Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാൻസറിനോട് പോരാടി ലീനാകുമാരി നേടിയത് ഒന്നാം റാങ്കിന്റെ തിളക്കം; പേട്ട ഗവൺമെന്റ് വൊക്കേഷണൽ സ്‌കൂളിലെ ടീച്ചർ പാർട് ടൈമായി പഠിച്ച് എൽഎൽബിക്ക് റാങ്ക് നേടിയത് ഇടയ്‌ക്കെത്തിയ രോഗത്തെ ധീരതയോട് കീഴടക്കി; ലോ അക്കാദമിക്കും അഭിമാനതിളക്കം

കാൻസറിനോട് പോരാടി ലീനാകുമാരി നേടിയത് ഒന്നാം റാങ്കിന്റെ തിളക്കം; പേട്ട ഗവൺമെന്റ് വൊക്കേഷണൽ സ്‌കൂളിലെ ടീച്ചർ പാർട് ടൈമായി പഠിച്ച് എൽഎൽബിക്ക് റാങ്ക് നേടിയത് ഇടയ്‌ക്കെത്തിയ രോഗത്തെ ധീരതയോട് കീഴടക്കി; ലോ അക്കാദമിക്കും അഭിമാനതിളക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാൻസറൊക്കെ എന്തെന്നാണ് ലീനാകുമാരിയുടെ ചേദ്യം. ലീനകുമാരിക്ക് എൽഎൽബി പഠിക്കാനും ഒന്നാം റാങ്ക് നേടാനും കാൻസർ ഒന്നും ഒരു തടസമായിരുന്നില്ല. വ്യാഴാഴ്ച വൈകുന്നേരത്തോടെ കേരള യൂണിവേഴ്‌സിറ്റി ത്രിവൽസര പരീക്ഷയുടെ റിസൽട്ട്് പ്രഖ്യാപിച്ചപ്പോളാണ് ലീനാകുമാരിയെ തേടി ഒന്നാം റാങ്കിന്റെ സന്തോഷം എത്തിയത്. തിരുവനന്തപുരം ലോ അക്കാദമിയിലെ ത്രിവൽസര എൽഎൽബി കോഴ്‌സിന് പഠിക്കാൻ ചേർന്ന ശേഷമാണ് ലീന കാൻസർ ബാധിതയാണെന്ന വിവരം മനസിലായത്. എന്നാൽ രോഗത്തെ ഭയന്ന് ഓടിയൊളിക്കാതെ ധീരതയുടെ മുന്നേറിയതിന്റെ വിജയം കൂടിയാണ് ഈ ഒന്നാം റാങ്ക്.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കേരള യൂണിവേഴ്‌സിറ്റിയുടെ ത്രിവൽസര എൽഎൽബി പരീക്ഷയുടെ റിസൽട്ട് പ്രഖ്യാപിച്ചത്. റെഗുലർ ബാച്ചും ഈവനിങ് ബാച്ചിൽ നിന്നുമായി ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ഈത്തവണ എൽഎൽബി പരീക്ഷ എഴുതിയത്. ഇവരെയെല്ലാം പിന്തള്ളിയാണ് കാൻസർ രോഗത്തിന്റെയും ചികിത്സയുടെയും ഇടയിൽ
ലീനാ കുമാരി ഒന്നാം സ്ഥാനത്തെത്തിയത്.  മൂന്ന് വർഷമായി നടത്തുന്ന ഡിഗ്രി കോഴ്‌സിൽ ആറ് സെമസ്റ്ററുകളിലായി നടന്ന പരീക്ഷകളിലെ മുഴുവൻ വിഷയങ്ങളുടെയും മാർക്ക് പരിഗണിച്ചാണ് ലീനാ കുമാരി ഒന്നാം റാങ്കിന് അർഹയായത്.

2014-17 ബാച്ചിലെ ഈവനിങ് ബാച്ചിലെ കോഴ്‌സിനായാണ് ലീനാ കുമാരി ലോ അക്കാദമിയിൽ ചേർന്നത്. മൂന്നാം വർഷത്തിന്റെ തുടക്കത്തിൽ തന്നെ രോഗ ലക്ഷണങ്ങൾ വന്നു തുടങ്ങി. തുടർന്ന് നടന്ന പരിശോധനയിൽ ബ്രസ്റ്റ് കാൻസർ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ രണ്ട് വർഷം നാല് സെമസ്റ്ററുകളിൽ മികച്ച മാർക്ക് നേടിയ ലീനാ കുമാരിക്ക് രോഗത്തിന്റെ പേരിൽ മൂന്നാം വർഷം തോറ്റ് കൊടുക്കാൻ തയ്യാറായിരുന്നില്ല. വാശിയോടെ തന്നെ പഠിച്ചു. കീമോ ചികിത്സയുടെ വേദനക്കിടയിലും സെമിനാർ റിപ്പോർട്ടുകളും, അസൈന്മെന്റും കൃത്യമായി തന്നെ ചെയ്തു നൽകി.

എംഎസ്‌സി സൂവോളജിയും ബിഎഡ് നാച്ചുറൽ സയൻസും പൂർത്തിയാക്കിയ ലീന പിഎസ്‌സി യുടെ സംസ്ഥാനതല പരീക്ഷയിൽ ഏഴാം റാങ്ക് നേടിയാണ് അദ്ധ്യാപന ജോലിയിലേക്ക് പ്രവേശിച്ചത്. ആദ്യ ആറ് വർഷം പത്തനംതിട്ട കലഞ്ഞൂർ സ്‌കൂളിലും അത് കഴിഞ്ഞുള്ള നാല് വർഷം തിരുവനന്തപുരം വലിയതുറ സ്‌കൂളിലും അദ്ധ്യാപികയായി ജോലി ചെയ്തു. ഇപ്പോൾ തിരുവനന്തപുരം പേട്ട ഗവൺമെന്റ് വൊക്കേഷണൽ സ്‌കൂളിലെ ബയോളജി അദ്ധ്യാപികയായി ജോലി ചെയ്യുകയാണ്.

അദ്ധ്യാപനവൃത്തിയിൽ സന്തോഷത്തോടെ കുടംബ ജീവിതവുമായി മുന്നോട്ട് പോകുന്നതിനിടയിൽ ഭർത്താവ് ആത്മകുമാറാണ് എൽഎൽബി പഠിക്കാനെന്ന നിർദ്ദേശം നൽകിയത്. വലിയതുറ സ്‌കൂളിലെ ജോലിക്ക് ശേഷം കിട്ടുന്ന വൈകുന്നേരം എൽഎൽബി പഠനത്തിനായി മാറ്റി വെച്ചു. ഭർത്താവിന് വേണ്ടിയാണ് പഠിച്ച് തുടങ്ങിയതെങ്കിലും ക്ലാസ് പുരോഗമിക്കും തോറും എൽഎൽബി യിൽ കൂടുതൽ താൽപര്യവും പരീക്ഷയിൽ മികച്ച മാർക്കും നേടാൻ കഴിഞ്ഞു.

ഈ ആത്മവിശ്വാസമാണ് രോഗത്തിന്റെയും ചികിത്സയുടെയും ഇടയിലും പഠനം പൂർത്തീകരിക്കണമെന്ന വാശി ഉണ്ടാകാൻ കാരണമെന്നും ലീനാ കുമാരി പറഞ്ഞു. രോഗത്തിന്റെ ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആറ് മാസമായി അവധിയിലാണ്. ഭർത്താവിന് വേണ്ടിയാണ് എൽഎൽബി പഠിച്ചതെന്നും രോഗത്തിനിടയിലും പഠിക്കാനുള്ള പിന്തുണ നൽകിയ ഭർത്താവിനും കുടുംബത്തിനും ലോ അക്കാദമിയിലെ സുഹൃത്തുക്കൾക്കും നന്ദി പറയുന്നുവെന്നും ലീനാ കുമാരി മറുനാടനോട് പറഞ്ഞു.

രോഗാവസ്ഥ മൂർച്ഛിക്കുന്ന ഒരോ ഘട്ടത്തിലും ക്ലാസ് നിർത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. ആരോഗ്യം അനുദിനം മോശമായപ്പോഴും കൂടെ പഠിച്ച വിദ്യാർത്ഥികൾ നൽകിയ പിന്തുണയും രോഗത്തിൽ തളരാത്ത മനസുമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ലീന കുമാരി മറുനാടനോട് പറഞ്ഞു. എൽഎൽബി പരീക്ഷയിൽ ഉന്നത വിജയം നേടിയതോടെ എൽഎൽഎം പഠിക്കണമന്നതാണ് ലീനയുടെ ഇപ്പോഴത്തെ ആഗ്രഹം. ഇതിനായി ഇനിയും രണ്ട് വർഷത്തെ അവധി സർവ്വീസിൽ നിന്നും എടുക്കേണ്ടതുണ്ട്.  ഒന്നാം റാങ്കോട് കൂടി പഠനം പൂർത്തിയാക്കിയിട്ടും പ്രാക്ടീസ് ചെയ്യാൻ കഴിയാത്ത വിഷമം ലീനക്കുണ്ട്. സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവർക്ക് പഠിക്കാൻ അവസരമുണ്ടെങ്കിലും എന്റോൾ ചെയ്യാനോ പ്രാക്ടീസ് ചെയ്യാനോ നിയമം അനുവദിക്കുന്നില്ല എന്നതാണ് തടസത്തിന് കാരണം. എങ്കിലും പഠനവുമായി മുന്നോട്ട് പോകാൻ തന്നെയാണ് ലീനയുടെ തീരുമാനം.

തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ ആത്മകുമാറാണ് ലീനാ കുമാരിയുടെ ഭർത്താവ്. നമിത നായർ(8 ാം ക്ലാസ്) നന്ദകിഷോർ(2 ാം ക്ലാസ്) എന്നിവർ മക്കളാണ്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP