Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തട്ടിപ്പും വെട്ടിപ്പും തൊഴിലാക്കിയവർ കവർന്നത് കോടികൾ; സോളാർ ചൂടിൽ രാഷ്ട്രീയ കേരളം വെന്തുരുകിയപ്പോൾ വെട്ടിലായത് ഉമ്മൻ ചാണ്ടി; ആരോപണങ്ങളുടെ വീര്യം കൂട്ടി എംപിമാരും മന്ത്രിമാരും സമുദായ നേതാക്കളും അടങ്ങുന്ന ഉന്നതരുടെ അവിഹിതകഥകളും; സോളാർ കേസിന്റെ നാൾവഴി

തട്ടിപ്പും വെട്ടിപ്പും തൊഴിലാക്കിയവർ കവർന്നത് കോടികൾ; സോളാർ ചൂടിൽ രാഷ്ട്രീയ കേരളം വെന്തുരുകിയപ്പോൾ വെട്ടിലായത് ഉമ്മൻ ചാണ്ടി; ആരോപണങ്ങളുടെ വീര്യം കൂട്ടി എംപിമാരും മന്ത്രിമാരും സമുദായ നേതാക്കളും അടങ്ങുന്ന ഉന്നതരുടെ അവിഹിതകഥകളും; സോളാർ കേസിന്റെ നാൾവഴി

മറുനാടൻ മലയാളി ഡസ്‌ക്

സോളാർ ചൂടിൽ കേരളം'..ഇങ്ങനെയൊരു തലക്കെട്ട് കണ്ടാൽ അത് സോളാർ കേസാണെന്ന് കേരളത്തിലെ ഒരുകൊച്ചുകുട്ടി പോലും തിരിച്ചറിയുന്ന വിധം കുപ്രസിദ്ധം, അതാണ് ഈ കേസിന്റെ സവിശേഷത.രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കുകയും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കടുത്ത പ്രതിരോധത്തിലാവുകയും ചെയ്ത കേസ്.അന്തിമയങ്ങിയാൽ ചാനൽ ചർച്ചകൽ സോളാറും, സരിത.എസ്.നായരും സ്ഥിരം വിഷയങ്ങളായി ആവർത്തിച്ച നാളുകൾ.ടീം സോളാർ എന്ന അംഗീകാരമില്ലാത്ത കമ്പനിയുടെ പേരിൽ ബിജു.രാധാകൃഷ്ണൻ, സരിത.എസ്.നായർ എന്നിവർ പലരെയും കബളിപ്പിച്ച് പണം തട്ടി എന്നതാണ് കേസ്.

100 ഓളം പേർക്ക് 50,000 മുതൽ 50 ലക്ഷം വരെ നഷ്ടമായെന്നാണ് പരാതി. തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ആരോപണവിധേയമായതോടെ,തട്ടിപ്പിന് രാഷ്ട്രീയ മാനങ്ങൾ ഏറി.പൊതുചടങ്ങിൽ ഉമ്മൻ ചാണ്ടിയോട് സരിത സംസാരിക്കുന്ന ചിത്രം പുറത്ത് വന്നതോടെ ആരോപണങ്ങളുടെ വീര്യമേറി.ഉമ്മൻ ചാണ്ടി പിതൃതുല്യനാണെന്ന് ആദ്യം നിലപാടെടുത്ത സരിത പിന്നീട് മലക്കം മറിഞ്ഞു. 1.9 കോടി രൂപ ഉമ്മൻ ചാണ്ടിക്ക് കോഴ നൽകിയെന്ന് സോളാർ കമ്മീഷനിൽ സരിത മൊഴി നൽകിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.അന്നത്തെ മുഖ്യമന്ത്രി മാത്രമല്ല, എംഎൽഎമാരും, ഉദ്യോഗസ്ഥരും വരെ സംശയത്തിന്റെ നിഴലിലായി.

2013 ജൂൺ 10 നാണ് സോളാർ തട്ടിപ്പ് പുറത്ത് വന്നത്. സാമ്പത്തികതട്ടിപ്പ് ലക്ഷ്യമിട്ട്, സൗരോർജ പ്ലാന്റുകളും വിൻഡ്ഫാമുകളും നൽകാമെന്നുപറഞ്ഞ് സരിതയും സംഘവും ചേർന്ന് നിരവധി വ്യക്തികളിൽനിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് അതിന്റെ കേന്ദ്രമാക്കിയതെന്നും വെളിപ്പെടുത്തൽ.ഡൽഹിയിലെ, ഉമ്മൻ ചാണ്ടിയുടെ വലംകൈയും 'അനൗദ്യോഗിക' സെക്രട്ടറിയുമായ 'പാവം പയ്യൻ' എന്നറിയപ്പെടുന്ന തോമസ് കുരുവിളയ്ക്കും സരിതയ്ക്കും തമ്മിൽ അടുത്ത ബന്ധമെന്നും, സരിത അറസ്റ്റിലാവുംമുമ്പ് നിരവധി തവണ കുരുവിളയുമായും ഫോണിൽ സംസാരിച്ചിരുന്നുവെന്നും വാർത്തകൾ വന്നു.മുഖ്യമന്ത്രി ഡൽഹിയിലെ വിജ്ഞാനഭവനിൽവെച്ച് സരിതയെ കണ്ടു എന്ന് തോമസ് കുരുവിള വെളിപ്പെടുത്തി.

ബിജു രാധാകൃഷ്ണൻ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ ഉമ്മൻ ചാണ്ടിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വിവരങ്ങളും പിന്നീട് പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളാർ കൈമാറിയ ചെക്ക് വണ്ടിച്ചെക്ക് ആയിരുന്നുവെന്നും അതിന്റെ പേരിൽ കേസെടുക്കുന്നത് ഉമ്മൻ ചാണ്ടി തന്നെയാണ് തടഞ്ഞതെന്നും ആരോപണം ഉയർന്നു.ജൂൺ 21ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും സോളാർ പദ്ധതിക്ക് സഹായം ലഭിച്ചതായി ബിജുവും സരിതയും വെളിപ്പെടുത്തി.

ജൂൺ 26ന് ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ ജിക്കുമോൻ ജേക്കബ് രാജിവെച്ചു. സരിതയുമായി നൂറിലേറെ തവണ ജിക്കുമോൻ ഫോണിൽ സംസാരിച്ചിരുന്നു. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ടെന്നിജോപ്പൻ, സലിംരാജ്, ജിക്കുമോൻ ജേക്കബ്, പിആർഡി ഡയറക്ടർ എന്നിവർ പുറത്തായി.പാലക്കാട് കിൻഫ്രാ പാർക്കിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചുനൽകാനായി പത്തനംതിട്ട സ്വദേശി ശ്രീധരൻനായരുമായി സരിതയും ടെന്നിജോപ്പനും 5 കോടി രൂപയുടെ കരാറുണ്ടാക്കിയതായും അതിനായി 40 ലക്ഷം രൂപയുടെ ചെക്കുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽവെച്ച് കൈമാറിയതായും ശ്രീധരൻനായർ ജൂൺ 29 ന് വെളിപ്പെടുത്തി.സരിതയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയതെന്നും ശ്രീധരൻനായർ പറഞ്ഞു.1.04 കോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് പ്രവാസി വ്യവസായി ടി.സി മാത്യൂവാണ് പരാതി ഉന്നയിച്ച മറ്റൊരു പ്രമുഖൻ. ആരോപണങ്ങൾ പുരോഗമിക്കുന്നതിനിടെ ജൂലായ് 17ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തർ രാജിവച്ചു.

2013 ജൂൺ ആദ്യവാരം സരിത എസ്. നായർ അറസ്റ്റിലായി. അട്ടക്കുളങ്ങര ജയിലിൽ വച്ച് അവർ എഴുതി കത്തിനെ കുറിച്ച് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഡി.ഐ.ജി അടക്കമുള്ളവരുടെ രഹസ്യ സന്ദർശനവും വാർത്തയായി. തന്നെ പീഡിപ്പിച്ചവരുടെ പട്ടിക ഉൾപ്പെടുന്ന കത്തായിരുന്നു അത്. 22 പേജുള്ള കത്താണിതെന്ന് ആദ്യം റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പുറത്തുവന്നത് നാലു പേജുള്ള കത്തായിരുന്നു. അട്ടക്കുളങ്ങര ജയിലിൽ വച്ച് സരിതയുടെ മൊഴിമാറ്റാനും അധികൃതർ ശ്രമം നടത്തിയെന്നും പരാതി ഉയർന്നു.

ജൂലൈ 03ന് സരിതാനായരുടെ ഫോൺവിളി രേഖകൾ മാധ്യമങ്ങൾക്ക് കിട്ടി. വിളിച്ചവരിൽ തിരുവഞ്ചൂർ രാധാകൃഷ്ണനുൾപ്പെടെ 4 മന്ത്രിമാരുണ്ടായിരുന്നു. ഫോൺവിളിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ രണ്ടു കേന്ദ്ര മന്ത്രിമാരും, 7 സംസ്ഥാന മന്ത്രിമാരും, 6 എംഎ!ൽഎമാരും, ഒരു എംപിയും കോൾ ലിസ്റ്റിൽ വന്നു.ജൂലൈ 05ന് ബിജു രാധാകൃഷ്ണനുമായുള്‌ല ബന്ധത്തിന്റെ പേരിൽ നടി ശാലു മേനോനെ അറസ്റ്റുചെയ്തു. തുടർന്ന് സരിതയ്ക്കും ബിജുവിനുമെതിരെ ആദ്യ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.

ഓഗസ്റ്റ് 12, നാണ് ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് സെക്രട്ടറിയേറ്റ് വളയൽ സമരം നടത്തിയത്.ഓഗസ്റ്റ് 13 ന് മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതോടെ, എൽഡിഎഫ് അനിശ്ചിതകാല ഉപരോധസമരം പിൻവലിച്ചു.ഓഗസ്റ്റ് 28ന് സരിതയേയും ബിജു രാധാകൃഷ്ണനേയും എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. താൻ ബലാത്സംഗം ചെയ്യപ്പെട്ടതായി സരിത കോടതിയിൽ പറഞ്ഞെങ്കിലും മജിസ്‌ട്രേറ്റ് അത് രേഖപ്പെടുത്താതിരുന്നത് പിന്നീട് വിവാദമായി. സെപ്റ്റംബർ 10, ന് സലിംരാജിനെ അറസ്റ്റ് ചെയ്തു.സെപ്റ്റംബർ 11 ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യം പിടിച്ചെടുക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.

ഒക്ടോബർ 09, ന് മല്ലേലിൽ ശ്രീധരൻ നായരുടെ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതായി അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു.
ഒക്ടോബർ 11, ന് കേസിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതി കഌൻചിറ്റ് നൽകി. മല്ലേലിൽ ശ്രീധരൻ നായരുടെ ആരോപണം ശരിയാണെന്ന് കരുതിയാലും അതിന്റെ പേരിൽ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.ഒക്ടോബർ 23,ന്ാണ് പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ശിവരാജൻ അധ്യക്ഷനായി സോളാർ തട്ടിപ്പ് കേസ് അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു.2014 ഫെബ്രുവരി 21ന് സരിത ജയിൽ മോചിതയായി.

പിന്നീടും അഞ്ചു മാസം കഴിഞ്ഞാണ് കമ്മീഷനുള്ള ഓഫീസും മറ്റ് സൗകര്യങ്ങളും അനുവദിച്ചത്. 2014 മാർച്ച് മൂന്നിന് കമ്മീഷൻ പ്രവർത്തനം ആരംഭിച്ചു.2016 ജനുവരി 25ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ 14 മണിക്കൂർ കമ്മീഷൻ തുടർച്ചയായി വിസ്തരിച്ചത് വലിയ വാർത്തയായിരുന്നു.


ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിക്കു പുറത്തായിരുന്നു. എന്നാൽ ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ ചുമതലയേറ്റതോടെ അന്വേഷണ പരിധി വിപുലപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉൾപ്പെടുത്തുകയും ചെയ്യുകയായിരുന്നു. എന്നാൽ ആരംഭിച്ച് മൂന്നു വർഷവും 11 മാസവും പിന്നിട്ടപ്പോഴാണ് കമ്മിഷൻ സെപ്്‌റംബർ 26 ന് റിപ്പോർട്ട് സമർപ്പിക്കുന്നത്..കമ്മിഷൻ റിപ്പോർട്ടിന്മേൽ ഈ മാസം മൂന്നിന് അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടും സർക്കാർ നിയമോപദേശം തേടിയിരുന്നു

കേസിന്റെ നാൾവഴികൾ:

2013 ജൂൺ 3: സോളാർ തട്ടിപ്പ് നടത്തിയ കേസിൽ സരിത എസ്. നായർ പിടിയിൽ
2013 ജൂൺ 4: ടീം സോളാറിന്റെ പേരിൽ നടത്തിയ തട്ടിപ്പ് അന്വേഷിക്കാൻ കോടതി ഉത്തരവ്
2013 ജൂൺ 12: സരിത എസ്. നായരുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു
2013 ജൂൺ 13: സോളാർ തട്ടിപ്പ് എ.ഡി.ജി.പി. അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം.
2013 ജൂൺ 14: ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പി.എ. ടെന്നി ജോപ്പൻ, ഗൺമാൻ സലിംരാജ് എന്നിവരെ മാറ്റി
2013 ജൂൺ 14: സരിത എസ്. നായർ തമിഴ്‌നാട്ടിലും കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി
2013 ജൂൺ 15: പ്രതിപക്ഷം പ്രക്ഷോഭത്തിന്. കേസ് അന്വേഷിക്കാൻ എ.ഡി.ജി.പി. എ. ഹേമചന്ദ്രന്റെ കീഴിൽ പ്രത്യേക സംഘം രൂപീകരിച്ചു
2013 ജൂൺ 16: ഒന്നാംപ്രതി ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു
2013 ജൂൺ 16: ബിജുവിന്റെയും സരിതയുടെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ്
2013 ജൂൺ 17: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുന്നതുവരെ എല്ലാ പൊതുപരിപാടികളിലും ഉമ്മൻ ചാണ്ടിയെ ബഹിഷ്‌കരിക്കാൻ എൽ.ഡി.എഫ്. തീരുമാനം
2013 ജൂൺ 17: ബിജു രാധാകൃഷ്ണൻ കോയമ്പത്തൂരിൽവെച്ച് അറസ്റ്റിൽ
2013 ജൂൺ 19: പി.ആർ.ഡി. ഡയറക്ടർ ഫിറോസിന് സസ്‌പെൻഷൻ
2013 ജൂൺ 20: മുഖ്യമന്ത്രിക്ക് വി എസ്സിന്റെ തുറന്ന കത്ത്
2013 ജൂൺ 26: മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം ജിക്കുമോൻ ജേക്കബ് രാജിവെച്ചു
2013 ജൂൺ 28: മുഖ്യമന്ത്രിയുടെ മുൻ പി.എ. ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തു
2013 ജൂൺ 29: മുഖ്യമന്ത്രിയുടെ ഓഫീസ് സോളാർ തട്ടിപ്പിന് ഉപയോഗിച്ചതായി റിമാൻഡ് റിപ്പോർട്ട്
2013 ജൂലായ് 1: മുഖ്യമന്ത്രിയുടെ പേര് ശ്രീധരൻനായരുടെ പരാതിയിൽ വന്നതിനെച്ചൊല്ലി വിവാദം
2013 ജൂലായ് 2: ശ്രീധരൻ നായരുടെ പരാതിയിൽ കൃത്രിമം കാട്ടിയോയെന്ന് പരിശോധിക്കാൻ പ്രോസിക്യൂഷന്റെ അപേക്ഷ
2013 ജൂലായ് 2: ബിജു രാധാകൃഷ്ണനെയും സരിത എസ്. നായരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു
2013 ജൂലായ് 3: ശ്രീധരൻനായർ കോടതിയിൽ നൽകിയ പരാതിയിൽ പിന്നീട് മാറ്റം വരുത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തി
2013 ജൂലായ് 4: തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ നാലു മന്ത്രിമാർ സരിത എസ്.നായരെ ഫോൺ ചെയ്തതിന്റെ രേഖകൾ പുറത്തുവന്നു
2013 ജൂലായ് 5: നടി ശാലു മേനോനെ അറസ്റ്റ് ചെയ്തു
2013 ജൂലായ് 6: സോളാർ കേസ് സിബിഐ.ക്ക് വിടാൻ സർക്കാർ തയ്യാറാകുന്നു
2013 ജൂലായ് 6: ശ്രീധരൻ നായർ കോടതിയിൽ രഹസ്യമൊഴി നൽകി
2013 ജൂലായ് 7: കേസ് സിബിഐ അന്വേഷണത്തിന് വിടുന്നതിനെതിരെ പ്രതിപക്ഷം.
2013 ജൂലായ് 8: മുഖ്യമന്ത്രിയെ നേരിട്ടു കണ്ടെന്നും അവസരമുണ്ടാക്കിയത് സരിതയെന്നും ശ്രീധരൻനായരുടെ വെളിപ്പെടുത്തൽ.
2013 ജൂലായ് 8: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിസന്നദ്ധത അറിയിച്ചു. രാജി വേണ്ടെന്ന് യു.ഡി.എഫ്.
2013 ജൂലായ് 9: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനെതിരെ പൊലീസ് ഗ്രനേഡ് പ്രയോഗത്തെ തുടർന്ന് വി.എസിന് ദേഹാസ്വാസ്ഥ്യം
2013 ജൂലായ് 10: എൽ.ഡി.എഫ്. ഹർത്താൽ
2013 ജൂലായ് 12: മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി. പരിശോധന: സർക്കാർ നിർദ്ദേശം സി.പി.എം. തള്ളി.
2013 ജൂലായ് 13: സോളാർ വിവാദത്തിന്റെ പേരിൽ സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി വേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനം
2013 ജൂലായ് 16: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയ ശ്രീധരൻനായർക്കെതിരെയുള്ള ഫയലുകൾ കണ്ടെത്തി. അഡീ. ചീഫ് സെക്രട്ടറി അന്വേഷിക്കും
2013 ജൂലായ് 17: സരിതക്കും ബിജുവിനുമൊപ്പമാണ് ടെന്നി ജോപ്പൻ പ്രവർത്തിച്ചതെന്ന് സർക്കാറിനു വേണ്ടി അഡ്വ. ജനറൽ കെ.പി. ദണ്ഡപാണി കോടതിയിൽ
2013 ജൂലായ് 17: സരിതയെയും ബിജുവിനെയും കോടതിയിൽ ഹാജരാക്കി. ശാലുമേനോന്റെ ജാമ്യം സർക്കാറിന്റെ നിലപാടറിയാൻ മാറ്റി
2013 ജൂലായ് 18: മുൻ പി.ആർ.ഡി. ഡയറക്ടർ ഫിറോസ് കീഴടങ്ങി
2013 ജൂലായ് 20: ടെനി ജോപ്പന് സെക്രട്ടേറിയറ്റിൽവച്ച് രണ്ടുലക്ഷം നൽകിയെന്ന് സരിത
2013 ജൂലായ് 20: വധഭീഷണിയെന്ന് സരിത നായർ. രഹസ്യ വിവരങ്ങൾ കോടതിക്ക് കൈമാറി.
2013 ജൂലായ് 21: സരിതയും ശ്രീധരൻനായരും കഞ്ചിക്കോട്ട് സ്ഥലം സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
2013 ജൂലായ് 23: സോളാർ കേസിൽ ഹൈക്കോടതിയുടെ രണ്ടു ബെഞ്ചുകൾ സർക്കാറിനെ രൂക്ഷമായി വിമർശിച്ചു
2013 ജൂലായ് 26: സരിതാനായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
2013 ജൂലായ് 26: സോളാർ പരാതി ഒതുക്കാൻ യു.ഡി.എഫ്. നേതാക്കൾ കോടികൾ വാഗ്ദാനം ചെയ്‌തെന്ന് ആരോപണം
2013 ജൂലായ് 29: സരിത മജിസ്‌ട്രേറ്റിന് നൽകിയ പരാതിയിൽ ഉന്നതരുടെ പേരില്ല.
2013 ജൂലായ് 30: സരിതക്കും ബിജുവിനുമെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ചു
2013 ഓഗസ്റ്റ് 12 : ഇടതുമുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു
2013 ഓഗസ്റ്റ് 13: മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. എൽ.ഡി.എഫ്. ഉപരോധം നിർത്തി
2013 ഓഗസ്റ്റ് 16: സിറ്റിങ് ജഡ്ജിയെക്കൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്തിക്കാൻ മന്ത്രിസഭ തീരുമാനിച്ചു
2013 ഓഗസ്റ്റ് 17: സോളാർ: നിയമയുദ്ധം നടത്താൻ വി എസ്. അച്യുതാനന്ദന് സി.പി.എം. കേന്ദ്രകമ്മിറ്റിയുടെ അനുമതി
2013 ഓഗസ്റ്റ് 23: ടെന്നി ജോപ്പനും ശാലു മേനോനും ജാമ്യം
2013 ഓഗസ്റ്റ് 30: ജുഡീഷ്യൽ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയുടെ സേവനം വിട്ടുകൊടുക്കേണ്ടെന്ന് ഹൈക്കോടതി തീരുമാനിച്ചു
2013 സപ്തം 2: ജുഡീഷ്യൽ അന്വേഷണ പരിധിയിൽ തന്നെയും തന്റെ ഓഫീസിനെയും ഉൾപ്പെടുത്താൻ ഉമ്മൻ ചാണ്ടി സന്നദ്ധത പ്രകടിപ്പിച്ചു
2013 സപ്തം 10: മുഖ്യമന്ത്രിയുടെ മുൻഗൺമാൻ സലിംരാജ് അറസ്റ്റിൽ
2013 സപ്തം 12: പൊലീസ് ഒത്താശയിൽ സരിതയും ബിജുവും കാഞ്ഞങ്ങാട്ടെ സർക്കാർ വിശ്രമമന്ദിരത്തിൽ തങ്ങി
2013 ഒക്ടോ 9: ശ്രീധരൻനായരുടെ പരാതിയിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തെന്ന് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു
2013 ഒക്ടോ 10: ജൂഡീഷ്യൽ അന്വേഷണത്തിന് പരിഗണിക്കേണ്ട വിഷയങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി
2013 ഒക്ടോ 11: മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യം പിടിച്ചെടുക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിക്കെതിരെ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നും കോടതി
2013 ഒക്ടോ 21: സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ടുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന ഹൈക്കോടതി ജഡ്ജിമാരുടെ യോഗം തള്ളി
2013 ഒക്ടോ 22: ശ്രീധരൻനായരുടെ മൊഴിപ്പകർപ്പിന് വി എസ്. കോടതിയെ സമീപിച്ചു
2013 ഒക്ടോ 23: റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി. ശിവരാജൻ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ
2013 ഒക്ടോ 23: ജയിലിലായിരിക്കേ സരിത പരാതിക്കാർക്ക് പണം നൽകിയതെങ്ങനെയെന്ന് കോടതി
2013 ഒക്ടോ 27: കണ്ണൂരിൽ ഇടതുമുന്നണി പ്രതിഷേധത്തിനിടെ കല്ലേറിൽ മഖ്യമന്ത്രിക്ക് പരിക്കേറ്റു
2013 ഒക്ടോ 29: ശ്രീധരൻനായരുടെ രഹസ്യമൊഴി പുറത്ത്. മുഖ്യമന്ത്രിയെ കണ്ടത് സരിതക്കൊപ്പം.
2013 നവം 1: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തുന്ന രണ്ടാംഘട്ട സമരത്തിന് തുടക്കം
2013 നവം 12: സോളാർ കേസ് നടപടികൾ വിവാദമാക്കിയ മജിസ്‌ട്രേറ്റിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് ഹൈക്കോടതി. വിശദീകരണം തേടി
2013 നവം 21: മന്ത്രിമാരും പ്രമുഖരും സരിതയുമായി ബന്ധപ്പെട്ടതിന്റെ വീഡിയോ കൈയിലുണ്ടെന്ന് അഭിഭാഷകൻ
2013 നവം 26: മാധ്യമങ്ങൾക്ക് ബിജു രാധാകൃഷ്ണന്റെ തുറന്ന കത്ത്: സരിതയും ഗണേശുമായുള്ള ബന്ധം എല്ലാം തകർത്തു.
2013 ഡിസം 10: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. ക്ലിഫ് ഹൗസ് ഉപരോധം ആരംഭിച്ചു
2013 ഡിസം 29: സോളാർ വിഷയത്തിൽ ക്ലിഫ്ഹൗസ് ഉപരോധമുൾപ്പെടെയുള്ള എല്ലാ സമരങ്ങളും അവസാനിപ്പിക്കാൻ എൽ.ഡി.എഫ്. തീരുമാനിച്ചു
2014 ജനു 2: സരിതാ നായർക്ക് തർക്കം തീർക്കാൻ പണം എവിടെനിന്നെന്ന് സർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി
2014 ജനു 7: സോളാർ തട്ടിപ്പ് വഴി ലഭിച്ച പണമെല്ലാം പ്രതികൾ ആർഭാട ജീവിതത്തിന് ഉപയോഗിച്ചെന്ന് പൊലീസ് റിപ്പോർട്ട്
2014 ജനു 9: സരിതയ്ക്ക് ജയിലിൽ ബ്യൂട്ടിഷ്യനുണ്ടോയെന്ന് കോടതി. വിലകൂടിയ സാരികൾ ജയിലിനകത്ത് എങ്ങനെ ലഭിക്കുന്നുവെന്നും കോടതി
2014 ജനു 24: രശ്മി വധക്കേസ് ബിജു രാധാകൃഷ്ണന് ജീവപര്യന്തം
2014 ഫെബ്രു 21: സരിതാ നായർ ജയിൽമോചിതയായി
2014 മാർച്ച് 1: രശ്മി വധക്കേസ് മൂടിവെക്കുന്നതിൽ മുൻ എംഎ!ൽഎ. ഐഷ പോറ്റി ബിജുവിനെ സഹായിച്ചതായി സരിത
2014 മാർച്ച് 3: ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ പ്രവർത്തനം തുടങ്ങി
2014 മാർച്ച് 3: എ.പി. അബ്ദുള്ളക്കുട്ടി എംഎ!ൽഎ. നിരന്തരം ശല്യം ചെയ്തതായും ഹോട്ടലിലേക്ക് ക്ഷണിച്ചതായും സരിത
2014 ഏപ്രിൽ 4: സോളാർ കേസ് സിബിഐ അന്വേഷണത്തിന് വി എസ്. ഹൈക്കോടതിയിൽ ഹർജി നൽകി
2014 ഏപ്രിൽ 23: സരിത എസ്. നായർക്കും അഭിഭാഷകനും ഫോണിലൂടെ വധഭീഷണി
2014 ഏപ്രിൽ 28: സോളാർ ജുഡീഷ്യൽ കമ്മീഷന്റെ കാലാവധി ആറുമാസത്തേക്കു കൂടി നീട്ടി
2014 മെയ് 21: സോളാർ കേസ് വിവരങ്ങൾ വ്യക്തമായി ആർ ബാലകൃഷ്ണപിള്ളയ്ക്ക് അറിയാമെന്ന് സരിത
2014 ജൂൺ 11: സരിത കേസ് കൈകാര്യം ചെയ്തതിൽ മജിസ്‌ട്രേറ്റ് എൻ.വി. രാജു ഗുരുതര വീഴ്ച വരുത്തിയെന്ന് ഹൈക്കോടതി
2014 ജൂലായ് 4: സോളാർ ഇടപാടിൽ മന്ത്രിമാരോ ഉന്നത രാഷ്ട്രീയക്കാരോ ഇല്ലെന്ന് സരിത അന്വേഷണ കമ്മീഷനോട്
2014 ജൂലായ് 16: സോളാറിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു
2014 ജൂലായ് 26: സോളാർ കേസിൽ സരിതാ നായരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഇടുക്കി ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവ്
2014 ഒക്ടോബർ 19: സോളർ കേസിൽ സരിത എസ്. നായർ തലശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി
2015 ഏപ്രിൽ ഏഴ്: സരിത പത്തനംതിട്ട ജയിലിൽവെച്ചഴുതിയെന്ന് പറയുന്ന കത്ത് പുറത്ത്
2015 ജൂൺ 30: സോളാർ തട്ടിപ്പ് കേസിൽ പാർട്ടി സമാന്തര അന്വേഷണം നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം. സുധാരൻ കമ്മിഷന് മുൻപിൽ മൊഴി നൽകി
2015 ഒക്ടോബർ 13 സോളാർ കമ്മിഷന്റെ കാലാവധി ആറ് മാസം നീട്ടി 2016 ഏപ്രിൽ വരെയാക്കി
2015 ഡിസംബർ ഒന്ന് സോളാർ കമ്പനി നടത്താൻ മുൻകേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ, മന്ത്രി ആര്യാടൻ മുഹമ്മദ്, മുൻ മന്ത്രി കെ.ബി. ഗണേശ് കുമാർ എന്നിവർ പണം ആവശ്യപ്പെട്ടതായി ബിജു രാധാകൃഷ്ണന്റെ മൊഴി
2015 ഡിസംബർ നാല് : മുഖ്യമന്ത്രിക്കെതിരെയുള്ള ലൈംഗിക ആരോപണ സിഡികൾ ഹാജരാക്കണമെന്ന് സോളാർ കമ്മിഷൻ. അതിന് മുൻപ് സർക്കാർ സിഡി പിടിച്ചെടുക്കരുതെന്നും കമ്മിഷൻ
2015 ഡിസംബർ 10: സിഡി പിടിച്ചെടുക്കാൻ പ്രത്യേക പൊലീസ് സംഘം കോയമ്പത്തൂരിലേക്ക്
2015 ഡിസംബർ 12 :സിഡി കണ്ടെത്താനുള്ള യാത്ര പൊലീസും മാധ്യമങ്ങളും ആഘോഷമാക്കിയെന്ന് സോളാർ കമ്മിഷന്റെ വിമർശനം
2015 ഡിസംബർ 16 :കമ്മിഷനെ മണ്ടനായി കാണരുതെന്ന് ജസ്റ്റിസ് ജി.ശിവരാജൻ
2016 ജനവരി 14: പത്തനംത്തിട്ട ജയിലിൽ വെച്ചെഴുതിയ വിവാദ കത്ത് കമ്മീഷന് മുന്നിൽ ഹാജരാക്കാൻ കഴിയില്ലെന്ന് സരിത എസ്. നായർ
2016 ജനവരി 25: സോളാർ കമ്മീഷൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിസ്തരിക്കുന്നു
2016 ജനവരി 25 :എനിക്ക് കമ്പ്യൂട്ടറില്ല. ഓഫീസിലുള്ളത് ലൈവ് വെബ് ക്യാമറ. സരിതയെ മൂന്നു തവണ കണ്ടിരിക്കാം മുഖ്യമന്ത്രി സോളർ കമ്മിഷനിലെ മൊഴി
2016 ജനുവരി 27 :മുഖ്യമന്ത്രിക്ക് കോഴ കൊടുത്തുവെന്ന് സോളാർ കമ്മീഷനിൽ സരിതയുടെ വെളിപ്പെടുത്തൽ
2016 ജനുവരി 27 :കോൺഗ്രസ് നേതാവ് തമ്പാനൂർ രവിയും സരിതയും തമ്മിലുള്ള സംഭാഷണം പുറത്ത്
2016 ജനുവരി 27 :മന്ത്രി ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്ന് സരിത
ജൂൺ 14, 2016
മുൻ മന്ത്രി ഷിബു ബേബിജോൺ സരിതയെ 8 തവണ ഫോണിൽ വിളിച്ചെന്ന് വ്യക്തമാക്കുന്ന രേഖകൾ സോളാർ കമ്മീഷനു ലഭിച്ചു.
ജൂൺ 16, 2016
സരിതയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിൽ കണ്ടിട്ടില്ലെന്ന് ഹൈബി ഈഡൻ എംഎ!ൽഎ. കമ്മീഷനിൽ മൊഴി നൽകി.
ജൂൺ 16, 2016
സരിതാനായരുമായി എംഎ!ൽഎ പി.സി.വിഷ്ണുനാഥ് 183 തവണ ഫോണിൽ സംസാരിച്ചതായി സോളാർ കമ്മീഷനിൽ ഫോൺകോൾ രേഖകൾ കിട്ടി.
ജൂൺ 24, 2016
സരിതാനായരെ നേരിട്ടു കണ്ടിട്ടുണ്ടെന്നു മുന്മന്ത്രി കെ.പി.മോഹനൻ സോളാർ കമ്മീഷനിൽ മൊഴി നൽകി.
ജൂൺ 24, 2016
സോളാർ കോഴ ആരോപണത്തെ തുടർന്ന് ഉമ്മൻ ചാണ്ടിക്കും ആര്യാടൻ മുഹമ്മദിനും എതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന തൃശൂർ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ജൂൺ 27, 2016
സരിതാനായരെ സോളാർ കമ്മീഷൻ 9 മണിക്കൂർ ക്രോസ് വിസ്താരം നടത്തി.
ജൂലൈ 01, 2016
സരിതയെ കണ്ടിട്ടുണ്ട്, ഫോണിൽ സംസാരിച്ചിട്ടില്ലെന്ന് ജോസ് കെ.മാണി എംപി. സോളാർ കമ്മീഷനിൽ മൊഴി നൽകി.
ജൂലൈ 13, 2016
മുന്മന്ത്രി എ.പി.അനിൽകുമാറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി നസറുള്ള 185 തവണ സരിതാനായരുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകൾ സോളാർ കമ്മീഷനു ലഭിച്ചു.
ജൂലൈ 15, 2016
ഉമ്മൻ ചാണ്ടിക്ക് ഡൽഹിയിൽ വച്ചു പണം നൽകിയെന്ന സരിതയുടെ മൊഴി ശരിയെന്ന് ബിജു രാധാകൃഷ്ണൻ.
ജൂലൈ 28, 2016
സരിതാനായരെ പരിചയമില്ലെന്നും നേരിൽ കണ്ടിട്ടില്ലെന്നും മുൻ മന്ത്രി ജയലക്ഷ്മി സോളാർ കമ്മീഷനിൽ മൊഴി നൽകി.
ഒക്ടോബർ 04, 2016
സോളാർ കമ്മീഷന്റെ കാലാവധി 6 മാസം നീട്ടി.
ഒക്ടോബർ 25, 2016
വിജിലൻസ് ഡയറക്ടറായിരിക്കെ എൻ.ശങ്കർ റെഡ്ഡി സോളാർ കേസുമായി ബന്ധപ്പെട്ട പരാതികൾ പൂഴ്‌ത്തിയെന്ന ഹർജിയിൽ നിലപാട് അറിയിക്കാൻ വിജിലൻസ് ഡയറക്ടർക്കു വിജിലൻസ് കോടതി നിർദ്ദേശം.
നവംബർ 08, 2016
ശങ്കർ റെഡ്ഡിക്ക് എതിരായ ഹർജി കോടതി തള്ളി.
ഡിസംബർ 16, 2016
സോളാർ തട്ടിപ്പിലെ ആദ്യ കേസിൽ സരിതാനായർക്കും ബിജു രാധാകൃഷ്ണനും മൂന്നുവർഷം തടവും പിഴയും.
ഡിസംബർ 23, 2016
സോളാർ കമ്മീഷനു മുമ്പാകെ വീണ്ടും ഉമ്മൻ ചാണ്ടി ഹാജരായി. സരിത നായരുമായി ഉമ്മൻ ചാണ്ടി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന സലിംരാജിന്റെ മൊഴി അദ്ദേഹം തള്ളി.
ജനുവരി 30, 2017
പേഴ്‌സണൽ സ്റ്റാഫ് തന്റെ ഓഫീസ് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് വീണ്ടും സോളാർ കമ്മീഷനു മുമ്പാകെ ഉമ്മൻ ചാണ്ടി മൊഴി നൽകി.

സോളാർ കേസ്: ഉമ്മൻ ചാണ്ടി ബംഗളുരു കോടതിയിൽ ഹാജരായി
ബംഗളൂരു കോടതി വിധി: സമൻസ് ലഭിച്ചില്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി

2017 ജൂലായ് 24: സോളാർ കമ്മീഷന്റെ കാലാവധി രണ്ടു മാസത്തേയ്ക്ക് നീട്ടി.
2017 സെപ്റ്റംബർ 26: സോളാർ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് കമ്മീഷൻ അധ്യക്ഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ചപറ്റിയെന്ന് റിപ്പോർട്ടിൽ പരാമർശം.

2017 ഒക്ടോബർ 11-ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണമെന്ന് മുഖ്യമന്ത്രി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP