Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇമാദും ഖുറാനും, നിസ്സാമും പിന്നെ 'ലൗ ജിഹാദും'; ഞാൻ മുസ്ലീങ്ങളെ അറിഞ്ഞ വഴികൾ: ജെ എസ് അടൂരിന്റെ ലേഖനം മൂന്നാം ഭാഗം...

ഇമാദും ഖുറാനും, നിസ്സാമും പിന്നെ 'ലൗ ജിഹാദും'; ഞാൻ മുസ്ലീങ്ങളെ അറിഞ്ഞ വഴികൾ: ജെ എസ് അടൂരിന്റെ ലേഖനം മൂന്നാം ഭാഗം...

ജെ എസ് അടൂർ

മ്മാദ് ആറു അടിയിൽ കൂടുതൽ ഉയരവും അതിനു തക്ക വണ്ണവും ഉള്ള ഒരു യുവാവായിരുന്നു, നല്ല വെള്ള നിറം. ആള് ഫലസ്തീൻ കാരനാണ്. പൂനാ യുനിവേര്‌സിറ്റിയിൽ എം എ ഇന്ഗ്ലീഷിനു പഠിക്കുവാൻ വന്നതാണ്. എന്റെ ക്ലാസ്സിൽ തന്നെ . ആളുടെ തടീം തണ്ടും ഒക്കെ കണ്ടാൽ പേടി തോന്നും . പക്ഷെ ആള് ശുദ്ദ പാവവും നല്ലോരു മനുഷ്യനും ആണെന്ന് അറിയാൻ കുറെ നാൾ എടുത്തു .

അന്ന് ഞാൻ നയിച്ചിരുന്ന യുനിവേഴ്‌സിറ്റി ചർച്ച വേദി യായ 'ബോധിയിൽ ' ഒരിക്കൽ ഫലസ്തീൻ പ്രശ്‌നത്തെ കുറിച്ചാണ് ചർച്ച ചെയ്തത്. ഞാൻ ഇമാദിനെയും ചർച്ചക്ക് വിളിച്ചു. ഫലസ്തീൻ പ്രശ്‌നത്തിൽ ഫലസ്തീൻകാരുടെ അവകാശ സമരങ്ങളോടു പിന്തുണ ഉള്ള ആൾ ആണെന്ന് ഞാൻ അറിഞ്ഞത് മുതൽ ഇമാദിനു എന്നോട് വലിയ കാര്യമായി, അങ്ങനെയാണ് ഞങ്ങളുടെ ചർച്ച മതങ്ങളെകുറിച്ച് തുടങ്ങിയത്.

ഇമാദ് ഒരു ലിബറൽ മുസ്ലിം ആയിരുന്നു. ഫലസ്തീനികളിൽ നല്ല ഒരു വിഭാഗം ക്രിസ്ത്യാനികൾ ആണെന്ന് ഇമാദു പറഞ്ഞു തന്നു. ഒരിയൻന്ടലിസം എന്ന വിഖ്യാത പുസ്തം എഴുതിയ എദ്വെദ് സൈഡ് ഫലസ്തീൻ ക്രിസ്തീയ പാരമ്പര്യത്തിൽ നിന്നുമാണെന്ന് എനിക്ക് അറിയാമാരുന്നു . ഇമാദ് അപ്പോൾ ഹിന്ദു മതത്തെ കുറിച്ച് വായിക്കുക ആയിരിന്നു. അങ്ങനെയാണ് അന്ന് എന്റെ കൈവശം ഉണ്ടായിരുന്ന എസ രാധകൃഷ്ണന്റെ ഇന്ത്യൻ ഫിലോസഫി വായിക്കുവാൻ കൊടുത്തത്. ആ കൂട്ടത്തിൽ ഖുറാന്റെ ഒരു ഇഗ്ലീഷ് പതിപ്പ് കിട്ടുമോ എന്ന് ചോദിച്ചു. അടുത്ത ദിവസം ഇമാദ് എനിക്ക് ഒരു ഖുറാൻ കൊണ്ട് തന്നു, അങ്ങനെയാണ് ഞാൻ ഖുറാൻ വായിച്ചു തുടങ്ങിയത്. അന്ന് ഇമാദ് തന്ന ഖുറാൻ ആണ് ഇപ്പോഴും എന്റെ കൈയിൽ ഉള്ളത് .

അപ്പോഴേക്കും എനിക്ക് ഇസ്ലാം മതത്തെ കുറിച്ചും അതിന്റെ തിയോളജിയെ കുറിച്ചും സാമാന്യം ധാരണ കൈവന്നിരുന്നു. ഇതിനു കാരണം ഏതാണ്ട് ഒരു വര്ഷം ( 1986) ഞാൻ മതങ്ങളെകുറിച്ച് മാത്രമാണ് വായിച്ചത്. അതിനു ഒരു കാരണം അടൂരിനു അടുത്തുള്ള മണക്കാലായിലുള്ള തിയോളജിക്കൽ സെമിനാരിയുടെ ലൈബ്രറിയാണ്. അവിടെ ഞാൻ നേരം കിട്ടുമ്പോൾ ഒക്കെ പോകാൻ കാരണം അവിടെ മാത്രമായിരുന്നു ഞങ്ങളുടെ അടുത്തു എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക കിട്ടുന്നത് . അങ്ങനെ എന്‌സൈക്ലോ പീഡിയ എന്റെ സ്ഥിരം രേഫെരെൻസ് ഗ്രന്ധമായി. എന്ത് പുതിയ കാര്യം കേട്ടാലും ഞാൻ ബ്രിട്ടാനിക്കയിൽ തപ്പും. ഇസ്ലാം മതത്തെ കുറിച്ച് ആധികാരികമായി ഒരു ലേഖനം വായിച്ചതും ബ്രിട്ടാനിക്കയിൽ തന്നെ. അവിടെ വച്ചാണ് ഹൂസ്റ്റൻ സ്മിത്തിന്റെ ' ദി വേൾഡ് റിലീജീയൻസ് ' എന്ന പുസ്തം വായിച്ചതും . ഈ വിഷയത്തിൽ ഉള്ള താൽപര്യം കാരണം കംപാരിട്ടിവ് റിലീജിയൻ എന്റെ ഇഷ്ട്ട വിഷയങ്ങളിൽ ഒന്നായി. അതുകഴിഞ്ഞ് തിരുവനന്തപുരത്തെ പുബ്ലിക് ലൈബ്രറിയിലും , യുണി വേര്‌സിട്ടി ലൈബ്രറിയിലും, കന്ണന്മൂല സെമിനാരി ലൈബ്രറിയിലും വായിച്ചത് റീലീജിയൻ, തിയോളജി, ഇന്ത്യൻ ഫിലോസഫി എന്നീ വിഷയങ്ങൾ ആയിരുന്നു .

ഇത്രെയും ഒക്കെ വായിച്ചിട്ടും ഖുറാൻ വായിച്ചിടും കുട്ടികാലത്ത് മനസ്സിൽ കയറി പറ്റിയ തെറ്റിധാരണകളും മുൻവിധികളും പലപ്പോഴും തികട്ടി വന്നു. പക്ഷെ അത് മാറാൻ തുടങ്ങിയത് എന്റെ ഏറ്റവും അടുത്ത ചില കൂട്ടുകാരിൽ ചിലർ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരായതിൽ പിന്നെയാണ് .

ഒരു പക്ഷെ എന്റെ യഥാർത്ഥ പരിണാമം തുടങ്ങിയത് ചെങ്ങന്നൂരിൽ നിന്നും ജയന്തി ജനത കയറി പുനയിൽ എത്തിയത് മുതലാണ് . എന്റെ മുൻവിധികളെയും ജീവിതത്തെയും ചിന്താധാരകളെയും മാറ്റി മറിച്ചത് പൂനാ യൂണിവേര്‌സിട്ടിയും പൂനാ നഗരവുമാണ് . കേരളം കഴിഞ്ഞാൽ പൂനയാണ്പൂ ഇപ്പോഴും എന്റെ സെക്കണ്ട് ഹോം . പൂനയിൽ കണ്ടു മുട്ടിയ എന്റെ ഏറ്റവും അടുത്ത സുഹൃത്തുകളിൽ ഒരാളാണ് കോട്ടയത്ത് കാരനായ നിസ്സാം. നിസ്സാം കോട്ടയം സീ എം എസ കോളജിലെ ചെയർമാൻ ഒക്കെയായിരുന്നു.നിസ്സാം കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള ഒരു എൻസൈക്ലോപീടിയാണ്. നല്ലത് പോലെ വായിക്കുന്ന ഒരു കൊണ്‌ഗ്രെസ്സുകാരൻ. എന്നാൽ കൊണ്‌ഗ്രെസ്സ് ദുശീലമായ ആയ പാര വപ്പു ഒന്നുമില്ലാത്ത നല്ല സത്യ സന്ധ്യത ഉള്ള മനുഷ്യൻ. അതുകൊണ്ട് തന്നെ നല്ല വിവരവും വിദ്യാഭ്യാസവും മതേതര കാഴ്ചപ്പാടും ഒക്കെയുള്ള നിസ്സാം കൊണ്‌ഗ്രെസ്സിൽ ഒന്നുമായില്ല. നിസ്സാമിന്റെ ഏറ്റവും അടുത്ത കൂട്ടുകാർ പലരും കറയില്ലാത്ത കംമ്യുനിസ്സ്ടുകാരും. കേരളത്തിലെ മുസ്ലിം സമുദായത്തിൽ നിന്നും എന്റെ ആദ്യത്ത അടുത്ത കൂട്ടുകാരൻ നിസാം തന്നെയാണ്. കേരളത്തിലെ മുസ്ലീങ്ങളെ കുറിച്ച് നല്ല ഒരു ധാരണ ഉണ്ടാക്കാൻ അന്ന് നിസ്സാം എന്നെ സഹായിച്ചും എന്നു ഇന്നും എന്റെ അടുത്ത കൂട്ടുകാരിൽ ഒരാളായ നിസാമിന് പോലും അറിയില്ലായിരിക്കും ഇനി ഒരു 'ലൗ ജിഹാദിന്റെ' കാര്യവും കൂടി പറഞ്ഞിട്ട് നിർത്താം ജീവിതത്തിൽ ആദ്യമായി ഞാൻ കൂടെ താമാസിച്ചത് ഒരു ' ലൗ ജിഹാദ് ' പ്രതിയുമായാണ് . തിരുവല്ലാക്കാരി സുന്ദരിയായ ഒരു നസ്രാണി പെണ്ണായ ഷീബാ ജോരിജിന്റെ ഹൃദയം കവർന്ന ഡോ. ഹനീഫ് ലക്കടാവാലാ ആണ് പ്രതി. അവർ കല്യാണം കഴിച്ചു പിള്ളേരുമായി . ഷീബ ജോർജ് ഇന്നും ഷീബ ജോർജു തന്നെ . അറിയപെടുന്ന ഫെമിനിസ്റ്റ് പ്രവർത്തകയാണ് . കാര്യങ്ങൾ അറിയുന്നന്നത് ഞാനും ഡോ ഹനീഫ് ലക്കടാവാലയും അഡ്വക്കസി ഫെലോഷിപ്പിന്റെ ഭാഗമായി വാഷിങ്ങ്ടണിൽ ഒരുമിച്ചു ഉണ്ടായപ്പോഴാണ്. 1995 ഇൽ. ഞങ്ങൾ രണ്ടു മാസം വാഷിംങ്ങടൻ ഡീ സീ യിലെ ഹോവാർഡ് ജോൺസൻ ഹോട്ടലിൽ സഹമുറിയന്മാരായിരുന്നു. ജീവിതത്തിൽ മറക്കാൻ ഒക്കാത്ത രണ്ടു മാസങ്ങൾ. കാരണം എല്ലാ ദിവസവും ഞങ്ങൾ ഭൂമിക്കു മുകളിൽ ഉള്ള എല്ലാ വിഷയങ്ങളെയും ചർച്ച ചെയ്തു .കാഫ്ക്കയെ കുറിച്ചും കാമുവിനെ കുറിച്ചും.മാർക്‌സിസം, ഗാന്ധിസം, സിവിൽ റൈറ്റ്‌സ് മൂവ്‌മെന്റെ, ഖുറാൻ, ബൈബിൾ , ഗീത, ഫിലോസഫി ഹൂമൻ റൈട്‌സ് , ഫെമിനിസം ഞങ്ങൾ ചർച്ച ചെയാത്ത വിഷയങ്ങൾ കുറവായിരുന്നു . ഒരു പക്ഷെ എന്റെ ആ രണ്ടു മാസത്തെ അമേരിക്കൻ യാത്രയിൽ ഞാൻ ഏറ്റവും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയത് ഹനീഫ് ഭായി എന്ന് ഞാനിന്നും സ്‌നേഹത്തോടെ വിളിക്കുന്ന ഗുജറാത്തി മുസ്ലീമിൽ നിന്നാണ്. ആ രണ്ടു മാസത്തെ ഒരുമിച്ചുള്ള താമസം ആണ് മുസ്ലീങ്ങളെ കുറിച്ച് ചെറുപ്പത്തിൽ കടന്നു കയറിയ തെറ്റി ധാരണകൾ മായിച്ചു കളഞ്ഞത് .ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് ഹനീഫ് ഭായി . മെഡിക്കൽ ഡോക്ട്ടരാണ് . ആഹെമെദ്ബാദിലെ ചേരി പ്രദേശത്തെ പാവങ്ങളുടെ ഇടയിൽ ഹീലിങ് ടച് കൊടുത്തു ജീവിതത്തിനു അർത്ഥം തേടുന്ന ഹനീഫ് ഭായിയാണ് സമാധാനത്തിനും , കാരുണ്യത്തിനും ,സമഭാവനക്കും വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യൻ.

രണ്ടായിരത്തി രണ്ടിൽ അഹമ്മദ് ബാദിൽ മുസ്ലിം സമുദായത്തിന് നേരെ നടന്ന ഏറ്റവും ഹീനവും ക്രൂരവുമായ ആക്രമണത്തിനു ശേഷം ഞാൻ അഹമെദബാദിൽ പോയി. അവടെ കണ്ട കാഴ്ചകളും കേട്ട കഥകളും ജീവിതത്തിൽ മറക്കാൻ ഒക്കുകയില്ല.കത്തിച്ച കടകളും വീടുകളും. ബലാൽ സംഗം ചെയ്യപ്പെട്ട അമ്മമാരും പെങ്ങമ്മാരും.മതാപിതാക്കൾ കൊല ചെയ്യപെട്ട അനാഥരായ കുഞ്ഞുങ്ങൾ. ഭയം കണ്ണുകളിലും മനസ്സിലും തളം കെട്ടി സ്വന്തം നഗരത്തിൽ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർ. അവർ ജനിച്ചു വളർന്ന വീടുകളിലേക്ക് പോകുവാൻ അറക്കുന്നവർ. മൃഗങ്ങൾ മനുഷ്യരെക്കാൾ എന്ത് ഭേദമാണെന്ന് തിരിച്ഛറിഞ്ഞനാളുകൾ . അവിടെ കൊല്ലപ്പെട്ടത് മനുഷ്യർ ആയിരുന്നു . നമ്മളെ എല്ലാവരെയും പോലെ.. അഭയാർഥി ക്യാമ്പുകളിൽ സഹായമെത്തിക്കുവാൻ ഹനീഫ് ഭായിയും ഷീബയും ഉണ്ടായിരുന്നു. പക്ഷെ ഹനീഫ് ഭായിയുടെ കണ്ണുകളിലെ നിസ്സഹായത ഞാൻ തിരിച്ചറിഞ്ഞു .

ഹനീഫ് ഭായിയെ കെട്ടിപിടിച്ചു ഞാൻ തേങ്ങികരഞ്ഞു. ഹനീഫ് ഭായിയുടെ ഹൃദയത്തിലെ തേങ്ങൽ എന്നിൽ തട്ടി . ആ തേങ്ങൽ എന്റെ ഉള്ളിൽ ഇപ്പോഴും ഒരു വേദനയായി മറവിയിൽ നിന്നും മായാതെ നിൽക്കുന്നു.

അതുകൊണ്ട് തന്നെയാണ് ഞാൻ പണ്ട് സ്‌കൂളിൽ പറഞ്ഞു കൊടുത്ത ' ഇന്ത്യ എന്റെ രാജ്യമാണ് . എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് . ഞാൻ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു ' എന്ന വാക്കുകൾ ഓർത്തു ഇന്നും എന്റെ കണ്ണ് നിറയുന്നത്. കാരണം ആഹെമ്മാദ്ബാദിൽ കൊല്ലപ്പെട്ടവരും ബലാൽസംഗം ചെയ്യപെട്ടവരും അനാഥമാക്കപെട്ടവരും എന്റെ സഹോദരി സഹോദരന്മാരാണെന്ന തിരിച്ചറിവു തന്നെ... പിന്നെ ഞാൻ എങ്ങനെ എന്റെ രാജ്യത്തിന് വേണ്ടി കരയാതെ ഇരിക്കും ?

(ഐക്യ രാഷ്ട്ര സഭയിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ജെ എസ് അടൂർ ഇപ്പോൾ ഒരു ഇന്റർനാഷണൽ ഓർഗനൈസെഷന്റെ സീ ഈ ഒയും ഏഷ്യയിലെ പല ഇംഗ്ലീഷ് പത്രങ്ങളിലും സ്ഥിരം എഴുത്തുകാരനും ആണ്.)

(ലേഖനത്തിന്റെ നാലാം ഭാഗം തുടരും...) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP