Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പെൺകുഞ്ഞുങ്ങളെ പ്രസവിക്കുന്ന അമ്മമാർക്ക് സ്വർണ്ണ നാണയം നൽകും! തെരഞ്ഞെടുപ്പ് വേളയിൽ അബ്ദുൾ റഹീം നൽകിയത് വെറും വാഗ്ദാനമെന്ന് കരുതിയവർക്ക് തെറ്റി; വാർഡിൽ ഇതുവരെ പിറന്ന പെൺകുഞ്ഞുങ്ങൾക്കെല്ലാം സ്വർണ നാണയം സമ്മാനിച്ച് കോട്ടക്കലിലെ ഇടതു കൗൺസിലർ; സമ്മാനിക്കാൻ തയ്യാറാക്കിയിരിക്കുന്നത് ഇരുപതോളം സ്വർണത്തുട്ടുകൾ: വ്യത്യസ്തനായൊരു കൗൺസിലറുടെ കഥ

പെൺകുഞ്ഞുങ്ങളെ പ്രസവിക്കുന്ന അമ്മമാർക്ക് സ്വർണ്ണ നാണയം നൽകും! തെരഞ്ഞെടുപ്പ് വേളയിൽ അബ്ദുൾ റഹീം നൽകിയത് വെറും വാഗ്ദാനമെന്ന് കരുതിയവർക്ക് തെറ്റി; വാർഡിൽ ഇതുവരെ പിറന്ന പെൺകുഞ്ഞുങ്ങൾക്കെല്ലാം സ്വർണ നാണയം സമ്മാനിച്ച് കോട്ടക്കലിലെ ഇടതു കൗൺസിലർ; സമ്മാനിക്കാൻ തയ്യാറാക്കിയിരിക്കുന്നത് ഇരുപതോളം സ്വർണത്തുട്ടുകൾ: വ്യത്യസ്തനായൊരു കൗൺസിലറുടെ കഥ

എം പി റാഫി

മലപ്പുറം: കോട്ടക്കൽ നഗരസഭയിലെ വെസ്റ്റ് വില്ലൂർ വാർഡിൽ പെൺ കുഞ്ഞ് ജനിച്ചാൽ ആദ്യം വിളിയെത്തുക കൗൺസിലർ അബ്ദുൽ റഹീം എന്ന നാണിക്കാണ്. കൈനിറയെ സ്വർണനാണയങ്ങളുമായി അമ്മമാരെ കാത്തിരിക്കുകയാണ് അബ്ദുൽറഹീം എന്ന ഈ കൗൺസിലർ. പെണ്ണായി പിറക്കുന്ന പുണ്യത്തിനുള്ള റഹീമിന്റെ ആദരമാണിത്. നാട്ടുകാരുടെയും കുടുംബത്തിന്റെയും നിറഞ്ഞ പിന്തുണയാണ് റഹീമിന്റെ സ്നേഹ സമ്മാനത്തിനുള്ളത്. താൻ കൗൺസിലറായ വാർഡിൽ ഒരു പെൺകുഞ്ഞു പിറന്നാൽ ആ കുഞ്ഞിന്റെ അമ്മയ്ക്ക് അബ്ദുൽ റഹീം ഒരു സ്വർണ നാണയം സമ്മാനമായി നൽകും.

2015 നവംബറിൽ കൗൺസിലറായ ശേഷം ഇന്നുവരെ വാർഡിൽ പിറന്ന എല്ലാ പെൺകുഞ്ഞുങ്ങൾക്കും സമ്മാനിക്കാനുള്ള നാണയങ്ങൾ അബ്ദുൽ റഹീം ഒരുക്കിക്കഴിഞ്ഞു. ഒരുഗ്രാം വീതമുള്ള ഇരുപതോളം സ്വർണ നാണയങ്ങളാണ് തയ്യാറാക്കി വെച്ചിട്ടുള്ളത്. കോട്ടക്കൽ നഗരസഭയിലെ പന്ത്രണ്ടാം വാർഡായ വെസ്റ്റ് വില്ലൂരിലെ കൗൺസിലറാണ് എൽ.ഡി.എഫ് പ്രതിനിധിയായ കാവുങ്ങൽ അബ്ദുൽ റഹീം. കൗൺസിലറായ ചുമതലയേറ്റയുടൻ എടുത്തതാണ് ഇങ്ങനെയൊരു തീരുമാനം. നേരത്തെയുള്ള ഒരു ആഗ്രഹത്തിന്റെ പൂർത്തീകരണം.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തുള്ള വെറും വാഗ്ദാനമായാണ് പലരും റഹീമനിന്റെ വാക്കിനെ കണ്ടത്. എന്നാൽ ആദ്യ സമ്മാനം നൽകി ഈ ധാരണ തിരുത്തി. പിന്നീട് നാട്ടുകാരെയെല്ലാം ഞെട്ടിച്ചാണ് റഹീം വാർഡ് പരിതിയിൽ ജനിച്ച മുഴുവൻ പെൺകുഞ്ഞുങ്ങളുടെ അമ്മമാർക്കും സമ്മാനം നൽകാൻ ഒരുങ്ങുന്നത്. ഈ തീരുമാനത്തിന് കൗൺസിലർ എന്ന പദവിയുമായി ബന്ധമൊന്നുമില്ല. ബിസിനസുകാരനായ അബ്ദുൽ റഹീം സ്വന്തം കൈയിൽ നിന്ന് കാശെടുത്താണ് സമ്മാനങ്ങൾ നൽകുന്നത്.

സമ്മാനത്തിന് പരിധിയൊന്നും വെച്ചിട്ടില്ല. എത്ര പെൺകുട്ടികൾ പിറന്നോ അത്രയും പേർക്ക് നൽകും. ഇപ്പോൾ തന്റെയൊരു സുഹൃത്ത് ഇരട്ടനാണത്തിന് അർഹനായിട്ടുണ്ടെന്ന് അബ്ദുൽറഹീം സന്തോഷത്തോടെ പറഞ്ഞു. സ്വന്തം കുടുംബത്തിലുമുണ്ട് സ്വർണനാണയത്തിന് അർഹത നേടിയവർ. ജേഷ്ഠൻ മുഹമ്മദാലിക്ക് പെൺകുഞ്ഞ് പിറന്നപ്പോൾ അവളുടെ ഉമ്മയ്ക്കും ഒരു നാണയം എടുത്ത് വെച്ചിട്ടുണ്ട് അബ്ദുൽ റഹീം.

നഗരസഭയിലേക്കുള്ള ആദ്യ മത്സരമായിരുന്നു റഹീമിന്റേത്. മുസ്ലിംലീഗ് മാത്രം പ്രതിനിധീകരിച്ച വാർഡിൽ 138 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കന്നിയങ്കത്തിൽ ഇടത് സ്വതന്ത്രനായ അബ്ദുൽ റഹീം വിജയമുറപ്പിച്ചത്. 10 വർഷമായി സിപിഐഎം മെമ്പറാണ്. രാഷ്ട്രീയത്തിൽ ഉള്ള കാലത്തോളം ജനങ്ങൾക്ക് നന്മ ചെയ്യണമെന്നാണ് റഹീമിന്റെ ആഗ്രഹം. ഭാര്യയും രണ്ട് കുട്ടികളുമുള്ള റഹീം വെസ്റ്റ് വില്ലൂർ സ്വദേശിയാണ്. നാണി എന്ന പേരിലാണ് റഹീം നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നത്.

 

റഹീമിന്റെ തീരുമാനത്തിന് ഇതിനോടകം എങ്ങും കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രാപ്തിയുള്ള കാലം വരെ തന്റെ പ്രവർത്തനവുമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് റഹീം പറഞ്ഞു. പെൺകുട്ടികളോടുള്ള ഇഷ്ടവും സാമൂഹിക പ്രതിബന്ധതയും ഇസ്ലാം മത വിശ്വാസത്തിന്റെ ഭാഗവുമാണ് ഈ ഉദ്യമമെന്നും റഹീം മറുനാടൻ മലയോളിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

പെൺകുട്ടി ജനിച്ചാൽ ജീവനോടെ കുഴിച്ചു മൂടപ്പെട്ടിരുന്ന കാലത്ത് ഇതിനെ എതിർത്തുകൊണ്ടാണ് പ്രവാചകൻ മുഹമ്മദ് നബിയുടേയും ഇസ്ലാമിന്റെയും കടന്നു വരവ്. ഒരു പെൺകുഞ്ഞിന് ജന്മം നൽകി നല്ലരീതിയിൽ വളർത്തി വലുതാക്കിയാൽ അവർക്ക് വലിയ പുണ്യം ലഭിക്കുമെന്ന മതപാഠമാണ് റഹീമിന് പ്രചോദനമായത്. തുടക്കമെന്ന നിലയിൽ കൗൺസിലറായി ചുമതലയേറ്റ സമയത്ത് ഒരു പെൺകുഞ്ഞിന്റെ ഉമ്മയ്ക്ക് നാണയം സമ്മാനമായി നൽകിയിരുന്നു.

അന്നുമുതലുള്ള ഇരുപതോളം പേർക്ക് നൽകാനുള്ള നാണയങ്ങളാണ് ഇപ്പോൾ ഒരുക്കി വെച്ചിരിക്കുന്നത്. അടുത്ത മാസം നടത്തുന്ന വാർഡിന്റെ സമ്പൂർണ കുടുംബ സംഗമ ചടങ്ങിൽ വെച്ച് ഇവ സമ്മാനിക്കണമെന്നാണ് അബ്ദുൽ റഹീമിന്റെ ആഗ്രഹം. ചടങ്ങിൽ പങ്കെടുക്കാനുദ്ധേശിക്കുന്ന മന്ത്രിമാരുടെ സൗകര്യം അറിഞ്ഞാലുടൻ തിയ്യതി നിശ്ചയിക്കും. ബിസിനസുകാരൻ, രാഷ്ട്രീയക്കാരൻ എന്നതിലുപരി ഒരു സംഗീത പ്രേമിയും ഹാർമോണിസ്റ്റുമാണ് റഹീം. കോട്ടക്കലിലെ ഖയ്യാൽ പ്രൊഫഷണൽ സംഗീത കൂട്ടായ്മയിൽ റഹീം സജീവമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP