Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊതിച്ചത് സംഗക്കാരയെ പോലെ സിക്‌സറുകൾ പായിക്കാൻ; ഒന്നുമറിയാതെ എറിഞ്ഞു പഠിച്ചത് 'ചൈനാ മാൻ' ശൈലി; ഡൽഹി ഡെയർ ഡെവിൾസിൽ ശ്രീറാമിന്റെ കണ്ണിലുടക്കിയത് ഭാഗ്യം കൊണ്ടുവന്നു; കാണാൻ മാക്‌സ് വെല്ലിനെ പോലെയെന്ന കമന്റുകളും സന്തോഷം നൽകി: ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരുടെ പരിശീലന ബൗളറായി തിളങ്ങിയ മലയാളിപ്പയ്യൻ ജിയാസിന്റെ കഥ

കൊതിച്ചത് സംഗക്കാരയെ പോലെ സിക്‌സറുകൾ പായിക്കാൻ; ഒന്നുമറിയാതെ എറിഞ്ഞു പഠിച്ചത് 'ചൈനാ മാൻ' ശൈലി; ഡൽഹി ഡെയർ ഡെവിൾസിൽ ശ്രീറാമിന്റെ കണ്ണിലുടക്കിയത് ഭാഗ്യം കൊണ്ടുവന്നു; കാണാൻ മാക്‌സ് വെല്ലിനെ പോലെയെന്ന കമന്റുകളും സന്തോഷം നൽകി: ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരുടെ പരിശീലന ബൗളറായി തിളങ്ങിയ മലയാളിപ്പയ്യൻ ജിയാസിന്റെ കഥ

അരുൺ ജയകുമാർ

തിരുവനന്തപുരം: ടിനു യോഹന്നാൻ, എസ് ശ്രീശാന്ത്, സഞ്ജു വി സാംസൺ... ലോകമറിഞ്ഞ കേരളത്തിലെ ക്രിക്കറ്റ് പ്രതിഭകളാണ് ഇവർ. ഇന്ത്യൻ കുപ്പായത്തിൽ കളിച്ചവർ. ഈ പട്ടികയിലെ നാലാമൻ ആരാകും? ഓസ്ട്രേലിയൻ താരങ്ങളോട് ചോദിച്ചാൽ അവർ ചൂണ്ടിക്കാട്ടുക ജിയാസ് എന്ന മലയാളിയെയാകും. കേരളാ ക്രിക്കറ്റിലെ പുതു താരപിറവിയാണ് ഈ കോഴിക്കോട് നരിക്കുനിക്കാരൻ സ്പിന്നർ.

ഇന്ത്യൻ പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ഏറ്റവും കരുതലോടെ നേരിടുന്നത് ചൈനമാൻ സ്പിന്നർ കുൽദീപ് യാദവിനെയാണ്. ലോകത്തിൽ വളരെ കുറച്ച് മാത്രമാണ് ഈ ഇനം ബൗളർമാരുള്ളത് എന്നതാണ് അതിന് കാരണം. ഇന്ത്യയിൽ ഏകദിന പരമ്പര കളിക്കുന്ന ഓസീസ് ടീം ചൈനമാൻ ബൗളിങ്ങ് നേരിടുന്നതിനായി പരിശീലനത്തിന് വിളിച്ചത് ഒരു മലയാളിയെയാണ്. നെറ്റ്‌സിൽ ഓസീസ് ബാറ്റ്‌സ്മാന്മാർക്ക് പരിശീലനത്തിന് പന്തെറിഞ്ഞ് കൊടുത്തത് കോഴിക്കോട് സ്വദേശിയായ ചൈനമാൻ സ്പിന്നർ കെകെ ജിയാസാണ്.

ലോകോത്തര താരങ്ങൾക്ക് പന്തെറിഞ്ഞ് കൊടുക്കുന്നതിനായി പ്രത്യേകമായി ഓസ്‌ട്രേലിയൻ ടീം നേരിട്ട് വിളിപ്പിച്ചതിന്റെ ത്രില്ലിലാണ് ജിയാസ് ഇപ്പോൾ. കുൽദീപിനെ നേരിടുന്നതിന് മുന്നോടിയായി എന്നെ കിട്ടിയ പന്തുകളിലെല്ലാം തന്നെ അടിച്ചകറ്റാനാണ് ഓസ്‌ട്രേലിയൻ താരം മാക്‌സ് വെൽ ശ്രമിച്ചതെന്ന് ജിയാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. അങ്ങനെ തീർത്തും വ്യത്യസ്തമായ പരിശീലന അനുഭവം ജിയാസിന് കിട്ടുന്നു. ഓരോ ദിവസവും തന്റെ കരിയറിന് ഗുണകരമാകുന്ന നിമിഷങ്ങളാണിവയെന്ന് ജിയാസ് തിരിച്ചറിയുന്നത്. കോഴിക്കോട് നരിക്കുനി സ്വദേശിയായ ജിയാസിന്റെ അച്ഛൻ ഡ്രൈവറും അമ്മ വീട്ടമ്മയുമാണ്. മകന് ജീവിതത്തിൽ ക്രിക്കറ്റാണ് ഏറ്റവും പ്രധാനമെന്ന് അച്ഛൻ മുൻപ് പറഞ്ഞിട്ടുമുണ്ട്. അമ്മയുടേയും അച്ഛന്റേയും വേദനകൾക്ക് പരിഹാരമാകാനാണ് ജിയാസിന്റെ ശ്രമം. അതിനുള്ള സുവർണ്ണാവസരമായിരുന്നു ഓസീസ് ടീമിന്റെ പരിശീലന ക്യാമ്പ്.

ഈ വർഷമാദ്യം ഇന്ത്യൻ പര്യടനം നടത്തിയ ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിനെ അരങ്ങേറ്റ മത്സരത്തിൽ തന്നെ തകർത്തെറിഞ്ഞ കുൽദിപിന്റെ നാല് വിക്കറ്റ് നേട്ടമാണ് അന്ന് ടെസ്റ്റ് പരമ്പര തന്നെ ഓസിസിന് നഷ്ടമാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. കുൽദീപ് എറിയുന്ന പന്തുകളുടെ ഗതി മനസ്സിലാക്കാതെ ബാറ്റ്‌സ്മാന്മാർ വലയുകയാണ്. ഇന്നലെ രണ്ട് വിക്കറ്റ് നേടി ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചുവെങ്കിലും ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്വെൽ തുടർച്ചയായി മൂന്ന് സിക്‌സറുകൾ കുൽദീപിനെ പറത്തിയിരുന്നു. കുൽദീപിനെ പോലെ പന്തെറിയുന്ന ഒരാൾ്‌ക്കെതിരെ പരിശീലനം നടത്തുന്നത് ഗുണം ചെയ്യുമെന്നും ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് പറഞ്ഞു.

കുൽദീപിനെ നേരിടാനുള്ള മുന്നൊരുക്കമായി ജിയാസിനെ നെറ്റ്‌സിൽ നേരിട്ടത് പരമ്പരയിൽ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ഓസ്‌ട്രേലിയൻ ടീമിനുള്ളത്. ഇപ്പോഴത്തെ ഓസ്‌ട്രേലിയൻ സ്പിൻ കൺസൽടന്റായ മുൻ ഇന്ത്യൻ താരം ശ്രീധരൻ ശ്രീരാമാണ് കുൽദീപിനെ നേരിടാനൊരുങ്ങുന്ന ഓസ്‌ട്രേലിയൻ ടീമിന് പരിശീലനത്തിനായി ജിയാസിനെ എത്തിച്ചത്. വ്യാഴാഴ്ചയാണ് ജിയാസിനെ ശ്രീറാം നേരിട്ട് വിളിച്ചത്. അന്ന് വൈകുന്നേരം തന്നെ എറണാകുളത്ത് നിന്നും ചെന്നൈയിലേക്ക് പോയി. ശനിയാഴ്ച രാവിലെ 11 മണിക്ക് പ്രഭാത ഭക്ഷണം പോലും കഴിക്കാതെയാണ് നെറ്റ്‌സിൽ പന്തെറിഞ്ഞത്. മൂന്ന് മണി വരെ പന്തെറിഞ്ഞു. മാക്‌സ്വെല്ലിനാണ് കൂടുതൽ സമയം പന്തെറിഞ്ഞതെന്നും ജിയാസ് പറയുന്നു.

ഓസ്‌ട്രേലിയൻ ടീമിന് പന്തെറിഞ്ഞിട്ടും വാർണറെ ഇന്നലെയും കുൽദീപ് പുറത്താക്കിയല്ലോയെന്ന് സുഹൃത്തുക്കൾ ചോദിച്ചപ്പോൾ ജിയാസിന്റെ മറുപടി വാർണർ തന്റെ പന്തുകളെ നേരിട്ടില്ലെന്നായിരുന്നു. നെറ്റ്‌സിൽ പന്തെറിയാനെത്തിയപ്പോൾ 2015ൽ ഡൽഹി ഡെയർഡെവിൾസ് ടീമിന്റെ ഭാഗമായിരുന്നപ്പോൾ സഹതാരങ്ങളായിരുന്ന ട്രാവിസ് ഹെഡ്, കുൽട്ടെർനൈൽ, മാർക്കസ് സ്റ്റോയിനിസ് എന്നിവർ വലിയ സ്‌നേഹത്തോടെയാണ് പെരുമാറിയതെന്നും ബൗളിങ്ങ് അന്നത്തെക്കാളും വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അവർ അഭിപ്രായപ്പെട്ടതായി ജിയാസ് പറയുന്നു. ഇന്ത്യൻ ടീമിനെ നേരിടുന്നതിനായി മുന്നൊരുക്കത്തിന് തന്നെ വിളിപ്പിച്ച ഓസ്‌ട്രേലിയൻ ടീം പരമ്പരയിലുടനീളം ജിയാസിന്റെ സേവനം ആവശ്യപ്പെട്ടേക്കാനാണ് സാധ്യത.

വെള്ളിയാഴ്ചയും ശനിയാഴ്ചയും നെറ്റ്‌സിൽ പന്തെറിഞ്ഞ ജിയാസിന് രണ്ടാം ദിവസം കുറച്ച് കൂടി നന്നായി പന്തെറിയാൻ കഴിഞ്ഞുവെന്ന ഓസ്‌ട്രേലിയൻ താരങ്ങളും പറഞ്ഞു.ഇതിൽ വലിയ സന്തോഷമുണ്ടെന്നും ജിയാസ് പറഞ്ഞു. ബ്രെറ്റ് ലീ കുറച്ച് നേരം നെറ്റ്‌സിലെ തന്റെ ബൗളിങ്ങ് വീക്ഷിച്ചുവെന്നും നന്നായി എറിയുന്നുണ്ടെന്നും പറഞ്ഞതും വലിയ സന്തോഷം നൽകിയെന്നും ജിയാസ് പറയുന്നു. കാണാൻ മാക്‌സ് വെല്ലിനെ പോലെയുണ്ടല്ലോയെന്ന് ഒരു തമാശയും ബ്രെറ്റ് ലീ പഞ്ഞുവെന്നും ജിയാസ് പറയുന്നു. ഓസ്‌ട്രേലിയൻ സ്പിന്നർ ആഷ്ടൺ ആഗർ തന്നോട് ഇന്ത്യൻ പിച്ചുകളിൽ എറിയാനുള്ള ചില ട്രിക്കുകൾ ചോദിച്ചപ്പോൾ സത്യത്തിൽ താൻ ഞെട്ടിപ്പോവുകയായിരുന്നുവെന്നും ജിയാസ് പറയുന്നു. വേഗത കൂട്ടി എറിയാൻ ശ്രമിക്കുന്ന ആഗറിനോട് വായുവിൽ പന്തിന്റെ വേഗത ഒന്ന് കുറച്ച് നോക്കാൻ പറയുകയായിരുന്നു. അടുത്ത പന്തിൽ ആഗർ ബാറ്റ്‌സ്മാനെ ബീറ്റ് ചെയ്ത ശേഷം ജിയാസിന് കൈകൊടുക്കുകും ചെയ്തു.

ഓസട്രേലിയൻ മാനേജ്‌മെന്റ് പോലും വിളിച്ച് വരുത്തിയെങ്കിലും 25കാരനായ ഈ താരത്തിന് വേണ്ട അവസരങ്ങൾ നൽകാൻ കേരള ക്രിക്കറ്റ് അധികൃതർ തയ്യാറായിട്ടില്ല. ലോകത്തിൽ തന്നെ വളരെ കുറച്ച് ചൈനമാൻ സ്പിന്നർമാർ മാത്രമാണുള്ളത്. കേരള അണ്ടർ 19,22,23,25 ടീമുകളിൽ കേരള ടീമിലുൾപ്പെടുത്തിയെങ്കിലും വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചത്. തനിക്ക് ഒപ്പം കളിച്ചവരും ശേഷം വന്നവരും കേരള ടീമിൽ എത്തിയിട്ടും തനിക്ക് അവസരം ലഭിക്കാത്തതിൽ വിഷമം ഉണ്ടെങ്കിലും ഇപ്പോഴും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ജിയാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. എറണാകുളം മുത്തൂറ്റ് സിസിയിലാണ് ഇപ്പോൾ ജിയാസ് കളിക്കുന്നത്.

ഐപിഎൽ 2015 സീസണിൽ ഡെൽഡി ഡെയർ ഡെവിൾസ് ടീമിലെടുത്തിരുന്നു. എന്നാൽ ലോകോത്തര സ്പിന്നർമാരായ ഇമ്രാൻ താഹിർ അമിത് മിശ്ര എന്നിവർ കളിച്ച ടീമിൽ പക്ഷേ ജിയാസിന് അവസരം ലഭിച്ചില്ല. ഇപ്പോൾ സാക്ഷാൽ ഡേവ് വാട്‌മോറിനെ തന്നെ കേരള ടീമിന്റെ പരിശീലകനായിട്ടും ജിയാസിനെ പോലെ മികച്ച രീതിയിൽ പന്തറിയുന്ന ഒരാളെ വാട്‌മോറിന് മുന്നിലെത്തിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഏതൊരു ടീമിനും ഒരു ബാലൻസും ബൗളിങ്ങിൽ വ്യത്യസ്തതയും പകരുന്ന ചൈനമാന്മാരെ ടീമുകൾ റാഞ്ചുമ്പോഴാണ് മികച്ച ഒരു ബൗളർ സിലക്ഷൻ കാത്ത് കഴിയുന്നത്. ഈ പരമ്പരയിലുടനീളം ഓസ്‌ട്രേലിയൻ ടീം മുന്നൊരുക്കത്തിനായി വിളിച്ചേക്കാനും സാധ്യതയുണ്ട്.

ലോക ക്രിക്കറ്റിൽ ഇന്ന്വരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച ചൈനമാൻ സ്പിന്നറും മുൻ ഓസ്‌ട്രേലിയൻ താരവുമായ ബ്രാഡ് ഹോഗിന്റെ കടുത്ത ആരാധകനാണ് ജിയാസ്. താൻ ഒരു ചൈനമാൻ സ്പിന്നറായിമാറിയ രസകരമായ കഥയും ജിയാസ് മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. ചെറുപ്പത്തിൽ നാട്ടിൽ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കുമ്പോൾ മുതൽ എറിയുന്നത് ഇടങ്കയ്യൻ ലെഗ്‌സ്പിന്നായിരുന്നു. ഇതിന് ചൈനാമാൻ എന്നൊരു പേരുണ്ടെന്ന് പോലും ജിയാസിന് അറിയില്ലായിരുന്നു. നല്ല ടേൺ കിട്ടുന്നതുകൊണ്ട് അത് തുടർന്നു. പിന്നീട് പത്രത്തിൽ പരസ്യം കണ്ടാണ് കോഴിക്കോട് വേനൽക്കാല അവധി ക്യാമ്പിന്റെ പരസ്യത്തെക്കുറിച്ച് കണ്ടത്. ഇതിൽ അപേക്ഷിച്ചതും ചേർന്നതും ഇടങ്കയ്യൻ ഓപ്പണർ ബാറ്റ്‌സ്മാനായിട്ടായിരുന്നു.

2007ൽ കോഴിക്കോട് അണ്ടർ 17 ടീമിന്റെ സിലക്ഷൻ നടക്കുമ്പോഴും ബാറ്റ്‌സ്മാന്മാരുടെ പട്ടികയിലാണ് അപേക്ഷിച്ചത്. അവസാനം ഇനി ആരെങ്കിലും ബൗളിങ്ങ് ചെയ്യാനുണ്ടോ എന്ന് ചോദിച്ചപ്പോൾ പോയി ബൗൾ ചെയ്യുകയായിരുന്നു. പിന്നീട് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ബാറ്റ്‌സ്മാന്മാർക്കൊപ്പമാണ് ജിയാസ് നിന്നത്. അപ്പോൾ സിലക്ഷനിലുണ്ടായിരുന്ന ഒരാൾ ചോദിച്ചു ജിയാസ് ചൈനമാൻ അല്ലെ പിന്നെന്തിനാണ് ബാറ്റ്‌സ്മാന്മാരുടെ ഒപ്പം നിക്കുന്നത് എന്നായിരുന്നു. അപ്പോൾ എന്താണ് ചൈനമാൻ എന്ന് ജിയാസ് അടുത്ത് നിന്ന ഒരു സുഹൃത്തിനോട് ചോദിച്ച് മനസ്സിലാക്കുകയായിരുന്നു.ആരും പറഞ്ഞ്‌കൊടുത്തിട്ടല്ല ജിയാസ് അങ്ങനെ ആദ്യമായി ചൈനമാൻ ബൗളറായത്.

ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്‌നേഹമാണ് ഈ 25കാരന്റെ മനസ്സിൽ ഇന്നും. ക്രിക്കറ്റ് പണക്കാരുടെ കളിയാണെന്ന് പറയുമ്പോഴും കേരളാ ടീമിലും പിന്നീട് ഇന്ത്യൻ ടീമിലേക്കും എത്താൻ കഴിയുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ഈ നരിക്കുനിക്കാരൻ.അച്ഛൻ അബ്ദുൽ അസീസ് നാട്ടിൽ ടാക്‌സി ഡ്രൈവറാണ്. അമ്മ ഫാത്തിമ വീട്ടമ്മയും. സഹോദരൻ ജർഫി ഖത്തറിൽ ഡ്രൈവറാണ്. സഹോദരി ജസീനയെ വിവാഹം കഴിപ്പിച്ചയച്ചു. ക്രിക്കറ്റിൽ ക്ലബ്ബുകൾക്കായി മികച്ച പ്രകടനം പുറത്തെടുത്തതിനാൽ തന്നെ നിരവധി സ്വകാര്യ കമ്പനികളിൽ നിന്നും സ്റ്റൈഫന്റ് ലഭിച്ച കാര്യവും ജിയാസ് ഓർക്കുന്നു. മുത്തൂറ്റിൽ ഇപ്പോൾ പി ബാലചന്ദ്രന്റെ കീഴിലുള്ള പരിശീലനവും വലിയ ആവേശത്തോടെയാണ് ജിയാസ് കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP