Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മണ്ണിനും മനുഷ്യർക്കുമൊപ്പം: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതസമരം

മണ്ണിനും മനുഷ്യർക്കുമൊപ്പം: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതസമരം

ഷാജി ജേക്കബ്

ദ്യത്തെ ആത്മകഥയുടെ പേരുതന്നെയാണ് നാളിതുവരെ ഈ സാഹിത്യരൂപത്തിനു ചാർത്തിക്കിട്ടിയ ഏറ്റവും പ്രധാനപ്പെട്ട ഭാവുകത്വത്തിന്റേതും. കുമ്പസാരം (confessions). സെന്റ് അഗസ്റ്റിൻ നാലാം നൂറ്റാണ്ടിൽ ദൈവത്തിനും മനുഷ്യർക്കും മുന്നിൽ തന്നെക്കുറിച്ചുതന്നെയെഴുതി സമർപ്പിച്ച കുറ്റപത്രമായിരുന്നു അത്. ഗ്രീക്കോ-റോമൻ സംസ്‌കാരം രൂപം കൊടുത്ത ദൈവോന്മുഖമായ ആത്മാന്വേഷണത്തിന്റെയും മനുഷ്യകേന്ദ്രിതമായ ആത്മവിമർശനത്തിന്റെയും ഏറ്റുപറച്ചിലുകളായി ജന്മംകൊണ്ട ആഖ്യാനപാഠമാണ് ആത്മകഥ. ആത്മനിഷ്ഠത ഏറുംതോറും ആത്മാർഥതയും വാസ്തവികതയും ഏറും എന്ന വിശ്വാസത്തിൽ വായനക്കാർക്ക് ഒരാളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാനുള്ള (തെളിഞ്ഞുനോക്കുന്നത് ജീവചരിത്രമാകുന്നു) ഏറ്റവും മികച്ച വഴിയായി ലോകമെങ്ങും ആത്മകഥ മാറി. അനുഭവസമ്പന്നതയോടെയും ആത്മാനുതാപത്തോടെയും അവരവരെക്കുറിച്ചു സംസാരിക്കുന്ന പല ആത്മകഥകളുടെയും വായനാക്ഷമത അപാരമാണ്. ആൻഫ്രാങ്ക് മുതൽ മായാ ഏഞ്ചലോവരെ; ചാർലി ചാപ്ലിൻ മുതൽ ഇസഡോറ ഡങ്കൻ വരെ; ഗാന്ധി മുതൽ ഏലിവീസൽ വരെ- ക്ലാസിക്കുകളായിത്തീർന്ന ആത്മകഥകളുടെ ആഖ്യാനത്തിന്റെ കലയും അനുഭവപരതയും ഒന്നു വേറെതന്നെയാണ്.

മലയാളത്തിലും നൂറുകണക്കിനു രചനകൾ കൊണ്ടു സമ്പന്നമാണ് ഈ ശാഖ. ഇവയിൽ ചിലതെങ്കിലും ഭാഷയിലെ ഏറ്റവും മികച്ച സാഹിതീയാഖ്യാനങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. ചെറുകാടും വി.ടി.യും കുഞ്ഞിരാമൻനായരും ഏ.കെ.ജി.യും ചുള്ളിക്കാടുമൊക്കെ ഉദാഹരണം. രണ്ടു തലങ്ങളിൽനിന്ന് ജീവിതത്തെ കാണുന്നവയാണ് ഈ ആത്മകഥകൾ പൊതുവെ. ചിലർ സാമൂഹ്യജീവിതം മുൻനിർത്തി തന്റെ കാലവും അനുഭവങ്ങളും ആവിഷ്‌ക്കരിക്കും. രാഷ്ട്രീയ ആത്മകഥകൾ മിക്കതും ഇങ്ങനെയാണെഴുതപ്പെടുക. മറ്റുചിലർ വൈയക്തികജീവിതം മുൻനിർത്തി തന്റെ കഥയവതരിപ്പിക്കും. മിക്കപ്പോഴും കൂടുതൽ ആത്മനിഷ്ഠവും വൈകാരികവും വായനാക്ഷമവും ഇത്തരം രചനകളായിരിക്കും.

ഇവയിൽ ആദ്യത്തെ വിഭാഗത്തിൽപെടുന്ന ഒരു രചനയാണ് കവിയും അദ്ധ്യാപകനും ഭാഷാ-ചരിത്ര ഗവേഷകനുമായ പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയായ 'തിളച്ച മണ്ണിൽ കാൽനടയായി!' 'പരാജയപ്പെടാത്ത ദൈവം' എന്ന നിലയിൽ കമ്യൂണിസത്തെ കണ്ടും വിശ്വസിച്ചും ആരാധിച്ചും ജീവിതകാലം മുഴുവൻ ആ രാഷ്ട്രീയത്തിൽതന്നെ തുടർന്ന പുതുശ്ശേരിയുടെ ആത്മകഥയുടെ ആദ്യഭാഗം മധ്യതിരുവിതാംകൂറിന്റെ മൂന്നു ദശകത്തിന്റെ (1930-60) രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രം കൂടിയാകുന്നു.

തീപിടിച്ച അനുഭവങ്ങൾക്കും പൊള്ളുന്ന ജീവിതങ്ങൾക്കും എണ്ണമറ്റ എതിർപ്പുകൾക്കും നിരന്തരമുള്ള തിരിച്ചടികൾക്കും കണ്ണീരിൽ കുതിർന്ന വഴിത്തിരിവുകൾക്കും മധ്യേ മറ്റൊരുപാടുപേർക്കൊപ്പം താൻ പിന്നിട്ടുപോന്ന വഴികളെക്കുറിച്ചാണ് പുതുശ്ശേരി എഴുതുന്നത്.


പുതുപ്പള്ളി രാഘവൻ, സുശീലാഗോപാലൻ, ഗൗരിയമ്മ, വെളിയം ഭാർഗവൻ, എം.എൻ. ഗോവിന്ദൻനായർ, വർഗീസ് വൈദ്യൻ, ആർ. സുഗതൻ, പി.ടി. പുന്നൂസ്, ടി.വി. തോമസ്, ഇ.കെ. നായനാർ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കൾ; വയലാർ, ഒ.എൻ.വി, തിരുനല്ലൂർ, തോപ്പിൽ ഭാസി, കാമ്പിശ്ശേരി, ഒ. മാധവൻ, ജി. ജനാർദ്ദനക്കുറുപ്പ് തുടങ്ങിയ സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകർ; ഏ.കെ. രാമാനുജൻ, ഇളംകുളം, എൻ. കൃഷ്ണപിള്ള, എൻ. ഗോപാലപിള്ള, ഗുപ്തൻനായർ, എം.എസ്. ദേവദാസ്, മീനാക്ഷിയമ്മ തുടങ്ങിയ അദ്ധ്യാപകർ; ബി.ആർ.പി. ഭാസ്‌കർ, ആറ്റൂർ, എൻ. മോഹൻ, എം.കെ. സാനു, ഒ.എൻ.വി, തിരുനല്ലൂർ തുടങ്ങിയ സഹപാഠികൾ; ബി. രാജീവൻ, കെ.ജി. ശങ്കരപ്പിള്ള തുടങ്ങിയ സഹഗവേഷകർ; കെ. ബാലകൃഷ്ണൻ, വൈക്കം ചന്ദ്രശേഖരൻനായർ തുടങ്ങിയ പത്രപ്രവർത്തക സുഹൃത്തുക്കൾ; അഗസ്റ്റിൻ ജോസഫ്, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർ, എസ്‌പി. പിള്ള, പങ്കജവല്ലി തുടങ്ങിയ നാടകപ്രവർത്തകർ; തകഴി, ദേവ്, ബഷീർ, വർക്കി, എം ടി, ചങ്ങമ്പുഴ തുടങ്ങിയ എഴുത്തുകാർ; രാഷ്ട്രീയത്തിലും വിദ്യാഭ്യാസത്തിലും വഴികാട്ടിയും ഗുരുവുമായിരുന്ന കേശവൻപോറ്റി; ജാതിക്കും രാഷ്ട്രീയത്തിനുമതീതമായി കഴിവിനെ മാനിച്ച ആർ. ശങ്കർ; കമ്യൂണിസ്റ്റുകൾ പുറന്തള്ളിയപ്പോഴും സാംസ്‌കാരികമണ്ഡലത്തിൽ കോട്ടപോലുയർന്നുനിന്ന കേസരി; ഇവർക്കൊക്കെപ്പുറമെ, തന്റെ ബാല്യം തൊട്ട് ചിരകാല സുഹൃത്തുക്കളും സഹായികളും ശിഷ്യരുമൊക്കെയായി നിന്ന നിരവധി സാധാരണ മനുഷ്യർ - ഇത്തരം അനേകം പേർക്കിടയിലാണ് ഒരുനൂറ്റാണ്ടോടടുക്കുന്ന ആയുസിനെ തിളച്ച മണ്ണിലൂടെയുള്ള ഒരു കാൽനടയായി വിശേഷിപ്പിച്ചുകൊണ്ട് പുതുശ്ശേരി രാമചന്ദ്രൻ തന്റെ ജീവിതത്തിന്റെ അർഥവും അനർഥവും കണ്ടെത്തുന്നത്. വലിയ മനുഷ്യരും ഉയർന്ന പദവികളും വരുതിയിലുണ്ടായിരുന്നപ്പോഴും പച്ചമണ്ണിനും കൊച്ചുമനുഷ്യർക്കുമൊപ്പം തന്റെ രാഷ്ട്രീയ, ബൗദ്ധിക ജീവിതം കെട്ടിപ്പടുത്ത ഒരസാധാരണ വ്യക്തിത്വമായിരുന്നു പുതുശ്ശേരിയുടേതെന്ന് ഈ ആത്മകഥ വെളിപ്പെടുത്തുന്നു. 'ജീവിതമെന്ന കാരകിലിനെ ഹരിചന്ദനമാക്കി മാറ്റുന്ന മനുഷ്യാധ്വാനത്തിന്റെ സൗന്ദര്യവിപ്ലവമായിരുന്നു താൻ നയിച്ച ജീവിതവും സമരങ്ങളു'മെന്നദ്ദേഹം അടിവരയിട്ടു പറയുകയും ചെയ്യുന്നു.



മുപ്പതാണ്ടുകൾ വീതമുള്ള മൂന്നു ഘട്ടങ്ങളിലായി വിഭജിച്ചു കിടക്കുന്ന തന്റെ തൊണ്ണൂറാണ്ടത്തെ ജീവിതം പലകാലങ്ങളിലായി നോക്കിക്കണ്ടെഴുതിയ ഒരാത്മകഥയാണിത്. അതുകൊണ്ടുതന്നെ ഒറ്റയൊഴുക്കിൽ പറഞ്ഞുപോകുന്ന ഒരു ജീവിതാഖ്യാനം ഈ കൃതിയിലില്ല.

1928 മുതൽ 1957 വരെയുള്ള മൂന്നു പതിറ്റാണ്ടിന്റെ അനുഭവാവിഷ്‌ക്കരണം നടത്തുന്നിടത്താണ് യഥാർഥത്തിൽ ഒരാത്മകഥയുടെ ആർജ്ജവവും ആത്മപരതയും ഈ കൃതിയിൽ മുറ്റിനിൽക്കുന്നത്. പുസ്തകത്തിന്റെ ഏതാണ്ട് അഞ്ചിൽ മൂന്നുഭാഗവും ഈ ബാല്യ-കൗമാര-യൗവന ഘട്ടങ്ങളെക്കുറിച്ചാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ മധ്യതിരുവിതാംകൂർ രാഷ്ട്രീയചരിത്രം പുതുശ്ശേരിയുടെ ജീവചരിത്രമായി മാറുന്നു. തോപ്പിൽ ഭാസിയും പുതുപ്പള്ളി രാഘവനും സി. കേശവനും ജി. ജനാർദ്ദനക്കുറുപ്പുമൊക്കെ തങ്ങളുടെ ആത്മകഥകളിൽ വിശദമായവതരിപ്പിച്ചിട്ടുള്ള ഈ ചരിത്രത്തിലേക്ക് തന്റെ ജീവിതം കൂടി ചേർത്തുവയ്ക്കുന്നു, പുതുശ്ശേരി. മക്കത്തായത്തിലേക്കു മാറിത്തുടങ്ങിയ ഒരു നായർതറവാടിന്റെ ക്ഷയിച്ച സമ്പദ്ഘടനയും ജീർണിച്ച സാമൂഹ്യഘടനയും സൃഷ്ടിച്ച സംഘർഷങ്ങളുടെ പശ്ചാത്തലം. കരുനാഗപ്പള്ളി താലൂക്കിന്റെയും വള്ളികുന്നം, ശൂരനാട്, മാവേലിക്കര, ഓച്ചിറ ദേശങ്ങളുടെയും ഭൂമിക. അച്ഛൻ നേരത്തെ മരിച്ചു. അമ്മയുമായി ഉടലെടുത്ത അസാധാരണമായ ആത്മബന്ധം രാമചന്ദ്രന്റെ ജീവിതഗതി നിർണയിച്ചു. മധ്യതിരുവിതാംകൂറിൽ കമ്യൂണിസത്തിനു വിത്തിട്ട പുതുപ്പള്ളി രാഘവൻ രാമചന്ദ്രന്റെ അമ്മയുടെ മാതൃസഹോദരീപുത്രനായിരുന്നു. കാമ്പിശ്ശേരിയും ഭാസിയും പോറ്റിസാറുമാണ് ആദ്യം കോൺഗ്രസിലും പിന്നെ കമ്യൂണിസ്റ്റ് പാർട്ടിയിലും രാമചന്ദ്രനൊപ്പം മുൻനിരയിലുണ്ടായിരുന്നത്. സംസ്‌കൃതവിദ്യാഭ്യാസം കഴിഞ്ഞ് ഇംഗ്ലീഷ് പള്ളിക്കൂടം. തുടർന്ന് കോളേജ്പഠനം. അക്കാലത്ത് പഠനവും കവിതയും രാഷ്ട്രീയവും സമരവും രാമചന്ദ്രന് ഒരേപോലെ ഹരമായിരുന്നു. കൊല്ലം എസ്.എൻ. കോളേജിലെ സമരങ്ങളെത്തുടർന്ന് ലോക്കപ്പിലായി. പിന്നീട് പഠനം നിർത്തി വീട്ടിലെത്തി മുഴുവൻ സമയം രാഷ്ട്രീയപ്രവർത്തനം തുടങ്ങി. ശൂരനാട് കലാപത്തിന്റെ പുകയൊന്നടങ്ങിയതോടെ വീണ്ടും പഠനരംഗത്ത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ മികച്ച നിലയിൽ പഠനം പൂർത്തിയാക്കിയെത്തിയ രാമചന്ദ്രന് എസ്.എൻ. കോളേജിൽ ജാതിയും രാഷ്ട്രീയവും പരിഗണിക്കാതെ ആർ. ശങ്കർ ജോലിനൽകി.



ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ വർഷം തന്നെയാണ് രാമചന്ദ്രൻ അദ്ധ്യാപകനായത്. തുടർന്നിങ്ങോട്ടുള്ള അറുപതുവർഷക്കാലവും പഴയ സജീവരാഷ്ട്രീയത്തിലേക്കദ്ദേഹം തിരിച്ചുപോയില്ല. അക്കാദമിക് ഗവേഷണം, നിരവധിയായ വിവർത്തനസംരംഭങ്ങൾ, ഭാഷാ-ഭാഷാശാസ്ത്രപഠനം, പ്രാചീന കേരളചരിത്രരചന എന്നീ രംഗങ്ങളിലും മാതൃഭാഷാവാദം മുതൽ ലോകമലയാള സമ്മേളനത്തിന്റെ സംഘാടനം വരെയുള്ള മണ്ഡലങ്ങളിലും അദ്ദേഹം ശ്രദ്ധയൂന്നി. അതിനിടെ അദ്ധ്യാപകസംഘടനാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനും സർവകലാശാലാ ഭരണസമിതികളിൽ പ്രവർത്തിക്കാനും കിട്ടിയ അവസരങ്ങൾ കൈവിട്ടതുമില്ല.


1969-ൽ കേരളസർവകലാശാലയിൽ അദ്ധ്യാപകനായെത്തിയതുമുതൽ വി.ഐ. സുബ്രഹ്മണ്യമാണ് പുതുശ്ശേരിക്കു തലതൊട്ടപ്പനായി നിന്നത്. കണ്ണശ്ശകൃതികളിലെ ഗവേഷണം, അവയിലൊന്നിന്റെ പ്രസാധനം, ഭാഷാശാസ്ത്രപഠനം, ദ്രവിഡിയൻ ലിങ്വിസ്റ്റ് അസോസിയേഷൻ സ്ഥാപനം എന്നിവ തുടങ്ങി ലോകമലയാളസമ്മേളനമെന്ന പദ്ധതിവരെയുള്ളവയ്ക്ക് പുതുശ്ശേരിക്കു തുണയും തണലുമദ്ദേഹമായിരുന്നു. കേരളചരിത്രപഠനങ്ങൾക്ക് ഇളംകുളവും. സർവകലാശാലാ ഭരണസമിതികളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയവും പരിപാടിയും നടപ്പാക്കാനാണ് പുതുശ്ശേരി ശ്രമിച്ചത്. സിപിഎമ്മിന്റെ ആസ്ഥാനമന്ദിരമായി പ്രവർത്തിക്കുന്ന ഏ.കെ.ജി. സെന്റർ ഒരു ഗവേഷണകേന്ദ്രമെന്ന നിലയിൽ സ്ഥാപിക്കാൻ കേരളസർവകലാശാലയുടെ സ്ഥലം അനുവദിച്ചു നൽകിയതിനു പിന്നിൽ പുതുശ്ശേരിയായിരുന്നു മുൻകയ്യെടുത്തത്. അച്യുതമേനോൻ, ഏ.കെ. ആന്റണി, ഇ.കെ. നായനാർ തുടങ്ങിയ മുഖ്യമന്ത്രിമാരുമായി അടുത്തിടപഴകാനും സർവകലാശാലാ കാര്യങ്ങൾ പലതും കാര്യക്ഷമമായി നടത്തിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.



1957 വരെയുള്ള ജീവിതം പറയുന്ന ഒന്നാം ഭാഗത്തെ അവിസ്മരണീയമായ ചില സന്ദർഭങ്ങൾ നോക്കുക. എഴുത്തുപള്ളിക്കൂടത്തിലെ ജാതിവിവേചനം മുതൽ ക്ഷേത്രപ്രവേശനവിളംബരം ദലിതരിൽ സൃഷ്ടിച്ച ആശങ്കകൾ വരെയുള്ളവയാണ് ഒന്ന്. യു.ആർ. അനന്തമൂർത്തിയുടെ 'ഭാരതീപുര'മെന്ന നോവലിലെ ജഗന്നാഥൻ ഗ്രാമത്തിലെ ദലിതർക്കു ക്ഷേത്രപ്രവേശം നൽകാൻ നടത്തിയ ശ്രമം സൃഷ്ടിച്ച നാടകീയരംഗങ്ങളോർമയിലെത്തിക്കുന്ന തന്റെ നാട്ടിലെ കഥപറയുകയാണ് ഒരിടത്ത് പുതുശ്ശേരി.



' 'ഏനമ്പലത്തിക്കേറി തൊട്ടുമുടിക്കത്തില്ലേ.... ഏന്റെ കണ്ണും ചെവീം പൊട്ടുമേ.... ഏൻ തൂറിവാരിത്തിന്നുമേ..... ഏൻ തൊട്ടുതീണ്ടത്തില്ലേ...... ഏനമ്പലത്തിക്കേറത്തില്ലേ..... തമ്പ്രാക്കന്മാരേ......' രണ്ടുകൈയും തലയിൽവെച്ച് കരഞ്ഞു വിളിച്ചുകൊണ്ട് ഒരു കറുത്തുമെലിഞ്ഞ കിഴവൻ അമ്പലത്തിന്റെ മുമ്പിൽനിന്ന് വലിയ വായിലേ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി. 'രാമൻകുറവൻ'. അവിടെ നിന്ന മുതിർന്നവരാരോ അയാളുടെ പേര് ഒച്ചയമർത്തിപ്പറയുന്നുണ്ട്. അതു കണ്ടുകൊണ്ടുനിന്ന എട്ടുവയസ്സുകാരനായ എനിക്ക് കാര്യമെന്താണെന്ന് മനസ്സിലായില്ല. എന്നാൽ ഇന്നും ആ ദൃശ്യം മനസ്സിലുണ്ട്.



അന്നദാതാവായ പൊന്നുതമ്പുരാൻ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ ഇരുപത്തിയഞ്ചാം തിരുനാളാണന്ന്. നാട്ടുരാജ്യമായ തിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയാഘോഷമായിരുന്നു പൊന്നുതമ്പുരാന്റെ തിരുനാൾദിനം. അന്നാണ് ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിക്കുന്നത്. തിരുവിതാംകൂറിലെ ഹിന്ദുപ്രജകൾക്ക് ഇനി ജാതിഭേദമില്ലാതെ അമ്പലത്തിൽ കയറാൻ മഹാരാജാവ് അനുമതി നൽകുന്നു.


എന്റെ അച്ഛന്റെ അമ്മാവനായ പോക്കാട്ടു രാഘവൻപിള്ള അന്ന് തിരുവിതാംകൂറിലെ പ്രധാന പത്രങ്ങളിലൊന്നായ മലയാളരാജ്യത്തിന്റെ തിരുവനന്തപുരം സിറ്റി എഡിറ്റർ ആയിരുന്നു. എന്നുവച്ചാൽ പത്രത്തിന്റെ തലസ്ഥാനത്തെ പ്രതിനിധി. ദിവാൻ സർ. സി.പി. രാമസ്വാമി അയ്യരുമായി അടുപ്പത്തിലായിരുന്നു. അദ്ദേഹം പിൽക്കാലത്ത് ധർമ്മദേശം എന്ന പത്രം സ്വന്തമായി നടത്തി. അമ്മാവൻ അക്കൊല്ലത്തെ തിരുനാൾ ദിനത്തിന് ഒരാഴ്ചമുമ്പേ ഭാര്യയും കുട്ടികളുമായി തറവാട്ടിലെത്തി. അദ്ദേഹത്തിന്റെ മുൻകയ്യിലാണ് തറവാട്ടുവക പോക്കാട്ടു കളരി ഭഗവതിക്ഷേത്രം ജീർണ്ണോദ്ധാരണം നടത്തി പുനഃപ്രതിഷ്ഠനടത്തിയത്. ക്ഷേത്രപ്രവേശനദിവസം കീഴ്ജാതിക്കാർക്ക് അമ്പലം തുറന്നു കൊടുക്കാനാണ് അമ്മാവൻ നേരത്തെ എത്തിയത്.

തിരുനാൾദിവസം നേരം വെളുത്തപ്പോൾത്തന്നെ അമ്മാവൻ നേരത്തെ പറഞ്ഞേല്പിച്ചതിൻപ്രകാരം തറവാട്ടിലെ കൃഷിപ്പണിക്കാരായ കുറവരും പുലയരുമെല്ലാം എത്തി. അമ്മാവൻതന്നെ അവർക്കെല്ലാം കൈയിൽ എണ്ണ ഒഴിച്ചുകൊടുത്തു. ഓരോരുത്തർക്കും കോടിമുണ്ടും തോർത്തും കൊടുത്തു. കുട്ടികൾക്ക് ഓരോ ചുട്ടിത്തോർത്ത്. അവരോട് കാഞ്ഞിപ്പുഴത്തോട്ടിൽപ്പോയി തേച്ചുകുളിച്ചുവരാൻ പറഞ്ഞുവിട്ടു. കുളിച്ച് കോടിയുടുത്തുവന്ന അവരെയും കൂട്ടി അമ്മാവൻ അമ്പലത്തിലേക്ക് പോയി. ചിട്ടയില്ലാത്ത ഒരു ജാഥപോലെ അവർ അമ്മാവന്റെ കുറച്ചു പിറകിലായി ചിതറി നീങ്ങി. അമ്പലപ്പടിക്കലെത്തിയപ്പോൾ, അമ്മാവൻ കൂട്ടത്തിൽ പ്രായം കൂടിയ രാമൻ കുറവനോട് ആദ്യം അമ്പലമുറ്റത്തേക്ക് കയറാൻ പറഞ്ഞു. അപ്പോഴാണ് ആ വയോധികൻ നിലവിളിച്ചുകൊണ്ട് തിരിച്ചോടിയത്. '.

പുതുപ്പള്ളി രാഘവന്റെ അസാധാരണമായ വ്യക്തിത്വം ജീവസ്സുറ്റനിലയിൽ പകർന്നുവയ്ക്കുന്ന ഭാഗങ്ങളാണ് മറ്റൊന്ന്. ഈ ആത്മകഥയുടെ ആമുഖമായി പുതുശ്ശേരി, തന്റെ അമ്മ പുതുപ്പള്ളിയെക്കുറിച്ചെഴുതിയ ഒരോർമ്മ ചേർക്കുന്നുണ്ട്. അതീവ ഹൃദ്യമായ ഒരു സ്മൃതിചിത്രമാണത്. കേശവൻപോറ്റിസാറിന്റെ അതുല്യമായ രാഷ്ട്രീയജീവിതം, കാമ്പിശ്ശേരിയുടെയും തോപ്പിൽ ഭാസിയുടെയും സാഹസികമായ ഒളിവു; തെളിവു ജീവതങ്ങൾ, നാടകപ്രവർത്തനത്തിന്റെയും സമരപരിപാടികളുടെയും ദിനങ്ങൾ, എസ്.എൻ. കോളേജിലെ സമരപോരാട്ടങ്ങൾ, ശൂരനാട് കലാപം, വയലാർ രാമവർമ്മയുമായുള്ള ഹൃദയബന്ധം, കഥകളെപ്പോലും വെല്ലുന്ന പേരൂർ മാധവൻപിള്ളയുടെ സാഹസജീവിതം, കാവ്യജീവിതാനുഭവങ്ങൾ... എന്നിങ്ങനെ ഇവ നീളുന്നു.

എടുത്തുപറയേണ്ട ഒരു വസ്തുത ഈ ഭാഗത്തുള്ളത് പുതുശ്ശേരിയുടെ രാഷ്ട്രീയവിശ്വാസത്തിലെ കൗതുകകരമായ ഒരു 'വൈരുധ്യാ'ത്മകതയാണ്. കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ നാൾ മുതൽ വർഗസമരത്തിലോ വിപ്ലവപ്രതീക്ഷയിലോ ഒന്നും വെള്ളം ചേർക്കാൻ പുതുശ്ശേരി തയ്യാറായിട്ടില്ല. കൽക്കത്തതീസിസിനെപ്പോലും അനുകൂലിച്ചയാളാണദ്ദേഹം. അക്കാലത്ത് കേരളത്തിൽ പ്രതിഭയും സ്വതന്ത്രചിന്തയുമുള്ള മുഴുവൻ കലാ-സാഹിത്യപ്രവർത്തകരും കമ്യൂണിസത്തോടു വിടപറഞ്ഞു പുറത്തുവന്നപ്പോഴും പാർട്ടിയിലുറച്ചുനിന്ന 'അന്ധവിശ്വാസി'. പക്ഷെ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ അന്തസ്സാരശൂന്യതയിൽ അദ്ദേഹത്തിന് തുടക്കം മുതലേ ആശങ്കയുണ്ടായിരുന്നുവെന്നുവേണം കരുതാൻ. വിവേകാനന്ദനെക്കുറിച്ചുള്ള നിരവധി സൂചനകളിലും സംസ്‌കൃതകാവ്യനാടകാദികളുടെ പഠനത്തിൽ നിന്നുയിർക്കൊണ്ട ആർഷഭാരതസംസ്‌കൃതിയിലുള്ള മതിപ്പിലും മാത്രമല്ല ഇതു വ്യക്തമാകുന്നത്. സാമൂഹ്യമാറ്റങ്ങൾക്കു പിന്നിലെ ആത്മീയോദ്ബുദ്ധതയെക്കുറിച്ച് അദ്ദേഹം നെടുതായെഴുതുന്നു:


'വള്ളികുന്നത്തിന്റെ സമരപാരമ്പര്യത്തെപ്പറ്റിയേ പുതിയ തലമുറയ്ക്ക് ഇന്നറിവുള്ളൂ. അതുതന്നെയും പൂർണ്ണമായി അവർ അറിയുമെന്നുതോന്നുന്നില്ല. സമരപാരമ്പര്യത്തോടൊപ്പം ആത്മീയോദ്ബുദ്ധതയുടെ അദൃശ്യമായ ഒരു പ്രഭാവലയവും ആ അന്തരീക്ഷത്തിൽ ചേർന്നിട്ടുണ്ട്. എല്ലാ സമൂഹികോൽകർഷത്തിനും പിന്നിൽ ആത്മീയോദ്ബുദ്ധത നേടിയ ഒരു തലമുറയും അവർക്കു നേതൃത്വം നല്കിയ ചില ആചാര്യന്മാരുമുണ്ടാകും. അവർ നിശ്ശബ്ദമായി നിർവ്വഹിച്ച ചരിത്രപരമായ പങ്ക് വേണ്ടപോലെ നാം ഇനിയും മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. മഹാത്മാക്കളുടെ പാദസ്പർശം ഏല്ക്കാൻ ഭാഗ്യം ലഭിച്ച നാടും പ്രതിഭാസ്പർശമേല്ക്കാൻ ഭാഗ്യം ലഭിച്ച മനുഷ്യരും ഒരിക്കലും പാഴായിപ്പോകാറില്ല. ഏതു മഹദ് വ്യക്തിത്വത്തിന്റെയും വികാസത്തിനു പിന്നിലും മഹാനായ ഒരു ഗുരുവിന്റെ സ്പർശവും അനുഗ്രഹസ്ഫുരണവും ഉണ്ടാവാതിരിക്കില്ല.

ആദ്ധ്യാത്മികാചാര്യന്മാരുടെ പ്രവർത്തനപശ്ചാത്തലവും വള്ളികുന്നത്തിന്റെ ചരിത്രത്തിനുണ്ട്. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും നീലകണ്ഠതീർത്ഥപാദരും കുമാരനാശാനുമെല്ലാം വള്ളികുന്നത്തു വന്നിട്ടുണ്ട്; താമസിച്ചിട്ടുണ്ട്. കാമ്പിശ്ശേരി കരുണാകരന്റെ അച്ഛൻ കൊച്ചിക്കാചാന്നാരെയും ചിറ്റപ്പൻ കൃഷ്ണൻവൈദ്യരെയും മുൻനിർത്തി എസ്.എൻ.ഡി.പി. യോഗ പ്രവർത്തനം നടത്താൻ വേണ്ടിയാണ് അന്നു യോഗം സെക്രട്ടറിയായ കുമാരനാശാൻ വള്ളികുന്നത്തു വന്നത്'.



യാന്ത്രികവരട്ടുവാദികളായ കമ്യൂണിസ്റ്റുനേതാക്കൾ കേസരി ബാലകൃഷ്ണപിള്ളയെ അവഹേളിച്ചപ്പോൾ അദ്ദേഹത്തെ കാണാൻ വയലാറിനും മലയാറ്റൂരിനുമൊപ്പം പറവൂരിലെ വീട്ടിലെത്തിയ അനുഭവം പുതുശ്ശേരി വിവരിക്കുന്നുണ്ട്. ഒരുപക്ഷെ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് എം.എൻ. റോയിയും എം. ഗോവിന്ദനുമുൾപ്പെടെയുള്ളവർ ഉന്നയിച്ച വിമർശനങ്ങളുടെ കാതൽ തന്നെയാണ് അന്ന് അവർ കേസരിയുടെ നാവിൽനിന്നു നേരിട്ടുകേട്ടത്.

'നിങ്ങൾ തൊഴിലാളികളെപ്പറ്റിയാണല്ലോ അധികവും എഴൂതുന്നത്. നിങ്ങൾക്ക് നമ്മുടെ നാട്ടിലെ തൊഴിലാളികളെ ശരിക്കറിയുമോ?'



ഞങ്ങൾ മിണ്ടാതിരുന്നു. കേസരി തുടർന്നു :

'ഇവിടെ എന്റെ ചുറ്റുമുള്ളവരധികവും തൊഴിലാളികളാണ്. കർഷകത്തൊഴിലാളികളും ഫാക്ടറിയിൽ പണയെടുക്കുന്നവരും. അവരുടെ വീടുകളിൽ ഒരു പ്രസവമുണ്ടായാൽ ഏതർദ്ധരാത്രിയിലായാലും അവർ ഇവിടെ ഓടിവന്നു കതകിനു മുട്ടിവിളിക്കും. കുട്ടിയുടെ ജനനവിവരം പറയാൻ. നക്ഷത്രം നല്ലതോ ചീത്തയോ എന്നറിയാൻ. ജാതകവിവരം അന്വേഷിക്കാൻ. അവരിൽ മിക്കവരും പതിവായി വ്രതമനുഷ്ഠിച്ച് ശബരിമലയ്ക്ക് തീർത്ഥാടനംനടത്തുന്നവരുമാണ്. എല്ലാം ക്ഷേത്രങ്ങളിലും അവർ വഴിപാടു കഴിക്കുന്നു. ഇതാണ് ഇവിടെയുള്ള തൊഴിലാളികളുടെ രീതി. നിങ്ങളുടെ സ്ഥലത്തും തൊഴിലാളികൾ ഇങ്ങനെയൊക്കെയായിരിക്കുമെന്നാണ് എന്റെ തോന്നൽ. അവരെപ്പറ്റി നിങ്ങൾ കഥയും കവിതയുമൊക്കെ എഴുതുമ്പോൾ അവരുടെ ജീവിതത്തിലെ വിശ്വാസങ്ങളെക്കുറിച്ചറിയുന്നുണ്ടോ. അവരുടെ സാംസ്‌കാരികകെട്ടുപാടുകളെന്താണെന്നറിയുമോ? അവരെപ്പറ്റി പാടുമ്പോൾ, അവരെ വിപ്ലവത്തിന്റെ കരുക്കളാക്കാൻ ശ്രമിക്കുമ്പോൾ അവരുടെ ജീവിതരഹസ്യങ്ങൾ ശരിക്കറിയണം ഇതു ഞാൻ പറഞ്ഞത് നിങ്ങളുടെ എഴുത്തിലെ തൊഴിലാളികളിൽ യഥാർത്ഥ തൊഴിലാളികളുടെ ജീവിതം സത്യസന്ധമായി പ്രതിഫലിക്കുന്നില്ലെന്നു തോന്നിയതുകൊണ്ടാണ്. ഇവരെക്കൊണ്ടു നിങ്ങൾ നടത്താൻ പോകുന്ന വിപ്ലവം ഏതുതരത്തിലുള്ളതാണ്?'.

1957 തൊട്ട് 1988 വരെയുള്ള രണ്ടാംഘട്ട ജീവിതത്തിൽ പുതുശ്ശേരി തന്റെ അനുഭവങ്ങളെ ഔദ്യോഗികവും അക്കാദമികവുമായ തലങ്ങളിലൊതുക്കിനിർത്തി വിവരിച്ചുപോകുന്നു. ഗവേഷണപഠനങ്ങളും സർവകലാശാലാ ജീവിതവും വിദേശയാത്രയും ലോകമലയാള സമ്മേളനവും മറ്റും മറ്റുമായി അവ ചുരുൾനിവരുന്നു. 1988-ൽ റിട്ടയർ ചെയ്തതിനുശേഷം ഗവേഷണപഠനങ്ങൾ പൂർവാധികം ഊർജ്ജസ്വലമായി മുന്നോട്ടുകൊണ്ടുപോയി എന്നതാണ് ഒരുപക്ഷെ വിസ്മയകരവും നമ്മുടെ പശ്ചാത്തലത്തിൽ അത്യസാധാരണവുമായ കാര്യം.

എങ്കിലും ഇന്നു തിരിഞ്ഞുനോക്കുമ്പോൾ അദ്ദേഹം മുൻകയ്യെടുത്തും നേതൃത്വം നൽകിയും പ്രക്ഷോഭം നയിച്ചുമൊക്കെ സാധ്യമാക്കിയ നേട്ടങ്ങളിൽ പലതും പിൻഗാമികളുടെ പിടിപ്പുകേടും വിവരമില്ലായ്മയും സ്വാർഥതയും മൂലം നാനാവിധമായി എന്നുകൂടി പറയാതെവയ്യ. ദക്ഷിണേന്ത്യൻ, ദ്രവീഡിയൻ ഭാഷാപഠനത്തിനും ഭാഷാശാസ്ത്രപഠനത്തിനുമായി സ്ഥാപിച്ച ഡി.എൽ.എ. സാമാന്യം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി പുതുശ്ശേരി ആവർത്തിച്ചുപറയുന്ന ലോകമലയാള സമ്മേളനം പിന്നീടൊരു പാഴ്‌വേലയായി മാറി. ഇതോടനുബന്ധിച്ചു രൂപംകൊടുത്ത മലയാളം മിഷൻ, കേരള സർവകലാശാലാ കാമ്പസിൽ അദ്ദേഹം മുൻകയ്യെടുത്തു സ്ഥാപിച്ച അന്താരാഷ്ട്ര കേരളപഠനകേന്ദ്രം, ദീർഘകാലം ആവശ്യപ്പെട്ടു നേടിയ മലയാളസർവകലാശാല എന്നിവയൊക്കെ ഏതർഥത്തിലും നാലാംകിടയായ ആളുകളുടെയും പ്രവർത്തനങ്ങളുടെയും കൂത്തരങ്ങായി മാറി. ദശകങ്ങളോളം ഉന്നയിക്കപ്പെട്ട മലയാളഭാഷാവാദം വരട്ടുവാദികളായ പിൻഗാമികൾ ഏറ്റെടുത്തു വഷളാക്കി, ഭാഷയുടെ ക്ലാസിക് പദവി ഒരു കോമഡിയായും മാറി. 

അസാധാരണമായ ചില വിപര്യങ്ങളുമുണ്ട് പുതുശ്ശേരിയുടെ സാംസ്‌കാരിക ജീവിതത്തിൽ. എഴുപതുവയസ്സിനുശേഷമാണ് അദ്ദേഹത്തിന് ഏതെങ്കിലും സാഹിതീയ പുരസ്‌കാരങ്ങൾ ലഭിക്കുന്നത്. പ്രഭാവർമക്കും കെ.പി. രാമനുണ്ണിക്കും യു.കെ. കുമാരനും ലഭിച്ചിട്ടും വയലാർ അവാർഡ് പുതുശ്ശേരിക്കു കിട്ടിയിട്ടില്ല! സക്കറിയയ്ക്കും എൻ.എസ്. മാധവനും കെ.ജി. ശങ്കരപ്പിള്ളയ്ക്കും കിട്ടിയിട്ടില്ല എന്നത് പുതുശ്ശേരിയെ വയലാർ അവാർഡ് കമ്മറ്റി അവഗണിച്ചതിനു നീതീകരണമാകുന്നുമില്ല!! ഒരർഥത്തിൽ പുതുശ്ശേരി തുടങ്ങിവച്ച പ്രസ്ഥാനങ്ങൾ ഏറ്റെടുത്തവരും പുതുശ്ശേരിക്കു നൽകാതെ വയലാർ അവാർഡ് പോലുള്ളവ കയ്യടക്കിവച്ചവരുമൊക്കെയാണ്, ഈ മനുഷ്യൻ എത്ര ഉയരത്തിലാണ് എന്നു തെളിയിക്കുന്നത്. തൊണ്ണൂറുവയസ്സു പിന്നിട്ടിട്ടും കർമകാണ്ഡത്തിൽ കിതപ്പെന്തെന്നറിയാതെ മുന്നോട്ടുപോകുകയാണദ്ദേഹം. പ്രതിസന്ധികളിൽ തന്നെ അതിജീവിപ്പിക്കുന്നതെന്താണെന്ന് ഒരിക്കലദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എതിർപ്പുകളാണ് അവ. ജീവിതത്തിലുടനീളം എതിർപ്പുകളുടെ തീക്കനലുകൾ ചവിട്ടിവന്ന തന്റെ ജന്മം സാർഥകവും സഫലവുമായിരുന്നു എന്ന് പുതുശ്ശേരി രാമചന്ദ്രൻ അടിവരയിട്ടു തെളിയിക്കുകയാണ് ഈ ആത്മകഥയിൽ.
ആത്മകഥയിൽനിന്ന്

'ശൂരനാട്ട് സംഭവം നടക്കുന്നത് 1949 ഡിസംബർ മുപ്പത്തൊന്നിനാണ്. കൊല്ലത്ത് എസ്.എൻ.കോളേജിൽ പഠിക്കുകയായിരുന്ന ഞാൻ പത്രത്തിൽ വായിച്ചാണ് വിവരം അറിഞ്ഞത്. വാർത്തകണ്ടപാടേ ഞാൻ സ്തംഭിച്ചുപോയി. ശൂരനാട്ട് അഞ്ചുപൊലീസുകാർ കൊല്ലപ്പെട്ടിരിക്കുകയാണ്. അതിലൊരാൾ സബ് ഇൻസ്‌പെക്ടറാണ്. തുടർന്ന് നടക്കാൻപോകുന്ന നരനായാട്ടിനെക്കുറിച്ചോർത്താണ് വേവലാതിപൂണ്ടത്. തിരുക്കൊച്ചി മുഖ്യമന്ത്രി, ശൂരനാട്ട് എത്തി 'ശൂരനാട് എന്നൊരു നാടിനി വേണ്ട'എന്നു പ്രഖ്യാപിച്ചിരിക്കുന്നു. ചെറിയ തോതിലുള്ള ജാഥയും മീറ്റിംഗുമൊക്കെ നടത്തിയിട്ടുപോലും പൊലീസുകാർ ചെയ്യുന്നത് വള്ളികുന്നത്തുവച്ച് കണ്ടറിയാൻ കഴിഞ്ഞ എനിക്ക് ശൂരനാട്ട് നടക്കാൻ പോകുന്നതെന്തെന്ന് ഊഹിക്കാമായിരുന്നു.

വള്ളികുന്നത്ത് കർഷകത്തൊഴിലാളികൾ കമ്മ്യൂണിസ്റ്റ്പാർട്ടി പ്രവർത്തനത്തിലൂടെ നിവർന്നുനിന്നപ്പോഴേക്കും അവരെ അടിച്ചമർത്താൻ പൊലീസും ജന്മിമാരുടെ കൂലിത്തല്ലുകാരും രംഗത്തിറങ്ങി. രാത്രി പാർട്ടിക്കാർക്കും പാർട്ടി അനുഭാവികൾക്കും വീട്ടിൽ കിടന്നുറങ്ങാനാവാത്ത സ്ഥിതിയായി. ആ ഘട്ടത്തിലാണ് കുഞ്ഞച്ചനും സി.കെ. കുഞ്ഞിരാമനും കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ വള്ളിക്കുന്നത്തിന്റെ കിഴക്കു മാറിയുള്ള ശൂരനാട്ടേക്കു നീങ്ങിയത്. അവർ അവിടെ ഒളിവു ജീവിതം നയിച്ചുകൊണ്ടാണ് പ്രവർത്തിച്ചത്. സി.കെ. കുഞ്ഞിരാമന്റെ ഭാര്യയും ആറുമക്കളും ഒപ്പമുണ്ട്. ശൂരനാട്ട് സംഭവത്തെ തുടർന്ന് കുടുംബത്തോടൊപ്പം ഒളിവിൽപോയ കുഞ്ഞിരാമൻ അനുഭവിച്ച യാതനകൾ ആർക്കും പറഞ്ഞറിയിക്കാനാവില്ല. തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തിന്റെ ഇതിവൃത്തം കുഞ്ഞിരാമന്റെ ആ കാലത്തെ ദുരിതജീവിതത്തിൽ നിന്ന് രൂപപ്പെടുത്തിയെടുത്തതാണ്.

ശൂരനാട്ട് പ്രദേശത്തെ ഏറ്റവും വലിയ ജന്മിമാരാണ് തെന്നലക്കാർ. കരുനാഗപ്പള്ളി താലൂക്കിലെ തന്നെ വലിയ ജന്മിമാർ. ആ പ്രദേശത്ത് മെല്ലെ ഉയർന്നുവന്ന കർഷകത്തൊഴിലാളികളുടെ മുന്നേറ്റം അവരെ വിറളി പിടിപ്പിച്ചു. അതിനിടെ ഒരു സംഭവമുണ്ടായി. ശൂരനാട്ട് പൊതുവകയായി കിടന്നിരുന്ന ഒരു പുറമ്പോക്കുകുളവും ചവറ്റുക്കാടും തെന്നലയിലെ ഒരു സിൽബന്തിയായ തറയിൽപിള്ള വില്ലേജ് ഓഫീസിലും താലൂക്കാഫീസിലും സ്വാധീനം ചെലുത്തി ലേലത്തിൽ പിടിച്ചു. അതുവരെ നാട്ടുകാർക്കു പൊതുവകയായിരുന്ന കുളത്തിൽനിന്ന് ആരോടും ചോദിക്കാതെ മീൻപിടിക്കുകയും ചവറ്റുകാട്ടിൽ നിന്ന് ചവററുത്ത് എടുക്കുകയും ചെയ്തിരുന്നു. ഈ അവകാശമാണവർക്ക് നഷ്ടമായത്. അതിനെതിരെ പ്രതികരിക്കാൻ പാർട്ടിയുടെ പിന്തുണയോടെ പാവപ്പെട്ട നാട്ടുകാർ തുനിഞ്ഞു. ഡിസംബർ 30-ാം തീയതി അവർ കുളത്തിലിറങ്ങി മീൻ പിടിച്ചു. ലേലത്തിൽ പിടിച്ച തറയിൽപിള്ള പൊലീസിൽ കേസ്സുകൊടുത്തു. പിറ്റേന്ന് ഒരുസംഘം പൊലീസുകാർ പകൽ മൂന്നുമണിയോടെ തെന്നലയിലെത്തി ക്യാമ്പ് ചെയ്തു. രാത്രി കുറെ ഇരുട്ടിയപ്പോൾ, കുളത്തിന്റെ പരിസരത്തുള്ള വീടുകളിൽ കയറി പൊലീസും ജന്മിയുടെ ഗുണ്ടകളും അതിക്രമം കാണിക്കാൻ തുടങ്ങി. അന്തരീക്ഷം പന്തിയല്ല എന്നുകണ്ട് ആണുങ്ങളെല്ലാം വീടുവിട്ട് മാറിനിൽക്കുകയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും പൊലീസ് കണ്ണിൽച്ചോരയില്ലാതെ മർദ്ദിച്ചു, അപമാനിച്ചു. അവരുടെ ഉള്ളുപൊട്ടിയുള്ള നിലവിളികേട്ട് പരിസരങ്ങളിൽ ഒളിച്ചിരുന്ന പുരുഷന്മാർ ഓടിയെത്തി പൊലീസിനെ നേരിട്ടു. ആ ഏറ്റുമുട്ടലിന്റെ ഒടുവിൽ നാലുപൊലീസുകാരും ഒരിൻസ്‌പെക്ടറും ചത്തുവീണു.

ആ സാഹചര്യത്തിൽ പാർട്ടിപ്രവർത്തകരും ഏറ്റുമുട്ടലിൽ പങ്കെടുത്തവരുമെല്ലാം പകച്ചുപോയി. സ. സി.കെ. കുഞ്ഞുരാമനാണ് സംയമനം വീണ്ടെടുത്ത് എല്ലാവരോടും എത്രയും പെട്ടെന്ന് ഒളിവിൽ പോകാൻ നിർദ്ദേശിച്ചത്. 



അടുത്തദിവസം രാവിലെ 1950 ജനുവരി ഒന്നിന് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും പാർട്ടിയോട് ബന്ധമുള്ള അറുപതോളം തൊഴിലാളി- ബഹുജനസംഘടനകളെയും തിരു കൊച്ചി സർക്കാർ നിരോധിച്ചു. പിന്നെ ശൂരനാട്ടും വള്ളിക്കുന്നത്തും സമീപപ്രദേശങ്ങളിലും നടന്ന നരനായാട്ട് വിവരണാതീതമായിരുന്നു.

ശൂരനാട് സംഭവത്തിൽ ആകെ ഇരുപത്തിയാറ് പേരെയാണ് പ്രതി ചേർത്തിരുന്നത്. തണ്ടാശ്ശേരി രാഘവനെ പിടിച്ച അന്നുതന്നെ പൊലീസുകാർ തല്ലിക്കൊന്നു. പായിക്കാലിൽ ഗോപാലപിള്ളയും കാഞ്ഞിരപ്പിള്ളി വടക്കേതിൽ പുരുഷോത്തമക്കുറുപ്പും കൊല്ലം കസ്ബാ പൊലീസ് സ്റ്റേഷനിൽ പൊലീസ് മർദ്ദനമേറ്റ് മരിച്ചുവീണു. കളക്കാട്ടുതറ പരമേശ്വരൻ നായരും മഠത്തിൽ ഭാസ്‌കരൻ നായരും ഇടിയേറ്റ് ചതഞ്ഞ് നാഗർകോവിൽ ക്ഷയരോഗാശുപത്രിയിൽ പൊലീസ് ബന്തവസ്സിൽ കഴിയുമ്പോൾ രക്തം തുപ്പി മരിച്ചു. പുന്തിലേത്ത് വാസുപിള്ളയും മലമേൽ കൃഷ്ണപിള്ളസാറും കാട്ടൂർ ജനാർദ്ദനൻനായരും ജയിലിൽ നിന്നിറങ്ങി ഏറെക്കഴിയാതെ മരണത്തിനുകീഴടങ്ങി. അത്രയേറെയായിരുന്ന അവർ ഏറ്റ മർദ്ദനം. അന്ന് ഒളിവിൽപ്പോയ ചാലിത്തറ കുഞ്ഞച്ചനെക്കുറിച്ചും പായിക്കാലിൽ രാമൻനായരെക്കുറിച്ചും ഇന്നോളം ഒരറിവുമില്ല. അവരെയും പൊലീസ് തല്ലിക്കൊന്നുകാണുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. അല്ലെങ്കിൽ പാർട്ടി അധികാരത്തിൽ വന്നപ്പോഴെങ്കിലും അവർ ഒളിവിൽ നിന്ന് പുറത്തുവരുമായിരുന്നു.

നടയിൽ വടക്കേതിൽ പരമുനായർ, പായിക്കാലിൽ പരമേശ്വരൻ നായർ കോതേലിൽ വേലായുധൻനായർ, ചെറപ്പാട്ട് ചാത്തൻകുട്ടി, അമ്പിയിൽ ജനാർദ്ദനൻ നായർ അയണിവിളകുഞ്ഞുപിള്ള, പോണാൽ തങ്കപ്പക്കുറുപ്പ്, വിളയിൽ ഗോപാലൻനായർ, ചേലക്കാട്ടേത്ത് (സി കെ) കുഞ്ഞുരാമൻ, വരമ്പയിൽ കൊച്ചുകുഞ്ഞ്, പനത്താഴ രാഘവൻ, തെക്കയ്യത്ത് ഭാസ്‌കരൻനായർ, പോണാൽ ചെല്ലപ്പൻ നായർ, ആർ ശങ്കരനാരായണൻ തമ്പി, പേരൂർ മാധവൻപിള്ള, തോപ്പിൽ ഭാസി എന്നിവരായിരുന്നു മറ്റുപ്രതികൾ. എട്ടുകൊല്ലം കഴിഞ്ഞ് കേസു പിൻവലിക്കുംവരെ ഒളിവിൽ കഴിഞ്ഞവരാണ് പനത്താഴ രാഘവനും പായിക്കാലിൽ പരമേശ്വരൻ നായരും കോതാലിൽ വേലായുധൻ നായരും'.

തിളച്ചമണ്ണിൽ കാൽനടയായി
ആത്മകഥ
ഡോ. പുതുശ്ശേരി രാമചന്ദ്രൻ
ചിന്ത പബ്ലിഷേഴ്‌സ്
2017, വില : 370 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP