Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആട്ടവിളക്കിനുമുമ്പിൽ അമ്പതാണ്ട്...

ആട്ടവിളക്കിനുമുമ്പിൽ അമ്പതാണ്ട്...

ല കൈവശമാക്കുവാൻ കഷ്ടപ്പെടുന്നവർ ഏറെയുണ്ടാകും. എന്നാൽ, കല കട്ട് പഠിക്കുവാൻ വിധിക്കരപ്പെടുന്നവർ വിരളമായിരിക്കും. എങ്കിൽ ഊണിന് മണി മുഴങ്ങുമ്പോൾ നട്ടുച്ചയിൽ കത്തിപ്പടരുന്ന ഉച്ചവെയിലിനിടയിലൂടെ അമ്മ കെട്ടിയൊരുക്കിതന്ന ചോറ്റുപാത്രവും കൈയിലേന്തി ക്ലാസിൽ തൊട്ടപ്പുറത്തെ ബെഞ്ചിലിരിക്കുന്ന കൂട്ടുകാരിയുടെ കൈയും പിടിച്ച് അവളുടെ വീട്ടിലേക്കോടുമ്പോൾ ആ ആറാംക്ലാസുകാരിയോട് 'നീ ഇതിനായിരുന്നോ... എന്നാരും ചോദിച്ചിട്ടുണ്ടാവില്ല. എന്തിനേറെ, ആ വീട്ടുകാർക്ക് പോലും അറിയില്ലായിരുന്നു പാറുവിന്റെ ഈ കുസൃതി. കോലീയിലിരുന്ന് കൂട്ടുകാരിക്കൊത്ത് കറി പകുത്ത് ഉച്ചയൂണടിക്കുമ്പോൾ സാധാരണ കുട്ടികൾ കാണിക്കുന്നതുപോലെ , കൂട്ടുകാരിയുടെ പാത്രത്തിലെ മലപോലെ കൂട്ടിയിരിക്കുന്ന കറിക്കൂട്ടിലോ ഉപ്പിലിട്ട നല്ല മുഴുപ്പുള്ള മാങ്ങായിലോ ആയിരുന്നില്ല പാറുവിന്റെ കണ്ണ്. എരിവുള്ള കാന്താരി മുളക് അറിയാതെ കടിച്ച് പൊട്ടിക്കുമ്പോഴും എരിവ് കെട്ടടങ്ങുവാൻ തണുത്ത വെള്ളത്തിനായി അവളുടെ നാവ് കുതറിയോടിയിരുന്നില്ല.

അങ്ങനെ താൽക്കാലിക രസങ്ങളിൽ മുഴുകി ഒഴുക്കിനൊത്ത് നീന്തിയിരുന്നുവെങ്കിൽ കഥകളിൽ ഇത്രയും ഉയരം താണ്ടുവാൻ ഇവർക്കാകുമായിരുന്നില്ല. കഥകളിയരങ്ങിൽ പെൺ സാന്നിധ്യമായി അര നൂറ്റാണ്ട് പൂർത്തിയാക്കുന്ന ഏക വനിതയെന്ന അപൂർവ്വ ബഹുമതിയാണ് ചാവറ പാറുക്കുട്ടിയെന്ന പെൺ കുലപതിക്ക് ഇന്നുള്ളത്. കാൽ നൂറ്റാണ്ടെങ്കിലും പൂർത്തിയാക്കിയ ഏതാനും നടിമാർമാത്രമേ പിന്നിലുള്ളുവെന്നത് ഈ നേട്ടത്തിന് മാറ്റുകൂട്ടുന്നു.

കഥകളി അഭ്യാസത്തിന്റെ ഭാഗമായുള്ള കഠിന പരിശീലന മുറകൾകൊണ്ടും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് പണ്ട് സ്ത്രീകൾക്ക് വിലക്കുകൾ ഉണ്ടായിരുന്നതുകൊണ്ടും ഈ കലയിൽ നിന്ന് സ്ത്രീകൾ ഒഴിഞ്ഞു നിന്നിരുന്നു. അതുകൊണ്ടു തന്നെ കഥകളിയിലെ സ്ത്രീ വേഷങ്ങൾ പുരുഷന്മാർ തന്നെയാണ് പണ്ട് കെട്ടിയാടിയിരുന്നത്. അരങ്ങിലും അണിയറയിലും ആസ്വാദനത്തിലുമെല്ലാം പുരുഷ മേധാവിത്വം നിലനിന്നിരുന്ന കഥകളി രംഗത്ത് 1961 ലാണ് പാറുക്കുട്ടിയെന്ന ചവറക്കാരി, പൂതനയുടെ വേഷമണിഞ്ഞെത്തുന്നത്. തുടർന്നങ്ങോട്ട് തിരിവിളക്കിന്റെ തെളിനാളത്തിൽ ക്ഷീണമറിയാതെ നിറഞ്ഞാടിയയ വേദികൾ... പൂതനയും ദേവയാനിയും രുഗ്മിണീ സ്വയംവരത്തിലെ കൃഷ്ണനും കല്യാണ സൗഗന്ധികത്തിലെ ഭീമസേനനും പ്രഹ്ലാദനും ധർമാംഗദനുമൊക്കെയായി ആട്ട മികവിന്റെ അര നൂറ്റാണ്ട്. തിരിഞ്ഞു നോക്കുമ്പോൾ, കടന്നുവന്ന കനൽ നിലങ്ങളിലെ ചൂടേറ്റ് ഹൃദയം പോലും വിയർത്തൊലിച്ച പച്ചയായ അനുഭവങ്ങൾ...

ഉച്ചയൂണിന്റെ രഹസ്യം

ശങ്കരമംഗലം സ്‌കൂളിലെ ആറാംക്ലാസിൽ പഠിക്കുന്ന സമയത്തായിരുന്നു നൃത്തം പഠിക്കണമെന്ന മോഹം പാറുക്കുട്ടിയിൽ കലശലാവുന്നത്. എന്തു ചെയ്യുവാൻ, സ്വർണ്ണപ്പണിക്കാരനായ അച്ഛനാവട്ടെഒരു നിവൃത്തിയുമില്ല. പ്രോത്സാഹിപ്പിക്കുവാൻ പോലും ആരുമില്ല. ഇതെല്ലാം കണ്ട് ആഗ്രഹം മടക്കിച്ചുരുട്ടി പായക്കെട്ടിലാക്കി വേറേ പണി നോക്കാനാവാട്ടെ മനസ്സനുവദിക്കുന്നുമില്ല. എന്തു ചെയ്യും ഒടുവിലാണ് രണ്ടും കല്പിച്ച് കൂട്ടുകാരിയുടെ വീട്ടിൽ നിന്നും നൃത്തം കട്ടു പഠിക്കാമെന്ന് വച്ചത്. കൂട്ടുകാരിയുടെ അമ്മ അന്ന് വീട്ടിൽ കുട്ടികളെ നൃത്തം പഠിപ്പിക്കുമായിരുന്നു. കൂട്ടുകാരിക്കൊപ്പം അവളുടെ വീട്ടിലെത്തി ഊണു കഴിക്കുന്നതിനൊപ്പം വീട്ടുകാരറിയാതെ അല്പാല്പം നൃത്തവും പാറുക്കുട്ടി വശത്താക്കുവാൻ തുടങ്ങി. അവിടെ കാണുന്നത് വീട്ടിൽ വന്ന് ആവർത്തിച്ചാവർത്തിച്ച് പരിശീലിക്കുമ്പോൾ എന്തോ വലിയ കാര്യം നേടിയെടുക്കുന്നതിന്റെ ആവേശത്തിലായിരുന്നു. ഈ ആറാം ക്ലാസുകാരി. ഒടുവിൽ സ്‌കൂളിൽ വാർഷിക ദിനം വന്നു. എല്ലാവരും കലാപരിപാടികൾക്ക് തയ്യാറെടുക്കുന്നതിന്റെ തിരക്കിലാണ്. രപാറുക്കുട്ടിക്കും സ്റ്റേജിൽ കയറണം. നേരെ ഹെഡ്മാസ്റ്റർ ഭാർഗവിയമ്മ ടീച്ചറുടെ മുന്നിലേക്ക്. 'എനിക്കും ഡാൻസറിയാം.'മടിച്ചു മടിച്ച് പറഞ്ഞപ്പോൾ ടീച്ചറുടെ മനസ്സലിഞ്ഞു കാണണം. തന്നെയും കൂട്ടി ടീച്ചർ ഡാൻസ് റൂമിലേക്ക് നടക്കുമ്പോൾ ഉള്ളിൽ സന്തോഷം ഉളകി മറിഞ്ഞതായി പാറുക്കുട്ടി ഇന്നും ഓർക്കുന്നു. നൃത്താധ്യാപിക മിസി ടീച്ചർ ഡാൻസ് റൂമിലേക്ക് നടക്കുമ്പോൾ ഉള്ളിൽ സന്തോഷം ഇളകി മറിഞ്ഞതായി പാറുക്കുട്ടി ഇന്നും ഓർമ്മിക്കുന്നു. നൃത്താധ്യാപിക മിസി ടീച്ചർ അറിയാവുന്നതെല്ലാം അവതരിപ്പിക്കുവാൻ പറഞ്ഞപ്പോൾ താൻ മോഷ്ടിച്ചു പഠിച്ചനെല്ലാം വള്ളിപുള്ളിതെറ്റാതെ ടീച്ചറുടെ മുന്നിൽ കാണിച്ചു. അപ്പോഴാണ് കൂട്ടുകാരിക്കൊപ്പമുള്ള 'ഉച്ചയൂണിന്റെ യഥാർത്ഥ രഹസ്യം ടീച്ചർക്ക് പിടികിട്ടുന്നത്. പിന്നെ ടീച്ചറുടെ വക അല്പം മിനുക്കുപണികളും കൂട്ടിച്ചേർക്കലുമെല്ലാം. ഒടുവിൽ വാർഷിക പരിപാടികളിലെ ഡാൻസിനത്തിന് പാറുക്കുട്ടിയും റെഡി. മേക്കപ് ഇടുമ്പോഴുണ്ടായിരുന്ന സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയാത്തതാണെന്ന് പാറുക്കുട്ടി പറയുന്നു. കാരണം, ആദ്യമായാണ് താൻ ഇത്ര മനോഹരമായ പാവാടയും കുപ്പായവും മുല്ലപ്പൂവുമെല്ലാം അണിയുന്നത്. അന്ന് വേദിയിൽ നന്നായി നിറഞ്ഞാടി. പ്രോത്സാഹനസമ്മാനവും കിട്ടി.

ഗുരു ദക്ഷിണ

സ്‌കൂൾ വാർഷികത്തിലെ പ്രകടനം നന്നായതോടെ നൃത്തം പഠിക്കണമെന്ന മോഹം ശക്തമായി. തന്റെ ആഗ്രഹം പറഞ്ഞറിയിക്കാതെ തന്നെ മിസി ടീച്ചർ മനസ്സിലാക്കി. അച്ഛനോട് തന്നെ വന്നു കാണുവാൻ ആവശ്യപ്പെടുകയും ചെയ്തു. സന്തോഷവും ഉദ്ഘണ്ഠയും ഒരുപോലെ മനസ്സു കീഴടക്കിയ നിമിഷങ്ങളായിരുന്നു അതെന്ന്പാറുക്കുട്ടി ഓർമ്മിക്കുന്നു. ടീച്ചർ തന്റെ ആഗ്രഹം പറയാതെ തന്നെ മനസ്സിലാക്കിയല്ലോ എന്ന സന്തോഷം ഒരു ഭാഗത്ത് പീലിവിടർത്തിയാടുമ്പോൾ അച്ഛന്റെ പ്രതികരണം എന്താകുമെന്ന ആശങ്കയിലായിരുന്നു മറുഭാഗത്ത് 'സമ്മതിക്കണേ... എന്ന പ്രാർത്ഥനയിൽ കഴിഞ്ഞ ദിന രാത്രങ്ങൾ... അങ്ങനെ അച്ഛൻ ടീച്ചറെ കണ്ടു. ടീച്ചറെ കാണാൻ പോകും മുൻപു തന്നെ കാര്യം അച്ഛന് ബോധ്യപ്പെട്ടിരുന്നു. ഊഹം തെറ്റിയില്ല. മുഖവുരയൊന്നുമില്ലാതെ ടീച്ചർ കാര്യം പറഞ്ഞു. സാമ്പത്തികമായി വളരെ അധികം ഞെരുക്കമനുഭവിക്കുന്ന സമയമായിരുന്നു അത്. ടീച്ചറേ, ആഗ്രഹമുണ്ട്. എന്തു ചെയ്യുവാൻ ഫീസ് തരുവാനൊന്നും കാശില്ല.... അച്ഛൻ നിസ്സഹായതയോടെ പറഞ്ഞു. അച്ഛന്റെയും ടീച്ചറുടെയും സംഭാഷണങ്ങളെല്ലാം പാറുക്കുട്ടി ഭാവനയിൽ കണ്ടാണ് നിമിഷങ്ങൾ തള്ളിനീക്കുന്നത്. സംഭാഷണ പരമ്പരയുടെ ഒട്ടുമുക്കാലും ഭാവനയിൽ കണ്ടെങ്കിലും അവസാനം... അവസാനം മാത്രം തീരുമാനത്തിനായി കാത്തു നിൽക്കാതെ പാറുക്കുട്ടി വിട്ടു കളഞ്ഞു. അതായിരുന്നു അറിയേണ്ടിയിരുന്നത്. അല്ല.... അവിടമായിരുന്നു നിർണ്ണായകം.

ഫീസില്ലെന്ന് പറഞ്ഞ് നിസ്സഹായനാകുന്ന സ്വർണ്ണപ്പണിക്കാരനായ അച്ഛനെ ടീച്ചർ നിരുത്സാഹപ്പെടുത്തിയില്ല. ദക്ഷിണയായി ഒരു സ്വർണ്ണപ്പണി ചെയ്തുതന്നാൽമതിയെന്നായി ടീച്ചർ. ടീച്ചറുടെ രണ്ടാമത്തെ മകൾ സുശീല മണി അന്ന് ബാല്യകാല സഖി സിനിമയിൽ അഭിനയിച്ചിരുന്നു. അഭിനയത്തിന് പ്രതിഫലമായി കുഞ്ചാക്കോ കൊടുത്ത ഒരു പവനിൽ ബട്ടർഫ്‌ളൈ കല്ലുവച്ച് ഒരു നെക്ലേസ് പണിതു നൽകണമെന്നതായിരുന്നു ടീച്ചറിന്റെ ആവശ്യം. അച്ഛൻ സമ്മതിച്ചു. അങ്ങനെ പാറുക്കുട്ടിയും ഔദ്യോഗികമായി നൃത്ത പഠനം ആരംഭിച്ചു. പഠനത്തിനായി പോകുമ്പോൾ ഇനിമുതൽ ഒളിച്ചിരുന്ന് കഷ്ടപ്പെട്ട് പഠിക്കാതെ നേരിട്ട് പഠിക്കാമല്ലോ എന്ന അഭിമാന ബോധത്തോടെയാണ് നടുവ് നിവർന്നാണ് നടത്തം. പാമ്പാടി നൃത്തം, കർഷക നൃത്തം, നൃത്ത നാടകം എന്നിവയെല്ലാം ടീച്ചറിൽ നിന്നാണ് പഠിച്ചത്. കാലം പിന്നെയും കഴിഞ്ഞു. പഠനം മുടക്കമില്ലാതെ തുടർന്നു. ഇതിനിടയിലാണ് ആ സംഭവമുണ്ടാകുന്നത്.

നാണിയമ്മയുടെ ശകാരം

കുട്ടിക്കാലത്തുതന്നെ കഥകളി രംഗത്തേക്ക് തിരിയുവാൻ പ്രേരിപ്പിച്ച സംഭവത്തെ കുറിച്ച് പാറുക്കുട്ടി ഒട്ടും നിറഭേദമില്ലാതെ ഇന്നും ഓർക്കുന്നു. മിസി ടീച്ചറുടെ നൃത്ത പരിശീലനം തകൃതിയായി നടക്കുന്ന സമയം. വഴിയിൽ ഒറ്റക്കാണെങ്കിൽഡ നൃത്തത്തിലെ എന്തെങ്കിലും ചുവടുകാട്ടി നടക്കുക എന്നത് അക്കാലത്ത് തന്റെ ഒരു ശീലമായിരുന്നു. ഒരു ദിവസം വീട്ടിലേക്ക് എന്തോ സാധനം വാങ്ങുവാൻ പോകുകയായിരുന്നു. പതിവുപോലെ മുദ്രകളും കാട്ടിയാണ് നടപ്പ്. ഇതിനിടെ അയൽവാസിയായ നാണിയമ്മ എതിരെ വരുന്നുണ്ടായിരുന്നു. ചെറു പാട്ടും പാടി മുദ്രയും കാട്ടി നടന്നു പോകുന്നതിനിടെ അറിയാതെ നാണിയമ്മയുടെ ദേഹത്തുമുട്ടി. ഉടൻ തന്നെ അവരുടെ ഭാവം മാറി. 'ഉം ആട്ടക്കാരി പോകുന്നു എന്നായിരുന്നു നാണിയമ്മയുടെ പരിഹാസം. അവർ തമാശക്കോ അതോ കാര്യമായിട്ടോ പറഞ്ഞതായിരിക്കാം. എന്തായാലും നാണിയമ്മയുടെ വാക്കുകൾ ആ കൊച്ചുകുട്ടിയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. എങ്ങനെയെങ്കിലും കഥകളി പഠിക്കണം. പരിഹാസ വചനങ്ങളിൽ മനസ്സു തളരാതെ നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകുവാനായിരുന്നു പാറുക്കുട്ടിയുടെ തീരുമാനം. അന്നുമുതൽ ആട്ടം എന്ന വാക്കിനോട് തന്നെ പുച്ഛം തോന്നിയതായി പാറുക്കുട്ടി പറയുന്നു. കഥകളുടെ നാട്ടു ഭാഷയാണ് ആട്ടമെങ്കിലും അന്നത്തെപ്പോലെതന്നെ ഇന്നും ആട്ടം, ആട്ടക്കാരി എന്നൊക്കെ വിളിക്കുന്നത് തനിക്കിഷ്ടമാണെന്നാണ് ഇവരുടെ പക്ഷം.

ആഗ്രഹം അച്ഛനെ അറിയിച്ചു. കഥകളി പഠിക്കുവാനോ? അത് എങ്ങനെയാ മോളേ, എന്ന് ആദ്യം ആശങ്കയോടെയായിരുന്നു അച്ഛന്റെ ചോദ്യം. എന്നാലും എനിക്ക് പഠിക്കണം മകളുടെ വാശിക്കു മുന്നിൽ 'ആശാനെ കിട്ടുനമോ എന്ന് നോക്കട്ടെ എന്നായി അച്ഛൻ. അല്പം ആശ്വാസം. എന്നാൽ, പിന്നെയും കാത്തിരിപ്പു തന്നെയായിരുന്നു ബാക്കി. അതിനിടയിലും നൃത്തം കൈവിടാതെ തന്നെ പാറുക്കുട്ടി കൊണ്ടുപോയി.

ആദ്യത്തെ കഥകളി ആശാനും കൊറ്റംകുളങ്ങര ക്ഷേത്രവും

അച്ഛൻ മൈനാഗപ്പള്ളിയിൽ എന്തോ കല്ല്യാണ ജോലിക്കായി പോയിരിക്കുകയായിരുന്നു. 'മോളേ, ആശാനെ കിട്ടി. എന്ന് അങ്ങു ദൂരെ നിന്നേ ഉറക്കെ വിളിച്ചുകൊണ്ടാണ് അന്ന് അച്ഛൻ കയറി വന്നതെനന് പാറുക്കുട്ടി വ്യക്തതയോടെ ഓർക്കുന്നു. മുടുവിലക്കാട് ഗോപാലപ്പണിക്കരായിരുന്നു ആശാൻ. തനിക്ക് പൂതനാ മോക്ഷം പഠിക്കണമെന്നും ഇത്തവണത്തെ ഓണാഘോഷത്തിന് പൂതനാ മോക്ഷം അരങ്ങിൽ അവതരിപ്പിക്കണമെന്നും രണ്ട് ആവശ്യങ്ങൾ ആശാനുമുന്നിൽ നിവർത്തിച്ചു. ആദ്യം ആശാൻ ഒഴിവുകഴിവുകൾ പറഞ്ഞുവെങ്കിലും അവസാനം കാലുപിടിച്ച് അപേക്ഷിച്ച് ആശാനെക്കൊണ്ട് സമ്മതിപ്പിച്ചു. കഠിന പരിശ്രമത്തിലൂടെ ഒടുവിൽ ആ ആഗ്രഹം സഫലമായി. സ്തീരകൾ ഇതുവരെ അവതരിപ്പിക്കാത്ത പരശുരാമന്റെ വേഷവും പാറുക്കുട്ടി ചെയ്തിട്ടുണ്ട്. എല്ലാ വേഷവും കെട്ടാൻ പാറുക്കുട്ടിക്ക് ഇഷ്ടമാണ്. പക്ഷേ ഉയരക്കുറവാണ് പ്രശ്‌നം. ഈ 68-#ാ#ം വയസ്സിലും ഒരു 17 കാരിയുടെ പ്രസരിപ്പോടെ കഥകളിയരങ്ങുകളിൽ സജീവമാകുകയാണ്. വയസ്സെത്ര ഏറിയാലും ഒരു വയോധികയുടെ വേഷംകെട്ടിയെങ്കിലും ഈ രംഗത്ത് ഉറത്തു നിൽക്കുവാനാണ് ഈ പ്രതിഭയുടെ തീരുമാനം.

കടപ്പാട് - കുടുംബമാദ്ധ്യമം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP