Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മെഡിക്കൽ കോഴക്കേസിൽ സുപ്രീം കോടതിയിലെ ജഡ്ജിമാർ തമ്മിൽ പോര് മുറുകുന്നു; ചീഫ് ജസ്റ്റിസിന്റെ മുൻപാകെ മാത്രമേ ഇനി പുതിയ ഹർജികൾ പരാമർശിക്കാൻ പാടുള്ളൂവെന്ന് സർക്കുലർ; ആരോപണം വിധേയനായ ചീഫ് ജസ്റ്റിസ് കേസിൽ ഇടപെടുന്നത് ഉചിതമല്ലെന്ന് മുതിർന്ന ജഡ്ജിമാരും: സുപ്രീം കോടതിയിൽ ചേരിപ്പോര് ശക്തമായി

മെഡിക്കൽ കോഴക്കേസിൽ സുപ്രീം കോടതിയിലെ ജഡ്ജിമാർ തമ്മിൽ പോര് മുറുകുന്നു; ചീഫ് ജസ്റ്റിസിന്റെ മുൻപാകെ മാത്രമേ ഇനി പുതിയ ഹർജികൾ പരാമർശിക്കാൻ പാടുള്ളൂവെന്ന് സർക്കുലർ; ആരോപണം വിധേയനായ ചീഫ് ജസ്റ്റിസ് കേസിൽ ഇടപെടുന്നത് ഉചിതമല്ലെന്ന് മുതിർന്ന ജഡ്ജിമാരും: സുപ്രീം കോടതിയിൽ ചേരിപ്പോര് ശക്തമായി

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പരോക്ഷ ആരോപണമുള്ള മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിലെ ചില ജഡ്ജിമാർ തമ്മിൽ പോര് മുറുകുന്നു. മെഡിക്കൽ കോഴയിലെ ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് തന്നെ കേസ് പരിഗണിക്കാൻ ഒരുങ്ങുന്നതാണ് വിഷയങ്ങൽ സങ്കീർണ്ണമാക്കുന്നത്. കോഴക്കേസ് സിബിഐയല്ല, മുൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കാമിനി ജയ്സ്വാൾ നൽകിയ ഹർജി മൂന്നംഗ ബെഞ്ച് പരിഗണിച്ചാൽ മതിയെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തീരുമാനിച്ചു.

ചീഫ് ജസ്റ്റിസിന്റെ മുൻപാകെ മാത്രമേ ഇനി പുതിയ ഹർജികൾ പരാമർശിക്കാൻ പാടുള്ളൂ എന്നു സുപ്രീം കോടതി രജിസ്റ്റ്രി ഇന്നലെ സർക്കുലർ പുറത്തിറക്കി. അതേസമയം ആരോപണം നേരിടുമ്പോൾ ചീഫ് ജസ്റ്റിസ് മെഡിക്കൽ കോഴക്കേസിൽ ഇടപെടുന്നത് ഉചിതമല്ലെന്നു മുതിർന്ന ജഡ്ജിമാരിൽ പലരും നിലപാട് സ്വീകരിച്ചതായും സൂചനയുണ്ട്.

കാമിനി ജയ്സ്വാളിന്റെ ഹർജി ഏറ്റവും മുതിർന്ന ജഡ്ജിമാരുൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാളെ പരിഗണിക്കണമെന്നാണു ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, എസ്.അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ച് കഴിഞ്ഞ ഒൻപതിന് ഉത്തരവിട്ടത്. എന്നാൽ, ഈ നടപടി തെറ്റാണെന്നും കേസുകൾ ഏതു ബെഞ്ച് പരിഗണിക്കണമെന്നു തീരുമാനിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്നും ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കഴിഞ്ഞദിവസം വ്യക്തമാക്കി. ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസിനു ബാധകമല്ലെന്നും ഇവർ വ്യക്തമാക്കി. അതിനു പിന്നാലെയാണു ജഡ്ജിമാരായ ആർ.കെ.അഗർവാൾ, അരുൺ മിശ്ര, എ.എം.ഖാൻവിൽക്കർ എന്നിവരുടെ ബെഞ്ച് കാമിനിയുടെ ഹർജി പരിഗണിക്കണമെന്നു ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.

കാമിനിയുടെ ഹർജി ആദ്യം പരാമർശിച്ചതു ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിലാണ്. ചീഫ് ജസ്റ്റിസ് ഡൽഹി സർക്കാരിന്റെ അധികാരം സംബന്ധിച്ച കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലായിരുന്നതിനാലാണു രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിൽ കാമിനിയുടെ ഹർജി പരാമർശിച്ചത്. ഇതേത്തുടർന്നുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഇനി മുതൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ മാത്രമേ പുതിയ ഹർജികൾ പരാമർശിക്കാൻ പാടുള്ളൂ എന്ന സർക്കുലർ.

പുതിയ ബഞ്ചിലെ ജഡ്ജിമാർ സീനിയോറിറ്റിയിൽ താഴെ

ചീഫ് ജസ്റ്റിസിന്റെ അധികാരം അടിവരയിട്ടു പറഞ്ഞതും ജസ്റ്റിസ് ചെലമേശ്വറിന്റെ ഉത്തരവു റദ്ദാക്കിയതുമായ ബെഞ്ചിൽ ഉൾപ്പെട്ടവരാണു ജഡ്ജിമാരായ ആർ.കെ. അഗർവാളും അരുൺ മിശ്രയും എ.എം. ഖാൻവിൽക്കറും. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയിൽ താരതമ്യേന താഴെയുള്ളവരാണ് ഇവർ. സീനിയോറിറ്റി പട്ടികയിൽ എട്ടാമനാണു ജസ്റ്റിസ് അഗർവാൾ, പത്താമനാണു ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ഖാൻവിൽക്കർ പതിനെട്ടാമനാണ്.

ചീഫ് ജസ്റ്റിസും ജസ്റ്റിസ് ചെലമേശ്വറും നേർക്കുനേർ ഏറ്റുമുട്ടുന്നുവെന്നു ചിത്രീകരിക്കപ്പെടുന്ന പ്രശ്നത്തോടു പരമാവധി അകലം പാലിക്കാനാണു മുതിർന്ന ജഡ്ജിമാർ പലരും താൽപര്യപ്പെടുന്നതെന്നു കോടതി വൃത്തങ്ങൾ പറഞ്ഞു. മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിൽ ഉൾപ്പെടുന്നതിനോടു മുതിർന്ന ജഡ്ജിമാരിൽ പലരും വിമുഖത പ്രകടിപ്പിച്ചെന്നും സൂചനയുണ്ട്.

സുതാര്യത മുഖമുദ്രയാക്കിയ ജസ്റ്റിസ് ചെലമേശ്വർ

ജഡ്ജിമാരെ നിയമിക്കുന്നതിൽ ഉൾപ്പെടെ, ജുഡീഷ്യറിയുടെ പ്രവർത്തനത്തിൽ പരമാവധി സുതാര്യത വേണമെന്നു പരസ്യമായി നിലപാടെടുത്തിട്ടുള്ള ന്യായാധിപനാണു കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജസ്തി ചെലമേശ്വർ. ജഡ്ജിമാരെ നിയമിക്കാൻ കൊളീജിയം സംവിധാനം മാത്രമാണു മികച്ചതെന്ന നിലപാടു ശരിയല്ലെന്നും കൊളീജിയത്തിന്റെ നടപടി സുതാര്യമല്ലെന്നും ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ കേസിൽ ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കിയിരുന്നു. കൊളീജിയത്തിലെ രണ്ടു ജഡ്ജിമാരുടെ തീരുമാനം മറ്റുള്ളവരുടെ മേൽ അടിച്ചേൽപിക്കുന്ന രീതിയാണുള്ളതെന്ന് അദ്ദേഹം പിന്നീടു മാധ്യമ അഭിമുഖത്തിലൂടെ ആരോപിച്ചു. ഇടയ്ക്കു കൊളീജിയത്തിന്റെ യോഗത്തിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തു.

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ചെലമേശ്വറും 2011 ഒക്ടോബർ 10ന് ആണു സുപ്രീം കോടതി ജഡ്ജിമാരായത്. ചീഫ് ജസ്റ്റിസ് മിശ്ര അടുത്ത വർഷം ഒക്ടോബർ രണ്ടിനും ജസ്റ്റിസ് ചെലമേശ്വർ അടുത്ത ജൂൺ 22നും വിരമിക്കും. സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനു 2011 സെപ്റ്റംബറിൽ, അഞ്ചുപേരെ രണ്ടു ഗഡുക്കളായാണു ശുപാർശ ചെയ്തത്. ഇതിൽ ജസ്റ്റിസ് ചെലമേശ്വർ രണ്ടാമത്തെ ഗഡുവിലാണ് ഉൾപ്പെട്ടത്. ആദ്യത്തേതിൽ ഉൾപ്പെടുത്തിയാൽ അദ്ദേഹം ചീഫ് ജസ്റ്റിസാകുമെന്നും അത് ഒഴിവാക്കാനാണു ശുപാർശ രണ്ടു ഗഡുക്കളാക്കിയതെന്നും ആരോപണമുണ്ടായിരുന്നു.

വിവാദമായ മെഡിക്കൽ കോഴ കേസിന്റെ നാൾവഴികൾ ഇങ്ങനെ:

  • 2015 ഡിസംബർ: മെഡിക്കൽ കോഴക്കേസിൽ ഉൾപ്പെട്ട ലക്നൗവിലെ പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അനുമതിക്ക് അപേക്ഷിക്കുന്നു.
    2016 ജൂൺ: മെഡിക്കൽ കൗൺസിലിന്റെ ശുപാർശ അംഗീകരിച്ചു ജൂണിൽ കോളജിന് അനുമതി നിഷേധിച്ചു.
    2016 ജൂലൈ: കോളജിന് അനുമതി നൽകാൻ മുൻ ചീഫ് ജസ്റ്റിസ് ആർ.എം.ലോധ അധ്യക്ഷനായ സമിതിയുടെ നിർദ്ദേശം. കേന്ദ്ര സർക്കാർ അനുമതി നൽകി. കോളജ് പ്രവർത്തന യോഗ്യമല്ലെന്നു മെഡിക്കൽ കൗൺസിൽ വീണ്ടും. കോളജ് 201718ലും 201819ലും പ്രവർത്തിക്കാൻ പാടില്ലെന്നു സർക്കാർ. കോളജ് നൽകിയ ബാങ്ക് ഗ്യാരന്റി തിരികെ നൽകാനും നിർദ്ദേശം. തീരുമാനത്തിനെതിരെ പ്രസാദ് എജ്യൂക്കേഷൻ ട്രസ്റ്റ് അലഹാബാദ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കുന്നു.
    2017 സെപ്റ്റംബർ 18: സുപ്രീം കോടതിയിലെ റിട്ട് ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുൻപാകെ. ഉത്തരവിങ്ങനെ: 201718ൽ വിദ്യാർത്ഥി പ്രവേശനം പാടില്ല. ബാങ്ക് ഗ്യാരന്റി ഇപ്പോൾ തിരികെ നൽകരുത്. അടുത്ത വർഷത്തേക്കായി മെഡിക്കൽ കൗൺസിൽ കോളജിൽ പരിശോധന നടത്തണം.
    സെപ്റ്റംബർ 19: കോളജിനനുകൂലമായ കോടതിയുത്തരവു നേടാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചു സിബിഐ കേസെടുത്തു. ഒഡീഷ ഹൈക്കോടതിയിലെ മുൻ ജഡ്ജി ഐ.എം.ഖുദുസി, ഭാവന പാണ്ഡെ, ട്രസ്റ്റിന്റെ ഉദ്യോഗസ്ഥരായ ബി.പി.യാദവ്, പലാഷ് യാദവ്, മീററ്റിലെ വെങ്കിടേശ്വര കോളജിൽ പ്രവർത്തിക്കുന്ന സുധീർ ഗിരി, ഒഡീഷയിൽ നിന്നുള്ള ഇടനിലക്കാരൻ ബിശ്വനാഥ് അഗർവാല എന്നിവർ അറസ്റ്റിൽ. വലിയ തുക നൽകിയാൽ സുപ്രീം കോടതിയിൽനിന്ന് അനുകൂല ഉത്തരവു നേടിക്കൊടുക്കാമെന്നു ബിശ്വനാഥ് ഉറപ്പുനൽകിയെന്നു സിബിഐയുടെ പ്രാഥമിക കണ്ടെത്തൽ.

നവംബർ എട്ട്: സിജെഎആറിന്റെ ഹർജി ജസ്റ്റിസ് ജെ.ചെലമേശ്വർ അധ്യക്ഷനായ ബെഞ്ച് മുൻപാകെ പരാമർശിച്ചു. (കേസ് വേഗത്തിൽ പരിഗണിക്കുന്നതിനാണു രജിസ്റ്റ്രിയിൽ തയാറാക്കുന്ന പട്ടികയിൽ വരുന്നതിനു മുൻപുതന്നെ ഹർജി പരാമർശിക്കുന്നത്. ചീഫ് ജസ്റ്റിസ് മുൻപാകെ പരിഗണിക്കുകയെന്നതാണു കീഴ്‌വഴക്കം. ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ചിലും മറ്റുമായി തിരക്കിലാണെങ്കിൽ അടുത്ത മുതിർന്ന ജഡ്ജിയുടെ കോടതിയിൽ പരാമർശിക്കണം. കേസിന്റെ ഗൗരവം പരിശോധിച്ച്, എപ്പോൾ കേസ് പരിഗണിക്കാമെന്നു കോടതി അപ്പോൾ വ്യക്തമാക്കും).

സുപ്രീം കോടതിയിൽ നിലവിൽ രണ്ടാമനാണു ജസ്റ്റിസ് ചെലമേശ്വർ. പ്രസാദ് എജ്യൂക്കേഷൻ ട്രസ്റ്റിന്റെ ഹർജിയിൽ ഉത്തരവു നൽകിയതു ചീഫ് ജസ്റ്റിസാണ് എന്നതും അദ്ദേഹത്തിന്റെ ബെഞ്ച് മുൻപാകെ കേസ് പരാമർശിക്കാത്തതിനു കാരണമായി.

ഉചിതമായ ബെഞ്ചിൽ ഈ മാസം 10നു കേസ് പരിഗണിക്കുമെന്നു ജസ്റ്റിസ് ചെലമേശ്വർ. എന്നാൽ, അന്ന് ഉച്ചതിരിഞ്ഞു സിജെഎആർ അഭിഭാഷകൻ പ്രശാന്ത് ഭൂഷണു സുപ്രീം കോടതിയുടെ രജിസ്റ്റ്രിയിൽ നിന്നു ഫോൺ സന്ദേശം: കേസ് ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിലല്ല, മറ്റൊരു ബെഞ്ചിൽ 10നു പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിച്ചിട്ടുണ്ട്.

നവംബർ ഒൻപത്, രാവിലെ 10.30: മുതിർന്ന അഭിഭാഷക കാമിനി ജയ്സ്വാളിന്റെ ഹർജി ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിൽ പരാമർശിച്ചു. സിജെഎആറിന്റെ ഹർജിയിലെ അതേ ആവശ്യങ്ങളാണു കാമിനിയുടെ ഹർജിയിലും. ജുഡീഷ്യറിയിലെ ഉന്നതർക്കെതിരെയും ആരോപണമുണ്ടെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെടാത്ത ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കാൻ നിർദേശിക്കണമെന്നും ഹർജിക്കാരിക്കുവേണ്ടി ദുഷ്യന്ത് ദവെ വാദിച്ചു. ഹർജി 12.45നു പരിഗണിക്കാമെന്നു ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കി.

ഉച്ചയ്ക്കു 12.45: ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് എസ്.അബ്ദുൽ നസീറുമുൾപ്പെട്ട ബെഞ്ച് കാമിനിയുടെ ഹർജി വീണ്ടും പരിഗണിച്ചു. ഏറ്റവും മുതിർന്ന അഞ്ചു ജഡ്ജിമാരുൾപ്പെട്ട ബെഞ്ച് 13നു കേസ് പരിഗണിക്കണമെന്ന് ഉത്തരവിട്ടു.

നവംബർ 10, ഒരു മണി: സിജെഎആറിന്റെ ഹർജി ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് പരിഗണിച്ചു. ഒരു ഹർജി നിലവിലുള്ളപ്പോൾ, കാമിനി മറ്റൊരു ഹർജി നൽകിയതിൽ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുള്ള വിഷയത്തിൽ മറ്റൊരു ബെഞ്ചിലേക്കു കേസ് മാറ്റാൻ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത് ഉചിതമായില്ലെന്നു പ്രശാന്ത് ഭൂഷന്റെ വാദം. കേസ് ഉചിതമായ ബെഞ്ച് പിന്നീടു പരിഗണിക്കുന്നതിനു ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിനായി വിടുകയാണെന്നു ജസ്റ്റിസ് സിക്രി വ്യക്തമാക്കി; സുപ്രീം കോടതി ബാർ അസോസിയേഷനെ കേസിൽ കക്ഷിചേരാൻ അനുവദിച്ചു.

ഉച്ചകഴിഞ്ഞു 2.42: സിജെഎആറിന്റെ ഹർജി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഏഴംഗ ബെഞ്ച് കേൾക്കുമെന്നു രജിസ്റ്റ്രിയുടെ അറിയിപ്പ്.

ഉച്ചകഴിഞ്ഞു 2.52: അഞ്ചംഗ ബെഞ്ച് കേൾക്കുമെന്നു മറ്റൊരു അറിയിപ്പ്.

ഉച്ചകഴിഞ്ഞു 3.00: സിജെഎആറിന്റെ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസിനൊപ്പം, ജഡ്ജിമാരായ ആർ.കെ.അഗർവാൾ, അരുൺ മിശ്ര, അമിതാവ റോയ്, എ.എം.ഖാൻവിൽക്കർ എന്നിവരും ബെഞ്ചിൽ.

രാവിലെ പരിഗണിച്ച കേസ് ഉച്ചതിരിഞ്ഞു തിടുക്കത്തിൽ പുതിയ ബെഞ്ച് പരിഗണിച്ചത് ഉചിതമായില്ലെന്നു ഭൂഷൺ പറയുന്നു. ബാർ അസോസിയേഷന്റെ അഭിഭാഷകർ ഭൂഷണെതിരെ ബഹളംവയ്ക്കുന്നു. ഭൂഷണും കാമിനിക്കുമെതിരെ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഭൂഷണു വാദങ്ങൾ ഉന്നയിക്കാൻ അവസരം ലഭിക്കുന്നില്ല. മറിച്ച്, എതിർപക്ഷത്തുള്ളവർക്കു ബെഞ്ച് അവസരം നൽകുന്നു. തന്റെ ഭാഗം കേൾക്കാതെ ഉത്തരവു നൽകാനാണ് ഉദ്ദേശ്യമെങ്കിൽ അങ്ങനെയാവട്ടെയെന്നു പറഞ്ഞശേഷം ഭൂഷൺ കോടതിയിൽനിന്ന് ഇറങ്ങിപ്പോകുന്നു.

ഓരോ കേസും ഏതു ബെഞ്ചാണു പരിഗണിക്കേണ്ടതെന്നു തീരുമാനിക്കേണ്ടതു ചീഫ് ജസ്റ്റിസാണെന്നും ഏറ്റവും മുതിർന്ന ജഡ്ജിമാരുടെ ബെഞ്ച് കേസ് പരിഗണിക്കണമെന്ന ജസ്റ്റിസ് ചെലമേശ്വറിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസിനു ബാധകമല്ലാത്തതിനാൽ അത് അസാധുവാക്കുന്നുവെന്നും അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ്. സിജെഎആറിന്റെ ഹർജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.

നവംബർ 11: കാമിനിയുടെ ഹർജി ജഡ്ജിമാരായ ആർ.കെ.അഗർവാൾ, അരുൺ മിശ്ര, എ.എം.ഖാൻവിൽക്കർ എന്നിവരുടെ ബെഞ്ച് 13നു മൂന്നുമണിക്കു പരിഗണിക്കുമെന്നു രജിസ്റ്റ്രിയുടെ അറിയിപ്പ്. ഇനി മുതൽ കേസുകൾ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുൻപാകെ മാത്രമേ പരാമർശിക്കാൻ പാടുള്ളൂവെന്ന് അഭിഭാഷകരോടും അഭിഭാഷകരില്ലാതെ നേരിട്ടു ഹാജരാകുന്ന കക്ഷികളോടും വ്യക്തമാക്കി രജിസ്റ്റ്രിയുടെ സർക്കുലർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP