Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംഗീതനാടക അക്കാദമി നയം മാറ്റി; നാടൻകലകൾ പുറത്തായി

സംഗീതനാടക അക്കാദമി നയം മാറ്റി; നാടൻകലകൾ പുറത്തായി

തൃശൂർ: കേരള സംഗീത നാടക അക്കാദമിയിൽ നിന്നും നാടൻകലകളെ പുറത്തേക്ക്. സൂര്യകൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള പുതിയ സമിതിയാണ് നാടകം, സംഗീതം, നൃത്തം എന്നിവക്ക് പ്രധാന്യം നൽകി അക്കാദമി പ്രവർത്തനം അടിമുടി അഴിച്ചുപണിയുന്നത്. ഇതോടെ കേരള സംഗീത നാടക അക്കാദമിയുടെ പട്ടികയിൽ നിന്നും നാടൻപാട്ടും തെയ്യം കോലം തുടങ്ങിയ നാടൻകലകളും പടിക്ക്പുറത്താകും.

അക്കാദമിയിൽ അഫിലിയേറ്റ് ചെയ്യുന്ന കലാസമിതികൾക്ക് ഗ്രാന്റ് നൽകുന്നത് അവസാനിപ്പിക്കാനും നീക്കമുണ്ട്. നാടകവും സംഗീതവും നൃത്തവും പരമാവധി മാജിക്കും ഒഴികെയുള്ള നാടൻ കലകളുടെയും കലാകാരന്മാരുടെയും കാര്യം നോക്കേണ്ടത് സംഗീതനാടക അക്കാദമിയല്ലെന്നും അതിന് കലാമണ്ഡലവും നാടൻകലാ അക്കാദമിയും പോലുള്ള സ്ഥാപനങ്ങളും ഉണ്ടെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

എന്നാൽ 1981ൽ പല്ലശ്ശേന പത്മനാഭൻ മാരാർക്ക് ഫെലോഷിപ് നൽകിയ അക്കാദമി തുടർന്നുള്ള വർഷങ്ങളിൽ പെരുവനം കുട്ടന്മാരാരെയും അന്നമനട പരമേശ്വര മാരാരെയും ഇതേരീതിയിൽ ആദരിച്ചിട്ടുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത ചില വാദ്യ കലാകാരന്മാർ ചൂണ്ടിക്കാട്ടി. കലാമണ്ഡലം ഒരു പഠനകേന്ദ്രമാണെന്നും അതിൻെറയും അക്കാദമിയുടെയും പ്രവർത്തനം വ്യത്യസ്തമാണെന്നും അവർ പറഞ്ഞു.

നാടൻ കലാകാരന്മാരിൽ ഏറെയും സംഘടിതരല്ലാത്തതിനാൽ ഇവരെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് എങ്ങനെയെന്ന ചോദ്യം ഉയർന്നു. അപ്പോഴാണ് അക്കാദമി ഭാരവാഹികൾ നയവ്യതിയാനം വ്യക്തമാക്കിയത്. ഭരത് മുരളിയുടെയും മുകേഷിൻെറയും കാലത്ത് അക്കാദമി സ്വീകരിച്ച വഴിവിട്ട പ്രവർത്തനരീതി പിന്തുടരാനാവില്ല എന്നായിരുന്നു മറുപടി. നയവ്യതിയാനം ബോധിപ്പിക്കാൻ ഞായറാഴ്ച അക്കാദമി ആസ്ഥാനത്ത് വിളിച്ചുകൂട്ടിയ കലാകാരന്മാരുടെ യോഗത്തിൽ ഇതിനെതിരെ പ്രതിഷേധമുയർന്നു. ഭരണസമിതി പൂർണമായി നിലവിൽവരുന്നതിന് മുമ്പ് നയപരമായ ഇത്തരം കാര്യങ്ങളിൽ ആലോചനയും തീരുമാനവും എടുക്കുന്നതിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ന്യൂ ഇന്ത്യ ഇൻഷുറൻസ് വഴി കലാകാരന്മാർക്ക് ഇൻഷുറൻസ് സംരക്ഷണം ഏർപ്പെടുത്തുമെന്ന് യോഗത്തിൽ അറിയിച്ചു. 1000 രൂപ പ്രതിവർഷ പ്രീമിയംവരുന്ന പദ്ധതിയിലേക്ക് 1000 പേർക്ക് തുകഅടച്ചതായി ചെയർമാൻ അറിയിച്ചു. ഇത് അക്കാദമി ഫണ്ടിൽനിന്നോ സർക്കാർ സഹായമായോ ലഭിച്ചതല്ലെന്നും പുറത്തുനിന്ന് സമാഹരിച്ചതാണെന്നും അദ്ദേഹം അറിയിച്ചത്രേ. പദ്ധതിയിൽ ഉൾപ്പെടുന്നവർക്ക് സ്മാർട്ട് കാർഡ് നൽകും.

അക്കാദമി ചെയർമാൻ സൂര്യകൃഷ്ണമൂർത്തി, വൈസ് ചെയർമാൻ ടി.എം. അബ്രഹാം, സെക്രട്ടറി പി.വി. കൃഷ്ണൻ നായർ എന്നിവർ പങ്കെടുത്ത ഞായറാഴ്ചത്തെ യോഗത്തിലേക്ക് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെയും ഇ.എസ്.ഐയുടെയും ഉദ്യോഗസ്ഥരെയും ക്ഷണിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP