Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് അയ്യങ്കാളി ദിനം; ഇന്ത്യയിൽ ആദ്യമായി പണിമുടക്ക് നടത്തിയ തൊഴിലാളി നേതാവ്: വെങ്ങാനൂരിൽ നിന്നും ചരിത്രത്തിലേക്ക് നടന്ന് കയറിയ ഇന്ത്യയുടെ മഹാനായ പുത്രൻ

ഇന്ന് അയ്യങ്കാളി ദിനം;  ഇന്ത്യയിൽ ആദ്യമായി പണിമുടക്ക് നടത്തിയ തൊഴിലാളി നേതാവ്: വെങ്ങാനൂരിൽ നിന്നും ചരിത്രത്തിലേക്ക് നടന്ന് കയറിയ ഇന്ത്യയുടെ മഹാനായ പുത്രൻ

യ്യങ്കാളി എന്ന ഈ വെങ്ങാനൂരിന്റെ പ്രിയപുത്രനെ മറന്നാൽ ഇന്ത്യൻ സമര ചരിത്രത്തിന് തന്നെ വലിയ പ്രാധാന്യമില്ലെന്ന് പറയാം. തിരുവനന്തപുരത്തെ വെങ്ങാനൂർ എന്ന ഗ്രാമത്തിൽ പുലയ സമുദായത്തിൽ ജനിച്ച് പിന്നോക്ക ജാതിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ അയ്യങ്കാളിക്കുള്ള ചരിത്ര പ്രാധാന്യം അത്ര വലുതാണ്. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി വിശേഷിപ്പിച്ച അയ്യങ്കാളി നടത്തി പോരാട്ട വഴിയിലൂടെ നമുക്ക് ഒന്ന് എത്തി നോക്കാം.

1863 ഓഗസ്റ്റ് 28ന് അയ്യൻ-മാല ദമ്പതികളുടെ മകനായാണ് അയ്യൻകാളി എന്ന ഇന്ത്യയുടെ മഹാനായ പുത്രൻ ജനിച്ചത്. ജനിച്ചപ്പോൾ മുതൽ പുലയന്റെ മകൻ എന്ന വിളിയാണ് എവിടെയും കേട്ടത്. പൊതു നിരത്തിൽ സഞ്ചാര സ്വാതന്ത്ര്യമില്ല, പഠിക്കാൻ അനുവാദമില്ല, ആഭരണങ്ങൾ ധരിക്കാൻ അനുവാദമില്ല അങ്ങനെ താഴ്ന്ന ജാതിക്കാർ അനുഭവിച്ചിരുന്ന ദുരിതങ്ങൾ ഏറെയാണ്. ഇവിടെ നിന്നുമാണ് അയ്യങ്കാളി എന്ന മഹാൻ വളർന്നതും ഇന്ത്യയുടെ മഹാനായ പുത്രനായി മാറിയതും.

ചുറ്റുംനടമാടിയ ഉച്ചനീചത്തങ്ങൾക്കെതിരെ അധഃസ്ഥിതരുടെ ഇടയിൽ നിന്നും ആദ്യമുയർന്ന സ്വരമായിരുന്നു അയ്യൻകാളിയുടേത്. സ്വസമുദായത്തിൽനിന്നുതന്നെ ഉയർന്ന എതിർപ്പുകൾ അവഗണിച്ച് മുപ്പതാം വയസിൽ കിരാത നിയമങ്ങൾക്കെതിരെ അദ്ദേഹം പോരിനിറങ്ങി. തുടക്കത്തിൽ അദ്ദേഹം ഏകനായിരുന്നു. പിന്നീട് ഏതാനും യുവാക്കളെ സംഘടിപ്പിച്ചു. ജന്മികളുടെ തടിമിടുക്കിനോടു മല്ലിടാൻ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകൾ പരിശീലിപ്പിച്ചു. തന്റെ കൂടെയുള്ളവരെ ഒരേറ്റുമുട്ടലിനു സജ്ജമാക്കുകയായിരുന്നു അയ്യൻകാളി.

കർഷക തൊഴിലാളി സമരം
ഇന്ത്യയിൽ ആദ്യമായി പണിമുടക്ക് നടത്തിയത് ആരാണെന്ന് ചോദിച്ചാൽ സധൈര്യം പറയാം അത് അയ്യങ്കാളി ആണെന്ന്. കർഷകരുടെ അവകാശങ്ങൾ നേടി എടുക്കാനാണ് അയ്യങ്കാളി ആദ്യമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാൻ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളിൽ അധഃസ്ഥിത വിഭാഗങ്ങളിൽപ്പെട്ടവർ പണിക്കിറങ്ങിയില്ല. തുടക്കത്തിൽ സ്വയം കൃഷിയിറക്കി പിടിച്ചുനിൽക്കാൻ മാടമ്പിമാർ ശ്രമിച്ചെങ്കിലും അതു പരാജയമായി. ഒടുവിൽ പ്രതികാരബുദ്ധിയോടെ അവർ പാടങ്ങൾ തരിശിട്ടു. തൊഴിലില്ലാതെ കർഷകത്തൊഴിലാളികൾ ദുരിതക്കയത്തിലായി. എന്നാൽ മാടമ്പിമാർക്കെതിരെയുള്ള സമരത്തിൽനിന്നും പിൻവലിയാൻ അവർ കൂട്ടാക്കിയില്ല. ഒടുവിൽ ജന്മിമാർ കീഴടങ്ങി. തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടതോടെ 1905-ൽ സമരം ഒത്തുതീർപ്പായി. അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കർഷകത്തൊഴിലാളി മുന്നേറ്റത്തിനു ഊർജ്ജം പകർന്നതെന്നു സാമൂഹിക ഗവേഷകർ വിലയിരുത്തുന്നു.

വില്ലുവണ്ടി സമരം (1893)
പുലയജാതിയിൽ ജനിച്ച അയ്യങ്കാളിക്ക് ചെറുപ്പത്തിലേ തന്നെ അനുഭവിക്കേണ്ടി വന്ന ഒരു സാമൂഹിക അസമത്വമാണ് സഞ്ചാര സ്വാതന്ത്യ നിഷേധം. വിശേഷ വസ്ത്രങ്ങളിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയിൽ ചെന്നുപെടുന്ന കീഴാളർ വഴിമാറി നടക്കേണ്ടിയിരുന്നു. ഈ ഗർവിനെ അതേ നാണയത്തിൽ നേരിടാൻ അയ്യൻകാളി തീരുമാനിച്ചു. അദ്ദേഹം ഒരു കാളവണ്ടിവാങ്ങി, മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച്, പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. സവർണ്ണ ജാതിക്കാർ ഈ യാത്ര തടഞ്ഞു. അയ്യങ്കാളി തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി സവർണ്ണരെ വെല്ലുവിളിച്ചു. അയ്യങ്കാളിയെ എതിരിടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആരേയും കൂസാതെ തന്റെ വണ്ടിയിൽ യാത്ര തുടർന്നു. ആവേശഭരിതരായ അനുയായികൾ അദ്ദേഹത്തിന് അകമ്പടി സേവിച്ചു.

സ്വന്തം സമുദായത്തിലുള്ളവർ ആദരപൂർവം അദ്ദേഹത്തെ അയ്യൻകാളി യജമാനൻ എന്നുവിളിക്കുവാൻ തുടങ്ങി. അയ്യൻകാളിയുടെ നടപടികളെ സ്വാഭിവകമായും ജന്മിമാർ ധിക്കാരമായിക്കണ്ടു. അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതുക്കാനായിരുന്നു പിന്നീടവരുടെ ശ്രമം. 1898-99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അയ്യൻകാളിയുടെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. തെരുവുകളിൽ അധഃസ്ഥിതരുടെ ചോരയൊഴുകിയെങ്കിലും സ്വസമുദായത്തിലും ഇതര അധഃസ്ഥിത ജനവിഭാഗങ്ങൾക്കിടയിലും അയ്യൻകാളി ആരാധ്യ പുരുഷനായി. സഞ്ചാരസ്വാതന്ത്ര്യനിഷേധത്തിനെതിരെ അയ്യങ്കാളി നടത്തിയ ആ ഒറ്റയാൾ പോരാട്ടം ചരിത്രത്തിലെ ധീരോദാത്തമായ ചുവടുവെയ്പാണ്.

സാധുജന പരിപാലന സംഘം (1907)
താഴേത്തട്ടിലുള്ളവരുടെ വിദ്യാഭ്യാസ അവകാശങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിക്കുന്നതിന് വേണ്ടി അയ്യങ്കാളിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ സംഘടനയാണ് സാധുജന പരിപാലന സംഘം. തുരുവുതാംകൂർ രാജാക്കന്മാരുടെ പിന്തുണയോടെയാണ് അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത്. വെങ്ങാനൂരിൽ താഴ്ന്ന ജാതിക്കാർക്ക് വേണ്ടി ആദ്യത്തെ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതും അയ്യങ്കാളിയാണ്. സാധുജന പരിപാലന സംഘം പുറത്തിറക്കിയ മാസികയായിരുന്നു സാധുജന പരിപാലിനി. ചെമ്പുംതറ കാളി ചോതി കറുപ്പൻ ആയിരുന്നു സാധുജന പരിപാലിനിയുടെ പത്രാധിപർ.

നെടുമങ്ങാട് ചന്തലഹള (1912)
താഴ്ന്ന ജാതിക്കാർക്ക് ആളുകൾ കൂടുന്ന പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുമതി ഇല്ലായിരുന്നു. ആ സമയത്താണ് അയ്യങ്കാളി അനുയായികളുമായി ചെന്ന് പ്രവേശനം നിഷേധിച്ച നെടുമങ്ങാട് ചന്തയിൽ പ്രവേശിക്കുന്നത്. താഴ്ന്ന ജാതിക്കാർ ഇഴിടെ പ്രവേശിച്ചത് ഉന്നത കുലത്തിൽ പെട്ടവർക്ക് ഇഷ്യപ്പെട്ടില്ല.യ ഇവിടെ വെച്ച് വാക്കേറ്റമുണ്ടാവുകയും ഇരുകൂട്ടരും പരസ്പരം വഴക്കുണ്ടാക്കുകുയും ചെയ്തു. എന്നാൽ പിന്നീട് ചന്തയിൽ പ്രവേശിക്കാൻ താഴഅന്ന ജാതിക്കാർക്കും അനുമതി കിട്ടി.

കല്ലുമാല സമരം (1915)
അന്നത്തെ കാലത്ത് മേൽതട്ടിലുള്ളവർക്ക് മാത്രമേ സ്വർണം കൊണ്ടുള്ള ആഭരണം ധരിക്കാനുള്ള അനുമതി ഉണ്ടായിരുന്നുള്ള. കീഴ്ജാതിക്കാർക്ക് കല്ലു കൊണ്ടും തടികൊണ്ടും ഉള്ള ആഭരണങ്ങൾ മാത്രമേ ധരിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു. അക്കാലത്താണ് പുലയ സമുദായത്തിൽപ്പെട്ട ഒരു സ്ത്രീ മുക്കുത്തി ധരിച്ച് പൊതു നിരത്തിലൂടെ നടന്നത്. ഇതിനെതിരെ സവർണ്ണർ ഒത്തു കൂടുകയും ഈ പെൺകുട്ടിയുടെ മുക്കുത്തി ഊരിക്കുകയും ചെയ്തു. കൊല്ലത്തെ പെരിനീാട് ആണ് ഈ സംഭവം നടന്നത്. പിന്നീട് പെരിനാട്ടിൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ പെൺകുട്ടികൾ ആഭരണങ്ങൾ ധരിച്ച് പൊതു നിരത്തിൽ ഇറങ്ങുകയും ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ഇങ്ങനെ ആഭരണങ്ങൾ ധരിക്കാനുള്ള അവകാശം ഇവരും സ്വന്തമാക്കി. പിന്നീട് ഇത് ചരിത്രത്തിൽ കല്ലുമാല സമരമെന്നനും പെരിനാട് ലഹള എന്നും അറിയപ്പെട്ടു.

ഊരൂട്ടമ്പലം ലഹള
അയ്യങ്കാളിയുടെ സമര ചരിത്രത്തിൽ ഊരൂട്ടമ്പലം ലഹളയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. പുലയ സമുദായത്തിൽപ്പെട്ടവർക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട കാലം. ഊരൂട്ടമ്പലത്തെ സർക്കാർ സ്‌കൂളിലേക്ക് അയ്യങ്കാളി പുലയ സമുദായത്തിൽപ്പെട്ട ഒരു പെൺകുട്ടിയുമായി എത്തി. അവളെയും പഠിക്കാനായി അവിടെ ഇരുത്തി. സവർണർ ഇതിനെതിരെ പ്രതികരിച്ചു. അവർ കുട്ടികളെ സ്‌കൂളിലേക്ക് അയച്ചില്ല. പിന്നീട് സ്‌കൂളിന് തീയിടുകയും ചെയ്തു. ഇതാണ് ചരിത്രത്തിൽ ഇടം നേടിയ ഊരുട്ടമ്പലം ലഹള.

1937ൽ ഗാന്ധിജി കേരളം സന്ദർശിച്ചപ്പോൾ അയ്യങ്കാളിയെ കാണാനും എത്തി. സവർണ്ണർക്ക് മാത്രം മേധാവിത്വം ഉണ്ടായിരുന്ന ശ്രീമൂലം പ്രജാസഭയിൽ അദ്ദേഹം അംഗമായി. 28 വർഷം അദ്ദേഹം ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു. 1941ൽ അദ്ദേഹം മരണമടഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP