Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവിഐപി ലോഞ്ചിൽ പോയി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു; ആറു പേരെ അനുവദിക്കില്ലെന്ന് എസ് പി ജി നിലപാട് എടുത്തപ്പോൾ ആദ്യ ഉടക്ക്; വിവാദമൊഴിവാക്കാൻ ആരും പോകേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ കൗശലവും; മുൻ കെപിസിസി അധ്യക്ഷന്റെ പേര് എസ്‌പിജി വെട്ടിയെന്നത് പച്ചക്കള്ളമെന്ന് സുധീരൻ അനുകൂലികളും; പടയൊരുക്കം ബഹിഷ്‌ക്കരിച്ച സുധീരനെതിരെ കടുത്ത നിലപാടുമായി ഗ്രൂപ്പുകൾ

വിവിഐപി ലോഞ്ചിൽ പോയി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു; ആറു പേരെ അനുവദിക്കില്ലെന്ന് എസ് പി ജി നിലപാട് എടുത്തപ്പോൾ ആദ്യ ഉടക്ക്; വിവാദമൊഴിവാക്കാൻ ആരും പോകേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ കൗശലവും; മുൻ കെപിസിസി അധ്യക്ഷന്റെ പേര് എസ്‌പിജി വെട്ടിയെന്നത് പച്ചക്കള്ളമെന്ന് സുധീരൻ അനുകൂലികളും; പടയൊരുക്കം ബഹിഷ്‌ക്കരിച്ച സുധീരനെതിരെ കടുത്ത നിലപാടുമായി ഗ്രൂപ്പുകൾ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. കെ പി സി സി പ്രസിഡന്റിനെ എയർപോർട്ടിലെ വി ഐ പി ലോഞ്ചിൽ ചെന്ന് സ്വീകരിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയപ്പോൾ ഇടഞ്ഞ സുധീരനെ പിന്നീട് അനുനയിപ്പിച്ചുവെങ്കിലും പടയൊരുക്ക സമാപനത്തിൽ നിന്നും സുധീരൻ വിട്ടു നിന്നത് കടുത്ത അച്ചടക്ക ലംഘനമായാണ് പാർട്ടി വിലയിരുത്തുന്നത്. തോമസ് ചാണ്ടിയുടെ രാജിയും പടയൊരുക്കം ഉണ്ടാക്കിയ ഉണർവും പാർട്ടിക്ക് പുതിയൊരു ദിശാ ബോധം നൽകിയിരിക്കെ അതിനെ അട്ടിമറിക്കാനാണ് സുധീരൻ ശ്രമിക്കുന്നതെന്ന് പാർട്ടി എന്നടങ്കം വിലയിരുത്തുന്നു. ചില മുതിർന്ന നേതാക്കൾ ഇന്നലെ തന്നെ സുധീരന്റെ നടപടികൾ ഹൈക്കമാന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി.

എ ഐ ഗ്രൂപ്പുകൾ ഒന്നിച്ച ഈ വിഷയത്തിൽ നടപടി ആവിശ്യപ്പെട്ട് ഹൈക്കമാന്റിന് രേഖാമുലം പരാതി നൽകാനാണ് ആലോചിക്കുന്നത്. പടയൊരുക്കത്തിന്റെ സമാപന സമ്മേളത്തിന് രാഹുൽ ഗാന്ധി എത്താമെന്ന് അറിയിച്ചപ്പോൾ മറ്റു നടപടിക്രമങ്ങൾ ആലോചിക്കാൻ പാർട്ടി ആസ്ഥാനമായ ഇന്ദാഭവനിൽ നവംബർ അവസാനം നേതാക്കൾ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ എസ് പി ജി യുടെ നിർദ്ദേശം അനുസരിച്ച് കാര്യങ്ങൾ നിശ്ചയിക്കുന്നതിനിടെ രാഹുൽ ഗാന്ധിയെ എയർപോർട്ടിനുള്ളിലെ വി ഐ പി ലോഞ്ചിൽ പോയി തനിക്ക് സ്വീകരിക്കണമെന്ന് സുധീരൻ ആഗ്രഹം പ്രകടിപ്പിച്ചു.

എന്നാൽ എസ് പി ജി അനുമതി അനുസരിച്ച് നാല് നേതാക്കൾക്ക് മാത്രമേ വി ഐ പി ലോഞ്ചിൽ പോകാൻ അനുമതിയുള്ളുവെന്ന് പി സി സി അദ്ധ്യക്ഷൻ എം എം ഹസ്സൻ അറിയിച്ചു. അതിലൊരാൾ താൻ ആവണമെന്ന് സുധീരൻ ശഠിച്ചതോടെ നേതാക്കൾ വെട്ടിലായി . കേന്ദ്ര നേതൃത്വം അംഗീകരിച്ചതനുസരിച്ച് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, ഉമ്മൻ ചാണ്ടി, എംഎം ഹസൻ , രമേശ് ചെന്നിത്തല എന്നിവർക്ക് മാത്രമേ എയർ പോർട്ടിലെ വി ഐ പി ലോഞ്ചിൽ പ്രവേശനം അനുവദിച്ചിരുന്നുള്ളു., പിന്നീട് കേന്ദ്രനേതൃത്വത്തിന്റെ ആവശ്യപ്രകാരം കർണാടകയുടെ ചുമതലയുള്ള എഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കൂടി എസ് പി ജി അനുമതി നൽകുകയായിരുന്നു.

സുധീരന്റെ ആവശ്യം പിന്നീട് ഭീക്ഷണി ആയതോടെ മുൻ കെ പി സി അദ്ധ്യക്ഷൻ എന്ന പരിഗണനയിൽ ഇദ്ദേഹത്തെ കൂടി ഈ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് ഹസൻ കത്തെഴുതിയെങ്ങിലും അത് പരിഗണിച്ചില്ല. എന്നാൽ ഹസൻ അങ്ങനെയൊരു കത്തെഴുതിയിട്ടില്ലന്നാണ് സുധീരൻ അനുകൂലുകൾ വാദിക്കുന്നത്. മുൻ കെ പി സി അദ്ധ്യക്ഷൻ എന്ന നിലയിൽ പ്രോട്ടോകോൾ പ്രകാരം വി ഐ പി ലോഞ്ചിൽ പോകാൻ സുധീരൻ അർഹനാണന്നാണ് ഇവർ വാദിക്കുന്നത്. സുധീരൻ പി സി സി അധ്യക്ഷൻ ആയിരിക്കവെ പരിഗണനകൾ ആപോളം കിട്ടിയ പലരും ഈ വിഷയത്തിൽ നേതൃത്വത്തിനെതിരെ വലിയ വിമർശനങ്ങളാണ് അഴിച്ചു വിടുന്നത്. സുധീരൻ ഇടഞ്ഞത് പ്രതിസന്ധി ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ രാഹുൽ ഗാന്ധിയെ ആരും വി ഐ പി ലോഞ്ചിൽ പോയി സ്വീകരിക്കണ്ടായെന്ന് തീരുമാനം എടുപ്പിച്ചു.

എന്നിട്ടും സുധീരൻ വഴങ്ങിയില്ലെന്നാണ് വിവരം. പാർട്ടി വക്താവും മുതിർന്ന നേതാവുമായ ഒരാൾ രാവിലെ സുധീരനെ ബന്ധപ്പെട്ടുവെങ്കിലും പൊട്ടിത്തെറിച്ചുവെന്നാണ് നേതൃത്വത്തെ അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം സുധീരനെതിരെയുള്ള കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയാവും ഹൈക്കമാന്റിന് പരാതി നൽകുക. എതിർപ്പോ പരാതിയോ ഉണ്ടെങ്കിൽ നേതൃത്വത്ത അറിയിക്കുന്നതിന് പകരം സുധീരൻ മാറി നിന്നത് പടയൊരുക്കം പരിപാടിയുടെ ശോഭ കെടുത്തിയെന്നാണ് മുകുൾ വാസ്നിക്കും വിലയിരുത്തുന്നത്. പാർട്ടിയെ വിവാദത്തിലും പ്രതികൂട്ടിലും നിർത്തുന്നത് നല്ല സന്ദേശമല്ലന്ന് അദ്ദേഹം കേരളത്തിലെ ചില നേതാക്കളോടു പറഞ്ഞുവെന്നാണ് അറിയുന്നത്. ഹൈക്കമാണ്ടും സുധീരനെ കൈവിടുന്ന സൂചനയാണ് ഇതിലുള്ളത്.

ഓഖി ചുഴലിക്കാറ്റിൽ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ പടയൊരുക്കത്തിന്റെ സമാപനം നടത്തിയത് ശരിയല്ലെന്ന് വരുത്താനാണ് സുധീരൻ ശ്രമിക്കുന്നതെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ എന്തുകൊണ്ട് വിട്ടു നിന്നുവെന്നതിൽ സുധീരൻ പ്രതികരിച്ചിട്ടുമില്ല. രാഹുലിനെ സ്വീകരിക്കാൻ സുധീരൻ രാവിലെ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. സമ്മേളനസ്ഥലത്തെ അസാന്നിധ്യം സംബന്ധിച്ച് തിരക്കിയപ്പോൾ, ഗതാഗതക്കുരുക്ക് ആയിപ്പോയെന്ന കാരണമാണ് സുധീരന്റെ വിശ്വസ്തർ പറയുന്നത്. എന്നാൽ അത് സുധീരൻ നിഷേധിക്കുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ തീരദേശ പര്യടനത്തിലും പടയൊരുക്കം സമ്മേളനത്തിലും മറ്റെല്ലാ നേതാക്കളും അണികളും ആവേശത്തോടെ പങ്കെടുത്തത് കേന്ദ്ര നേതാക്കളിൽ വിശ്വാസം കൂട്ടിയെന്നും രാഹുൽ സംതൃപ്തി അറിയിച്ചുവെന്നും വാസ്നിക്ക് എം എം ഹസനോടു പറഞ്ഞു. പടയൊരുക്കത്തിന്റെ സമാപനത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ പതിനായിരങ്ങളാണ് സെന്ററൽ സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത്.കോൺഗ്രസ് പ്രതീക്ഷ നൽകുന്ന രീതിയിൽ രാഹുൽ നടത്തിയ പ്രസംഗത്തെ കരഘോഷത്തോടെയാണ് അണികൾ വരവേറ്റത്. രാജ്യത്തെ തകർക്കുന്ന ഫാഷിസ്റ്റ് ശക്തികളെ എതിർക്കാൻ സിപിഎമ്മിനു യഥാർഥ താൽപര്യമുണ്ടോ എന്നു വ്യക്തമാക്കണമെന്നു രാഹുൽ ഗാന്ധി ആവിശ്യപ്പെട്ടു.

ബിജെപിയാണു വലിയ ശത്രുവെന്നു സിപിഎം അംഗീകരിക്കുന്നുണ്ടോയെന്നും രാഹുൽ ചോദിച്ചു.ഇടതു പാർട്ടികളുടെ നിലപാടിനു ദേശീയതലത്തിൽ പ്രാധാന്യമുണ്ട്. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നില്ലെങ്കിൽ അവരെ പിന്തുണയ്ക്കുന്നുവെന്നാണ് അർഥമെന്നും രാഹുൽ പറഞ്ഞു. . കേന്ദ്ര, സംസ്ഥാന സർക്കാരുകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള പടയൊരുക്കം യാത്ര വൻവിജയമായത് എന്തുകൊണ്ടാണെന്നു സംസ്ഥാന സർക്കാർ സ്വയം ചോദിക്കണം. സർക്കാരിനു കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയുന്നില്ല. കോൺഗ്രസ് നേതൃത്വത്തിലുള്ള അടുത്ത സർക്കാരിലാണു ജനങ്ങളുടെ പ്രതീക്ഷ. ഓഖി ദുരന്തത്തിനിരയായ മൽസ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

മൂന്നു വർഷം മുൻപ് അധികാരത്തിലേറുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതൊക്കെയും ജനങ്ങൾ വിശ്വസിച്ചു. അദ്ദേഹം പറയുന്നത് ഒന്നും മനസ്സിൽ വിചാരിക്കുന്നതു മറ്റൊന്നുമാണെന്നു മനസ്സിലാക്കാൻ വൈകി. ഇപ്പോൾ അദ്ദേഹം പറയുന്നതെല്ലാം ജനം കേൾക്കുമെങ്കിലും ഒന്നും വിശ്വസിക്കാതെയായി. നോട്ടുനിരോധനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു ജനങ്ങൾ കരകയറുംമുൻപു ജിഎസ്ടി എന്ന ഗബ്ബർ സിങ് ടാക്സ് അടിച്ചേൽപിച്ചു. ജിഎസ്ടി ലളിതമാക്കണമെന്നും പെട്രോളും ഡീസലും ഉൾപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ കേട്ടില്ല.അഴിമതിയെക്കുറിച്ചു വാതോരാതെ സംസാരിച്ചിരുന്ന മോദി ഇപ്പോൾ ആ വാക്കു മിണ്ടാതായി.

അമിത് ഷായുടെ മകൻ മൂന്നു മാസംകൊണ്ട് 50,000 രൂപ 80 കോടിയാക്കിയതിനെക്കുറിച്ചും റഫേൽ യുദ്ധവിമാന കരാർ അടുപ്പക്കാരനായ വ്യവസായിക്കു നൽകിയതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കും മറുപടിയില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രസംഗിച്ചതു വികസനത്തെക്കുറിച്ചല്ല, സ്വന്തം കാര്യങ്ങളായിരുന്നുവെന്നും രാഹുൽ പറഞ്ഞു. സോറി മോദിജി, ഞങ്ങളുടെ സംസ്‌കാരം അതല്ല മന്മോഹൻ സിങ്ങിനെയും തന്നെയും കോൺഗ്രസ് പാർട്ടിയെയും എത്രയൊക്കെ അധിക്ഷേപിച്ചാലും തങ്ങൾ പ്രധാനമന്ത്രിപദത്തെ എക്കാലവും ബഹുമാനിക്കുമെന്നു രാഹുൽ. രാജ്യത്താകെ വിദ്വേഷം പരത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെ തകർക്കുന്നതും ബിജെപിയുടെ രീതിയാണ്. കോൺഗ്രസിന്റെ സംസ്‌കാരം അതല്ല എന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP