Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആശ്വാസ തീരത്തെത്തി മൽസ്യത്തൊഴിലാളികൾ; കേരളത്തിൽ നിന്നുള്ള 66 ബോട്ടുകൾ മഹാരാഷ്ട്ര തീരത്ത്; 952 മൽസ്യത്തൊഴിലാളികൾ സുരക്ഷിതരെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ട്വിറ്റ്; തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ടുബോട്ടുകളും മഹാരാഷ്ട്രയിൽ; കണ്ടെത്തേണ്ടവരുടെ കൃത്യമായ കണക്കില്ലാതെ കേരള സർക്കാർ; അവസാനത്തെ മൽസ്യത്തൊഴിലാളിയെയും കണ്ടെത്തും വരെ കൈയ് മെയ് മറന്ന് രക്ഷാപ്രവർത്തനം തുടരാൻ വ്യോമ-നാവികസേനകൾ

ആശ്വാസ തീരത്തെത്തി മൽസ്യത്തൊഴിലാളികൾ; കേരളത്തിൽ നിന്നുള്ള 66 ബോട്ടുകൾ മഹാരാഷ്ട്ര തീരത്ത്; 952 മൽസ്യത്തൊഴിലാളികൾ സുരക്ഷിതരെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ട്വിറ്റ്; തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ടുബോട്ടുകളും മഹാരാഷ്ട്രയിൽ; കണ്ടെത്തേണ്ടവരുടെ കൃത്യമായ കണക്കില്ലാതെ കേരള സർക്കാർ; അവസാനത്തെ മൽസ്യത്തൊഴിലാളിയെയും കണ്ടെത്തും വരെ കൈയ് മെയ് മറന്ന് രക്ഷാപ്രവർത്തനം തുടരാൻ വ്യോമ-നാവികസേനകൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള 66 ബോട്ടുകൾ മഹാരാഷ്ട്ര തീരത്തെന്ന് വിവരം. 952 പേർ ബോട്ടുകളിൽ ഉണ്ടെന്ന് മഹാരാഷ്ട്ര  മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ട്വീറ്റ് ചെയ്തു.2 ബോട്ടുകൾ തമിഴ്‌നാട്ടിൽ നിന്നുള്ളതാണ്. ദേവഗഡ് തുറമുഖത്ത് ഇവരെ സുരക്ഷിതരായി എത്തിച്ചിട്ടുണ്ട്. ഇവരെല്ലാം സുരക്ഷിതരാണെന്നും ഫഡ്നാവിസ് അറിയിച്ചു.

മത്സ്യത്തൊഴിലാളികളെ തിരികെ കേരളത്തിൽ എത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കൂടി വ്യക്തമാക്കി. കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനാണ് തിരച്ചിലിന് ഉത്തരവിട്ടത്.അതേസമയം കേരളതീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിൽ പെട്ട് കടലിൽ കുടുങ്ങിയ 37 പേരെ ശനിയാഴ്ച രക്ഷപ്പെടുത്തി. ഇന്നു മാത്രം മരിച്ചവരുടെ എണ്ണം ഏഴായി. കനത്ത മഴയെ തുടർന്നുണ്ടായ അപകടത്തിലും വെള്ളക്കെട്ടിൽ വീണവരും ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 13 ആയി. കടലിൽ കാണാതായവരിൽ 450 പേരെ ഇതുവരെ കണ്ടെത്തിയതായാണ് കണക്ക്. 126 പേരെ കണ്ടെത്താനുണ്ടെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.

അതേസമയം, കേരളത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തന്നെ പുരോഗമിക്കുകയാണ് കേരള തീരത്ത്. ഓഖി ചുഴലിക്കാറ്റിന്റെ വരവിന് മുൻപ് കേരള തീരത്ത് എത്ര മത്സ്യ തൊഴിലാളികൾ ഉൾക്കടലിലേക്ക് പോയിരുന്നുവെന്നതിന് കൃത്യമായ ഉത്തരം ലഭ്യമല്ല. എന്നാൽ കടലിൽ അകപ്പെട്ടിരിക്കുന്ന അവസാനത്തെ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നത് വരെ അഹോരാത്രം പ്രവർത്തിക്കാനും രക്ഷാപ്രവർത്തനം തുടരാനും തങ്ങൾ തയ്യാറാണെന്ന് രക്ഷാപ്രവർത്തനം നടത്തുന്ന ദൗത്യ സംഘം പറയുന്നു. ജാഗ്രതാ നിർദ്ദേശം നൽകാൻ വൈകിയെന്നും അപകടമുണ്ടായിട്ടും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചില്ലെന്നും പരാതികളുണ്ടായിരുന്നു.

126 മൽസ്യത്തൊഴിലാളികളെയാണ് ഇനി കണ്ടെത്താനുള്ളത്.കടലിൽ കുടുങ്ങിയതിൽ 417 പേരെ രക്ഷപ്പെടുത്താൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി.ഇന്നലെ രാവിലെയോടെയാണ് രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമായത്. വ്യോമ -നാവികസേനകളും അവരുടെ സംവിധാനങ്ങളും സംയുക്തമായി പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് രക്ഷാ പ്രവർത്തനം ഊർജിതമായി മുന്നോട്ട് പോകുന്നത്. വ്യോമസേനയുടെ എട്ട് വിമാനങ്ങളും നാലോളം ഹെലികോപ്റ്ററുകളും ഇന്നലെ മുതൽ ഉൾക്കടലിൽ തിരച്ചിൽ നടത്തിയിരുന്നു.നേവിയുടെയും എയർഫോഴ്സിന്റേയും സഹകരണത്തോടെ സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികളെയും വകുപ്പുകളേയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

കാണാതായ നിരവധി മൽസ്യബന്ധന ബോട്ടുകളെ കണ്ടെത്തിയതായി നാവികസേന അറിയിച്ചു. ഇവർക്കാവശ്യമായ റസ്‌ക്യൂ കിറ്റുകളും ആഹാരവും നൽകിയിട്ടുണ്ട്. മറ്റ് ബോട്ടുകൾ കണ്ടെത്തുന്നതിനും കണ്ടെത്തിയ തൊഴിലാളികളെ കരയിൽ എത്തിക്കുന്നതിനുമുള്ള ശ്രമം തുടരുകയാണ്. ഇതുവഴി കടന്നുപോകുന്ന മർച്ചന്റ് ഷിപ്പുകൾക്കും പ്രശ്നത്തിന്റെ രൂക്ഷത മനസ്സിലാക്കി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരിയായിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രക്ഷാപ്രവർത്തന ഏകീകരണവും രക്ഷപെട്ടവരുടെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളും കൺട്രോൾ റൂം വഴി നടക്കുന്നു.

നാവികസേനയുടെ ഷാർധൂ, നിരീക്ഷക്, കബ്രാ, കൽപേനി കപ്പലുകൾ സജീവമായി രംഗത്തുണ്ട്. ഇതുകൂടാതെ നേവിയുടെ ഏഴു കപ്പലുകളും രക്ഷാപ്രവർത്തനം നടത്തുന്നു. കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകളും ഹെലികോപ്ടറുകളും ഇവരുമായി ഏകോപിച്ച് പ്രവർത്തനം നടത്തുന്നു. ഇതുകൂടാതെ നാവികസേനയുടെ രണ്ട് ഹെലികോപ്ടറുകളും രണ്ട് വിമാനങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ചുഴലിക്കാറ്റ് കേരള തീരം വിടുംവരെ കപ്പലുകളും വിമാനവും ഹെലികോപ്ടറും സജീവമായി രക്ഷാപ്രവർത്തനം തുടരും. കേരളത്തിന്റെ തീരപ്രദേശങ്ങളുമായി ബന്ധപ്പെട്ടാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, അടിമലത്തുറ, പൂവാർ, പൊഴിയൂർ, പുതിയതുറ, തുമ്പ, കുളച്ചൽ, കൊല്ലം ജില്ലയിലെ പരവൂർ, തങ്കശ്ശേരി, നീണ്ടകര, മയ്യനാട്, എറണാകുളം ജില്ലയിലെ കൊച്ചി എന്നിവ കേന്ദ്രീകരിച്ച് തീവ്രരക്ഷാപ്രവർത്തനങ്ങൾ നടക്കുന്നു.

മറ്റ് ജില്ലകളിലെ തീരപ്രദേശങ്ങളെ കേന്ദ്രീകരിച്ച് ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ട നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.സതേൺ നേവൽ കമാൻഡിന്റെ റിയർ അഡ്‌മിറൽ ആർ.ജെ. നട്ക്കർണി, കമാൻഡോ ദീപക് കുമാർ, ക്യാപ്റ്റൻ സുദീപ് നായിക് എന്നിവരാണ് നേവിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കോസ്റ്റ് ഗാർഡിന്റെ പ്രവർത്തനങ്ങൾ കമാൻഡിന്റെ ബി.കെ. വർഗ്ഗീസാണ് നിയന്ത്രിക്കുന്നത്.

ഇന്നലെ രക്ഷാപ്വർത്തനത്തിനായി ഉപയോഗിച്ച അതേ സംവിധാനങ്ങൾ തന്നെ ഇന്നും ഉപയോഗിക്കുമെന്നും അവസാനത്തെ മത്സ്യത്തൊഴിലാളിയെ കണ്ടത്തുകയോ സർക്കാർ തിരച്ചിൽ അവസാനിപ്പിക്കാൻ പറയുന്നത് വരെയോ തങ്ങൾ തിരച്ചിൽ തുടരുമെന്ന് സതേൺ നേവൽ കമാൻഡിന്റെ റിയർ അഡ്‌മിറൽ ആർ.ജെ. നട്ക്കർണി മാധ്യമങ്ങളോട് പറഞ്ഞു

.

ഇന്നലത്തെ അപേക്ഷിച്ച് കടൽ ക്ഷോഭം കുറഞ്ഞിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ കാര്യമായി തന്നെ സഹായിക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളായിരുന്നു ഇന്നലെ ഉൾക്കടലിൽ പലപ്പോഴും മൂടൽമഞ്ഞ് രൂപപെട്ടിരുന്നു, ഇതും നിരീക്ഷണത്തിന് കാര്യമായ തിരിച്ചടിയായിരുന്നു.

ഇന്ന് കേരള- തമിഴ്‌നാട് തീരത്ത് നിന്നുള്ള നിരവധി മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിച്ചിരുന്നു. ഇവർക്ക് വേണ്ട ഭക്ഷണം വസ്ത്രം മരുന്ന് എന്നിവ എത്തിക്കുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. അതേ സമയം നാല് ദിവസം കഴിഞ്ഞിട്ടും തങ്ങളുടെ ഉറ്റവരെ തിരികെ കാണാത്തതിലുള്ള തീരദേശവാസികളുടെ പ്രക്ഷോഭവും ശക്തമാണ്.

തീരദേശ വാസികളെ സമൂഹത്തിന്റെ ഭാഗമായി കണ്ട് അവരുടെ ജീവനും വില കൽപ്പിക്കാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങളിൽ ഇടപെടാൻ വൈകുന്നതിന് പിന്നിൽ എന്ന് അവർ കുറ്റപെടുത്തുന്നു.

ലോകം മുഴുവൻ സാങ്കേതികവിദ്യയിൽ മുന്നേറുമ്പോഴും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയുടെ കാര്യങ്ങളിൽ ഇതൊന്നും ബാധകമല്ല. കൃത്യമായ സുരക്ഷാ സംവിധാനങ്ങളും അത്യാധുനിക സംവിധാനങ്ങളുമാണ് ജീവൻ പണയം വെച്ച് ഉൾക്കടലിൽ പോകുന്നവന് നൽകേണ്ടത്. പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തനം തൃപ്തികരമല്ലെന്ന് ആരോപിച്ച് റോഡ് ഉപരോധിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.

സ്ഥിതി നിന്ത്രണവിധേമാണെങ്കിലും കടലിൽ നിന്നും ഇനിയും നിരവധി പേർ എത്താനുള്ളതിനാൽ എന്ത് സംഭവിക്കുമെന്ന് പറയാനാകാത്ത അവസ്ഥയുമുണ്ട്.മൂന്ന് ദിവസത്തിന് ശേഷം ഇന്ന് മഴയും കാറ്റും മാറിനൽക്കുകയാണെങ്കിലും കടൽ ഇപ്പോഴും പ്രക്ഷുബ്ധമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP