Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എട്ടാം കല്യാണത്തിനൊരുങ്ങിയ വിരുതനെ ഏഴാം ഭാര്യ കുടുക്കി; വിവരമറിഞ്ഞ് മറ്റു ഭാര്യമാരും കാളികാവ് പൊലീസ് സ്‌റ്റേഷനിൽ എത്തി; കേസു പിൻവലിക്കാൻ ആവശ്യപ്പെട്ട ഒരു ലക്ഷം രൂപ നല്കിയത് കല്യാണ ദല്ലാൾ; കേസും പുക്കാറുമൊഴിഞ്ഞ വരനെ എട്ടാം കല്യാണം കഴിപ്പിച്ച് കമ്മീഷൻ തട്ടാൻ ദല്ലാളിന്റെ കുരുട്ടുബുദ്ധി

എട്ടാം കല്യാണത്തിനൊരുങ്ങിയ വിരുതനെ ഏഴാം ഭാര്യ കുടുക്കി; വിവരമറിഞ്ഞ് മറ്റു ഭാര്യമാരും കാളികാവ് പൊലീസ് സ്‌റ്റേഷനിൽ എത്തി; കേസു പിൻവലിക്കാൻ ആവശ്യപ്പെട്ട ഒരു ലക്ഷം രൂപ നല്കിയത് കല്യാണ ദല്ലാൾ; കേസും പുക്കാറുമൊഴിഞ്ഞ വരനെ എട്ടാം കല്യാണം കഴിപ്പിച്ച് കമ്മീഷൻ തട്ടാൻ ദല്ലാളിന്റെ കുരുട്ടുബുദ്ധി

എം പി റാഫി

മലപ്പുറം: മുപ്പത്തിയെട്ടാം വയസിൽ എട്ടാം കല്യാണത്തിനൊരുങ്ങിയതോടെ ഒപ്പമുണ്ടായിരുന്ന ഏഴാം ഭാര്യ പിണങ്ങി. പരാതിപ്പെട്ടപ്പോൾ യുവാവ് പൊലീസിന്റെ വലയിലുമായി. ഭർത്താവിനെ പൊലീസ് പൊക്കിയതറിഞ്ഞ് മറ്റ് ഭാര്യമാരെല്ലാം പൊലീസ് സ്റ്റേഷനിലുമെത്തിയതാണ് കഥയുടെ ക്ലൈമാക്സ്.

കാളികാവ് പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞദിവസം ഈ സംഭവങ്ങൾ അരങ്ങേറിയത്. കുറ്റിപ്പുറം സ്വദേശി പാപ്പഞ്ചേരി അബ്ദുൽ നാസറാണ് സീരിയൽ കല്യാണത്തിലെ നായകൻ. ഒരു കല്യാണത്തിന്റെ ബാധ്യത തീർക്കാൻ മറ്റൊരു കല്യാണം എന്നതായിരുന്നു നാസറിന്റെ രീതി. ഇത്തരത്തിൽ ഏഴ് വിവാഹം വരെ കഴിച്ചു. എട്ടാമതൊന്ന് കെട്ടാൻ തുനിഞ്ഞപ്പോയാണ് കാളികാവ് സ്വദേശിനിയായ ഏഴാം ഭാര്യ പൊലീസിൽ പരാതി നൽകിയത്.

ഓരോ നിക്കാഹും കഴിഞ്ഞ് കുഞ്ഞ് ജനിക്കുന്നതോടെ കഥ മാറും. ഇവരുടെ ജീവിത ചെലവിനായാണ് അടുത്ത വിവാഹം കഴിക്കുന്നത്. വലിയ സ്ത്രീധനമൊന്നും വാങ്ങില്ലെങ്കിലും അത്യാവശ്യത്തിനുള്ള വക ഓരോ വിവാഹത്തിൽ നിന്നും ഒപ്പിക്കും. വിവാഹങ്ങൾ തരപ്പെടുത്തുന്നതെല്ലാം ദല്ലാൾ മുഖേനയാണ്. പ്രായക്കൂടുതൽ കാരണം വിവാഹം നടക്കാത്ത സ്ത്രീകളെയും വിവാഹ മോചിതരുമായ ദരിദ്ര കുടുംബത്തിൽ നിന്നുള്ളവരെയാണ് വിവാഹത്തിന് ദല്ലാൾ നാസറിന് തരപ്പെടുത്തിക്കൊടുത്തിരുന്നത്. ഓരോ വിവാഹം നടക്കുമ്പോഴും മുൻ ഭാര്യമാരുടെയും കുട്ടികളുടെയും ബാധ്യത തീരുമെന്ന് മാത്രമല്ല, ദല്ലാളിന് വലിയൊരു തുക കമ്മീഷനായും തടയും. അങ്ങനെ ഏഴു കല്യാണം വരെയെത്തി. എട്ടാമത്തെ കല്യാണത്തിനൊരുങ്ങവേയാണ് ഏഴാം ഭാര്യ ഇടങ്കോലിട്ടത്. എന്നാൽ ആ പ്രശ്‌നം ദല്ലാൾതന്നെ ഒരുലക്ഷം രൂപനൽകി ഒതുക്കുകയുംചെയ്തു.

ഭർത്താവ് കബളിപ്പിച്ചു എന്ന് കാണിച്ച് കാളികാവ് പൊലീസിൽ ഭാര്യ പരാതി കൊടുത്തതോടെയാണ് വിവാഹ വീരന്റെ കഥ പുറത്തായത്. പരാതിയിൽ കുറ്റിപ്പുറം സ്വദേശിയായ അബ്ദുൽ നാസറിനെ കരുവാരക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് കൂടുതൽ കല്യാണക്കഥകളുടെ ചുരുളഴിയുന്നത്. കരുവാരക്കുണ്ടിലെ മറ്റൊരു ഭാര്യയുടെ വീട്ടിൽ നിന്നായിരുന്നു കസ്റ്റഡിയിലെടുത്തത്. കെട്ടിയോന്റെ പിന്നാമ്പുറക്കഥകളറിയാതെ എല്ലാ സ്ത്രീകളും കബളിപ്പിക്കപ്പെടുകയായിരുന്നു. കരുവാരക്കുണ്ടിലെ ഭാര്യവീട്ടിൽനിന്നു പിടികൂടിയ ഇയാളെ കാളികാവിൽ പരാതിയുള്ളതിനാൽ കാളികാവ് പൊലീസിനു കൈമാറി. പൊലീസ് ചോദ്യം ചെയ്യലിലാണ് മറ്റു ഭാര്യമാരെ കുറിച്ചും വിവാഹ രീതിയെ സംബന്ധിച്ചും പറഞ്ഞത്.

ഭർത്താവ് പിടിയിലായ വിവരമറിഞ്ഞ് വേറെയും ഭാര്യമാർ സ്റ്റേഷനിലെത്തിയിരുന്നു. വിവാഹസമയത്തു നൽകിയ 50,000 രൂപയും വിദേശത്തേക്കു പോകാൻ ടിക്കറ്റിനു നൽകിയ 30,000 രൂപയും തിരിച്ചു തന്നാൽ കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് അവർ അറിയിച്ചു. ഭർത്താവിന്റെ കൈയിലാണെങ്കിൽ പണമില്ല. പക്ഷേ, എൺപതിനായിരമല്ല ഒരുലക്ഷം തന്നെ താൻ തരാമെന്നു വിവാഹദല്ലാൾ പറഞ്ഞപ്പോൾ പൊലീസും ഞെട്ടി. പിന്നീടാണ് ദല്ലാളിന്റെ സ്‌നേഹത്തിന്റെ കാരണം വെളിപ്പെടുന്നത്. ഈ കുരിശൊന്നു തീർത്തിട്ടുവേണം ഇയാളെക്കൊണ്ട് വയനാട്ടിൽ ഒരു കെട്ടുകൂടി കെട്ടിക്കാൻ. അതുകഴിഞ്ഞാൽ ഒരു വലിയ തുക ആമപ്പൊയിൽ സ്വദേശിയായ ദല്ലാളിന് കിട്ടും.

ആവശ്യപ്പെട്ടതിലുമധികം തുക നൽകാമെന്നേറ്റതോടെ പരാതിക്കാരി പരാതി പിൻവലിച്ചു. പരാതി പിൻവലിച്ചതിനാൽ കേസ് രജിസ്റ്റർ ചെയ്തില്ലെന്നും നാസറിനെ വിട്ടയച്ചതായും കാളികാവ് പൊലീസ് മറുനാടൻ മലയാളിയോടു പറഞ്ഞു. ഭർത്താവിനെ പൊലീസ് പിടിച്ചതറിഞ്ഞ് മറ്റ് ഭാര്യമാരും സ്റ്റേഷനിലെത്തിയിരുന്നു. മഞ്ചേരി, മലപ്പുറം, പയ്യനാട്, കരുവാരകുണ്ട്, എന്നിവിടങ്ങളിലെ ഭാര്യമാരാണ് സ്റ്റേഷനിലെത്തിയത്. ഇതിനിടയിൽ മറ്റു ഭാര്യമാർക്ക് പൊലീസ് സ്റ്റേഷനിൽവെച്ച് പരസ്പരം പരിചയപ്പെടാനും അവസരം ലഭിച്ചു.

ചിലർ സ്‌നേഹം പങ്കുവെച്ചു, ചിലർ പോരുകാണിച്ച് മുഖംതിരിച്ചു. ഒടുവിൽ പരാതിക്കാരിയായ ഭാര്യയെ ഒഴിവാക്കി മറ്റുള്ളവർ ഭർത്താവിനുപിന്നാലെ കൂസലില്ലാതെ ഇറങ്ങിപ്പോകുകയും ചെയ്തു. ഒരു കല്യാണം കഴിച്ച് കുട്ടിയുണ്ടാകുന്നതോടെ സാമ്പത്തികപ്രശ്‌നം തുടങ്ങും. അതു പരിഹരിക്കാൻ മറ്റൊരു കല്യാണം കഴിക്കും. ഇതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്തുവെന്നല്ലാതെ പരാതിയില്ലാത്തതിനാൽ പൊലീസിനും ഒന്നും ചെയ്യാനായില്ല. ഏതായാലും കുടുങ്ങിയെന്നു ബോധ്യമായതോടെ നിലവിലുള്ള രീതിയിൽ കെട്ടിയോന്റെകൂടെ തുടരാൻ തന്നെയാണ് ആറു ഭാര്യമാരുടെയും തീരുമാനം. ദല്ലാളിനോയും പൊലീസ് ചോദ്യം ചെയ്തു. ദല്ലാളും ഒന്നിലേറെ കല്യാണം കഴിച്ചിട്ടുള്ളതായി ചോദ്യം ചെയ്യലിൽ പൊലീസിനോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP