Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെണ്ണെഴുത്ത് സ്ത്രീവിരുദ്ധം; മതവിശ്വാസം എന്റെ എഴുത്തിനു ബാധ്യതയായിട്ടില്ല; ചില സംഭവങ്ങൾ പെരുപ്പിച്ചുകാട്ടി മലപ്പുറത്തെ താറടിക്കുന്നു; യുവകഥാകാരി ഇ കെ ഷീബ മറുനാടൻ മലയാളിയോടു സംസാരിക്കുന്നു

പെണ്ണെഴുത്ത് സ്ത്രീവിരുദ്ധം; മതവിശ്വാസം എന്റെ എഴുത്തിനു ബാധ്യതയായിട്ടില്ല; ചില സംഭവങ്ങൾ പെരുപ്പിച്ചുകാട്ടി മലപ്പുറത്തെ താറടിക്കുന്നു; യുവകഥാകാരി ഇ കെ ഷീബ മറുനാടൻ മലയാളിയോടു സംസാരിക്കുന്നു

ള്ളുവനാടിന്റെ സൗന്ദര്യം, ഏറനാടിന്റെ അതിർത്തി... പെരിന്തൽമണ്ണ കേരളത്തിൽ രാഷ്ട്രീയത്തിലും സാഹിത്യത്തിലും സ്വന്തം വഴി വെട്ടിത്തുറന്ന നാടാണ്. രാഷ്ട്രീയത്തിൽ ഇ എം എസും എഴുത്തിൽ ചെറുകാടും തുറന്നിട്ട വിപ്ലവത്തിന്റെ ജ്വാലാമുഖിയായ നാട്. പുതുതലമുറയിൽ എഴുത്തിൽ പുതുവഴി തുറക്കുകയാണ് ഷീബ. ഇ കെ ഷീബയെന്ന എഴുത്തുകാരി മലയാളത്തിന്റെ അകംപുറങ്ങളിലേക്ക് എഴുത്തായി തുറന്നിടുന്നതു വലിയൊരു ലോകമാണ്. സ്വന്തം നാടിന്റേയോ ലോകത്തിന്റേയോ കുറേ ആകുലതകളും സ്വപ്നങ്ങളും. യുവതലമുറയിൽ ശ്രദ്ധേയയായ എഴുത്തുകാരിയായി മാറുമ്പോൾ ഇ കെ ഷീബ മറുനാടൻ മലയാളിയോടു സംസാരിക്കുന്നു.

  • താമസിയിൽ തുടങ്ങിയ എഴുത്ത് ജീവിതം ദുനിയയിൽ എത്തി നിൽക്കുമ്പോൾ, ഒരു എഴുത്തുകാരി എന്ന നിലയിൽ സ്വയം എങ്ങനെ വിലയിരുത്തുന്നു?

18 വർഷത്തെ എഴുത്തു ജീവിതത്തിൽ വളരെക്കുറച്ചേ എഴുതിയിട്ടുള്ളൂ.എങ്കിലും എഴുതിയതിൽ ഞാൻ സംതൃപ്തയാണ്. സ്വയം വിലയിരുത്തുമ്പോൾ ആദ്യകാല കഥകളിൽ നിന്നും ഒരുപാടു മാറ്റങ്ങൾ വന്നതായി മനസ്സിലാക്കാൻ കഴിയുന്നു. ഭാഷയിലും വിഷയസ്വീകരണത്തിലും ഏറെ മാറിപ്പോയിട്ടുണ്ട്. ആദ്യകാലകഥകൾ കോളജ് കാലഘട്ടത്തിലെഴുതിയവയാണ്. ഏതൊരു പെൺകുട്ടിയിലും ഉണ്ടാകുന്ന തരളമായ കാല്പനികതകൾ അക്കാലത്തെ കഥകളിൽ വായിക്കാനാവും. സമൂഹത്തിന്റെ ഇടപെടലുകളിൽ നിന്നാണ് പുതിയ കഥകളുടെ പിറവി.. ആശയം മനസ്സിൽ വന്നാലും ശക്തമായ തോന്നൽ ഉണ്ടാവുമ്പോൾ മാത്രമേ എഴുതാറുള്ളൂ.

  • എഴുത്തുകാരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ദേശമാണെന്ന് കേട്ടിട്ടുണ്ട്. മലപ്പുറമാണ് ഷീബയുടെ നാട്. പക്ഷേ, കഥകളിൽ എവിടേയും ആ നാടിന്റേയോ ഭാഷയുടേയോ സ്വാധീനം കാണാറില്ലല്ലോ?

വീട്, പ്രിയപ്പെട്ടവർ എന്നതുപോലെ നാടും എന്റെ ദൗർബല്യമാണ്. മലപ്പുറം ജില്ലയിൽ ജീവിക്കുന്ന ഒരു മുസ്ലിം എന്ന നിലയിൽ എഴുതുതാത്തതെന്ത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലാണെങ്കില്പോലും നഗരവല്ക്കരിക്കപ്പെട്ട പെരിന്തൽമണ്ണ ടൗണിലാണ് ജനിച്ചതും ജീവിക്കുന്നതും. പിതാവിന്റെ കുടുംബം മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരായിരുന്നതിനാൽ വളർന്ന സാഹചര്യങ്ങൾ ഒട്ടും യാഥാസ്ഥിതികമായിരുന്നില്ല.
എപ്പോഴും പല ജില്ലക്കാരായ അതിഥികൾ വന്നിരുന്ന വീടായിരുന്നു എന്റേത്. മലപ്പുറത്തിനു തനതായ പ്രത്യേകഭാഷ എന്റെ നാട്ടിൽ പറഞ്ഞുകേട്ടിട്ടുമില്ല. ഇരുപതു കിലോമീറ്റർ ദൂരം മാത്രമുള്ള മലപ്പുറം നഗരത്തിൽ 'എന്താ' എന്നതിന് 'എത്താ' എന്നു പറയുമ്പോൾ പെരിന്തൽമണ്ണക്കാരന് ആ ഭാഷ അന്യമാണ്. വീട്ടിൽ പുസ്തകങ്ങളും സംഗീതവും സിനിമയും ഉണ്ടായിരുന്നു. തിയറ്ററിൽ പോയി സിനിമ കാണാൻ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. പ്രത്യക്ഷത്തിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും എന്റെ കഥാപാത്രങ്ങളിൽ നാട്ടുകാരും പരിചയക്കാരുമുണ്ട്. ചിലപ്പോൾ അവരെ വേറെ നാട്ടിൽ, വേറെ സാഹചര്യത്തിൽ കൊണ്ടുപോയി പ്രതിഷ്ഠിക്കാറുണ്ട്. ഒരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ പലയാളുകളുടെ സ്വഭാവം ചേർത്ത് പുനർനിർമ്മിക്കാറുമുണ്ട്. അതെല്ലാം എഴുത്തുകാരിയുടെ സ്വാതന്ത്ര്യങ്ങളാണല്ലോ. പിന്നെ മലബാർ ഭാഷയും അവിടത്തെ കഥകളും പറഞ്ഞ് പഴകിക്കഴിഞ്ഞു. സിനിമക്കാരും അതെല്ലാം നല്ലവണ്ണം ഉപയോഗിച്ചിട്ടുണ്ട്. ജീവിക്കുന്ന ചുറ്റുപാടിനനുസരിച്ച് ,സംസാരിക്കുന്ന ഭാഷക്കനുസരിച്ചേ എനിക്ക് അനായാസം എഴുതാൻ കഴിയൂ. നീലലോഹിത്തിന്റെ മുൻകുറിപ്പിൽ ഞാൻ അത് വിശദീകരിച്ചിട്ടുണ്ട്. നാടൻ ഭാഷയിൽ ഞാൻ ഒരു കഥയേ എഴുതിയിട്ടുള്ളൂ. കശാപ്പ്. എന്റെ വായനക്കാർ അപ്പോൾത്തന്നെ പ്രതികരിച്ചു. കഥ നന്ന്, പക്ഷേ ഈ ഭാഷ എനിക്കു ചേരില്ലെന്ന്!

  • ഷീബയുടെ കഥാപാത്രങ്ങൾ പലപ്പോഴും ആർക്കൊക്കെയോ പ്രതീക്ഷകളായി മാറാറുണ്ട്. പ്ലേസ്റ്റേഷനിലെ 'അച്ഛൻ മുഖമുള്ള മനുഷൻ'ദൂരെ എവിടെയൊക്കെയോ തനിച്ചായിപ്പോയ പെൺകുട്ടികൾക്കും, ചെറിമരങ്ങളിലെ ഗ്രീഷ്മകാലം എന്ന കഥയിലെ അന്ന കുറേ അനാഥ ബാല്യങ്ങൾക്കും പ്രതീക്ഷയായിരുന്നു. ഷീബയുടെ കഥ ആർക്കെല്ലാം പ്രതീക്ഷ നൽകണം എന്നാഗ്രഹിക്കുന്നു?

പ്രതീക്ഷകളാണല്ലോ നമ്മെ ജീവിപ്പിക്കുന്നത്. ജീവിതത്തിൽ ഒറ്റപ്പെടുക എന്നതാണ് ഏറ്റവും വലിയ ദുരന്തം എന്നു ഞാൻ വിശ്വസിക്കുന്നു. നമ്മെ മനസ്സിലാക്കാൻ ഒരാളില്ലാതിരിക്കുക എന്നത് വേദനാജനകമാണ്. സഹതാപമല്ല തന്മയീഭാവമാണ് വേണ്ടത്. വേദനിക്കുന്ന, അനീതി അനുഭവിക്കുന്ന തനിച്ചായിപ്പോകുന്നവർക്ക് പ്രതീക്ഷ നല്കാനായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. സമാനമനസ്‌കർ ഭൂമിയിലുണ്ട് എന്നൊരു അടയാളമെങ്കിലും നൽകാൻ കഴിയണം എന്നു കൊതിക്കുന്നു.

  • സ്ത്രീജന്മം കിട്ടിയതിൽ സ്വയം ശപിക്കുന്നുവെന്നും, ഭാരമില്ലാത്ത മനസുമായി ഒറ്റക്കൊരു പെണ്ണിന് രാത്രിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള ഭാഗ്യം ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉണ്ടാകുമോ എന്ന് ചിന്തിക്കുന്നതു പോലും അഹങ്കാരമാണെന്നും 'പെൺരാത്രികൾ' എന്ന ലേഖനത്തിൽ ഷീബ എഴുതുകയുണ്ടായി. പ്രതീക്ഷ നഷ്ടപ്പെട്ട പെണ്മനസിന്റെ ആശങ്കകളായിരുന്നോ അതെല്ലാം?

കുട്ടിക്കാലത്ത് കരുതിയിരുന്നു ഞാൻ വലുതാകുന്ന കാലത്ത് സ്ത്രീകൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ പഠിച്ച്, ജോലിനേടി ആത്മവിശ്വാസത്തോടെ, സമാധാനത്തോടെ ജീവിക്കുമെന്ന്. വളർന്നപ്പോൾ ചുറ്റുമുള്ള സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസം, നല്ല ജോലികൾ, ആത്മവിശ്വാസം എല്ലാം ഉണ്ടായി. പക്ഷേ സമൂഹത്തിന് സ്ത്രീകളോടുള്ള മനോഭാവം പണ്ടത്തേതിനേക്കാൾ മോശമായി. മുമ്പെല്ലാം പ്രായം ചെന്ന സ്ത്രീകൾക്ക് ഒരു ആദരവു നല്കിയിരുന്ന സമൂഹം ഇപ്പോൾ എൺപതുകാരിയെപ്പോലും എങ്ങനെ പീഡിപ്പിക്കാം എന്നാണ് ചിന്തിക്കുന്നത്. പണ്ട്, നേരം അൽപം ഇരുട്ടിയാലും തൊഴിലാളി സ്ത്രീകൽ ചന്തയിൽ പോയി പച്ചക്കറിയും മീനുമൊക്കെ വാങ്ങിയിട്ട് വീട്ടിലേക്കു പോകുന്നതു കാണാമായിരുന്നു.അന്നെല്ലാം സന്ധ്യാപ്രാർത്ഥന കഴിഞ്ഞാൽ എന്റെ ചുറ്റുവട്ടത്തുള്ള സ്ത്രീകൾ ഒന്നിച്ച് അയൽ വീടുകൾ സന്ദർശിക്കാൻ പോകാറുണ്ടായിരുന്നു. ഇപ്പോൾ അവിടെയെല്ലാം ബാറുകൾ ആണ്. സന്ധ്യകഴിഞ്ഞാൽ അതിലൂടെ നടക്കാൻ വയ്യ. ഏഴുമണി കഴിഞ്ഞ് അബദ്ധത്തിൽ റോഡിൽ തനിച്ചാവുന്ന ഓരോ സ്ത്രീയുടെ മുഖത്തും പരിഭ്രമമല്ലാതെ മറ്റൊന്നും കാണാൻ കഴിയുന്നില്ല. സ്ത്രീജന്മംം പലപ്പോഴും ഭാരമായിട്ടുണ്ട് എന്നു പറയാൻ എനിക്കു വിഷമമില്ല. കാരണം പെൺരാത്രികളിൽ ഉണ്ടായ ദുരനുഭവം ഞാൻ ഒരു സ്ത്രീയായിപ്പോയി എന്നതുകൊണ്ടു മാത്രമാണ് സംഭവിച്ചത്. എങ്കിലും വരുംകാലങ്ങളിൽ സ്ത്രീകൾ കൂടുതൽ ആർജ്ജവം നേടുമെന്ന് പ്രതീക്ഷയുണ്ട്. കാരണം അനീതികളും അക്രമങ്ങളും എന്നും തുടരാനാവില്ല. അതിനെതിരെ എന്തെങ്കിലും തിരിച്ചടി വരാതിരിക്കില്ല.

  • കഥകൾക്ക് ധാരാളം വായനക്കാരുണ്ട്. പക്ഷെ, ദുനിയ എന്ന നോവലിലേക്ക് എത്തിയപ്പോൾ അത്രത്തോളം വിജയിക്കപ്പെട്ടില്ല എന്നു പറഞ്ഞാൽ ഷീബ എങ്ങനെ പ്രതികരിക്കും?

ദുനിയ എന്റെ ആദ്യത്തെ നോവലാണ്. ഒരു കഥയ്ക്ക് ഉൾക്കൊള്ളാൻ പരിമിതികളുണ്ടായിരുന്ന ആശയത്തെ നോവലാക്കിയെന്നും പറയാം. ദുനിയ എഴുതിപ്പൂർത്തിയാക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. കാരണം ഞാൻ പറയാനാഗ്രഹിച്ച കുറേക്കാര്യങ്ങൾ അതിലുണ്ട്. പുസ്തകം പുറത്തിറങ്ങിയിട്ട് ഒരു മാസമായതേയുള്ളൂ. ഇതിനോടകം ലഭിച്ച പ്രതികരണങ്ങളൊന്നും തന്നെ നിരുത്സാഹപ്പെടുത്തുന്നതായിരുന്നില്ല. ദുനിയയെപ്പോലെ ഒരു പെൺകുട്ടിയെയാണ് ഭാവിവധുവായി കാണുന്നതെന്നു പറഞ്ഞ വിദ്യാർത്ഥിയും ഭാവിയിൽ ഒരു മകളുണ്ടാവുമ്പോൽ ദുനിയയെന്നു പേരിട്ടോട്ടെ എന്നനുവാദം ചോദിച്ച പെൺകുട്ടിയും ഒരുപാടു സന്തോഷം നല്കി. അതോടൊപ്പം കഥകളാണ് കൂടുതൽ ഇഷ്ടം എന്നും ഒന്നു രണ്ടുപേർ പറഞ്ഞു. എല്ലാം ഒരുപോലെ സ്വീകരിക്കുന്നു. പ്ലേ സ്റ്റേഷന് തരുന്ന വായനാനുഭവമല്ല ദുനിയയിൽ. അത് മറ്റൊരു കോണിലൂടെ വായിക്കേണ്ടതാണ്. എന്തായാലും ദുനിയയെ ഞാൻ വായനക്കാർക്കു മുമ്പിൽ സമർപ്പിച്ചു കഴിഞ്ഞു. മുൻവിധികളില്ലാതെ വായിക്കട്ടെ. നോവൽ എന്നതിനേക്കാളുപരി ചെറുകഥ തന്നെയാണ് എനിക്ക് കൂടുതൽ സൗകര്യപ്രദം. വീട്ടിലേയും ജോലിസ്ഥലത്തേയും തിരക്കുകൾക്കിടയിൽ ചെറുകഥയെഴുത്താണ് പെട്ടെന്നു ചെയ്യാനാവുക. നോവലെഴുത്ത് ഒരുപാടു സമ്മർദ്ദങ്ങൾ തരുന്നു. പൂർത്തിയാക്കാൻ വർഷങ്ങളെടുക്കുമെന്നതും പ്രശ്‌നമാണ്. ഉടനെ ഒരു നോവൽ എഴുതാൻ സാദ്ധ്യതയില്ല. ഒരു ലഘുനോവൽ ഹരിതം ബുക്ക്‌സിന്റെ മതേതരം മാസികയിൽ ഡിസംബറിൽ പ്രസിദ്ധീകരിക്കുന്നുണ്ട് ചിന്മയിയുടെ വീട്. വളരെക്കാലത്തിനു ശേഷം കാല്പപനികതയിലേക്കുള്ള ഒരു തിരിച്ചുപോക്ക്!

  • 'കനലെഴുത്തി'ലെ മാലിനി നാരായണൻ എന്ന കഥാപാത്രത്തെ പോലെ, ഷീബക്കൊപ്പവും ഷീബക്കു ശേഷവും വന്ന പല എഴുത്തുകാരികളും പിന്നീട് എവിടേക്കൊക്കെയോ അപ്രത്യക്ഷരായി. എന്താണ് നമ്മുടെ പല എഴുത്തുകാരികൾക്കും സംഭവിക്കുന്നത്?

പ്രതിഭയുള്ള സ്ത്രീകൾക്കു സംഭവിക്കുന്ന ദുരന്തങ്ങൾ തന്നെ. വിവാഹശേഷം കുടുംബം, കുട്ടികൾ, വീട്, പാചകം എല്ലാം സ്ത്രീ തന്നെ ചുമലിലേറ്റിക്കൊള്ളണം എന്ന നിലപാട് മാറാത്തിടത്തോളം പ്രതിഭാനഷ്ടങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. കുടുംബം നന്നായി നടത്തിക്കൊണ്ടുപോകാമെങ്കിൽ മാത്രം ജോലിക്കു പൊയ്‌ക്കോളൂ എന്നു ഔദാര്യത്തോടെ അനുവാദം നല്കുന്ന ഭർത്താവിന്റെ കൂടി ബാധ്യതയാണ് കുടൂംബം എന്ന് ഓർമ്മിപ്പിക്കാൻ നമ്മുടെ സാമൂഹ്യപരിസ്ഥിതികൾ അനുവദിക്കുന്നുമില്ല. പരസ്യങ്ങളിലും മറ്റും കാണുന്നതും കുട്ടിക്കാലം മുതലേ നമ്മുടെ സങ്കല്പങ്ങളിൽ പതിഞ്ഞതുമായ ചിത്രങ്ങൾ പാചകം ചെയ്യുന്നു, തുണിയലക്കുന്ന അമ്മമാരുടേതും പത്രം വായിക്കുന്ന, ടി വി കാണുന്ന അച്ഛഗ്ഗ#ാരേയുമാണല്ലോ. മനസ്സിൽ ഒരു ആശയം വരുമ്പോൽ സ്വസ്ഥതയോടെ ഇരുന്നെഴുതാൻ ഏതു കുടുംബിനിക്കാണ് സ്വാതന്ത്ര്യമുള്ളത്. സാമൂഹികമായും ജൈവികമായും സങ്കീർണ്ണമായ ഉത്തരവാദിത്തങ്ങൾ നിറഞ്ഞതാണ് സ്ത്രീയുടെ ദൈനംദിന ജീവിതം. എഴുത്തിന് ഇവയെല്ലാം പരിമിതികൾ സൃഷ്ടിക്കുന്നുണ്ട്. ഒരു സ്ത്രീക്ക് എഴുത്തുകാരിയാവാൻ കിട്ടുന്നത് ദിവസത്തിന്റെ വളരെക്കുറച്ചു സമയം മാത്രമാണ്. ഉദ്യോഗസ്ഥ കൂടിയാണെങ്കിൽ ഒട്ടും വിശ്രമമില്ല. വീട്ടുജോലികളിൽ സഹായിക്കുന്ന അപൂർവ്വം പുരുഷഗ്ഗ#ാരുണ്ട് എന്നതു വിസ്മരിക്കുന്നില്ല. എങ്കിലും വീടിന്റെ ചുമതലകളിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞുമാറി ഇത്തരം ബുദ്ധിപരമായ ജോലികൾ ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞു എന്നു വരില്ല. പുരുഷഗ്ഗ#ാർ എഴുതാനായി വീടുവിട്ട് ലോഡ്ജിൽ താമസിക്കുന്നതുപോലെ കുടുംബിനിയായ ഒരു എഴുത്തുകാരിക്ക് സമൂഹം എത്ര കണ്ട് സ്വാതന്ത്ര്യം അനുവദിക്കും? നന്നായി വായിച്ചിരുന്ന പല പെൺകുട്ടികളും പത്രം പോലും വായിക്കാൻ സമയം കിട്ടാറില്ല, ഇപ്പോൾ വായിക്കണമെന്നു തോന്നാറുമില്ല എന്നു പറയാറുണ്ട്. ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത് വിവാഹത്തിനു മുമ്പുള്ള പോലെ ഒരുപാടു പുസ്തകങ്ങൾ വായിക്കണം എന്നു പറഞ്ഞിരുന്ന പരിചയക്കാരിയായ അദ്ധ്യാപിക ഒരിക്കൽ പറഞ്ഞു, ഇപ്പോൾ പേരക്കുട്ടികളെ നോക്കാനല്ലാതെ മറ്റൊന്നിനും സമയമില്ല എന്ന്. വാതം വന്ന കാലുകൾ കൊണ്ട് കുസൃതികളായ കുട്ടികൽക്കൊപ്പം ഓടി അവർക്കു വയ്യാതെയായിരുന്നു. റിട്ടയർ ചെയ്യേണ്ടിയിരുന്നില്ല എന്ന് അവര് പറഞ്ഞപ്പോൾ വല്ലാതെ വേദന തോന്നി. ശവക്കുഴിയിൽ മാത്രമാണോ സ്ത്രീക്ക് സ്വസ്ഥത?

  • മലയാളി നൊസ്റ്റാൾജിയയുടെ തടവുകാരനാണെന്ന് എവിടെയോ കേട്ടിട്ടുണ്ട്. ഷീബയുടെ പല കഥകളിലും ഈ നൊസ്റ്റാൾജിയ കടന്നു വരാറുണ്ട്. ഇപ്പോഴും ഓർമ്മകളുടെ തടവറയിലാണോ?

ഞാൻ ഓർമ്മകളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു. ഒന്നര വയസ്സുമുതലുള്ള മിക്കവാറും സംഭവങ്ങൾ എനിക്കോർമ്മയുണ്ട്. ആദ്യത്തെ ഫോട്ടോ എടുത്ത ദിവസം ,സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ജഗ്ഗദിനങ്ങൾ, വിവാഹവാർഷികം അങ്ങനെയുള്ള നിസ്സാരകാര്യങ്ങൾ പോലും ഓർമ്മിക്കാറുണ്ട്. അതുപോലെ എപ്പോഴോ കണ്ട കഥാപാത്രങ്ങൾ ഉള്ളിൽ കിടക്കുന്നുണ്ടാവും. അവരിൽ നിന്നെല്ലാം കഥയുണ്ടാവുന്നത് പിന്നെയും ഏറെക്കാലം കഴിഞ്ഞാണ്. എന്റെ നാട്, വീട്, മുറി, മരങ്ങൾ, ആളുകൾ, ഋതുഭേദങ്ങൾ എല്ലാറ്റിനേയും വളരെ ഗൃഹാതുരത്വത്തോടെ കാണുന്നയാളാണ് ഞാൻ. ഓർമ്മകളില്ലെങ്കില്പിന്നെ ഞാനില്ല.

  • സ്വപ്നാടനം ഒരു സ്ത്രീയുടെ കഥയായി പറയുമ്പോൾ തന്നെ അതൊരു സ്ത്രീവിരുദ്ധ കാഴ്ചപ്പാടല്ലേ ഉയർത്തുന്നത്?

അത് സ്ത്രീകളെ പരിഹസിച്ചു കൊണ്ടെഴുതിയ കഥയാണ്. വ്യത്യസ്തതയുള്ള സ്ത്രീകളുണ്ട്. അവരിൽ പലരും തിരിച്ചറിയപ്പെടാതെ പോകാറുമുണ്ട്. അതേ സമയം താൻ എന്താണെന്നു തിരിച്ചറിയാതെ ഒരു വലിയ സംഭവമാണു ഞാൻ എന്നു കരുതുന്നവരേയും കണ്ടിട്ടുണ്ട്. അത്തരം ഒരു കഥാപാത്രത്തെയാണ് സ്വപ്നാടനത്തിൽ കൊണ്ടുവന്നത്. തികച്ചും ശരാശരി കഴിവുകളുള്ള ,സംതൃപ്തമായ ചുറ്റുപാടുള്ള വീട്ടമ്മ. സ്വയം സങ്കല്പിച്ചുണ്ടാക്കുന്ന അസംതൃപ്തികളാണ് അവൾക്ക്.

  • മുസ്ലിം യാഥാസ്ഥിക കാഴ്ചപ്പാടുകൾക്കു നല്ല വേരോട്ടമുള്ള മണ്ണിൽനിന്നാണു ഷീബയുടെ വരവ്. നൃത്തം പഠിക്കാൻ പോയ മൻസിയയെയും സഹോദരിയെയും ഭ്രഷ്ടാക്കിയ നാടുമാണ്. എഴുത്ത് എന്നു പറയുന്നത് സർഗപ്രക്രിയ എന്നതിനപ്പുറം തുറന്നുപറച്ചിൽ കൂടിയാകുമ്പോൾ ഈ യാഥാസ്ഥിതിക ചുറ്റുപാട് സ്വാധീനമോ ബാധ്യതയോ ആയിട്ടുണ്ടോ?

നേരത്തെ പറഞ്ഞ പോലെ യാഥാസ്ഥിക കുടുംബവും ചുറ്റുപാടുകളുമായിരുന്നില്ല ഞാൻ വളർന്നത്. എന്റെ സഹപാഠികളായ മുസ്ലിം പെൺകുട്ടികൾ പലരും നൃത്തം പഠിക്കുകയും പൊതുവേദികളിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മതപരമായി ജീവിക്കുന്ന കുടുംബങ്ങളിൾ നിന്നുള്ളവരായിരുന്നു ഞങ്ങളെല്ലാം. ഞാനും വിശ്വാസിയാണ്. നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്നവളാണ്. മതത്തിന്റേത് എന്നു പറഞ്ഞുകൊണ്ടുള്ള കെട്ടുകാഴ്ചകൾ കൂടിവരികയാണ്. അതേസമയം യഥാർത്ഥ വിശ്വാസം എത്രപേർക്കുണ്ട്? പെൻഗ്വിൻ ജീവിതം എഴുതിയതു തന്നെ ഇത്തരം കെട്ടുകാഴ്ചകളോടുള്ള എതിർപ്പു കൊണ്ടാണ്. ആളുകൾക്കിടയിൽ ഞാൻ മതവിശ്വാസിയാണെന്നു കാണിക്കാൻ തത്രപ്പെടുന്നവരെയാണ് ഇപ്പോൾ കൂടുതലും കാണുന്നത്. മലപ്പുറം ഒരുപാടു മാറിയിട്ടുണ്ട്. എത്രയോ മുസ്ലിം പെൺകുട്ടികൾ പൊതുവേദികളിൽ നൃത്തം ചെയ്യുന്നുണ്ട്. പാട്ടുപാടുന്നുണ്ട്. അവരെയൊന്നും വിലക്കിയതായി കേട്ടിട്ടില്ല. മലപ്പുറത്തെ മുഴുവൻ താറടിക്കുന്ന രീതിയിൽ അപൂർവ്വം ചില സംഭവങ്ങൾ പെരുപ്പിച്ചു കാണിക്കുന്നത് ശ്രദ്ധിക്കാറുണ്ട്. ഭ്രഷ്ടുകൾക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടായിരിക്കാം. എനിക്കതിനെക്കുറിച്ചു പറയാനാവില്ല. ഞാൻ എന്ന എഴുത്തു വ്യക്തി ഒരു സ്വതന്ത്ര്യവ്യക്തിയാണ്. ഞാൻ ആഗ്രഹിക്കുന്ന പോലെയാണ് എഴുതുന്നത്. സമൂദായം, സമൂഹം എന്തു പറയുന്നു എന്നൊക്കെ ആലോചിച്ചിരുന്നാൽ എഴുതാനാവില്ല. എന്റെ എഴുത്തിന് ഇതുവരെ സമൂദായമോ ചുറ്റുപാടോ ബാധ്യതയായിട്ടില്ല.പ്രോത്സാഹിപ്പിച്ചിട്ടുണ്ടു താനും. പെൻഗ്വിന് ജീവിതം എഴുതിയിട്ടുപോലും ആരും കുറ്റപ്പെടുത്തിയിട്ടില്ല.

  • ഒരു എഴുത്തുകാരിയാണെന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണ്?

കുട്ടിക്കാലത്തെല്ലാം ചെറിയ കഥകളും കവിതകളും എഴുതിയിട്ടുണ്ട് എന്നല്ലാതെ എഴുത്തിനെ ഒട്ടും ഗൗരവത്തോടെ എടുത്തിരുന്നില്ല. മാതൃഭൂമി ബാലപംക്തിയിലാണ് ആദ്യത്തെ രചന അച്ചടിച്ചു വന്നത്. പലരും വായിച്ച് അഭിപ്രായമറിയിച്ചപ്പോൾ വലിയ മോശമല്ല എന്നു തോന്നി. പിന്നീട് അല്പം കൂടി വലുപ്പമുള്ള കഥയെഴുതി. ഒരു പത്രവാർത്തയിൽ നിന്നായിരുന്നു അത്. ഒരു യുവതിയും പെൺകുഞ്ഞും കടലിൽ ചാടി ആത്മഹത്യചെയ്ത സംഭവം. അതിനെക്കുറിച്ച് എന്തൊക്കെയോ ആലോചിച്ചു കൂട്ടി. അവരുടെ പ്രതീക്ഷകളില്ലാത്ത ജീവിതം, കുടുംബം, മരിക്കുംമുമ്പുള്ള മാനസികാവസ്ഥ, അങ്ങനെ പലതും. അക്കാലത്ത് കടുത്ത വിഷാദം നിറഞ്ഞ ഒരു മാനസികാവസ്ഥയിലൂടെയായിരുന്നു ഞാനും കടന്നു പോയിരുന്നത്. എല്ലാവരുമുറക്കമായ ഒരു രാത്രിയിൽ, ശീതക്കാറ്റിൽ മുറ്റത്ത് കരിയിലകൾ പറന്നുപോകുന്ന ശബ്ദം കേട്ട് കഥയെഴുതുമ്പോൾ ആരോ കൂട്ടിരിക്കുന്ന പോലെ അനുഭവപ്പെട്ടു. താമസി എന്ന ആ കഥ വനിത കഥാ മത്സരത്തിൽ സമ്മാനം കിട്ടിയെന്ന വാർത്തയുമായി പോസ്റ്റ്മാൻ വന്നപ്പോൾ ഒരു വഴിത്തിരിവിലെത്തിയതുപോലെ തോന്നി. എഴുത്തായിരുന്നു ആ രാത്രിയിൽ കൂട്ടിരുന്നതെന്ന് അപ്പോൾ തിരിച്ചറിഞ്ഞു. എഴുത്തു കൂട്ടു വന്ന ആ രാത്രി ഇപ്പോഴും നിർവചിക്കാനാവാത്ത ഒരു അനുഭവമാണ്.

  • ഒരു വീട്ടിൽ നിന്നും രണ്ട് എഴുത്തുകാരികൾ. അനുജത്തി ഷാഹിനയും മലയാളത്തിലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയാണ്. പരസ്പരം വിലയിരുത്തലുകളൊക്കെ നടത്താറുണ്ടോ?

പൊതുവെ സാഹിത്യം സംസാരിക്കാൻ താല്പര്യമില്ലാത്തയാളാണ് ഞാൻ. വല്ലപ്പോഴും സാഹിത്യം ചർച്ചാവിഷയമാവാറുണ്ട് എന്നല്ലാതെ പരസ്പരം വിലയിരുത്തലുകളൊന്നും നടത്താറില്ല. എഴുത്തിൽ പരസ്പരം ഇടപെടാറുമില്ല. അത് അവരരവരുടെ സ്വകാര്യലോകം.

  • സ്ത്രീക്കു പറയാൻ ഒരുപാടു കാര്യങ്ങളുണ്ട്, പോരടിക്കാനും. എഴുതാനുമുണ്ട് കുറേ. ഇതിനൊക്കെയായി നിൽക്കുന്നവരെ ഇന്നു ഫെമിനിസം, പെണ്ണെഴുത്ത് എന്നീ രണ്ടു ശ്രേണികളുടെ ചുവട്ടിൽ അണിനിരത്താനാണ് സമൂഹം താല്പര്യം കാട്ടുന്നതെന്നു പൊതുവിൽ പറയാം. ഈ രണ്ടു ശ്രേണികൾ പെണ്ണിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാനോ അഡ്രസ് ചെയ്യാനോ എത്രമാത്രം വിജയിക്കുന്നുണ്ട്?

ഫെമിനിസത്തോട് എനിക്കു താൽപര്യമില്ല. സ്ത്രീകളും പുരുഷഗ്ഗ#ാരും പരസ്പര സഹവർത്തിത്വത്തോടെ ജീവിക്കുക എന്നതാണ് സ്വപ്നം. സ്ത്രീയും പുരുഷനും എതിരാളികളല്ല, പങ്കാളികളാണ്. പുരുഷനില്ലാത്ത ലോകവും സ്ത്രീയില്ലാത്ത ലോകവും ഒരുപോലെ വിരസമാണ്. പുരുഷഗ്ഗ#ാർക്കെതിരെ കുറ്റപത്രം എഴുതുന്ന, കുടംബജീവിതത്തെ വിമർശിക്കുന്ന സ്ത്രീകൾ തന്നെ ചിലപ്പോൾ സ്വയം വില്പനച്ചരക്കായി പ്രദർശനം നടത്തുന്നത് ലജ്ജാകരം എന്നേ തോന്നിയിട്ടുള്ളൂ. അതുപോലെ പെണ്ണെഴുത്തിനോടും എനിക്കു യോജിക്കാനാവില്ല. സ്ത്രീ അവളുടെ അനുഭവങ്ങളില് നിന്നാണ് എഴുതുന്നത്. അത് പെണ്ണെഴുത്താണെങ്കിൽ പുരുഷന്റേത് ആണെഴുത്ത് എന്നു പറയാമല്ലോ. പെണ്ണെഴുത്ത് എന്നു പറയുന്നതു തന്നെ സ്ത്രീ വിരുദ്ധമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എഴുതുമ്പോൾ അത് ആണോ പെണ്ണോ അല്ല. എഴുത്തുവ്യക്തിയാണ്. കഥയെഴുതി സമൂഹം നന്നാവുമെന്നു വിശ്വസിക്കുന്നില്ല. സമൂഹം നന്നാവുന്നത് വ്യക്തികൾ നന്നാവുമ്പോഴാണ്. അതിന് മൂല്യങ്ങൾ പറഞ്ഞു കൊടുത്ത് പരസ്പര ബഹുമാനത്തോടെ ആൺ, പെൺ വേർതിരിവുകളില്ലാതെ കുട്ടികളെ വളർത്തുകയാണ് ചെയ്യേണ്ടത്. ആരോഗ്യകരമായ ഇടപഴലുകളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

  • പഠനകാലത്തെക്കുറിച്ചുള്ള ഓർമകൾ എന്തൊക്കെയാണ്. അത്തരം ഓർമകളിൽനിന്നു കഥകൾ ജനിച്ചിട്ടുണ്ടോ? അനുഭവങ്ങളിൽ നിന്നാണോ കഥകളുണ്ടാകാറുള്ളത്?

മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളജിലാണ് ഞാൻ പഠിച്ചത്. കൊമേഴ്‌സ് ആയിരുന്നു വിഷയം. കോളജിന് ഹൃദയഹാരിയായ ഒരു അന്തരീക്ഷമുണ്ടായിരുന്നു. എല്ലാ ഋതുഭേദങ്ങളും സുന്ദരമായിരുന്നു അവിടെ. നിറയെ മരങ്ങളും മനോഹരമായ ലൈബ്രറിയുമുണ്ടായിരുന്നു. ഡിസംബറിൽ പാലക്കാടൻ കാറ്റ് മരങ്ങൾക്കിടയിലൂടെ ചൂളം വിളിക്കുന്നത് കേൾക്കാന് വേണ്ടി മാത്രം പോയിരുന്നു. ആദ്യ കഥാസമാഹാരം വൈ ടു കെ യിലെ മിക്ക കഥകളും കോളജ് കാലത്ത് എഴുതിയതാണ്.

ആശയങ്ങൾ പലവിധത്തിലും കടന്നുവരാറുണ്ട്. സ്വന്തം അനുഭവങ്ങളോ പരിചയക്കാരുടെ അനുഭവങ്ങളോ പത്രവാർത്തയോ അതിനു തുടക്കം കുറിച്ചേക്കാം. പൂർണ്ണമായും സങ്കൽപത്തിൽ നിന്നു കഥ മെനയാൻ ഇതുവരെ ശ്രമിച്ചിട്ടില്ല.

  • വീടിനെയും കുടുംബത്തെയും കുറിച്ച്? ജോലി?

വാണിജ്യനികുതിവകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണർ ആയിരുന്ന ഇ കെ സൂപ്പിയാണ് പിതാവ്. മാതാവ് അയിഷ വീട്ടമ്മ. രണ്ടു സഹോദരിമാരും ഒരു സഹോദരനുമുണ്ട്.
വിദ്യാഭ്യാസവകുപ്പിൽ 2001 മുതൽ ജോലി ചെയ്യുന്നു. ഇപ്പോൾ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ സീനിയർ ക്ലർക്കാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP