Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബന്ധുക്കളെ കേസിൽനിന്ന് ഒഴിവാക്കാൻ സി.ഐയെ ചേംബറിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ ജസ്റ്റിസ് പി.ഡി രാജന് എതിരെ സുപ്രീംകോടതിയുടെ അന്വേഷണം; ജസ്റ്റിസിന്റെ നിയമവിരുദ്ധ നടപടി മൂന്നംഗ കമ്മിറ്റി അന്വേഷിക്കും

ബന്ധുക്കളെ കേസിൽനിന്ന് ഒഴിവാക്കാൻ സി.ഐയെ ചേംബറിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ ജസ്റ്റിസ് പി.ഡി രാജന് എതിരെ സുപ്രീംകോടതിയുടെ അന്വേഷണം; ജസ്റ്റിസിന്റെ നിയമവിരുദ്ധ നടപടി മൂന്നംഗ കമ്മിറ്റി അന്വേഷിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിഐയെ ചേംമ്പറിൽ വിളിച്ചുവരുത്തി ശാസിച്ച ഹൈക്കോടതി ജഡ്ജി പി.ഡി രാജനെതിരെ സുപ്രീംകോടതി അന്വേഷണം. ചീഫ് ജസ്റ്റിസിന്റെതാണ് നടപടി. അന്വേഷണത്തിന് മൂന്നംഗ കമ്മറ്റിയെ നിയോഗിക്കും.

മാവേലിക്കര സിഐ ശ്രീകുമാറിനെയാണ് ജഡ്ജി ചേംമ്പറിൽ വിളിച്ച് ശാസിച്ചത്. മാവേലിക്കര ഗവൺമെന്റ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മർദിച്ച കേസിൽ ജഡ്ജിയുടെ സഹോദരനടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് അനിയനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ജഡ്ജി സിഐയോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, സിഐ അതിന് വഴങ്ങാതിരുന്നതോടെ സ്പെഷൽ പ്രോസിക്യൂട്ടർ മുഖേന അദ്ദേഹത്തെ ഹൈക്കോടതിയിലെ അദ്ദേഹത്തിന്റെ ചേംബറിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നെന്നാണ് പരാതി. സംഭവത്തെ തുടർന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.

മാവേലിക്കര ഗവ.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച കേസിൽ ജഡ്ജിയുടെ സഹോദരനടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സഹോദരനെ ഈ കേസിൽ നിന്നൊഴിവാക്കാൻ പി.ഡി.രാജൻ ഫോണിലൂടേയും പിന്നീട് ഹൈക്കോടതി ചേംബറിൽ വിളിച്ചു വരുത്തിയും ഭീഷണിപ്പെടുത്തിയെന്നാണ് സിഐ പറയുന്നത്.

സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി രജിസ്ട്രാർ എന്നിവർക്ക് രണ്ട് മാസം മുൻപ് ശ്രീകുമാർ പരാതി നൽകിയെങ്കിലും ഇക്കാര്യത്തിൽ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

മാവേലിക്കര എസ്.ഐ അന്വേഷിക്കുന്ന കേസിൽ നിന്ന് തന്റെ സഹോദരനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പി.ഡി.രാജന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്നാണ് തനിക്ക് ആദ്യം കോൾ വരുന്നതെന്ന് പി.ശ്രീകുമാറിന്റെ പരാതിയിൽ പറയുന്നു. എന്നാൽ ഈ നിർദ്ദേശം അനുസരിക്കാൻ പൊലീസ് തയ്യാറായില്ല.

പിന്നീട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ സഹായിയായ സ്പെഷ്യൽ പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി ശ്രീകുമാറിനെ വിളിക്കുകയും മാവേലിക്കരയിലെ കേസിന്റെ ഫയലുമായി ഹൈക്കോടതിയിലെത്തി പിഡി രാജനെ കാണണമെന്ന് നിർദേശിക്കുകയും ചെയ്തു.
ഇപ്രകാരം ഹൈക്കോടതിയിലെത്തിയ സിഐ സുമൻ ചക്രവർത്തിക്കൊപ്പം പിഡി രാജന്റെ ചേംബറിലെത്തി. ഇവിടെ വച്ചാണ് തന്നെ ജഡ്ജി നേരിട്ട് ഭീഷണിപ്പെടുത്തിയതെന്ന് ശ്രീകുമാർ പറയുന്നു. തന്റെ സഹോദരനെതിരെ കേസെടുക്കാൻ എങ്ങനെ ധൈര്യം വന്നെന്ന് സിഐയോട് ജഡ്ജി ചോദിച്ചു.

തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തിക്കുമെന്നും തകർക്കുമെന്നും പറഞ്ഞ ജസ്റ്റിസ് ഒരു ഘട്ടത്തിൽ തനിക്ക് നേരെ കൈയോങ്ങുക വരെ ചെയ്തെന്നും ശ്രീകുമാറിന്റെ പരാതിയിലുണ്ട്. ദീർഘനേരം നീണ്ട ഭീഷണിക്കും ശകാരത്തിനുമൊടുവിൽ സി.ഐയോട് ചേംബറിന് പുറത്ത് കാത്തുനിൽക്കാൻ ജഡ്ജി ആവശ്യപ്പെട്ടു.

പുറത്തു വന്ന സിഐ സംഭവങ്ങൾ ആലപ്പുഴ എസ്‌പി എ.അക്‌ബറിനെ വിളിച്ചു പറഞ്ഞു. എസ്‌പി ഇക്കാര്യങ്ങൾ എറണാകുളം റേഞ്ച് ഐ.ജി ശ്രീജിത്തിനെ അറിയിച്ചു. തുടർന്ന് ഐജി നേരിട്ട് ഹൈക്കോടതിയിലെത്തുകയും സിഐയെ അവിടെ നിന്ന് കൂട്ടിക്കൊണ്ടു പോരുകയുമായിരുന്നു.

പി.ശ്രീകുമാർ നൽകിയ പരാതി പ്രകാരം ഐ.ജി, എസ്‌പി, സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സംഭവങ്ങൾക്ക് സാക്ഷിയാണ്. തന്റെ പരാതിയെ സാധൂകരിക്കുന്ന ടെലിഫോൺ രേഖകൾ തന്റെ കൈവശമുണ്ടെന്നും മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് പരാതി നൽകിയതെന്നും സി.ഐ ശ്രീകുമാർ വെളിപ്പെടുത്തിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP