Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്‌കൃതവും വേദവും പഠിച്ച് കോൺഗ്രസിലൂടെ കമ്മ്യൂണിസ്റ്റായി; ആദ്യ നിയമസഭയിൽ കൊട്ടാരക്കരയുടെ പ്രതിനിധിയായെത്തി ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി; ഓണച്ചന്തയും മാവേലി സ്‌റ്റോറും നടപ്പാക്കി പാവങ്ങളുടെ അടുപ്പുകളിൽ സന്തോഷമെത്തിച്ച മന്ത്രി; നിക്ഷേപ സമാഹരണത്തിലൂടെ സഹകരണത്തെ കരുത്തുള്ളതാക്കിയ സഹകാരി; ചെറു പുഞ്ചിരിയുമായി രാഷ്ട്രീയത്തിൽ നിറഞ്ഞ സൗമ്യതയുടെ ആൾരൂപം; ഇ ചന്ദ്രശേഖരൻ നായർ തൊട്ടതെല്ലാം പൊന്നാക്കിയ വിപ്ലവകാരി

സംസ്‌കൃതവും വേദവും പഠിച്ച് കോൺഗ്രസിലൂടെ കമ്മ്യൂണിസ്റ്റായി; ആദ്യ നിയമസഭയിൽ കൊട്ടാരക്കരയുടെ പ്രതിനിധിയായെത്തി ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി; ഓണച്ചന്തയും മാവേലി സ്‌റ്റോറും നടപ്പാക്കി പാവങ്ങളുടെ അടുപ്പുകളിൽ സന്തോഷമെത്തിച്ച മന്ത്രി; നിക്ഷേപ സമാഹരണത്തിലൂടെ സഹകരണത്തെ കരുത്തുള്ളതാക്കിയ സഹകാരി; ചെറു പുഞ്ചിരിയുമായി രാഷ്ട്രീയത്തിൽ നിറഞ്ഞ സൗമ്യതയുടെ ആൾരൂപം; ഇ ചന്ദ്രശേഖരൻ നായർ തൊട്ടതെല്ലാം പൊന്നാക്കിയ വിപ്ലവകാരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടയിലഴികത്ത്, ഈശ്വരപിള്ള ചന്ദ്രശേഖരൻ നായർ എന്ന ഇ ചന്ദ്രശേഖരൻ നായരുടെ മുഖത്ത് എപ്പോഴും ചെറു പുഞ്ചിരി ഒളിച്ചിരിക്കും. ആരോടും സൗമ്യത വിട്ട് ഇടപെടുകയുമില്ല... പക്ഷേ നിലപാടുകളിൽ വ്യതിയാനത്തിന് ആരു പറഞ്ഞാലും നിന്നു കൊടുക്കുകയുമില്ല. അഴിമതിയും സ്വജനപക്ഷപാതവും തൊട്ടു തീണ്ടാത്ത നേതാവ്. എല്ലാ വിഷയത്തെ കുറിച്ചും ഗഹനമായ അറിവുള്ള ചുരുക്കം ചിലരിൽ ഒരാൾ. രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റായി മാത്രം എന്നും ജീവിച്ച പൊതുജീവിതത്തിലെ വ്യക്തിനൈർമല്യത്തിന്റെ മകുടോദാഹരണമായിരുന്നു ഇ ചന്ദ്രശേഖരൻനായർ. ചിരിപോലെതന്നെ തിളക്കമാർന്ന വ്യക്തിത്വം.

വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും കാത്തുസൂക്ഷിച്ചിരുന്ന മിതത്വവും എളിമയും, ഏറ്റെടുക്കുന്ന ജോലിയോടുള്ള ആത്മാർഥതയും അത് അന്യാദൃശമായ വൈഭവത്തോടെ പൂർത്തീകരിക്കാനുള്ള കഴിവും ചന്ദ്രശേഖരൻ നായരെ തൊട്ടതെല്ലാം പൊന്നാക്കിയ രാഷ്ട്രീയ പ്രതിഭാശാലിയാക്കി. അധികാരത്തിന് പിറകെ അദ്ദേഹം ഒരിക്കലും നടന്നിട്ടില്ല. വിദ്യാർത്ഥി കോൺഗ്രസിലൂടെ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിലും തുടർന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിലെത്തിയ സഖാവ് ചന്ദ്രശേഖരൻ നായർ, ആറര പതിറ്റാണ്ടായി കേരള രാഷ്ട്രീയത്തിലെ സുതാര്യ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. സംസ്‌കൃത പഠനത്തിന് ശേഷം തന്റെ വഴി പൊതു പ്രവർത്തനമാണെന്ന് തിരിച്ചറിഞ്ഞ നേതാവ്. വീട്ടിലെ സുഖ സൗകര്യങ്ങളെല്ലാം വേണ്ടെന്ന് വച്ചാണ് കമ്മ്യൂണിസ്റ്റാകാൻ ഭയപ്പാടൊന്നുമില്ലാതെ ഈ യുവാവ് നടന്നെത്തിയത്. ഈ രാഷ്ട്രീയ ജീവിതത്തിനാണ് ഇന്ന് അവസാനമാകുന്നത്. മരിക്കും വരെ ആദർശങ്ങളിൽ വെള്ളം ചേർക്കാൻ ചന്ദ്രശേഖരൻ നായർ തയ്യറായിരുന്നില്ല.

1980ൽ ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന കാലത്താണ് ഓണച്ചന്ത ഫലപ്രദമായി തുടങ്ങിയത്. ഓണച്ചന്തകളുടെ ഫലപ്രാപ്തിയും വിജയവുമാണു മാവേലി സ്റ്റോറുകൾ തുടങ്ങാൻ ആത്മവിശ്വാസം നൽകിയത്. ആദ്യം ജില്ലാ ആസ്ഥാനങ്ങളിൽ പിന്നെ താലൂക്കുകളിൽ മാവേലി സ്റ്റോറുകൾ ആരംഭിച്ചു. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ ഇവയ്ക്കുള്ള പങ്ക് നിസ്തുലമാണ്. വിനോദസഞ്ചാരവകുപ്പ് കൈകാര്യം ചെയ്തപ്പോഴും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഒട്ടേറെ നിയമസഭാ സമിതികളിലും സഹകരണ പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട ദേശീയ - സംസ്ഥാന സമിതികളിലും അധ്യക്ഷനോ അംഗമോ ആയി പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ കോഓപറേറ്റീവ് യൂണിയൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷൻ പ്രസിഡന്റ്, റിസർവ് ബാങ്കിന്റെ ക്രെഡിറ്റ് ബോർഡ് അംഗം, ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. സംസ്‌കൃതത്തിലും ഭാരതീയദർശനങ്ങളിലും വേദങ്ങളിലും അവഗാഹമുണ്ടായിരുന്നു. ഭാരതീയ ദർശനങ്ങളെ അടിസ്ഥാനപ്പെടുത്തി ഹിന്ദുമതം ഹിന്ദുത്വം എന്ന പുസ്തകം രചിച്ചു. 'മറക്കാത്ത ഓർമകൾ' എന്ന പേരിൽ ഓർമക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.

1928 ഡിസംബർ രണ്ടിനാണ് ചന്ദ്‌റശേഖരന്റെ ജനനം. പിതാവ് കൊല്ലം, എഴുകോൺ, ഇടയിലഴികത്ത് ഈശ്വരപിള്ള എന്ന ഈശ്വരപിള്ള വക്കീൽ, ശ്രീമൂലം അസംബ്ലിയിലും ശ്രീചിത്രാ സ്റ്റേറ്റ് അസംബ്ലിയിലും തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്നു. തിരുവിതാംകൂറിലെ പ്രമുഖ അഭിഭാഷകനായിരുന്നു അദ്ദേഹം. കൊല്ലം, ഇരുമ്പനങ്ങാട്, മുട്ടത്തുവയലിൽ മീനാക്ഷിയമ്മയാണ് മാതാവ്. കൊട്ടാരക്കര സർക്കാർ പ്രൈമറി സ്‌കൂൾ, സർക്കാർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. കൊട്ടാരക്കര തൃക്കണ്ണമംഗൽ സംസ്‌കൃത ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ ഗോദവർമ തിരുമുൽപ്പാടിന്റെ കീഴിലായിരുന്നു സംസ്‌കൃത പഠനം. ഇഎസ്എൽസിക്ക് ശേഷം ചങ്ങനാശേരി എസ്ബി കോളജിലായിരുന്നു ഇന്റർമീഡിയറ്റ് പഠനം. തുടർന്ന് അണ്ണാമല സർവകലാശാലയിൽ നിന്നും ഗണിതശാസ്ത്രത്തിലും എറണാകുളം ഗവൺമെന്റ് ലോ കോളജിൽ നിന്നും നിയമത്തിലും ബിരുദം നേടി. ബിരുദപഠനത്തിനും നിയമപഠനത്തിനും ഇടയ്ക്ക് ചെറിയൊരു കാലം പിതാവ് സ്ഥാപിച്ച ഹൈസ്‌കൂളിൽ ഹെഡ്‌മാസ്റ്ററായും ഗണിതാധ്യാപകനായും സേവനമനുഷ്ഠിച്ചു. നിയമപഠനത്തിന് ശേഷവും അദ്ധ്യാപകവൃത്തി തുടർന്നിരുന്നു.

ഇതിനിടെയാണ് രാഷ്ട്രീയവവും കമ്മ്യൂണിസവും ചന്ദ്രശേഖരൻ നായരെ സ്വാധീനിച്ചത്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ, തൊള്ളായിരത്തി അൻപത്തിരണ്ടിൽ അംഗമായ സഖാവ് ചന്ദ്രശേഖരൻ നായർ, പാർട്ടി കൊട്ടാരക്കര ടൗൺ സെൽ സെക്രട്ടറി, ലോക്കൽ കമ്മിറ്റി സെക്രട്ടറി, താലൂക്ക് സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, ദേശീയ കൺട്രോൾ കമ്മിഷൻ അംഗം, സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. തൊള്ളായിരത്തി അൻപത്തിയേഴിലും അറുപത്തിയേഴിലും കൊട്ടാരക്കരയിൽ നിന്നും എഴുപത്തിയേഴിലും എൺപതിലും ചടയമംഗലത്തുനിന്നും എൺപത്തിയേഴിൽ പത്തനാപുരത്തുനിന്നും തൊണ്ണൂറ്റിആറിൽ കരുനാഗപള്ളിയിൽ നിന്നുമടക്കം പത്തൊൻപത് വർഷം കേരള നിയമസഭയിൽ അംഗമായിരുന്നു. മുഖ്യമന്ത്രി സി അച്യുതമേനോന് നിയമസഭാംഗമാകുന്നതിന് തൊള്ളായിരത്തി എഴുപതിൽ കൊട്ടാരക്കരയിൽ നിന്നുള്ള നിയമസഭാംഗത്വം രാജിവച്ചു.

1980-81ൽ ഭക്ഷ്യപൊതുവിതരണ ഭവന നിർമ്മാണ വകുപ്പു മന്ത്രിയായി. 1987-91ൽ ഭക്ഷ്യപൊതുവിതരണംമൃഗസംരക്ഷണംക്ഷീരവികസന വകുപ്പുകളുടെ മന്ത്രിയായി. 1996-2001ൽ ഭക്ഷ്യ പൊതുവിതരണം ഉപഭോക്തൃകാര്യം വിനോദസഞ്ചാര വികസനം നിയമം മൃഗസംരക്ഷണം ക്ഷീരവികസനം ക്ഷീരവികസന സഹകരണസംഘങ്ങൾ എന്നീ വകുപ്പുകളുടെയും മന്ത്രിയായിരുന്നു. നാല് പതിറ്റാണ്ടോളം കാലം സഹകരണമേഖലയിൽ പ്രവർത്തിച്ച ഇ ചന്ദ്രശേഖരൻ നായർ സഹകരണ ബാങ്കിങ് രംഗത്തെ കുലപതിയാണ്. കേരളത്തിൽ ഇന്ന് കാണുന്ന സഹകരണ ബാങ്കിങ് മേഖലയുടെ ശ്രദ്ധേയമായ പല നേട്ടങ്ങൾക്കും നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. സംസ്ഥാനത്ത് സഹകരണ നിക്ഷേപസമാഹരണത്തിന് 1976ൽ തുടക്കം കുറിച്ചത് ഇ ചന്ദ്രശേഖരൻ നായർ, സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നപ്പോഴാണ്.

സംസ്ഥാനത്തിന്റെ ഗ്രാമീണ വികസനത്തിൽ അതിപ്രധാനമായ പങ്ക് വഹിക്കുന്ന ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കുകൾ ഇ ചന്ദ്രശേഖരൻ നായരുടെ സംഭാവനയാണ്. അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് ചന്ദ്രശേഖരൻ നായർ ചെയർമാനായി നിയോഗിച്ച സമിതിയുടെ ശുപാർശ അനുസരിച്ചാണ് ഇത് ഉണ്ടായത്. സംസ്ഥാനത്തിന്റെ കാർഷികോൽപ്പാദന വർധനവ് ലക്ഷ്യമിട്ടാണ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കുകൾക്ക് രൂപം നൽകിയത്. ചന്ദ്രശേഖരൻ നായർ നാഷണൽ കോഓപ്പറേറ്റീവ് യൂണിയന്റെ വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് തിരുവനന്തപുരത്തെ കോഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

മികച്ച പാർലമെന്റേറിയനുള്ള ആർ ശങ്കരനാരായണൻ തമ്പി സ്മാരകപുരസ്‌കാരം അടക്കം നിരവധി അവാർഡുകളും അംഗീകാരങ്ങളും സഖാവ് ഇ ചന്ദ്രശേഖരൻ നായരെ തേടിയെത്തി. കേരള നിയമസഭയുടെ 60ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചന്ദ്രശേഖരൻ നായരെ ആദരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP