Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈ വർഷത്തെ വിദ്യാരംഭം ക്ഷേത്രത്തിൽ മാത്രമേ നടത്താൻ പാടുള്ളൂ; ബുധഗ്രഹത്തിന് മൗഢ്യം ആരംഭിക്കുന്നതിനാലും 'മൃത്യുയോഗം' ഉള്ളതിനാലും വിദ്യാരംഭം ദക്ഷിണാമൂർത്തിപൂജയും സരസ്വതീപൂജയും നടത്തുന്ന ക്ഷേത്രത്തിൽ ആയിരിക്കണം; ഈ വർഷം ക്ഷേത്രങ്ങളിലല്ലാതെ മറ്റൊരു സ്ഥലത്തും വിദ്യാരംഭത്തിന് നിർബന്ധമായും ഇരുത്താൻ പാടില്ലെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം

ഈ വർഷത്തെ വിദ്യാരംഭം ക്ഷേത്രത്തിൽ മാത്രമേ നടത്താൻ പാടുള്ളൂ; ബുധഗ്രഹത്തിന് മൗഢ്യം ആരംഭിക്കുന്നതിനാലും 'മൃത്യുയോഗം' ഉള്ളതിനാലും വിദ്യാരംഭം ദക്ഷിണാമൂർത്തിപൂജയും സരസ്വതീപൂജയും നടത്തുന്ന ക്ഷേത്രത്തിൽ ആയിരിക്കണം; ഈ വർഷം ക്ഷേത്രങ്ങളിലല്ലാതെ മറ്റൊരു സ്ഥലത്തും വിദ്യാരംഭത്തിന് നിർബന്ധമായും ഇരുത്താൻ പാടില്ലെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം

വർഷത്തെ വിദ്യാരംഭം ക്ഷേത്രത്തിൽ മാത്രമേ നടത്താൻ പാടുള്ളൂ. എന്തെന്നാൽ ഈ വർഷത്തെ നവരാത്രി ആരംഭിക്കുന്ന ദിവസം 21-9-2017 വ്യാഴാഴ്ച വൈകിട്ട് 05.20.32 സെക്കന്റ് മുതൽ ബുധഗ്രഹത്തിന് മൗഢ്യം ആരംഭിക്കും. ആ മൗഢ്യസ്ഥിതി 31-10-2017 രാത്രി 10.16.31 സെക്കന്റ് വരെയുണ്ടായിരിക്കും. മാത്രവുമല്ല വിദ്യാരംഭദിവസം ശനിയാഴ്ച ആകയാലും അന്ന് 'മൃത്യുയോഗം' ഉള്ളതിനാലും ഈ വർഷത്തെ വിദ്യാരംഭം നടത്തുന്നത് ദക്ഷിണാമൂർത്തിപൂജയും സരസ്വതീപൂജയും നടത്തുന്ന ക്ഷേത്രത്തിൽ ആയിരിക്കണമെന്ന് നിർബ്ബന്ധമാകുന്നു. യാതൊരു കാരണവശാലും ഈ വർഷത്തെ വിദ്യാരംഭം ക്ഷേത്രത്തിൽ അല്ലാതെ മറ്റൊരു സ്ഥലത്തും ചെയ്യിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു.

കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം മുഹൂർത്തഗണനം നടത്താതെ ക്ഷേത്രങ്ങളിലും മറ്റ് ദിവസങ്ങളിൽ മുഹൂർത്തഗണനം നടത്തിയും വിദ്യാരംഭം നടത്താവുന്നതാകുന്നു. 

ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തിൽ നിറച്ച അരിയിൽ കുഞ്ഞിന്റെ വിരൽപിടിച്ച് 'ഹരിശ്രീഗണപതയെനമ:' എന്നും സ്വർണ്ണമോതിരം കൊണ്ട് നാവിൽ 'ഓം ഹരിശ്രീഗണപതയെനമ: അവിഘ്‌നമസ്തു' എന്നും എഴുതുന്നതാണ് വിദ്യാരംഭം.

മദ്യപന്മാരെക്കൊണ്ടും, അടുത്തറിയാത്തവരെക്കൊണ്ടും, മോശം സ്വഭാവക്കാരെക്കൊണ്ടും, കുഞ്ഞിന്റെ നക്ഷത്രക്കൂറിന്റെ ആറിലോ എട്ടിലോ കൂറ് വരുന്ന നക്ഷത്രക്കാരെക്കൊണ്ടും വിദ്യാരംഭം കുറിപ്പിക്കരുത് (എഴുതിക്കാനിരിക്കുന്ന ഗുരുവിന്റെ നക്ഷത്രം ചോദിക്കുകയെന്നത് അപ്രായോഗികവും മര്യാദയില്ലാത്തതും ആകയാൽ ഇത് അവഗണിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു)

തീയതികൾ:
2017 സെപ്റ്റംബർ 21 (1193 കന്നി 05) നവരാത്രി വ്രതാരംഭം
2017 സെപ്റ്റംബർ 28 (1193 കന്നി 12) വ്യാഴാഴ്ച: ദുർഗ്ഗാഷ്ടമി (പൂജവെയ്‌പ്പ്)
2017 സെപ്റ്റംബർ 29 (1193 കന്നി 13) വെള്ളിയാഴ്ച: മഹാനവമി, ആയുധപൂജ (വൈകിട്ട്)
2017 സെപ്റ്റംബർ 30 ശനിയാഴ്ച: വിജയദശമി, പൂജയെടുപ്പ് (രാവിലെ)

വിജയദശമി

കന്നിമാസത്തിലെ ശുക്ലപക്ഷത്തിൽ (വെളുത്തവാവിലേയ്ക്ക് ചന്ദ്രൻ വന്നുകൊണ്ടിരിക്കുന്ന കാലം) ദശമിതിഥി, സൂര്യോദയ സമയം മുതൽ ആറേകാൽ നാഴികയോ അതിൽ കൂടുതലോ എന്നാണോ ഉണ്ടായിരിക്കുന്നത് ആ ദിവസമാണ് വിജയദശമി. ഇങ്ങനെ വരുന്ന വിജയദശമി ഏതൊരാൾക്കും വിദ്യാരംഭത്തിന് ഉത്തമം ആകുന്നു.

എന്നാൽ ഇങ്ങനെ ആറേകാൽനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കിൽ അതിന്റെ തലേദിവസമായിരിക്കും വിജയദശമി. അപൂർവ്വം ചില വർഷങ്ങളിൽ വിജയദശമി വരുന്നത് അടുത്ത മാസത്തിലുമാകാം. കഴിഞ്ഞതിന്റെ മുൻവർഷത്തെ (2015) വിജയദശമി തുലാം മാസത്തിലായിരുന്നു.

എത്രാം വയസ്സിൽ എഴുത്തിനിരുത്താം?

മൂന്നാംവയസ്സും ആറാംവയസ്സും മാത്രമാണ് വിദ്യാരംഭത്തിന് പറഞ്ഞിട്ടുള്ളത് (മൂന്ന് വയസ്സ് പൂർത്തിയായിക്കഴിഞ്ഞ് നാലിന് അകം വിദ്യാരംഭം നടത്തുന്നതായിരിക്കും ശുഭപ്രദം. മൂന്ന് വയസ്സ് പൂർത്തിയാകാത്ത കുഞ്ഞുങ്ങൾക്ക് എന്തറിയാം) എന്നാൽ രണ്ടര വയസ്സ് കഴിഞ്ഞാൽ ശുഭമുഹൂർത്തത്തിൽ വിദ്യാരംഭം നടത്താമെന്നും വാദിക്കുന്ന ചില ആചാര്യന്മാരുമുണ്ട്. രണ്ടരവയസ്സ് കഴിഞ്ഞ് വിദ്യാരംഭം നടത്തുന്നതാണ് ഉചിതമെന്ന് കരുതുന്ന ആചാര്യന്മാരാണ് കൂടുതലുമുള്ളത്. ബുദ്ധി ഉദിച്ചുവരുമ്പോൾ പഠിക്കുന്ന ശീലങ്ങൾക്ക് അടുക്കും ചിട്ടയുമുണ്ടാകുമെന്നതാണ് അതിന്റെ നല്ലൊരു വശം.

വിദ്യാരംഭം: അറിയേണ്ടവ

ഗണപതിയെയും വരദയും കാമരൂപിണിയുമായ സരസ്വതിയെയും പ്രീതിപ്പെടുത്തുന്നത് വിദ്യാലാഭം കാംക്ഷിക്കുന്നവർക്ക് അത്യന്താപേക്ഷിതമാകുന്നു. വിദ്യാദേവതകളായ ഗണപതിയേയും സരസ്വതിയേയും പ്രീതിപ്പെടുത്തുന്നത് എപ്പോഴും അത്യുത്തമം ആയിരിക്കും. നമ്മിലെ സാംസ്കാരിക ബോധത്തിന് അടിത്തറയിടുന്നത് സരസ്വതീ ഉപാസനയിലൂടെയാകുന്നു.

സരസ്വതീക്ഷേത്രങ്ങൾ, ഗണപതിക്ഷേത്രങ്ങൾ, ഗണപതിഹോമം നടത്തുന്ന ക്ഷേത്രങ്ങൾ, ദക്ഷിണാമൂർത്തിസങ്കല്പമുള്ള ക്ഷേത്രങ്ങൾ, സരസ്വതീപൂജകളും ദക്ഷിണാമൂർത്തിപൂജകളും കൊണ്ട് പ്രസാദിച്ചുനിൽക്കുന്ന ഏതൊരു ക്ഷേത്രവും, സരസ്വതീകടാക്ഷമുള്ള ആചാര്യനോ ശ്രീവിദ്യാ ഉപാസകനോ ഗുരുതുല്യനോ പിതാവോ പിതാമഹനോ അമ്മാവനോ വിദ്യാരംഭം നൽകാൻ അർഹതയുള്ളവരാണ്.

വിദ്യാരംഭം കുറിക്കാനായി മാത്രം തയ്യാറാക്കിയ ചില ഓഫീസ്സ്, ഓഡിറ്റോറിയങ്ങൾ എന്നിവ ഈ വർഷം തീർച്ചയായും ഒഴിവാക്കണം. എന്തെന്നാൽ ഈ വർഷത്തെ വിദ്യാരംഭം, ജ്യോതിഷ-മുഹൂർത്തപരമായി ദോഷമുള്ള കാലമാകയാൽ ക്ഷേത്രത്തിൽ വെച്ച് നടത്തണമെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു.

നിത്യപൂജയുള്ളതും പരമപവിത്രവുമായ ക്ഷേത്രത്തിൽ ചെയ്യുന്ന കർമ്മഫലങ്ങളൊന്നും മറ്റെവിടെയും ലഭിക്കില്ലെന്ന് മനസ്സിലാക്കണം. മന്ത്രോച്ചാരണങ്ങൾ കൊണ്ട് മുഖരിതമായ ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തുന്ന ഒരു ശുഭകർമ്മം അത്യുത്തമം ആയിരിക്കും.

പൂജവെയ്‌പ്പ്, പൂജയെടുപ്പ്, വിദ്യാരംഭം

ഈ വർഷത്തെ പൂജവെയ്‌പ്പ് 2017 സെപ്റ്റംബർ 28 (1193 കന്നി 12) വ്യാഴാഴ്ച വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതൽ പൂജവെക്കാം. കാരണം, വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസം പൂജവെക്കേണ്ടതാകുന്നു.

എന്നാൽ അങ്ങനെ വൈകിട്ട് അഷ്ടമിതിഥി ലഭിക്കുന്നില്ലെങ്കിൽ അതിന് മുമ്പുള്ള ദിവസം പൂജവെക്കാനായി എടുക്കേണ്ടതുമാകുന്നു. കഴിഞ്ഞതിന്റെ മുൻവർഷം അങ്ങനെ സംഭവിച്ചിട്ടുമുണ്ട്.

2017 സെപ്റ്റംബർ 30 ശനിയാഴ്ച വിജയദശമി ദിവസം പൂജയെടുപ്പ്. (അന്ന് ശനിയാഴ്ചയും ഉത്രാടവും ചേർന്നുള്ള 'മൃത്യുയോഗം' വരുന്നതിനാൽ സൂര്യോദയം മുതൽ ഒന്നര മണിക്കൂർ കഴിഞ്ഞുമാത്രമേ പൂജയെടുപ്പ് ആരംഭിക്കാവൂ.

പൂജയെടുപ്പ്, വിദ്യാരംഭം:

രാവിലെ 07.45 മുതൽ 09.26 വരെ ഉത്തമം. (രാഹുകാലം നോക്കേണ്ടതില്ല. രാഹുകാലം, യാത്രയ്ക്ക് മാത്രമേ നോക്കേണ്ടതുള്ളു)

ഈ വർഷത്തെ വിദ്യാരംഭം വീടുകളിലോ ചില പത്ര-കച്ചവടസ്ഥാപനങ്ങൾ ചെയ്യുന്നതുപോലെ ഓഡിറ്റോറിയങ്ങളിലോ മറ്റോ ചെയ്യുന്നതിന് മുഹൂർത്തമില്ലാത്തതിനാൽ തീർച്ചയായും കുഞ്ഞുങ്ങളെ ക്ഷേത്രത്തിൽ തന്നെ വിദ്യാരംഭം ചെയ്യിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

എന്നാൽ മിക്ക ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിനുള്ള കുഞ്ഞുങ്ങളുടെ ബാഹുല്യം കാരണം കൃത്യമായ മുഹൂർത്തം പാലിക്കാൻ സാധിക്കുകയില്ല. ക്ഷേത്രമാകയാൽ മുഹൂർത്തദോഷങ്ങൾ കാര്യമാക്കേണ്ടതുമില്ല.

വിദ്യാരംഭത്തിനുള്ള മുഹൂർത്തം എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്റെ വെബ്‌സൈറ്റിൽ പ്രതിപാദിച്ചിട്ടുണ്ട്. ആവശ്യമുള്ളവർ ഈ ലിങ്ക് സന്ദർശിക്കാവുന്നതാണ്

സ്വന്തം വീട്ടിൽ പൂജവെക്കാമോ? വിദ്യാരംഭം കുറിക്കാമോ?

ഈ വർഷം പാടില്ല. 2017 ലെ പൂജവെയ്‌പ്പ്, വിദ്യാരംഭം എന്നിവ ക്ഷേത്രത്തിൽ മാത്രം ചെയ്യാൻ ശ്രമിക്കേണ്ടതാകുന്നു.

മുഹൂർത്തം: വിദ്യാരംഭം:

വിദ്യാരംഭത്തിന് തിരുവാതിരയും ഊൺനാളുകളായ അശ്വതി, രോഹിണി, മകയിരം, പുണർതം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉതൃട്ടാതി, രേവതി (16 നക്ഷത്രങ്ങൾ) എന്നീ നക്ഷത്രങ്ങളിലും വിദ്യാരംഭം നടത്താം. നവമിതിഥിയും കൊള്ളാം.

രാത്രിയെ മൂന്നായി ഭാഗിച്ചാൽ അതിന്റെ ആദ്യ രണ്ടുഭാഗങ്ങളും, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശികളും, ബുധഗ്രഹത്തിന് മൗഢ്യം ഉള്ളപ്പോഴും, മുഹൂർത്തരാശിയുടെ അഷ്ടമത്തിൽ ചൊവ്വ ഉള്ളപ്പോഴും, രണ്ടിലും അഞ്ചിലും പാപന്മാർ ഉള്ളപ്പോഴും, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും, ജന്മനക്ഷത്രവും വിദ്യാരംഭത്തിന് വർജ്ജ്യങ്ങളാകുന്നു. വിദ്യാരംഭത്തിന്റെ അടുത്ത ദിവസം സാദ്ധ്യായ ദിവസവും ആയിരിക്കണം.

പ്രസ്തുത മുഹൂർത്തനിയമപ്രകാരം ഈ വർഷത്തെ വിദ്യാരംഭം ഉത്തമദിവസത്തിലും രാശിയിലും അല്ലാത്തതുകൊണ്ടാണ് ക്ഷേത്രത്തിലല്ലാതെയുള്ള വിദ്യാരംഭം ദോഷപ്രദമെന്ന് എഴുതിയത്.

വിദ്യാരംഭത്തിന് ജന്മനക്ഷത്രം കൊള്ളാമോ?

ക്ഷേത്രത്തിൽ വെച്ച്, സകലപൂജാദികർമ്മങ്ങളും ചെയ്തുകൊണ്ടുള്ള വിദ്യാരംഭത്തിന് കുഞ്ഞിന്റെ ജന്മനക്ഷത്രം വർജ്ജ്യമല്ല. ആകയാൽ ക്ഷേത്രത്തിലെ ചടങ്ങിൽ ഈ വർഷം ഉത്രാടം നക്ഷത്രക്കാർക്കും വിദ്യ ആരംഭിക്കാം.

പൂജാരീതി:

ഒരു പീഠത്തിൽ പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വെക്കണം. ദേവിയുടെ വലതുവശത്ത് ഗുരുവിനും ഇടതുവശത്ത് ഗണപതിക്കും സ്വസ്തികമിട്ടുള്ള പത്മത്തിൽ പുഷ്പാക്ഷതവും കുറുമ്പുല്ല് എന്നിവ ഗുരുവിനും ഗണപതിക്ക് തൃമധുര നിവേദ്യവും (കദളിപ്പഴം, ശർക്കര, അവിൽ, മലർ, കൽക്കണ്ടം, മുന്തിരി, തേൻ, നെയ്യ്) സഹിതമായ പൂജയാണ് പൊതുവേ ചെയ്തുവരുന്നത്. നടുക്ക് അഞ്ച് തിരിയിട്ട നിലവിളക്കിൽ സരസ്വതീദേവിയെ ആവാഹിച്ച് പൂജ ചെയ്യുന്നു. സരസ്വതിക്കും തൃമധുരവും പായസ്സവും നിവേദിക്കണം. ഇങ്ങനെ നിവേദിച്ച നിവേദ്യങ്ങൾ പൂജവെപ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വീതിച്ചുനൽകുകയും ചെയ്യണം.

ഈ വർഷത്തെ പൂജവെയ്‌പ്പ് 2017 സെപ്റ്റംബർ 28 (1193 കന്നി 12) വ്യാഴാഴ്ച വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതൽ പൂജവെക്കാം. ക്ഷേത്രങ്ങളിൽ പൂജവെക്കുന്നവർ രാവിലെയും വൈകിട്ടും ക്ഷേത്രദർശനവും പ്രാർത്ഥനകളും നടത്തേണ്ടതാകുന്നു.

ദേവിയുടെ മന്ത്രങ്ങൾ അറിയാത്തവർ ഈ ദിവസങ്ങളിൽ ഗായത്രീമന്ത്രം ഭക്തിയോടെ ജപിക്കുന്നതായിരിക്കും അത്യുത്തമം. 108 വീതം രാവിലെയും വൈകിട്ടും (കുളി കഴിഞ്ഞ്) ഭക്തിയോടെ ഗായത്രീമന്ത്രം ജപിക്കാം. ക്ഷേത്രദർശനസമയത്തും ജപിക്കാവുന്നതാണ്.

ഗായത്രീമന്ത്രം:

'ഓം ഭൂർ ഭുവ സ്വ:

തത്സവിതുർ വരേണ്യം

ഭർഗ്ഗോദേവസ്യ ധീമഹി

ധിയോ യോന: പ്രചോദയാത്' 

(ഗായത്രീമന്ത്രം വിജയദശമിക്കാലത്ത് മാത്രമല്ല, നിത്യവും ജപിക്കാവുന്ന അതിശക്തമായതും പവിത്രവുമായ മന്ത്രമാകുന്നു. ആകയാൽ ഗായത്രീമന്ത്രജപം ശീലമാക്കുന്നത് അത്യുത്തമം ആയിരിക്കും).

സരസ്വതീദേവിയുടെ പ്രാർത്ഥനാമന്ത്രം:

'സരസ്വതി നമസ്തുഭ്യം

വരദേ കാമരൂപിണി

വിദ്യാരംഭം കരിഷ്യാമി

സിദ്ധിർഭവതു മേ സദാ' 

സരസ്വതീദേവിയുടെ മൂലമന്ത്രം:

'ഓം സം സരസ്വത്യെ നമ:'

സരസ്വതീഗായത്രി:

'ഓം സരസ്വത്യെ വിദ്മഹേ

ബ്രഹ്മപുത്രെ്യ ധീമഹി

തന്വോ സരസ്വതി: പ്രചോദയാത്'

സരസ്വതീദേവിയുടെ പ്രാർത്ഥനാമന്ത്രമോ മൂലമന്ത്രമോ ഗായത്രിയോ അല്ലെങ്കിൽ ഇവയെല്ലാമോ ഭക്തിയോടെ ജപിക്കാവുന്നതാണ്.

വിദ്യാലാഭത്തിനായി സൗന്ദര്യലഹരിയിലെ അതീവ ഫലസിദ്ധിയുള്ള വിദ്യാലാഭമന്ത്രവും ജപിക്കാവുന്നതാണ്. ഈ മന്ത്രം അക്ഷരത്തെറ്റ് വരാതെ ജപിക്കുകയെന്നത് അതീവദുഷ്‌ക്കരമാകയാൽ വളരെ ശ്രദ്ധയോടെ മാത്രമേ ഇത് ജപിക്കാൻ തയ്യാറാകാവൂ. ക്ഷേത്രങ്ങളിലെ വിദ്യാമന്ത്രാർച്ചനകൾക്കായി മിക്ക കർമ്മികളും ഉപയോഗിക്കുന്നത് ചുവടെ എഴുതുന്ന ഈ മന്ത്രമാണ്.

വിദ്യാലാഭമന്ത്രം:

'ശിവശ്ശക്തി: കാമ: ക്ഷിതിരഥ രവിശ്ശീതകിരണ:

സ്മരോ ഹംസശ്ശക്രസ്തദനു ച പരാമാരഹരയ:

അമീഹൃല്ലേഖാഭിസ്തിസൃഭിര വസാനേഷു ഘടിതാ

ഭജന്തേ വർണ്ണാസ്‌തേ തവ ജനനി നാമാവയവതാം'

കൂടുതൽ മന്ത്രങ്ങൾക്ക് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്റെ ഈ ലിങ്ക് സന്ദർശിച്ചാൽ മതിയാകും.

എന്നാണ് പൂജയെടുപ്പ്?

2017 സെപ്റ്റംബർ 30 ശനിയാഴ്ച വിജയദശമി ദിവസം പൂജയെടുപ്പ്. (അന്ന് ശനിയാഴ്ചയും ഉത്രാടവും ചേർന്നുള്ള 'മൃത്യുയോഗം' വരുന്നതിനാൽ സൂര്യോദയം മുതൽ ഒന്നര മണിക്കൂർ കഴിഞ്ഞുമാത്രമേ പൂജയെടുപ്പ് ആരംഭിക്കാവൂ. പൂജയെടുപ്പ്, വിദ്യാരംഭം: രാവിലെ 07.45 മുതൽ 09.26 വരെ ഉത്തമം. രാഹുകാലം നോക്കേണ്ടതില്ല. രാഹുകാലം നോക്കുന്നത് യാത്രാവേളയിൽ മാത്രമാകുന്നു. മറ്റ് ശുഭകർമ്മങ്ങൾക്ക് രാഹുകാലം നോക്കാറില്ല.

അന്ന് പൂജ വെച്ചിരിക്കുന്ന ക്ഷേത്രത്തിൽ പൂക്കളുമായെത്തി പൂജയിലും പുഷ്പാഞ്ജലിയിലും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണ നൽകി വാങ്ങണം. തുടർന്ന് ക്ഷേത്രത്തിൽ ഇരുന്ന് മണ്ണിലോ അരിയിലോ ഹരി ശ്രീ ഗ ണ പ ത യെ ന മ: അവിഘ്‌നമസ്തു എന്നും പിന്നെ അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടർന്ന്, ദേവിയുടെ അനുവാദവും ആശീർവാദവും വാങ്ങി വീടുകളിലേക്ക് മടങ്ങണം.

വിദ്യാരംഭം - ഒരു ചെറിയ വിവരണം:

പൂജയെടുപ്പ് കഴിഞ്ഞാണ് വിദ്യാരംഭം ആരംഭിക്കേണ്ടത്. എന്നാൽ കുഞ്ഞുങ്ങളുടെ ബാഹുല്യവും ചില ക്ഷേത്രങ്ങളിലെ ആചാരങ്ങൾ കാരണവും വിദ്യാരംഭത്തിനുള്ള മുഹൂർത്തക്രമം പാലിക്കാൻ സാധിച്ചെന്നും വരികയില്ല.

ക്ഷേത്രത്തിൽ നടത്തുന്ന വിദ്യാരംഭം, പൂജാദികർമ്മങ്ങൾ കൊണ്ട് പരമപവിത്രം ആകയാൽ ജന്മനക്ഷത്രം, കർതൃദോഷം, എഴുതുന്നവരുടെയും എഴുതിക്കുന്നവരുടെയും അഷ്ടമരാശിക്കൂറുകൾ എന്നിത്യാദി മറ്റ് ദോഷങ്ങൾ സംഭവിക്കുന്നതല്ല.

ആകയാൽ ഈ വർഷത്തെ വിദ്യാരംഭം ഉത്രാടം നക്ഷത്രമുള്ള കുഞ്ഞുങ്ങൾക്കും ക്ഷേത്രത്തിൽ വെച്ച് അഭ്യസിക്കാവുന്നതാണ്.

എന്നാൽ, ക്ഷേത്രത്തിൽ അല്ലാതെയുള്ള വിദ്യാരംഭം ആണെങ്കിൽ സകലവിധ കർതൃദോഷങ്ങൾ (കുജനിവാരങ്ങൾ, ബുധമൗഢ്യം, അഷ്ടമത്തിലെ ചൊവ്വ, അഞ്ചിലും രണ്ടിലും പാപന്മാർ നിൽക്കുന്ന രാശി, ഭരണി, കാർത്തിക, ആയില്യം, മകം, പൂരം, വിശാഖം, കേട്ട, മൂലം, പൂരാടം, പൂരുരുട്ടാതി, ജന്മനക്ഷത്രം, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശികൾ, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും, ഇരുവരുടെയും അഷ്ടമരാശിക്കൂറുകൾ മുതലായവ) ഒഴിവാക്കിയുള്ള ഒരു മുഹൂർത്തം എടുക്കുകയും ചെയ്യേണ്ടതാണ്.

അങ്ങനെയൊരു മുഹൂർത്തം ഈ വർഷത്തെ വിദ്യാരംഭത്തിന് ലഭ്യമല്ല. അതുകൊണ്ടാണ് ക്ഷേത്രത്തിലല്ലാതെ ഓഡിറ്റോറിയങ്ങൾ, പത്ര ഓഫീസുകൾ എന്നിവിടെ വിദ്യാരംഭം ചെയ്യരുതെന്ന് എഴുതിയത്.

365 ദിവസവും അവരുടെ ദിനപ്പത്രം വാങ്ങുന്ന നമുക്ക് 15 രൂപ വിലയില്ലാത്ത ഒരു കലണ്ടർപോലും സൗജന്യമായി നൽകാത്തവരുടെ ഓഫീസ്സുകളിലെത്തി വിദ്യാരംഭം നടത്തേണ്ടതുണ്ടോയെന്ന് ആലോചിച്ചുനോക്കണം.

ആകയാൽ ക്ഷേത്രങ്ങളിൽ വെച്ച് 2017 സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 07.45 മുതൽ 09.26 വരെയുള്ള സമയത്ത് വിദ്യാരംഭം കുറിക്കുന്നതായിരിക്കും ശുഭപ്രദം.

ഏവർക്കും നവരാത്രി, വിജയദശമി ആശംസകൾ നേർന്നുകൊണ്ട്,

അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
കരുനാഗപ്പള്ളി, കൊല്ലം-ജില്ല

ഉത്തരാ ജ്യോതിഷ ഗവേഷണ കേന്ദ്രം എന്ന സംഘടനയുടെ വെബ്‌സൈറ്റിൽ നിന്ന് എടുത്തതാണ് ഈ ലേഖനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP