Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ഓർത്തഡോക്‌സ് സഭയുടെ മാനേജിങ് കമ്മിറ്റിയംഗം ബാബു പാറയിൽ ചില്ലറക്കാരനല്ല; മകളുടെ കല്യാണത്തിൽ പങ്കെടുത്തത് പിണറായി വിജയൻ മുതൽ പന്ന്യൻ രവീന്ദ്രൻ വരെയുള്ള പ്രമുഖർ; ബെംഗളൂരുവിലെ 70 ഏക്കർ ഫാം ഹൗസ് പിണറായിയുടെ ആണെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ടുകൾ

മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ഓർത്തഡോക്‌സ് സഭയുടെ മാനേജിങ് കമ്മിറ്റിയംഗം ബാബു പാറയിൽ ചില്ലറക്കാരനല്ല; മകളുടെ കല്യാണത്തിൽ പങ്കെടുത്തത് പിണറായി വിജയൻ മുതൽ പന്ന്യൻ രവീന്ദ്രൻ വരെയുള്ള പ്രമുഖർ; ബെംഗളൂരുവിലെ 70 ഏക്കർ ഫാം ഹൗസ് പിണറായിയുടെ ആണെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ടുകൾ

എം.എസ്.സനിൽ കുമാർ

തിരുവനന്തപുരം: ബെംഗളരൂവിൽ മലയാളി വ്യവസായിയെ കിഡ്‌നാപ്പ്ചെയ്തതിന് അറസ്റ്റിലായ പത്തനംതിട്ട തുമ്പമൺ സ്വദേശി ബാബു പാറയിൽ ആളുചില്ലറക്കാരനല്ലെന്ന് തെളിയുന്നു. മലയാളി വ്യവസായി എൻ.എസ്.ഗണേശിനെ ഭൂമി തട്ടിയെടുക്കാൻ വേണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ, പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് ഓർത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റിഅംഗം കൂടിയായ ബാബു പാറയിൽ. തനിക്ക് മുഖ്യമന്ത്രി അടക്കമുള്ള ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ഇയാൾ സുഹൃത്തുക്കളോട് വീമ്പിളക്കിയിരുന്നു.

ബാബു പാറയിലിന്റെ മകളുടെ വിവാഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രമുഖ ഇടതുനേതാക്കൾ പങ്കെടുത്തതിന്റെ ചിത്രങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. പിണറായി വിജയനൊപ്പം ഭാര്യ കമലയും വിവാഹത്തിൽ പങ്കെടുത്തിരുന്നു.സി.പി.എം നേതാക്കളായ വി.ശിവൻകുട്ടി, എ.എ.റഷീദ്, സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ എന്നവരും വിവാഹത്തിൽ പങ്കെടുത്തു.വിവാഹത്തിൽ പങ്കെടുത്ത പിണറായിയും, ഭാര്യയും മറ്റുനേതാക്കളും ബാബുപാറയിലിനോടും ഇയാളുടെ കുടുംബത്തോടും ഒപ്പം നിന്ന് എടുത്ത ചിത്രമാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം രസിച്ചിരിക്കുമ്പോൾ തന്റെ സ്വാധീനബലവും, കഴിവും ബോദ്ധ്യപ്പെടുത്താൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുക ഇയാൾക്ക് ഹരമാണെന്ന് ജോസഫ് സാം തട്ടിക്കൊണ്ടുപോയ മലയാളി വ്യവസായി എൻ.എസ്.ഗണേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.
മുഖ്യമന്ത്രിയെ തനിക്കറിയാം എന്നും എന്താണ് തന്റെ ബലമെന്നും കൂട്ടുകാരെ കാണിക്കാനുള്ള പൊങ്ങച്ച പ്രകടനമാണിത്. പണത്തിനോടുള്ള ആർത്തി മൂത്ത് ഗണേശിനെ തട്ടിക്കൊണ്ടുപോകും വരെ ജോസഫ് സാം എന്ന ബാബു പാറയിൽ വിവിധ വേഷങ്ങൾ കലാചാതുരിയോടെ ആടി. ബെംഗളൂരുവിൽ മാതളക്കൃഷിക്കായി പാട്ടത്തിനെടുത്ത 70 ഏക്കർ വിജയേട്ടന്റേതാണെന്നാണ് എല്ലാവരോടും ഇയാൾ പറയുക. അന്വേഷണവുമായി ചെല്ലുന്ന ആളുകളോട് സ്ഥലം കേരള മുഖ്യമന്ത്രിയുടേതാണെന്നും പറയും. വിളവെടുപ്പാകുമ്പോൾ മുഖ്യമന്ത്രിക്ക് സമ്മാനമായി മാതളം അയയ്ക്കുന്ന പതിവും ഇയാൾക്കുണ്ടെന്ന് എൻ.എസ്.ഗണേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ബാബു പാറയിലിന്റെ തട്ടിപ്പുകളെ കുറിച്ച് ഒരുപക്ഷേ മുഖ്യമന്ത്രിക്ക് അറിവുണ്ടാകില്ല. അധികാരമേറ്റ് അധികം വൈകും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോടായി ഉറക്കെ പ്രഖ്യാപിച്ചിരുന്നു: 'എന്റെ പേരു പറഞ്ഞ് ചില അവതാരങ്ങൾ വന്നേക്കാം...അത്തരം അവതാരങ്ങളുടെ പേരിൽ ഒരു മുതലെടുപ്പും അനുവദിക്കില്ല' . സോളാർ പോലെ ഭരണക്കാരുടെ ആശ്രിതർ നടത്തുന്ന തട്ടിപ്പുകൾക്ക് തല വച്ചുകൊടുക്കരുതെന്ന മുന്നറിയിപ്പാണ് പിണറായി അന്നുനൽകിയത്. എന്നാൽ, അറിഞ്ഞോ, അറിയാതെയോ ഇത്തരം അവതാരങ്ങൾ തങ്ങളുടെ തട്ടിപ്പിനായി ഏതുഭരണത്തെയും ഉപയോഗിക്കുമെന്നതിന്റെ തെളിവാണ് ബെംഗളൂരുവിൽ കിഡ്‌നാപ്പിങ് കേസിൽ അറസ്റ്റിലായ ബാബു പാറയിൽ എന്ന ജോസഫ് സാമിന്റെ കഥ.

സോളാറിൽ സരിത.എസ്.നായരുടെ തട്ടിപ്പ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുപറഞ്ഞായിരുന്നു.തന്റെ സോളാർ ബിസിനസിന് ഉമ്മൻ ചാണ്ടിയുടെ ആശീർവാദമുണ്ടെന്നും, എല്ലാ വിധ പ്രോൽസാഹനങ്ങളും മുഖ്യമന്ത്രി നൽകുന്നുണ്ടെന്നും അവകാശപ്പെട്ടാണ് സരിത ആളുകളെ ക്യാൻവാസ് ചെയ്തത്. തന്റെ തട്ടിപ്പ് തിരിച്ചറിയാതിരിക്കാനും, ബിസിനസിന് വിശ്വാസ്യത നൽകാനുമാണ് സരിത ഈ തന്ത്രം പ്രയോഗിച്ചത്. ഇതേ തന്ത്രം തന്നെയാണ് ബാബു പാറയിലും ബെംഗളൂരുവിൽ പരീക്ഷിച്ചത്. താൻ പാട്ടത്തിനെടുത്ത 70 ഏക്കർ പിണറായി വിജയന്റേതാണെന്ന് നാട്ടാരോട് വീമ്പിളക്കുമ്പോൾ ഇയാൾ ലക്ഷ്യമിട്ടതും വിശ്വാസ്യത ആർജ്ജിക്കലാണ്.കൂടുതൽ തട്ടിപ്പുകൾ നടത്തും മുമ്പ് ബാബു പാറയിൽ കിഡ്‌നാപ്പിങ് കേസിൽ പിടിയിലായതുകൊണ്ട് കൂടുതൽ പേർ വെള്ളത്തിലായില്ലെന്ന് മാത്രം!

സി.പി.എം അനുകൂല സാംസ്‌കാരിക സംഘടനയായ സ്വരലയയുമായി അടുത്ത ബന്ധവും ബാബു പാറയിലിനുണ്ട്.ബെംഗളൂരുവിലേക്ക് പോകുന്നതിന് മുമ്പ് സ്വരലയയുടെ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു ഇയാൾ. മുൻ മന്ത്രി എം.എ.ബേബി, ഇടതുപക്ഷ മാധ്യമ പ്രവർത്തകൻ ആർ.എസ്.ബാബു എന്നിവരുമായും അടുത്ത ബന്ധമുണ്ടെന്ന് സൂചനയുണ്ട്.

ഓർത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റിയംഗമാകാൻ ബാബു പാറയിൽ പണവും സ്വാധീനവും, ഭീഷണിയും തരം പോലെ പ്രയോഗിച്ചു. തിരുവനന്തപുരം ഭദ്രാസനം അരമനയുമായി ബന്ധപ്പെട്ട വസ്തുസംബന്ധമായ കേസിൽ വ്യാജ ഐഡി ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വസ്തു എഴുതി വാങ്ങിയെന്ന ആരോപണം ബാബു പാറയിലിനെതിരെ ഉയർന്നിരുന്നു.കാലം ചെയ്ത മെത്രാപൊലീത്ത ഗീവർഗീസ് മാർ ദിയസ് കോറസിന്റെ പേരിൽ ആൾാമാറാട്ടം നടത്തി വ്യാജ ആധാരം രജിസ്റ്റർ ചെയ്ത സംഭവത്തിലാണ് ബാബു പാറയിൽ മുഖ്യ ആസൂത്രകനായത്.തിരുവനന്തപുരം പാങ്ങപ്പാറ വില്ലേജിലെ മൺവിളയിലുള്ള 50 സെന്റ് ഭൂമിയിന്മേലാണ് തട്ടിപ്പ് നടന്നത്.1999ൽ മരണപ്പെട്ട മാർ ദിയസ് കോറസിന്റെ പേരിലുള്ള ഭൂമിയായിരുന്നു ഇത്. വസ്തുസംബന്ധമായ രണ്ടുപ്രമാണങ്ങൾ ഇയാൾ അരമനയിൽ നിന്ന് മുക്കിയെന്നും ആരോപണമുണ്ട്.പൊലീസിനെ സ്വാധീനിച്ച് കേസ് മുക്കാൻ നോക്കിയെങ്കിലും, വാദിയായ പുന്നൂസ് കുര്യൻ അടക്കമുള്ളവരുടെ ശ്രമഫലമായി അന്വേഷണം ബാബു പാറയിലിലേക്കും നീണ്ടു.കേസ് ഇപ്പോൾ വിജിലൻസിന്റെ പരിഗണനയിലാണ്(കേസ് നമ്പർ 3/16).

കേസിലെ വാദിയായ പുന്നൂസ് കുര്യൻ തിരുവനന്തപുരത്ത് എംജി കോളേജിന് മുന്നിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചതും ആരോപണങ്ങളുടെ മൂർച്ച കൂട്ടി. ഓർത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി പൊതുയോഗത്തിൽ വച്ച് പുന്നൂസിനെതിരെ ബാബു പാറയിൽ ഭീഷണി ഉയർത്തിയതായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണിത്.'അടുത്ത പൊതുയോഗത്തിൽ നീ കാണില്ല എന്നായിരുന്നു ബാബുവിന്റെ ഭീഷണി' എംജി കോളേജിന് മുന്നിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പുന്നൂസ് കുര്യനെ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട കേസ് ബാബു പാറയിൽ അറസ്റ്റിലായതോടെ വീണ്ടും സജീവമായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ വീണ ജോർജ് മൽസരിച്ചപ്പോൾ സേവ് സിപിഎമ്മിന്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതുകൂടാതെ വീണയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചില പോസ്റ്ററുകളും വന്നിരുന്നു. ഇതിന് പിന്നിൽ ഇവരുടെ മുൻകാല കുടുംബസുഹൃത്ത് കൂടിയായ ജോസഫ് സാം എന്ന ബാബു പാറയിലായിരുന്നുവെന്നും ആരോപണമുണ്ട്.വ്യക്തമായ രാഷ്ട്രീയമോ വിശ്വാസമോ പുലലർത്താത്ത ഇയാൾക്ക് കയറി ചെല്ലുന്നയിടത്ത് ആധിപത്യം സ്ഥാപിക്കുക എന്നതാണ് പൊതുരീതി. 30 വർഷമായി ബെംഗളൂരുവിൽ ഇരുമ്പയിര് ഖനനം നടത്തുന്ന എൻ.എസ്.ഗണേശിനെ തട്ടിക്കൊണ്ടുപോയി പാട്ടത്തിനെടുത്ത ഭൂമി സ്വന്തമാക്കാൻ ശ്രമിച്ചതും ഇതേ ക്രിമിനൽ ബുദ്ധി ഉപയോഗിച്ചാണ്.

പുന്നൂസ് കുര്യന്റെ മരണവുമായി ബന്ധപ്പെട്ട തനിക്കെതിരായ കേസ് കൊടുമ്പിരി കൊണ്ടപ്പോഴാണ് ബാബു പാറയിൽ ബെംഗളൂരുവിലേക്ക് ചേക്കേറിയത്.
എറണാകുളത്ത് വച്ച് 7 വർഷം മുമ്പ് ഗണേശിനെ പരിചയപ്പെട്ടതിന്റെ ബലത്തിലായിരുന്നു വാഴകൃഷി തുടങ്ങാൻ വേണ്ടിയുള്ള ബെംഗളൂരു സന്ദർശനം..കേരളത്തിൽ ഒന്നും ചെയ്യാൻ പറ്റുന്നില്ല, അതാണ് ഇങ്ങോട്ട് പോന്നത് എന്നായിരുന്നു ഗണേശിനോട് ബാബു പറഞ്ഞത്.വാഴകൃഷി വേണ്ട, നല്ല സാധ്യതയുള്ള മാതളകൃഷിയാകാമെന്ന് ഗണേശ് ഉപദേശിച്ചു.

ബാബുവിന്റെ മകനും കൂടി ചേർന്ന് മൂവരും 70 ഏക്കർ പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. ഗണേശ് ഇരുമ്പയിര് ഖനനത്തിന്റെ തിരക്കിലായതിനാൽ ബാബുവാണ് കാര്യങ്ങൾ നോക്കിയത്. ഇടക്കാലത്ത് ബാബുവിന്റെ സ്ത്രീപീഡനക്കേസിനെ ചൊല്ലിയുള്ള തർക്കത്തിൽ ഇരുവരും അകന്നു. മാതളകൃഷിയിൽ, ആദ്യ വർഷം 50 ലക്ഷം രൂപയുടെ വിളവുണ്ടായി. ഏറ്റവുമൊടുവിൽ കണക്ക് നോക്കാമെന്ന് പറഞ്ഞാണ് ഗണേശിനെ വിളിപ്പിച്ചത്.സ്ഥലം മുഴുവൻ കൈക്കലാക്കാൻ അസൽ രേഖകളും ഒരു കോടി രൂപയും ആവശ്യപ്പെട്ട് മറ്റൊരു സ്ഥലത്തേക്ക് ഗൂണ്ടാസംഘത്തെ കൂട്ടി തട്ടിക്കൊണ്ട് പോയി.അടുത്ത ദിവസം അസൽ രേഖകൾ ഹാജരാക്കാമെന്ന ഒഴിവുകഴിവ് പറഞ്ഞതോടെയാണ് ഗണേശിനെ വിട്ടയച്ചത്. പിറ്റേന്ന് ബാബുപാറയിലും ഗൂണ്ടാസംഘവും പൊലീസ് പിടിയിലാവുകയും ചെയ്തു. ഭാഗ്യം കൊണ്ടും അൽപം ബുദ്ധി പ്രയോഗിച്ചതും കൊണ്ട് മാത്രമാണ് താൻ ബെംഗളൂരുവിലെ കൊടുക്രൂരന്മാരായ ഗൂണ്ടാസംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ഗണേശ് പറയുന്നു. കേസിൽ 10 പേരെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായ ഇവർ ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP