Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'മദ്രാസി' എന്ന പേരുവിളിച്ചു കളിയാക്കിയ ഡൽഹിവാലാ രാജാക്കന്മാരെ മാഡം എന്നു വിളിപ്പിച്ച മിടുമിടുക്കി; പാർട്ടിയിൽ കൈപിടിച്ചുയർത്തിയ നിതിൻ ഗഡ്കരിയേക്കാൾ ശക്തിയായി മാറിയ രാഷ്ട്രീയ തന്ത്രത്തിന്റെ ഉടമ; നരേന്ദ്ര മോദി പ്രതിരോധ മന്ത്രാലയം വിശ്വസിച്ചേൽപ്പിച്ചത് കാറ്റുപോലെ വന്നു കൊടുങ്കാറ്റായി മാറാൻ ശക്തയാണ് സ്ത്രീയെ: ഇനിയുള്ള നാളുകൾ നിർമ്മല സീതാറാമിന്റെ തേരോട്ടത്തിന്റേതാകും

'മദ്രാസി' എന്ന പേരുവിളിച്ചു കളിയാക്കിയ ഡൽഹിവാലാ രാജാക്കന്മാരെ മാഡം എന്നു വിളിപ്പിച്ച മിടുമിടുക്കി; പാർട്ടിയിൽ കൈപിടിച്ചുയർത്തിയ നിതിൻ ഗഡ്കരിയേക്കാൾ ശക്തിയായി മാറിയ രാഷ്ട്രീയ തന്ത്രത്തിന്റെ ഉടമ; നരേന്ദ്ര മോദി പ്രതിരോധ മന്ത്രാലയം വിശ്വസിച്ചേൽപ്പിച്ചത് കാറ്റുപോലെ വന്നു കൊടുങ്കാറ്റായി മാറാൻ ശക്തയാണ് സ്ത്രീയെ: ഇനിയുള്ള നാളുകൾ നിർമ്മല സീതാറാമിന്റെ തേരോട്ടത്തിന്റേതാകും

സോണി ജോസഫ്

ഖി ചുഴലിക്കാറ്റിൽ കേരളത്തിലെ കടലോരങ്ങൾ ആഞ്ഞടിച്ചപ്പോൾ അവിടേക്കെത്താൻ വൈകിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയനോട് 'കടക്കൂ പുറത്ത് ' എന്ന് ആക്രോശിച്ച കടൽ മക്കളെ ഇക്കഴിഞ്ഞ ദിവസം നാം കണ്ടു. കടലിൽ രൗദ്രം പൂണ്ട തിരമാലകൾ ആഞ്ഞടിച്ചപ്പോൾ കരയിൽ തങ്ങൾക്കു വേണ്ടപോലെ കരുതൽ തരാതിരുന്ന ഭരണാധികാരികൾക്കെതിരെ കടലമ്മയുടെ മക്കൾ ഉറഞ്ഞുതുള്ളി . എന്നാൽ അവരുടെ ഇടയിലേക്ക് വെറും ഒരു സാധാരണ വനിതയെ പോലെ കടന്നു വന്നു, കലിപൂണ്ട നിന്ന വലിയ ജനതയെ 'മീനവ അണ്ണന്മാരെ.... മീനവ തമ്പിമാരെ..... മീനവ അമ്മമാരെ' എന്നഭിസംബോധന ചെയ്തുകൊണ്ട് കുഞ്ഞാടുകളെ പോലെ അടക്കി നിറുത്തിയ നിർമ്മല സീതാറാം എന്ന കേന്ദ്ര പ്രതിരോധ മന്ത്രിയെ ഇപ്പോൾ പുകഴ്‌ത്താത്ത ഒരു മീഡിയകളും ഇല്ല.സോഷ്യൽ മീഡിയായിൽ നിമിഷങ്ങൾക്കുള്ളിലാണ് നിർമലാ സീതാറാം വെള്ളിത്തിരയിലെ വിജയനായികമാരെ പോലും വെല്ലുന്ന രീതിയിൽ കത്തിക്കയറിയത്.

ഒരുപക്ഷെ ഇതിനു മുൻപ് ഇത്തരത്തിലുള്ള ഒരു വനിതയെ മാത്രമേ നാം കണ്ടിട്ടുള്ളൂ .അത് സുഷമാ സ്വരാജാണ്. എന്നാലിപ്പോൾ സുഷമ സ്വരാജിനെപ്പോലും കടത്തിവെട്ടുന്ന ജനപ്രീതിയാണ് നിർമലാ സീതാറാമിന് ലഭിച്ചിരിക്കുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപ് സുഷമാ സ്വരാജിന്റെ പോലും പരിഹാസ കഥാപാത്രമായി ഡൽഹിയിലെ ബിജെപിയുടെ ഇടവഴികളിൽ ഒതുങ്ങിക്കഴിയേണ്ടി വന്ന ഒരു കാലം നിർമ്മലാ സീതാറാമിന് ഉണ്ടായിരുന്നു.അവിടെനിന്നും ഇന്നിപ്പോൾ നാം കാണുന്ന പരമമായ അധികാര പദവികളിൽ ഒന്നിലേക്ക് ഈ വനിത കടന്നു വന്ന നാൾവഴികൾ ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ സംഭവ ബഹുലമാണ്. രാഷ്ട്രീയ ജീവിതം ആഗ്രഹിക്കുന്നവരും ഇപ്പോൾ രാഷ്ട്രീയ രംഗത്തുള്ളവരും ഒരുപോലെ കണ്ട് കൊതിക്കേണ്ട കരിയർ ഗ്രാഫാണ് നിർമല സീതാരാമന്റേത് എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല എന്നതാണ് സത്യം. 2006ലാണ് ബിജെപിയിൽ ചേരുന്നത്.

പാരമ്പര്യ ചിന്താഗതികളിൽ നിന്നും വ്യസ്ത്യസ്തമായി സോഷ്യലിസ്റ്റ് വ്യാമോഹങ്ങളിൽ ആകൃഷ്ടയായ ഒരു തമിഴ് ബ്രാഹ്മൺ യുവതി എന്ന നിലക്കാണ് നിർമ്മല ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. 1980 കളിൽ ഡൽഹിയിലെ പ്രശസ്തമായ ജെവാഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ഒരു മിടുക്കിയായ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനിയായിരുന്നു നിർമ്മല.അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഗാട്ട് കരാറിന്റെ സ്വാധീനം ഇന്തോ- യൂറോപ് വസ്ത്ര വിപണിയിൽ എങ്ങനെയൊക്കെ മാറ്റങ്ങൾ ഉണ്ടാക്കും എന്ന വിഷയത്തിൽ പി എച്ച് ഡി പൂർത്തിയാക്കി യശേഷം പുറത്തിറങ്ങിയ നിർമ്മലയെത്തേടി ജോലിയുടെ വാതായനങ്ങൾ തുറന്നിട്ട് അനവധി മൾട്ടി നാഷണൽ കമ്പിനികൾ കാത്തിരുന്നു.നവ സാമ്പത്തിക വിപ്ലവങ്ങൾ ലോകം മുഴുവൻ പുതിയ ഒരു മാറ്റം ഉണ്ടാക്കിക്കൊണ്ടിരുന്ന തൊണ്ണൂറുകളിൽ പ്രശസ്തമായ ഒരു വിദേശ കമ്പനിയിൽ ജോലി ആരംഭിച്ചു.

ആ തുടക്കം പിന്നീട് പല മൾട്ടി നാഷണൽ കമ്പനികളിലൂടെ കടന്ന് ഉയർന്ന നിലയിൽ തന്നെയുള്ള പദവികൾ വഹിച്ചു.ആരും മോഹിച്ചുപോകുന്ന ഉയർന്ന ശമ്പളവും വളരെ മാന്യമായ സ്ഥാനമാനങ്ങളും നിർമ്മലയുടെ ഒപ്പം എന്നും ഉണ്ടായിരുന്നു. ഹൈദരാബാദ് സ്വദേശിയായ പറകാല പ്രഭാകറുമായി അക്കാലത്തു വിവാഹം നടന്നു . പിന്നീട് ഭർത്താവിന്റെ നാടായ ആന്ധ്രയുടെ തലസ്ഥാനമായ ഹൈദരബാദ് കേന്ദ്രീകരിച്ച് ജീവിതം പറിച്ചു നട്ടു . ഏറെ പ്രശസ്തമായ ഹൈദരബാദിലെ പ്രണവ സ്‌ക്കൂളിന്റെ തുടക്കവും നിർമ്മലയുടെ പ്രയത്നത്തിന്റെ ഫലമായിട്ടായിരുന്നു.അങ്ങിനെ ആ സ്‌കൂളിന്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളായി നിർമ്മല സീതാറാം മാറി.

തൊണ്ണൂറുകളുടെ അവസാനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മാറ്റം ഉണ്ടായി.ബിജെപി ആദ്യമായി അധികാരത്തിൽ വന്നു. നിർമ്മലയുടെ ഭർത്താവായ പ്രഭാകർ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി രാഷ്ട്രീയത്തിൽ സജീവമായി. 2000 ത്തിൽ ആന്ധ്ര പ്രദേശിലെ ബിജെപിയുടെ വക്താവായി പ്രഭാകർ മാറി .ഭർത്താവിന്റെ നിഴൽ പോലെ കഴിഞ്ഞിരുന്ന നിർമ്മല പതുക്കെ പതുക്കെ ബിജെപി യുടെ സഹയാത്രികയായി .ഒടുവിൽ നിർമ്മല സീതാരാമൻ 2006-ൽ ബിജെപിയിലെ ഔദ്യോഗിക അംഗമായി. ആയിടക്കാണ് തെലുങ്ക് മക്കളുടെ ആക്ഷൻ ഹീറോ ചിരഞ്ജീവി പ്രജാരാജ്യം പാർട്ടി ഉണ്ടാക്കി.2007 ൽ പുതിയ ഒരു രാഷ്ട്രീയ ഭാവി തന്നെ തേടി വരുന്നു എന്ന തോന്നലുണ്ടായ പ്രഭാകർ ചിരഞ്ജീവിക്കൊപ്പം കൂടി. അതുവരെ എല്ലാക്കാര്യത്തിലും ഭർത്താവിനൊപ്പം നടന്ന നിർമ്മല പക്ഷേ ബിജെപിയിൽ ഉറച്ച് നിന്നു. പക്ഷെ പുതിയ ഒരു രാഷ്ട്രീയ ഭാവി ശരിക്കും തേടി എത്തിയത് നിർമ്മലയെ ആയിരുന്നു . അവിടം മുതൽ ഒരു പുതിയ യുഗം നിർമ്മലയുടെ ജീവിതത്തിൽ ആരംഭിക്കുകയായിരുന്നു.

2004-ലെ പരാജയം ബിജെപിക്ക് കനത്തതായിരുന്നു. അതിന്റെ ആഘാതത്തിൽ നിന്നും മെല്ലെ കരകയറി വരാൻ ശ്രമിക്കവേ അതിലും വലിയ പ്രഹരമായി 2009-ലെ തോൽവി എത്തി .കോൺഗ്രസ്സിന് പകരം ബിജെ പി എന്ന പുതിയ പ്രതീക്ഷയുടെ നാമ്പുകൾ ഒടിഞ്ഞു തുടങ്ങി എന്ന് എല്ലാവരും വിധി എഴുതി .ഡൽഹിയിലെ പാർട്ടി ആസ്ഥാനം മൂകമായി, പഴയ താരങ്ങൾ അപ്രസക്തരായി. ഇനിയാര് പാർട്ടി നയിക്കും എന്ന് ബിജെപി അമ്പരന്ന് നിൽക്കുമ്പോൾ ആർ. എസ്. എസ് കളം കൈയേറി കളി തുടങ്ങി. നിതിൻ ഗഡ്കരി എന്ന പുതിയ നേതാവിനെയും ഒരു പറ്റം ടീമിനെയും രംഗത്തിറക്കിയ ആർ എസ് എസിന്റെ കൈകളിലൂടെ ബിജെപി എന്ന പ്രസ്ഥാനം പുതിയ ദിശയിലേക്കു പ്രയാണം മാറി.

നീണ്ട കാലത്തെ ഒരു ഇടവേളയ്ക്കു ശേഷം ആ റ്റീമിലെ അംഗമായി 2010 ൽ നിർമല സീതാരാമൻ ഇന്ദ്രപ്രസ്ഥത്തിലേക്കു തിരിയെ എത്തി . പാർട്ടി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദേശീയ വക്താവായി മാറി നിർമ്മല .ഏവരുടെയും ബഹുമാനം പിടിച്ചു പറ്റുന്ന രീതിയിലുള്ള മാന്യമായ വസ്ത്രധാരണവും ( കോട്ടൺ സാരിയാണ് എന്നും നിർമ്മലയുടെ ട്രേഡ് മാർക്ക് ) സൗമ്യതയും വടിവൊത്ത ഇംഗ്ലീഷും ശുദ്ധമായ തെലുങ്കും തമിഴും മുറി ഹിന്ദിയുമായി നിർമല സീതാരാമൻ പെട്ടന്ന് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. ഒരിക്കലും സ്റ്റേജിൽ ഇടിച്ച് കയറാൻ നിർമ്മല മിനക്കെട്ടില്ല .തന്നെ തേടി വരുന്ന അവസരങ്ങളെ മനസ്സിൽ കണ്ടുകൊണ്ടു ക്ഷമയോടെ കാത്തിരുന്നു . പാർട്ടിയുടെ മറ്റ് വക്താക്കൾ സംസാരിക്കുമ്പോൾ കേൾവിക്കാരിയായിരുന്നു. മുതിർന്ന നേതാക്കളോട് എന്നും വല്ലാത്ത ബഹുമാനവും ആദരവും നിർമ്മല പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ കലാശാലയിലെ വിലയേറിയ പല പാഠങ്ങളും ആ കൂർമ്മ ബുദ്ധിക്കാരി തലമൂത്ത നേതാക്കളിൽ നിന്നും പഠിച്ചെടുത്തു .

പക്ഷേ,എല്ലാക്കാര്യങ്ങളും അത്ര സുഗമമായിരുന്നില്ല. അക്കാലത്ത് രവിശങ്കർ പ്രസാദ് എന്ന, ധാർഷ്ട്യത്തിന്റെ ആൾ രൂപം നയിക്കുന്ന ദേശീയ വ്യക്താക്കളുടെ കൂട്ടത്തിലെ ജൂനിയർ അംഗം മാത്രമായിരുന്നു നിർമല സീതാരാമൻ. സുഷമ സ്വരാജിനെ പോലെ നല്ലവണ്ണം ശുദ്ധ ഹിന്ദി സംസാരിക്കുന്ന സ്ത്രീകൾ കത്തിക്കയറി നിന്ന കാലം. ഹിന്ദി നല്ലവണ്ണം അറിയാൻ പാടില്ലാത്ത നിർമ്മലയെ ഒരു കോണിൽ ഒതുക്കി.എല്ലാക്കാലത്തും തെന്നിന്ത്യക്കാരെ കാടടച്ചു മദ്രാസി എന്ന ഒറ്റവാക്കിൽ പുശ്ചത്തോടെ കാണുന്ന വടക്കൻ ഇന്ത്യക്കാരുടെ വല്യേട്ടൻ മനോഭാവം ബിജെപിയുടെ നേതൃത്വത്തിലും ഉണ്ടായിരുന്നു. സുഷമ അടക്കമുള്ള നേതാക്കളുടെ പരിഹാസ പാത്രമായി നിർമ്മല മാറിയ കാലങ്ങൾ ആയിരുന്നു അത് എന്നത് എല്ലാ ബിജെപിക്കാരും ഇപ്പോഴും തുറന്നു പറഞ്ഞില്ലെങ്കിലും ഉള്ളിൽ സമ്മതിക്കുന്ന കാര്യമാണ്.

നിർമലയേക്കാൾ ജൂനിയറായി ദേശീയ വക്താവായി എത്തിയ മീനാക്ഷി ലേഖിയും മറ്റും ബിജെപിയുടെ സൂപ്പർ താരമായി മാറി. 2014 തിരഞ്ഞെടുപ്പിൽ മീനാക്ഷി ലേഖിക്കകം സീറ്റ് ലഭിച്ചപ്പോൾ നിർമല സീതാരാമൻ തഴയപ്പെട്ടു.പക്ഷെ തീയിൽ കുരുത്ത നിർമ്മല തളർന്നില്ല പാർട്ടിയിൽ വലിയ മാറ്റങ്ങൾ തിരശീലക്കു പിന്നിൽ ഒരുങ്ങുന്നത് നിർമ്മല തിരിച്ചറിഞ്ഞു ...തന്റെ ദിനങ്ങൾ വരുന്നതും കാത്ത് ഒരു വിശ്വസ്ത പ്രവർത്തകയായി അവർ ദിനങ്ങൾ കഴിച്ചു കൂട്ടി ..ആരോടും ഒരു പരിഭവവും പറയാതെ... അങ്ങിനെ ഒടുവിൽ അത് സംഭവിച്ചു .നിർമ്മല കാത്തിരുന്ന ആ ദിനങ്ങൾ വന്നെത്തി ..കോൺഗ്രസിനെ തൂത്തെറിഞ്ഞു നരേന്ദ്ര മോദി അമിത് ഷാ സഖ്യം ഇന്ത്യയുടെ ഭരണ ചക്രം തിരിക്കുന്ന കപ്പിത്താന്മാരായി.കഴിവുള്ളവരെ തിരിച്ചറിഞ്ഞു കൂട്ടത്തിൽ നിറുത്താൻ പ്രേത്യേകം ചാതുര്യമുള്ള നരേന്ദ്ര മോദിയുടെ കണ്ണുകൾ തിരഞ്ഞു ചെന്നവരിൽ ആദ്യത്തെ ഒരാളായിരുന്നു നിർമ്മല സീതാറാം.

പക്ഷേ, നരേന്ദ്രമോദി മന്ത്രിസഭയിൽ ധനം, പ്രതിരോധം, വാണിജ്യം എന്നീ കനപ്പെട്ട മൂന്ന് വകുപ്പുകൾ ഒന്നിച്ച് അരുൺ ജെയ്റ്റിയുടെ തലയിലായപ്പോൾ ധനകാര്യമന്ത്രാലയത്തിന്റെ നടത്തിപ്പിന് മുൻ ധനമന്ത്രി യശ്വന്ത് സിൻഹയുടെ മകൻ ജയന്തിനൊപ്പം നിർമല സീതാരാമന് നറുക്ക് വീണു. ജെ.എൻ.യുവിലെ ഇക്‌ണോമിക്‌സ് പി.എച്ച്.ഡിക്കും ഗാട്ട് കരാറിലുള്ള ആഴമായ അറിവും നിർമ്മലക്കു തുണയായി .മാത്രമല്ല നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കുന്നവരെ ഉൾപ്പെടുത്തി ഭരണയന്ത്രത്തിന്റെ ഇമേജ് വർദ്ധിപ്പിക്കാൻ പ്രേത്യേകം ശ്രദ്ധിച്ച മോദിക്ക് നിർമ്മലയുടെ കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നതാണ് പച്ചയായ സത്യം. മാത്രമല്ല ഹിന്ദുത്വം മുഖമുദ്രയാക്കിയ ബിജെപിയുടെ രാഷ്ട്രീയ അജണ്ടക്ക് ഏറ്റവും അനുയോജ്യയായിരുന്നു നിർമ്മല എന്ന തമിഴ് ബ്രാഹ്മണ വനിത.

പിന്നീട് വെറും മൂന്നേ മൂന്നു കൊല്ലമേ എടുത്തുള്ളൂ കാലം കാത്തു വച്ച വിധി അല്ലെങ്കിൽ മധുരമായ പ്രതികാരം എന്നൊക്കെ പറയും പോലെ
കാര്യങ്ങൾ നിർമ്മലയുടെ വഴിക്കു വരാൻ. ഇപ്പോൾ ഇന്ത്യയുടെ പ്രതിരോധ മന്ത്രി. ശരിക്കും ശക്ത. ഒരുകാലത്തു താൻ പഞ്ച പുശ്ചമടക്കി കാത്തു നിന്നിരുന്ന , പാർട്ടിയിലെ കിരീടം വെക്കാത്ത രാജാക്കന്മാരായിരുന്ന ബിജെപി മുൻ അധ്യക്ഷൻ നിതിൻ ഗഡ്കരിയും വക്താക്കളെ നിയന്ത്രിച്ചിരുന്ന രവിശങ്കർ പ്രസാദും ഇപ്പോൾ പ്രോട്ടോകോൾ അനുസരിച്ച് കേന്ദ്ര മന്ത്രിസഭയിൽ നിർമല സീതാരാമന് കീഴിലാണിപ്പോൾ.

പ്രധാന മന്ത്രിയുടെ ഇടതും വലതും കാക്കുന്ന സൗത്ത് - നോർത്ത് ബ്ലോക്ക് വരേണ്യ നാൽവർ സംഘത്തിലെ ഒരാൾ.സുഷമാ സ്വരാജിനും മുകളിലാണ് ഇപ്പോൾ പാർട്ടിയിൽ നിർമ്മലയുടെ ഗ്രാഫ് ..ഓഖി ദുരന്ത മുഖത്തേക്ക് നിർമ്മലയെ മോദി അയച്ചത് വെറുതെയായില്ല.. ഇളം കാറ്റുപോലെ വന്നു കൊടുങ്കാറ്റായി മാറാൻ ശക്തയാണ് ഈ സ്ത്രീ എന്ന ബോധ്യം മോദി എന്ന ഗുജറാത്തിയുടെ ബുദ്ധിയിൽ പണ്ടേക്കു പണ്ടേ ഉറച്ചിരുന്നു. ആ നീക്കം പാഴായില്ല എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങുമുള്ള ഇന്ത്യക്കാർ നിർമ്മലക്കു സ്തുതി പാടുന്നത്.. കാത്തിരുന്നോളൂ .. ഇനിയുള്ള നാളുകൾ നിർമ്മല സീതാറാം എന്ന തെന്നിന്ത്യൻ വനിതയുടെ ഇന്ദ്രപ്രസ്ഥത്തിലെ തേരോട്ടത്തിന്റെ വിജയ ഗാഥകൾക്കുള്ളതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP