Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി; ബില്ല് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും; ബിൽ പ്രകാരം മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാകും; മൂന്ന് വർഷം വരെ തടവും ലഭിക്കും; വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അർഹതയുണ്ടാവും: സുപ്രീംകോടതി വിധി നടപ്പിലാക്കാൻ അതിവേഗ നടപടികളുമായി മോദി സർക്കാർ

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി; ബില്ല് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും; ബിൽ പ്രകാരം മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാകും; മൂന്ന് വർഷം വരെ തടവും ലഭിക്കും; വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അർഹതയുണ്ടാവും: സുപ്രീംകോടതി വിധി നടപ്പിലാക്കാൻ അതിവേഗ നടപടികളുമായി മോദി സർക്കാർ

ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ നിയമനിർമ്മാണ നടത്താൻ കർശന നടപടികളിലേക്ക് കേന്ദ്രസർക്കാർ നീങ്ങുന്നു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഒറ്റത്തവണ മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതിയാണ് മുത്തലാഖ്. സുപ്രീംകോടതി നിയമപ്രകാരം കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നതിന് മുന്നോടിയായാണ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകുന്നത്.

ബില്ല് പാർലമന്റെിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ല കുറ്റവുമാക്കുന്നതാണ് കരട് ബില്ല്. ബില്ല് കേന്ദ്ര സർക്കാർ നേരത്തെ, സംസ്ഥാന സർക്കാറുകളുടെ പരിഗണനക്കയച്ചിരുന്നു. മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവും പിഴയും ബില്ലിൽ വ്യവസ്ഥചെയ്യുന്നു. വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അർഹതയുണ്ടാവും. കരടു ബില്ലിൽ ഭേദഗതി വരുത്തിയാണ് മന്ത്രിസഭ അംഗീകരിച്ചത്.

നേരത്തെ, സുപ്രീം കോടതിയും മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് നിരോധിച്ചിരുന്നു. ആറുമാസത്തിനുള്ളിൽ നിയമനിർമ്മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം, ആൾ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ് മുത്താലഖിന് ഏർപ്പെടുത്തുന്ന നിരോധനത്തെ എതിർത്തു. ഇത് മതപരമായ പ്രശ്‌നമാണെന്നും കോടതി ഇടപെടേണ്ടതില്ലെന്നുമായിരുന്നു ബോർഡിന്റെ നിലപാട്. വാട്സ്ആപ്പിലൂടെയും സ്‌കൈപ് വഴിയും കത്ത് മുഖേനയുമെല്ലാം മുത്തലാഖ് ചൊല്ലുന്നത് വ്യാപകമായതോടെയാണ് മുത്തലാഖിനെതിരെ മുസ്ലിം സ്ത്രീകളിൽ നിന്ന് തന്നെ പരാതി വ്യാപകമായത്. ഇതേതുടർന്ന് അവർ തന്നെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

അധികാരത്തിലെത്തിയ അന്ന് മുതൽ നരേന്ദ്ര മോദി സർക്കാർ മുത്തലാഖിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പല വേദികളും മുത്തലാഖ് തീർത്തും സ്ത്രീവിരുദ്ധമാണെന്ന് പ്രസ്താവിച്ചു. ലിംഗസമത്വം കാത്തുസൂക്ഷിക്കുവാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുത്തലാഖ് വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞിരുന്നു. സംഘപരിവാറും ബിജെപിയും വളരെക്കാലം മുൻപേ തന്നെ മുത്തലാഖിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. ബിജെപി മുന്നോട്ട് വയ്ക്കുന്ന ഏക സിവിൽ കോഡ് എന്ന ആശയത്തിൽ മുത്തലാഖ് പോലെ മതപരമായ നിയമങ്ങൾക്ക് സാധുതയില്ല. അതുകൊണ്ട് തന്നെ ഏകീകൃത സിവിൽ കോഡിലേക്ക് വഴിതുറക്കുന്നതാണ് മുത്തലാഖ് നിരോധനം.

വിവാഹം, വിവാഹമോചനം തുടങ്ങിയ വ്യക്തിനിയമങ്ങളിൽ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഒരു നിയമം മതിയെന്നതാണ് ഏക സിവിൽകോഡിന്റെ അടിസ്ഥാന ആശയം. ഇതിലേക്ക് കാര്യങ്ങൾ അടുപ്പിക്കാൻ മുത്തലാഖ് വിഷയം ഉപയോഗിക്കാൻ പരിവാർ ശക്തികൾ ശ്രമിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇടപെടൽ ഉണ്ടാകുന്നത്. മുത്തലാഖുമായി ബന്ധപ്പെട്ട വിധി മുസ്ലിം സമുദായത്തിന്റെ വിവാഹത്തെ പോലും ബാധിക്കും. അതുകൊണ്ട് തന്നെ അടിയന്തര നിയമനിർമ്മാണം അനിവാര്യതയുമാണ്.

അതിനാൽ മുസ്ലിംസംഘടനകൾക്കും ഇതിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല. മതസ്വാതന്ത്ര്യത്തിന്റെ പേരിൽ പരമാവധി സമ്മർദ്ദം ചെലുത്തി നിയമ നിർമ്മാണം അനുകൂലമാക്കുക മാത്രമാണ് ഏക വഴി. ഏതായാലും രാജ്യസഭയിലും ബിജെപിക്ക് നിലവിൽ ഏത് ബില്ലും നിയമമാക്കാനുള്ള ഭൂരിപക്ഷം ഉണ്ട്. അതുകൊണ്ട് തന്നെ നിയമ നിർമ്മാണത്തിന് പ്രശ്നമുണ്ടാകില്ല. ബീഹാറിൽ നിതീഷ് കുമാറും തമിഴ്‌നാട്ടിൽ എഐഎഡിഎംകെയും ബിജെപി പക്ഷത്തേക്ക് കൂറുമാറിയതോടെ ബിൽ എളുപ്പത്തിൽ പാസാക്കിയെടുക്കാൻ സർക്കാറിന് സാധിക്കും.

മുസ്ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്നാണ് സുപ്രീം കോടതി വിധിയിൽ പറഞ്ഞിരുന്നത്. മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വിധിയെഴുതിയപ്പോൾ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ എന്നിവർ എതിർത്തു. ഖുറാന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് മുത്തലാഖ് എന്ന് ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വ്യക്തമാക്കി. ഖുറാന് എതിരായതായതിനാൽ മുത്തലാഖ് അംഗീകരിക്കാനാകില്ല. പ്രത്യക്ഷമായി വസ്തുനിഷ്ഠമല്ലാത്തതും ഭരണഘടനാ വിരുദ്ധവുമായതിനാൽ മുത്തലാഖ് നിരോധിക്കണമെന്നും മൂവരും ആവശ്യപ്പെട്ടു.

15 വർഷത്തെ വിവാഹ ബന്ധം ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തർപ്രദേശിൽ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീൻ റഹ്മാൻ, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പ്രവീൺ, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്‌റി എന്നിവരുടെ ഹർജികൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. പല മുസ്ലിം വനിതാ സംഘടനകളും മുത്തലാഖിനെ എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

തീർത്തും സ്ത്രീവിരുദ്ധമാണ് മുത്തലാഖ് എന്നതായിരുന്നു ഇതിന് നേരെ ഉയർന്ന പ്രധാനവിമർശനം. സ്വന്തം ഇഷ്ടപ്രകാരം ബന്ധം അവസാനിപ്പിക്കുന്ന പുരുഷൻ അനാഥയാക്കപ്പെട്ട ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനല്ലെന്നതും മുത്തലാഖിന്റ ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെട്ടു. ഒരു പുരുഷന് അയാളുടെ ഇഷ്ടപ്രകാരം എപ്പോൾ വേണമെങ്കിലും ആ ബന്ധം അവസാനിപ്പിച്ചു പുറത്തു പോകാൻ മുത്തലാഖ് അവസരമൊരുക്കുന്നതായും ബന്ധം തുടരാനുള്ള ഭാര്യയുടെ താത്പര്യം മുത്തലാഖ് കണക്കിലെടുക്കുന്നില്ലെന്നും വനിതാ സംഘടനകൾ വിമർശിച്ചു. ഇതിനെല്ലാം പരിഹാരമാകുന്ന സമഗ്ര നിയമമാണ് കേന്ദ്രം തയ്യാറാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP