Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലാവലിൻ കമ്പനി നൽകിയ യന്ത്ര സാമഗ്രികൾ കൊണ്ട് വൈദ്യുതി ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടായോ? സിപിഎമ്മും ബി ജെപിയും 'ഭായി ഭായി' കളിക്കുമ്പോൾ ലാവലിൻ കേസിൽ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ പോകുമോ? ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയിൽ ആരും അതിരു വിട്ട് അഹങ്കരിക്കരുത്

ലാവലിൻ കമ്പനി നൽകിയ യന്ത്ര സാമഗ്രികൾ കൊണ്ട് വൈദ്യുതി ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടായോ? സിപിഎമ്മും ബി ജെപിയും 'ഭായി ഭായി' കളിക്കുമ്പോൾ ലാവലിൻ കേസിൽ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ പോകുമോ? ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയിൽ ആരും അതിരു വിട്ട് അഹങ്കരിക്കരുത്

മുഖ്യമന്ത്രി പിണറായി വിജയനെ ലാവലിൻ കേസിൽ കുറ്റവിമുക്തനാക്കിയ സി ബി ഐ സ്‌പെഷ്യൽ കോടതി വിധി ശരി വച്ച കേരള ഹൈക്കോടതി വിധി സിപിഐ (എം) ആഘോഷമായിട്ടാണ് ഏറ്റെടുത്തത്. കേരളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങളും സി പി എമ്മിന്റ ആഘോഷത്തിന് വലിയ പ്രാധാന്യമാണ് നൽകിയത്. നീണ്ട 18 കൊല്ലക്കാലം അകാരണമായി പീഡിപ്പിക്കപ്പെട്ട നിരപരാധിയെന്ന് പിണറായി വിജയനെ വാഴ്‌ത്തിപ്പാടാൻ മത്സരിക്കുന്നവർ കഥ അറിയാതെ ആട്ടം കാണുകയാണ്.

ലാവലിൻ കേസിന്റെ പിന്നാമ്പുറങ്ങളിലേക്കും സാങ്കേതിക വശങ്ങളിലേക്കും എല്ലാം ഊളിയിട്ട് ഇറങ്ങിയാൽ ആർക്കും ഒന്നും പിടി കിട്ടില്ല. മറിച്ച് വെറും ഒരു സാധാരണക്കാരന്റെ കാഴ്‌ച്ചപ്പാടിലൂടെ ക്യാമറായുടെ ലെൻസും, അക്ഷരങ്ങളും ഒന്നു ചലിപ്പിച്ചാലോ?. അപ്പോൾ മനസ്സിലാവും ലാവലിൻ പുലിയാണെന്ന്. വെറും പുലിയല്ല ഒരു ഒന്നൊന്നര പുലി!.

പഴയകാല തിരുവിതാംകൂർ രാജവംശത്തിന്റെ ഭരണകാലത്താണ് ഇപ്പോഴത്തെ ഇടുക്കി ജില്ലയിലെ പള്ളിവാസലിൽ സംസ്ഥാനത്തെ ആദ്യ ജല വൈദ്യുതി നിലയം നിർമ്മിക്കപ്പെട്ടത്. പ്രജാവത്സലരായ തിരുവിതാംകൂർ രാജകുടുംബത്തോട് ഈ കാര്യത്തിലും കേരളം ഏറെ കടപ്പെട്ടിരിക്കുന്നു. വൈദ്യുതി എന്ന ഊർജ്ജം അറബിക്കഥകളിലെ അത്ഭുത കഥപോലെ വിസ്മയമായി കണ്ടവരുടെ കാലത്താണ് ഇതൊക്കെ തുടക്കം കുറിച്ചതെന്നോർക്കണം. രാജഭരണം പ്രജാഭരണത്തിന് വഴി മാറിയ ശേഷമാണ് ഇടുക്കി ജില്ലയിലെ ചെങ്കുളം, പനംകുട്ടി, ഇടുക്കി, ലോവർപെരിയാർ, മലങ്കര എന്നീ ജല വൈദ്യുതി നിലയങ്ങൾ സ്ഥാപിച്ചത്.

കാലപ്പഴക്കം മൂലം ഉത്പാദന ശേഷി കുറഞ്ഞു കുറഞ്ഞു വരുന്ന പഴയ ജല വൈദ്യുതി നിലയങ്ങൾ അറ്റകുറ്റ പണികൾ നടത്തി നവീകരിച്ച് വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാനുള്ള പദ്ധതി സർക്കാർ അംഗീകരിച്ചതോടെയാണ് ലാവലിൻ കമ്പനിയുടെ രംഗപ്രവേശം. ശ്രീ. ജി കാർത്തികേയൻ സംസ്ഥാന വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ നിർദ്ദിഷ്ട നവീകരണ പദ്ധതിയുടെ കൺസൾട്ടന്റ് ആയ കാനഡയിലെ എസ് എൻ സി ലാവലിൻ കമ്പനിയുമായി ഒപ്പിട്ട കൺസൾട്ടൻസി കരാർ (ങഛഡ) വൈദ്യുതി ബോർഡിന്റേയും, നമ്മുടെ സംസ്ഥാനത്തിന്റേയും, രാജ്യത്തിന്റേയും ഉത്തമ താത്പര്യങ്ങൾ നൂറു ശതമാനവും സംരക്ഷിച്ചു കൊണ്ടു തന്നെ ആയിരുന്നു. കേവലം 18 കോടി രൂപയിൽ താഴെ ആയിരുന്നു കൺസൽട്ടസി കരാറിന്റെ പ്രതിഫലം. പദ്ധതിക്ക് സാമ്പത്തിക സഹായം നൽകാൻ കഴിയുന്ന ഏജൻസിയെ കാനഡയിൽ നിന്നു തന്നെ എസ് എൻ സി ലാവലിൻ കമ്പനി കണ്ടെത്തണമെന്നും കാനഡയിൽ പരസ്യമായി ടെൻഡർ വിളിച്ച് നിർദിഷ്ട പദ്ധതിക്കാവശ്യമായ യന്ത്ര സാമഗ്രികൾ ലഭ്യമാക്കാനുള്ള കരാർ (സപ്ലൈ കരാർ) നൽകണമെന്നും വ്യവസ്ഥ ഉണ്ടയിരുന്നു. ടെൻഡർ നൽകുന്ന കമ്പനികൾ തമ്മിൽ മത്സരം ഉണ്ടാകുമ്പോൾ കുറഞ്ഞ വിലക്ക് യന്ത്ര സാമഗ്രികൾ ലഭ്യമാവും എന്നായിരുന്നു പ്രതീക്ഷ. സാമ്പത്തിക സഹായം നൽകുന്ന ഏജൻസിയുമായി കരാർ ഒപ്പിടുന്ന ദിവസം മുതൽ മാത്രമേ കൺസൾട്ടൻസി കരാർ പ്രാബല്യത്തിൽ വരികയുള്ളു എന്നായിരുന്നു വ്യവസ്ഥ.

സ്റ്റേറ്റ് പ്‌ളാനിങ് ബോർഡിന്റേയും, കേന്ദ്ര വൈദ്യുതി അഥോറിറ്റിയുടേയും, ഇ ബാലാനന്ദൻ കമ്മറ്റിയുടേയും പഠന റിപ്പോർട്ടുകളും കൺസൾട്ടൻസി കരാറിലെ വ്യവസ്ഥകളും അവഗണിച്ചാണ് കൺസൽട്ടന്റായ എസ് എൻ സി ലാവലിൻ കമ്പനിക്ക് ശ്രി പിണറായി വിജയൻ സംസ്ഥാന വൈദ്യുതി മന്ത്രി ആയിരിക്കുമ്പോൾ സപ്ലൈ കരാർ കൂടി നൽകിയത്.

നിർദ്ദിഷ്ട പദ്ധതിക്ക് വക വച്ച അടങ്കൽ തുകയായ 100 കോടി രൂപയിൽ ഒതുങ്ങുന്ന അറ്റകുറ്റ പണികൾ മാത്രം ചെയ്താൽ മതി എന്നായിരുന്നു പഠന റിപ്പോർട്ടുകൾ ഏകസ്വരത്തിൽ പറഞ്ഞിരുന്നത്. വൈദ്യുതി നിലയങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള പൈപ്പുകളിലൂടെ ഒഴുകി വരുന്ന വെള്ളത്തിന്റെ അളവ് പരിമിതമാകയാൽ ഉത്പാദന ശേഷി കൂടിയ വലിയ ജനറേറ്ററുകൾ സ്ഥാപിക്കുന്നതു കൊണ്ട് പ്രയോജനം ഉണ്ടാകില്ലെന്നും കണ്ടെത്തിയിരുന്നു.

കൺസൽട്ടൻസി കരാറിലെ വ്യവസ്ഥ അനുസരിച്ച് സാമ്പത്തിക സഹായം നൽകാൻ സന്നദ്ധതയുള്ള ഏജൻസിയെ ലാവലിൻ കമ്പനി കണ്ടെത്തിയില്ല. അക്കാരണത്താൽ ലാവലിൻ കമ്പനിയുമായുള്ള കൺസൽട്ടൻസി കരാർ നിയമപരമായി നടപ്പിൽ വന്നിരുന്നുമില്ല.

കുറ്റ്യാടി പദ്ധതിയുടെ നവീകരണ കരാർ ലാവലിൻ കമ്പനി നേടിയത് മലബാർ മേഖലയിലെ വൈദ്യുതി വികസന പദ്ധതിക്കായി 38 കോടി രൂപ സഹായധനം നൽകാമെന്ന് വാഗ്ദാനം ചെയ്താണ്. പ്രസ്തുത പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഏതാനും കോടി രൂപ അഡ്വാൻസായി നൽകിയതോടെ കമ്പനിയുടെ സഹായ ധനം അവസാനിച്ചു. അതൊന്നും ഒരു കുറവോ വിശ്വാസ വഞ്ചനയോ ഒന്നും ആയി ബന്ധപ്പെട്ടവർക്ക് ആർക്കും തോന്നിയതു പോലുമില്ല.

കുറ്റ്യാടി പദ്ധതിയുടെ കരാർ കിട്ടിയതിനു പ്രത്യുപകാരമായി വാഗ്ദാനം ചെയ്തിരുന്ന 38 കോടി രൂപയും പള്ളിവാസൽ, ചെങ്കുളം, പനങ്കുട്ടി നിലയങ്ങളുടെ സപ്ലൈ കരാർ കിട്ടിയതിന്റെ ഉപകാര സ്മരണക്കുള്ള 60 കോടി രൂപയും ഉൾപ്പെടെ 98 കോടി രൂപ മലബാർ ക്യാൻസർ ഇൻസ്റ്റിറ്റിയുട്ടിന് സഹായം നൽകാമെന്ന മോഹന വാഗ്ദാനത്തിൽ എല്ലാം ശൂഭം!.

എസ് എൻ സി ലാവലിൻ കമ്പനിയുമായുള്ള കൺസൽട്ടൻസി കരാർ അവസാനിപ്പിക്കുവാൻ ന്യായങ്ങളും കാരണങ്ങളും പലതുമുണ്ടായിട്ടും പള്ളിവാസൽ, ചെങ്കുളം, പനംങ്കുട്ടി പദ്ധതികളുടെ നവീകരണത്തിനുള്ള യന്ത്ര സാമഗ്രികൾ ലഭ്യമാക്കാനുള്ള കരാർ ലാവലിൻ കമ്പനിക്ക് തന്നെ നൽകി. ലാവലിൻ കമ്പനിയെ വഴിവിട്ട് സഹായിക്കാൻ അത്രമേൽ താത്പര്യം ബന്ധപ്പെട്ടവർക്ക് ഉണ്ടായിരുന്നു എന്ന് അർത്ഥം.

വിദഗ്ധ സമിതികളുടെ പഠന റിപ്പോർട്ടുകൾ അവഗണിച്ച് ശേഷി കൂടിയ ജനറേറ്ററുകൾ വൈദ്യുതി ബോർഡിനെ കൊണ്ടു ലാവലിൻ കമ്പനി വാങ്ങിപ്പിച്ചു സ്ഥാപിച്ചു. പക്ഷെ വൈദ്യുതി നിലയനിലയങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകളടെ കപ്പാസിറ്റി കുറവായതിനാൽ ഒരു യൂണിറ്റ് വൈദ്യുതി പോലും കൂടുതലായി ഉത്പാദിപ്പിക്കുവാൻ കഴിയാതെ പദ്ധതി തകിടം മറിഞ്ഞു. എല്ലാം തുടങ്ങിയേടത്തു തന്നെ നിൽക്കുന്നു. പഴയ ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചിരുന്ന കാലത്ത് ഉത്പാദിപ്പിച്ചിരുന്നതിൽ കൂടുതലായി വൈദ്യുതി ഉത്പാദിപ്പിക്കാൻ കൂടുതൽ പണം മുടക്കി വാങ്ങി സ്ഥാപിച്ച പുതിയ ജനറേറ്ററുകൾക്കും ആയില്ല. ഇത്രയും ഒക്കെ ആയപ്പോഴേക്കും മൂന്ന് വൈദ്യുതി നിലയങ്ങൾക്കുമായി 374 കോടി രൂപ ലാവലിൻ കമ്പനി വാങ്ങിയെടുത്തു. എന്നിട്ടും മലബാർ ക്യാൻസർ ഇൻസ്റ്റിറ്റിയുട്ടിന് സഹായമായി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്ന 98 കോടി രൂപയിൽ ഒരു രൂപ പോലും നൽകാതെ കമ്പനി അക്ഷരാർഥത്തിൽ വൈദ്യുതി ബോർഡിനെ കബിളിപ്പിച്ചു. അതോടെയാണ് ലാവലിൻ കരാർ വിവാദമായത്.

വിവാദങ്ങൾ ആളി കത്തിയപ്പോൾ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ ലാവലിൻ കേസ്സിന്റെ അന്വേഷണം സി ബി ഐക്ക് കൈമാറി. വിവാദ കരാറിനു പിന്നിൽ നൂറുകണക്കിന് കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട് എന്നും അന്നത്തെ വൈദ്യുതി മന്ത്രി ശ്രീ. പിണറായി വിജയൻ മുൻ വൈദ്യുതി ബോർഡ് ചീഫ് എൻജിനിയർ കസ്തൂരി രംഗ അയ്യർ, മുൻ അക്കൗണ്ടസ് മെമ്പർ രാജഗോപാൽ നായർ, മുൻ വൈദ്യുതി ബോർഡ് ചെയർമാൻ ശിവദാസൻ അടക്കമുള്ള മറ്റ്് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥന്മാരും ലാവലിൻ കമ്പനിയുമായി ഗൂഢാലൈചന നടത്തി അന്യായമായ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ട് എന്ന് സി ബി ഐ കണ്ടെത്തി. അഴിമതി നടന്നിട്ടുണ്ട് എന്ന സി ബി ഐയുടെ കണ്ടെത്തൽ പ്രത്യേക സി ബി ഐ കോടതി ശരിവച്ചു എങ്കിലും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ശ്രീ. പിണറായി വിജയനേയും മറ്റ് ഏതാനും വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥന്മാരെയും കുറ്റ വിമുക്തരാക്കി. കേസ്സിലെ മറ്റു പ്രതികളായ മുൻ വൈദ്യുതി ബോർഡ് ചീഫ് എൻജിനിയർ കസ്തൂരി രംഗ അയ്യർ, മുൻ അക്കൗണ്ടസ് മെമ്പർ രാജഗോപാൽ നായർ, മുൻ വൈദ്യുതി ബോർഡ് ചെയർമാൻ ശിവദാസൻ എന്നിവരും ലാവലിൻ കമ്പനിയുടെ ഉദ്യോഗസ്ഥൻന്മാരും വിചാരണ നേരിടണമെന്നും ഹൈക്കകോടതി വ്യക്തമാക്കി. പ്രസ്തുത വിധിയാണ് സി ബി ഐ കേരള ഹൈക്കോടതി മുമ്പാകെ ചോദ്യം ചെയ്തത്. വളരെ രസകരമായ ഒരു സംഗതിയുണ്ട്. ശ്രീ പിണറായി വിജയനേയും മറ്റും കുറ്റ വിമുക്തരാക്കിയ സി ബി ഐ പ്രത്യേക കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചുവെങ്കിലും അഴിമതി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതിയും ആവർത്തിച്ച് ശരിവച്ചിരിക്കുന്നു.

ആഗോള ടെൺഡർ വിളിക്കാതെ ലാവലിൻ കമ്പനി സപ്ലൈ കരാറുകൾ കരസ്ഥമാക്കിയത് വഴിവിട്ട മാർഗ്ഗങ്ങളിലൂടെ ആണോ?.

വിചാരണ നേരിടുന്ന പ്രതികൾ സ്വന്തം നിലയിൽ ആണോ ലാവലിൻ കമ്പനിയുമായി ഗൂഢാലോചന നടത്തി കരാർ ഒപ്പിട്ടത്?.

അന്നത്തെ വൈദ്യുതി മന്ത്രി ശ്രീ. പിണറായി വിജയൻ ഈ ഗൂഢാലോചനയിൽ പങ്കാളി ആണോ?.

ഈ മൂന്ന് ചോദ്യങ്ങളുടേയും ഉത്തരം കണ്ടെത്താൻ ഒത്തിരി ബുദ്ധിയും വിവരവും ഒന്നും ആവശ്യമില്ല. കേസ്സിന്റെ നാൾ വഴികളിലൂടെ ഒന്ന് ഓടിച്ച് നോക്കിയാൽ സംഗതി പെട്ടെന്ന് പിടി കിട്ടും.

ആഗോള തലത്തിൽ ടെൻഡർ വിളിക്കാതെ ലാവലിൻ കമ്പനിക്ക് സപ്ലൈ കരാർ നൽകുന്നതിന് സംസ്ഥാന വൈദ്യുതി വകുപ്പ് ഒരു സൂത്രപ്പണി ഒപ്പിച്ചു. മൂന്നു നിലയങ്ങളുടേയും കരാർ ഒന്നിച്ചു നൽകുന്നതിന് പകരം ഓരോ നിലയത്തിനും പ്രത്യേകം പ്രത്യേകമായി മൂന്നു കരാറുകൾ ലാവലിൻ കമ്പനിക്ക് നൽകി. ഓരോ കരാറിലേയും അടങ്കൽ തുക 100 കോടിയിൽ താഴെ ആവുകയും ആഗോള ടെൻഡർ നടപടി ഒഴിവാക്കുകയും ചെയ്തു. ഒരു കാര്യം ചെയ്യാനും ചെയ്യാതിരിക്കാനും ന്യായങ്ങളും വഴികളും കണ്ടെത്തുന്നത് ആ വിഷയത്തിലുള്ള താത്പര്യത്തിന്റേയും, താത്പര്യക്കുറവിന്റേയും അടിസ്ഥാനത്തിലാണ്. മൂന്നു നിലയങ്ങളുടേയും കരാർ ലാവലിൻ കമ്പനിക്ക് നൽകാൻ തീരുമാനിച്ചപ്പോൾ അതിനുള്ള മാർഗ്ഗങ്ങളും കണ്ടെത്തി. അത്രതന്നെ!. സ്വന്തം വകുപ്പിൽ നടക്കുന്ന ഒരു കാര്യവും അറിയാൻ താത്പര്യം എടുക്കാത്തവരും, അറിഞ്ഞാൽ തന്നെ അതൊക്കെ അതാതു വകുപ്പിലെ ഉദ്യോഗസ്ഥന്മാർ സ്വന്തം നിലയിൽ തീരുമാനിച്ചോട്ടെ എന്ന് കരുതുന്ന മന്ത്രിമാരും, അതല്ലെങ്കിൽ ഉദ്യോഗസ്ഥന്മാർ പറയുന്നതിനും അപ്പുറം ഒന്നും ചെയ്യാൻ അറിയില്ലാത്തവരും പ്രാപ്തരല്ലാത്തവരുമായ മന്ത്രിമാരും നമ്മുടെ സംസ്ഥാനം ഭരിച്ചിട്ടുണ്ട്. പക്ഷെ ശ്രീ. പിണറായി വിജയൻ അത്തരം ഒരു മന്ത്രി ആയിരുന്നില്ലാ എന്ന കാര്യം ആർക്കാണ് അറിയാത്തത്?.

ലാവലിൻ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ട് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഇല്ല. 374 കോടി രൂപ പ്രതിഫലം ലഭിച്ച കരാർ കിട്ടുന്നതിന്റെ പ്രത്യുപകാരമായി മലബാർ ക്യാൻസർ ഇൻസ്റ്റിറ്റിയുട്ടിന് 98 കോടി രൂപ സാമ്പത്തിക സഹായം നൽകാം എന്ന വാഗ്ദാനം തന്നെ അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആകെ മൊത്തം 100 കോടി രൂപ അടങ്കൽ തുക നിശ്ചയിച്ച പദ്ധതിയാണ് 374 കോടി രൂപ പ്രതിഫലം വാങ്ങിയെടുത്ത കരാറായി പരിണമിച്ചത്. അതും ആഗോള ടെൻഡറില്ലാതെ. കരാറുകാരന് ന്യായമായി കിട്ടുന്ന ലാഭ വിഹിതം ഉൾപ്പെടെയാണ് പദ്ധതിയുടെ അടങ്കൽ തുക നിശ്ചയിക്കുന്നത് എന്നു കൂടി ഓർക്കണം. ലാവലിൻ കമ്പനിക്ക് ഒരു മുടക്കുമില്ല എന്നർത്ഥം. നമ്മുടെ സംസ്ഥാനത്തിന്റെ പണം ലാവലിൻ കമ്പനി അന്യായമായി വാങ്ങിയെടുത്ത് മലബാർ ക്യാൻസർ ഇൻസ്റ്റിറ്റിയുട്ടിനു നൽകുന്നു. വാഗ്ദാനം ചെയ്ത തുക കൊടുക്കാതിരുന്നാൽ അതും ലാഭം.

സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ സംഘടനയുടെ പഠന റിപ്പോർട്ടുകളും ലാവലിൻ കമ്പനിക്ക് കരാർ നൽകുന്നതിന് എതിരായിരുന്നു എന്ന കാര്യം കൂടി ചേർത്ത് വായിച്ചാൽ കാര്യങ്ങൾ എളുപ്പത്തിൽ പിടികിട്ടും. എന്നിട്ടും വൈദ്യുതി വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥർക്ക് സ്വന്തം ഇഷ്ടപ്രകാരം ഇതൊക്കെ ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കിട്ടി എന്ന് പറഞ്ഞാൽ ആരു വിശ്വസിക്കും?.

ലാവലിൻ കേസിൽ അഴിമതിയേ ഇല്ലാ എന്നായിരുന്നു ഹെക്കോടതിയുടെ കണ്ടെത്തൽ എങ്കിൽ അതിനൊരു ന്യായീകരണം ഉണ്ടാകുമായിരുന്നു. ഒരു കോടതി വിധി തെറ്റാണെന്ന് അപ്പീൽ കോടതി കണ്ടെത്തുന്നതുവരെ ഒരു വിവാദത്തിനും ഒരു പ്രസക്തിയുമില്ല. ഉന്നതമായ കോടതിയുടെ വിവേചന അധികാര പരിധിയിൽ വരുന്ന ഒരു കാര്യം എന്നതിനപ്പുറം ഒന്നുമില്ല. പക്ഷെ ഇവിടെ സംഗതി വേറെയാണ്. ലാവലിൻ കേസിൽ അഴിമതി നടന്നിട്ടുണ്ട്. പക്ഷെ അത് നടത്തിയത് വിചാരണ നേരിടുന്ന ഉദ്യോഗസ്ഥർ സ്വന്തം നിലയിലാണ് എന്ന കണ്ടെത്തലാണ് വിചിത്രം.

ലാവലിൻ കേസ്സിന്റെ പതിനെട്ടു വർഷത്തെ നീണ്ട ചരിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. കൂടെ കിടക്കുന്നവനേ രാപ്പനിയുടെ ചൂട് അറിയു എന്ന് പറയുന്നതു പോലെ. ലാവലിൻ കരാറിൽ അഴിമതിയുണ്ടെന്ന് ആദ്യം പറഞ്ഞത് സിപിഐ എമ്മിന്റെ തലമുതിർന്ന നേതാവ് ശ്രീ. വി എസ് അച്ചുതാനന്ദനും, സിപിഐ എം അനുകൂല ഓഫീസേഴ്‌സ് അസ്സോസിയേഷനും ആയിരുന്നു.

അവർ പറഞ്ഞതിൽ കാര്യമുണ്ടെന്നതു തന്നെയാണ് കേരള ഹൈക്കോടതി വരെ കണ്ടെത്തിയിരിക്കുന്നത്. ഒരു ചെറിയ കാര്യത്തിലേ തർക്കമുള്ളു. വൈദ്യുത മന്ത്രി അറിയാതെ ഇദ്യോഗസ്ഥർ തന്നെ ഈ അഴിമതി നടത്തിയോ?. എല്ലാ വകുപ്പുകളിലും എല്ലാകാര്യങ്ങളിലും നേരിട്ട് ഇടപെടുകയും താനറിയാതെ ഒന്നും നടക്കരുതെന്നും നിർബന്ധബുദ്ധിയുള്ള ഭരണാധികാരിയാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ. ആ പിണറായി വിജയൻ വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ ഇത്രയും വലിയ ഒരു പദ്ധതി അദ്ദേഹം അറിയാതെ നടത്താനും കരാർ ഒപ്പിടാനും ഏതാനും ഉദ്ദ്യോഗസ്ഥന്മാർ ധൈര്യപ്പെട്ടു എന്ന അദ്ഭുത കഥ കണ്ണടച്ചു വിശ്വസിക്കുവാൻ ജനങ്ങൾക്ക് ഒരു ബാദ്ധ്യതയുമില്ല.

ആരൊക്കെയാണ് ഈ കള്ളക്കച്ചവടത്തിൽ അന്യായ ലാഭം ഉണ്ടാക്കിയത് എന്ന് അറിയണമെങ്കിൽ ആരൊക്കെ ചേർന്നാണ് ഈ കള്ളക്കച്ചവടം നടത്തിയത് എന്നറിയണം. 10-08-1995-ൽ ശ്രീ. ജി കാർത്തികേയൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഒപ്പിട്ട കൺസൾട്ടൻസി കരാർ പ്രകാരം സാങ്കേതിക ഉപദേശവും, സാങ്കേതിക സഹായവും മാത്രമാണ് ലാവലിൻ കമ്പനി നൽകേണ്ടിയിരുന്നത്. അതു കൊണ്ടു തന്നെ കൺസൾട്ടൻസി കരാറിനെ പറ്റി ഒരു വിവാദത്തിനും പ്രസക്തിയില്ല. 1997 ഫെബ്രുവരിയിൽ ശ്രീ. പിണറായി വിജയൻ വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ ലാവലിൻ കമ്പനിയുമായി പദ്ധതിക്കാവശ്യമുള്ള യന്ത്ര സാമഗ്രികൾ ലഭ്യമാക്കുന്നതിനുള്ള സപ്ലൈ കരാർ ഒപ്പിട്ടതിനെ സംബന്ധിച്ചണ് വിവാദങ്ങൾ അത്രയും. വാങ്ങുന്ന യന്ത്ര സാമഗ്രികളുടെ വിലയാണ് കരാറിന്റെ പ്രതിഫലമായി നിശ്ചയിച്ചത്. കരാർ ഒപ്പിട്ട കാലഘട്ടത്തിൽ വൈദ്യുതി ബോർഡിന്റെ ചീഫ് എഞ്ചിനിയർക്ക് സ്വന്തം നിലയിൽ അനുമതി നൽകാവുന്നത് പരമാവധി 1 കോടി പത്ത് ലക്ഷം രൂപവരെ അടങ്കൽ തുകയുള്ള പദ്ധതികൾക്കാണ്. ആഗോള കമ്പനിയുമായി കരാർ ഏർപ്പെടുവാൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ല. ആയതിന് മന്ത്രി സഭാ തീരുമാനം അനിവാര്യവുമാണ്. 1997 ഫെബ്രുവരിയിൽ ലാവലിൻ കമ്പനിയുമായി കരാർ ഒപ്പിട്ടത് മന്ത്രി സഭയുടെ അറിവോടെയും, സമ്മതത്തോടെയുമാണ്. അർത്ഥം ലളിതമാണ് വകുപ്പ് മന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടി തന്നെയാണ് കരാർ ഒപ്പിട്ടത്. ആഗോള കമ്പനിയായ ലാവലിനുമായി വൈദ്യുതി മന്ത്രി അറിയാതെ കരാർ ഒപ്പിട്ടു എന്ന കണ്ടെത്തൽ വസ്തുതകൾക്കും യാഥാർത്ഥ്യങ്ങൾക്കും വിരുദ്ധമാണ്. മറ്റൊരു വ്യാഖ്യാനങ്ങൽക്കും ഒരു പ്രസക്തിയുമില്ല. എല്ലാം മന്ത്രി സഭാ തിരൂമാനത്തിൽ തന്നെയുണ്ട്. സഹ മന്ത്രിമാരേയെല്ലാം സൂത്രത്തിൽ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതിലും വിജയിച്ചിരിക്കുന്നു. ' ശ്രീ. പിണറായി വിജയന്റെ വിജയ പർവ്വം'. ലാവലിൻ കമ്പനി നൽകിയ യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് നടത്തിയ നവീകരണ പ്രവർത്തികൾ കൊണ്ട് വൈദ്യുതി ഉത്പാദനത്തിൽ ലവലേശം വർദ്ധനവ് ഉണ്ടായിട്ടില്ല എന്നാണ് പഠന റിപ്പോർട്ട്. എന്ന് വച്ചാൽ ചെയ്യാത്ത കരാർ ജോലിക്ക് കള്ള ബില്ലുണ്ടാക്കി പണം വാങ്ങിയെടുക്കുന്ന സാദാ തട്ടിപ്പിന്റെയൊക്കെ അപ്പുറത്താണ് ലാവലിൻ അഴിമതി എന്നർത്ഥം.

ലാവലിൻ കേസ്സിന്റെ നീണ്ട പതിനെട്ടു വർഷത്തെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു ഉന്നത സ്ഥാനീയന്റെ മകന് ആഗോള വ്യവസായി ആയ എം എ യുസഫലിയുടെ വിദേശത്തുള്ള കമ്പനിയിൽ ഉന്നത ജോലി ലഭിച്ചു എന്നാണ് പിന്നാമ്പുറ വാർത്ത. 'പൊന്നുരുക്കുന്നിടത്ത് പുച്ചക്കെന്തു കാര്യം'? എന്നതു പോലെ ലാവലിൻ കേസും എം എ യൂസഫലിയും തമ്മിൽ എന്തു ബന്ധം! എന്നു ചോദിക്കുന്നവരും ഉണ്ട്. പഠിപ്പും മിടുക്കുമുള്ളവർക്ക് എം എ യുസഫലിയുടെ കമ്പനിയിൽ ഉന്നത ജോലി ലഭിച്ചത് എന്തിനു വിവാദമാക്കണം എന്നു ചോദിക്കുന്നവരുമുണ്ട്. രാജാവ് മാത്രമല്ല രാജ്ഞിയും സംശയത്തിന് അതീതരായിരിക്കണം എന്ന് വായിച്ചും കേട്ടും പഠിച്ചവരാണ് ഭാരതീയർ. ഇണങ്ങില്ലാത്ത കണ്ണികൾ കൂട്ടിച്ചേർക്കാനുള്ള തത്രപ്പാടിൽ ജനങ്ങൾക്ക് സംശയമുണ്ടായൽ അതിന് അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

സി ബി ഐ പ്രത്യേക കോടതിയുടെ വിധി കേരള ഹൈക്കോടതി സിംഗിൾ ബഞ്ച് ശരിവച്ചതു കൊണ്ട് ആരും അതിരു വിട്ട് അഹങ്കരിക്കരുത്. അത്തരം അഹങ്കാരത്തിനൊക്കെ വെറും സോപ്പുകുമിളകളുടെ ആയുസ്സേ ഉള്ളു. ഹൈക്കോടതിയുടെ മുകളിൽ സുപ്രീം കോടതി ഉണ്ടെന്നും ഓർമ്മ വേണം.

സി പി എമ്മും, ബി ജെപിയും 'ഭായി ഭായി' കളിക്കുമ്പോൾ ബിജെപി നിയന്ത്രിക്കുന്ന സി ബി ഐ സുപ്രീം കോടതിയിൽ അപ്പീൽ പോകേണ്ട എന്നു തീരുമാനിച്ചാലും അത്ഭുതപ്പെടേണ്ട. അതു കൊണ്ടൊക്കെ എല്ലാം എന്നേന്നേക്കുമായി അവസാനിച്ചു എന്ന് ആശ്വസിക്കുവാൻ വരട്ടെ!. സത്യസന്ധതയും നീതി ബോധവുമുള്ള ആർക്കും സുപ്രീം കോടതിയെ സമീപിക്കാനാവും എന്നോർത്താൽ നന്ന്. ആ മഹനീയ ദൗത്യം ശ്രീ. വി എസ് അച്ച്യുതാനന്ദൻ തന്നെ ഏറ്റെടുക്കുമൊ എന്ന് കാത്തിരുന്ന് കാണാം!.

(ലേഖകൻ മുൻ ഇടുക്കി ജില്ലാ ഗവൺമെന്റ് പ്ലീഡറും നിലവിൽ യു ഡി എഫ് ഇടുക്കി ജില്ലാ ചെയർമാനും, കെ പി സി സി നിർവ്വാഹക സമിതി അംഗവുമാണ് Mobile- 9447105700. Email-Id- [email protected]).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP