Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിപ്പു സുൽത്താൻ തേജോവധം ചെയ്യപ്പെടുമ്പോൾ; ഗൗരി ലങ്കേഷിന്റെ കന്നഡ ലേഖനത്തിന്റെ മലയാള വിവർത്തം

ടിപ്പു സുൽത്താൻ തേജോവധം ചെയ്യപ്പെടുമ്പോൾ; ഗൗരി ലങ്കേഷിന്റെ കന്നഡ ലേഖനത്തിന്റെ മലയാള വിവർത്തം

കർണ്ണാടകത്തിലെ കോൺഗ്രസ്സ് സർക്കാർ ടിപ്പു സുൽത്താൻ ജയന്തി  ഘോഷിക്കുന്നതിനെതിരെ കുറച്ചു വർഷങ്ങളായി ബി. ജെ. പി യുടെനേതൃത്വത്തിൽ അക്രമാസക്തമായ പക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെട്ടു വരികയാണ്. രണ്ടു വർഷങ്ങൾക്കു മുമ്പ്, ജ്ഞാനപീഠ ജേതാവ് ശ്രീ. ഗിരീശ് കർനാട്, ' സ്വാതന്ത്ര്യ സമര നായകനായിരുന്ന ടിപ്പുവിന്റെ പേരായിരുന്നു ബെംഗളൂരിലെ കെംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് കൂടുതൽ അനുയോജ്യമാകുക'' എന്നു അഭിപ്രായപ്പെട്ടതിനെ വളച്ചൊടിച്ച് വിവാദമുണ്ടാക്കിയ സംഘപരിവാർ അനുയായികൾ അഴിഞ് ഞാടിയതിനെ തുടർന്ന്, 2015 ഇൽ, പൊലീസ് വെടിവയ്പുണ്ടാവുകയും ഒരു വി. എച്. പി അനുഭാവി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ടിപ്പു, ഹിന്ദുക്കളെ കൂട്ട ബലാൽസംഗം ചെയ്തിരുന്ന ആളാണെന്നും, ഇത്തവണത്തെ ടിപ്പു ജയന്തി ആഘോഷത്തിനായുള്ള ക്ഷണപ്പത്രത്തിൽ തന്റെ പേർ ഉൾപ്പെടുത്തരുതെന്നും പറഞ് ഞ് (ബിസിനസ്സ് സ്റ്റാന്റേർഡ്, ഒക്ടോ: 21, 2017), നേരത്തെ തന്നെ വിവാദം കുത്തിപ്പൊക്കിയ കേന്ദ്ര മന്ത്രിയും ബി. ജെ.പി നേതാവുമായ ശ്രീ: അനന്തകുമാർ ഹെഗ്‌ഡെയും മറ്റു ബിജെപി നായകരും പക്ഷെ, ടിപ്പുവിനെ പുകഴ്‌ത്തി കൊണ്ട് , മുൻ ബിജെപി മുഖ്യമന്ത്രി ശ്രീ: ജഗദീശ് ഷെട്ടർ ഏതാനും വർഷങ്ങൾക്കു മുമ്പെഴുതിയ കുറിപ്പിനെ കുറിച്ചോ നാളുകൾക്ക് മുമ്പ് മാത്രം കർണ്ണാടകം സന്ദർശിച്ച ബഹു: രാഷ്ട്രപതി ശ്രീ: രാം നാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തെ പറ്റിയോ വ്യക്തമായി മറുപടി പറയാനാകാതെ വീണിടത്തു കിടന്നുരുളുകയാണ്. ശ്രീ: യദ്യൂരപ്പയും ശ്രീ: ജഗദീശ് ഷെട്ടരുമൊക്കെ മുമ്പ്, ടിപ്പുവിന്റെ വേഷമണിഞ് ഞ് പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രങ്ങൾ ഇതിനിടെ സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടുകയും ചെയ്തു. ഈ സാഹചര്യത്തിൽ (ബി. ജെ.പി നേതാക്കളെ ഉദ്ദേശിച്ച്), ''ആരു വേണമെങ്കിലും വരട്ടെ, വരാതിരിക്കട്ടെ. ടിപ്പു ജയന്തി ആഘോഷവുമായി സർക്കാർ മുമ്പോട്ടു പോകു''മെന്ന് പ്രഖ്യാപിച്ചു കൊണ്ട് കർണ്ണാടക മുഖ്യമന്ത്രി ശ്രീ: സിദ്ധാരാമയ്യയും രംഗത്തു വന്നിട്ടുണ്ട്.

കർണ്ണാടക മുഖ്യമന്ത്രിയുടെ മേൽപ്പറഞ്ഞ പ്രസ്താവന അച്ചടിച്ചു വന്ന അതേ ദിവസത്തെ ''പ്രജാവാണി'' ദിനപ്പത്രത്തിൽ, ടിപ്പു ജയന്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും കന്നഡയിലെ പ്രമുഖ ബുദ്ധിജീവികളുടേതായി വന്ന പ്രസ്താവനകൾ
താഴെ കൊടുക്കുന്നു:

ഡോ: ചിദാനന്ദമൂർത്തി: (സംഘപരിവാർ സഹയാത്രികനായ എഴുത്തുകാരനും ഗവേഷകനും):

''ടിപ്പു ജയന്തി ആചരിക്കുന്നത് ശരിയായ നടപടിയല്ല. ഔറംഗസീബിനെയും ഹിറ്റ്‌ലറെയും പോലെ ടിപ്പുവും ഒരു മതഭ്രാന്തനും നിഷ്ഠുരനുമായ ഭരണാധികാരിയായിരുന്നു. കർണ്ണാടകത്തിന്റെ പശ്ചിമതീരത്തെ (കരാവളിയിലെ) മുഴുവൻ ഹിന്ദുക്കളെയും മതപരിവർത്തനം ചെയ്യണമെന്നും അല്ലെങ്കിൽ കൊന്നു കളയണമെന്നും ടിപ്പു പറഞ് ഞതായി തെളിവുകളുണ്ട്. ഇത്തരത്തിലുള്ള വ്യക്തിയുടെ ജന്മദിനം ആചരിക്കുന്നത് നിർത്തലാക്കേണ്ടതുണ്ട്.''

ഗിരീശ് കർനാഡ്: മൂന്നു വർഷങ്ങൾക്കു മുമ്പു തന്നെ ഞാൻ ടിപ്പുവിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ പറയാനായിട്ട് ഒന്നു മില്ല. ഈ വർഷവും വിവാദം തുടരുകയാണ്. ഇതിന്റെ പ്രത്യാഘാതമെന്തായിരിക്കുമെന്ന് ഇരു കൂട്ടർക്കും (കോൺഗ്രസ്സ് ബിജെപി) അറിയാം.

ജി. കെ. ഗോവിന്ദറാവു (ഇടതു സഹയാത്രികനായ ചിന്തകൻ): കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെ ടിപ്പുവിനെ കുറിച്ച് ഈ രീതിയിൽ മോശമായി സംസാരിച്ച് തന്റെ ക്ഷുദ്ര മനസ്സ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഗിരീശ് കാസറവള്ളി (ചലച്ചിത്ര സംവിധായകൻ):
കർണ്ണാടകത്തിൽ പ്രാദേശിക തലത്തിൽ എടുത്താൽ, ടിപ്പു ഏറ്റവും പ്രധാനപ്പെട്ട നായകരിൽ ഒരാളാണ്. അദ്ദേഹം രാജ്യദ്രോഹിയായിരുന്നില്ല. അത്തരമൊരു വ്യക്തിയുടെ ജന്മദിനം സർക്കാർ മുൻകൈ യെടുത്ത് ആചരിക്കുമ്പോൾ എതിർക്കുന്നത് ശരിയല്ല.

സുമതീന്ദ്ര നാഡിഗ് (കവി): ടിപ്പുവിന്റെ ക്രൂരകൃത്യങ്ങളെ പറ്റി ചിദാനന്ദമൂർത്തി തെളിവുകൾ സഹിതം വിവരം നൽകിയാലും ഈ വിഡ്ഡികൾ അത് വിശ്വസിക്കുകയില്ല. ഇതിനു മാത്രം ഇത് രാഷ്ട്രത്തെ സംബന്ധിച്ച വിഷയവുമല്ല. ഇതിനെ കുറിച്ച് സംസാരിക്കുന്നതു പോലും തെറ്റാണ്.

കെ. മരുള സിദ്ധപ്പ (കുവെംപു ഭാഷാ ഭാരതി അദ്ധ്യക്ഷനും സാഹിത്യ വിമർശകനും): രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി മാത്രം ടിപ്പുവിനെ പറ്റി അപ പ്രചാരം നടത്തപ്പെടുകയാണ്. ഒരു സമുദായത്തെ ഉന്നം വച്ചു കൊണ്ട് ആ സമുദായത്തിലെ ഒരു സാംസ്‌കാരിക നായകനെ പറ്റി അപ പ്രചാരം നടത്തുന്നത് ഈ രാജ്യത്തിന്റെ ദുരന്തമാണ്. ഇതു പോലുള്ളൊരു കഷ്ടകാലം എത്രയും വേഗം അവസാനിക്കുക തന്നെ
ചെയ്യും.

രാജേന്ദ്ര ചെന്നി ( സാഹിത്യ വിമർശകൻ): കന്നഡ സംസ്‌കാരത്തിന്റെയും ചരിത്രത്തിലെയും ഏറ്റവും ശ്രേഷ്ഠരായ വ്യക്തികളിൽ ടിപ്പു സുൽത്താനും ഒരാളാണ്. ഇംഗ്ലീഷ് ചരിത്രകാരന്മാർ എഴുതിപ്പിടിപ്പിച്ചതു തന്നെ പറഞ് ഞു കൊണ്ട് ചിലർ ടിപ്പുവിനെ എതിർത്തു കൊണ്ടിരിക്കുകയാണ്. മഹാനായ ഈ ദേശഭക്തന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ഇത്തരം ദേശദ്രോഹികൾ വരാതിരിക്കുകയാണെങ്കിൽ അത് നല്ല കാര്യമാണ്. Source: Prajavani daily Oct 24, 2017

മുകളിൽ സൂചിപ്പിച്ച വിവാദങ്ങളുടെ ഭൂമികയിൽ, പത്തു വർഷങ്ങൾക്ക് മുമ്പ് ടിപ്പു സുൽത്താനെ കുറിച്ച് കൊല ചെയ്യപ്പെട്ട ഗൗരി ലങ്കേശ് എഴുതിയ ലേഖനം ''ടിപ്പു സുൽത്താൻ തേജോവധം ചെയ്യപ്പെടുമ്പോൾ'' കൂടുതൽ പ്രസക്തമായിത്തീരുന്നുണ്ട്. ഇവിടെ വായിക്കുക:
''ടിപ്പു സുൽത്താൻ തേജോവധം ചെയ്യപ്പെടുമ്പോൾ'' ടിപ്പു സിൽത്താൻ വർഗ്ഗീയവാദിയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ഹിന്ദുക്കളെ ബലപ്രയോഗത്തിലൂടെ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തിരുന്നു എന്നുമൊക്കെയുള്ള ദുരാരോപണങ്ങൾ ടിപ്പു വിടപറഞ്ഞു രണ്ടു ശതകങ്ങൾക്കു ശേഷവും ഇപ്പോഴും പ്രചാരത്തിലിരിക്കുന്നു.

ടിപ്പു സുൽത്താൻ ഹിന്ദുക്കളോടൊത്ത് സൗഹാർദ്ദപൂർവ്വം സഹവർത്തിച്ചിരുന്നുവെന്ന സത്യം ഇതിനകം തന്നെ സാക്ഷ്യാധാരങ്ങളുടെ പിൻബലത്താൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും വർഗ്ഗീയവാദിയായിരുന്നു അദ്ദേഹം എന്ന മട്ടിലുള്ള ആരോപണങ്ങളിൽ നിന്ന് ടിപ്പു ഇപ്പോഴും മുക്തനായിട്ടില്ല. ചരിത്രത്തെ വളച്ചൊടിച്ചവതരിപ്പിക്കുന്ന ഹിന്ദു മൗലിക വാദികളാണ് ഇത്തരമൊരു സാഹചര്യം രൂപപ്പെടുത്തുന്നതിൽ പ്രമുഖ പാത്രം വഹിച്ചിട്ടുള്ളവർ. ചരിത്രത്തെ വക്രീകരിക്കുന്ന കാര്യത്തിൽ മാത്രമല്ല, തങ്ങൾക്ക് അനുയോജ്യമാം വിധം ചിത്രണം
ചെയ്യുന്നതിന് ആവശ്യമെന്നു കണ്ടാൽ ചരിത്ര സംഭവങ്ങളെ തേച്ചുമാച്ചുകളയുന്ന കലയിലും ഇക്കൂട്ടർ അഗ്രഗണ്യരാണ്. ഇപ്പറഞ് ഞതിന്
ഒന്നാം തരമൊരു നിദർശനമുണ്ട്.


ടിപ്പുവിന്റെ ജീവിത ചരിതത്തിനുമേൽ കരിമൂടിയ തെറ്റിദ്ധാരണകളെയും ദുഷ് പ്രചരണങ്ങളെയും ദൂരീകരിക്കുന്നതിന് പരിശ്രമിച്ചിരുന്ന വിശ്രുത
ചരിത്രകാരനായിരുന്നു ഡോ: ബി. എൻ. പാണ്ഡെ. സ്വാതന്ത്ര്യ സമര പോരാളി കൂടിയായിരുന്ന പാണ്ഡെ, പിൽക്കാലത്ത്, രാജ്യ സഭാംഗമെന്ന നിലയിലും പ്രവർത്തിച്ചിരുന്നു. 1977 ജൂലായ് 29ആം തിയ്യതി, അദ്ദേഹം, ടിപ്പു സുൽത്തനെ കുറിച്ച് കുപ്രചരണങ്ങൾ കെട്ടിച്ചമയ്ക്കുന്ന ബോധപൂർവ്വമായ ശ്രമങ്ങളെ രാജ്യസഭയിൽ ചെയ്ത പ്രസംഗത്തിൽ തുറന്നു കാണിക്കുകയുണ്ടായി. അദ്ദേഹം സ്വാനുഭവങ്ങളെ ഇപ്രകാരം വെളിപ്പെടുത്തി.

1928 ഇൽ പാണ്ഡെ അലഹബാദിൽ ടിപ്പു സുൽത്താനെ അധികരിച്ച് ഗവേഷണം നടത്തിക്കൊണ്ടിരുന്ന കാലയളവിൽ അവിടുത്തെ ഒരു കോളേജിലെ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ തങ്ങളുടെ ഹിസ്റ്ററി അസോസിയേഷൻ ഉദ്ഘാടനം ചെയ്യുന്നതിനായി അദ്ദേഹത്തെ ക്ഷണിക്കാൻ വന്നു. വിദ്യാർത്ഥികളുടെ കൈവശമുണ്ടായിരുന്ന അവരുടെ പാഠപുസ്തകം വാങ്ങി മറിച്ചു നോക്കിയപോൾ, ടിപ്പു സുൽത്താനെ കുറിച്ചുള്ള അദ്ധ്യായത്തിൽ ഇങ്ങനെയൊരു വരി പാണ്ഡെയുടെ ശ്രദ്ധയിൽ പെട്ടു: ' ടിപ്പു സുൽത്താൻ തങ്ങളെ സ്വഹിതത്തിനു വിരുദ്ധമായി നിർബ്ബന്ധപൂർവ്വം ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുമെന്ന് ഭയപ്പെട്ട് മൂവായിരം ബ്രാഹ്മണർ ആത്മഹത്യ ചെയ്യുകയുണ്ടായി.'' ഇതു വായിച്ച് പാണ്ഡെ അമ്പരന്നു പോയി. ആ പാഠ പുസ്തകത്തിന്റെ രചയിതാവായ ഡോ: ഹരിപ്രസാദ് ശാസ്ത്രി അക്കാലത്ത് കൽക്കത്ത സർവ്വകലാശാലയിലെ സംസ്‌കൃത വിഭാഗം തലവനായിരുന്നു. ''ടിപ്പു സുൽത്താനെ സംബന്ധിച്ച ഈ വിവരം താങ്കൾക്ക് എവിടെ നിന്നാണ് ലഭിച്ചത്?'' എന്ന് പാണ്ഡെ ഉടൻ തന്നെ ശാസ്ത്രിക്ക് കത്തെഴുതി അന്വേഷിച്ചു. ഈയൊരു ചോദ്യം തന്നെ പല തവണ ആവർത്തിച്ചു ചോദിച്ചപ്പോൾ, വൈകിയാണെങ്കിലും അദ്ദേഹത്തിന് ഇങ്ങനെയൊരു ഉത്തരം ലഭിച്ചു : ''ആ വിവരം മൈസൂർ ഗസറ്റിൽ പസിദ്ധീകൃതമായതാണ്.'' തുടർന്ന്, അക്കാലത്തെ മൈസൂർ ഗസറ്റിന്റെ എഡിറ്ററായിരുന്ന പ്രൊഫ: ശ്രീകണ്ഠയ്യയ്ക്ക് പാണ്ഡെ കത്തെഴുതി ഇതേക്കുറിച്ചന്വേഷിച്ചപ്പോൾ, ''മൂന്നായിരം ബ്രാഹ്മണർ ആത്മഹത്യ ചെയ്തതായി ഞങ്ങളുടെ മൈസൂർ ഗസറ്റിൽ ഒരൊറ്റ സംഭവം പോലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.'' എന്നു മാത്രമല്ല, മൈസൂരിന്റെ ചരിത്രത്തിൽ തന്നെ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നും പ്രൊഫ: ശ്രീകണ്ഠയ്യ വ്യക്തമാക്കി. ടിപ്പു സുൽത്താന്റെ ഭരണ കാലത്ത് ബ്രാഹ്മണനായ പൂർണ്ണയ്യൻ അദ്ദേഹത്തിന്റെ ദിവാൻ (മന്ത്രിമാരിൽ പ്രധാനി എന്ന അർത്ഥത്തിൽ ആണ് ദക്ഷിണേന്ത്യൻ രാജവാഴ്ചയിൽ ''ദിവാൻ'' എന്ന ശബ്ദം ഉപയോഗിച്ചിരുന്നത് -- - വിവ: ) ആയിരുന്നു എന്നും മറ്റൊരു ബ്രാഹ്മണൻ കൃഷ്ണറാവു സർവ്വ സൈന്യാധിപൻ ആയിരുന്നു'' എന്നും വിശദീകരിച്ച ശ്രീകണ്ഠയ്യ, ടിപ്പു സുൽത്താൻ 156 ഹൈന്ദവ ദേവാലയങ്ങൾക്ക് വാർഷിക സഹായധനം നൽകിപ്പോന്നിരുന്നു എന്ന വസ്തുത, രേഖകൾ ഉദ്ദരിച്ചു കൊണ്ട് വ്യക്തമാക്കുകയുണ്ടായി.

ടിപ്പു സുൽത്താനെ പറ്റി അപഖ്യാതി പരത്തുന്ന ഡോ: ശാസ്ത്രിയുടെ മേൽപ്പറഞ് ഞ ഈ പുസ്തകം അതിനകം തന്നെ കൽക്കത്താ സർവ്വകലാശാലയുൾപ്പെടെ ബംഗാൾ, ആസ്സാം, ബീഹാർ, ഒഡീഷ്സ, ഉത്തർ പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒട്ടനവധി സർവ്വകലാശാലകളിലും ഹൈ സ്‌ക്കൂളുകളിലും പാഠപുസ്തകങ്ങളായി അംഗീകരിക്കപ്പെട്ടു കഴിഞ് ഞിരുന്നു. ഡോ: ശാസ്ത്രിയുമായി താൻ നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും, ടിപ്പു സുൽത്താന്റെ ജീവിത കഥയെ സംബന്ധിച്ച് ഡോ: ശാസ്ത്രി അവതരിപ്പിച്ച നിലപാടുകളെ നിരാകരിച്ചുകൊണ്ട് പ്രൊഫ: ശ്രീകണ്ഠയ്യ അയച്ചു കൊടുത്ത രേഖകളും, അന്നത്തെ മൈസൂർ സർവ്വകലാശാലാ വൈസ് ചാൻസലർ ആയ ബ്രജേന്ദ്ര നാഥ സീൽ ഈ വിഷയത്തെ സംബന്ധിച്ച് തനിക്കയച്ചു തന്നെ വിവരങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട്, പാണ്ഡെ, താമസിയാതെ കൽക്കത്ത സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്ന അശുതോഷ് മുഖർജിക്ക് വിശദമായ കത്തെഴുതിയയച്ചു കൊടുത്തു. ഡോ: ശാസ്ത്രി എഴുതിയ പുസ്തകത്തിൽ ടിപ്പു സുൽത്താന്റെ ജീവിതത്തെ സംബന്ധിച്ച് പ്രകടിതമായ സത്യ വിരുദ്ധമായ ആരോപണങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് പാണ്ഡെ അഭ്യർത്ഥിച്ചു. പ്രത്യുത്തരമായി അശുതോഷ് മുഖർജി, പാണ്ഡെക്ക് അയച്ചു കൊടുത്ത കത്തിൽ, ശാസ്ത്രിയുടേതായി പുറത്തിറക്കിയ പാഠപുസ്തകം തന്ന തങ്ങൾ റദ്ദു ചെയ്തുവെന്ന വിവരം അറിയിക്കുകയുണ്ടായി. ചരിത്ര സംഭവങ്ങളെ വളച്ചൊടിച്ചവതരിപ്പിക്കുന്നത് തടയാൻ കഴിഞ്ഞു എന്ന സംതൃപ്തിയും സന്തോഷവും സ്വാഭാവികമായി തന്നെ തനിക്ക് അനുഭവപ്പെട്ടുവെന്നും പാണ്ഡെ, പിൽക്കാലത്തെ തന്റെ രാജ്യസഭാ ഭാഷണത്തിൽ അനുസ്മരിച്ചു.

ഓർക്കുക. ഇതൊക്കെ സംഭവിച്ചത് 1928 ഇൽ. എന്നാൽ, ചരിത്ര രചനയെ സംബന്ധിച്ച അമ്പരപ്പിക്കുന്ന വാർത്ത പാണ്ഡയെ പിന്നെയും കാത്തിരിക്കുന്നുണ്ടായിരുന്നു. ഡോ: ശാസ്ത്രി കെട്ടിയവതരിപ്പിച്ച നിറം പിടിപ്പിച്ച നുണകളെ താൻ തുറന്നു കാട്ടി 44 വർഷങ്ങൾ കഴിഞ് ഞ ശേഷം, 1972 ഇൽ, ഉത്തർ പ്രദേശിലെ ജൂനിയർ ഹൈ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നിർദ്ദേശിക്കപ്പെട്ട പാഠ പുസ്തകത്തിൽ, ടിപ്പുവിനെക്കുറിച്ച്, മുമ്പ്, ആറടി മണ്ണിൽ കുഴിച്ചു മൂടിയ അതേ കള്ളക്കഥ, അതായത്, ''മൂന്നായിരം ബ്രാഹ്മണർ ടിപ്പുവിനെ ഭയന്ന് ആത്മഹത്യ ചെയ്തു'' എന്ന കല്പിത കഥ പൊടിതട്ടിയെടുത്ത് വീണ്ടും അച്ചടിച്ചു വച്ചിരുന്നു. അപ്രകാരം അവിടുത്തെ വിദ്യാർത്ഥികൾക്ക് ടിപ്പുവിനെ കുറിച്ചുള്ള വസ്തുതാ വിരുദ്ധമായ വിവരങ്ങൾ വിശദീകരിച്ചു കൊടുത്ത് പഠിപ്പിക്കുന്നുമുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കള്ളച്ചരിത്രങ്ങളുടെയും ദുരാരോപണങ്ങളുടെയും നീരാളിക്കൈകളിൽ നിന്നും പാവം ടിപ്പുവിന് എങ്ങനെ മോചനമുണ്ടാകാനാണ്?

ഗൗരി ലങ്കേശ്Source: 'കണ്ടഹാഗെ - ഭാഗം 1'' , 2000 ആം ആണ്ടു മുതൽ 2004 വരെ ലങ്കേശ് പത്രികയിൽ തന്റെ ''കണ്ടഹാഗെ (കണ്ടതിൻ പടി)'' എന്ന പംക്തിയിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. വിവർത്തകൻ: വി എം. ഷെമേജ്. (കന്നഡയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്തത്.).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP