Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്പെയിൻകാരിയായ തെരേസാ പുണ്യവതി മാഹിയിലെത്തിയത് ഫ്രഞ്ച് ഭരണകാലത്ത്; ഓലമേഞ്ഞ ദേവാലയം പണിതത് എല്ലാ മതസ്ഥരും ഒന്ന് ചേർന്ന്; മയ്യഴിയുടെ മതനിരപേക്ഷതാ ഉത്സവത്തിന് മെഴുകുതിരിയും പൂമാലകളും അർപ്പിക്കാൻ നാനാജാതി മതസ്ഥർ; മതേതര ആഘോഷത്തിന്റെ കഥ ഇങ്ങനെ

സ്പെയിൻകാരിയായ തെരേസാ പുണ്യവതി മാഹിയിലെത്തിയത് ഫ്രഞ്ച് ഭരണകാലത്ത്; ഓലമേഞ്ഞ ദേവാലയം പണിതത് എല്ലാ മതസ്ഥരും ഒന്ന് ചേർന്ന്; മയ്യഴിയുടെ മതനിരപേക്ഷതാ ഉത്സവത്തിന് മെഴുകുതിരിയും പൂമാലകളും അർപ്പിക്കാൻ നാനാജാതി മതസ്ഥർ; മതേതര ആഘോഷത്തിന്റെ കഥ ഇങ്ങനെ

രഞ്ജിത് ബാബു

മാഹി : മതവും ജാതിയും അതിർ വരമ്പിടാത്ത ഉത്സവത്തിന് സാക്ഷ്യം വഹിക്കുകയാണ് മയ്യഴി. മാഹി സെന്റ് തെരേസാസ് പള്ളി പെരുന്നാൾ മതനിരപേക്ഷ മഹോത്സവമായി മാറിയിരിക്കയാണ്. നാനാജാതി മതസ്ഥരും മയ്യഴി മാതാവിന്റെ തിരുസ്വരൂപത്തിൽ മെഴുകുതിരിയും പൂമാലകളും അർപ്പിച്ച് വണങ്ങുന്നു. ഒക്ടോബർ 5 മുതൽ 25 വരെയുള്ള ഉത്സവ കാലത്ത് മതേതര ഇന്ത്യയുടെ ഉത്തമ മാതൃകയായി മാറുകയാണ് മയ്യഴി.

മാഹിയിൽ മഹാ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. പിന്നെ മുസ്ലീങ്ങൾ. മൂന്നാം സ്ഥാനമേ ക്രൈസ്തവർക്കുള്ളൂ. എങ്കിലും മയ്യഴി മാതാവിനെ ആദരിക്കുന്നതിലും വന്ദിക്കുന്നതിലും ജനങ്ങൾക്ക് ഒരേ മനസ്സാണ്. ജന്മം കൊണ്ട് സ്പെയിൻകാരിയായ തെരേസാ പുണ്യവതി ഫ്രഞ്ച് ഭരണകാലത്താണ് മാഹിയിലെത്തിയത്. ശക്തരായ ഗ്രാമദൈവങ്ങൾ മാഹിയിൽ എമ്പാടുമുള്ളപ്പോഴും വിശുദ്ധ ത്രേസ്യാമ്മയെ പ്രതിഷ്ഠിക്കാനും പള്ളി പണിയാനും മുന്നിട്ടിറങ്ങിയവരാണ് മയ്യഴിക്കാർ. അങ്ങിനെ 1936 ൽ മാഹിയിൽ ഓലമേഞ്ഞ ഒരു ദേവാലയം പണിതു. മാഹി പള്ളി എന്ന് അറിയപ്പെട്ടിരുന്ന ഇതിന്റെ നിർമ്മാണത്തിന് ഫ്രഞ്ച്കാർക്കൊപ്പം മയ്യഴിക്കാരും പ്രവർത്തിച്ചു.

വിദേശ ശക്തിയായ ഫ്രഞ്ച്കാർക്കെതിരെ സമരം ശക്തമായപ്പോൾ മയ്യഴി പള്ളിയോടും ത്രേസ്യാമ്മ്യയോടുള്ള ആദരവിനും ഇളക്കം തട്ടിയില്ല. മാഹിക്കാർക്ക് അവർ മാതാവിന്റെ സ്ഥാനത്തായിരുന്നു. 1948 ൽ മാഹിയിൽ ഫ്രഞ്ച്കാർക്കെതിരെ ജനകീയ വിപ്ലവം ശക്തമായി. അതിനെ അടിച്ചമർത്താൻ ഫ്രഞ്ച് നാവിക സേനയുടെ കപ്പൽ മാഹി പുറം കടലിൽ നങ്കൂരമിട്ടു. ഫ്രഞ്ചുകാർ കൊണ്ടു വന്ന വിശുദ്ധയായിട്ടും മാഹിക്കാർക്ക് ആപൽ സൂചന നൽകിയത് മയ്യഴി പള്ളിയിൽ നിന്നും പള്ളി മണി മുഴക്കിയായിരുന്നു. നിലക്കാത്ത മുഴക്കം കേട്ട് കാര്യമന്വേഷിച്ചപ്പോഴാണ് അക്രമികളുടെ കയ്യിൽ നിന്നും രക്ഷപ്പെടാനുള്ള സൂചനയായിരുന്നു അത് എന്നറിഞ്ഞത്. ഫ്രഞ്ച് പട്ടാളത്തിന്റെ കണ്ണിൽ പെടാതെ മാഹിക്കാർ അന്ന് പലായനം ചെയ്ത് രക്ഷപ്പെട്ടു. അതോടെ വിശുദ്ധ ത്രേസ്യാമ്മ മയ്യഴിക്കാരുടെ പ്രിയപ്പെട്ട രക്ഷകയായി.

മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ സ്മരിക്കുന്നത് ഇങ്ങിനെ. രോഗങ്ങൾകൊണ്ട് കഷ്ടപ്പെട്ട ഒരു ബാല്യകാലമായിരുന്നു എന്റേത്. മാഹിയിൽ സ്ട്രെപ്റ്റോമൈസിൻ കുത്തി വെച്ച ആദ്യത്തെ കുട്ടി ഞാനായിരുന്നു. അന്ന് മരണത്തിൽ നിന്നും താൻ രക്ഷപ്പെട്ടത് കുത്തി വെപ്പ് കൊണ്ട് മാത്രമല്ല വിശുദ്ധ ത്രേസ്യാമ്മ്യയുടെ അനുഗ്രഹം കൊണ്ട് കൂടിയാണെന്ന് താൻ വിശ്വസിക്കുന്നു. കാരണം രോഗാതുരമായ ഒരു ബാല്യകാലം എനിക്കെന്ന പോലെ ത്രേസ്യാമ്മക്കും ഉണ്ടായിരുന്നു. കഷ്ടപ്പാടുകൾ നിറഞ്ഞ എന്റെ കുട്ടിക്കാലത്ത് എന്റെ ഇഴചേരൽ ദേവാലയുമായി ഉണ്ടായിരുന്നു. അന്ന് തുടങ്ങിയതാണ് മയ്യഴി പള്ളിയുമായുള്ള എന്റെ ബന്ധം. മുകുന്ദൻ പപറയുന്നു.

മാഹി പള്ളിയിലെ ത്രേസ്യാമ്മയുടെ തിരുസ്വരൂപത്തിന് മുന്നിൽ എല്ലാവരും തൊഴുന്നു. മതനിരപേക്ഷമായ ഒരു ആത്മീയത അവിടെ നിറഞ്ഞു നിൽക്കുന്നു. കഴിഞ്ഞ ദിവസം തിരുസ്വരൂപവുമായി നടന്ന രഥ ഘോഷയാത്രയിൽ പുരോഹിതന്മാർക്കും കുരിശുമാല ധരിച്ചവർക്കുമൊപ്പം നെറ്റിയിൽ കുറിയിട്ട ഹൈന്ദവരും ഒപ്പം ചേരുന്ന കാഴ്ചയാണ് കണ്ടത്. പ്രാർത്ഥനാ നിരതരായി നീങ്ങുന്ന ഘോഷയാത്രയിൽ എല്ലാവർക്കും ആരാധ്യയാവുകയാണ് മയ്യഴി മാതാവ്. അതു കൊണ്ടു തന്നെ 1954 ൽ ഫ്രഞ്ച്കാർ മാഹി വിട്ടപ്പോഴും അവർ കൊണ്ടു വന്ന വിശുദ്ധ ത്രേസ്യാമ്മയെ തിരിച്ചു കൊണ്ടു പോകാൻ കഴിഞ്ഞില്ല. ആർക്കും അടർത്തി കൊണ്ടു പോകാനാവാത്ത വിധം മാഹിക്കാരുടെ ഹൃദയത്തിൽ ഇഴുകി ചേർന്ന അമ്മയായി മാറിയിരിക്കുകയാണ് അവർ.

ഇന്ന് മാഹിയും കേരളവും കടന്ന് ദക്ഷിണേന്ത്യയിൽ നിന്ന് എമ്പാടും പള്ളിയിലേക്ക് ജനങ്ങൾ ഒഴുകി എത്തുകയാണ്. കാലദേശങ്ങളില്ലാതെ മതജാതി ഭിന്നതകളില്ലാതെ ആവിലായിൽ ജന്മം കൊണ്ട വിശുദ്ധ അമ്മ ഭക്തരുടെ ഹൃദയത്തിൽ കുടിയിരുത്തപ്പെട്ടിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP