർക്ക് എഴുതിയ കത്ത് താഴെ കൊടുക്കുന്നു.

'How is the health of Mr. Joseph Pulikunnel? Please assure him of my continuous support and prayers. The December, January and February issues of Hosanna are excellent in doctrine and scholarship and objectivity, fearleseness, boldness.''

ഇത്തരം അനേകം കത്തുകൾ വരിക്കാരിൽനിന്നും എനിക്ക് കിട്ടാറുണ്ട്. അതിൽ വൈദികരും അൽമായരും ഉൾപ്പെടും. ശാരീരികാസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ഓശാന മാസിക തുടർന്നും നടത്തണമെന്നാണ് എന്റെ ആഗ്രഹം. എന്നാൽ അച്ചടിക്കൂലിയും കടലാസിന്റെ വിലയും ക്രമാതീതമായി വർദ്ധിച്ചതിനാൽ മാസിക ഇന്ന് നഷ്ടത്തിലാണ് നടക്കുന്നത്. ഈ സാമ്പത്തികഭാരം എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. എല്ലാ മാധ്യമങ്ങളുടെയും പ്രധാനവരുമാന മാർഗ്ഗം പരസ്യങ്ങളാണ്. പ്രസിദ്ധീകരണം ആരംഭിച്ച അന്നു മുതൽ ഒരിക്കൽപോലും ഞാൻ പരസ്യങ്ങൾ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വരിസംഖ്യയെ ആശ്രയിച്ചു മാത്രമേ ഓശാനയ്ക്ക് മുന്നോട്ടു പോകാനാകൂ. ഇന്ന് ഒരു കോപ്പിക്ക് 5 രൂപയാണ് വില. അത് 8 ആയി വർദ്ധിപ്പിച്ചെങ്കിൽ മാത്രമേ ആരോഗ്യമുള്ളിടത്തോളം കാലം എനിക്ക് ഓശാന നടത്തിക്കൊണ്ടുപോകാനാകൂ. ഈ സാമ്പത്തികഭാരം വരിക്കാരിൽ കെട്ടിവെയ്ക്കണമെന്ന് ഒരിക്കലും ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഇത് ചെയ്യാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്.

നിലവിലുള്ള വരിക്കാർ 30 രൂപയെങ്കിലും കൂടുതൽ തന്ന് മാസികയെ നിലനിർത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അതുപോലെതന്നെ സമ്പത്തുള്ളവർ അവരുടെ കഴിവനുസരിച്ച് സംഭാവനയും അയച്ചുതരിക. കത്തോലിക്കാ സമുദായത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ഇടനാഴിയിലാണ് ഓശാന നിൽക്കുന്നത്. ചർച്ച് ആക്ട് നടപ്പിലാക്കാൻ ഇനിയും വളരെയധികം എഴുതേണ്ടതുണ്ട്. പ്രചാരണം നടത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ മെത്രാന്മാരുടെ വോട്ടുബാങ്ക് ഭീഷണിയെ ചെറുത്ത് നിയമനിർമ്മാണം നടത്താനാകൂ; നിയമനിർമ്മാണം എന്ന കാനാൻദേശത്ത് നമുക്ക് പ്രവേശിക്കാൻ കഴിയൂ. അനാരോഗ്യവാനാണെങ്കിലും നിങ്ങളുടെ ഈ മുന്നേറ്റത്തിൽ തൂലികകൊണ്ട് എന്നെക്കൊണ്ട് കഴിവത് ചെയ്യണമെന്ന് ഞാനാഗ്രഹിക്കുന്നു. അതിന് നിങ്ങളുടെ സഹായം അത്യന്താപേക്ഷിതമാണ്.

എന്റെ മരണശേഷം ഓശാന നിർത്തണമെന്നാണ് എന്റെ ആഗ്രഹം. കാരണം, ഓശാന ആരംഭിച്ചത് ഒരു പ്രത്യേക ലക്ഷ്യത്തെ മുൻനിർത്തിയാണ്. ആ ലക്ഷ്യം നേടിക്കഴിഞ്ഞാൽ ഓശാന അപ്രസക്തമാണ്. ഓശാന ഒരിക്കലും ഒരു വാർത്താപത്രികയായിരുന്നില്ല. ആശയപത്രികയായിരുന്നു. പല മഹാന്മാരും ആശയമാസികകൾ സ്ഥാപിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ''ഹരിജൻ'', ശ്രീനാരായണഗുരുസ്വാമി സ്ഥാപിച്ച ''വിവേകോദയം''. അവയെല്ലാം അവയുടെ കർമ്മം നിർവഹിച്ച് അപ്രത്യക്ഷമായി. പുത്തൻ സാഹചര്യത്തിൽ പുതിയ ആശയങ്ങളെ അവതരിപ്പിക്കുന്നതിന് ഇത്തരം ആശയമാസികകൾ ആവശ്യമാണെന്ന് തോന്നുന്നു. അതുകൊണ്ട് മാസികകൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഒരു വാഴക്കൂമ്പ് കുലയെ പ്രസവിച്ചിട്ടശേഷം പോളകൾ സ്വയം പൊഴിയുന്നതുപോലെ ഓശാനയും ചരിത്രത്തിന്റെ വീഥിയിൽ എനിക്കുശേഷം പൊഴിഞ്ഞുപോകുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. വി. പൗലോസ് എഴുതിയതുപോലെ ''ഗോതമ്പുമണി അഴിയാതെ പുത്തൻ നാമ്പുകൾ ഉണ്ടാവുകയില്ല.'' അതുപോലെ കാലത്തിന്റെ പാടത്ത് പുതിയ നാമ്പുകൾ പൊട്ടിമുളയ്ക്കാൻ ഓശാന നിഷ്‌ക്രമിക്കുന്നതാണ് ഉത്തമം.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100-ാം സങ്കീർത്തനത്തിലെ അവസാനഭാഗം ആവർത്തിക്കട്ടെ,

''കർത്താവ് നല്ലവനല്ലോ. അവന്റെ അചഞ്ചലസ്‌നേഹം എന്നെന്നും നിലനിൽക്കുന്നു. അവന്റെ വിശ്വസ്തത സർവ തലമുറകളിലും!''

ജോസഫ് പുലിക്കുന്നേൽ, ഓശാനമൗണ്ട്, ഇടമറ്റം പി.ഒ., മൊബൈൽ : 9447196214

എന്റെ സ്വർഗസ്ഥഭാര്യ കൊച്ചുറാണിയുടെ ഒന്നാം ചരമവാർഷികദിനമായ 2009 ഫെബ്രുവരി 22-ാം തീയതി പ്രസിദ്ധീകരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP