Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്താണ് മുത്തലാഖ്? മുത്തലാഖും തലാഖും തമ്മിൽ എന്താണു വ്യത്യാസം? ആരാണ് മുത്തലാഖിനെ എതിർക്കുന്നത്? മുത്തലാഖ് നിരോധനം നടപ്പലാക്കിയാൽ എന്തു സംഭവിക്കും; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം

എന്താണ് മുത്തലാഖ്? മുത്തലാഖും തലാഖും തമ്മിൽ എന്താണു വ്യത്യാസം? ആരാണ് മുത്തലാഖിനെ എതിർക്കുന്നത്? മുത്തലാഖ് നിരോധനം നടപ്പലാക്കിയാൽ എന്തു സംഭവിക്കും; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം

മറുനാടൻ മലയാളി ഡെസ്‌ക്‌

തിരുവനന്തപുരം: മുസ്ലിം സമുദായത്തിലെ വിവാഹമോചന രീതിയായ 'മുത്തലാഖ്' ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതിയുടെ വിധി ഏറെ ചരിത്രപ്രാധാന്യമുള്ളതാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാർ സുപ്രധാനമായ ഈ വിധി പ്രസ്താവിച്ചപ്പോൾ, മുസ്ലിം സ്ത്രീകളെ സംബന്ധിച്ച് കാലാകാലങ്ങളായി അനുഭവിച്ചുവരുന്ന ദുരിതങ്ങൾക്ക് അറുതിയുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് വഴിയൊരുക്കുകയാണ്.

വിവാഹത്തെ കുറിച്ച് മറ്റു മതങ്ങളിൽ നിന്നും വ്യത്യസ്തമായ വീക്ഷണമാണ് മുസ്ലിം സമുദായത്തിനുള്ളത്. വരനും വധുവിന്റെ പിതാവും തമ്മിലാണ് വിവാഹ കരാറുണ്ടാക്കുന്നത്. ഇതനുസരിച്ച് വിവാഹ മോചനവും ഒറ്റവാക്കിൽ ഒതുക്കാം. ഭാര്യയെ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാമെന്ന രീതി കാലങ്ങളായി നിലനിൽക്കുന്നതിനാൽ ഈ സമുദായത്തിലെ നിരവധി സ്ത്രീകളാണ് ദുരിതത്തിലായിരിക്കുന്നത്.

വാട്‌സാപ്പിലൂടെയും കത്തിലൂടെയും ഫോണിലൂടെയും മൊഴി ചൊല്ലപ്പെട്ട അഞ്ച് മുസ്ലിം സ്ത്രീകൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. അതേസമയം തലാഖ്-ഇ-ബിദ്ദത്ത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചാൽ പോലും മുസ്ലിം സമുദായത്തിലെ ലിംഗ അസമത്വം എളുപ്പത്തിൽ പരിഹരിക്കപ്പെടാവുന്നതല്ല, കാരണം നിയമനടപടികളിലേക്ക് എത്താതെ തന്നെ ത്വലാഖ് ചൊല്ലാനുള്ള അവകാശം പുരുഷന് അനുവദിച്ചു നൽകുന്നുണ്ട്.

എന്താണ് തലാഖ് ?

തലാഖ് എന്താണെന്നു മനസിലാക്കിയാൽ മാത്രമെ മുത്തലാഖ് എന്തെന്നു ബോധ്യമാകൂ. അറബിയിൽ 'തലാഖ്' എന്നാൽ പുരുഷൻ നടത്തുന്ന വിവാഹമോചനം എന്നാണ് അർഥം. സ്ത്രീ പുരുഷനിൽനിന്ന് വിവാഹം മോചനം നേടുന്നതിനെ 'ഫസ്ഖ്' എന്നാണ് പറയുന്നത്. എന്നാൽ തലാഖ് പോലെ ഫസ്ഖ് നടത്താനുള്ള അധികാരം മുസ്ലിം സമുദായം സത്രീകൾക്കു നൽകിയിട്ടുണ്ടോയെന്നു സംശയമാണ്. സ്ത്രീയും പുരുഷനും വിവാഹബന്ധം വേർപെടുത്താൻ പാടില്ലെന്ന ഖുർആൻ വചനങ്ങൾ ഉണ്ടെങ്കിലും പുരുഷന്മാർ തലാഖ് പ്രയോഗിച്ച് സ്ത്രീകളെ ഉപേക്ഷിക്കുന്നതു വ്യാപകമാണ്. ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാൻ സാധിക്കാത്ത സഹചര്യത്തിൽ മാത്രമെ ഇസ്ലാം മതവിശ്വാസപ്രകാരം തലാഖ് അനുവദിക്കുന്നുള്ളൂ.

എന്നാൽ തലഖിനെ ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. ത്വലാഖ് എന്ന് ഉരുവിട്ടാൽ തന്നെ വിവാഹ മോചനമായെന്നു കരുതുന്നവരാണ് പലരും. അതേസമയം ഒരാൾ ഭാര്യയോട് ത്വലാഖ് എന്ന് പറഞ്ഞാൽ വിവാഹ മോചനം ഒരിക്കലും സംഭവിക്കില്ല, മറിച്ച് അത് വിവാഹ മോചനത്തിന്റെ ഭാഗമായ ഒരു കർമ്മം മാത്രമായാണ് പരിഗണിക്കുന്നത്. സ്വബോധം ഇല്ലാതെയോ ദേഷ്യത്തിലോ പറയുന്ന തലാഖ് ഒരിക്കലും സ്വീകരിക്കപ്പെടില്ല. ആർത്തവ സമയത്തോ ഗർഭിണി ആയിരിക്കുമ്പോഴും തലാഖ് ചൊല്ലാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

വിവാഹമോചനത്തിന്റെ ഭാഗമായി ഭർത്താവ് ഭാര്യയോട് തലാഖ് പറഞ്ഞാലുടൻ സ്ത്രീയെ വീട്ടിൽനിന്ന് പുറത്താക്കാനും സാധിക്കില്ല. മൂന്ന് മാസം നിർബന്ധമായും ഭർത്താവിന്റെ വീട്ടിൽ തങ്ങണമെന്നാണ് വ്യവസ്ഥ. ഇതിനു അറബിയിൽ പറയുന്ന വാക്കാണു 'ഇദ്ദ'. പിണങ്ങിയ ദമ്പതികൾ തമ്മിൽ യോജിപ്പിലെത്താൻ സാധ്യത ഉള്ളതിനാലാണ് ഇദ്ദ നടപ്പാക്കണമെന്ന് ഇസ്ലാം നിയമം നിർദ്ദേശിച്ചിരിക്കുന്നത്. 'ഇദ്ദ'യ്ക്കിടെ ദമ്പതികൾ തമ്മിൽ ലൈംഗികബന്ധം നടന്നാലും തലഖ് റദ്ദാക്കപ്പെടും. ഈ മൂന്നു മാസത്തിനിടയിലും ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ ഒത്തു തീർപ്പിൽ എത്തിയില്ലെങ്കിൽ മാത്രമെ വിവാഹമോചനം യാഥാർഥ്യമാകൂ. അതായത് തലാഖ് പറഞ്ഞാലുടൻ വിവാഹമോചനം നടക്കില്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്.

മൂന്നു മാസം കഴിഞ്ഞ് വിവാഹമോചനം കഴിഞ്ഞാലും സ്ത്രീയ്ക്കു ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ഇസ്ലാം നിയമം വ്യക്തമായി പറയുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാന വിവാഹത്തിന്റെ ഭാഗമായി പുരുഷനിൽ നിന്നും ലഭിച്ച 'മഹർ' സ്ത്രീ ഒരിക്കലും മടക്കി നൽകേണ്ടതില്ലെന്നതാണ്. ഇതേക്കുറിച്ച് ഖുർ ആൻ പറയുന്നത് ഇങ്ങനെ:- 'അവളിൽ ഒരുവൾക്ക് നിങ്ങൾ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും നിങ്ങൾ അത് തിരിച്ച് വാങ്ങരുത്'(420)
'മഹർ' എത്ര വേണമെന്നത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും സ്ത്രീയ്ക്കാണ് ഇസ്ലാം മതം നൽകിയിരിക്കുന്നത്.

വിവാഹമോചിതയായ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും വ്യവസ്ഥയുണ്ട്. ഇതേക്കുറിച്ച് ഖുർആൻ പ്രതിപാദിക്കുന്നത് ഇങ്ങനെ :- 'വിവാഹ മോചിതരായ സ്ത്രീകൾക്ക് ന്യായ പ്രകാരം എന്തെങ്കിലും ജീവിത വിഭവമായി നൽകേണ്ടതുണ്ട്. ഭയ ഭക്തിയുള്ളവർക്ക് അതൊരു ബാദ്ധ്യതയത്രെ' (2241).

എന്നാൽ ഈ വ്യവസ്ഥകളെ എല്ലാം അട്ടിമറിച്ച് മുസ്ലിം നിയമത്തെ തോന്നിയപടി വ്യാഖ്യാനിച്ചാണ് കാലക്രമേണ നിയമങ്ങളെല്ലാം സ്ത്രീകൾക്ക് എതിരാണെന്ന തോന്നൽ ഉണ്ടാക്കിയെടുത്തത്.

എന്താണ് മുത്തലാഖ്?

തലൈഖ് ചൊല്ലി ഉപേക്ഷിച്ച സ്ത്രീയെ വീണ്ടും വിവാഹം ചെയ്യാൻ ഇസ്ലാം മതം അനുമതി നൽകുന്നുണ്ട്. ഇത്തരത്തിൽ ഒരാൾ മൂന്നുതവണ ഒരാളെത്തന്നെ വിവാഹം ചെയ്യുകയും മൂന്നാം തവണ വിവാഹമോചനം നടത്തുകയും ചെയ്യുന്നതിനാണ് മുത്തലാഖ് എന്നു പറയുന്നത്. മൂന്ന4ാം തവണയും വിവാഹമോചനം നടന്നു കഴിഞ്ഞാൽ തുടർന്നും ഇരുവർക്കും വിവാഹം ചെയ്യാൻ സാധിക്കില്ല. അതായത് മുത്തലാഖിനു ശേഷം ഒരു ഒത്തുതീർപ്പ് സാധ്യമല്ലെന്നു ചുരുക്കം. മുത്തലാഖിന്റെ തലാഖിന്റെയും വ്യവസ്ഥകളിലൂടെ വിവാഹ ബന്ധം ഒരിക്കലും ഇല്ലാതാകാൻ പാടില്ലെന്ന സന്ദേശമാണ് സത്യത്തിൽ ഇസ്ലാം മതം നൽകുന്നത്. മൂന്നമതു നടത്തുന്ന മുത്തലാഖിനു ശേഷവും വിവാഹം ബന്ധം തുടരേണ്ടെന്ന് നിഷ്‌ക്കർഷിക്കുന്നതിലൂടെ വിവാഹവും വിവാഹമോചനയും തമാശ അല്ലെന്നുള്ള സന്ദേശവും ഇസ്ലാംമതം നൽകുന്നു.

അതേസമയം മുത്തലാഖ് എന്നൊരു സമ്പ്രദായം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും ഇത് പ്രയോഗിക്കാനേ പാടില്ലെന്നുമാണ് മതനിയമം മുന്നോട്ടു വച്ചിരിക്കുന്നത്. ഖലീഫ ഉമറിന്റെ കാലഘട്ടത്തിൽ ഒരാൾ ഇത്തരത്തിൽ മുത്തലാഖ് ചൊല്ലി ഒരാളെ ചമ്മട്ടിക്ക് അടിച്ച കഥയും ഉണ്ട്.

 ഷയറ ബാനുവിന്റെ ഹർജിയിൽനിന്ന് ചരിത്രവിധിയിലേക്ക്

  • മൂന്നുതവണ തലാഖ് (മുത്തലാഖ്) ചൊല്ലി വിവാഹമോചനം നേടുന്ന സമ്പ്രദായം ചോദ്യം ചെയ്തു ഷയറ ബാനു നൽകിയ ഹർജിയിൽ നിയമ, ന്യൂനപക്ഷകാര്യ മന്ത്രാലയങ്ങൾക്കും വനിതാ കമ്മിഷനും സുപ്രീം കോടതിയുടെ നോട്ടിസ് (2016 മാർച്ച് 02).
  • മുത്തലാഖിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കേണ്ടതുണ്ടെന്നു സുപ്രീം കോടതി. (2016 ജൂൺ 29)
  • മുത്തലാഖ് മതനിരപേക്ഷ രാജ്യത്തിനു നിരക്കുന്നതല്ലെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം. (2016 ഒക്ടോ. 07)
  • മുത്തലാഖും ബഹുഭാര്യത്വവും മുസ്ലിം സ്ത്രീകളുടെ അവകാശം നിഷേധിക്കലാണെന്നും ഇവ ഉടൻ നിരോധിക്കണമെന്നും സുപ്രീം കോടതിയിൽ ദേശീയ വനിതാ കമ്മിഷൻ സത്യവാങ്മൂലം. (2016 നവം 08)
  • മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്യുന്ന ഹർജികളുടെ വാദം കേൾക്കുമ്പോൾ കോടതിക്കു സഹായിയായി (അമിക്കസ് ക്യൂറി) മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദിനെ സുപ്രീം കോടതി ചുമതലപ്പെടുത്തി. (2017 മെയ്‌ 03)
  • മുസ്ലിം മതവിശ്വാസം പിന്തുടരുന്നതിനു നിർബന്ധപൂർവം തുടരേണ്ട മൗലികാവകാശമാണോ മുത്തലാഖ് എന്നു പരിശോധിക്കുമെന്നു സുപ്രീം കോടതി. (2017 മെയ്‌ 11)
  • വിവാഹമോചനത്തിനുള്ള ഏറ്റവും മോശവും അനഭിലഷണീയവുമായ മാർഗമാണു മുത്തലാഖ് എന്നു സുപ്രീം കോടതി. വധശിക്ഷപോലെയാണത്; ഏറ്റവും വെറുക്കപ്പെടുന്നതും എന്നാൽ ഇപ്പോഴും അനുവദിക്കുന്നതുമായ കാര്യംചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. (2017 മെയ്‌ 12)
  • മുസ്ലിം വിവാഹം, വിവാഹമോചനം എന്നീ വിഷയങ്ങളിൽ പുതിയ നിയമനിർമ്മാണത്തിനു തയാറാണെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. മുത്തലാഖ് നിരോധിക്കാൻ സുപ്രീം കോടതി തയാറാവുകയാണെങ്കിൽ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ നടപടി ആരംഭിക്കുമെന്നു ഭരണഘടനാ ബെഞ്ചിനു മുൻപാകെ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി ബോധിപ്പിച്ചു. (2017 മെയ്‌ 15)

ഷബാനു ബീഗം കേസ്

ഇസ്ലാം ആചാരപ്രകാരം മൊഴിചൊല്ലിയ ഭാര്യയ്ക്കു ഭർത്താവ് ചെലവിനു കൊടുക്കാൻ ബാധ്യസ്ഥമാണെന്ന സുപ്രീം കോടതി വിധി വന്നതു ഷബാനുബീഗം കേസിലായിരുന്നു; 1985 ഏപ്രിൽ 22ന്. ഷബാനുവിന്റെ കഥയിങ്ങനെ: പന്ത്രണ്ടാം വയസ്സിൽ, ഇൻഡോറിൽ വക്കീലായിരുന്ന മുഹമ്മദ് അഹമ്മദ് ഖാന്റെ ഭാര്യ. 26ാം വയസിൽ ഭർത്താവിനാൽ പുറന്തള്ളപ്പെട്ടു. 46ാം വയസിൽ മൊഴിചൊല്ലി. 65ാം വയസിൽ സുപ്രീം കോടതി വിധിയിലൂടെ ജീവനാംശം നേടി ചരിത്രത്തിലേക്ക്.

മുസ്ലിം വിവാഹമോചന കേസുകളിൽ സുപ്രധാന വിധികൾ

  • ഒറ്റയിരുപ്പിൽ മൂന്നു തലാഖ് ചൊല്ലുന്നതോടെ (മുത്തലാഖ്) വിവാഹമോചനം പ്രാബല്യത്തിലാകില്ലെന്നും ഇതിനു ഭരണഘടനാ സാധുതയില്ലെന്നും ഖാത്തുനിസ കേസിൽ അലഹാബാദ് ഹൈക്കോടതി വിധിച്ചു. (1994 ഏപ്രിൽ 15)
  • സാധുവായ തലാഖില്ലെങ്കിൽ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട മുസ്ലിം സ്ത്രീക്കു ജീവനാംശത്തിന് അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി. ജീവനാംശ കുടിശിക നൽകണമെന്ന മഞ്ചേരി കുടുംബ കോടതിയുടെ വിധിക്കെതിരെ കുഴിമണ്ണ കയ്യാമ്പറത്ത് ഫാറൂഖ് സമർപ്പിച്ച അപ്പീലിലായിരുന്നു ഇത്. (2005 ഒക്ടോബർ 05)
  • മൂന്നുവട്ടം തലാഖ് (മുത്തലാഖ്) ചൊല്ലി മുസ്ലിം പുരുഷനു ഭാര്യയെ വിവാഹമോചനം ചെയ്യാനാവില്ലെന്നു മുംബൈ ഹൈക്കോടതി (2007 ജനുവരി 21).
  • ദേഷ്യത്തിൽ ചൊല്ലുന്ന തലാഖും ഭാര്യയോടു നേരിട്ടു പറയാത്ത തലാഖും അസാധുവാണെന്ന് ഡൽഹി ഹൈക്കോടതി. (2007 ഒക്ടോബർ 28)
  • മുസ്ലിം വ്യക്തി നിയമമനുസരിച്ച് തലാഖ് ചൊല്ലുന്നതു വിവാഹബന്ധം പിരിയുന്നതിനുള്ള അംഗീകൃത രീതിയാണെന്നു കേരള ഹൈക്കോടതി. തലാഖ് ചൊല്ലി ബന്ധം പിരിഞ്ഞവരുടെ പാസ്‌പോർട്ടിൽ ജീവിതപങ്കാളിയുടെ പേരു തിരുത്താൻ കോടതി മുഖേനയുള്ള വിവാഹമോചന രേഖ നിഷ്‌കർഷിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. (2016 സെപ്റ്റംബർ 08)
  • ഒരു വ്യക്തിനിയമവും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾക്ക് അതീതമല്ലെന്നും അതിനു വിരുദ്ധമായ മുത്തലാഖ് ക്രൂരവും ഹീനവുമാണെന്നും അലഹാബാദ് ഹൈക്കോടതി. (2016 ഡിസംബർ 08)
  • വിവാഹമോചനത്തിനു ഏകീകൃത നിയമം ഉണ്ടാക്കാനും മുത്തലാഖ് നിയന്ത്രിക്കാനും സർക്കാർ നടപടി എടുക്കണമെന്നു കേരള ഹൈക്കോടതി. (2016 ഡിസം. 16).


മുത്തലാഖിനെ നിയമവിരുദ്ധമാക്കിയ അഞ്ചു വനിതകൾ

സൈറ ബാനു

2015 ഒക്ടോബറിലാണ് തന്റെ ഭർത്താവ് തലാഖ് എന്ന് മൂന്ന് തവണ എഴുതിയ കത്ത് സൈറ ബാനു കൈപ്പറ്റുന്നത്. ബാനുവിന്റെ ഭർത്താവായ റിസ്വാൻ അഹമ്മദ് അവരുടെ രണ്ട് കുട്ടികളെയും ബാനുവിൽ നിന്നകറ്റി. ഒടുവിൽ മൊഴി ചൊല്ലപ്പെട്ട് രണ്ട് വർഷത്തിന് ശേഷമാണ് സൈറ ബാനു നീതി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത്. 2002-ലായിരുന്നു ഇവരുടെ വിവാഹം.
കത്തിലൂടെയും എസ്എംഎസ്സിലൂടെയും മൂന്ന് തവണ തലാഖ് പറഞ്ഞ് ഭാര്യമാരെ ഉപേക്ഷിക്കുന്ന രീതി ഭരണഘടനാ വിരുദ്ധമാണെന്നാണ് സൈറ ബാനു സമർപ്പിച്ച ഹർജിയിൽ അവർ ഉയർത്തി കാണിച്ചത്. മൂന്ന് മാസക്കാലത്തെ അനുരഞ്ജന ചർച്ചകൾക്കുള്ള ഇദ്ദത് കാലയളവ് പരിഗണിക്കാതെയാണ് മൊഴി ചൊല്ലൽ നടക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ആദ്യ ഭർത്താവിനെ പുനർ വിവാഹം ചെയ്യാൻ മറ്റൊരാളെ വിവാഹം ചെയ്യണമെന്ന് പറയുന്ന നിക്കാഹ് ഹലാല നിയമത്തിനെതിരെയും അവർ സുപ്രീം കോടതിയിൽ പോരാടി.
ഭർതൃവീട്ടുകാരുടെ നിർബന്ധത്താൽ ആറ് തവണ തനിക്ക് ഗർഭം അലസിപ്പിക്കേണ്ടി വന്നെന്നും ശാരീരികവും മാനസികവുമായി ഇത് തന്നെ തളർത്തിയെന്നും സൈറ ബാനു ഹർജിയിൽ പറഞ്ഞു. ഇവരുടെ ഹർജി പരിഗണിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ മുത്തലാഖിനെതിരെ സത്യവാങ്മൂലം നൽകിയിരുന്നു.

ഇസ്രത്ത് ജഹാൻ

പശ്ചിമ ബംഗാളുകാരിയായ ഇസ്രത്ത് ജഹാനെ ഭർത്താവ് ഫോണിലൂടെയാണ് മൊഴി ചൊല്ലന്നത്. 2015 ഏപ്രിലിൽ ദുബായിൽനിന്ന് ഫോൺ വിളിച്ചാണ് ഭർത്താവ് മുർത്താസ മൂന്ന് തവണ തലാഖ് എന്ന ഇസ്രത്തിനോട് പറഞ്ഞത്. 15 വർഷമായുള്ള ദാമ്പത്യമാണ് ഒരൊറ്റ ഫോൺ വിളിയിൽ അന്ന് മുർതാസ അവസാനിപ്പിച്ചത്.
ഫോണിലൂടെ ചൊല്ലിയ തലാഖ് തനിക്ക് സ്വീകാര്യമല്ലെന്നും തന്നിൽനിന്ന് തന്റെ ഭർത്താവ് തട്ടിയെടുത്ത മൂന്ന് പെൺമക്കളെയും ഒരു മകനെയുംതിരിച്ച് തരണമെന്നും എല്ലാവർക്കുമുള്ള ജീവനാംശം നൽകണമെന്നും ഇസ്രത്ത് ആവശ്യപ്പെട്ടു.

ഗുൽഷൻ പർവീൺ

ഉത്തർപ്രദേശിലെ റാംപുർകാരിയായ ഗുൽഷൻ 10 രൂപ വിലയുള്ള മുദ്രപത്രത്തിലാണ് തലാഖ്‌നാമ(വിവാഹ മോചനം) സ്വീകരിക്കുന്നത്. 'ഒരു സുപ്രഭാതത്തിലാണ് ഭർത്താവ് തലാഖ് ചെയ്ത് എന്നെയും മോനെയും പെരുവഴിയിലാക്കുന്നത്,' ഗുൽഷൻ പറയുന്നു.
വിവാഹമോചന നോട്ടീസ് സ്വീകരിക്കാൻ താൻ വിസമ്മതിച്ചതിനാലാണ് വിഷയം കോടതിയിലെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ താൻ ഒരുപാട് പീഡനങ്ങൾ ഭർത്താവിൽ നിന്നേറ്റ് വാങ്ങിയിട്ടുണ്ടെന്നും ഗുൽഷൻ പറയുന്നു.

അഫ്രീൻ റഹ്മാൻ

'2014-ലാണ് അഫ്രീൻ വിവാഹഹിതയാവുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുമ്പെ ഭർതൃവീട്ടുകാരിൽനിന്ന് സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങളേറ്റ് വാങ്ങേണ്ടി വന്നു. 2015-ലാണ് വീടുപേക്ഷിച്ച പോവാൻ ആവശ്യപ്പെടുന്നത്.
തന്നെ മൊഴിചൊല്ലിയ കാര്യം സ്പീഡ് പോസ്റ്റ് വഴിയാണ് ഭർത്താവ് തന്നെ അറിയിക്കുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അങ്ങനെയാണ് സുപ്രീം കോടതിയെ സമീപിക്കാൻ താൻ തീരുമാനിക്കുന്നത്.

അതിയ സാബ്രി

2012ൽ ചെറിയ കഷണം കടലാസ്സിലാണ് ഭർത്താവ് തലാഖ് എന്നെഴുതി അതിയയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്. മൂന്നും നാലും വയസ്സുള്ള രണ്ട് മക്കളാണ് അതിയയ്ക്ക്. 'എനിക്ക് എന്റെ മക്കളെ വളർത്തണം. അതിനാൽ തന്നെ ഈ തലാഖ് എനിക്ക് സ്വീകാര്യമല്ല' സാബ്രി പറയുന്നു.

ധാർമിക പിന്തുണ

അഞ്ചു വനിതകളുടെ ഹർജികൾ സുപ്രീം കോടതി സ്വീകരിച്ചതോടെ, ധാർമിക പിന്തുണയുമായി മുസ്ലിം വിമൻസ് ക്വസ്റ്റ് ഇക്വാലിറ്റി (എംഡബ്‌ള്യുക്യുഇ), ഖുർആൻ സുന്നത്ത് സൊസൈറ്റി (കെഎസ്എസ്) എന്നീ സംഘടനകളും കക്ഷിചേർന്നു. മുസ്ലിം സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യമാണ് എംഡബ്‌ള്യുക്യുഇ അവകാശപ്പെട്ടത്. കെഎസ്എസ് ഖുർആനിന്റെ സത്യസന്ധവും വിശ്വാസപൂർണമായ പ്രയോഗവും ആവശ്യപ്പെട്ടു.

മുത്തലാഖ് വിലക്കിയ മറ്റു പ്രധാന രാജ്യങ്ങൾ

ഇന്തൊനീഷ്യ, യുഎഇ, ഖത്തർ, പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, മലേഷ്യ, ബംഗ്ലാദേശ്, ജോർദാൻ, ശ്രീലങ്ക, സിറിയ, തുർക്കി, ഈജിപ്ത്, തുനീസിയ, ബ്രൂണെയ്, അൽജീറിയ, സൈപ്രസ്, സുഡാൻ, മൊറോക്കോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP